Friday, 30 October 2026

എന്റെ കൊന്ന

ദിവസത്തിൽ ഒരുതവണയെങ്കിലും അമ്മയെ ഒന്ന് വിളിക്കും. അമ്മയോട് സംസാരിക്കുന്ന ആ കുറച്ചുനേരം മനസ്സുകൊണ്ട് ഞാനെന്റെ വീട്ടിലായിരിക്കും. വീട്ടിലെ ആ സാധനം മാറ്റി, അപ്പുറത്തുനിന്ന വാഴ വീണു, ഇന്ന് പണിക്കാർ വന്നു, അങ്ങനെ പല നുറുങ്ങു വിശേഷങ്ങളിലൂടെ എന്റെ ദിവസത്തിന്റെ ഒരു അഞ്ചുമിനിറ്റ് ആ വീടിന്റെ പരിസരങ്ങളിലൂടെ മനസ്സ് നടക്കും. 

ഇന്ന്, മതിലിന്റെ അടുത്തുനിന്ന തേക്ക് വെട്ടിയത്രേ. അതേതാ ആ തേക്കെന്ന് ആലോചിച്ച് അമ്മയെ ഒന്ന് ചോദ്യംചെയ്തുതുടങ്ങിയതാ. ഓ ആ ഗേറ്റിന്റെ അടുത്തുള്ളത് എന്ന് പറഞ്ഞ് അമ്മ ഉത്തരം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇടതുവശത്താണോ വളത്തുവശത്താണോ എന്ന് ചോദിച്ച് കൃത്യസ്ഥലം മനസ്സിലാക്കി. " ആ കൊന്നയുടെ അടുത്തുനിന്ന തേക്ക്, മൂടുമൊത്തം ദ്രവിച്ചുതുടങ്ങി ", അമ്മ ഇത്രയും പറഞ്ഞപ്പോളേക്ക് അറക്കവാൾ എന്റെ കൊന്നയെ തൊട്ടുരുമ്മി പോകുന്നത് ഞാൻ മിന്നായംപോലെ കണ്ടു. ഈ പറഞ്ഞ തേക്ക് കൊന്നയോട് ചേർന്നാണ് നിൽക്കുന്നത്, കൊന്നയെ വെട്ടാതെ അത് വെട്ടാനാവില്ല. "അപ്പൊ ആ കൊന്നയോ ", എന്ന ചോദ്യത്തിന് " അതും വെട്ടി, ഇതൊക്കെയങ്ങ് വല്യ മരമാകുന്നതാ മോനേ, ലൈൻ കമ്പിയിലോട്ട് വല്ലോം വീണാൽ അതുമതി, അല്ലേൽ വഴിയേ പോണ ആരുടെയേലും ദേഹത്ത് വീണാൽ ". മുറ്റത്തുനിന്ന ആത്തയും അപ്പുറത്തുനിന്ന പേരയുമൊക്കെ വെട്ടി എന്ന് അമ്മ തുടർന്നു. പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ കഴിഞ്ഞ ആഴ്ച വീട്ടിൽ പോയപ്പോൾ സായുവിനെ കൈ ചൂണ്ടി കാണിച്ചുകൊടുത്ത ആ കൊന്നയുടെ ഏറ്റവും മുകളിലെ മഞ്ഞപ്പൂക്കളിലാരുന്നു. അമ്മേ അതിൽ പൂവൊക്കെ ഉണ്ടാരുന്നല്ലോ, എന്തിനാ വെട്ടിയത് എന്ന് വിഷമത്തോടെ ചോദിക്കുമ്പോ അമ്മ പറയുന്നു "എനിക്ക് വയസ്സായി വരുവാ മോനേ, ഈ ഇലയോക്കെ വീണ മുറ്റംമുഴുവൻ തൂക്കണ്ടേ, ഞാൻ ഒരാളല്ലേ ഉള്ളു ഇവിടെ ". അമ്മയെ തനിച്ചാക്കിയതിന്റെയോ അമ്മയ്ക്ക് വയസ്സായി വരുന്നതിന്റെയോ ആധിയേക്കാൾ ഇപ്പോൾ എന്നെ കൊളുത്തിപ്പിടിക്കുന്നത് ആ കൊന്നയുടെ വീഴ്ചയാണ്.

 പതിനാറ് കൊല്ലം മുൻപ് ഒരു ദിവസം അച്ഛൻ കുറച്ച് തൈകളുമായ്‌ വീട്ടിലേക്ക് വന്നു. പത്ത് റംബൂട്ടാനും ഒരു കൊന്നയും. വീടിന്റെ ചുറ്റോടുചുറ്റും റംബുട്ടാൻ നട്ടുപിടിപ്പിച്ചിട്ട് കൊന്ന നടാൻ സ്ഥലം തപ്പി നടക്കുന്ന എന്നെ എനിക്ക് കൺമുന്നിൽ കാണാം. അവിടെയല്ല, കുറേയിങ്ങ് ഇപ്പുറത്തേക്ക് മാറ്റിനടടാ എന്ന് എന്നോടുതന്നെ പറയണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ, എനിക്കത് അവിടെ നടാനല്ലേ കഴിയൂ. എങ്കിലല്ലേ ഇന്ന് ആ കൊന്നയ്ക്ക് ജീവനറ്റുവീഴാൻ വിധിക്കൂ. കൊന്നയ്ക്ക് കൂട്ടായി കുറച്ചിപ്പുറത്ത് മാറ്റി നട്ട റംബുട്ടാൻ ഇപ്പോഴും അവിടെയുണ്ടാവും . കൂട്ടുകാരൻ കൺമുന്നിൽ ചിതറിവീഴുന്നതുകണ്ട് കണ്ണടച്ചുനിന്നിട്ടുണ്ടാവും അത്. അന്ന് ഞാൻ നട്ട പതിനൊന്ന് മരങ്ങളിൽ മൂന്നെണ്ണമേ ഇപ്പോൾ ബാക്കിയുള്ളു എന്നാണ് എന്റെ ഓർമ്മ. നട്ട പതിനൊന്നെണ്ണവും എന്നെപോലെതന്നെ നീണ്ടുനീണ്ട് പോയിരുന്നു, പക്ഷേ നട്ട സ്ഥലങ്ങളൊന്നും ശരിയായില്ല, പല കാരണങ്ങൾകൊണ്ടും പലതിനെയും വെട്ടിമാറ്റി. 

മുറ്റത്തുനിന്ന ആത്ത ആര് നട്ടതാണോ എന്തോ. ശരിക്കും പറഞ്ഞാൽ ആ മരം നിറയെ കായ്ച്ചപ്പോളാണ് അത് ആത്തയാണെന്ന് ശ്രദ്ധിച്ചതുതന്നെ. ഇത്തവണയാണ് ആദ്യമായി കായ്ച്ചത്, പക്ഷേ അതും വെട്ടി. . അതിനെ വെട്ടിയതിനേക്കാൾ, മുറിഞ്ഞുവീണ കൊന്നയോടാണ് എന്റെ സഹതാപമത്രയും. പറമ്പിൽ നിൽക്കുന്ന ഒരുപാട് മരങ്ങളിൽ ഞാൻ നട്ടത് എനിക്കെന്റെ സ്വന്തം മക്കളെപ്പോലെയാണ്, ഓരോരുത്തരും എവിടെയൊക്കെയാണ്, എന്നാണ് നട്ടതെന്നൊക്കെ അറിയാം. എല്ലാരും എന്നെക്കാൾ ഉയരത്തിൽ തലയുയർത്തി നിക്കുന്നത് കാണുമ്പോൾ ഓർക്കും നട്ട സമയത്ത് ഒരു ടാഗ് കെട്ടിയിടേണ്ടിയിരുന്നെന്ന്, ഇന്ന ദിവസം ഇന്ന ആൾ നട്ട മരം എന്ന്. അതാകുമ്പോ വർഷങ്ങൾക്കുശേഷവും, ചിലപ്പോ എന്റെ മരണശേഷവും, അത് കാണുന്നവർ എന്നെയൊന്ന് ഓർക്കുമല്ലോ. 2016 ലെ ഒരു കൺവെൻഷൻ സമയത്ത് ഞാൻ വാങ്ങിക്കൊണ്ടുവന്ന ലൗലോലി ഇത്തവണ ചെന്നപ്പോളും കുറേ കാ തന്നു. അത് ഞാൻ നട്ടതാണെന്ന് സായുനോടും സായുന്റെ കൂട്ടുകാരി ദേവൂനോടും അഭിമാനത്തോടെയാണ് പറഞ്ഞത്‌, അവരുടെ കണ്ണിൽ അത്ഭുതം. 2018 ലെ വെള്ളപ്പൊക്കത്തിന് എന്റെ പാവം മരങ്ങളെല്ലാം പേടിച്ചുനിന്നിട്ടുണ്ടാവും. ചിലതൊക്കെ രണ്ടുദിവസംവരെ തലക്കുമുകളിലും മുങ്ങി വെള്ളത്തിൽ നിന്നതാണ്‌, പക്ഷേ അവരൊക്കെ പിടിച്ചുനിന്നു. എന്റെ ജാതിമരത്തിന്റെ കൊമ്പിൽ, എവിടുന്നോ ഒഴുകിവന്ന ഒരു ചുവന്ന കസേര കുറച്ചധികംനാൾ തൂങ്ങിനിന്നിരുന്നു. . 
2001 ലെ വെള്ളപ്പൊക്കം ആണെന്നാണ് ഓർമ്മ, അയൽവക്കത്തുള്ള കുറച്ചുപേരൊക്കെ വീട്ടിൽ കൂടിയിട്ടുണ്ട്, അവരുടെയൊക്കെ വീട്ടിൽ വെള്ളം കയറി. എല്ലാരും എന്തുചെയ്യണമെന്നൊക്കെ ആലോചിക്കുന്നതിനിടയിൽ ഒരു വലിയ റബ്ബർമരം മൂടോടെ പിഴുതുവന്നു വീണു, കൃത്യം വീടിന്റെയും തൊട്ടുചേർന്നുള്ള കിണറിന്റെയുമിടയിൽ. ആരോ കൈകൊണ്ട് താങ്ങി അവിടെ കൊണ്ടിട്ടപോലെയായിരുന്നു അതിന്റെ വീഴ്ച്ച. അല്പമൊന്ന് മാറിയിരുന്നെങ്കിൽ അന്ന് വീട്ടിൽ കൂടിയിരുന്ന കുറച്ചധികംപേർ മരിച്ചുപോയേനെ.
ഓർമ്മയുടെ മറ്റൊരു പേജിൽ ചേട്ടൻ ചാമ്പയുടെ മുകളിലിരിക്കുകയാണ്, താഴെ നിന്ന് ചാമ്പക്ക ക്യാച്ച് എടുക്കുന്ന എന്റെ നേർക്ക് പെട്ടന്ന് കടന്നലുകൾ പാഞ്ഞുവരുന്നു,അതുങ്ങൾ കടിച്ച് നീരുവച്ച ചെവിയിൽ അപ്പൂപ്പൻ തുളസിനീര് പിഴിയുന്നു, വേറൊരു പേജിൽ മാവിന്റെ ചുവട്ടിലിരുന്ന് സന്ദീപ് ചേട്ടന്റെയൊപ്പം പച്ചമാങ്ങയും ഉപ്പും കൂട്ടി തട്ടുകയാണ്, കുട്ടൻചേട്ടന്റെ വീട്ടിലെ കൊക്കോ, അവിടുത്തെ പുളി, മറ്റൊരു വീട്ടിലെ കമ്പിളി നാരകം, ഒക്കെ മനസ്സിലേക്ക് വരുന്നു. മറ്റൊരിക്കൽ കുറച്ചപ്പുറത്തുള്ള പറമ്പിലെ ജാതിക്ക പറിക്കുന്ന ഞങ്ങളെ അവിടുത്തെ അപ്പൂപ്പൻ ഓടിക്കുന്നു, വേറൊരു ദിവസം ആറിന് അക്കരെയുള്ള വലിയ മാവിൽ കണ്ണൻചേട്ടൻ വലിഞ്ഞുകയറുന്നു, താഴെ വെള്ളത്തിൽനിന്ന് ഞങ്ങൾ കൂട്ടുകാർ പ്രോത്സാഹിപ്പിക്കുന്നു, ഏതോ ഒരു പേജിൽ മഴയുള്ള പല ദിവസങ്ങളിൽ പടപടാ ശബ്ദം കേട്ട് പറമ്പിലേക്ക് ഓടുന്ന ഞങ്ങൾ പലരും. അന്ന് അതിർത്തികൾ കുറവായിരുന്നു, അപ്പുറത്തെ പറമ്പുകളിൽനിന്നും പലരും ഓടിവരുമായിരുന്നു, ഞങ്ങടെ പറമ്പിലെ മാങ്ങ ഞങ്ങളുടേത് മാത്രമായിരുന്നില്ല, ആദ്യം ആര് ഓടി എടുക്കുന്നോ അവരുടേതായിരുന്നു.  എന്തെല്ലാം മര ഓർമ്മകൾ. 

വീടിനു ചുറ്റുമുള്ള തേക്കുമരങ്ങളെല്ലാം പണ്ട് അപ്പൂപ്പൻ വച്ചതാണെന്ന് കേട്ടിട്ടുണ്ട്. ഇന്നപ്പോ വീണ മരങ്ങളിൽ കൊന്നയ്ക്കുവേണ്ടി ഞാൻ വിഷമിച്ചപോലെ തേക്കിനുവേണ്ടി അപ്പൂപ്പനും ആത്തയ്ക്കുവേണ്ടി ആ മരം ഉണ്ടാവാൻ കാരണഭൂതമായ ഏതോ കിളിയും വിഷമിക്കുന്നുണ്ടാവും. ഒന്നാലോചിച്ചാൽ ഒന്നും നമ്മുടേതല്ലല്ലോ. ഞാൻ നട്ടെങ്കിലും നട്ടതൊക്കെ എന്റെയല്ലല്ലോ. എനിക്കും മുൻപേ എത്രയോ ഇക്വേഷൻസ് ശരിയായിവന്നതുകൊണ്ടാവാം ആ തൈ എന്റെ കൈവരെ എത്തിയത്. 
അമ്മ പറയുന്നതുപോലെ "എന്റെ കുഞ്ഞേ എല്ലാം പ്രകൃതിയിലേക്കുതന്നെയല്ലേ പോകുന്നത്, ഇതേ മരം കാറ്റടിച്ച് ഒടിഞ്ഞുവീണിരുന്നെങ്കിലോ, അത് ഈ വീടിന്റെ മോളിൽ വീണിരുന്നെങ്കിലോ. ഒന്നിനോടും അമിതമായ അറ്റാച്ച്മെന്റ് പാടില്ല കേട്ടോ ഞാൻ പറഞ്ഞേക്കാം." 
നിറഞ്ഞ് കായ്ച്ചും ഇടക്ക് ചിലയിടത്തൊക്കെ മഞ്ഞപൂത്തും നിക്കുന്ന കൊന്നയിലേക്ക് കൈ ചൂണ്ടി സായുവിനോട് ഞാൻ പറയുന്നത് എനിക്ക് ഇപ്പോൾ കാണാം "നിന്റെ അച്ഛൻ നട്ട കൊന്നയാ അത് ". 

1 comment:

  1. എന്റെ കുട്ടിക്കാലം ഓർമ വന്നു. ആനന്ദ് 🙏

    ReplyDelete