Tuesday, 19 November 2024

ബിസ്കറ്റ്പാട്ട

ആരും കേൾക്കാനില്ലാതെ, ആരും അനുസരിക്കാതെ, അടുത്തുകൂടെ പോയാൽപോലും ആരും ഗൗനിക്കാതെ, എന്തൊരു ജീവിതമാണിത്. ഇന്ന് രാവിലെയൊരു കഞ്ഞി കുടിക്കാൻപോലും പ്രയാസം തോന്നി, വയറിനകത്തൊക്കെ ആകെയൊരു വേദന. തൊണ്ണൂറ് വയസ്സിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽമതി, ആത്മഗതം പറയുവല്ലാതെ ഇതൊക്കെ ആരോട് പറയാൻ. എന്റെ കയ്യിൽ ഒരുപാട് കഥകളുണ്ട് പറയാൻ, ഞാൻ കണ്ടറിഞ്ഞ ഒരുപാട് അനുഭവങ്ങളുണ്ട് പങ്കിടാൻ, പക്ഷെ ആർക്കുവേണം അതൊക്കെ. എല്ലാർക്കും തിരക്കാണല്ലോ. കൊച്ചുമക്കടെ മക്കളൊക്കെ മുന്നിലൂടെ ഓടിപ്പോകുന്നുണ്ട്, അവരെ ഉറക്കെയൊന്ന് വിളിക്കാൻപോലും പറ്റുന്നില്ല. ആവുന്നത്ര ശക്തിയെടുത്ത് വിളിച്ചുനോക്കി, അവരൊന്നും കേട്ടില്ലേ, അതോ കേട്ടിട്ടും താല്പര്യമില്ലാത്തോണ്ട് വരാത്തതാണോ എന്ന് മനസ്സിലാകുന്നില്ല. ഊണുമേശയുടെ ചുറ്റുമിരുന്ന് മക്കളൊക്കെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്, ഒന്നും ശരിക്ക് കേൾക്കാൻ വയ്യ. എന്നാലും എന്റെ മുഖത്തേക്ക് ഇടക്കൊക്കെ നോക്കുമ്പോ ഞാനും ചിരിച്ച് കാണിച്ചു, ഇനി എന്നെ കളിയാക്കി വല്ലോം പറഞ്ഞതാണോ ആവോ. കഷ്ടിച്ച് അൻപത് മീറ്റർ ഉണ്ട് മോളുടെ വീട്ടിലേക്ക്, അങ്ങോട്ടൊന്ന് പോണേൽ ആരെങ്കിലും കാറുമായിട്ട് വരണം. ഹ, കഷ്ടം. പണ്ടൊക്കെ പുല്ലുകെട്ടും തലയിൽവച്ച് എത്ര കാതം നടന്നതാ. 

ആകെ സമയംകൊല്ലാനുള്ളത് ഒരു പത്രമാണ്, പക്ഷെ അത് തിരിച്ചും മറിച്ചും പിന്നേംപിന്നേം വായിക്കുന്നതിന് ഒരു പരിധിയില്ലേ. അമ്മ കിടക്കുന്നില്ലേ എന്ന മോളുടെ സ്നേഹത്തോടെയുള്ള ചോദ്യം കേട്ടാൽ ചിലപ്പോഴെങ്കിലും തോന്നും ശല്യമൊഴിവാക്കാൻ നോക്കുകയാണെന്ന്. എങ്കിൽ പോയി കിടന്നേക്കാം, ആകെ എന്നെ വേണ്ടത് എന്റെ കട്ടിലിനുമാത്രമല്ലേ, പിന്നെ പാരസെറ്റമോളിനും.

ഉറക്കം വരുന്നേയില്ലെങ്കിലും പതിവുപോലെ കൺപോളകൾ വലിച്ചുമുറുക്കി കിടന്നു. കട്ടിലിനടുത്ത് പഴയൊരു പ്ലാസ്റ്റിക്പാട്ടയിൽ ബിസ്ക്കറ്റ് ഇട്ടുവച്ചിട്ടുണ്ട്. അതെടുക്കാനെങ്കിലും കുഞ്ഞുമക്കൾ ഓടിവരുമാരിക്കും എന്ന് കണക്കുകൂട്ടി ഉറക്കംനടിച്ചു. മണിക്കൂറുകൾ കടന്നുപോയി എന്ന് തോന്നുന്നു, ചിലപ്പോൾ മിനിട്ടുകളേ പോയിട്ടുണ്ടാവൂ. കുഞ്ഞുങ്ങളുടെ കലപില അടുത്തുവരുന്നത് കൊതിയോടെ ചെവിയോർത്തു. ആരോ മുറിയിൽ കയറിയിട്ടുണ്ട്. മുത്തശ്ശീ എന്നുപറഞ്ഞ് ഇപ്പൊ എന്നെ വന്ന് തട്ടിവിളിക്കുമാരിക്കും. ഞാൻ എണീക്കില്ല, മുമ്പേ നിങ്ങൾ ജാടയിട്ടതല്ലേ, ഇനി ഈ തൊണ്ണൂറുകാരിയുടെ ജാഡ ഒന്ന് കാണ്. 
പിന്നെയും മണിക്കൂറുകൾ കടന്നുപോയതുപോലെ. ആരും വിളിച്ചില്ല. കണ്ണുതുറന്നുനോക്കി, മുറിയിൽ ആരുമില്ല. എന്നെപോലെതന്നെ ആർക്കും വേണ്ടാത്ത ബിസ്കറ്റ്പാട്ട തനിച്ചിരിക്കുന്നുണ്ടാരുന്നു.

No comments:

Post a Comment