Wednesday, 20 November 2024

വിരോധാഭാസം

രാവിലെ നേരത്തെ എണീറ്റു, വല്ലാത്ത ഉത്സാഹമാണ് സ്കൂളിൽ പോകാൻ. വണ്ടി നോക്കിനിന്ന് കണ്ണുകഴച്ചു, എല്ലാവരും വൈകിയോടുന്നപോലെ. നിറഞ്ഞ ചിരിയും കുറച്ച് ജാഡയുമായി ക്ലാസ്സിലേക്ക് കയറിച്ചെന്നു. ഞാനാണ് എല്ലാവരുടേം നോട്ടപ്പുള്ളി. എല്ലാവരും പറ്റിക്കൂടിയൊക്കെ നടപ്പുണ്ട്. ടീച്ചർ വന്നു. എന്നെ ചൂണ്ടി പറഞ്ഞു, "ഇങ്ങ് വാ, മുന്നിൽവന്ന് നിക്ക് ". ആ പറച്ചിലിന് സാധാരണ പറയുന്ന ടോൺ അല്ല. കാത്തിരുന്ന നിമിഷം വന്ന സന്തോഷത്തിൽ ഞെളിഞ്ഞ് ചെന്ന് മുന്നിൽ നിന്നു. എല്ലാരൂടെ 'ഹാപ്പി ബർത്ഡേ ടൂ യൂ' നീട്ടി പാടുമ്പോൾ ഉള്ളാലെ പുളകംകൊണ്ടു, ലോകം കാൽക്കീഴിൽ അമർന്നു. ചിലരുടെയൊക്കെ ബർത്ഡേ അഹങ്കാരത്തിന്റെ കണക്ക് ഇന്ന് തീർക്കണം. ആ ലാസ്റ്റ് ബെഞ്ചിലിരിക്കുന്നവൻ അവന്റെ ബർത്ഡേയ്ക്ക് എക്സ്ട്രാ ഒരു മുട്ടായിപോലും തന്നില്ല, ഇന്ന് അവനതിന്റെ വിലയറിയും, പിന്നെ ദോ ആ കൊച്ച്, എന്താരുന്നു പറഞ്ഞേ "പച്ചപ്പുല്ലേ താമരപ്പുല്ലേ നിന്നോടിനിയും കൂട്ടില്ല " എന്ന്, അല്ലേ. ശരിയാക്കിത്തരുന്നുണ്ട് എല്ലാത്തിനും. അങ്ങനെയങ്ങനെ മനസ്സുകൊണ്ട് ആയിരം കോട്ടകൾകെട്ടി എല്ലാരുടെയും ഇടയിലൂടെ ഒരു ജേതാവിനെപ്പോലെ മുട്ടായി വിതരണത്തിന് നടന്നു. എല്ലാവർക്കും കൊടുത്തുകഴിഞ്ഞാണ് യഥാർത്ഥ വിതരണം, തിരഞ്ഞുപിടിച്ച് കണക്കുതീർത്തുള്ള രണ്ടാമത്തെ റൗണ്ട്. ബെസ്റ്റ് ഫ്രണ്ട്ന് കൈനിറയെ കൊടുത്തു, പിന്നെ ഓരോരുത്തർക്കും എന്റെ മനസ്സിലെ അവരുടെ ഗുഡ് സർട്ടിഫിക്കറ്റനുസരിച്ച് എണ്ണം കൂടിയും കുറഞ്ഞുമിരുന്നു. ഒടുക്കം മുട്ടായി പാക്കറ്റ് കാലി. വൈകുന്നേരമായപ്പോഴേക്കും ക്ലാസ്സിന്റെ തറമുഴുവൻ മുട്ടായിക്കവറിന്റെ വർണനിറം. അതൊരു കാലം. 

കുഞ്ഞായിരിക്കുമ്പോ ബർത്ഡേയ്ക്കുവേണ്ടി കൊതിച്ചിട്ടുണ്ട്. ബർത്ഡേ വേനലവധിക്കായിപ്പോയ ഹതഭാഗ്യവാന്മാരെയോർത്ത് സഹതപിച്ചിട്ടുണ്ട്. വളരുംതോറും ബർത്ഡേകളുടെ ആഡംബരം കുറഞ്ഞുതുടങ്ങി, ക്ലാസിൽ കൊടുത്തിരുന്ന ഒരു പാക്കറ്റ് മുട്ടായിക്ക് പകരം വൈകുന്നേരങ്ങളിൽ അമ്മ കൊണ്ടുവരുന്ന 5 രൂപയുടെ മഞ്ച് മുട്ടായി മാത്രമായി ബർത്ഡേ ആഘോഷം. പിന്നെയും കാലം കഴിഞ്ഞപ്പോൾ ബർത്ഡേകൾ വേദനിപ്പിക്കാൻ തുടങ്ങി. പത്താം ക്ലാസ്സിലെ ബർത്ഡേയ്ക്ക് ഒരു കൂട്ടുകാരന്റെ ഷർട്ടും വേറൊരാളുടെ പാന്റുമൊക്കെയിട്ട് ഷൈൻ ചെയ്യാൻ പോയതാ. പഠിക്കുന്ന സമയത്ത് പെർമിഷൻ എടുക്കാതെ ശബ്ദകോലാഹലമുണ്ടാക്കി (ക്ലാസ്സിലെ ബർത്ഡേ പാട്ട് ) എന്നുപറഞ്ഞ് എല്ലാവരുടെയും മുന്നിൽവച്ച് പ്രിൻസിപ്പൽ തല്ലിയത് എന്തൊരു അപമാനകരമായിരുന്നു. പിന്നെയുമതുപോലെ പല ബർത്ഡേകളിലും പലരുടെയും പ്രത്യേകിച്ച് മേലുദ്യോഗസ്ഥരുടെയൊക്കെ അപ്രീതിക്ക് പാത്രമായിരിക്കുന്നു. 
ജനിച്ചതും കല്യാണംകഴിച്ചതും ഒരേ മാസമാണെന്ന് സന്തോഷിച്ചപ്പോൾ വേണ്ടപ്പെട്ടവരുടെ മരണംകൂടി ഇതേ മാസത്തിലാക്കി വിധി വീണ്ടും ജീവിതം കോംപ്ലക്സ് ആക്കി. അങ്ങനെയങ്ങനെ പലരീതിയിൽ ബർത്ഡേയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും ഇല്ലാതെയായി.

ഇന്നിപ്പോ ഞാൻ മറന്ന എന്റെ ബർത്ഡേ ഓർമിപ്പിക്കാൻ മത്സരിക്കുന്നത് മുൻനിര കമ്പനികളാണ്. എസ് ബി ഐ, പല ഇൻഷുറൻസ് കമ്പനികൾ , ചെക്കപ്പിന് പോയ ക്ലിനിക്, എന്തിനേറെ പറയുന്നു ഞാൻ മുൻപ് ജോലിചെയ്തിരുന്ന കമ്പനി ഇപ്പോളും കരുതുന്നു ഞാൻ അവിടെത്തന്നെയാണെന്ന്. 


രാവിലെ കുഞ്ഞ് വഴക്കിട്ടു "ഇന്ന് അച്ഛന്റെ ബർത്ഡേ അല്ല എന്റെയാ " എന്ന്. പണ്ടാരുന്നെങ്കിൽ എല്ലാരോടും വഴക്കിട്ടേനെ "ഇന്ന് എന്റെ ബർത്ഡേ ആണ് " എന്നുപറഞ്ഞ്, വേണമെങ്കിൽ അത് സ്ഥാപിക്കാൻ യുദ്ധംവരെ ചെയ്തേനെ. ഇന്നിപ്പോ ബർത്ഡേ വേണ്ട. അത്കൊണ്ട് സമ്മതിച്ചുകൊടുത്തു " ആഡാ, ഇന്ന് നിന്റെ ബർത്ഡേ ആ, അച്ഛന്റെയല്ല ". 

No comments:

Post a Comment