Friday, 14 February 2025

ബഹുമാനം

ബഹുമാനം പിടിച്ചുവാങ്ങാൻ നോക്കിയിട്ടുണ്ടോ. 
തീപ്പെട്ടിക്കൊള്ളികൊണ്ട് റൂം അളക്കാൻ സീനിയർ പറഞ്ഞപ്പോ വിനയത്തോടെ അനുസരിച്ചു, അടുത്ത കൊല്ലം വേറെ ആരെയെങ്കിലുംകൊണ്ട് ഇതുതന്നെ ചെയ്യിക്കണമെന്ന തീരുമാനത്തോടെ. 
കണ്ടാൽ തണ്ടരെന്നു തോന്നുന്ന, എന്നാൽ ലോലഹൃദയരായ ജൂനിയർസിനെ തിരഞ്ഞുപിടിച്ച് വായുവിൽ ഇരുത്തിയും, ഇല്ലാത്ത ബൈക്ക് ഓടിപ്പിച്ചും കണ്ടെത്തിയ അല്പത്തരമായ സന്തോഷത്തെ ഓർക്കുമ്പോൾ ഇപ്പോൾ ലജ്ജ. അവരിൽ ആരെങ്കിലും കൈവീശി ഒന്ന് ഓങ്ങി അടിച്ചിരുന്നേൽ ചിലപ്പോ അന്നേ തീർന്നേനെ അന്നുവരെയുള്ള മുഴുവൻ അഹങ്കാരവും. ഒരിക്കൽ വാശികേറി "മര്യാദയ്ക്ക് അനുസരിച്ചില്ലേൽ " എന്ന് ഒരുത്തനോട് പറഞ്ഞതും അവന്റെ മറുപടി വന്നു "ഇല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല ". ഒരു നിമിഷത്തിൽ സ്തബ്ധനായെങ്കിലും ഒന്ന് ആലോചിച്ച് അപ്പോൾത്തന്നെ അവനോട് സമ്മതിക്കേണ്ടിവന്നു "നീ പറഞ്ഞത് ശരിയാണ് ". ഇളിഭ്യനായെങ്കിലും സത്യം സമ്മതിച്ചുകൊടുക്കാൻ കാണിച്ച ആർജ്ജവത്തെ ഓർക്കുമ്പോൾ ഇന്ന് കുറച്ച് അഭിമാനമൊക്കെ തോന്നുന്നു. പലർക്കും ഇല്ലാത്തത് അതാണല്ലോ, തെറ്റ് സമ്മതിക്കാനുള്ള മനസ്സ്. അന്ന് അവൻ പഠിപ്പിച്ചു, പിടിച്ചുവാങ്ങാൻ ശ്രമിക്കുംതോറും അകന്നുപോകുന്നതാണ് ബഹുമാനം..

No comments:

Post a Comment