10 മണിയായി, എണീക്കാൻ താമസിച്ചു, ഓഫീസിൽ എത്താൻ ഉച്ചയാകും എന്ന് ദുസ്വപ്നം കണ്ടുണരുമ്പോഴാണ് ഫോണിൽ സമയം രണ്ടര എന്ന് കണ്ടത്. ആശ്വാസത്തോടെ ഒന്ന് കണ്ണടച്ചപ്പോഴേക്കും അലാറം അലറി ഉണർത്തി. തലയ്ക്ക് ഒരു അടി കിട്ടിയപോലെയാണ് തോന്നിയത്. സമയം 5.30. ഇനി ഓട്ടം. ഭാര്യയുടെ ഒപ്പം പാഞ്ഞ് പണികളൊക്കെ തട്ടിക്കൂട്ടി ഭക്ഷണവും വെള്ളവും എടുത്ത് ഓടി.അവളിപ്പോൾ കുഞ്ഞിനേംകൊണ്ടുള്ള ഓട്ടത്തിലായിരിക്കും. മെട്രോ കേറാൻ പോകുന്നവഴിയേ ഓർത്തു ഒന്ന് വയറുനിറച്ച് ഉറങ്ങാൻ പറ്റിയിരുന്നെങ്കിലെന്ന്. രാത്രി 10 മണിക്ക് കിടന്നാലും വെളുപ്പിനെ അഞ്ചരവരെയുള്ള ഉറക്കം അങ്ങോട്ട് മതിയാകാത്തപോലെ തോന്നും.
മെട്രോ സ്റ്റേഷനിലെ സെക്യൂരിറ്റിഗാർഡായ ചേച്ചി കുശലം ചോദിക്കുന്നതിനിടയിൽ മനസ്സിലായി അവർ രാത്രി 11 മണിക്ക് കിടന്നിട്ട് വെളുപ്പിനെ മൂന്നുമണിക്ക് എണീക്കുമെന്ന്. അവരെ ഞാൻ അത്ഭുദത്തോടെ നോക്കി. ഞാൻ സ്വപ്നം കാണുന്ന 11 മണിയും അവരുടെ യാഥാർഥ്യമായ 11 മണിയും തമ്മിൽ എത്ര അന്തരം ഉണ്ടെന്ന് ഞാൻ ചിന്തിച്ചു. ബഹുമാനംകൊണ്ട് മനസ്സിലൊരു സല്യൂട്ട് അടിച്ചപ്പോഴേക്കും മെട്രോ വന്നു. തിരക്കുപിടിച്ച് കേറി. ഓട്ടത്തിന് അല്പമൊരു ശമനം കിട്ടണേൽ ഇനി ഒരു 11 മണി ആകണം. പണ്ട് വയറുനിറയെ, മനസ്സുനിറയെ ഉറങ്ങിയെണീറ്റ അതേ 11 മണി.