Wednesday, 30 April 2025

അമ്മയുടെ റിട്ടയർമെന്റ്

ഇന്ന് ഞങ്ങടെ അമ്മ റിട്ടയർ ആകുന്നു. ഹൊ, എത്രയെത്ര വർഷങ്ങൾ, അതിലുമെത്രയോ മാസങ്ങൾ, എത്രയധികം ദിവസങ്ങൾ, എണ്ണിയാൽ തീരാത്ത മണിക്കൂറുകൾ അമ്മ ഇതേ ഓഫീസിൽ ചിലവഴിച്ചു. ഓഫീസ് ഇട്ടിയപ്പാറ ആയിരുന്നപ്പോൾ അവിടെയും എത്രയോനാൾ. മനുഷ്യന് മറവി ശരിക്കും എന്തൊരു അനുഗ്രഹമാണ്. ഇല്ലെങ്കിൽ ഇത്രയധികം ഓർമകളുമായി ഇനിയുള്ളകാലം അമ്മ എങ്ങനെ ജീവിക്കും.
എന്നും രാവിലെ ഒരു ബാഗുമായി ഓഫീസിലേക്ക് പുറപ്പെടുന്ന അമ്മ വൈകുന്നേരങ്ങളിൽ അധികമായി ഒരു കവറുമായാവും തിരിച്ചെത്തുന്നത്. ആ കവറിനും അതിനുള്ളിലെ ബേക്കറി സാധനങ്ങൾക്കുംവേണ്ടി ഞാനും ചേട്ടനും എത്രയോ ദിവസങ്ങളിൽ വഴക്കുകൂടിയിരിക്കുന്നു. ഒരു പാക്കറ്റ് മിച്ചറൊക്കെ ഒറ്റയടിക്ക് തീർക്കുമാരുന്നു ഞങ്ങൾ, എന്നിട്ട് ഇനിയും എന്തെങ്കിലും വേണമെന്നുപറഞ്ഞ് അമ്മയെ വഴക്കുണ്ടാക്കും. മക്കളെ അമ്മ ക്ഷീണിച്ചു, കമ്പ്യൂട്ടർ നോക്കിനോക്കി വയ്യാതായി, കുറച്ച് സ്വസ്ഥത താ എന്ന് പലതവണ അമ്മ പറയും, അവസാനം ദേഷ്യപ്പെടും, അപ്പൊ ഞങ്ങൾ നിർത്തും. അന്നൊന്നും അറിഞ്ഞില്ല കമ്പ്യൂട്ടറിനു ഇത്രയധികം ബുദ്ധിമുട്ടുണ്ടാക്കാൻ പറ്റുമെന്ന്. ഇന്നിപ്പോ ജോലിക്കാരനായപ്പോ എല്ലാം മനസ്സിലാവുന്നു. വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങളുമായി സ്നേഹത്തോടെ കയറിചെല്ലുന്ന ഒരു അച്ഛനല്ല പക്ഷേ ഞാൻ, കുഞ്ഞിന് ബേക്കറി നല്ലതല്ലത്രേ, ഓ ഇപ്പൊ ഞാനൊരു കണിശക്കാരനായിരിക്കുന്നു. പക്ഷെ സ്വന്തം കാര്യത്തിൽ ഏത് നല്ലതും ചീത്തയും അങ്ങോട്ടുമിങ്ങോട്ടും സൗകര്യപൂർവം മാറ്റാവുന്നതേയുള്ളു, പണ്ടും അമ്മ എത്രയോതവണ പറഞ്ഞിരിക്കുന്നു ബേക്കറി നല്ലതല്ലെന്ന്, ആര് കേൾക്കാൻ. 
ഇതുകൊണ്ടൊക്കെതന്നെ ഞങ്ങൾ അമ്മയെ കാത്തുനിന്ന ആ ആവേശത്തോടെ കുഞ്ഞ് എന്നെ കാത്തുനിൽക്കാറില്ല. എന്നിലെ മടിയനായ ജോലിക്കാരനെ നേർവഴിക്കു നടത്താൻ Customer is king എന്ന് പലതവണ അമ്മ പറഞ്ഞിട്ടുണ്ട്. Customers ഇല്ലെങ്കിൽ നമുക്ക് ജോലിയില്ല, ശമ്പളമില്ല, അതുകൊണ്ട് അവരെ പരമാവധി care ചെയ്യണമെന്ന് എപ്പോഴും ഉപദേശിക്കും. ആ ഒരു ബോധ്യത്തിൽത്തന്നെ ആണ് ഇത്രനാളും അമ്മ ജോലിചെയ്തതും. 
ജീവിതത്തിൽ അധികം റെസ്ട്രിക്ഷൻസ് ഒന്നുമില്ലാതെയാണ് ഞാനും ചേട്ടനും വളർന്നത്, എന്നുകരുതി ദുശ്ശീലങ്ങളൊന്നുമില്ലതാനും, അവിടെയാണ് അച്ഛന്റെയും അമ്മയുടെയും വിജയം. അവർ എന്നും ഞങ്ങൾക്ക് ജീവിതംകൊണ്ട് മാതൃകയാണ്. വലിയവലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ജീവിതത്തിൽ പൊതുവെ ഞങ്ങൾക്ക് അത്യാവശ്യം വേണ്ടതെല്ലാം ഒരുക്കിത്തന്നിട്ടുണ്ട് ഇവർ. മിതത്വം ആണ് അമ്മയുടെ മുഖമുദ്ര. ബർത്ഡേകളിൽ അമ്മ വാങ്ങിത്തന്നിട്ടുള്ള അഞ്ചുരൂപയുടെ മഞ്ച് ഇൽ തീരും എന്റെ ആഘോഷം, പക്ഷേ അതിന്റെ നനുത്ത ഓർമ്മ ഇന്നും മനസ്സിലൊരു സുഖമാണ്. ഇന്നിപ്പോ ഏത് ചെറിയ function പോലും കേക്ക് ഇല്ലാതെ സങ്കൽപ്പിക്കാനാകുമോ നമുക്ക്. 
ഞങ്ങടെ പരീക്ഷകൾക്കും പ്രൊജക്ടുകൾക്കുമൊന്നും പ്രത്യേകമായ effort ഒന്നും അച്ഛനും അമ്മയും എടുത്തിട്ടില്ല, ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടു. എല്ലാത്തിനുമുള്ള നല്ല ജീവിതസാഹചര്യങ്ങൾ ഒരുക്കിത്തന്നു. ഒരുപാട് യാത്രകൾ കൊണ്ടുപോയി. അങ്ങനെയുള്ള parent ആകാൻ ഞങ്ങളും ശ്രമിക്കുന്നു. 
സന്തോഷത്തോടെയാണ് റിട്ടയർ ആകുന്നതെന്നു അമ്മ പറയും. പക്ഷേ എല്ലാരേയുംപോലെ ഞാനും അതിൽ അതിശയിക്കുന്നു. കാരണം, ജീവിതത്തിന്റെ നല്ലൊരു പങ്കും നമ്മളെല്ലാം ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. ഇതേ ജോലിസ്ഥലംതന്നെയാണ് നമുക്ക് അഭിമാനവും ആദരവുമെല്ലാം തരുന്നത്. അതുമായുള്ള വർഷങ്ങളുടെ ബന്ധം പെട്ടന്നൊരുദിവസം ഇല്ലാതെയാകുമ്പോൾ നമ്മുടെ ഒരു part തന്നെ ഇല്ലാതെയാകുന്നതുപോലെയല്ലേ. പ്രത്യേകിച്ച് ഇങ്ങനെയൊരു മഹത്തായ സ്ഥാപനത്തിൽനിന്ന് പടിയിറങ്ങുമ്പോൾ.നല്ലപോലെ പണിയെടുക്കുന്ന ജോലിക്കാരാണ് ഒരു ഓഫീസിന്റെ ഏറ്റവും വലിയ ബലം , ശാപമോ അവരെ ഊറ്റി ജീവിക്കുന്ന പണിയെടുക്കാത്തവരും. അമ്മ ഈ ഓഫീസിന്റെ ബലമാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പക്ഷേ എന്തുതന്നെയായാലും നമ്മളൊക്കെ ആരെല്ലാമാണെന്നുപറഞ്ഞാലും ഒരുദിവസം കസേരയൊഴിഞ്ഞുതന്നെയാകണം. No one is indispensable. ഈ അവസരത്തിൽ രണ്ടുവാക്ക് പറയാൻ പറഞ്ഞാൽ അമ്മ ചിലപ്പോ ടാറ്റാ ബൈബൈ എന്ന് മാത്രം പറഞ്ഞ് നിർത്തും, അതാണ്‌ അമ്മയുടെ ഒരു രീതി. സംസാരിക്കാൻ വലിയ താല്പര്യമൊന്നുമില്ലാത്ത, ജീവിതം വരുന്നപോലെ വരട്ടെ, അപ്പോ നോക്കാം എന്ന attitude ഉള്ള ഒരാൾ.

ജീവിതത്തിൽ ആരോടും കള്ളം പറയാൻ ഇഷ്ടമില്ലാത്ത, കടം പറയാത്ത , ആരെയും ഉപദ്രവിക്കാതെ സ്വയം ഉപകാരിയാവാൻ ശീലിച്ച, ഞങ്ങളെ ശീലിപ്പിച്ച അമ്മയ്ക്ക്, ജോലിയിൽനിന്ന് യാത്രാമംഗളങ്ങൾ, പുതുജീവിതത്തിലേക്ക് സുസ്വാഗതം. 

Tuesday, 22 April 2025

ഒറ്റദിവസം

അത്യാഡംബര കാറിന്റെ പിൻസീറ്റിൽ രണ്ട് കുഞ്ഞുമക്കളെ ചേർന്ന് ആ നാൽപതുകാരി വെളിയിലേക്ക് നോക്കി ഇരുന്നു. കുഞ്ഞുങ്ങൾ വളരെ ഉത്സാഹത്തോടെ ചാടിയും മറിഞ്ഞും കളിക്കുന്നു, ഇതിലൊന്നും ശ്രദ്ധിക്കാതെ വെളിയിലെ ഇലക്ട്രിക് പോസ്റ്റിലേക്കും അതിനപ്പുറത്തെ നീലാകാശത്തേക്കും കണ്ണുനട്ട് മനസ്സിൽ എന്തൊക്കെയോ അവർ പരതുകയാണ്. അല്പംകഴിഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ആയി മുന്നോട്ട് നീങ്ങി, വലിയൊരു അമ്പരചുംബിയായ കെട്ടിടത്തിന്റെ വിശാലമായൊരു പാർക്കിംഗ് ഏരിയയിൽ അത് ചെന്ന് നിന്നു. കോഴിയമ്മ കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന അത്ര കരുതലോടെ ആ കുഞ്ഞുങ്ങളെയും തന്റെ രണ്ടുകയ്യിലും ഭദ്രമായി പിടിച്ച് അവർ കെട്ടിടത്തിന്റെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു, നിർനിമേഷയായി. പതിനഞ്ചാം നിലയിലെ മനോഹര സൗധത്തിൻ കതകുതുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആകെയൊരു ശ്വാസംമുട്ടൽ. ചുറ്റും കാണുന്ന ആഡംബരങ്ങളെ അവർ പാടെ അവഗണിക്കുന്നു. കുഞ്ഞുങ്ങളെ കുളിപ്പിച്ച് റെഡി ആക്കി ടിവിയുടെ മുന്നിലിരുത്തിയിട്ട് അന്നത്തെ പത്രം വായിക്കാൻ അവർ കസേരയിലിരുന്നു. പത്രത്തിന്റെ വരികളിൽ കണ്ണുകൾ യാന്ത്രികമായി ചലിച്ചു. ഓർമ്മകൾ മുഴുവൻ മറ്റെങ്ങോ സഞ്ചരിക്കുന്നു. അതിനെ ഭഞ്ജിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു. വിറയ്ക്കുന്ന കൈകളോടെ അതെടുത്തപ്പോൾ അപ്പുറത്തുനിന്ന് നേർത്ത ശബ്ദം " മോളെ, നിന്റെ അച്ഛൻ പോയി ". 
മാലതി ആന്റി എന്തിനാ കരയുന്നത് എന്ന കുഞ്ഞുമനസ്സിന്റെ ചോദ്യം കേട്ട് ബോധത്തിലേക്ക് ഞെട്ടിയുണർന്ന അവർ പറഞ്ഞു "ആന്റി കരഞ്ഞില്ലല്ലോ, അത് ചിലപ്പോ ഉള്ളി അരിഞ്ഞേന്റെ ആരിക്കും ", ഇത്രയും പറഞ്ഞ് കണ്ണുതുടച്ച് അവർ മുറിക്കുള്ളിലേക്ക് കയറിപ്പോയി. വലിയ കബോർഡിന്റെ വലത്തേ മൂലയിൽ ചുരുട്ടിവച്ചിരുന്ന പഴയ സഞ്ചിയെടുത്ത് തന്റെ തുണികളൊക്കെ അതിലേക്കാക്കി. ഇനി പോകാതെ വയ്യല്ലോ. എന്തൊക്കെ സംഭവിച്ചാലും മാസത്തിൽ ഒറ്റ ലീവേ തരുള്ളൂ, അതും ഏതെങ്കിലും ഞായറാഴ്ച മാത്രം എന്ന് കട്ടായം പറഞ്ഞിട്ടാണ് ജോലിക്കെടുത്തത്, ഈ മാസം തുടക്കത്തിൽത്തന്നെ അത് തീർന്നു. ഇനിയിപ്പോ തിരികെ ഇവിടെ എടുക്കില്ല എന്നത് തീർച്ച, ഡോക്ടർ സാറിനോട് കെഞ്ചിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത്, അത്രേയല്ലേ ഉള്ളു. അച്ഛനെ യാത്രയാക്കാതെ പറ്റില്ലല്ലോ. മനസ്സ് പിടക്കുന്നത് മറ്റൊരു കാരണംകൊണ്ടുകൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമായി പോറ്റിവളർത്തിയ ഈ കുഞ്ഞുമക്കളെ ഇനി കാണാൻ ആവില്ലല്ലോ എന്ന സങ്കടംകൊണ്ട്. ആഡംബരങ്ങളുടെ ലോകത്തുനിന്ന് കുടിലിലേക്കുള്ള ദൂരം എത്ര, ദാ ഇത്രമാത്രം, ഒറ്റദിവസം. അല്ലെങ്കിൽത്തന്നെ ശരീരമല്ലേ ഈ ആഡംബരം അനുഭവിക്കുന്നുള്ളു, മനസ്സുമുഴുവൻ അവിടെയല്ലേ എപ്പോഴും,ഭിത്തി തേച്ചിട്ടില്ലാത്ത, ഇരുട്ടുപരന്ന മുറിയിൽ , വെള്ളം നിറച്ച ചിരട്ടകളിൽ എടുത്തുവച്ച കാലുകളിൽ എങ്ങനെയോ താങ്ങിനിൽക്കുന്ന കട്ടിൽ, അതിൽ എപ്പോഴും ഞരങ്ങി കിടക്കുന്ന അച്ഛൻ. എത്രമാത്രം എന്നെ ഓമനിച്ചിട്ടുണ്ട് പാവം. അവസാനമായി ഒന്ന് കാണാൻ പോലും....
ഇരുട്ട് വീണ്ടും പടർന്നുതുടങ്ങിയിരിക്കുന്നു, മണ്ണിലും മനസ്സിലും. 

Monday, 21 April 2025

മെൽവിൻ

അവന്റെ മരണവാർത്ത ആരാണ് വിളിച്ചുപറഞ്ഞതെന്ന് ഓർമ്മ കിട്ടുന്നില്ല. അന്ന് ഞാൻ കോളേജിന്റെ ഹോസ്റ്റൽറൂമിൽ ആണ്. ആ വാർത്ത കേട്ട് മനസ്സ് ബോധത്തിലേക്ക് വരുംമുൻപ് എനിക്ക് മറ്റൊരു കോൾ വന്നു, ഏതോ അപരിചിതൻ, അയാളുടെ ഫോണിലേക്ക് എന്റെ ഫോണിൽനിന്ന് കോൾ ചെന്നത്രെ, നല്ല പരിചയമുള്ള ശബ്ദമാണ്, പക്ഷേ ആരാണെന്ന് പറയാതെ അയാൾ കുറേനേരം വട്ടംചുറ്റിച്ചു. എന്തൊക്കെയോ പറഞ്ഞ് അവസാനം ഞങ്ങൾ വഴക്കിട്ടാണ് ഫോൺ വച്ചത്, അന്നേരം ഞാൻ അയാളോട് പറഞ്ഞത്‌ ഓർക്കുന്നു, എന്റെ കൂട്ടുകാരന്റെ മരണവാർത്ത കേട്ട ഷോക്കിലാണ് ഞാൻ, വെറുതേ വട്ടുകളിപ്പിക്കാനുള്ള സമയമല്ല എന്നൊക്കെ, എന്നിട്ടും അയാൾ മോശമായി സംസാരിച്ച് ഫോൺ വച്ചു. ശരിക്കും അന്ന്, എന്റെ വാക്കുകളിൽമാത്രമേ ആ പറഞ്ഞ ഷോക്ക് ഉണ്ടായിരുന്നുള്ളു, മനസ്സിൽ ആഘാതം തോന്നിയില്ല. ചിലപ്പോഴൊക്കെ നമുക്ക് വേണ്ടത് മാത്രം സെലക്ട്‌ ചെയ്തിട്ട് വേണ്ടാത്ത വാർത്തയുടെ പരപ്പിലൂടെ തെന്നിനീങ്ങില്ലേ ബോധം, ആ ഒരു അവസ്ഥയായിരുന്നു. ഇന്നിപ്പോ ഓർക്കുമ്പോൾ ആ വിളിച്ച് വഴക്കിട്ട ആൾ ചിലപ്പോ അവൻതന്നെ ആയിരിക്കുമോ എന്നുവരെ ഞാൻ സംശയിക്കുന്നു, യഥാർത്ഥ കൂട്ടുകാരൻ ആണോ, സ്നേഹമുണ്ടായിരുന്നോ എന്നൊക്കെ പരീക്ഷിക്കാൻ. 

അന്നൊരു വൈകുന്നേരം ഒരു പായയിൽ പൊതിഞ്ഞ് അവനെ ഈ പള്ളിയുടെ പാരിഷ് ഹാൾ വരാന്തയിൽ കിടത്തിയ, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ രംഗം ഇന്നും എന്റെ കണ്മുന്നിലുണ്ട്. നെഞ്ചുപൊട്ടി കരയുന്ന അവന്റെ അപ്പച്ചന്റെ മുഖം ഓർക്കുമ്പോൾ അന്നത്തെ ആ ദിവസത്തിലേക്ക് ഇത്രവർഷങ്ങൾക്കുശേഷവും അതിവേദനയോടെ ഞാൻ ചെന്ന് നിൽക്കുന്നു. ഇന്നും ഒരു കൂട്ടുകാരന് ഇത്ര വിഷമം തോന്നുന്നെങ്കിൽ വീട്ടുകാരുടെ അവസ്ഥ എങ്ങനെ ആയിരിക്കും. മമ്മിയുടെ മുഖത്ത് പിന്നീടങ്ങോട്ട് ഞാൻ കണ്ടിട്ടുള്ളത് നിരാശയുടെയും സങ്കടത്തിന്റെയും വലിയൊരു കടലാണ്. ആ മുഖത്തേക്ക് നോക്കാൻ എനിക്ക് പലപ്പോഴും കരുത്തില്ല. ഇന്ന് ഞാനൊരു കുഞ്ഞിന്റെ അച്ഛനാണ്. എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചുപോയാൽ എങ്ങനെ ഞാൻ അത് സഹിക്കുമെന്ന് ഈ അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഭയപ്പെടാറുണ്ട്. ആ ഒരു ഒറ്റ ചിന്തയിൽ അവരുടെ ദുഖത്തിന്റെ ആഴം എനിക്ക് അളക്കാൻ കഴിയുന്നുണ്ട്. അവനെപ്പോലെതന്നെ എപ്പോഴും നല്ല പ്രസരിപ്പുണ്ടായിരുന്ന അവന്റെ പപ്പയെ പിന്നെ കണ്ടപ്പളൊക്കെ ജീവിതത്തിന്റെ പച്ചയായ കയ്പ്പ് ആ മുഖത്തുനിന്ന് വായിക്കാമായിരുന്നു. ഞങ്ങടെയൊക്കെ കല്യാണമൊക്കെ കൂടുമ്പോൾ എത്രവട്ടം അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവും എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ അവനും ഇന്ന് ഇതുപോലെ എന്ന്. 

മെൽവിന്റെ പേര് ഇന്നും എന്റെ കോണ്ടാക്ട് ലിസ്റ്റിൽ സേവ്ഡ് ആണ്, നമ്പർ ഇല്ലാതെ പേരുമാത്രമായിട്ട്. വല്ലപ്പോഴുമൊക്കെ മറ്റാരുടെയെങ്കിലും പേര് തപ്പുമ്പോൾ അവന്റെ പേര് കണ്ണിൽ മിന്നിമറയാറുണ്ട്, ഇടക്കൊക്കെ ഓർക്കാറുണ്ട്, ഓർക്കാൻവേണ്ടിയാണ് ഇന്നും ആ പേര് ഡിലീറ്റ് ചെയ്യാതെ വച്ചിരിക്കുന്നത്.ഈ സെമിത്തേരിക്ക് അടുത്തുള്ള റോഡിലൂടെ യാത്രചെയ്യുമ്പോളൊക്കെ അവന്റെ കല്ലറ കണ്ട് പൊള്ളാറുണ്ട്. ഒരിക്കൽമാത്രം അകത്തുവന്ന് കല്ലറയുടെ അടുത്തുനിന്ന് അവനോട് കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്, പിന്നെയൊരിക്കലും അതിനുള്ള കട്ടി മനസ്സിന് വന്നിട്ടില്ല. മെൽവിൻ നമ്മളെ വിട്ട് പോയിട്ട് എത്ര കൊല്ലമായെന്ന കൃത്യമായ ധാരണതന്നെ ഇപ്പോഴില്ല, കാലം അങ്ങനെയാണ്, ആകെ മൊത്തത്തിൽ എല്ലാമൊരു മറവിയിൽ കൊണ്ടിടും. എങ്കിലും അവിടെയും ഇവിടെയും ഇടക്കൊക്കെ കുത്തിനോവിക്കും, ചില ആളുകളുടെ രൂപത്തിൽ, ചില ശബ്ദങ്ങളിൽ, ചില സന്ദർഭങ്ങളിലൊക്കെയായി അവൻ ഇടക്കൊക്കെ ഓർമ്മകളിൽ വരും, പിന്നെ പെട്ടന്ന് റിയാലിറ്റിയിലേക്ക് തള്ളിവിട്ട് പോയ്മറയും. 

നവോദയയിൽ ഞങ്ങടെ ക്ലാസ്സിലെ ഏറ്റവും ഉയരക്കാരൻ ആയിരുന്നു മെൽവിൻ, കൂടെ അരുണും. അതുകൊണ്ടുതന്നെ പാവങ്ങൾ എപ്പോഴും ലാസ്റ്റ് ബെഞ്ചിലാണ് ഇരിപ്പും. രണ്ടുപേരും ഒരുമിച്ചായിരുന്നു എല്ലാത്തിനും. ഉദയഗിരി ഹൗസിന്റെ മഞ്ഞ ടി ഷർട്ടും ഇട്ട് ഓട്ടവും ചാട്ടവുമൊക്കെയായി നെടുംതൂണുകളായിരുന്ന അവരെ ഒരാളെ ഓർത്താൽ മറ്റെ ആളെ ഓർക്കാതെ പറ്റില്ല. 

പലപ്പോഴും നമ്മൾ കാണാറുള്ളത് അല്പം വലിയ കുട്ടികളൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കലും ഡോമിനൻസ് കാണിക്കലുമൊക്കെയാണ്. പക്ഷേ ശരീരത്തിന്റെ വലുപ്പംതന്നെ ആയിരുന്നു മെൽവിന്റെ മനസ്സിനും. ആരെയും മനപ്പൂർവം ദ്രോഹിക്കില്ല എന്നുമാത്രമല്ല പറ്റുന്നപോലെയൊക്കെ സഹായിക്കുകയും ചെയ്യുമായിരുന്നു. അത് അവന്റെ ഏറ്റവും നല്ല ഒരു ക്വാളിറ്റി ആയിരുന്നു. നല്ല കുടുംബത്തിൽനിന്ന് വന്നതിന്റെ ലക്ഷണം. 

ഈ ഭൂമിയിൽനിന്ന് പോയപ്പോൾ അവന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് വെറുതെയൊന്ന് ഓർത്തുനോക്കി. കുടുംബത്തിന്റെ, കൂട്ടുകാരുടെ, അവന് ഉണ്ടായിരുന്നേക്കാവുന്ന ഒരുപാട് patients ന്റെ സ്നേഹം, യാത്രകൾ, പുതിയ ആളുകൾ, കുടുംബജീവിതം, പലതരം പുതിയ രുചികൾ, ഗന്ധങ്ങൾ അങ്ങനെ പലതും.. Patients ന്റെ കാര്യം പറഞ്ഞപ്പളാണ് ഞാൻ ഓർക്കുന്നത് അവൻ ആയുർവേദ ഡോക്ടർ ആവാൻ പോയതിലെ വൈരുധ്യം. എനിക്കറിയാവുന്ന മെൽവിന് english ആയിരുന്നു മലയാളത്തേക്കാൾ comfortable. ക്രിക്കറ്റ്‌ ആയാലും ഫുട്ബോൾ ആയാലും England ടീമിന്റെ കടുത്ത ആരാധകനായിരുന്നു അവൻ. അവന് മലയാളം എന്ന വിഷയം അൽപ്പം കട്ടിയായിരുന്നു, ആ അവൻ സംസ്‌കൃതം പഠിച്ച് ആയുർവേദ ഡോക്ടർ ആകാൻ പോയി എന്നത് എനിക്കൊരു അത്ഭുദമായിരുന്നു. പക്ഷേ ഒരു കാര്യത്തിൽമാത്രം ഡോക്ടർ ആവാൻ അവൻ തികഞ്ഞ യോഗ്യനായിരുന്നു, അവന്റെ കയ്യക്ഷരം. ആ അക്ഷരങ്ങൾക്ക് ഡോക്ടർ അല്ലാതെ മറ്റൊരു പ്രൊഫഷനും ചേരില്ലായിരുന്നു. ഫോൺ വിളിക്കുമ്പോഴൊക്കെ അത് പറഞ്ഞ് കളിയാക്കിയിട്ടുമുണ്ട്. ഒരുമിച്ച് ചിരിക്കുമ്പോഴോ പരസ്പരം വഴക്കിടുമ്പോഴോ ആരറിയുന്നു ഇനി ചിലപ്പോൾ ഒരിക്കലും തമ്മിൽ കണ്ടേക്കില്ല എന്ന്. 
അവൻ പോയപ്പോൾ അവനെ അറിയുന്ന എല്ലാവർക്കും നഷ്ടമായത് സ്നേഹത്തിന്റെ വലിയൊരു തണലാണ്, എപ്പോഴും സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ഒരു ചുമലാണ്. ഈ ഭൂമിയിൽനിന്ന് പോയതുകൊണ്ട് അവൻ നേടിയത് എന്താവും. നമ്മൾ കാണുന്ന ഈ പരക്കംപാച്ചിലുകളിൽനിന്നുള്ള മോചനമാണ്, ടെൻഷനുകളിൽനിന്നുള്ള രക്ഷയാണ്. അസുഖങ്ങൾ, കുശുമ്പ്, വാർദ്ധക്യം, വേദന, ഇതിൽനിന്നെല്ലാം അവനിന്ന് മോചിതനാണ്. 

അവനെ ഇന്ന് ഓർക്കുന്നവരെയെല്ലാം സങ്കടത്തിൽ നിർത്തിക്കൊണ്ട് അവൻ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ അട്ടഹസിക്കുന്നത് എനിക്ക് കാണാം. എട്ടാം ക്ലാസ്സിൽ നവോദയ ഹോസ്റ്റലിൽവച്ച്, ബെഡ്ഷീറ്റും പുറത്തുകെട്ടി മുഖംനിറയെ പൗഡറുമിട്ട് കോമ്പല്ലും വരച്ച് ഡ്രാക്കുള ആണെന്നുംപറഞ്ഞ് പേടിപ്പിക്കാൻ ഓടിച്ചിട്ട് അവസാനം പൊട്ടിച്ചിരിക്കുന്ന അതേ ചിരി. 

ഇന്ന് ഇവിടുന്നിറങ്ങി, നമ്മളെല്ലാം വീണ്ടും നമ്മുടെ തിരക്കുകളിലേക്ക് മായും. പലവിധ സന്തോഷങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും പതിവുപോലെ നടന്നകലും, വിധി ഉണ്ടെങ്കിൽ നമ്മൾ പുതിയ ലോകം ഇനിയും കാണും, പുതിയ കാര്യങ്ങൾ ചെയ്യും, പാട്ടുകൾ ആസ്വദിക്കും, സിനിമകൾ കാണും, തമാശകൾ പറയും. നമുക്ക് കരുതിവച്ച ദിവസം എത്തുന്നതുവരെ നമ്മൾ ഓടിക്കൊണ്ടേയിരിക്കും. അപ്പോഴും പപ്പയുടെയും മമ്മിയുടെയും ലോകം അവനെ ചുറ്റിപ്പറ്റി നിശ്ചലമായി കാത്തിരിക്കുമോ എന്ന് എന്റെ മനസ്സ് വല്ലാതെ നോവുന്നു. ദൈവം കുറേനേരത്തേക് മറ്റാരെയും കേൾക്കാതെ ഇവരെമാത്രം സമാധാനിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മളെ വിട്ടുപോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ അതേ രൂപത്തിലോ ഭാവത്തിലോ ഒക്കെയായി പലപ്പോഴും അവരുടെ അതേ നാളിലോ ബർത്ഡേയിലോ ഒക്കെയായി പുതിയ തലമുറയിൽ ഒരാൾ ജനിച്ചുവരും, നമ്മുടെ മുറിവിന്റെ വേദനകളെ സുഖപ്പെടുത്താൻ. നമ്മുടെ ലോകം വീണ്ടും പ്രതീക്ഷയോടെ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും. 

Wednesday, 16 April 2025

ഹൗ ടൈം ഫ്ലൈസ്

'ഹൗ ടൈം ഫ്ലൈസ് ', ഇങ്ങനെയൊരു എഴുത്ത് കണ്ണിൽ പതിഞ്ഞു. ഹൈദരാബാദ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചുള്ള യാത്രയിൽ ഇൻഡിഗോ എയർലൈൻസ്ന്റെ എല്ലാ സീറ്റിന്റെയും ഹെഡ്റസ്റ്റിൽ ഈ വാചകമുള്ള ചെറിയ തുണി കിടക്കുന്നു. ഇൻഡിഗോ തുടങ്ങിയിട്ട് പതിനെട്ടുവർഷമായത്രേ. എത്ര മനോഹരമായ പരസ്യവാചകം. എത്ര ഗംഭീരമായി മറ്റുള്ളവരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു അത്. മനസ്സ് ഇൻഡിഗോയിൽനിന്ന് സ്വന്തം ജീവിതത്തിലേക്ക് ആ വാചകത്തെ ചേർത്തുവായിക്കാൻനോക്കി. ഹൗ ടൈം ഫ്ലൈസ്, സമയം എങ്ങനെ പറന്നകലുന്നു. മാസങ്ങളോളം ആഗ്രഹിച്ച ഈ യാത്ര എത്രവേഗം കണ്മുന്നിലൂടെ പാഞ്ഞുപോകുന്നു. രണ്ടുദിവസംമുന്നേ വന്നതും ദാ ഇപ്പോൾ തിരിച്ചുപോകുന്നതുമെല്ലാം എത്ര നൈമിഷികം. ഈ ഒരു നിമിഷത്തിൽമാത്രമേ നമ്മൾ ജീവിക്കുന്നുള്ളു എന്ന വല്ലാത്തൊരു ബോധ്യം വന്ന് പൊതിയുന്നു. പക്ഷേ ഈ ഒരു നിമിഷംപോലും നമ്മുടെ കയ്യിൽ ഇല്ലല്ലോ, മണൽഘടികാരത്തിലെ തരികൾ ഉതിർന്നുവീഴുന്നതുപോലെ നിമിഷങ്ങൾ പൊഴിഞ്ഞുപോകുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യമായി ചെയ്ത പ്ലെയിൻയാത്ര ഇന്നലെ കഴിഞ്ഞതുപോലെ. ഇന്നിപ്പോ ദാ അതേ പ്രതീക്ഷയോടെ കുഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കുന്നു. എത്രവേഗം ആ കുഞ്ഞുകണ്ണുകളും വലിയ ലോകങ്ങൾ കാണും, മറ്റൊരു കുഞ്ഞിക്കണ്ണിന്റെ പ്രതീക്ഷകൾക്ക് തണലാവും, കാലം മിന്നിമായും. ജീവിത പാതയിൽ ക്ഷണനേരംകൊണ്ട് ഓടിക്കിതച്ച് അച്ഛനേം അമ്മയേംപോലെ ഞാനും വാർദ്ധക്യത്തിലേക്ക് വന്നുചേരും. അതുവരെ നേടിയതെല്ലാം, ആസ്വദിച്ചതെല്ലാം, ടെൻഷനടിച്ചതെല്ലാം മറവിയിലേക്ക് മാഞ്ഞുപോകും. കണ്ടുകൂട്ടിയ സിനിമകളും അതിലെ രംഗങ്ങളും, കണ്ടുമുട്ടിയ കൂട്ടുകാരും അവരുടെ സ്നേഹവും, എടുത്തുകൂട്ടിയ ഫോട്ടോകളും അവയുടെ മനോഹാരിതയും, എത്തിപ്പെട്ട സ്ഥലങ്ങളും അതിന്റെയൊക്കെ ഭംഗിയും, ആസ്വദിച്ച വാസനകളും അതിന്റെ മത്തും, വായിച്ച പുസ്തകങ്ങളും അതിലെ ജീവനുള്ള വരികളും, എല്ലാമെല്ലാം എന്റെകൂടെ അലിഞ്ഞില്ലാതെയാകും. ഇങ്ങനെയൊക്കെയായിരുന്നോ ജീവിക്കേണ്ടിയിരുന്നത്, എങ്ങനെയൊക്കെ ജീവിച്ചാലും അവസാനം ഒന്നും പറയാതെ ഒരു പോക്കല്ലേ,ഭൂമിയുടെ ഈ കാവ്യനീതി അനീതിയല്ലേ എന്ന് തോന്നും, ആ തോന്നൽ ശരിയോ തെറ്റോ എന്ന് തിരിച്ചറിയുംമുന്നേ ഞാനും നമ്മളും കാറ്റത്തുപെട്ട പക്ഷിത്തൂവൽപോലെ അകലങ്ങളിലേക്ക് പറന്നകലും. 

Monday, 7 April 2025

അനന്തം അജ്ഞാതം

പാതിതുറന്ന കണ്ണുമായി വെളുപ്പിനെ ടോയ്‌ലെറ്റിൽ പോയി. ടോയ്‌ലെറ്റിനകത്ത് ആകെയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം. കണ്ണുമിഴിച്ച് നോക്കിയപ്പോ കണ്ടത് ഫോസറ്റിന്റെ ഹാൻഡ് സ്പ്രേയറിൽനിന്ന് വെള്ളം പൊട്ടിയൊഴുകുന്നത്. ഇതിപ്പോ നാലുമാസത്തിൽ രണ്ടാമത്തെ സംഭവമാണ് ഇങ്ങനെ. കണ്ടാൽ സ്റ്റീൽ ആണെന്ന് തോന്നും, പക്ഷേ അകത്ത് പ്ലാസ്റ്റിക് ട്യൂബ് ആണ്, അതാണ് പ്രശ്നം. രാവിലെതന്നെ കടയിൽപോയി പുതിയൊരെണ്ണം വാങ്ങിക്കൊണ്ടുവന്ന് ഫിറ്റ്‌ ചെയ്തു, പഴയത് കളയാനിട്ടു.
അവധിദിവസമല്ലേ, ഒന്ന് ഷേവ് ചെയ്തേക്കാമെന്ന് കരുതി, നോക്കുമ്പോ മാസങ്ങളായി മൂലക്കിരിക്കുന്ന ഷേവിങ് സെറ്റ്. കാര്യമായ താടിവളർച്ച ഇല്ലാത്തോണ്ട് അങ്ങനെ ഒരു ഗുണമുണ്ട്, അത് വല്ലപ്പോഴും വാങ്ങിയാൽമതി. പക്ഷേ ഇന്നെന്തോ മുഖമൊക്കെ വല്ലാതെ മുറിഞ്ഞൊക്കെ തുടങ്ങി. അതോണ്ട് അവനെയും മാറ്റി. 
അല്പം കഴിഞ്ഞ്, ബ്രേക്ഫാസ്റ്റ്ന് ഓട്സ് ആക്കാമെന്നുകരുതി പാൽ തിളപ്പിച്ചു. കവർ കഴുകിയെടുത്ത് വേസ്റ്റ്ബക്കറ്റിലിട്ടു. പ്ലാസ്റ്റിക്കിനും പേപ്പറിനും പ്രത്യേകം ബക്കറ്റുകളാണ്. പ്ലാസ്റ്റിക്കിന് നീല, മറ്റത് ചുവപ്പ്. 
ഉച്ചയാകാറായപ്പോളേക്ക് കുറച്ച് മുന്തിരിങ്ങ തട്ടാം എന്ന് കരുതി, ഫ്രിഡ്ജിൽ ദാ നല്ല ചതുരപാക്കറ്റിൽപൊതിഞ്ഞ ഭംഗിയുള്ള പച്ചമുന്തിരിങ്ങ. പാക്കറ്റ് പോയി നീലബക്കറ്റിൽ വീണു, മുന്തിരിങ്ങ പാത്രത്തിലും. അല്പം കഴിഞ്ഞ് കോളിങ്ങ്ബെൽ കേട്ടു, ആമസോണിൽനിന്ന് എന്തോ സാധനം വന്നിട്ടുണ്ട്. അതിന്റെ കവറുംകൂടി ആയപ്പോഴേക്കും നീല ബക്കറ്റ് നിറഞ്ഞു. ചുവപ്പ് ബക്കറ്റ് ഇപ്പളും കൊട്ടുവായുമിട്ട് വെറുതേ ഇരിക്കുകയാണ്. ഒറ്റദിവസത്തിൽ ഒറ്റവീട്ടിൽനിന്ന് പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇത്രയുമാണെങ്കിൽ ഈ ജില്ല മൊത്തമെടുത്താൽ എത്രയാരിക്കും, കേരളം മുഴുവനും നോക്കിയാലോ, ഇന്ത്യ ആയാൽ? അപ്പൊ ലോകം മൊത്തത്തിന്റെ ഒരു കണക്ക് നോക്കിയാലോ. ഇതെല്ലാം സംസ്കരിച്ചെടുക്കാനുള്ള സംവിധാനം ശരിക്കും നമുക്കുണ്ടോ, എവിടെ. അങ്ങ് അമേരിക്കയിൽപോലും പാതിയേ സംസ്കരിക്കാൻ പറ്റുന്നുള്ളൂ, ബാക്കി അവർ മറ്റ് ദരിദ്രരാജ്യങ്ങളിലേക്ക് തള്ളും, പണ്ട് അങ്ങനെ വേസ്റ്റ് ന്റെ കണ്ടെയ്നർകൾ നമുക്കും വിയറ്റ്നാമിനുമൊക്കെ കിട്ടിയിട്ടുണ്ട്. പ്ലാസ്റ്റിക് തിന്നുന്ന ബാക്റ്റീരിയകളെയൊക്കെ വികസിപ്പിച്ചിട്ടുണ്ട് നമ്മൾ, പക്ഷേ അതൊക്കെ തിന്നാവുന്നതിലും കൂടുതലാണ് നമ്മുടെ പ്ലാസ്റ്റിക് ഉത്പാദനവും വലിച്ചെറിയലും. ഈ പോക്ക് പോകുകയാണെങ്കിൽ അധികം വൈകാതെതന്നെ നമ്മൾതന്നെ പ്ലാസ്റ്റിക് ഭക്ഷണമാക്കണ്ടിവരും, അല്ലാതെ ഇതൊക്കെ എങ്ങനെ തീരാൻ, എന്നാലും തീരുമോ, തമ്പുരാനറിയാം. 

Tuesday, 18 March 2025

ജോലി

പെട്ടന്നൊരുദിവസം ജോലി പോയാൽ എന്തുചെയ്യും. ആലോചിച്ചിട്ടുണ്ടോ. ആലോചിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് ശൂന്യതയാണ്. ജോലി ഇല്ലാതെയാവുന്നതോടെ ഇല്ലാതാകുന്നത് സാമ്പത്തിക ഭദ്രത മാത്രമല്ല, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണമാണ്, പർപ്പസ് ഓഫ് ലൈഫ് ആണ് നമുക്ക് നഷ്ടപ്പെടാൻപോകുന്ന ഏറ്റവും വലിയ യാഥാർഥ്യം. ജോലി ഇല്ലെങ്കിലും ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് കരുതുക, നമ്മൾ എന്തുചെയ്യും. കുറച്ചുനാളൊക്കെ യാത്രകളൊക്കെ ചെയ്യുമായിരിക്കും, കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കുമായിരിക്കും, കുറെയധികം ടിവി കാണുമാരിക്കും, അതുകഴിഞ്ഞാലോ? പിന്നെ ഒരു മരവിപ്പായിരിക്കും, എല്ലാത്തിനോടുമൊരു നിസ്സംഗത. സത്യത്തിൽ ജോലി പോയ ആളുടെ അവസ്ഥതന്നെയല്ലേ റിട്ടയർ ആയ ആൾക്കും. ജീവിതത്തിൽ നാളേയ്ക്ക് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമില്ലെങ്കിൽ പതിയെ നമ്മളിൽനിന്ന് നാളെ അകന്നുപോകും. അപ്പോൾ നമ്മൾ ജോലിക്കുവേണ്ടിയാണോ ജീവിക്കുന്നത്, അതോ ജീവിക്കാൻവേണ്ടി ജോലിചെയ്യുകയാണോ. ഉത്തരമില്ലാത്ത അനേകായിരം ചോദ്യങ്ങളുമായി മനസ്സ് ദൂരേയ്ക്ക് കണ്ണോടിക്കുന്നു. 

Monday, 10 March 2025

ക്രിക്കറ്റ്‌ ഫാൻ

ഇന്നലെ (09/05/23) ഇന്ത്യ ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റ്‌ ജയിച്ചപ്പോ മനസ്സിലൂടെ കടന്നുപോയ കുറച്ച് ക്രിക്കറ്റ്‌ ഓർമ്മകൾ. 

കാലവും വർഷവുമൊന്നും ഓർമയില്ല, അപ്പുറത്തെ ഗോപാലകൃഷ്ണൻ കൊച്ചാട്ടന്റെ വീട്ടിലെ ടിവിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മാച്ച് കാണുകയാണ്, ഇന്ത്യ പാക്കിസ്ഥാൻ കളിയാണെന്ന് തോന്നുന്നു . ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയത്തിന് വെളിയിലേക്ക് പറക്കുന്നു. ഇത്ര പടുകൂറ്റനൊരു സിക്സ് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല എന്ന് ലോകം സ്തംഭിച്ചുപോയ നിമിഷം, ആ നിമിഷത്തിൽ ഞാനും ഉണ്ടായിരുന്നു അത്ഭുദം മിഴിക്കുന്ന കണ്ണുമായി. ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയം കടന്നുപോയെങ്കിൽ, പറമ്പിൽ കളിക്കുമ്പോൾ കുട്ടൻചേട്ടൻ അടിച്ച സിക്സ് വന്നുവീണത് ഞങ്ങടെ വീടിന്റെ ഓടിന്റെ മുകളിലേക്കാണ്. ആ ബോൾ പോയി ഓടിൽ പതിക്കുന്നത് ഇപ്പോഴും എനിക്ക് കൺമുന്നിൽ കാണാം.മറ്റൊരുവട്ടം മനോജേട്ടൻ അടിച്ച ബോള് നേരെ പോയി അപ്പുറത്തെ വീട്ടിലെ അപ്പച്ചന്റെ ഗേറ്റിന്റെ ലൈറ്റ് ഇടിച്ചു പൊട്ടിക്കുന്നു, പിന്നെ നോക്കുമ്പോൾ ആരെയും കാണാനില്ല എല്ലാവരും ഓടിക്കളഞ്ഞു.

നല്ല ഒന്നാന്തരം കാപ്പിക്കമ്പ് വെട്ടിയാരുന്നു സ്റ്റമ്പ് ഉണ്ടാക്കിയിരുന്നത്. ഓഫ്സ്പിന്‍ എറിയുമ്പോൾ ഹർഭജനെന്നും ലെഗ്സ്പിൻ എറിയുമ്പോൾ ഷെയിൻ വോൺ എന്നും ഇതിന്റെ രണ്ടിന്റെയും ഇടയിൽ എറിയുമ്പോൾ കുംബ്ലെ എന്നുമൊക്കെ പറഞ്ഞ് അവരുടെയെല്ലാം ആക്ഷനുകൾ അനുകരിച്ചത് ഇന്നും മനസ്സിലൂടെ മിന്നിമായുന്നു. പിന്നെ ഒരു സമയത്ത് ഫേവറേറ്റ് ബോളർമാർ ബ്രെറ്റ്ലിയും അക്തറുമായിരുന്നു, അവരുടെ ആക്ഷനുകളും അനുകരിക്കാൻ ശ്രമിച്ചിരുന്നു, ഏറ്റവും ഒടുവിലായി നമ്മുടെ ശ്രീശാന്തിന്റെയും. ബാറ്റ് ചെയ്യുമ്പോ ചാടി മുട്ടിയിട്ടാൽ ദ്രാവിഡ്‌, ഇടംകൈ നിന്നാൽ ഗാംഗുലി, പിന്നിലേക്ക് റൺ ഇല്ലെങ്കിൽപോലും അനുകരിക്കാൻവേണ്ടി പായിക്കുന്ന മരില്ലിയർ ഷോട്ട്, സ്ട്രെയിറ്റ് സിക്സ് അടിച്ചിട്ട് സ്റ്റാർ സ്പോർട്സ്ന്റെ ക്യാമറാമാൻ ഫോട്ടോ എടുക്കാൻവേണ്ടിയെന്നപോലെ കുറച്ചുനേരം അതേ പോസിൽ നിക്കുന്ന അഹങ്കാരിയായ ഞാൻ, എല്ലാം എനിക്ക് ഇപ്പോഴും കൺമുന്നിൽ കാണാൻപറ്റുന്നുണ്ട്. 

ഇടയ്ക്ക് ഒരുതരം ചൈനീസ് ബോളുകൾ ഇറങ്ങിയിട്ടുണ്ട്. വെറുതെ ഒന്ന് താഴോട്ട് ഇട്ടാൽതന്നെ നല്ല രീതിയിൽ ബൗൺസ് ചെയ്യുന്ന ബോളുകൾ. അങ്ങനത്തെ പല നിറത്തിലുള്ള ഒരു ബോളും അതിന്റെ ചെറിയ ഒരു നീല കളർ ബോളും ഉണ്ടായിരുന്നു. അതും അടിച്ചുവിട്ടത് അപ്പുറത്തെ വീട്ടിലേക്ക് പോയി,അപ്പച്ചൻ തരില്ല എന്ന് കട്ടായം പറഞ്ഞു, പിന്നെ പാവം അമ്മച്ചിയാണ് എടുത്തു തന്നത്. 

ബോർഡിങ്സ്കൂളിൽ പഠിക്കാൻ പോയപ്പോൾ ബോൾ ഒന്നും വാങ്ങാൻ പൈസയില്ല. പിന്നെ കൂട്ടുകാരെല്ലാം ചേർന്ന് സോക്സ്കൊണ്ടോ പേപ്പർ കൊണ്ടോ ഒക്കെ ബോൾ ഉണ്ടാക്കും, പേപ്പർ ബോളിൽ റബർബാൻഡ് ചുറ്റിച്ചുറ്റി നല്ല ഒന്നാന്തരം സ്റ്റിച്ച്ബോളിന്റെ കട്ടിയാവും. സ്റ്റമ്പിന് പകരം രണ്ട് ബക്കറ്റ് ആയിരിക്കും വെക്കുന്നത്. ബക്കറ്റിൽ ബോൾ വന്ന് ഇടിച്ച് വിക്കറ്റ് ആവുന്ന ശബ്ദം ഇപ്പോഴും കാതിൽ കേൾക്കാം. 

ഒരു വേനലവധിക്ക് കയ്യിൽ കിട്ടിയ മൺവെട്ടിയെടുത്ത് പറമ്പിന്റെ ഒരു മൂലയിൽ നല്ല ഒന്നാന്തരം പിച്ച് വെട്ടി. പിന്നെ ആ രണ്ടുമാസം തകൃതിയായി ക്രിക്കറ്റ് കളിച്ചു. ആ ഒരു അവധിക്ക് മാത്രം ഞങ്ങളുടെ കൂടെ പുതിയൊരു അയൽക്കാരൻ കളിക്കാൻ ഉണ്ടായിരുന്നു, ഉണ്ണിക്കുട്ടൻ. ബോൾ ഏത് സൈഡിലോട്ട് എറിഞ്ഞാലും ലെഗ് സൈഡിലോട്ട് മാത്രം ബാറ്റ് ചെയ്യുന്ന ഒരാൾ, എപ്പോഴും ചിരിക്കുന്ന ഒരു പാവം ആണ് കക്ഷി. ആ അവധി കഴിഞ്ഞ് അവർ താമസംമാറിപ്പോയി, പിന്നെ കണ്ടിട്ടേയില്ല. അങ്ങനെ പെട്ടെന്ന് വിട്ടുപോയ എത്രയെത്ര കൂട്ടുകാർ. 
എത്ര പറമ്പുകൾ മാറിമാറി കളിച്ചിട്ടുണ്ട്. ഓരോന്നും ഞങ്ങടെ ലോർഡ്സ് ഉം ഈഡൻ ഗാർഡനുമൊക്കെ ആയിരുന്നു. ഈഡൻ ഗാർഡനിൽ വാഴവച്ച് തോൽപ്പിക്കാൻ നോക്കിയ വീട്ടുകാരെയൊക്കെ ഹോംഗ്രൗണ്ട് മാറി വേറേ കിടിലൻ പിച്ച് വെട്ടി തോൽപ്പിച്ച ചരിത്രവുമുണ്ട്. ഗ്രൗണ്ടുകളെല്ലാം റബ്ബറിനും വാഴക്കും വഴിമാറിയപ്പോൾ, പലതവണ റബ്ബറിന്റെ കറ ചിരട്ടയിൽനിന്ന് തെറിച്ചുപോയപ്പോൾ, പല വീട്ടുകാരും ഓടിച്ചുവിട്ടപ്പോൾ തോൽക്കുമെന്ന് കരുതിയവർക്ക് തെറ്റി. മടൽ ബാറ്റിൽ എംആർഎഫ് എന്ന് എഴുതി ചങ്കൂറ്റത്തോടെ ടാർ റോഡിൽ കളിച്ചു. കളിനിയമങ്ങൾ ഞങ്ങൾതന്നെ ഉണ്ടാക്കി, ആ വരക്കപ്പുറം കിളത്തി അടിച്ചാൽ ഔട്ട്‌, ഒരുതവണ തറയിൽ കുത്തി വന്നാലും ക്യാച്ച് എടുത്താൽ ഔട്ട്‌, അങ്ങനെയങ്ങനെ എന്തെല്ലാം പുതിയ നിയമങ്ങൾ. എന്തൊക്കെ ത്യാഗം സഹിച്ചാലും, ഒരുനേരത്തെ ആഹാരം മുടക്കിയാലും ക്രിക്കറ്റ്‌ മുടങ്ങരുതെന്നു ഞങ്ങൾക്കെല്ലാം നിർബന്ധമുണ്ടാരുന്നു. പലരീതിയിൽ വീട്ടുകാർ അവഹേളിച്ചപ്പോഴും, പലതവണ ബാറ്റ് അടുപ്പിൽവച്ചപ്പോളും തോൽക്കാത്ത ഞങ്ങൾ പക്ഷേ തോറ്റത് പ്രായത്തിനോടാണ്, ഉത്തരവാദിത്തങ്ങളോടാണ്. അജയ് രാത്ര എന്ന ക്രിക്കറ്റ്‌ കളിക്കാരനെ ചിലപ്പോ അധികംപേർക്കൊന്നും അറിയില്ലാരിക്കും, പക്ഷേ അയാൾ ചെയ്ത ഒരു പറക്കും സ്റ്റമ്പിങ് ഉണ്ട്, അത് കണ്ട് ആവേശംകൊണ്ട് അങ്ങനെ പറന്നുചാടി കീപ്പ് ചെയ്ത എത്രയോ സന്ദർഭങ്ങൾ, ഓർക്കുമ്പോൾ ഇന്നും ആ ചാടിവീണ പല പറമ്പുകളും ഫോർകെ എച്ഡിയിൽ തെളിയുന്നു.

കിറുക്കന്മാരുടെ കളി, നശിപ്പിക്കാനുള്ള കളി, ഇതുകൊണ്ട് നീയൊക്കെ എന്തുനേടി, സച്ചിനും സേവാഗിനുമൊക്കെ ഡിഗ്രി ഉണ്ട് നീയൊക്കെ ഇങ്ങനെ ഈ നശിച്ച കളിയും കളിച്ച് ജീവിതം കളയത്തെ ഉള്ളു, ഇനി ഒരുത്തനേം ഈ പറമ്പിൽ കണ്ടുപോകരുത്, അങ്ങനെ ഞങ്ങൾ കാരണം എന്തെല്ലാം കുത്തുവാക്കുകൾ കേട്ടു പാവം ക്രിക്കറ്റ്‌. പക്ഷേ ഇന്നത്തെ ലോകം കാണുമ്പോൾ അറിയാതെയെങ്കിലും ഞങ്ങടെയൊക്കെ അച്ഛനും അമ്മയുമൊക്കെ ഓർക്കുന്നുണ്ടാവും മക്കൾ ക്രിക്കറ്റും സിനിമയും ലഹരിയായി കൊണ്ടുനടന്നത് എത്ര നന്നായി എന്ന്, അവർക്ക് വഴിതെറ്റിപ്പോവാൻ സമയമേ ഇല്ലായിരുന്നു എന്ന്. കൂട്ടായ്മകളും ഒന്നിച്ചുള്ള കളികളുമൊക്കെ ഇല്ലാതായതോടെ ഇന്ന് ലോകം മറ്റ് ലഹരികളിലേക്ക് അടിഞ്ഞുകൂടുന്നപോലെ. 

നാറ്റ്‌വെസ്റ്റ് ഫൈനലിൽ മുഹമ്മദ്‌ കൈഫ്‌ ജയിപ്പിച്ച ഇന്ത്യ ഇംഗ്ളണ്ട് കളി, ഗാംഗുലി ടീഷർട്ട് ഊരി കറക്കിവീശുന്ന രംഗം, മുൾട്ടാനിൽ സേവാഗ് അടിച്ച ട്രിപ്പിൾ സെഞ്ച്വറി,രണ്ടായിരത്തി ഏഴിൽ യുവരാജ് ഓരോവറിൽ അടിച്ച ആറ് സിക്സ്കൾ, ശ്രീശാന്ത് എടുത്ത ക്യാച്ചിലൂടെ നേടിയ കുട്ടിക്രിക്കറ്റ്‌ ലോകകപ്പ്‌ സ്കൂളിലിരുന്ന് കണ്ടത് , ഏപ്രിൽ രണ്ട് രണ്ടായിരത്തി പതിനൊന്നിന് ധോണി നേടിയ ലോകകപ്പ് കോളേജിലിരുന്ന് കണ്ടത്, ബ്രയാൻ ലാറയടിച്ച 375 റൺസ് മറികടന്ന് മാത്യു ഹയ്ഡൻ 380 അടിച്ചത്, അധികം വൈകാതെ ലാറ അത് 400 അടിച്ച് വീണ്ടും തിരുത്തിയത്, അങ്ങനെ എത്രയെത്ര കാര്യങ്ങൾ ഒന്നുരണ്ട് നിമിഷങ്ങളിൽ മനസ്സിൽ പിടയുന്നു. 
ഒരിക്കലും ഔട്ട്‌ ആവില്ലന്ന് തോന്നിപ്പിക്കുന്ന എത്രയെത്ര ബാറ്റ്സ്മാന്മാർ ഉണ്ടായിരുന്നു ഓരോ ടീമിലും, പ്രാകി ഔട്ട്‌ ആക്കാൻ നോക്കിയ ഒരുപാട് സന്ദർഭങ്ങൾ - ഓസ്ട്രേലിയയുടെ സ്റ്റീവ് വോ, മൈക്കിൾ ബെവൻ, ന്യൂസിലാണ്ടിന്റെ സ്റ്റീവൻ ഫ്ലമിങ്, പാക്കിസ്ഥാന്റെ മുഹമ്മദ്‌ യൂസഫ്, യൂനുസ് ഖാൻ, വെസ്റ്റ് ഇൻഡീസ്ന്റെ ശിവനാരായാൺ ചന്ദർപ്പോൾ, കാൾ ഹൂപർ, സൗത്ത് ആഫ്രിക്കയുടെ ഹാൻസി ക്രോണ്യ, ലാൻസ് ക്ലൂസ്‌നർ, ഇവരെയെല്ലാം എറിഞ്ഞിടാൻ നമുക്കുള്ളത് ജവഗൽ ശ്രീനാഥും വെങ്കടെഷ് പ്രസാദും അനിൽ കുംബ്ലയും, ഹൊ ഒരു കാലഘട്ടം ഓഫ് ഓർമ്മകൾ. 

പറമ്പ് നിറയുമ്പോൾ റോഡിൽ, റോഡിൽ വണ്ടികൾ കൂടുമ്പോ ആറ്റുമണലിൽ, അവിടെയും പറ്റിയില്ലെങ്കിൽ വീടിനുള്ളിൽ, ഹൊ ക്രിക്കറ്റ്‌ കളിക്കാത്ത ഇടങ്ങൾ ഇല്ല , ആ ബോൾ പതിക്കാത്ത സ്ഥലങ്ങൾ കുറവായിരുന്നു ഞങ്ങടെ നാട്ടിൽ. ഇടയ്ക്ക് ഓർക്കാപ്പുറത്ത് വരുന്ന മഴക്ക് ഒരു ശമനം വന്നു എന്ന് തോന്നിയാൽ പിച്ചിലെ വെള്ളം കോരിക്കളഞ്ഞ് പുതിയ മണ്ണിട്ട് ഒരു പ്രൊഫഷണൽ ടീമിനെപോലെ എത്ര പെട്ടന്നായിരുന്നു കളി തുടങ്ങിയിരുന്നത്. 

റേഡിയോയിൽനിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ, അവിടുന്ന് കളറിലേക്കും, കളറിൽനിന്ന് എച്ഡിയിലേക്കും, ഇന്നിപ്പോ ദാ തിയറ്ററുകളിലേക്കും എത്തിനിൽകുന്നു ക്രിക്കറ്റ്‌ മാച്ചിന്റെ പ്രക്ഷേപണം. വീട്ടുമുറ്റത്തുനിന്ന് അയല്പക്കങ്ങളിലേക്കും, അവിടുന്ന് ഗ്രൗണ്ടുകളിലേക്കും, അവിടുന്ന് ഇന്നത്തെ ടർഫുകളിലേക്കും മാറിമാറി ക്രിക്കറ്റുകളി ഒരു അനുഷ്ടാനംപോലെ നടന്നുകൊണ്ടേയിരിക്കുന്നു. 

പല ആക്ഷനിൽ പന്തെറിഞ്ഞ, പല സ്റ്റൈലിൽ ബാറ്റ് ചെയ്ത എന്റെ എല്ലാ ചേട്ടന്മാരെയും അനിയന്മാരെയും, വിരളമായി ക്രിക്കറ്റ്‌ കളിച്ച അനിയത്തിമാരെയും, ക്രിക്കറ്റ്‌ ഒരു വികാരമായി കൊണ്ടുനടന്ന, ഇന്നും കൊണ്ടുനടക്കുന്ന ഓരോ ക്രിക്കറ്റ്‌ പ്രേമിയെയും സ്നേഹത്തോടെ സ്മരിക്കുന്നു. നമ്മളെയെല്ലാം പല കാലഘട്ടങ്ങളിൽ ഒന്നിപ്പിച്ച ഈ മഹത്തായ ഗെയിമിനെ വന്ദിക്കുന്നു.