ഇന്ന് കുഞ്ഞിന് സ്കൂളിൽ ഓണപ്പരിപാടികൾ ഉണ്ടായിരുന്നു. ടീച്ചർമാരുടെ കുറേനാളത്തെ അശ്രാന്തപരിശ്രമം ഇന്ന് സ്റ്റേജിൽ തകർത്തു. കുഞ്ഞിക്കുട്ടികൾ എല്ലാരുംതന്നെ സദസ്സിനെ കയ്യിലെടുക്കുംവിധം അവരെ പറഞ്ഞുപഠിപ്പിച്ച (എന്നിട്ടുകൂടി ചാക്യാരെപ്പോലെ ടീച്ചർ മുന്നിൽ നിന്ന് കളിച്ച് കാണിച്ച ) കാര്യങ്ങൾ മനോഹരമായി പകർന്നാടി. അതിൽ വാമനനായിട്ട് ഒരു കുഞ്ഞിക്കുട്ടി ഉണ്ടായിരുന്നു, പലതവണ മാവേലിക്കൊപ്പം സ്റ്റേജിൽ വന്നുപോകുന്ന കഥാപാത്രം. ആദ്യമൊക്കെ ആ കുഞ്ഞ് തിരക്കഥയ്ക്കൊപ്പിച്ച് അഭിനയിച്ചു. പിന്നെ പലതവണയും കരഞ്ഞുകൊണ്ടാണ് സ്റ്റേജിൽ വന്നത്. എങ്കിലും അതിന് ബാക്ക്ഗ്രൗണ്ട് വോയിസോവറിനോപ്പം അഭിനയം തുടരേണ്ടിയിരുന്നു, പാവം അത് കരഞ്ഞുകൊണ്ട് അഭിനയിച്ചു. ആ സ്റ്റേജിൽ നിന്ന് കണ്ണുനിറഞ്ഞ് സദസ്സിനെ നോക്കുന്നപോലെ സ്വയം സങ്കല്പിച്ചുനോക്കി, ശോ വയറ്റിൽ ബട്ടർഫ്‌ളൈ എഫക്ട്, സ്റ്റേജ്ഫിയർ കാരണം കയ്യും കാലും വിറയ്ക്കുന്നു. ഇത്രനാളും ആ കഥാപാത്രമാക്കാൻ പ്രാക്റ്റീസ് ചെയ്യിപ്പിച്ച ടീച്ചറിനായിരിക്കുമോ അതോ ആ കുഞ്ഞിനായിരിക്കുമോ ആ നിമിഷത്തിൽ ഏറ്റവും കൂടിയ ഇൻസെക്യൂരിറ്റി. നാലുവയസ്സിലേ അതിനെ ഫോഴ്സ് ചെയ്യിപ്പിച്ച് കാര്യങ്ങൾ ചെയ്യിക്കുകയാണോ ചുറ്റുമുള്ള ലോകം. ഇനി സ്റ്റേജ് എന്ന് കേൾക്കുമ്പോൾ അതിന്റെ ഉള്ളം ഭയക്കുമോ അതോ ഇന്നത്തോടെ ഭയങ്ങളെല്ലാം മാറുമോ. എന്റെ അമ്മ കൂടെയിരുന്ന് പ്രോഗ്രാംസ് കാണുന്നുണ്ട്, ആ കരയുന്ന കുഞ്ഞിനെ കണ്ട് നഷ്ടബാല്യം എന്ന് പരിതപിക്കുന്നുണ്ട്. അതേ സമയം ദാ സ്റ്റേജിലേക് എന്റെ കുഞ്ഞ് കടന്നുവന്ന് ഉണ്ണിയാർച്ചയെ അവതരിപ്പിക്കുന്നു. വാളും പരിചയുമൊക്കെ എടുത്ത് ആവുന്നപോലെയൊക്കെ ചാടിക്കറങ്ങുന്നൊക്കെയുണ്ട്. തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണോ ഇതും. അമ്മ പലപ്പോഴും പറയുന്നുണ്ട് കുഞ്ഞിനെക്കൊണ്ട് എല്ലാത്തിനും പറ്റുമോ, ഒരുപാട് കാര്യങ്ങൾക്ക് ചേർത്ത് അതിന് എടുക്കാവുന്നതിൽകൂടുതൽ ഭാരം കൊടുക്കരുതെന്ന്. കുഞ്ഞിന്റെ അമ്മ, അതായത് എന്റെ ഭാര്യ പക്ഷേ ചിന്തിക്കുന്നത് നമ്മൾ അവസരം കൊടുത്തില്ല എന്ന് പിന്നീട് സങ്കടപ്പെടരുതെന്നാണ്. എന്റെ അമ്മയാണോ അതോ എന്റെ കുഞ്ഞിന്റെ അമ്മയാണോ ശരി, കുഞ്ഞിന് ഇതൊക്കെ ഇഷ്ടമാണോ അതോ ഇഷ്ടമാണോ അല്ലിയോ എന്ന് അറിയാനുള്ള പ്രായമൊന്നും അതിന് ആയിട്ടില്ലേ. എന്താണാവോ ശരി. തത്കാലം ഇതിപ്പോ എന്റെ അനേകം ഇൻസെക്യൂരിറ്റിയിൽ ഒരെണ്ണമായി തുടരും. ഠപ്പേന്ന് തീരാവുന്ന ഈ ലൈഫിൽ എന്തോരം ഇൻസെക്യൂരിറ്റീസ് ആണോ.
74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Thursday, 20 August 2026
ഇൻസെക്യൂരിറ്റി
ഒറ്റ ദിവസത്തിൽ എത്രയെത്ര ഇൻസെക്യൂരിറ്റിസിലൂടെ (അരക്ഷിതത്വം) നമ്മളെല്ലാം കടന്നുപോകുന്നു. എത്ര awkward ആണ് അതിൽ പലതും. പറന്നുനടക്കാൻ കൊതിക്കുന്നയാൾ നാലുചുവരുകൾക്കുള്ളിലും, ഒറ്റയ്ക്കിരിക്കാൻ കൊതിക്കുന്നയാൾ ജനസാഗരത്തിന് നടുവിലും പെട്ട് നിൽക്കുന്ന സന്ദർഭങ്ങൾ, വാങ്ങാൻ കൊതിക്കുന്ന സാധനം കൺമുന്നിൽ കാണുമ്പോൾ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ, ജീവിതത്തിലെ പല തീരുമാനങ്ങളും ശരിയായിരുന്നോ എന്ന സംശയം, ഇഷ്ടമില്ലാത്ത ആളുകളുടെ തുരുതുരെയുള്ള ഫോൺവിളി, നോ എന്ന് പറയാൻ നൂറുതവണ മനസ്സ് പറയുമ്പോളും അത് പറയാൻ കഴിയാത്ത മനസ്സ്, പല രീതിയിലുള്ള തെറ്റിദ്ധാരണകൾ, ഭാവിയെപ്പറ്റി ഇന്നിനെപ്പറ്റി ഇന്നലെയെപ്പറ്റി അങ്ങനെ പറ്റാവുന്ന എല്ലാത്തിനെയുംപറ്റിയുള്ള എത്രയെത്ര ഇൻസെക്യൂരിറ്റീസ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment