Friday, 1 November 2024

ഇതെന്ത് ഭാഷ

അയ്യത്തൂന്ന് കരിയാപ്പല പറിച്ചോണ്ട് വന്നാൽ സമ്മന്തി ഉണ്ടാക്കി തരാമെന്ന് അമ്മ പറഞ്ഞു. പോച്ചക്കകത്തൂടെ നടക്കുമ്പോ പാമ്പ് ഒണ്ടോന്ന് സൂക്ഷിച്ചോണമെന്ന് മുന്നറിയിപ്പും തന്നു. പണിക്ക് ഇച്ചേയി വന്നില്ല, കൊച്ചാട്ടന് സുഖമില്ലത്രേ. അതോണ്ട് അമ്മയ്ക്ക് സഹായി വേണം.

ഈ പറഞ്ഞതിൽ പല വാക്കുകളും പലർക്കും അറിയില്ലായിരിക്കും, എന്റെ കുഞ്ഞ് ചിലപ്പോ ഇതൊന്നും ജീവിതത്തിൽ കേൾക്കുകയും ഇല്ലായിരിക്കും.
 അയ്യം എന്നാൽ പറമ്പ്, കരിയാപ്പല എന്നാൽ കറിവേപ്പില, സമ്മന്തി ചമ്മന്തി, പോച്ച പുല്ല്, ഇച്ചേയി മുതിർന്ന ചേച്ചി, കൊച്ചാട്ടൻ അങ്കിൾ.
 
നാട്ടീന്ന് വർഷങ്ങളോളം മാറിനിന്ന് പഠിച്ചപ്പഴും മനപ്പൂർവം മറക്കാതിരിക്കാൻ ശ്രദ്ധിച്ച എന്റെ നാട്ടുഭാഷ പക്ഷെ ഞാനറിയാതെ എന്നെ വിട്ട് പോയിത്തുടങ്ങി. ഇന്ന് ഇഡലിയും സമ്മന്തിയുമാണെന്ന് അമ്മ പറഞ്ഞപ്പളും, വേണമെങ്കിൽ കരിയാപ്പലവച്ച് ഇവളൊരു തോരൻതന്നെ ഉണ്ടാക്കുമെന്ന് ചേട്ടൻ പറഞ്ഞപ്പളും ആ സത്യം ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്ക് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു "കവിയൻ തന്നിട്ടില്ലല്ലോ" എന്ന്. എന്താണ് സംഭവമെന്ന് മിഴിച്ച് നിന്നപ്പോഴേക്കും ട്രെയിനിലെ ഒരാൾ വന്ന് തലയണയ്ക്ക് കവർ തന്നു. കവിയൻ എന്നാൽ കവർ. തലയണ എന്നാൽ പില്ലോ. 

പണ്ടത്തെ രീതിവച്ചാണെങ്കിൽ അപ്പുച്ചേട്ടനിൽനിന്ന് അപ്പുക്കൊച്ചാട്ടനിലേക്ക് പരിണമിച്ചേനെ ഞാൻ, പക്ഷെ ഇന്ന് കൊച്ചാട്ടനല്ല അങ്കിൾ ആണ്.

ശക്തമായി എന്നല്ല ശക്ക്തമായി എന്ന് വ്യക്തമായി പറഞ്ഞിരുന്ന അപ്പൂപ്പനെ ഓർത്തുപോകുന്നു. കാലാന്തരത്തിൽ ഭാഷാഭേദങ്ങൾ ഇല്ലാതെയാകുന്നു, ഭാഷകൾ ഇല്ലാതെയാകുന്നു. 

No comments:

Post a Comment