Thursday, 3 October 2024

ഒരോർമ്മ

2009ൽ ടൂർ പോയപ്പോൾ അച്ഛന്റെ സോണി എറിക്സൺ ഫോൺ കെഞ്ചി വാങ്ങിയാണ് പോയത്. ആകെയുള്ള സ്പേസ് 32 mb. അതിൽ ഉപയോഗിക്കാവുന്ന സ്പേസ് 1 ഓ 2 ഓ mb മാത്രം.കൂട്ടുകാരുടെ ഒപ്പമുള്ള ഫോട്ടോ കൊതിയോടെ ഒരെണ്ണം എടുക്കും,രണ്ടെണ്ണം എടുക്കും, മൂന്നാമത്തെത് എടുക്കുമ്പോഴേക്കും സ്പേസ് തീർന്നിട്ടുണ്ടാവും. പിന്നെ ആ എടുത്ത ഫോട്ടോ ഒന്ന് അയക്കാനുള്ള പരാക്രമമാണ്.രണ്ട് ഫോണുകൾ തമ്മിൽ മുട്ടിച്ചുവെച്ച് കടുകിട തെറ്റാതെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നാൽ മാത്രം ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം - ഇൻഫ്രാറെഡ്. ഇന്ന് ചിന്തിക്കാൻ പറ്റുന്നുണ്ടോ രണ്ടു ഫോട്ടോ മാത്രം എടുക്കാൻ പറ്റുന്ന ഒരു ഫോൺ, ആ എടുത്ത ഫോട്ടോ അയക്കാൻ പറ്റാത്ത അവസ്ഥ. ഇന്നലെ തിരുവോണം ആയിരുന്നു 2024. ഈ ഒറ്റ ദിവസം കൊണ്ട് മാത്രം മലയാളികൾ എടുത്തു തീർത്ത ഫോട്ടോകൾ എത്ര GB ഉണ്ടാവും? വെറുതെ ഒരോർമ്മ.

ഈയാംപാറ്റകൾ

അന്നൊക്കെ സ്കൂൾ വിട്ടുവരിക, പറ്റിയാൽ ബാറ്റും ബോളും എടുത്ത് ആറ്റിലോട്ട് പോവുക, ഒരു രണ്ടു മണിക്കൂർ ആറ്റുമണലിൽ കളിക്കുക, മനസ്സുനിറഞ്ഞ് മുങ്ങിക്കുളിച്ച്, ഓടിപ്പോയി ബാറ്റും ബോളും തിരികെ വെച്ച്, വേഷം മാറി അമ്പലത്തിലേക്ക് ഒരു പോക്കാണ്. അമ്പലത്തിന്റെ മുന്നിലെ അരമതിലിലിരുന്ന് പറഞ്ഞത്ര കഥയൊന്നും വേറെ എവിടിരുന്നും ആരോടും പറഞ്ഞിട്ടില്ല. ഇടയ്ക്ക് ദൈവത്തെ ഒന്ന് തൊഴുതൂന്ന് വരുത്തും. അമ്പലമടച്ചുകഴിഞ്ഞാലും വീണ്ടും ഒരു ഒരു മണിക്കൂർ അതേ സ്ഥലത്തിരുന്ന് കഥപറച്ചിൽ തന്നെ. പിന്നെ അടുത്ത ദിവസം നാലുമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അങ്ങനെ എത്രയോ കാലങ്ങളിൽ ആറും മണലും കൺനിറയെ കണ്ട്, ഒരേ വഴിയിലൂടെ നടന്ന്, അമ്പലമുറ്റത്ത് ഈയാംപാറ്റകളെപ്പോലെ ഒരുമിച്ച് കൂടി നമ്മൾ. ഇനി അതേ ഈയാംപാറ്റകളാകുവാൻ കഴിയില്ലല്ലോ കാലത്തിനു പോലും.

ഹോട്ടൽ എംബസി

എംബസി എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു. ഞങ്ങടെ ബസ് സ്റ്റാൻഡിന്റെ നേരെ എതിർവശത്ത് റോഡിന്റെ തൊട്ടടുത്ത്. അപ്പൂപ്പന്റെയും ചേട്ടന്റെയും ഒപ്പം എത്രയെത്ര നാളുകളിൽ ആ ഹോട്ടലിൽ കയറിയിറങ്ങിയിട്ടുണ്ട്. ആർത്തിയോടെ പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ട്. വലുതായതിൽ പിന്നെ അങ്ങോട്ട് കയറാറില്ലെങ്കിലും എപ്പോഴും ആ ഹോട്ടൽ കാണുമ്പോൾ പഴയ കാലത്തിലേക്ക് പോകുമായിരുന്നു. ഇന്നറിഞ്ഞു, ആ ഹോട്ടൽ എന്നെന്നേക്കുമായി അടച്ചു എന്ന്. ആ ഹോട്ടലും അതിന്റെ നടത്തിപ്പുകാരും എന്റെ ആരുമല്ലായിരുന്നെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബന്ധം മനസ്സിനെ വേദനിപ്പിക്കുന്നു. ഇപ്പോൾ ഞാൻ ആലോചിക്കുകയാണ്, ആരായിരിക്കും ആ ഹോട്ടലിന് എംബസി എന്ന് പേരിട്ടത്. ഇത്രയും പഴയ ഒരു ഹോട്ടലിന് ഇത്രയും മുന്തിയ ഒരു പേരിടാൻ ആരായിരിക്കും ആർജ്ജവം കാണിച്ചിട്ടുണ്ടാവുക. ഓരോ ആളുടെയും മനസ്സിലൂടെ എന്തൊക്കെ വിചിത്രമായ ചിന്തകളാണ് കടന്നുപോകുന്നത്. 

കൊതി

എപ്പോഴും കിട്ടാത്തതിന് വേണ്ടി നമ്മൾ കൊതിച്ചുകൊണ്ടേയിരിക്കും. മനസ്സിന് എത്രയൊക്കെ കട്ടിയുണ്ടെങ്കിലും ഈ ഒരു വികാരത്തെ ആർക്കെങ്കിലും അടിമപ്പെടുത്താൻ പറ്റുമോ, അറിയില്ല. ഭക്ഷണത്തോട് തീരെ പ്രതിപത്തി ഇല്ലാത്ത ആളോട് ഡോക്ടർ പറഞ്ഞു - ഇനി ഒരു രണ്ടാഴ്ചത്തേക്ക് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കേണ്ട. എന്തെങ്കിലും പഴ ചാറോ വെള്ളമോ അങ്ങനെ എന്തെങ്കിലും കുടിച്ചാൽ മതി. അത് കേട്ടതിൽ പിന്നെ, അനുഭവിച്ചു തുടങ്ങിയതിൽ പിന്നെ, കാണുന്ന എല്ലാ ഭക്ഷണത്തിനോടും വല്ലാത്ത ഒരു കൊതി. വലിയ താല്പര്യമൊന്നും ഇല്ലായിരുന്ന ഇഡലി പോലും കാണുമ്പോൾ ഉമിനീര് നിറയുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നത്, പറ്റുന്ന എല്ലാ ഭക്ഷണവും കഴിക്കുക എന്നുള്ളതാണ്. ഒന്ന് രണ്ട് ദിവസം കൊണ്ട് മനസ്സിലാക്കി, കണ്ണടച്ച് തുറക്കും മുന്നേ വേണമെങ്കിൽ ജീവിതം കെട്ടുപോകാമെന്ന്. ഇനി ജീവൻ വയ്ക്കുമ്പോൾ ഓരോ നിമിഷവും ആസ്വദിക്കണം. പറ്റുന്നത് എല്ലാം കഴിക്കണം. പക്ഷേ ഒരു പ്രശ്നമുണ്ട്. വീണ്ടും എല്ലാം ചെയ്തു തുടങ്ങുമ്പോൾ മനസ്സ് പഴയതുപോലെതന്നെ ചിന്തിച്ചു തുടങ്ങും, നാളെ നോക്കാമെന്ന്. ഒരുപാട് നാളെകൾ ഇനിയുമുണ്ടല്ലോ എന്ന്. ആർക്കറിയാം.

മിന്നാമിനുങ്ങുകൾ

ഇരുട്ടാകും മുന്നേ ലോകം മുഴുവൻ പ്രകാശമാകും, എല്ലായിടത്തും ലൈറ്റുകൾ, പല നിറങ്ങളിൽ. ഇരുട്ടില്ലായ്മ കാരണം മിന്നാമിനുങ്ങുകൾ വംശമറ്റുപോകുന്നു അത്രേ. വെറുതെ ഒന്ന് വെളിയിലേക്ക് നോക്കി. അകലെയുള്ള ഉയരം കൂടിയ ഫ്ലാറ്റിൽ കുറച്ച് വീടുകളിൽ ലൈറ്റ് തെളിഞ്ഞിരിക്കുന്നു. അതിൽ ഒരിടത്ത് ചിലപ്പോൾ ബർത്ത് ഡേ പാർട്ടി നടക്കുകയാവും, അതിനു തൊട്ടു താഴത്തെ ഫ്ലാറ്റിൽ ഒരാൾ തീരെ വയ്യാതെ കിടക്കുകയാവും, അതിനുമപ്പുറത്തുള്ള ഫ്ലാറ്റിൽ ആരെങ്കിലും തമ്മിൽ വഴക്ക് കൂടുകയാവും, മറ്റൊരാൾ നാളേക്ക് വേണ്ടി നോക്കിയിരിക്കുകയും വേറൊരാൾ നാളെ ഇനി വരല്ലേ എന്ന് ആശിക്കുകയും ചെയ്യുന്നുണ്ടാവും. പ്രതീക്ഷകളുടെയും പ്രതീക്ഷ അറ്റവരുടെയും ഒരു കൂട്ടമാണത്. മെല്ലെ മെല്ലെ ഓരോ ഫ്ലാറ്റിലെയും ലൈറ്റുകൾ അണഞ്ഞു. മിന്നാമിനുങ്ങുകൾ വംശമറ്റുപോകുന്നു അത്രേ.

അനുഭവങ്ങളേ അത്ഭുതങ്ങളേ

30 കടന്നപ്പോൾ ഒരു നിരാശയായിരുന്നു. ചെറിയ പ്രായത്തിൽ നിന്ന് ചിന്തിക്കുമ്പോൾ 30 ഒരു വലിയ സംഖ്യയും 30 കടന്ന ചേട്ടന്മാർ വലിയ ആളുകളുമായിരുന്നു. ഇന്ന് തിരിച്ചു ചിന്തിക്കുമ്പോൾ, ഞാൻ അന്ന് നിന്ന 12ൽ നിന്ന് ഇന്നത്തെ 32 ലേക്ക് ദൂരം വളരെ കുറവായിരുന്നു. ഇതിനിടയിലുള്ള കാലത്ത്,മനസ്സു തിളച്ച് നിന്ന സമയത്ത് ഉണ്ടായിരുന്ന പല വിചാരങ്ങളും അല്ല ഇന്ന്. പല അനുഭവങ്ങളും ജീവിതത്തിന് പുതിയ അർത്ഥം തരുന്നു. ലോകത്ത് ഏറ്റവും വ്യത്യസ്തമായത് അനുഭവം തന്നെയാണെന്ന് പാഠമാകുന്നു. ഞാൻ, ഇന്ന്,ഇപ്പോൾ, ഈ നിമിഷത്തിൽ അനുഭവിക്കുന്ന ഈ ലോകം അല്പനേരം കഴിഞ്ഞാൽ എനിക്ക് തന്നെ പിടി തരാത്ത ഒരു അത്ഭുതം ആയിരിക്കും. അനുഭവിച്ചറിയുമ്പോഴല്ലാതെ ഒന്നിന്റെയും വ്യാപ്തി ആർക്കും മനസ്സിലാവില്ല. Life is a momentary illusion. പണ്ടും അങ്ങനെ പറഞ്ഞത് ഞാൻ തന്നെ.

എന്റെ പലരും

 

ഒരു ദിവസം കുഞ്ഞിന്റെ മുടി പറ്റെ വെട്ടി. ഒന്നുരണ്ട് ദിവസം കഴിഞ്ഞ് അവളെന്തോ ഇംഗ്ലീഷ് വാക്ക് പറഞ്ഞപ്പോൾ പേരപ്പനെ ഓർമ്മ വന്നു. വെള്ളമടിച്ചു കഴിഞ്ഞാൽ പേരപ്പൻ മൊത്തം ഇംഗ്ലീഷ് ആയിരുന്നു. പേരപ്പന്റെ മുടിയും ഇതുപോലെ ആയിരുന്നു. പിന്നെ ഒരു ദിവസം കുഞ്ഞിരുന്ന് കറുമുറ എന്തോ തിന്നുകയായിരുന്നു. അന്നേരം അമ്മൂമ്മയെ ഓർമ്മ വന്നു. ആ ഒരു സ്വഭാവം ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഇടയ്ക്കിടയ്ക്ക് അറിയാതെ ഞാൻ അവളെ അമ്മൂമ്മയുടെ പേര് വിളിക്കും,അമ്മിണി എന്ന്.ആര് എന്ത് കഴിച്ചാലും കുഞ്ഞമ്മിണി അവരുടെയൊക്കെ പ്ലേറ്റിൽ വന്നു നോക്കും. അപ്പൊ എനിക്ക് അപ്പൂപ്പനെ ഓർമ്മവരും. പണ്ട്, അങ്ങനെ നോക്കാതിരിക്കാൻ, എത്രയോ തവണ പ്ലേറ്റും എടുത്ത് ഓടിയിരിക്കുന്നു. 

കുഞ്ഞിന്റെ ഓരോ പൊട്ടിലും പൊടിയിലും എനിക്കിഷ്ടമുണ്ടായിരുന്ന പലരെയും ഞാൻ കാണുന്നു. ഇടയ്ക്കൊക്കെ അവരോട് ക്ഷമ ചോദിക്കുന്നു, അറിയാതെ വേദനിപ്പിച്ചതിന്, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കാഞ്ഞതിന്.