ഞാൻ അങ്ങോട്ട് ചോദിച്ചില്ലായിരുന്നെങ്കിൽ ഈ കാര്യം പുള്ളി പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അച്ഛൻ, അമ്മ, കൂടെപ്പിറപ്പ്, ഭാര്യ, ഇവരല്ലാതെയും നമുക്കുവേണ്ടി നമ്മളറിയാതെ കരുതാൻ ആരെങ്കിലുമുള്ളത് എന്തൊരു ഭാഗ്യമാണ്. അങ്ങനെ കരുതലുള്ള പലരിൽ ഒരാളെ ഞാൻ ആ മുഖത്ത് കണ്ടു. നമുക്കും ഇതുപോലെയാകാൻ പറ്റട്ടെ.
Saturday, 21 February 2026
പലരിൽ ഒരാൾ
നമ്മളെ കരുതാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ളത് എന്തൊരു സുഖമാണ്, എന്തൊരു സമാധാനമാണ്. രാവിലെ കാറെടുക്കാൻ ചെന്നപ്പോൾ ആകെ മൊത്തത്തിൽ എന്തോ ഒരു വ്യത്യാസം. ഇന്നലെ കുറച്ചൂടെ പൊടി ഉണ്ടായിരുന്നില്ലേ എന്ന് ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി. അതോ ഇനി ഇന്നലെ രാത്രി വണ്ടി മഴയത്തുവല്ലോം പാർക്ക് ചെയ്തിരുന്നോ എന്ന് സംശയം. പക്ഷേ ഇന്നലെ തിരിച്ച് വീട്ടിൽ കയറുന്നതിനുമുന്നേ അവൾ പറഞ്ഞതാണല്ലോ 'നാളെ ഈ വണ്ടിയൊന്ന് കഴുകിയിടാൻ സുഖറാം ഭായിയോട് പറയണം' എന്ന്. ഭായി ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ്, എല്ലാവർക്കും വളരെ ഇഷ്ടമുള്ള, അല്ലെങ്കിൽ എല്ലാവർക്കും വളരെ കൺവീനിയന്റ് ആയ ആൾ. പുള്ളി ഉണ്ടെങ്കിൽ ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടക്കും. ആൾക്ക് രാവിലെമുതൽ വൈകിട്ടുവരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഫ്ലാറ്റിലെ വണ്ടികൾ കഴുകുന്ന പരിപാടിയുണ്ട്. അതിന് ഇരുന്നൂറ് രൂപയാണ് വാങ്ങാറ്. നമ്മൾ പറഞ്ഞാൽ കഴുകിയിടും, അത്രയേ ഉള്ളു. കാറെടുത്ത് ഇറങ്ങുമ്പോൾ ഗേറ്റിൽ പുള്ളി നിൽപ്പുണ്ട്. വണ്ടിയിൽ എന്തെങ്കിലും ചെയ്താരുന്നോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു 'പൊടി കണ്ടിട്ട് വെറുതേ ഒന്ന് തട്ടിക്കുടഞ്ഞു എന്ന് '. സ്നേഹത്തോടെ അദ്ദേഹത്തെ ഞാൻ നോക്കി, വൈകിട്ടൊന്ന് കഴുകിയിട്ടേക്കണേ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി (അതാകുമ്പോ ആ പേരിൽ പൈസ കൊടുക്കാമല്ലോ എന്ന് മനസ്സിൽ കരുതി) .
ആമിക്കുട്ടൻ
ഒരുപാടുനാളൂടെ കണ്ണൊക്കെ നിറഞ്ഞുവരുന്നു. ഇന്ന് ഞങ്ങടെ ആമിക്കുട്ടന്റെ ബർത്ഡേ ആണ്. ഞങ്ങടെയെല്ലാം ആദ്യത്തെ കണ്മണി, ഞങ്ങടെ രഞ്ജിത് ചേട്ടന്റെ കുഞ്ഞ്. സീരിയൽ പോലെയൊരു കഥയാണ് അവളുടേത്. അവൾ ഈ ഭൂമിയിലേക്ക് കണ്ണുമിഴിച്ച് വരുംമുന്നേ രഞ്ജിത് ചേട്ടൻ പോയി. ചേട്ടൻ എഴുതുമായിരുന്നു. പുള്ളി എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'അനാമികയുടെ അങ്കലാപ്പ്' എന്നാണ്. ആ പേരാണ് ആമിക്ക് - അനാമിക. കുഞ്ഞിന്റെ ഇതുവരെയുള്ള ജീവിതവും ആ പുസ്തകത്തിന്റെ പേരുപോലെതന്നെ.
ആമിക്കുട്ടൻ വളർന്നത് അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്. കുഞ്ഞല്ലേ, അവൾ എന്തറിയാൻ. വലിയൊരു വീട്ടിൽ എല്ലാവരുടെയും സ്നേഹംമുഴുവൻ ഏറ്റുവാങ്ങി രാജകുമാരിയെപ്പോലെ അവൾ നടന്നു. ടീവിയിൽ കാർട്ടൂൺകണ്ട് ഹിന്ദി പഠിച്ച അവൾ ഞങ്ങളെയൊക്കെ അത്ഭുദപ്പെടുത്തി. ആഗ്രഹിക്കുന്നതെല്ലാം അവളുടെ അമ്മൂമ്മ അവൾക്ക് വാങ്ങിനൽകി. ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ വാങ്ങാനും ഐസ്ക്രീം കഴിക്കാനുമൊക്കെ അമ്മൂമ്മയും ആമിയുംകൂടെ ഓട്ടോപിടിച്ച് ഏഴ് കിലോമീറ്റർ അപ്പുറമുള്ള കോഴഞ്ചേരിക്ക് പോയി. കുഞ്ഞിനെ ഇങ്ങനെയങ്ങ് ലാളിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും വലിയ കാര്യമുണ്ടായില്ല. സന്തോഷമായി, വാശിക്കാരിയായി, സുഖലോലുപയായി ജീവിക്കുന്നതിനിടയിൽ അപ്പൂപ്പൻ പോയി, പിന്നാലെ അമ്മൂമ്മയും. എട്ടാം വയസ്സിൽ അവൾ ആ വലിയ വീടുവിട്ടിറങ്ങി. പിന്നെ അമ്മയുടെ വീട്ടിൽ, അവിടുത്തെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊപ്പം. ഇന്ന് അവൾക്ക് പതിനാറ് വയസ്സ്. ഈ ഒരു കാലത്തിനിടയ്ക്ക് ലോകം എങ്ങനെയൊക്കെ മാറി, ഞങ്ങടെ കുഞ്ഞിന്റെ ജീവിതം എങ്ങനെയൊക്കെ തലകീഴ്മറിഞ്ഞു. ഇന്നവൾക്ക് ഹോസ്റ്റൽ ജീവിതം,വല്ലപ്പോഴുമുള്ള അവധികളിൽ വീണ്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം. വാശി പോയിട്ട് ശബ്ദം പോലും തീരെ കുറവ്. വല്യ കുട്ടി ആകുന്നതിന്റെ അങ്കലാപ്പ്. വീടിനടുത്ത് കൂട്ടുകാർപോലുമില്ലാതെ, അവൾപോലുമറിയാതെ ഒരു ഏകാന്തതടവിൽ ബാല്യവും കൗമാരവും കടന്നുപോകുന്നു. അതിനിടക്ക് വല്ലപ്പോഴുമൊരു ഓർമപുതുക്കാൻമാത്രം, പഴയകാലത്തിന്റെ അവശേഷിപ്പ് തുടരാൻമാത്രം ചെന്നുകാണുന്ന എന്നെപ്പോലെയുള്ള ചിറ്റപ്പന്മാർ, ബന്ധുക്കൾ. തനിയെ ജീവിതം തുടങ്ങുമ്പോഴെങ്കിലും വിധിയുടെ തടവിൽനിന്ന് അവൾ രക്ഷപെടട്ടെ, ടോക്സിക് അല്ലാത്ത ഒരു പങ്കാളിയെ കിട്ടട്ടെ. ലോകം എന്റെ ആമിക്കുട്ടന് നിറഞ്ഞ സന്തോഷം വീണ്ടും നൽകട്ടെ.
മുംബൈ : തിരക്കിട്ട യാത്രകൾ
ഞങ്ങൾ വീണ്ടും ഊബർ പിടിച്ച് താമസസ്ഥലത്തേക്ക് യാത്രതിരിച്ചു. പോകുംവഴി തിരക്കിന്റെ അങ്ങേയറ്റം ഞങ്ങൾ കണ്ടു, ആന്തേരിയിലെ തിരക്കും വീടുകളുടെ രൂപവുമെല്ലാം സ്ളംഡോഗ് മില്യണയർ എന്ന സിനിമയെ ഓർമിപ്പിച്ചു. തകരപ്പാട്ടകൊണ്ട് തട്ടിക്കൂട്ടിയ, തൊട്ടുതൊട്ടിരിക്കുന്ന, ഷീറ്റുകൊണ്ട് മറച്ച, വീട്ടിലെ വേസ്റ്റ് വെള്ളം മുഴുവൻ എല്ലാവരും കാൺകെ ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്ന നൂറുനൂറ് വീടുകൾ. ആ വീടുകളുടെ പിന്നാമ്പുറമാണ് ഈ റോഡിനെ അഭിമുഖീകരിക്കുന്നത്.രണ്ടാംനിലയിലുള്ള വീടുകളിലെ വേസ്റ്റ് വെള്ളം പൈപ്പ്‌വഴി നീട്ടി ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്നു. അത് വന്ന് കറുത്ത് പതഞ്ഞ ഓടയിൽവീണ് ഇപ്പോ വീണതാണോ മുന്നേയുള്ളതാണോ കൂടുതൽ വൃത്തികെട്ട വെള്ളമെന്ന് മനസ്സിലാകാത്തവിധം ഇഴുകിച്ചേരുന്നു.
ഹോണിന്റെ നഗരമാണ് മുംബൈ. മുന്നിൽ സൂചികുത്താൻ ഇടമില്ലെന്നറിഞ്ഞാലും പിന്നിലുള്ള വണ്ടിക്കാരൻ ഹോണടിച്ചുകൊണ്ടേയിരിക്കും, അയാളെ പറഞ്ഞിട്ടെന്താ, അയാളുടെ പിന്നിലും ഇതുതന്നെ അവസ്ഥ. സിഎൻജി ടാങ്ക് കഷ്ടപ്പെട്ട് താങ്ങി കിതച്ചും ഞരങ്ങിയും ആ കാർ ഞങ്ങളേയുംകൊണ്ട് താമസസ്ഥലത്തെത്തി. വൈകുന്നേരം ബിരിയാണി കഴിക്കാനൊരു കൊതി. ഓൺലൈനിൽ ഓർഡർ ചെയ്തു. വാങ്ങാൻ അപാർട്മെന്റിന്റെ വെളിയിൽ ഗേറ്റിലേക്ക് ചെന്നുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഭിക്ഷക്കാരെപ്പോലിരിക്കുന്ന രണ്ടുപേർ വളരെ ചെറിയൊരു സ്കൂട്ടറിൽ മുന്നിലെത്തി. അവർ ബിരിയാണി മുന്നിലേക്ക് നീട്ടിയപ്പോൾ ആ ഒറ്റ പൊതിയുടെ വിലയിൽ ചിലപ്പോൾ നാലുനേരംവരെ അവർ ഭക്ഷണം കഴിച്ചേക്കാം എന്ന് വല്ലാത്തൊരു ഗിൽറ്റി ഫീലിങ്ങോടെ ഓർത്തു.
പിറ്റേന്ന് ഞങ്ങൾ ആന്തേരിയിലെ തെരുവുകടകൾ കയറിയിറങ്ങി. തിരിച്ചുപോകുമ്പോഴേക്കും എന്തേലുമൊക്കെ വാങ്ങണ്ടേ. ഇത്തിരി വണ്ണമുള്ള ഞങ്ങടെ നാച്ചുക്കുട്ടനുവേണ്ടി ഉടുപ്പ് തിരയുന്നതിനിടയിലാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അറിയാവുന്ന ഹിന്ദിയിൽ മോട്ടി ഹേ (വണ്ണമുണ്ട് ) എന്ന് ഞങ്ങൾ പറഞ്ഞപ്പോഴൊക്കെ പല കടക്കാരും ഹെൽത്തി ഹേ എന്ന് തിരിച്ച് ചോദിച്ചു. മലയാളിക്കണ്ണിൽ വണ്ണം എന്ന് തോന്നിയത് ഹിന്ദിക്കണ്ണിൽ ആരോഗ്യം എന്ന് മാറിയത് കൗതുകത്തോടെ ഞാൻ ശ്രദ്ധിച്ചു. കുറച്ച് ഡ്രസ്സൊക്കെ വാങ്ങിക്കഴിഞ്ഞ് ഇനിയല്പം മധുരപലഹാരങ്ങൾ വാങ്ങാമെന്ന് കരുതി. പല കടകൾ കയറിയിറങ്ങി അവസാനം അത്യാവശ്യം ഭേദപ്പെട്ട ഒരു കട കണ്ടു. നീളമുള്ള ഗോപിക്കുറി വരച്ച കടക്കാരൻ പഴയ ഏതോ സിനിമയിലെ മാർവാടിയെപ്പോലെ തോന്നിച്ചു. മധുരം വാങ്ങി ഇറങ്ങാൻനേരം എവിടുന്നാണെന്നൊക്കെ ചോദിച്ചു, കൂടെ മഞ്ഞ നിറമുള്ള ജിലേബി ഫ്രീ ആയിട്ട് തരുകേം ചെയ്തു, ആതിഥ്യമര്യാദ ആസ്വദിച്ച് ഞങ്ങൾ നടന്നു. പിന്നീട് അപാർട്മെന്റിൽനിന്ന് ചെക്ക്ഔട്ട് ചെയ്ത് ഒരു മാളിലേക്ക് പോകാൻ കാറിൽ കയറി. ഇടയ്ക്ക് നാലുംകൂടിയ ഒരു കവലയിൽ വണ്ടികളെല്ലാം സ്റ്റക്ക്. ആരും ആരും എങ്ങോട്ടും തിരിയാൻവയ്യാത്ത അവസ്ഥ. അഞ്ചുമിനുട്ട് അങ്ങനെതന്നെ നിന്നു. അവസാനം മാന്യനെപ്പോലെ തോന്നിച്ച ഞങ്ങടെ വണ്ടിക്കാരൻ വെളിയിലിറങ്ങി ട്രാഫിക് കണ്ട്രോൾ സ്വയം ഏറ്റെടുത്തു. അധികം വൈകാതെ പുള്ളി എല്ലാം ശരിയാക്കി തിരിച്ച് കാറിൽ കയറി. അദ്ദേഹത്തെപ്പറ്റി വല്ലാത്ത മതിപ്പ് തോന്നി, ഉടനെതന്നെ പുള്ളി വിൻഡോ തുറന്ന് പുറത്തേക്ക് മുറുക്കിത്തുപ്പി, മതിപ്പ് ഉടഞ്ഞുവീണു. പിന്നെയും പലതവണ തുപ്പൽ മഹോത്സവം നടന്നുകൊണ്ടേയിരുന്നു. ഞങ്ങൾ മാളിലെത്തി. പുറമെനിന്ന് കാണുന്നതിലും വലുതാണ് ഉൾവശമെന്ന് നടന്നുതുടങ്ങിയപ്പോ മനസ്സിലായി. ബാഗുകൾ അവിടെയുള്ള ഒരു ലോക്കറിൽ വച്ച് ഞങ്ങൾ ഇണക്കിരുവികളെപ്പോലെ ഗതകാലസ്മരണകളിൽ കറങ്ങിനടന്നു, അപ്പോൾ ഞങ്ങൾ വീണ്ടും പഴയ കാമുകീകാമുകന്മാരായി. എല്ലാ ഭാര്യയും ഭർത്താവും വല്ലപ്പോഴുമെങ്കിലും കുട്ടികളെ ഒഴിവാക്കി ജീവിതം ആസ്വദിക്കേണ്ടതാണെന്ന് അന്നേരം തോന്നി. "എടാ അലവലാതി, നിന്നെ നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഇട്ടിട്ടുപോയാൽ നിനക്ക് സഹിക്കുമോ " എന്ന് ചേച്ചി ഇത് വായിച്ചിട്ട് ചോദിക്കുന്നത് എനിക്ക് ഇപ്പഴേ കേൾക്കാം.
കുറച്ച് കറങ്ങിക്കറങ്ങി ഒരു ടോയ് ഷോപ്പിന്റെ മുന്നിലെത്തി. കുഞ്ഞിനെ ഓർമവന്നു. എന്ത് വാങ്ങണമെന്ന സംശയവുമായി ഞങ്ങൾ മുക്കും മൂലയും അരിച്ചുപെറുക്കി. പ്ലാസ്റ്റിക് കൊണ്ടുള്ള, സ്പോഞ്ച് കൊണ്ടുള്ള പലതരം കളിപ്പാട്ടങ്ങൾ. അതിന്റെയൊക്കെ ഇടയിപ്പെട്ട് എനിക്ക് ശ്വാസം മുട്ടി. ഈ ലോകത്തെ കോടാനുകോടി ആളുകളുടെ വീടുകളിൽ ഇതുപോലെയുള്ള എത്രയെത്ര പ്ലാസ്റ്റിക് സാധനങ്ങൾ കുന്നുകൂടിയിരിക്കുന്നു എന്ന് ഒരുനിമിഷം ഓർത്തു. കുഞ്ഞുങ്ങൾ അവനവന്റെ കളിപ്പാട്ടങ്ങളിലേക്ക് ഒറ്റപ്പെട്ടുപോകുന്നത് ഓർത്തു. അധികം ഇല്ലാതിരുന്ന കാലത്ത് പങ്കിട്ടും വഴക്കിട്ടും നേടിയ കളിപ്പാട്ടങ്ങളും അതിന്റെ സന്തോഷവും ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ എന്ന് ആകുലപ്പെട്ടു. സർക്കാർ മുൻകൈയ്യെടുത്ത് കളിപ്പാട്ടങ്ങൾ മുഴുവൻ നിരോധിച്ചിരുന്നെങ്കിലെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കളിപ്പാട്ടകച്ചവടം ഒരിക്കലും നില്ക്കാൻപോകുന്നില്ലയെന്നു തിരിച്ചറിവോടെ ഒന്നും വാങ്ങാതെ ആ കടയിൽനിന്നിറങ്ങി. തൊട്ടപ്പുറത്തു അതുപോലെതന്നെ വേറെയും പല കടകൾ. കളിപ്പാട്ടങ്ങൾ എന്നെ പേടിപ്പിക്കുന്നു.
ഞങ്ങൾ വീണ്ടും കറക്കം തുടർന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് ആ മാൾ നിൽക്കുന്നതെന്ന് നടക്കുംതോറും തോന്നി. അത്രവലിയ ഒരു സിസ്റ്റം മുന്നോട്ടുകൊണ്ടുപോകാൻ ദിവസവും എത്രമാത്രം വെള്ളവും വൈദ്യുതിയും വേണമെന്ന് വെറുതെയൊന്ന് ചിന്തിച്ചു. മുംബൈ എന്ന മഹാനഗരത്തിന് വെള്ളം എങ്ങനെ കണ്ടെത്താനാകുന്നുവെന്ന് അത്ഭുദം തോന്നുന്നു.
ഇത്തിരികൂടികഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് ആ മാളിന് പല എൻട്രൻസ് ഉണ്ടെന്ന്. ഞങ്ങൾ ബാഗുകൾ വച്ച ലോക്കർ ഉള്ള എൻട്രൻസ് തപ്പി കുറച്ചധികം കഷ്ടപ്പെട്ടു. പലതവണ വലംവച്ചശേഷമാണ് പിടികിട്ടിയത്. ആശ്വാസത്തോടെ എയർപോർട്ടിലേക്ക് പോകാൻ അടുത്ത കാർ പിടിച്ചു. അതിഭീകര ട്രാഫിക് കരണം കാർ വളരെ പതിയെയാണ് മുന്നോട്ട് പോയത്. ഏതായാലും ലേറ്റാകാതെ എയർപോർട്ട് എത്തി. സെക്യൂരിറ്റി സി ഐഎസ്എഫ് കാരൻ വണ്ടി തടഞ്ഞത് ഞങ്ങടെ ഡ്രൈവറിനു തീരെ ഇഷ്ടമായില്ല. ഡിക്കിയൊക്കെ തുറന്ന് പരിശോധന കഴിഞ്ഞശേഷം ഡ്രൈവർ അത് വലിച്ചടച്ചു, അയാളുടെ ദേഷ്യംമുഴുവൻ ആ ഒരൊറ്റ പ്രവർത്തിയിൽ കാണാമായിരുന്നു. ഈ അവസരത്തിൽ പറയണോ വേണ്ടയോ എന്ന് അറിയില്ല, പക്ഷേ സെക്യൂരിറ്റിയുടെയും ഡ്രൈവറിന്റെയും പെരുമാറ്റത്തിൽ എനിക്ക് തോന്നിയത് മതങ്ങൾ തമ്മിലുള്ള ഒരു കൊമ്പുകോർക്കൽ ആയിരുന്നു അവിടെ നടന്നതെന്നാണ്. മറ്റ് പല വണ്ടികളും കടത്തിവിട്ട സെക്യൂരിറ്റി ഈ കാർ മാത്രം തടഞ്ഞുനിർത്തിയത് ഡ്രൈവറുടെ ഐഡന്റിറ്റി കണ്ടിട്ടാണെന്ന് ഞാൻ സംശയിക്കുന്നു, ഒരുപക്ഷേ റാണ്ടം ആയിട്ട് ചെക്ക് ചെയ്തതുമാവാം. പക്ഷേ ഡ്രൈവറുടെ ആംഗിളിൽ നോക്കുമ്പോൾ അത് അങ്ങനെയാവാനേ വഴിയുള്ളു. ജീവിതത്തിൽ ഇതുപോലെ പല സ്ഥലത്തും അനാവശ്യ നോട്ടങ്ങളും പരിശോധനകളും അയാൾ നേരിടുന്നുണ്ടെന്ന് തോന്നുന്നു. സ്വന്തം സ്ഥലത്ത് അന്യനെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരാളുടെ അമർഷവും ആത്മസംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു.
മുംബൈ എയർപോർട്ട് ലോകോത്തരം. സിങ്കപ്പൂർ എയർപോർട്ട് പോലെയൊക്കെയുണ്ട്. ശരിക്കും ആലോചിച്ചാൽ ലോകംമുഴുവൻ ഏതാണ്ടൊക്കെ ഒരേപോലെതന്നെ ആവാൻ ശ്രമിക്കുന്നപോലെയുണ്ട്. മിക്ക സ്ഥലത്തേയും വിനോദസഞ്ചാര സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും റൈഡുകളുമെല്ലാം വന്നുവന്ന് ഒരുപോലെതന്നെ ആവുന്നപോലെ. അതിപ്പോ കേബിൾ കാർ റൈഡ് ആയാലും, ആനിമൽ ഷോ ആയാലും, ട്രാം റൈഡ് ആയാലും എല്ലാം ഒരുപോലെതന്നെ.
ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എയർപോർട്ടിൽ ബോറടിച്ചിരിക്കുന്ന സമയത്ത് വെന്റിങ് മെഷിനിൽനിന്ന് ലെയ്സ് പോലത്തെ ഒരു സാധനം എടുത്തു. ബാർ കോഡ് സ്കാൻ ചെയ്യുമ്പോ മനസ്സ് പിന്നെയും അത്ഭുദംകൂറി. എങ്ങനെ വ്യത്യസ്തമായ ബാർകോഡുകൾ ഉണ്ടാക്കികൊണ്ടേയിരിക്കുന്നു ഈ ലോകം, ഇതുവരെ എത്രയോ കോടി സ്കാനുകൾ നടന്നുകാണും, ഇനിയുമെത്രയോ നടക്കാൻപോണു, അത്ഭുദം അടങ്ങുന്നില്ല.
തിരിച്ചുള്ള യാത്രയിൽ ഹസ്സൻ എന്നൊരു ബീഹാർകാരനെ അടുത്തുകിട്ടി. അയാൾ മറ്റൊരു അത്ഭുദമനുഷ്യൻ. അദ്ദേഹത്തിന്റെ ജോലി പെർമനെന്റ് വർക് ഫ്രം ഹോം ആയിട്ടുകൂടി കേരളത്തോടുള്ള ഇഷ്ടംകൊണ്ടുമാത്രം കൊച്ചിയിൽവന്ന് വീടെടുത്ത് താമസിക്കുന്നു. യാത്രയിൽ ഒരുപാടൊരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു, ഹിന്ദിയിലും ഇംഗ്ലീഷിലുമായി. ഹസ്സന് കേരളത്തിന്റെ രണ്ട് കാര്യങ്ങളിൽമാത്രമെ വിയോജിപ്പുള്ളു. അനാവശ്യമായി നമ്മൾ വയ്ക്കുന്ന വലിയ വീടും വാങ്ങുന്ന വലിയ കാറുകളും. അയാളുടെ വിശകലനം എത്ര സത്യമാണ്. വലിയവീട്ടിൽ പേടിയോടെ ഉറങ്ങുന്ന പ്രായമായ മനുഷ്യരെയും, തീരെ ചെറിയ വഴികളിൽ ലോറിപോലുള്ള കാറുകളുമായി ബ്ലോക്ക് ഉണ്ടാക്കുന്ന പലരെയും ഞാൻ മനസ്സുകൊണ്ട് കണ്ടു.
ഫ്ലൈറ്റ് ഒരു 11 മണിക്കേ കൊച്ചിയിൽ ലാൻഡ് ചെയ്യൂ. എല്ലാംകഴിഞ്ഞ് പുറത്തിറങ്ങുമ്പോളേക്കും പിന്നെയും ലേറ്റ് ആകും. പുള്ളിയുടെ ഭാര്യയുടെ ബർത്ഡേ ആണ്, അവർ ഗർഭിണിയുംകൂടിയാണ്. ഇതെല്ലാംകൊണ്ട് 12 മണിക്കുമുന്നേ പാലാരിവട്ടത്തുള്ള വീട്ടിലെത്തണമെന്ന, നടക്കാൻ സാധ്യതയയില്ലാത്ത ആഗ്രഹവുമായി എയർപോർട്ടിൽനിന്ന് ഓടിയിറങ്ങുന്ന ഹസ്സനെ ഇനിയും ഒരുപാട് നാളത്തേക്ക് ഞാൻ ഓർക്കും.
മുംബൈ : ഇടദിവസം
വിസയൊക്കെ ശരിയായല്ലോ, ഇനി റൂമിൽപോയി കുറച്ച് റസ്റ്റ് എടുക്കാമെന്ന് കരുതി ഞങ്ങൾ ഒരു ഓട്ടോയിൽ കയറി, ഊബറിനുവേണ്ടി കാത്തുനിന്നില്ല. കയറുന്നതിനു മുന്നേ പൈസയൊക്കെ ചോദിച്ചുമനസ്സിലാക്കി. ഒന്നര കിലോമീറ്റർ ദൂരം പോകാൻ നൂറ്റൻപത് രൂപ അയാൾ പറഞ്ഞു. ഇങ്ങോട്ട് ഇതേദൂരം അൻപത് രൂപയ്ക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് നോക്കാം, കയറെന്നായി. നൂറ് രൂപയാണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഞങ്ങൾ കയറി. ഓട്ടോ ഓടിക്കുന്ന ഭായിയെ കണ്ടാൽ പഴയ ഏതോ ഹിന്ദി സിനിമയിൽ നിന്ന് ഇറങ്ങിവന്ന വില്ലനെ പോലെയുണ്ട്. ഇടയ്ക്കുവെച്ച് നല്ല തിരക്കുള്ള ഒരു റോഡിൽ സിഗ്നലിൽവച്ച് വണ്ടികൾ നിശ്ചലമായി. അപ്പുറത്തെ ഓട്ടോയിൽനിന്ന് ഡ്രൈവർ അങ്കിൾ ഇറങ്ങിവന്ന് ഞങ്ങടെ ഭായിയോട് എങ്ങോട്ടോ ഉള്ള വഴി തിരക്കി. ആ ഓട്ടോ ആൾക്കാരുമായി അനാഥമായി റോഡിന്റെ നടുവിൽ കിടക്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കി. ഇവിടെ ഇതെല്ലാം സർവസാധാരണം. സിഗ്നൽ വീഴുംമുന്നേ വഴി ചോദിച്ചുമനസ്സിലാക്കി ആ അങ്കിൾ തിരികെ ഓട്ടോയിൽ കയറുകയും ചെയ്തു, എന്തൊരു കോൺഫിഡൻസ്. സൂചി കുത്താൻ ഇടയില്ലാത്തപോലെ തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നതിനിടയിൽ ഭായിയോട് ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് ഊബർ ഓടാത്തതെന്ന്, പുള്ളി പറഞ്ഞു എഴുത്തും വായനയും അറിയില്ലെന്ന്, തൊട്ടുമുൻപിലെ ഓട്ടോയുടെ പിറകിൽ 'ഒൺലി ത്രീ പാസ്സ് ' എന്ന് എഴുതിയിരിക്കുന്നത് ഞാൻ അപ്പോൾ ശ്രദ്ധിച്ചു. ഭായിയെപോലെതന്നെ മുന്നിലെ ഓട്ടോക്കാരനും പഠിപ്പില്ലെന്നും താൻ വെറും മൂന്നാംക്ലാസ് ആണെന്നാണ് പുള്ളി എഴുതിയിരിക്കുന്നതെന്നും ആലോചിച്ചു. പക്ഷേ പിന്നീടാണ് കണ്ടത്, ചുറ്റുമുള്ള ഓട്ടോകളുടെ സാഗരത്തിൽ കണ്ട എല്ലാ ഓട്ടോയിലും പിന്നിലും വശങ്ങളിലുമൊക്കെ അതുതന്നെ എഴുതിയിട്ടുണ്ട്. മൂന്ന് യാത്രക്കാരെയേ കയറ്റു എന്നാണ് ഉദ്ദേശിച്ചതെന്ന് അപ്പോൾ മനസ്സിലായി. കൂടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചു, ഞങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലം മുംബൈയിലെ പത്തനംതിട്ടയാണ്, രെജിസ്ട്രേഷൻ നമ്പർ എം എച് പൂജ്യം മൂന്ന്. പോകുന്നവഴി ഭായി പറഞ്ഞു നിങ്ങൾ വിസയൊക്കെ പാസായതല്ലേ അതിന്റെ സന്തോഷത്തിന് പൈസ കൂടുതലാണ് ശരിക്കും തരേണ്ടതെന്ന്. പലരും വിസ കിട്ടാത്തതുകൊണ്ട് കരഞ്ഞുകൊണ്ടാണ് പോകാറെന്നും അങ്ങേര് കൂട്ടിച്ചേർത്തു. ഏതായാലും ചെന്നിറങ്ങി നൂറ്റി ഇരുപത് കൊടുത്തപ്പോൾ കൂടുതൽ വേണമെന്നായി. പത്തുരൂപകൂടെ കൊടുത്ത് ഞങ്ങൾ നടന്നു.
കുറച്ച് റെസ്റ്റൊക്കെ എടുത്ത് ഞങ്ങൾ മുംബൈ ചുറ്റിക്കറങ്ങാൻ ഇറങ്ങി. ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ലോക്കൽ ട്രെയിൻ സ്റ്റേഷൻ ഒരു ഇരുന്നൂറുമീറ്റർ ദൂരത്തിൽ ഉണ്ടെന്ന് പറഞ്ഞു. നട്ടപ്പൊരിവെയിലത്ത് അയാൾ പറഞ്ഞ വഴിയേ തെരുവുകളിലൂടെ ഞങ്ങൾ നടന്നു. കുറേനേരം നടന്നുകഴിഞ്ഞ് പലരോടും ചോദിച്ചപ്പോൾ ഇനിയും മുന്നോട്ട് മുന്നോട്ടെന്ന് പറഞ്ഞു. അങ്ങനെ ഏകദേശമൊരു ഒന്നര കിലോമീറ്റർ വെയിലിൽ നടന്ന് ഞങ്ങൾ കുർള റെയിൽവേ സ്റ്റേഷനിലെത്തി, ഗേറ്റിലെ സെക്യൂരിറ്റിയുടെ ഇരുന്നൂറ് മീറ്ററിന്റെ കണക്ക് എവിടെയോ പിഴച്ചത് ഞങ്ങൾ ശ്രദ്ധിച്ചു. സ്റ്റേഷനിൽ വിചാരിച്ചയത്ര തിരക്കില്ല, ഉച്ചയായതുകൊണ്ടാവും. ടിക്കറ്റ് തരുന്ന ആളുടെ മുഖഭാവങ്ങളൊക്കെ കണ്ടപ്പോൾ പങ്കജ് തൃപാടി എന്ന ഹിന്ദി നടനെ ഓർമവന്നു. മുംബൈ ലോക്കൽ ട്രെയിനിൽ ഇരിക്കാൻ സീറ്റ് കിട്ടി എന്നത് ഭാഗമായി കരുതി ഞങ്ങൾ യാത്ര തുടങ്ങി. അടുത്തിരുന്ന ആൾ പറഞ്ഞതുവച്ച് അവസാന സ്റ്റേഷനാണ് ഛത്രപതി ശിവജി ടെർമിനസ് (ഇപ്പോൾ ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ്) , അരമണിക്കൂർ യാത്രയുണ്ട്. അവിടെ ഇറങ്ങിയിട്ടുവേണം ഗേയിറ്റ് വേ ഓഫ് ഇന്ത്യ കാണാൻ. സീറ്റുണ്ടെങ്കിലും കുറച്ചുപേർ വാതിലിനരികിൽത്തന്നെ നിന്ന് യാത്രചെയ്യുന്നു (വാതിലില്ല, കയറാനും ഇറങ്ങാനുമുള്ള തുറന്ന കവാടം) . അവരിൽ ചിലർക്ക് നല്ല പ്രായമുണ്ട്, തോളത്ത് വലിയ ചാക്കിന്റെ ഭാരവുമായാണ് അകത്തേക്കുവന്നത്. ആ ഭാരമിറക്കിവച്ച് വാതിലിനുമുകളിലെ ഏതോ ഒരു സ്ഥലത്ത് ഒരു കൈ പിടിച്ച്, മറ്റെ കൈകൊണ്ട് അകത്ത് ഒരു കൊളുത്തിലും പിടിച്ച് വെളിയിലേക്ക് അല്പം ചെരിഞ്ഞുനിന്ന് ട്രെയിനിന്റെ വേഗത്തിനൊപ്പിച്ചുള്ള കാറ്റ് ആസ്വദിക്കുകയാണ് പ്രായമായ ആ മനുഷ്യർ. ആ കാഴ്ച കണ്ടപ്പോൾ അവർ അല്പനേരത്തേക്ക് അവരുടെ ജീവിതഭാരം ഇറക്കിവച്ച് യൗവനം ആസ്വദിക്കുന്നപോലെതോന്നി.
ഞങ്ങൾ ഛത്രപതി സ്റ്റേഷനിലിറങ്ങി. മുംബൈ ദർശൻ എന്നുപറഞ്ഞ് കയ്യിലൊരു ഷീറ്റുമായി കുറച്ച് ടാക്സി ഡ്രൈവർമാർ നടക്കുന്നു. ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവൾ പുച്ഛിച്ചു. ടൂർ പാക്കേജ് എന്നുള്ള കോൺസെപ്റ്റ് ഒന്ന് മാറ്റിവച്ച് തന്നെ വല്ലോം കണ്ടുപിടിക്ക് മണകുണാഞ്ചാ എന്നുള്ള രീതിയിൽ അവളൊന്ന് തറപ്പിച്ചുനോക്കി. എന്നിട്ട് എന്നെയുംകൊണ്ട് അവിടുന്ന് വേഗം നടന്നു. സ്റ്റേഷന്റെ അടുത്തുതന്നെ ഒരു ബസ് സ്റ്റാൻഡ് ഉണ്ടാരുന്നു. അവിടുന്ന് ഞങ്ങളൊരു ഡബിൾ ഡെക്കർ ബസിൽ കയറി ഗേറ്റ് വേ കാണാൻ പോയി. അതിൽ കയറിയപ്പോൾ എനിക്കും തോന്നി അതാണ് നല്ലതെന്ന്. ഒരു പതിനഞ്ചുമിനിറ്റിൽ ഗേറ്റ് വേ യുടെ അടുത്തെത്തി. ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് തീരുമാനിച്ച് ഞങ്ങൾ അവിടെയടുത്തുള്ള ഫേമസായ ഒരു റെസ്റ്റോറന്റിലേക്ക് നടന്നു (ലിയോപോൾഡ് കഫെ). അങ്ങോട്ടേക്ക് നടക്കുംവഴി കുറെയേറെ വഴിയോര കച്ചവടക്കാരെ കണ്ടു, ആ സ്ഥലം കണ്ടപ്പോൾ മുൻപ് വിയറ്റ്നാമിൽ പോയ ചൈനീസ് മാർക്കറ്റ് ഓർമവന്നു. വയസ്സായ ഒരാൾ കസേരയിലിരുന്ന്, കയ്യിലൊരു കാർഡ്ബോർഡ് പെട്ടിയൊക്കെയായി എന്തോ വിൽക്കുന്നുണ്ട്, അടുത്തുള്ള കരിക്ക് വില്പനക്കാരൻ വെട്ടിയ ഒരു കരിക്ക് അയാൾക്ക് കൊണ്ട് കൊടുക്കുന്നത് കണ്ടു. അവരുടെ പെരുമാറ്റത്തിൽനിന്ന്, അത് ഒരു ദിനചര്യ ആണെന്ന് തോന്നി. എന്നും ഈയൊരു സമയമാകുമ്പോൾ ആ കരിക്കുകാരൻ മറ്റേ ആൾക്ക് വെട്ടിയ കരിക്കുമായി എത്തുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു. ലിയോപോൾഡ് കഫെ ഒരു ഗോവൻ റെസ്റ്റോറന്റുപോലെ തോന്നിച്ചു. തീരെ ഉയരംകുറഞ്ഞ, ക്യൂട്ട് ആയ ഒരു ലേഡി വെയിറ്ററാണ് ഓർഡർ എടുത്തത്. തന്ദൂരി ചിക്കനും ഐസ് ടീയും ഓർഡർ ചെയ്തു. അപ്പോഴാണ് ബൺ മസ്‌ക എന്ന പേര് മെനുകാർഡിൽ കണ്ടത്. കുറേനാളായി കൊച്ചിയിൽ ഫേമസ് ആയ ആ സാധനം എങ്കിലൊന്ന് തട്ടിയേക്കാം എന്നുകരുതി വാങ്ങി. ബണ്ണും ബട്ടറും കഴിക്കുന്നപോലെയാണ് തോന്നിയത്, വലിയ പ്രത്യേകതയൊന്നും ഇല്ല. ഐസ് ടീയിലെ സ്ട്രോ വെറൈറ്റിയായിരുന്നു. നല്ല കട്ടിയുണ്ടല്ലോ, ഇവിടെയൊന്നും പ്ലാസ്റ്റിക് സ്ട്രോ നിരോധിച്ചിട്ടില്ലേ എന്ന് ഞാൻ സംശയിച്ചപ്പോൾ ഭാര്യയാണ് പറഞ്ഞത് അത് കഴിക്കാൻപറ്റുന്ന, അരിവച്ചുണ്ടാക്കിയ സ്ട്രോയാണെന്ന്. കടിച്ചുനോക്കിയപ്പോൾ ഉണക്കക്കപ്പയുടെ രുചി. തന്ദൂരി നല്ല രുചിയുണ്ടായിരുന്നെങ്കിലും കഴിച്ചുകഴിഞ്ഞപ്പോ കൈനിറയെ മൈലാഞ്ചിയിട്ടപോലെ നിറമായി, അതുമുഴുവൻ വയറ്റിലുമെത്തിയിട്ടുണ്ടാവുമല്ലോ എന്ന് ഓർത്തപ്പോൾ ഒരു ബുദ്ധിമുട്ട്. ഫുഡ്ഡടി കഴിഞ്ഞ് ഞങ്ങൾ തിരികെ നടന്ന് ഗേറ്റ് വേ കാണാൻ പോയി. അവിടെ കുറേ ഫോട്ടോഗ്രാഫർമാർ നിൽപുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാളോട് ചോദിച്ചപ്പോൾ ഒരു ഫോട്ടോ പ്രിന്റ് എടുത്ത് തരുന്നതിനു അമ്പതുരൂപ എന്നുപറഞ്ഞു. എങ്കിൽ ആവട്ടെ എന്നുകരുതി. പുള്ളി ഞങ്ങളെ താജ് ഹോട്ടലിന്റെയും ഗേറ്റ് വേയുടെയും ബാക്ഗ്രൗണ്ടുവച്ച് ചറപറാ കുറേ ഫോട്ടോ എടുത്തു. അതിൽ ഒരു നാലെണ്ണം പ്രിന്റ് എടുത്തോളാൻ പറഞ്ഞു. അണ്ണൻ കയ്യിലുള്ള പ്രിൻറർമെഷീൻ എടുത്തു, എപ്സോണിന്റെ ഒരു കുഞ്ഞത്ഭുദം, അതും വയർലെസ്. ലോകത്തിന്റെ പോക്കിനെപ്പറ്റി അത്ഭുദപ്പെട്ടുനിൽകുമ്പോളേക്കും പ്രിന്റ് റെഡി.
ആ പരിസരമൊക്കെ നടപ്പാതയിൽ ടൈലുപോലെ കല്ലുകൾ വിരിച്ചിരിക്കുകയാണ്. അവ വളരെ മിനുസമുള്ളതായി അനുഭവപ്പെട്ടു. അനേകായിരം ആളുകൾ കയറിയിറങ്ങിയതാവാം ആ മിനുസത്തിന് കാരണം. ഗേറ്റ് വേയുടെ പരിസരത്തും വെള്ളയും വെള്ളയുമിട്ട ടാക്സി ഡ്രൈവർമാരും അവരുടെ മഞ്ഞയും കറുപ്പും ടാക്സികളും ഒരുപാടുണ്ടായിരുന്നു. ഊബർ വന്നതിൽപ്പിന്നെ ഇവരുടെയൊക്കെ പണി വെള്ളത്തിലായ ലക്ഷണമാണ്. ആർക്കും ഓട്ടമൊന്നും കിട്ടുന്ന ലക്ഷണമില്ല. ഇനി എങ്കിൽ കോളാബാ കോസ്‌വേ കാണാൻ പൊക്കുടേയെന്ന് ചാറ്റ് ജിപിടി ചോദിച്ചു. മാപ്പ് ഇട്ട് നടന്നുനടന്ന് എത്തിയപ്പോഴാണ് മനസ്സിലായത് മുന്നേ ലിയോപോൾഡ് കഫെയിലേക്ക് പോയപ്പോൾ വഴിയിൽ കണ്ട ആ ചൈനീസ് മാർക്കറ്റ് സെറ്റപ്പ് ആണ് ഈ കോസ്‌വേ എന്ന്. വീണ്ടും അതേ വഴികളിലൂടെ നടന്നു. തിരിച്ച്ചെല്ലുമ്പോൾ വേണ്ടപ്പെട്ടവർക്കെല്ലാം എന്തേലും കൊടുക്കണ്ടേ എന്നുകരുതി ചില സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. നോക്കിനോക്കി ഹിന്ദിപറഞ്ഞ് കുറച്ചായപ്പോൾ കടക്കാരൻ മലയാളത്തിൽ മറുപടി പറഞ്ഞുതുടങ്ങി. നാല്പത്തഞ്ചുകൊല്ലമായി മുംബൈയിൽ കട നടത്തുന്ന തലശ്ശേരിക്കാരുടെ മടയിലേക്കാണ് ഞങ്ങൾ ചെന്നുകയറിയത്. നാട്ടിൽ എവിടെ എന്ന ചോദ്യം ചോദിക്കാൻ കുറച്ചുപേരെ കണ്ടുകിട്ടിയത് ഞങ്ങൾക്കും അവർക്കും സന്തോഷമായി. പേഴ്സ് ഒക്കെ സൂക്ഷിക്കണമെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവർ യാത്രയാക്കി.
നമ്മുടെ നാടുപോലെതന്നെ മുംബൈയിലും ആണുങ്ങളുടെ വായിനോട്ടം അല്പം കൂടുതലല്ലേ എന്ന് എനിക്കുതോന്നി. ആ മാർക്കറ്റ് പരിസരത്തൂടെ സുന്ദരികളായ ഒരുപാട് സ്ത്രീകൾ ഷോപ്പിംഗിന് നടക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു കടക്കാരന്റെ കഴുത്തിലെ ആദംസ് ആപ്പിൾ വെള്ളമിറക്കുമ്പോൾ എന്നപോലെ അനങ്ങുന്നു. അയാൾ ഒരു സ്ത്രീയെ രൂക്ഷമായി നോക്കുകയാണ്. നോക്കി വെള്ളമിറക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. പല കടകളിൽ കയറിയിറങ്ങി കുറച്ചായപ്പോൾ ഭാര്യ എനിക്ക് ബാർഗൈനിങ്ങിന്റെ ചില ബാലപാഠങ്ങൾ പറഞ്ഞുതന്നു. എന്നെക്കൊണ്ട് പറ്റില്ല, തന്നത്താൻ ആയിക്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് കടക്കാരൻ പറഞ്ഞ ലാസ്റ്റ് വിലയിൽനിന്ന് വീണ്ടും അമ്പതുരൂപ കുറച്ച് അവൾ പേയ്‌മെന്റ് ചെയ്തു. ആ പൈസകൂടെ കൊടുക്കാതെ സാധനം തരില്ലെന്നായി കടക്കാരൻ. ഒരു പത്തുമിനിറ്റോളം യാചിച്ചും തർക്കിച്ചും അവളും നിന്നു. അവസാനം ആ പൈസകൂടി കൊടുക്കേണ്ടിവന്നു. എനിക്ക് ഭയങ്കരമായ ദേഷ്യംവന്നു. നമ്മൾ എത്രയോ സാധനങ്ങൾക്ക് പൈസ ചിലവാക്കുന്നു. ഇതിലും ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ബ്രാൻഡഡ് കടകളിൽനിന്ന് അന്യായ വിലക്ക് വാങ്ങുന്നു. അവിടെയൊന്നും ബാർഗയിനിങ് നടക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ, പറയുന്ന പൈസയ്ക്ക് നമ്മൾ സാധനം വാങ്ങും, അതേസമയം ഇതുപോലെയുള്ള ചെറുകിടക്കാരോട് തർക്കിച്ചും ദേഷ്യപ്പെട്ടും പരമാവധി നമ്മൾ കടിപിടികൂടും. ട്രിപ്പിന്റെ മൂഡുപോയി. ഇനി ഇങ്ങനെ ചെയ്യില്ല എന്ന് ഭാര്യയെക്കൊണ്ട് ഉറപ്പ്പറയിച്ച് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് ടാക്സിപിടിച്ചു. മുംബൈയിൽ ഇതുവരെ കയറിയ എല്ലാ കാറിന്റെയും ഉൾവശം വളരെ മോശം, ഇതിന്റെയും. അതിഭീകരമായ പൊടിയും ട്രാഫിക്കും, പൈസ ലാഭത്തിനുവേണ്ടി ഗ്ലാസ് തുറന്നിട്ട് വണ്ടി ഓടിക്കുന്നതുമൊക്കെയാവാം കാരണം. ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി. നട്ടുച്ചക്ക് ചൗപട്ടി ബീച്ചും മറൈൻ ഡ്രൈവും വേഗത്തിൽ കണ്ടുതീർത്ത് ഞങ്ങൾ ഇനി എന്തുചെയ്യണമെന്ന് ചാറ്റ് ജി പി ടി യോട് ചോദിച്ചു. ആ ദുഷ്ടൻ പറഞ്ഞത് മോണോറെയിൽ കേറാനാണ്. അതിന് കുറച്ചുദൂരെയുള്ള ദാദർ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങാനും ഉപദേശിച്ചു. ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും എവിടെച്ചെന്നാൽ ലോക്കൽ ട്രെയിൻ കിട്ടുമെന്ന് ചോദിച്ചപ്പോൾ ചാറ്റ് ജി പി ടി പറഞ്ഞു ടാക്സി പിടിച്ച് ഒന്നര കിലോമീറ്റർ പൊക്കോളാൻ. എന്തോ ഭാഗ്യത്തിന് അവിടെ അടുത്തുകണ്ട ഒരാളോട് ചോദിച്ചപ്പോൾ ഞങ്ങൾ നിന്നതിന്റെ നേരെ എതിർവശത്തുള്ള ലോക്കൽ സ്റ്റേഷൻ കാണിച്ചുതന്നു. ട്രെയിനിൽ പിന്നെയും സീറ്റ് കിട്ടി. മനോഹരമായ പാട്ടുകേട്ട് നോക്കുമ്പോൾ അന്ധരായ രണ്ട് ദമ്പതികൾ പരസ്പരം താങ്ങി ഭിക്ഷയെടുക്കുന്നു, ഇന്ത്യയുടെ ദരിദ്രമുഖം. കുറച്ചപ്പുറത്ത് ദാദർ സ്റ്റേഷനിൽ ട്രെയിനിറങ്ങി തിരക്കുകൂടിയ ഒരു റോഡിലേക്ക് ഞങ്ങൾ മേൽപ്പാലമിറങ്ങി. ആളുകൾ വഴിയരികിലിരുന്ന് ഒരുപാട് പൂക്കൾ കച്ചവടം ചെയ്യുന്നു. അടുത്തെവിടെയോ അമ്പലമുണ്ടെന്ന് മനസ്സിലായി. ആ സ്ഥലം കണ്ടപ്പോൾ ചെന്നൈയിലെ ടി നഗർ പോലെ തോന്നി. അടുത്തുള്ള കെട്ടിടത്തിൽ വിജയ് നഗർ എന്ന് എഴുതിയത് ആക്‌സ്മികമായി തോന്നി. തിരക്കിനെ വകഞ്ഞുമാറ്റി നടക്കുമ്പോൾ ഉറുമ്പിൻകൂട്ടത്തിൽ പെട്ട ഒരു ഉറുമ്പിനെപ്പോലെ എനിക്ക് സ്വയം തോന്നിച്ചു. നിൽക്കാൻപോലും സമയമില്ലാത്ത മുംബൈ നഗരത്തിൽ റോഡരികിലിരുന്ന് മുളകൊണ്ടുള്ള കൊട്ടയും മറ്റ് സാധനങ്ങളും ഉണ്ടാക്കുന്നവരെ കണ്ട് അത്ഭുദം തോന്നി. അവർ ഈ തിരക്കിനെയൊന്നും ഗൗനിക്കുന്നേയില്ല. ലോകം ഓടിക്കോട്ടെ, ഞങ്ങൾ ഇവിടെയുണ്ടാവും എന്ന ഭാവത്തിൽ അവർ വെയിലിനെ മുകർന്ന് പതിഞ്ഞതാളത്തിൽ നെയ്തുകൊണ്ടേയിരുന്നു.
റോഡിൽ പലയിടത്തും പട്ടംപോലെ എന്തോ കെട്ടിയിട്ടിട്ടുണ്ട്, അതിൽ മിക്കതിലും ശിവജിയുടെ രൂപമാണ് പാറുന്നത്.
മോണോറെയിൽ കാണണമെന്ന ഞങ്ങളുടെ ആഗ്രഹം അടച്ചിട്ട സ്റ്റേഷനുമുന്നിൽ അവസാനിച്ചു. നമ്മുടെ മെട്രോ സ്റ്റേഷൻ പോലെ ഒരു സ്ഥലം. അവിടെ എഴുതിവച്ചിരിക്കുന്നു എന്തോ റെനോവേഷൻ നടക്കുന്നതിനാൽ മോണോറെയിൽ സർവീസ് തത്കാലം നിർത്തിവച്ചിരിക്കുന്നുവെന്ന്.
മുംബൈ : വിസ ദിവസം
മുംബൈയിലെ രണ്ടാമത്തെ ദിവസം. അതിരാവിലെ ഞങ്ങൾ ബാന്ദ്ര കുർല കോംപ്ലക്സിലേക്ക് വണ്ടിപിടിച്ചു. ഭാര്യയ്ക്ക് അവിടെ ഒരു യുഎസ് വിസ ഇന്റർവ്യൂ ഉണ്ട്. ഭീകരമായ തിരക്കുപിടിച്ച റോഡിലൂടെ ഓട്ടോക്കാരൻ അനായാസം അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് ബൈക്ക് ഓടിക്കുന്നത്പോലെ വണ്ടിയോടിച്ചു. എന്നിട്ട് വലിയൊരു ബിൽഡിങ്ങിനടുത്ത് ഞങ്ങളെ കൊണ്ട്നിർത്തി. അവിടെ ആൾതിരക്കൊന്നും കാണാത്തപ്പോൾത്തന്നെ ഭാര്യക്ക് സംശയംതോന്നി ഇതാവില്ല യുഎസ് വിസയ്ക്കുള്ള സ്ഥലം എന്ന്. അവിടെ കണ്ട സെക്യൂരിറ്റിയോട് കാര്യം ചോദിച്ചപ്പോൾ പുള്ളിയും പറഞ്ഞു ഇവിടെ നിന്നും ഒരു അരകിലോമീറ്റർ അപ്പുറത്താണെന്ന്. ടെൻഷനടിച്ചെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നടന്നു. ഗൂഗിൾമാപ്പ് പറഞ്ഞ വഴിയെ കുറച്ചുദൂരം നടന്നപ്പോൾ പോലീസുകാരെയൊക്കെ കണ്ടു. അവരോട് ചോദിച്ചപ്പോൾ അവർ മറ്റൊരു വഴി പറഞ്ഞുതന്നു. ആ പറഞ്ഞ വഴിയെ ഒരുപാട് ആളുകൾ കൂടിനിൽക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങൾ എത്തി. അപ്പോഴും ഗൂഗിൾമാപ്പ് പറയുന്നത് അവിടെനിന്നും അരകിലോമീറ്റർ അപ്പുറത്താണ് യഥാർത്ഥ സ്ഥലം എന്നാണ്. ഉറപ്പിക്കാൻവേണ്ടി അവിടെ ഗേറ്റിൽനിന്ന സെക്യൂരിറ്റിയോട് കാര്യംതിരക്കി. സ്ഥലം ഇതുതന്നെയാണെന്നും വെയിറ്റ് ചെയ്ത്കൊള്ളാനും അയാൾ പറഞ്ഞു. ഏകദേശം നൂറ്മീറ്റർ അപ്പുറത്ത് വളരെ വലിയൊരു ബിൽഡിംഗ് കാണാം. ധീരുഭായ് അംബാനി സ്ക്വയർ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. ആളുകളെയെല്ലാം റോഡിന് ഇപ്പുറത്തെ വശത്ത് നിർത്തിയിരിക്കുകയാണ്. എല്ലാവർക്കും കുറച്ച് കൺഫ്യൂഷനൊക്കെയുണ്ട്, ഇതുവഴി തന്നെയാണോ പോകേണ്ടത്, ഈ സമയത്ത് തന്നെയാണോ എത്തേണ്ടത്,അങ്ങനെ പലതും. പക്ഷേ കൃത്യമായ സിസ്റ്റമൊന്നും ഇവിടെയില്ല. കുറേ ഓട്ടോക്കാരും ടാക്സിക്കാരും ചേർന്നാണ് ആളുകളെ നിയന്ത്രിക്കുന്നത്. അപ്പുറത്തായി മാറിനിൽക്കുന്ന മൂന്നുനാല് സെക്യൂരിറ്റിക്കാർ വല്ലപ്പോഴും ഒന്ന് വന്ന് റൗണ്ടടിച്ചുപോകും. കുറെനേരം കഴിഞ്ഞപ്പോൾ അകത്തുള്ള ഒരു ലേഡി വന്ന് ഇന്ന സമയത്തുള്ള ആളുകൾ ക്യൂ ആയിട്ട് അകത്തേക്ക് വരാൻ പറഞ്ഞു. ആ കൂട്ടത്തിൽ ഭാര്യയും അകത്തേക്ക് പോയി. ഫോണും ബാഗും ഒന്നും കൈയിൽ കരുതാൻ പറ്റാത്തതുകൊണ്ട് അതെല്ലാം എന്നെ ഏൽപ്പിച്ചു. ഇനി തിരിച്ചെത്തുമ്പോൾ എങ്ങനെ കണ്ടുപിടിക്കുമോ എന്തോ. ആൾത്തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഞാൻ മാറിനിന്നു. നമ്മുടെ പനമ്പിള്ളിനഗർപോലെ മനോഹരമായ ടൈൽ ഒക്കെ വിരിച്ച വീതിയുള്ള നടപ്പാത. അതുവഴി എല്ലാത്തരം ആളുകളും നടക്കുന്നുണ്ട്. ഭീമാകാരനായ പട്ടിയെയുംകൊണ്ട് ഒരാൾ വരുന്നു. സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ അടുത്തേക്ക് കയ്യിൽ ഒരു ഫ്ലാസ്ക്കുമായി ഒരു ചെറുപ്പക്കാരൻ നടക്കുന്നു. അയാളുടെ ഉടുപ്പിന്റെ പോക്കറ്റ്നിറയെ വളരെ ചെറിയ പേപ്പർകപ്പുകൾ ഉണ്ട്. അതിൽ തികയുന്ന ചായ അയാൾ അഞ്ചുരൂപയ്ക്ക് വിൽക്കുന്നു. അയാൾ ധരിച്ചിരുന്ന ഉടുപ്പിന്റെ പുറകിൽ ഒരു കീറൽ ഉണ്ട്. അയാളെക്കാൾ ചെറുപ്പക്കാരനായ ഒരാൾ ചായ വാങ്ങി കുടിക്കുന്നു . എന്നിട്ട് സ്വന്തം പേഴ്സ് എടുത്ത് അയാളുടെ മുന്നിൽ നീട്ടി അതിൽ നിന്നും അഞ്ചുരൂപ എടുത്തുകൊടുത്തു. ചായ കൊടുത്ത ആളുടെ മനസ്സിലൂടെ എന്തായിരിക്കും കടന്നുപോയിട്ടുണ്ടാവുക, തന്നെക്കാൾ ചെറുപ്പക്കാരനായ ഒരാൾക്ക് ചായവിറ്റ് ജീവിക്കേണ്ട ഗതികേടിനെപ്പറ്റി അയാൾ ഓർക്കുന്നുണ്ടാവുമോ, ആ ചെറുപ്പക്കാരന്റെ കയ്യിലുള്ള പേഴ്സിലേക്ക് ഒരു നിമിഷമെങ്കിലും ഇയാൾ നോക്കിയിട്ടുണ്ടാവില്ലേ, അല്പമെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവില്ലേ. അതോ ഇങ്ങനെ അനേകായിരങ്ങളെ കണ്ടിട്ടുള്ള അയാൾക്ക് അന്നന്നത്തെ അന്നം എന്ന ഒറ്റ ലക്ഷ്യം മാത്രമേ കാണുകയുള്ളോ.
മനോഹരമായി കോൺക്രീറ്റ് വിരിച്ച ആ റോഡിൽ ഒരു ഓട്ടോക്കാരൻ വന്നിറങ്ങി, അയാളുടെ കയ്യിലുള്ള കുപ്പിയിൽനിന്നും വെള്ളമെടുത്ത് വായിലൊഴിച്ച് മുറുക്കാൻ ഉൾപ്പെടെ കുലുക്കി ചവച്ച് വെളിയിലേക്ക് തുപ്പി. പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ചെറിയൊരു പട്ടിയുമായി മറ്റൊരാൾ വരുന്നു, ആ പട്ടിയുള്ള വീട്ടിലെ വേലക്കാരൻ ആണെന്ന് തോന്നുന്നു. അയാൾ അയാളുടെ ഇഷ്ടത്തിന് തുടലുംപിടിച്ച് നടക്കുന്നു, പട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും പട്ടിക്ക് ഇഷ്ടമുള്ള സ്ഥലത്തൊന്നും അയാൾ നിർത്തിയില്ല, അതിനെ വലിച്ചിഴച്ചുകൊണ്ട് നടക്കുന്നു. കണ്ടാലൊരു ഓമനക്കുട്ടനെപ്പോലെ തോന്നുമെങ്കിലും ആ പട്ടിയും ഇവിടുത്തെ മനുഷ്യരെപ്പോലെയാണെന്ന് മനസ്സിലായി, നേരെ വന്ന് കാലു പൊക്കി അവിടെ കണ്ട ഒരു പോസ്റ്റിനു കീഴെ മൂത്രമൊഴിച്ചു, വിദേശത്തും പട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കുമോ.
ഒരാൾ വളരെ വേഗത്തിൽ നടന്ന് അടുത്തേക്ക് വന്നു, എന്റെ കയ്യിലേക്ക് നോക്കി 'കിത്തേ വാസലെ' (അങ്ങനെയാണ് എനിക്ക് മനസ്സിലായത്) എന്ന് ചോദിച്ചു, സമയമായിരിക്കും ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു, വാച്ച് ഉയർത്തി കാണിച്ചു. സമയം നോക്കിയിട്ട് അയാൾ അതിവേഗം നടന്നു മുന്നോട്ടുപോയി. എനിക്ക് നേരെ എതിർവശത്ത് അതിമനോഹരമായ ഒരു കെട്ടിടം കാണാം. അതിന്റെ മുകളിലെ സ്വിമ്മിംഗ്പൂളിൽനിന്നും വെള്ളം ഒലിച്ചു താഴേക്ക് ഇറങ്ങുന്നതും കാണാം. പല പ്രതീക്ഷയുമായി നാടുവിടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എനിക്കുചുറ്റും, ചിലർ നല്ലൊരു ഭാവിക്കുവേണ്ടി,ചിലർ മക്കളെ കാണാൻ, ചിലർ കൊച്ചുമക്കളെ കാണാൻ. തീരെ വയ്യാത്ത ഒരു വല്യമ്മവരെ യുഎസ് വിസ ഇന്റർവ്യൂവിന് വന്നിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ ആർക്കാണ് അമേരിക്കയ്ക്ക് പോകാൻ താല്പര്യമില്ലാത്തത്. ഈ ഭൂമിയിൽ നിന്നും മായുന്നതിന് മുന്നേ എനിക്കും ഒരിക്കലെങ്കിലും പോണം.
ആ മനോഹരമായ നടപ്പാതയും അങ്ങിങ്ങായി കുറെ ചപ്പുചവറുകളൊക്കെ വീണ് വൃത്തികേടായി കിടക്കുന്നു. മുമ്പ് മുംബൈയിലെ ഏതോ ബീച്ചിൽ സ്വയം ക്ലീനിങ്ങിന് ഇറങ്ങി മാതൃകയായ ഒരു ഡോക്ടറെപ്പറ്റി ഓർമ്മ വന്നു. ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ, ഈ പേപ്പറൊക്കെ ഒന്ന് വാരിയെടുത്ത് എങ്ങോട്ടെങ്കിലും മാറ്റിയാലോ എന്ന് ആലോചിച്ചു, പക്ഷേ അറപ്പിന്റെ മലയാളിത്തം അപ്പോൾ തന്നെ മനസ്സിൽ വന്നു തികട്ടി. വല്ലവനും ചവച്ച്തുപ്പിയ മുറുക്കാൻ നിറഞ്ഞ ഈ ചപ്പുചവറുകൾ ഞാനെന്തിന് പെറുക്കണം, ഞാൻ ഒരാൾ വിചാരിച്ചാൽ ഈ നാട് നന്നാവുമോ. നന്നായ ഏതെങ്കിലും നാട്ടിൽ പോയി രക്ഷപ്പെടുന്നതല്ലേ ഇതിലും എളുപ്പം. ഒരുപാട് പക്ഷികൾ ആ കണ്ട വലിയ ബിൽഡിങ്ങിന്റെ മുകളിലേക്ക് പറക്കുന്നുണ്ട്. ഡ്രോണുകളൊക്കെ സുലഭമായ ഈ കാലത്ത് തീവ്രവാദികൾക്ക് പക്ഷിയുടെ രൂപത്തിൽ വന്ന് ബോംബിടാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കാടുകയറി. ചൈനക്കാരൊക്കെ ഇപ്പോ അവരുടെ ലാബുകളിൽ അതുപോലത്തെ എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും എന്ന് ഞാൻ വീണ്ടും ആലോചിച്ചു. അതൊക്കെ തടുക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനുണ്ടാവുമല്ലേ. ആലോചിക്കുന്നവർക്ക് എന്തും ആലോചിക്കാമല്ലോ, നല്ലതും ദുരന്തവും.
ധീരുഭായി അംബാനി സ്ക്വയർ എന്ന പേര് പല ആവർത്തി ഞാൻ വായിച്ചു. ആ പേരിന്റെ ഉടമ എന്നേ പരലോകം പൂകിയിരിക്കുന്നു, ഇത്ര വലിയ കെട്ടിടത്തിൽ സ്വന്തം പേരുള്ള കാര്യം ആ ആത്മാവ് അറിയുന്നുണ്ടാവുമോ, ഉണ്ടെങ്കിൽത്തന്നെ അതിൽ അഭിമാനിക്കുന്നുണ്ടാവുമോ. ജീവിതം കൊണ്ട് നേടാത്തതൊക്കെയും മനുഷ്യർ ചിലപ്പോൾ മരണശേഷം നേടുമായിരിക്കും അല്ലേ. ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല.
ഇന്നലെ ഹോട്ടലിൽ കണ്ട, ധനമന്ത്രി നിർമ്മല സീതാരാമന്റെ മുഖമുള്ള ആന്റി മുന്നിലൂടെ നടന്നുവരുന്നുണ്ട്, അവരുടെ കയ്യിലെ ഫയലിനുള്ളിൽ പാസ്പോർട്ട് ഉണ്ട്, അതിനർത്ഥം അവർക്ക് വിസ ലഭിച്ചില്ല എന്നാണ്. ഓക്കെയാണെങ്കിൽ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, പിന്നീട് വിസ ആക്കിയിട്ട് തിരിച്ചുതരും. ഓട്ടോക്കാരൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്, ട്രൈ ചെയ്തുനോക്കൂ അടുത്തതവണ എന്തായാലും വിസ കിട്ടുമെന്ന്. അപ്പോൾ അയാളെ മുറുക്കാൻ ചവച്ചുകൊണ്ട് നിൽക്കുന്ന ഒരു വിളക്ക് പോലെ എനിക്ക് തോന്നിച്ചു, ഇല്ലായ്മകളിലും സ്വയം എരിഞ്ഞുകൊണ്ട് അയാൾ പ്രകാശം പരത്തുന്നില്ലേ.
നല്ല പൈസക്കാരനായ ഒരു അങ്കിൾ ഓട്ടോക്കാരനോട് തർക്കിച്ച് അയാൾക്ക് കൊടുക്കേണ്ടുന്ന പൈസയിൽ കുറച്ച്തുക കുറച്ചുകൊടുത്തതുപോലെ തോന്നി. മുൻപ് എന്നെ കടന്നുപോയ ഒരു ഭിക്ഷക്കാരി ആന്റി വീണ്ടും എന്റെ അടുത്തുവന്ന് കൈനീട്ടി, ഇത്തവണയും ഞാൻ ഇല്ല എന്ന് തലകുലുക്കി. പണ്ട്, ജോലികിട്ടുന്നതിനു മുൻപാണെങ്കിൽ ഞാൻ വലിയ ദാനധർമ്മിഷ്ഠനായിരുന്നു, അന്ന് കയ്യിൽ അച്ഛന്റെ പൈസ ആയിരുന്നല്ലോ. ഇന്നിപ്പോ ദാനം കുറഞ്ഞു ധർമ്മം തീരെ ഇല്ല, അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അവനവന് സുഖത്തിനായി വരേണം എന്നാണ് ഇപ്പോഴത്തെ ഒരു ആറ്റിട്യൂട്.
ഭാര്യ വരുന്നുണ്ട്, മുഖത്ത് ടെൻഷൻ കാണാം. കയ്യിലുള്ള ഫയലിലേക്ക് നോക്കുമ്പോൾ പാസ്പോർട്ട് കാണാനില്ല. അവൾ മുഖത്ത് വരുത്തിയ ടെൻഷൻ എന്നെ പറ്റിക്കാനായിരുന്നു എന്ന് മനസ്സിലായി. വിസ അപ്പ്രൂവ് ആയി.
Wednesday, 12 November 2025
മുംബൈ - പുതിയതും പഴയതും
ആധിക്യം, എല്ലാത്തിനും. അതാണ് മഹാരാഷ്ട്രയിലെ പൻവേൽ വന്നിറങ്ങി ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തോന്നിയത്. ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ് ഓട്ടോയെങ്കിലും റെയിൽവേസ്റ്റേഷന്റെ വെളിയിൽ ആളുകളെ കാത്തുനിൽക്കുന്നു. വന്നിറങ്ങുന്ന എല്ലാവരെയും അവർ ഇരയെപ്പോലെ പ്രതീക്ഷയോടെ നോക്കുന്നു. അവർ പൈസ കൂടുതൽ ചോദിക്കുമെന്ന മുൻവിധിയോടെ പലരും അവരെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ഞങ്ങളും കുറെയേറെ വെളിയിലേക്ക് നടന്ന് ഊബർ ടാക്സി പിടിച്ചു. ഏതോ മെഷീൻ തീരുമാനിക്കുന്ന അൽഗോരിതം പറയുന്ന പൈസ ന്യായമായിരിക്കുമെന്ന് വെറുതെയൊരു തെറ്റിദ്ധാരണ. അതിപ്പോ നൂറുപറഞ്ഞാലും അഞ്ഞൂറുപറഞ്ഞാലും അതാണ് നമ്മുടെ ഫൈനൽ .
സ്റ്റേഷന്റെ എക്സിറ്റ്മുതൽ കണ്ടുതുടങ്ങിയ കൺസ്ട്രക്ഷൻവർക്കുകൾ എല്ലാ ദിക്കിലും യാത്രയിൽമുഴുവനുമുണ്ടായിരുന്നു. റോഡുനിറയെ പൊടിപടലം. കാറിന്റെ ഗ്ലാസ്സ് അടച്ചേക്കുവാണെങ്കിലും പൊടി മുഴുവൻ അകത്തേക്ക് കയറുന്നതുപോലെ ഒരു ഫീലിംഗ്. ചുറ്റും പല വലുപ്പത്തിലുള്ള അംബരചുംബികൾ പുതുതായി പൊങ്ങിവരുന്നുണ്ട്. പല ഉയരത്തിൽച്ചെന്ന് അവ ആകാശത്തെ തൊടുന്നു. ചുറ്റും വളർന്നുവരുന്ന പുതിയ ലോകത്തിന് സമാന്തരമായി പഴയ കെട്ടിടങ്ങളും ചെറിയ കടകളും ഭിക്ഷക്കാരുമെല്ലാം അങ്ങിങ്ങായി ഉണ്ട്. പുതിയതും പഴയതുമായ ഉപയോഗത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെ ബാൽക്കണിയിലും കൂടുപോലെ ഗ്രിൽ അടിച്ചിട്ടുണ്ട്, കിളികൾ കയറാതിരിക്കാനുള്ള ആ സംവിധാനംചേർന്ന കെട്ടിടങ്ങൾ ദൂരെനിന്ന് കാണുമ്പോൾ ഒറ്റ അച്ചിൽ വാർത്തെടുത്തപോലെയുണ്ട്. എനിക്ക് തോന്നുന്നു അത് മുംബൈയുടെ ഒരു ട്രേഡ്മാർക്കാണ്.
റിലയൻസ് ട്രെൻഡ്സിന്റെ തൊട്ട് വാതുക്കൽ വഴിയരികിൽ തുണികൾ തൂക്കിയിട്ട് വിൽക്കുന്ന ഒരു കട കണ്ടു. ആഡംബരവും ദാരിദ്ര്യവും ഇഴുകിച്ചേർന്ന് ജീവിക്കുന്നതുപോലെ തോന്നി, പക്ഷേ എത്രനാൾ. അധികം വൈകാതെതന്നെ റിലയൻസിന്റെ ആൾക്കാർ പോലീസിനോട് പറഞ്ഞ് ഈ കടക്കാരെ ഒഴിപ്പിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വഴിയോരക്കച്ചവടക്കാർക്ക് ചോദിക്കാനും പറയാനും ആരാണുള്ളത്. കാഴ്ചകൾ പലതും കാണിച്ചുതന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട്പോയി.
ഉച്ചയ്ക്ക് ഭാര്യയുടെ സഹപ്രവർത്തകന്റെ വീട്ടിൽ ഞങ്ങൾ അതിഥികളായി. അവരുടെ സ്നേഹവും രുചിയുള്ള ഭക്ഷണവും സ്വീകരിച്ച് അവിടെനിന്നും ഒരു ഊബർ ടാക്സി എടുത്ത് ഞങ്ങൾ ബാന്ദ്രയിലേക്ക് തിരിച്ചു, അതായത് നവി മുംബൈയിൽനിന്നും ബാന്ദ്രയിലേക്ക്. പോകുംവഴി അടൽസേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിലൂടെ യാത്രചെയ്തു. കണ്ണെത്താദൂരത്തോളം നീളമുള്ള പാലം. ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ മനസ്സിലായി അതിന് ഇരുപത്തിരണ്ട് കിലോമീറ്റർ നീളമുണ്ടെന്ന്. വലിയ തിരക്കൊന്നും കാണുന്നില്ലല്ലോയെന്ന് അത്ഭുതപ്പെട്ടപ്പോൾ ഗൂഗിൾ പറഞ്ഞുതന്നു അതിലൂടെ ടൂവീലറും ത്രീവീലറും നിരോധിച്ചിരിക്കുകയാണെന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, പതിയെ പോകുന്ന വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വേഗത്തിലോടുന്ന ലോകത്ത്നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന വേഗത കുറഞ്ഞവർ അഥവാ പാവങ്ങൾ.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങടെ കാർ പാലത്തിൽനിന്നും റോഡിലേക്കിറങ്ങി. വീണ്ടും തിരക്ക്ചെന്ന വഴികളിലേക്കെത്തി. അഴുക്ക്നിറഞ്ഞ ഒരു നദി കടന്നപ്പോൾ ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥമുഖം കണ്ടു. നദിയുടെ ഒരുവശത്ത് പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള വലിയവലിയ ഫ്ലാറ്റുകൾ, മറുവശത്ത് ഒരേ രൂപത്തിലുള്ള തീപ്പെട്ടിക്കൂടുകൾ ചേർന്നതുപോലെയുള്ള കോളനി. പിന്നെയും കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ ഏതോ ഒരു മാർക്കറ്റിനടുത്തെത്തി. അവിടെ വഴിയരിയിലൊക്കെ കുറേ കാറുകൾ വെറുതെ പാർക്കുചെയ്തിരിക്കുന്നു. അതിലുള്ള പൊടികൾ കണ്ടാലറിയാം ഏറെ നാളായി അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന്. അതിൽ ഒന്നിന്റെ ബോണറ്റിൽ ഏതോ വിരുതൻ എഴുതിയിരിക്കുന്നു 'മാലിക്ക് നഹാനാ ഹേ' ( യജമാനനെ എനിക്ക് കുളിക്കണം). വൃത്തിഹീനമായ ആ പരിസരത്ത് അഴുക്കുമൂടിയ ആ കാറിൽ വിരലുകൊണ്ടെഴുതിയിരിക്കുന്നത് ഏതായാലും ഒരു പണക്കാരനല്ല. അപ്പോൾ അത് നിത്യജീവിതത്തിന് വകയില്ലാത്ത ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കണം. വർണശബളമല്ലാത്ത ജീവിതമായിട്ടും അതിൽ ഫലിതം കലർത്തിയ ആ വിദ്വാനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു.
മുന്നോട്ട് പോകുമ്പോൾ പിന്നെയും പല മനോഹരനിർമിതികൾ കണ്ണിലുടക്കി. അതിലൊന്ന് ഒഎൻജിസിയുടെ ഒരു ഓഫീസായിരുന്നു. സിങ്കപ്പൂരുവച്ച് കണ്ടിട്ടുള്ള അതിശയിപ്പിക്കുന്ന പല കെട്ടിടങ്ങളേയുംപോലെതോന്നി ആ ഏരിയയിലെ പലതും. ഈ അത്ഭുദങ്ങളെ തെല്ലും വകവെക്കാതെ ഒരാൾ ചെരിഞ്ഞുനിന്ന് മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ സഞ്ചാരപാത കണ്ടപ്പോൾ തോന്നി പരമാവധി എത്ര ദൂരത്തിലൊഴിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന്. മുംബൈയെന്ന മഹാനഗരം ഇതുപോലെ പലതും കരുതിവെക്കുന്നു. ഒരുവശത്ത് വികസിതമായ വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമിതികൾ, പോഷ് സ്കൂളുകൾ, മറുവശത്ത് അഴുക്കിൽ മുങ്ങിനിൽക്കുന്ന കോളനികൾ, യാതൊരു ദയയുമില്ലാതെ റോഡിലേക്ക് മുറുക്കിത്തുപ്പുന്ന ആളുകൾ, അങ്ങനെ പലതും.
പുതുതായി പിറന്നുകൊണ്ടിരിക്കുന്ന ഒരു ആകാശഗോപുരത്തിന്റെ മുന്നിലെ റോഡിനരികിലൂടെ നദി അപ്പോഴും അഴുക്കുനിറഞ്ഞ് ഒഴുകി. ഏകദേശം നാല്പതാമത്തെ നിലയിൽ ഒരു പണിക്കാരൻ നിൽപ്പുണ്ട്. ഭാവിയിൽ അവിടെ ഇറ്റാലിയൻ ടൈലിട്ട ബാൽക്കണിയിൽ കൂളിംഗ് ഗ്ലാസും ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ക്ലയന്റ്സിനോട് സംസാരിക്കാൻ നിൽക്കുന്ന ഏതെങ്കിലും വൻ വ്യവസായിയുടെ സ്ഥാനത്ത് ഇന്നിതാ തലേക്കെട്ടും മുഷിഞ്ഞ ബനിയനും നിക്കറുമായി ഏതോ ഒരു പാവപ്പെട്ടവൻ നിൽക്കുന്നു. അയാൾ താഴെയുള്ള വലിയ ലോകംകണ്ട് ഒരുനിമിഷം അങ്ങനെ സ്ഥബ്ധിച്ച് നിൽക്കുകയാണെന്ന് എനിക്കുതോന്നി.ഇപ്പോൾ താൻ ഉയരത്തിലെങ്കിലും തന്റെ യഥാർത്ഥ ജീവിതം നദിക്കപ്പുറമുള്ള അഴുക്കുച്ചാലിൽ ആ നിമിഷത്തിലും അയാൾ കാണുന്നുണ്ടാവണം.
വൈകിട്ടായി, വലിയൊരു ഫ്ലാറ്റിന്റെ ഗേറ്റ്കടന്ന് താറാവിൻകൂട്ടംപോലെ കുറച്ച് സ്ത്രീകൾ വെളിയിലേക്ക് നടന്നുപോകുന്നു. അവരുടെ മുഖത്ത് ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണമുണ്ട്. അവർ രാവിലെമുതൽ ആ കണ്ട ഗേറ്റിനുള്ളിൽ പല വലിയ വീടുകളിൽ തറതുടച്ചും പാത്രംകഴുകിയും ദിവസംതീർത്തതായി ഞാൻ ഊഹിച്ചു. ഒരു ദിവസത്തിന്റെ സിംഹഭാഗവും ഇത്തരം വലിയ വീടുകളിൽ ചിലവഴിച്ച്, വൈകുന്നേരം സ്വന്തം കുഞ്ഞുകൂരയിലേക്ക് പോകുമ്പോൾ എന്താകും അവരുടെയൊക്കെ മനസ്സിൽ, നാളത്തേക്കുള്ള എന്തെങ്കിലും പ്രതീക്ഷയോ, അതോ നിരാശയോ. ആളുകളുടെ ജീവിതവും സ്വപ്നങ്ങളും പലരീതിയിൽ കരുപ്പിടിപ്പിച്ചും ഞെരിച്ചമർത്തിയും മുംബൈയും അതിന്റെ പൊടിപിടിച്ച തെരുവുകളും, മുമ്പുപറഞ്ഞ നാല്പതാംനിലയിലെ ജോലിക്കാരനെപ്പോലെ, ഏകാന്തതയിലേക്ക് നോക്കിനിൽക്കുന്നപോലെ തോന്നി.
താമസിക്കുന്ന ഹോട്ടലീന്ന് വൈകിട്ട് പുറത്തിറങ്ങി. ഏറെനാളിനുശേഷം ഭാര്യയുടെ കൈപിടിച്ചുനടന്നു. അസ്സൽ തെരുവുകളിലൂടെ, വന്യമായ തിരക്കിനിടയിലൂടെ കുറേദൂരം ഞങ്ങൾ പോയി. വണ്ടികൾ മുട്ടാതിരിക്കാൻ നന്നായി ശ്രദ്ധിക്കണമായിരുന്നു. ആ ഇടുങ്ങിയവഴിയിൽ ഇടയ്ക്ക് ചിലപ്പോഴൊക്കെ തിരക്കുമൂത്ത് വാഹനങ്ങൾ നിശ്ചലമായി. അതിനിടയ്ക്കുവച്ച് എതിരേവന്ന രണ്ട് സ്കൂട്ടറുകാർ പരസ്പരം ഹസ്തദാനമൊക്കെചെയ്ത് വിശേഷങ്ങൾ പങ്കുവക്കുന്നതുകണ്ടു, വണ്ടികൾ നീങ്ങിതുടങ്ങിയപ്പോൾ അവർ യാത്രപറഞ്ഞുപിരിഞ്ഞു. ഒരു സർക്കസഭ്യാസിയെപ്പോലെ മുംബൈനഗരം വീണ്ടുമിതാ എന്നെ അത്ഭുദപ്പെടുത്തുന്നു.
Tuesday, 11 November 2025
ഏസി ഇക്കോണമി
കുഞ്ഞിനെ കൂട്ടാതെ ആദ്യമായി ഞങ്ങളൊരു യാത്രതിരിച്ചു. ഞാനും ഭാര്യയുംകൂടി മുംബൈയ്ക്ക്. ഭാര്യയ്ക്ക് നല്ല സങ്കടമുണ്ട്, എങ്കിലും എന്റെ നിർബന്ധത്തിന് അവൾ സമ്മതിച്ചു. കുഞ്ഞിനെ എന്റെ അമ്മയുടെകൂടെയാക്കി.
ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ് പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്.
യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല.
അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ് ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി.
ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു.
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു.
Subscribe to:
Comments (Atom)