പണ്ടത്തെയൊരു വെളുപ്പാൻകാലം മനസ്സിൽ വന്നു. അമ്മ വന്ന് തട്ടിയുണർത്തി. എന്താ പതിവില്ലാതെ ഇത്ര നേരത്തെ എന്ന് ആലോചിച്ച് അടുക്കളയിലേക്ക് നടന്നു. കറണ്ടില്ല, മെഴുകുതിരി വെളിച്ചത്തിൽ കണ്ടു - അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. കുറച്ചുപേർ കട്ടൻചായയൊക്കെ കുടിക്കുന്നുണ്ട്,ബാക്കിയുള്ളവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അങ്കലാപ്പിലാണ്. സംഭവം എന്താണെന്ന് മനസ്സിലാവാൻ കുറച്ചധികം സമയമെടുത്തു. ആറ് കരകവിഞ്ഞ് പറമ്പിൽ എത്തിയിരിക്കുന്നു. ചുറ്റുമുള്ള ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി. എന്റെ വീട് അൽപ്പം ഉയരത്തിൽ ആയതുകൊണ്ട് ആളുകളൊക്കെ ഇവിടെ കൂടിയിരിക്കുന്നു. നേരം വെളുത്തു തുടങ്ങി, ചുറ്റുമുള്ള വെള്ളത്തിന് അത്യാവശ്യം നല്ല ഒഴുക്കൊക്കെ ഉണ്ട്. കിണറിന്റെ തറയിലൂടെ ചെറിയ പാമ്പുംകുഞ്ഞുങ്ങൾ ഇഴഞ്ഞു നടക്കുന്നു, ധൈര്യശാലികളായ ചില ചേട്ടന്മാർ വീർപ്പിച്ച സൈക്കിൾട്യൂബിൽ പിടിച്ച് നീന്തി നടക്കുന്നു. വീണുകിട്ടിയ അവസരം മുതലാക്കി ബഡായിവീരന്മാരിൽ ഒരാൾ പറഞ്ഞു "മുതലിറങ്ങിയിട്ടുണ്ടത്രേ".
കുറച്ചുകൂടി കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദം. കഷ്ടിച്ച് രണ്ടടി അകലം ഉണ്ട് വീടും കിണറും തമ്മിൽ. അതിന്റെ ഇടയിലേക്ക് ഏകദേശം അത്രതന്നെ വീതിയുള്ള ഒരു റബ്ബർമരം വന്നു വീണിരിക്കുന്നു. ആ മരം അന്ന് കാണിച്ച സ്നേഹവും കരുതലുംകൊണ്ട് കുറച്ചുപേർ രക്ഷപ്പെട്ടു. ഒരല്പം ഇങ്ങോട്ട് മാറിയിരുന്നെങ്കിൽ അന്ന് വീട്ടിൽ കൂടിയിരുന്ന ആരെങ്കിലുമൊക്കെ മരിച്ചു പോയേനെ, ഞാനും. കുറച്ചുകൂടി കഴിഞ്ഞ് വള്ളത്തിൽ ആളുകളെയൊക്കെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഞങ്ങളും കുറച്ച് അപ്പുറത്തെ ഒരു വീട്ടിലേക്ക് മാറി. ഉച്ച ആയപ്പോഴേക്കും വെള്ളമൊക്കെ ഇറങ്ങി, ആളുകളൊക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയി.
ഇന്നും അതുതന്നെയാണ് പ്രതീക്ഷ, ഉച്ചയാവുമ്പോഴേക്കും വെള്ളം ഇറങ്ങുമെന്ന്. പക്ഷേ അന്നത്തെ ഒരു ധൈര്യം ഇന്ന് മനസ്സിന് തോന്നുന്നില്ല. അന്ന് എന്തിനും ഏതിനും ഒരുപാട് ആളുകൾ കൂടെയുണ്ടായിരുന്നു. ഇന്നിപ്പോ ഒരേ കെട്ടിടത്തിൽ വേറെ നൂറുപേർ ഉണ്ടെങ്കിലും മൊത്തത്തിൽ തനിച്ചായതുപോലെ, ആകാശം വെട്ടിപ്പിടിക്കാൻ കൂടുവിട്ടുപോയ പല പക്ഷിക്കുഞ്ഞുങ്ങളിൽ ഒരാളല്ലേ ഞാനും.
No comments:
Post a Comment