ഒരു പ്രായം കഴിയുമ്പോൾപ്പിന്നെ ഓരോ ചെറിയ കാര്യങ്ങളിലും ഒരുപാട് പഴയ ഓർമ്മകൾ നിറയും. ഫോണിൽ പാട്ടുകൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. ബാക്സ്ട്രീറ്റ് ബോയ്സിന്റെ 'ഷോ മീ ദി മീനിങ്' തുടങ്ങിയതും മനസ്സ് ചെന്നെത്തിയത് ആ വലിയ വീട്ടിലാണ്. പതുപതുത്ത സോഫയിലിരുന്ന് ടിവി കാണുമ്പോൾ സോണി എറിക്‌സന്റെ ഒരു കറുത്ത ഫോൺ ബെല്ലടിക്കുന്ന രംഗം. പേരമ്മയ്ക്ക് ഓഫീസിൽനിന്ന് വന്ന ഏതോ കോൾ. അടിപൊളി സ്പ്രേയും സൂപ്പർ സാരിയുമൊക്കെയായി എപ്പോഴും തിരക്കിൽ ഓടിയിരുന്ന പേരമ്മ. ഡമ്പെലുകളുമായി സ്ഥിരം മല്പിടുത്തം നടത്തിയിരുന്ന മൂന്ന് ചേട്ടന്മാർ, ബാക്ഗ്രൗണ്ടിൽ വലിയ സ്പീക്കറിൽ ഓടിക്കൊണ്ടിരിക്കുന്ന 'കഹോ ന പ്യാർ ഹെ' പോലെയുള്ള ഹിന്ദി പാട്ടുകൾ.ദേഹം മുഴുവൻ എണ്ണതേച്ച് കുളിക്കാൻ റെഡി ആകുന്ന പേരപ്പൻ, ചേട്ടന്മാർ സ്റ്റെപ് ഇറങ്ങി വരുന്നവഴിയേതന്നെ അപ്പൂപ്പനോട് 'ഗുഡ് മോണിംഗ് അപ്പൂപ്പാ' എന്ന് ഉറക്കെ പറയുന്ന രംഗം. എക്‌സികുട്ടൻ രാവിലെതന്നെ എങ്ങോട്ടാ എന്ന് ചോദിച്ചുകൊണ്ട് ഞാൻ ഇൻ ചെയ്ത ഷർട്ട് വലിച്ച് വെളിയിലിടുന്ന ചേട്ടന്മാർ, കോളർ ബട്ടൺ അഴിച്ചുതന്നിട്ട് ഒരു ഉപദേശംകൂടെ ' പെൺപിള്ളേർക്ക് ഇങ്ങനെയാടാ ഇഷ്ടം '. ഫോണിൽ പാട്ട് നിന്നു. ഇന്ന് പേരമ്മയില്ല, പേരപ്പനില്ല, ആ വീട്ടിൽ ചേട്ടന്മാരുമില്ല. ആ വീടിന്റെ പാട്ടും നിന്നുപോയതുപോലെ. ഒന്നാലോചിച്ചാൽ എല്ലാ വീടും അങ്ങനെതന്നെയല്ലേ, അച്ഛനും അമ്മയും ഇല്ലെങ്കിൽ പിന്നെ എന്ത് പാട്ട്.
അടുത്ത പാട്ട് തുടങ്ങി "ജലക്ക് ദിഖലാജ ". ഹിമേഷ് റെഷമ്മിയയുടെ ഏറ്റവും വലിയ ആരാധകനായ കൂട്ടുകാരനെ ഓർത്തു, ഒൻപതാം ക്ലാസ്സിലെ ഒരുവർഷക്കാലം, ഉത്തർപ്രദേശിലെ ജീവിതകാലം മനസ്സിൽ മിന്നിത്തെളിഞ്ഞു. മിലിറ്ററി ഗ്രൗണ്ട്, അതിലൂടെ ഓടിനടക്കുന്ന വൃത്തികെട്ട പന്നിക്കുട്ടന്മാർ, അവരെ കുടുക്കെറിഞ്ഞ് പിടിക്കാൻ ബൈക്കിൽ പാഞ്ഞുവരുന്ന ആളുകൾ, എക്സ്പ്ലോർ ചെയ്ത പല പുതിയ സ്ഥലങ്ങൾ, കോട്ടകൾ, മുൻപെങ്ങുമില്ലാത്ത സ്വാതന്ത്ര്യം, ഹാ എത്രയെത്ര ഓർമ്മകൾ.
3 ഇടിയറ്റ്സ് ലെ "ഗിവ് മി സം സൺഷൈൻ" ഓടിത്തുടങ്ങിയപ്പോൾ പെട്ടന്ന് കോളേജിലെ ഫസ്റ്റ് ഇയർ തെളിഞ്ഞു. കൂട്ടുകാരന്റെ ഫോണിൽനിന്ന് ഈ പാട്ട് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ഭീമാകാരമായ ഇരുമ്പ്റോളർ വലിച്ച് ഗ്രൗണ്ട് ലെവൽ ആക്കുകയായിരുന്നു ഞങ്ങൾ. സ്പോർട്സ്ഡേയുടെ ഒരുക്കം. മേൽനോട്ടത്തിന് സീനിയർ കൂടെത്തന്നെയുണ്ട്. കോളേജിലും ഒരുപാട് സന്തോഷവും സങ്കടവും നിറഞ്ഞ പല ഓർമ്മകൾ.
അങ്ങനെയങ്ങനെ പാട്ടുകളും ഓർമ്മകളും അന്തമില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
No comments:
Post a Comment