Monday, 7 July 2025

സ്കൂട്ടർ

മഴ തോരാതെ പെയ്തിങ്ങനെ നിൽക്കുകയാണ്, ഇതിപ്പോ ദിവസം കുറേയായി. സ്കൂട്ടർ ഉപയോഗിച്ചിട്ടും കുറച്ചായി. ഇന്ന് എന്തായാലും സ്കൂട്ടറുംകൊണ്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു. അവനങ്ങനെ വെറുതെയിരുന്ന് സുഖിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി, എനിക്കൊരു അസൂയ. 
ചെന്ന് നോക്കുമ്പോ മ്യൂസിയത്തിൽ വച്ചപോലെ ഉണ്ട്. ആരെങ്കിലുമൊന്ന് കൈവച്ചിട്ട് വർഷങ്ങളായപോലെ. സീറ്റിനടിയിൽ വല്ല പാമ്പും കയറി ഇരിപ്പുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. പണ്ടെന്നോ കൂടുകൂട്ടിയ വേട്ടാവളിയൻപോലും തിരിഞ്ഞുനോക്കാത്ത അത്ര പരിതാപകരമായ അവസ്ഥയിലിരുന്ന് ഉറങ്ങുന്നു പാവം സ്കൂട്ടർ. മൺപുറ്റും ചിലന്തിവലകളുമൊക്കെ തട്ടിക്കുടഞ്ഞപ്പോ അവൻ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ഓ വന്നോ, ചത്തോന്നറിയാൻ വന്നതാരിക്കും എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം. പൂപ്പൽ പിടിച്ച സീറ്റിൽ ഞെളിഞ്ഞിരുന്ന് ഞാൻ പടയോട്ടം തുടങ്ങി. അങ്ങനങ്ങു പോയാലോ ഏന്നുപറഞ്ഞ് നൂറുമീറ്റർ പിന്നിട്ടപ്പോ അവൻ നിന്നു. ചക്കരേ പൊന്നേ എന്നൊക്കെ ഓമനിച്ച് ക്ഷമയൊക്കെ പറഞ്ഞപ്പോ പയ്യെ സ്റ്റാർട്ടായി. 
റോഡിലേക്ക് കയറിയതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ ആ രാജവീഥി എന്നെ കൊണ്ടുപോവുകയായിരുന്നു. കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്ക്. സ്കൂട്ടർ പിറുപിറുത്തു, മര്യാദയ്ക്ക് ഒരു മൂലയ്ക്ക് പുതച്ചിരുന്ന അവനെ തട്ടിയെണീപ്പിച്ച് ഈ കൊടും തിരക്കിൽ ഇഴയിപ്പിക്കുന്നതിന്റെ ദേഷ്യം. 

ഇടയ്ക്ക് തിരക്കുമൂത്ത് വണ്ടിയൊന്ന് സ്റ്റക്ക് ആയി. അപ്പോൾ ദാ ഹെൽമെറ്റിന്റെ ഗ്ലാസിലൂടെ എന്തോ നടക്കുന്നു. ഗ്ലാസ്‌ പാതി തുറന്നിരിക്കുകയാണ്. അതിന്റെ കാലുകൾ കൂടിവരുന്നു. ഒറ്റനിമിഷംകൊണ്ട് പണ്ടെന്നോ കണ്ട ഇംഗ്ലീഷ് സിനിമ 'അരാക്ക്നോഫോബിയ' മനസ്സിൽ പാഞ്ഞുവന്നു. എവിടെ തിരിഞ്ഞാലും ചിലന്തികൾ വന്ന് ആക്രമിക്കുന്ന ആ സിനിമ ഇന്നുമൊരു പേടിസ്വപ്നമാണ്. റിഫ്ളക്സ് ആക്ഷൻ കൊണ്ടുവന്ന ധൈര്യം എന്റെ ഇടതുകൈ യാന്ത്രികമായി പൊക്കി ആ ജീവിയെ ഒറ്റ തട്ട്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആ ട്രാഫിക്കിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി, ചിലന്തി റോഡിലേക്കുതന്നെയല്ലേ വീണതെന്ന് ഉറപ്പിക്കാൻ. അതിനെ അവിടെയെങ്ങും കണ്ടില്ല. വണ്ടികൾ നീങ്ങിത്തുടങ്ങി. സ്കൂട്ടർ മുന്നോട്ടെടുത്തെങ്കിലും ഒരു ഹെലിക്യാം വച്ച് നോക്കുന്നപോലെ മനസ്സുമുഴുവൻ ഹെൽമെറ്റിന്റെ മുകളിലാണ്. ആ ചിലന്തിയെങ്ങാനും അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടതുകൈകൊണ്ട് പലതവണ തട്ടിനോക്കി. മുന്നോട്ടുള്ള യാത്രക്കിടയിൽ പലതരം ചിന്തകൾ വന്നുപൊതിഞ്ഞു. സ്കൂട്ടർ എടുക്കുംമുൻപ് ഹെൽമെറ്റ്‌ ഞാൻ പലതവണ തട്ടിക്കുടഞ്ഞതാണല്ലോ. അപ്പൊ ആ ചിലന്തി ഹെൽമെറ്റിലേക്ക് എത്തിയത് സ്കൂട്ടറിൽനിന്നാണ്. സ്കൂട്ടറിന്റെ അടിയിൽനിന്നും പതിയെ മുകളിലേക്കുവന്ന് എന്റെ പുറത്തൂടെ കയറി നടന്നുനടന്ന് ഹെൽമെറ്റിൽ എത്തിയതാവും. പിറകേ വന്ന വണ്ടിക്കാരൊക്കെ കാണുന്നുണ്ടായിരുന്നോ ആ രംഗം. ആരും ഒന്ന് പറഞ്ഞുപോലുമില്ലല്ലോ. പണ്ടെങ്ങോ ഇതുപോലൊരു ജീവി വേറൊരാളുടെ ഉടുപ്പിലൂടെ കയറുന്നതുകണ്ട് പറഞ്ഞുകൊടുത്ത രംഗം എന്റെ മനസ്സിലേക്കുവന്നു, പക്ഷേ അത് എവിടെവച്ചാണെന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. 
ചിന്തകൾ കാടുകയറുന്നു. ചിലന്തി നടന്നുകയറിയ വഴിയിൽ കോളറിലൂടെ ഉഡുപ്പിനകത്തേക്ക് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ തീർന്നേനെ. ഓർത്തിട്ടുതന്നെ പേടിക്കുളിര്. ദൈവമേ തത്കാലം നീ കാത്തു.
പിന്നീടുള്ള പതിനെട്ടു കിലോമീറ്റർമുഴുവൻ എന്റെ തലച്ചോറിനുള്ളിൽ ചിലന്തിയെപ്പറ്റിയുള്ള പലതരം പേടികൾ വലനെയ്തു . ദിവസവും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പാവം സ്കൂട്ടർ എന്നെയൊരു പുച്ഛത്തോടെ നോക്കി. 

സങ്കല്പ ലോകം

എന്റെ പച്ച ബൈക്ക് ആരോ എടുത്തെറിയുന്നു. ഏറിയല്ലേ എന്നുപറഞ്ഞ് കരയുന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...
ഇടയ്ക്കെപ്പോഴോ അച്ഛനും അമ്മയും എണീറ്റുപോയി, കട്ടിൽ മൊത്തം എനിക്കും ചേട്ടനും സ്വന്തം. വിശാലമായി ക്ലോക്കുപോലെ തിരിഞ്ഞുതിരിഞ്ഞു കിടക്കുന്നതിനിടയിൽ അച്ഛൻ വന്ന് തട്ടി, മതി മതി സ്കൂളിൽ പോകാറായി. അതൊരു സൈറെൻ ആണ്, ഓട്ടം തുടങ്ങാറായി എന്ന സൈറെൻ. പാതി ബോധത്തിൽ പല്ലൊക്കെ തേച്ച് കുളിച്ചൂന്ന് വരുത്തി അടുക്കളയിലേക്ക് പോയിരുന്നു. എനിക്ക് ഇടിയപ്പം വേണ്ടാരുന്നു എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അമ്മക്ക് കാര്യം മനസ്സിലായി. കുഞ്ഞേ ഇന്ന് ഇതേയുള്ളു, വേറേ ഓപ്ഷൻ ഇല്ല. വരാത്ത കണ്ണീരിനെ കുത്തി വരുത്തി സങ്കടപ്പുഴ ആക്കാൻ നോക്കി, ഏറ്റില്ല. അങ്ങനങ്ങു വിടാൻ പറ്റുമോ. എനിക്ക് പഞ്ചാര മതി, ഈ കറി വേണ്ട എന്നുപറഞ്ഞ് ഒറ്റക്കാലിൽനിന്നു. അതിന് അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ച ഭാവത്തിൽ ലല്ലലാ പാടി പതിയെ കഴിക്കുമ്പളേക്കും അമ്മ യൂണിഫോം കട്ടിലിൽ എടുത്തിട്ടിരുന്നു. പിന്നെ ഒന്നും ഓർമയില്ല, ഓടടാ ഓട്ടം. 
ക്ലാസ്സ്‌, പി ടി പീരിയഡ്, കൂട്ടുകാരുമായിട്ടുള്ള വഴക്ക്, സ്നേഹം, ചൂരൽമഴ, പ്രൊജക്റ്റ്സ്, എക്സാമുകൾ, ഹോ ശ്വാസമെടുക്കാൻ സമയമില്ല. ഓടിക്കിതച്ച് സ്കൂൾ തീർത്തു, ഇനി അല്പം ശ്വാസമെടുക്കാം എന്ന് കരുതിയപ്പോ ഡിഗ്രി ആയി, ശ്വാസം ഉണ്ടോ എന്ന് ചിന്തിക്കുംമുന്നേ അതൊന്നു കഴിഞ്ഞപ്പോ ദാ ജോലിക്കുവേണ്ടിയുള്ള പാച്ചിൽ. ഇനിയൊന്ന് ജീവിതം ആസ്വദിക്കാമെന്ന് കരുതുമ്പോളേക്കും കല്യാണവും കഴിഞ്ഞു, കുട്ടിയുമായി. 
കുഞ്ഞ് രാവിലെ ഞെട്ടിക്കരഞ്ഞു, എന്റെ വള പൊട്ടി എന്നുപറഞ്ഞ്. ഒന്നുമില്ലടാ, നീ സ്വപ്നം കണ്ടതാ, ഉറങ്ങിക്കോ, വാവോ...എന്നുപറഞ്ഞ് തട്ടിക്കൊടുക്കുമ്പോൾ, കടന്നുപോയ, പറന്നുപോയ കാലത്തെ വെറുതെയൊന്ന് സ്മരിച്ചു. 
നല്ല തൊണ്ടവേദന, തണുക്കുന്നുമുണ്ട്. ലീവ് പറഞ്ഞാലോ എന്ന് മനസ്സില്ലാ മനസ്സോടെ ആലോചിച്ചു. ഓഫീസിലെ ഒരിക്കലും തീരാത്ത പണികളെക്കുറിച്ച് ഓർത്തിട്ട് തലപെരുക്കുന്നു. എന്തായാലും പോണം എന്ന് മനസ്സ് ഉറപ്പിച്ചു, കണ്ണടച്ചു . അലാറം അടിച്ചപ്പോൾ ഞെട്ടിയുണർന്നു. പതിവില്ലാതെ ഭാര്യ മൂടിപ്പുതച്ചു കിടക്കുന്നു. തട്ടിയുണർത്തിയപ്പോൾ മനസ്സിലായി അവൾക്കും പനിയാണെന്ന്. വയ്യാഞ്ഞിട്ടും രണ്ടുപേരുംകൂടി അടുക്കളയിൽ കയറി. അവസാനം തലകറങ്ങി വീഴുമെന്നായപ്പോ തീരുമാനിച്ചു, ഇന്നിനി പോകണ്ട, ലീവ് പറയാം. ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഓഫീസിലെ മറ്റ് മൂന്നുപേർ ഇന്ന് ലീവ് ആണ്‌. എന്നിലെ ആത്മാർത്ഥതയുടെ നിറകുടം ഉറപ്പിച്ചു, ഇന്ന് പോയെ പറ്റൂ. ഓട്ടം തുടങ്ങുകയാണ്, ആരോ പറഞ്ഞപോലെ സബ്രോം കി സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതി ഹേ, ദി ലൈഫ് ദാറ്റ്‌ നെവർ എൻഡ്‌സ്. ശ്വാസം എന്നുവരെ, അന്നുവരെ ഈ ഓട്ടം ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും. 
പ്രസിഡന്റിന്റെ പട്ടും വളയും പ്രതീക്ഷിച്ച് ഓഫീസിൽ ചെന്നു, പക്ഷേ കാര്യമില്ലാത്ത കാര്യത്തിന് ഓഫീസറുടെ വക ശകാരം. കൂടെ ഒരു ഉപദേശവും, എന്റെ ആറ്റിട്യൂട് ശരിയല്ലത്രേ, പണിയെല്ലാം പെൻഡിങ് ആണെന്ന്.. പണിയോടുള്ള ആത്മാർഥത മൂത്ത് കുഴിയിലേക്കിറങ്ങിയ കണ്ണുകൾകൊണ്ട് അയാളെയൊന്ന് ജ്വലിപ്പിക്കാൻ നോക്കി. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത കിഴവന്റെ ജൽപനങ്ങളെ പുച്ഛിച്ചു തള്ളണമെന്നുണ്ടാരുന്നു, പക്ഷേ ആത്മാഭിമാനത്തിന് ക്ഷതമേറ്റത് വല്ലാത്ത നോവായി. എല്ലായിടത്തും ഇതാവാം അവസ്ഥ. പണിയെടുക്കുന്നവർ മരണംവരെ അത് തുടരും. സുഖിക്കുന്നവരും അങ്ങനെതന്നെ. അമ്മ പറയുന്നപോലെ, എല്ലാ ഓഫീസിലും ഒരു ഇരുപത്തിയഞ്ചു ശതമാനം ആളുകൾ പണിയെടുക്കും, ബാക്കിയുള്ളവർ ഇവരെക്കൊണ്ട് ജീവിക്കും. മരിക്കുമ്പോൾ ആരെങ്കിലും പറയുമായിരിക്കും, ഹോ കഷ്ടമായിപ്പോയി, നല്ല മനുഷ്യനാരുന്നു, ഒന്നാന്തരം ജോലിക്കാരനാരുന്നു എന്ന്. അന്ന് ആർക്കും വേണ്ടാത്ത നല്ലവാക്ക്.
ജോലി ഇല്ലെങ്കിൽ ജീവിക്കാനാവുമോ എന്ന സ്ഥിരം സങ്കല്പ ലോകത്തേക്ക് ഞാൻ വീണ്ടും നടക്കുകയാണ്, ഒരിക്കലും യാഥാർഥ്യമാവാത്ത സ്വപ്നത്തിലേക്ക്, ജീവിതത്തിന്റെയും സമൂഹത്തിന്റെയും ബന്ധനങ്ങളുടെ പാത്രമായ മനസ്സ് ചങ്ങലകൾ പൊട്ടിച്ചെറിയാൻ ഒരുവട്ടംകൂടെ ശ്രമിക്കുന്നു, വിഫലമായ മറ്റൊരു അവസാനവട്ട ശ്രമം. ശരിക്കും ഈ ലോകമൊരു സങ്കൽപ്പമല്ലേ, സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത സങ്കല്പ ലോകം.