Tuesday, 7 January 2025

സൗഹൃദം

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ പല കൂട്ടുകാർ ഇല്ലേ. പല കാലങ്ങളിൽ നമ്മളെ രൂപപ്പെടുത്തിയ, നമ്മടെ നല്ലതും ചീത്തയും രാകിമിനുക്കി നമ്മളാക്കിയ നമ്മുടെ കൂട്ടുകാർ. അവർക്കെല്ലാംവേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് 'പല്ലൊട്ടി 90'സ് കിഡ്സ്‌ ' എന്ന സിനിമ. 
പുതിയ കാലത്തിന്റെ മുഖമുദ്രയായ ലുലുവിൽ PVR ഇൽ ഇരുന്ന് ഈ സിനിമ കാണുമ്പോൾ എന്റെ തൊട്ടടുത്ത സീറ്റിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു അപ്പൂപ്പനുണ്ടായിരുന്നു, പഴമയിലേക്ക് ക്ഷണിക്കുന്ന ഈ സിനിമയ്ക്ക് ചേർന്ന ഒരു അയൽക്കാരൻ. ഗൃഹാതുരത്വം തലയ്ക്കുപിടിച്ച ഏതൊരാളെയും ചിന്തിപ്പിക്കുന്ന, നോവിക്കുന്ന, സ്നേഹിക്കുന്ന ഒരു സിനിമ എന്ന നിലയിൽ എന്റെ ഉള്ളിൽനിന്ന് ഒരു 100 മാർക്കുംകൊണ്ട് ഓടിയകലുന്നു ഈ ചിത്രം. 
സിനിമകഴിഞ്ഞ് ഇറങ്ങുമ്പോൾ പല കണ്ണുകളിലും വെറുതെ ഒന്ന് നോക്കി, അവർക്കൊക്കെയും ഇഷ്ടമായിക്കാണുമോ ഈ സിനിമ എന്ന് അറിയാനൊരു ആഗ്രഹം. എന്തോ, എന്റെ ഒരുപാടുനാളത്തെ വിയർപ്പും കഷ്ടപ്പാടും ചേർത്ത് ഞാൻ ഇറക്കിയ പടമാണെന്നുപോലും തോന്നിപ്പോകും എന്റെ ആകാംഷ കണ്ടാൽ. പല കണ്ണുകളിലും ഒരു നഷ്ടബോധം കണ്ടു ഞാൻ . അപ്പോൾ എന്റെ മുന്നിൽ നടന്നകലുകയായിരുന്നു ആ അപ്പൂപ്പൻ. അദ്ദേഹം ഏത് സുഹൃത്തിനെയായിരിക്കും ഈ പടം കാരണം ഓർത്തിട്ടുണ്ടാവുക. എന്റെ മനസ്സിൽ ഏതായാലും ഒന്നിലധികം മുഖങ്ങൾ തെളിഞ്ഞുവന്നു - തോർത്തുകൊണ്ട് മീൻ പിടിത്തം , കാക്കത്തണ്ടിന് ഉജാലകൊണ്ട് നിറം കൊടുക്കൽ , ഇലകൊണ്ട് ടോസ് ഇടൽ, അക്കുകളി, ചുണ്ടക്കകൊണ്ട് കണ്ണ് ചുവപ്പിക്കൽ, ബൈക്ക് ഓടിക്കൽ, അങ്ങനെയങ്ങനെ എനിക്ക് മറവി ബാധിക്കുംവരെ വിട്ടുപോകാത്ത, ഇമ്പമുള്ള ഓർമകൾക്ക് വളമായവരുടെ മുഖങ്ങൾ. നീന്തൽ പഠിപ്പിച്ച അപ്പൂപ്പനും സൈക്കിൾ പഠിപ്പിച്ച അച്ഛനും സിനിമാപ്രാന്തനാക്കിയ ചേട്ടനും സൗഹൃദത്തിന്റെ ശിഖരങ്ങൾതന്നെ.

Monday, 6 January 2025

എന്റെ ഇച്ചേയിമിന്നൽ

ലൗഡ്സ്പീക്കർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ 'മൈക്ക്' എന്ന കഥാപാത്രത്തെ അറിയില്ലേ, അതിലും ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുണ്ട് എന്റെ നാട്ടിൽ - രത്നമ്മ ഇച്ചേയി. എല്ലാവരും ഇച്ചേയി എന്നാണ് വിളിക്കുന്നത്, അതുകൊണ്ട് ഞാനും അങ്ങനെതന്നെ വിളിച്ചു. അമ്മ ഓഫീസ്ജോലിക്കാരിയായതുകൊണ്ട് എന്റെ കുഞ്ഞുനാളിലൊക്കെ ദിവസത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ചിലവഴിച്ചിരുന്നത് ഈ രത്നമ്മിച്ചേയിയുടെ കൂടെയായിരുന്നു. ഇച്ചേയി ഒരു കിലോമീറ്റർ അപ്പുറത്തുനിന്ന് വരുന്നുണ്ടെന്നുള്ളത് ഇവിടുന്നേ അറിയാം. നമ്മളെ ദൂരെ കാണുമ്പോഴേ മൈക്ക്‌വച്ച് ഉച്ചത്തിൽ പറയുന്നതുപോലെ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരിക്കും വരവ്. നാട്ടിലെ എല്ലാ കഥകളും ഇച്ചേയിക്ക് അറിയാം. അന്നൊന്നും മൊബൈൽ ഫോണും വാട്ട്സ്ആപ്പും ഇല്ലാത്തതുകൊണ്ട് ആ പണിയൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നത് ഇച്ചേയി ആയിരുന്നു. പലരും കുറ്റമൊക്കെ പറയുമെങ്കിലും എന്റെ മനസ്സിൽ ഇചേയിക്ക് എപ്പോഴും ഒരു നന്മയുടെ മുഖമാണ്. എന്റെ കുഞ്ഞുനാളിലെ എല്ലാ ഓർമ്മകളിലും ഈച്ചേയി കൂടെയുണ്ട്, അത് നല്ലതായാലും ചീത്തയായാലും.  എപ്പോഴോ അമ്മ ചട്ടുകംവെച്ച് എന്റെ തുടയിൽ പഴുപ്പിച്ചു, അത്രയ്ക്ക് കുസൃതിയായിരുന്നു ഞാൻ, ആ സന്ദർഭത്തിലും ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്ന ഇച്ചേയിയുടെ മുഖം ഞാൻ ഓർക്കുന്നു. 
ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ആളാണ് രത്നമ്മ ഇച്ചേയി. തൂപ്പ്, തുടപ്പ്, തുണിയലക്കൽ, പാചകം ചെയ്യൽ അങ്ങനെ എരിപൊരി ഉത്സവം തന്നെയാണ് എപ്പോഴും. ഇച്ചേയി ഉണ്ടാക്കുന്ന ഉണ്ണിയപ്പം, ശർക്കര വരട്ടി, ഉപ്പേരി, ഏത്തക്ക അപ്പം, ഇതൊക്കെ ഒരുകാലത്ത് എന്റെ രസമുകുളങ്ങളെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. അതിൽ ഏറ്റവും സ്പെഷ്യൽ ഇച്ചേയി ഉണ്ടാക്കുന്ന ചക്കവരട്ടിയത് ആയിരുന്നു. ഇച്ചേയിയും കൊച്ചാട്ടനും കൂടിയാണ് അത് ഉണ്ടാക്കുന്നത്, ഇച്ചേയിയുടെ സ്വന്തം കുഞ്ഞുമോൻ കൊച്ചാട്ടൻ. ഭർത്താവിനെ ഇച്ചേയി വിളിക്കുന്നത് വീട്ടിലെ ചേട്ടൻ എന്നായിരുന്നു. എനിക്ക് ഓർമ്മയുള്ള കാലംതൊട്ടേ കുഞ്ഞുമോൻ കൊച്ചാട്ടന് കാലിൽ ആണിയാണ്, അതുകൊണ്ട് ഒരു പ്രത്യേക രീതിയിലാണ് നടപ്പ്. കുഞ്ഞുമോൻ കൊച്ചാട്ടനും ഗോപി കൊച്ചാട്ടനും ആയിരുന്നു അപ്പൂപ്പന്റെ അടുത്ത കൂട്ടുകാർ, ബീഡിവലി - കള്ളുകുടി കമ്പനിക്കാർ. അങ്ങനെ ആയതുകൊണ്ട് ചെറിയൊരു അനിഷ്ടം ഉണ്ടായിരുന്നു എനിക്ക് അവരോട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചേട്ടന്മാരിൽ ഒരാളായിരുന്നു വാസു ചേട്ടൻ, ഇച്ചേയിയുടെ മകൻ. ഇവരെയെല്ലാം ചുറ്റിപ്പറ്റിയുള്ള കുഞ്ഞുനാളിലെ ജീവിതം എത്ര മനോഹരമായിരുന്നു. മറ്റുള്ളവർ പറയുന്നത് വെച്ചല്ല, നമ്മുടെ അനുഭവങ്ങളിലൂടെ വേണം ആളുകളെ വിലയിരുത്താൻ എന്നുള്ള പാഠം എന്റെ മനസ്സിൽ പണ്ടേ കയറിക്കൂടിയതാണ്. അതുകൊണ്ടുതന്നെ ഞാൻ മേലെ പറഞ്ഞ ആളുകളെപ്പറ്റി മറ്റാരൊക്കെ കുറ്റംപറഞ്ഞാലും എന്റെ മനസ്സിൽ ഇവർക്കൊക്കെ ദിവ്യമായ ഒരു പരിവേഷമാണ് എന്നും. 
 വളർച്ചയുടെ പടവുകൾ കയറും തോറും ഇവരുമായുള്ള അകലമൊക്കെ കൂടിക്കൂടി വന്നു. എല്ലാവരും അവരവരുടേതായ ജീവിതം തേടി പലവഴിക്ക് പോയി. വാസുച്ചേട്ടനെയൊക്കെ കണ്ട കാലം തന്നെ മറന്നു. ഇന്ന്, ഒരുപാട് നാളുകൾക്കു ശേഷം ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുവന്നു. കുറച്ച് അകലേന്ന് വലിയവായിൽ ഒച്ച കേൾക്കാം, ഇച്ചേയി വരുന്നുണ്ട് എന്നുള്ളതിന്റെ അറിയിപ്പാണ്. ഒരുപാട് സന്തോഷത്തോടെ, ആഗ്രഹത്തോടെ ഇച്ചേയിയെ നോക്കി ഞാൻ വീടിനു വെളിയിലിറങ്ങി. കുറേനേരം കഴിഞ്ഞ് ആള് വന്നു. കൊല്ലിയാൻ എന്നോ കൊള്ളിയാൻ എന്നോ ഒക്കെയാണ് മിന്നലിന് ഞങ്ങൾ പറഞ്ഞിരുന്നത്. മിന്നൽ വന്ന് അല്പം കഴിഞ്ഞല്ലേ ഇടി വരൂ, അതുപോലെയാണ് ഇച്ചേയിയും. ഇന്ന് പക്ഷേ കുറച്ചധികംനേരം കഴിഞ്ഞാണ് ആള് വന്നത്. വയസ്സായി, ഒരുപാട് ക്ഷീണിച്ചു, പിടിച്ചുപിടിച്ചൊക്കെയാണ് നടക്കുന്നത്. കണ്ടപ്പോ തന്നെ മനസ്സിൽ ഒരു കഷ്ടം തോന്നി. എന്നെ പിടിച്ച് നടത്തിയിട്ടുള്ള, എന്റെ ഒപ്പം ഓടിയിട്ടുള്ള ആളാണ് ഈ പിടിച്ചുപിടിച്ചു വരുന്നത്. ആള് തളർന്നെങ്കിലും ആളുടെ മനസ്സിലുള്ള സ്നേഹത്തിന് യാതൊരു തളർച്ചയും ഇല്ല. എന്റെ മക്കളേ എന്ന് വിളിച്ച് പറ്റുന്നത്ര വേഗതയിൽ വന്നു. എന്തൊക്കെയോ വാതോരാതെ സംസാരിച്ചു. ഇപ്പൊ കേഴ്‌വിയും തീരെ കുറവ്,അതുകൊണ്ട് അങ്ങോട്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല. കുറെക്കഴിഞ്ഞ് വേച്ചുവേച്ച് തിരിച്ചുപോയി. ഇനി പറമ്പിലെ പണിക്കൊന്നും വരണ്ട എന്ന് അമ്മ പറയുന്നുണ്ട്, ഇവിടെയെങ്ങാനും വീണുപോയാൽ ആരും കാണത്തില്ല എന്നാണ് അമ്മയുടെ ടെൻഷൻ. ഇനി എന്നെങ്കിലും ഇച്ചേയിയെ കാണുമോ എന്നുള്ളതാണ് എന്റെ ടെൻഷൻ. ഇച്ചേയി ഒരിക്കലും കിടപ്പിലായിപ്പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആളും ബഹളവുമില്ലാത്ത ഒച്ചയില്ലാത്ത ഒരു ജീവിതം അവർക്ക് സങ്കൽപ്പിക്കാനേ കഴിയില്ല, വേറെ ആർക്കും ഇച്ചേയിയെ അങ്ങനെ സങ്കൽപ്പിക്കാനും കഴിയില്ല. മിന്നലിനോട് ചേർന്നുതന്നെവരുന്ന ഇടിമുഴക്കംപോലെ പെട്ടെന്നൊരുദിവസം അവർ അവസാനിക്കട്ടെ. മനസ്സ്നിറച്ച ഒരുപാട് ഓർമ്മകളുമായി അതാ അവർ നടന്നും നിരങ്ങിയും അകലുന്നു, എന്റെ രത്നമ്മിച്ചേയി. 

Saturday, 4 January 2025

ഉപാസന

റാന്നിയുടെ സ്വന്തം ചാനലായ citi tv ഇൽ വാർത്ത ഓടിക്കൊണ്ടിരിക്കുന്നു. ഈ ചാനൽ ആരെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിലെന്ന് അക്ഷമയോടെ കാത്തിരുന്നപ്പോ ദാ താഴെ ഒരു ബ്രേക്കിങ് ന്യൂസ്‌ സ്ക്രോൾ ചെയ്ത് പോകുന്നു - നാളെ റാന്നി 'ഉപാസന'യിൽ 'കുരുക്ഷേത്ര' റിലീസ് ചെയ്യുന്നു. ബി ക്ലാസ്സ്‌ തിയേറ്ററുകൾക്ക് റിലീസ് അനുവദിച്ച വാർത്ത തലേന്ന് വന്നതേ ഉള്ളു. നെഞ്ച് പടപടാ ഇടിച്ചു, പിന്നെ എല്ലാം ധ്രുതഗതിയിൽ. കൂട്ടുകാരെ വിളിക്കുന്നു, ഡീൽ ഒറപ്പിക്കുന്നു, പിറ്റേന്ന് രാവിലെ ആകാൻ വെമ്പലോടെ കിടന്നുറങ്ങുന്നു. രാവിലെ ആയോ എന്നറിയാൻ പലതവണ ഉറക്കമുണർന്നുനോക്കി, ഒടുക്കം രാവിലെ ആയി. ജീവിതത്തിൽ മുൻപ് ഇത്ര ആവേശത്തോടെ ഉറക്കമുണർന്നത് ആകെ ഒരുതവണയേ ഉള്ളു എന്നാണ് ഓർമ്മ, സ്കൂളിന്ന് ടൂർ പോകാനുള്ള ദിവസം. എന്തായാലും ആഗ്രഹം കടുത്തതായതുകൊണ്ട് ലോകംമുഴുവൻ അത് നടത്തിത്തരാൻ ഒത്തുചേർന്നു,പലവഴികൾ ഒന്നായി, കൂട്ടുകാരെല്ലാം ഒത്തുചേർന്ന് ആഘോഷത്തോടെതന്നെ സിനിമക്ക് പോയി. ആ തിയേറ്റർ അന്നേവരെ കണ്ടിട്ടില്ലാത്തത്ര തിരക്ക്. എങ്ങനൊക്കെയോ ടിക്കറ്റുകൾ ഒപ്പിച്ച് പടത്തിനു കയറിയതും ഇടക്ക് കൊറിക്കാൻ ഒന്നും വാങ്ങാൻ കാശില്ലാതിരുന്നതുമൊക്കെ ദാ മിന്നിമറഞ്ഞുപോണു മനസ്സിന്റെ തിരശ്ലീലയിൽ. ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം....,, ഒരു യാത്രാമൊഴിയോടെ വിടവാങ്ങും പ്രിയസന്ധ്യേ...... 
അന്ന് ചുറ്റും കൂട്ടുകാർ നിറഞ്ഞ്, തിയേറ്റർ തിങ്ങിനിറഞ്ഞ്, ഹാ. 
ഇന്ന് ആൾക്കൂട്ടത്തിലേക്ക് പോകാൻതന്നെ വൈമനസ്യം, ഒരുപക്ഷേ ഞങ്ങൾ കൂട്ടുകാർ പലവഴിക്ക് ചിതറിയതിനാലാവാം. ത്രീഡിയും, ഫൈവ്ഡിയുമൊക്കെ കടന്ന് ലോകം മുന്നോട്ട് ഓടിയാലും പുതിയ തീയേറ്ററുകൾ എത്രയൊക്കെ കണ്ടാലും മനസ്സിൽ തട്ടിയ തിയേറ്റർ അനുഭവങ്ങളെല്ലാം ഓലമേഞ്ഞ പഴയ ആ കെട്ടിടങ്ങളിൽത്തന്നെ മൂടിപ്പുതച്ചങ്ങിരിക്കുന്നു ഇപ്പോഴും. 
ഒറ്റദിവസത്തേക്ക് ലൈഫിലൊരു റീവൈൻഡ് കിട്ടിയിരുന്നെങ്കിൽ, വെറുതേ ആ തിയേറ്ററിൽ അന്നത്തെ മൂഡിലൊന്നിരിക്കാൻ.

Friday, 27 December 2024

രണ്ടുപേരും ഞാനും

കഴിഞ്ഞ നാല് വർഷങ്ങളിൽ എല്ലാ ദിവസവും അവരെ കണ്ടു. സ്ഥിരം ഒരേ പോസ് ആണ് രണ്ടുപേർക്കും. ഒരാൾ മേശമേൽ നിരത്തിയ ലോട്ടറികൾക്ക് ചാരെ പത്രം വായിച്ച് കുത്തിയിരിക്കും, മറ്റെയാൾ രണ്ട് കാൽ മുൻപോട്ടും രണ്ട് കാൽ പിൻപോട്ടും വച്ച് അടുത്ത് കിടക്കും. ലോട്ടറിക്കാരനായ ആ അപ്പൂപ്പനും, കൂടെ എപ്പോഴും ചുറ്റിത്തിരിയുന്ന കുറുക്കന്റെ രൂപമുള്ള ആ നായയ്ക്കും ഒരേ മുഖഭാവമാണ്. രണ്ടുപേർക്കും ആരോടും പ്രത്യേകം സ്നേഹവുമില്ല വെറുപ്പുമില്ല. ആരെയും ഗൗനിക്കുന്നുമില്ല രണ്ടാളും. എപ്പോഴും ഒരുമിച്ചാണെങ്കിലും രണ്ടാളും പരസ്പരം നോക്കുകയോ സ്നേഹപ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. എങ്കിലും മനസ്സ് പറയുന്നു രണ്ടുപേർക്കും തമ്മിൽ കാണാതിരിക്കാനാവില്ല എന്ന്. ചില ദിവസങ്ങളിൽ അപ്പൂപ്പൻ തീരെ അവശനായി കാണപ്പെട്ടു, മറ്റ് ചില ദിവസങ്ങളിൽ നായയും. രണ്ടുപേരും ഇന്നിൽമാത്രം ജീവിക്കുന്നു, നാളത്തേക്ക് പ്രതീക്ഷയുമില്ല പരിഭവങ്ങളുമില്ല. 
അവർ കയ്യടക്കിയിരിക്കുന്ന ബോട്ട്ജെട്ടിയുടെ പ്രവേശനവാതിലിന്റെ ആ ഭാഗം അധികം വൈകാതെ ശൂന്യമാകും എന്ന് വേണ്ടാത്ത ഒരു തോന്നൽ. ആരാകും ആദ്യം വിടപറയുക, അപ്പൂപ്പനോ നായയോ അതോ ഇതെല്ലാം ചിന്തിക്കുന്ന ഞാനോ, ആർക്കറിയാം. 

Thursday, 19 December 2024

വെൺമ

വെൺമ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു വെള്ള നിറമില്ലേ, ആ നിറമായിരുന്നു എപ്പോഴും അപ്പൂപ്പന്റെ ജുബ്ബായ്ക്കും മുണ്ടിനും. അതിന്റെ ക്രെഡിറ്റും, അച്ഛനെപ്പോഴും നല്ല തിളങ്ങി ഓഫീസിൽപോകുന്നതിന്റെ ക്രെഡിറ്റും, അമ്മയ്ക്ക്തന്നെയാണ്. പിന്നെ പണ്ടത്തെ കുറെ ഫോട്ടോ കാണുമ്പോൾ ഞാനും ചേട്ടനും നല്ല ടിപ്ടോപ്പ് ആയിരിക്കുന്നതിന്റെ ക്രെഡിറ്റും അമ്മയ്ക്ക്തന്നെയാണ്. കാര്യത്തീന്ന് വഴുതിപ്പോയി. പറയാൻ വന്നത് അപ്പൂപ്പനെപ്പറ്റിയാണ്. 

അപ്പൂപ്പൻ വെളുപ്പിന് മൂന്നുമണിക്ക് എണീക്കും, പിന്നെ തനിയെ ഒരു കട്ടൻകാപ്പി ഇട്ടുകുടിക്കും. കുറച്ചു വെള്ളം ചൂടാക്കാൻ വെച്ചിട്ട് ദേഹമാസകലം എണ്ണ തേച്ചുപിടിപ്പിക്കും. പിന്നെ കുറേ വ്യായാമങ്ങളാണ്. ഇതൊക്കെയും ചെയ്യുമ്പോൾ അപ്പൂപ്പന് വയസ്സ് 80 ആണ്. പണ്ട് ബ്രിട്ടീഷ് പട്ടാളത്തിൽ ആയിരുന്നു, അതിന്റെ ചിട്ടകൾ ആണ് ജീവിതത്തിൽ. കുളിയും കഴിഞ്ഞ് ഞാൻ ആദ്യംപറഞ്ഞ വെൺമയുടെ തനിരൂപമായ വേഷവും ധരിച്ച് ഒരു കാലൻകുടയും പിടിച്ച് നടന്നുപോകുന്ന അപ്പൂപ്പന്റെ സ്ഥിരമായ ഭ്രമണപഥം ഇങ്ങനെ മനസ്സിൽ തെളിയുന്നു . എന്റെ നാട് - മുണ്ടപ്പുഴ, അതിനെ പൊതുവേ ഞങ്ങൾ രണ്ടായിട്ടാണ് പറയുന്നത്,മോളിലത്തെ വഴിയും താഴത്തെ വഴിയും, ഞങ്ങളുടെ വീട് താഴത്തെ വഴിക്കാണ്, പത്തിരുപത് വയസ്സുവരെ ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഇറക്കത്തിലൂടെ വേണം ഞങ്ങളുടെ വീട് നിൽക്കുന്ന വഴിയിലേക്ക് പോകാൻ. ആ ഇറക്കം എടുക്കാതെ പകരം വലത്തൂടെ നേരെ നടന്നുപോയാൽ മുകളിലത്തെ വഴിയായി. ഈ പറഞ്ഞ മുകളിലത്തെ വഴിയെ കുറെ നടന്നുകഴിയുമ്പോൾ വഴി ചുറ്റിവന്ന് താഴത്തെ വഴിയുമായി ചേരും, നേരെ തിരിച്ചും. വലിച്ചു നീട്ടിയ ഒരു വൃത്തത്തിന് ചുറ്റുമാണ് മുണ്ടപ്പുഴ എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ഒരു വശം തഴുകിക്കൊണ്ട് ഞങ്ങളുടെയൊക്കെ ജീവനാഡിയായ പമ്പയാറ് ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. പമ്പയെപ്പറ്റി പറയുമ്പോൾ അമ്മയെപ്പറ്റി പറയാതെ വയ്യ, നേരെ തിരിച്ചും. വെളുപ്പിന് തന്നെ ഒരു ബക്കറ്റ്നിറയെ തുണിയുമായി ആറ്റിലൊന്ന് കുളിച്ചുവന്നില്ലെങ്കിൽ അമ്മയ്ക്ക് ഒരു തൃപ്തിയും ഇല്ല. ഒരു സർദാർജി ഫലിതം ഉണ്ടല്ലോ, കേരളത്തിലൂടെ പോയ സർദാർജി കണ്ടത് തുണികൊണ്ട് കല്ലടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ആണെന്ന്, അതിൽ ഒരാൾ ചിലപ്പോൾ എന്റെ അമ്മ ആയിരിക്കും. 
വീണ്ടും കാര്യത്തീന്ന് തെന്നിമാറി. അപ്പൂപ്പൻ ആണല്ലോ വിഷയം. മുണ്ടപ്പുഴക്ക് ചുറ്റും ഒരു റൗണ്ട് നടന്ന് അപ്പൂപ്പൻ തിരിച്ചെത്തിയിട്ടുണ്ടാവും. പിന്നെ ഞാനും ചേട്ടനും അപ്പൂപ്പനുംകൂടെ പത്രത്തിനുവേണ്ടിയുള്ള വടംവലിയാണ്. അച്ഛൻ ഇപ്പോഴും പറയാറുണ്ട് അപ്പൂപ്പൻ ചാരുകസേരയിലിരുന്ന് ഉയർത്തിവെച്ച് വായിക്കുന്ന പത്രത്തിന്റെ മറുവശം ഞാനും ചേട്ടനും നിന്ന് വായിക്കുമായിരുന്നുവത്രേ . വെള്ളിയാഴ്ച ആണെങ്കിൽ അപ്പൂപ്പൻ സമാധാനമായി പത്രം വായിക്കും, അന്ന് ഞങ്ങൾക്ക് ബാലരമയും ബാലഭൂമിയും ഉണ്ടല്ലോ. 
ഏഴരയ്ക്ക് സ്കൂൾജീപ്പ് വരുമ്പോഴേക്കും അപ്പൂപ്പനാണ് ബാഗൊക്കെ എടുത്ത് ഗേറ്റിന്റെ അടുത്തേക്ക് കൊണ്ടുവിടുന്നത്. പ്രൗഢമായ വെളുത്ത മീശയും താടിയും ഉള്ള അപ്പൂപ്പൻ, വൈകിട്ട് ഞങ്ങൾ എത്തുമ്പോഴും ഗേറ്റിന്റെ അതേ ഭാഗത്തു നിൽക്കുന്നുണ്ടാവും. പിന്നെ കുറെ നേരത്തേക്ക് ഞങ്ങൾ ക്രിക്കറ്റ്കളിയാണ്. ഇടയ്ക്ക് എപ്പോഴോ അപ്പൂപ്പനും ഞങ്ങളുടെകൂടെ ക്രിക്കറ്റ്കളിച്ചത് ഞാൻ ഓർക്കുന്നു, പ്രായം എൺപതിന് മേലെയാണെന്നോർക്കണം.അപ്പൂപ്പന്റെ പിന്നത്തെ ഡ്യൂട്ടി എന്നുവച്ചാൽ ഞങ്ങളെയും കൊണ്ട് ആറ്റിൽ പോവുകയാണ്. വീടിന് പിന്നിലേക്ക് ഒരു 50 മീറ്റർ നടന്നു താഴേക്ക് ഇറങ്ങി ഒരു 18 പടി കടന്നുവേണം ആറ്റുമണലിലേക്ക് എത്താൻ. പതിനെട്ടാം പടിയുടെ മുകളിൽ അന്ന് ഞങ്ങൾ പിടിച്ചിറങ്ങിയിരുന്ന മാവ് ഇന്നും അതേ ഉയരത്തിൽത്തന്നെ നിൽക്കുന്നതുപോലെ തോന്നുന്നു. പക്ഷേ 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം ആരും ആ വഴി ഇറങ്ങാറില്ല (എല്ലാം മണ്ണുവന്നുമൂടിപ്പോയി ), ആ മാവിനെ തൊടാറുമില്ല. 

ആറ്റിൽ കൊണ്ടുപോയി നീന്തൽ പഠിപ്പിച്ചതും അപ്പൂപ്പൻതന്നെ. മോളീന്ന് ഒഴുക്കിനനുസരിച്ച് നീന്തിവന്ന് അപ്പൂപ്പന്റെ കാലിൽ പിടിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്. 
 ഒപ്പിച്ചു കൂട്ടുന്ന കുസൃതിത്തരങ്ങൾക്ക് അമ്മ പേരക്കമ്പുംകൊണ്ട് അടിക്കാനോടിക്കുമ്പോൾ തടസ്സം പിടിക്കുന്നതും അപ്പൂപ്പനാണ്. വളരുംതോറും പക്ഷെ അപ്പൂപ്പനോടുള്ള സ്നേഹം കുറഞ്ഞു, അകലം കൂടി. അപ്പൂപ്പൻ എന്ത്ചെയ്താലും കുറ്റമായി തോന്നി. മുറ്റത്ത് കാർക്കിച്ച് തുപ്പുക, അപ്പൂപ്പന്റെ കക്കൂസിൽ മൂത്രത്തിന് വല്ലാത്ത നാറ്റം, അപ്പൂപ്പന് ആകെമൊത്തത്തിൽ ബീഡിയുടെ മണം, അങ്ങനെയങ്ങനെ കുറ്റങ്ങളുടെ ഒരു നീണ്ടനിര.
 ഞങ്ങൾ ബോർഡിങ്‌സ്കൂളിലേക്ക് മാറാൻ തുടങ്ങുമ്പോൾ ഏറ്റവും എതിർത്തത് അപ്പൂപ്പനായിരുന്നു. പിന്നെ വല്ലപ്പോഴും ഒരു അവധിക്ക് തിരിച്ചുവരുമ്പോൾ ആർത്തിയോടെ കാത്തുനിൽക്കുമായിരുന്നു അപ്പൂപ്പൻ. പക്ഷേ ആ മുഖത്ത് കണ്ടിരുന്ന സ്നേഹമൊന്നും അന്ന് അങ്ങോട്ട് തിരിച്ച്തോന്നിയില്ല. പല കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടാൻ അപ്പൂപ്പൻ പരമാവധി ശ്രമിച്ചു. കഴിക്കാൻ ഇരിക്കുമ്പോൾ പുറകിൽ വന്ന് പാത്രത്തിലേക്ക് എത്തിനോക്കുന്ന അപ്പുപ്പന്റെ ഒരു രൂപമുണ്ട്. പല സമയങ്ങളിലും അങ്ങനെ നോക്കാതിരിക്കാൻ പാത്രവും എടുത്ത് ഓടിയ എന്നെയും ഞാൻ ഓർക്കുന്നു. എന്തിനായിരുന്നു അങ്ങനത്തെ കാട്ടായങ്ങൾ. എത്രയോ നാളുകളിൽ എന്നെയും ചേട്ടനെയും കടയിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു അപ്പൂപ്പൻ. അതൊക്കെ എത്ര എളുപ്പത്തിൽ ഞാൻ മറന്നു. ഒരുപാട് വാത്സല്യത്തോടെ കൂടെനടത്തിയത് മറന്നു. ഞങ്ങൾ അവധിയൊക്കെ കഴിഞ്ഞ് തിരിച്ച് ബോർഡിങ്‌സ്കൂളിലേക്ക് പോകാൻ തുടങ്ങുമ്പോൾ വല്ലാത്തൊരു നിരാശയും സങ്കടവുമൊക്കെയുണ്ടായിരുന്നു അപ്പൂപ്പന്റെ മുഖത്ത്. വളരുംതോറും ഞങ്ങൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, അപ്പൂപ്പന് ആകെ ഉണ്ടായിരുന്ന രണ്ടു കൂട്ടുകാർ കുറഞ്ഞു- ഞങ്ങൾ. 

പട്ടാളക്കാരനായതിന്റെ കുറച്ച് ദുശ്ശീലങ്ങളൊക്കെ അപ്പൂപ്പന് ഉണ്ടായിരുന്നു, വൈകുന്നേരം സ്ഥിരമായി മദ്യപിച്ചിരുന്നു,അമ്മയെ ഇടയ്ക്കൊക്കെ ചീത്ത പറഞ്ഞിരുന്നു. അതൊക്കെയായിരുന്നു എന്റെ മനസ്സിൽ കൂടുതൽ തെളിഞ്ഞുനിന്നത്. ഇന്ന് പക്ഷേ, അപ്പൂപ്പന്റെ ചിതയൊഴിഞ്ഞ മണ്ണിൽവച്ച ആ വാഴക്കൂട്ടങ്ങൾ കാണുമ്പോൾ ഞാൻ ആലോചിക്കുന്നു, അപ്പൂപ്പൻ ഇപ്പോഴും ഞങ്ങളെ കാണാൻ കൊതിക്കുകയല്ലേ എന്ന്. മറ്റുള്ളവരോട് എങ്ങനെയൊക്കെ ആയിരുന്നെങ്കിലും ചേട്ടനോടും എന്നോടും സ്നേഹംമാത്രമേ ഉള്ളായിരുന്നു അപ്പൂപ്പന്. ആ സ്നേഹം ഇപ്പോൾ ഓർമ്മകളെ കുത്തിനോവിക്കുന്നു. പാക്കറ്റ്നിറയെ ഉള്ള ബീഡികൾ, ഇനി വലിക്കണ്ട എന്ന്പറഞ്ഞ് ഞങ്ങൾ വലിച്ചെറിഞ്ഞുകളയുമ്പോൾ വാത്സല്യത്തോടെ ചിരിച്ചിരുന്ന ആ മുഖം ദീപ്തമായി തെളിയുന്നു. 

കൂടെയുള്ളപ്പോൾ കൊടുക്കാൻ കഴിയാത്ത സ്നേഹം,അത് ആർക്കായാലും, പിന്നീട് നമ്മളെ വല്ലാതെ നീറിക്കും.

Thursday, 5 December 2024

എത്രവർഷം

എത്രവർഷം ഉറങ്ങിയെന്ന് ഓർമയില്ല. ഒരുത്തൻ വന്ന് തട്ടിക്കുടഞ്ഞെണീപ്പിച്ച് കുളിപ്പിച്ച് റെഡിയാക്കി. ഇതെന്താ ഇപ്പൊ പുതിയ പരിഷ്കാരമൊക്കെ, ഒരു പിടിയും കിട്ടുന്നില്ല. കുളിപ്പിച്ചിട്ട് അവനു മതിയാകുന്നില്ലന്ന് തോന്നുന്നു, ദാ ചകിരിയൊക്കെയിട്ട് ഒരയ്ക്കുന്നു എന്നെ, നല്ലോണം നോവുന്നുണ്ട്. ഒരകൂടെ കഴിഞ്ഞപ്പോ എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻവയ്യാത്ത അവസ്ഥയായി. ആകെയൊരു തിളക്കം, മൊത്തത്തിലൊരു നിറവ്യത്യാസം. കൊള്ളാമെന്ന് എനിക്ക്തന്നെ തോന്നുന്നുണ്ട്. 

കുറേനേരംകഴിഞ്ഞ് ഒരു ചിരാതിന് കുടപിടിക്കാൻ എന്നെ കമിഴ്ത്തി അതിന്റെ മുകളിൽവച്ചു, തിരി മഴകൊണ്ട് അണയരുതത്രേ. അപ്പഴാണ് സംഗതി പിടികിട്ടിയത്. ഇനി നാല്പത്തിയൊന്ന് ദിവസം ആ ചിരാതിന് മുകളിലിരുന്ന് ഞാൻ വേവണം.
ഇതിനൊക്കെ സാക്ഷിയായി ഒരു തൈപ്ലാവ് ചുവന്ന പട്ടുംചുറ്റി എന്റെ തൊട്ടടുത്ത് നിൽപ്പുണ്ട്. 

എങ്ങനെയൊക്കെയോ വെന്തുനീറി ആ നാൽപ്പത്തിയൊന്നുദിവസം തള്ളിനീക്കി. ഒരു വീഡിയോ ഫാസ്റ്റ്ഫോർവേഡ് ചെയ്തപോലെ കുറച്ച് ചെരുപ്പുകൾ വന്നതും പോയതുമേ ഓർമ്മയുള്ളൂ. വിളക്കണഞ്ഞു, ചെരുപ്പുകൾ വരാതെയായി, എന്നെ എടുത്ത് പ്ലാവിന്റെ ചോട്ടിലേക്കെറിഞ്ഞു. ഞാൻ വീണ്ടും ഉറങ്ങി. 

എത്രവർഷം ഉറങ്ങിയെന്ന് ഓർമയില്ല. പ്ലാവിലെ ഒരു കുഞ്ഞുചക്ക നെറുകംതലയ്ക്ക് വന്ന് വീണപ്പോൾ ഞെട്ടിയുണർന്നു. നോക്കുമ്പോ ദാണ്ടടാ അന്ന് വന്ന അതേ അവൻ വീണ്ടും വരുന്നു. മര്യാദക്കിരുന്ന എന്നെ എടുത്ത് തറയിലൊരടി, ഞാൻ പല കഷണം. രണ്ട് കഷണമെടുത്ത് മുറ്റത്തുവച്ച വിളക്കിലെ തിരി കെടാതിരിക്കാൻ വച്ചു ആ ദുഷ്ടൻ. തിരി കെടാതിരിക്കാൻ ഓടിന്റെ കഷ്ണം നല്ലതാണെന്ന് കണ്ടുപിടിച്ച കാർന്നോർക്ക് നല്ലതേ വരുത്താവേ ദൈവമേ എന്ന് മനസ്സുകൊണ്ട് ശപിച്ചു. 
വിളക്കിന്പിറകിൽ ഒരു ഫോട്ടോ മാലയിട്ട് വച്ചിട്ടുണ്ട്. ആരോ പറയുന്നതുകേട്ടു എത്ര പെട്ടന്നാ ഒരുവർഷം പോയതെന്ന്. ആ ഫോട്ടോയിലേക്ക് നോക്കി ഞാൻ ഓർത്തു ' ഒരു വർഷമേ ആയുള്ളോ, പക്ഷെ ഒരുപാട് വർഷങ്ങൾ പോയപോലെ അല്ലേ നമുക്കുരണ്ടുപേർക്കും തോന്നുന്നത്, മിണ്ടാനും പറയാനും ആരുമില്ലാതെപോയ, വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരുപാട് ദിവസങ്ങൾ '

Tuesday, 3 December 2024

750 രൂപ

പത്തിരുപത് ആളുകളുടെ പേരുള്ള ഒരു ലിസ്റ്റ്. അതിലിനി അവശേഷിക്കുന്ന ഒരാളുടെ ഡീറ്റെയിൽസുംകൂടെ കിട്ടിയാൽ ആ ബില്ല് അയക്കാമായിരുന്നു. ഏഴെട്ടുമാസം മുന്നത്തെ കണക്ക് സെറ്റിൽ ചെയ്യാനുള്ള ബില്ലാണ്. ഈ ഒരാളുടെ അക്കൗണ്ട് ഡീറ്റെയിൽസ് കിട്ടാത്തത് കാരണം ബില്ല് വൈകരുതെന്ന് കരുതി പല രീതിയിലും ഡീറ്റെയിൽസ് എടുക്കാൻ ശ്രമിച്ചു. അവസാനം അയാളുടെ ഒരു ബന്ധുവിന്റെ നമ്പർ കിട്ടി. ഇന്ന ഓഫീസിൽനിന്നാണെന്നും പൈസയുടെ ഒരു കാര്യത്തിന് വേണ്ടിയാണെന്നും അറിയിച്ചു. ബന്ധു കോൺഫറൻസ് കോളിലിട്ട് ഞാൻ തേടുന്ന ആളുടെ ഭാര്യയെ കണക്ട് ചെയ്തു. അവരോട് ടിയാന്റെ അക്കൗണ്ട് ഡീറ്റെയിൽസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിച്ചു. മെയിൽ ഐഡിയോ ഫോൺനമ്പറോ തന്നാൽ ഡയറക്ടായി കോൺടാക്ട് ചെയ്തുകൊള്ളാമെന്നും പറഞ്ഞു. ബന്ധു ഇടയ്ക്കുകയറി സംസാരിച്ച് കോൺഫറൻസ് കോൾ കട്ടാക്കി. എന്നിട്ട് വിവരങ്ങളൊക്കെ കാര്യമായിത്തന്നെ അന്വേഷിച്ചു. ഒപ്പം ഒരു കാര്യം കൂടി ഇങ്ങോട്ട് പറഞ്ഞു. ഞാൻ അന്വേഷിക്കുന്ന ആളെ കഴിഞ്ഞ അഞ്ചുമാസമായി കാണാതായിരിക്കുന്നു എന്ന്. സ്ഥബ്ധനായി നിന്ന എന്നോട് അയാൾ ചോദിച്ചു " എത്ര രൂപയാണ് കൊടുക്കാനുള്ളത്, അത് ഭാര്യയുടെ അക്കൗണ്ടിലേക്ക് അയക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ". ഒരു മുള്ളുകൊണ്ട് കുത്തിയപോലെയുള്ള ആ ചോദ്യത്തിന് മുന്നിൽ എന്റെ ഉത്തരം നടുങ്ങി " 750 രൂപ, ഭാര്യയുടെ അക്കൗണ്ടിലേക്ക് അയക്കാൻ ഓപ്ഷനില്ല". പിന്നെയും എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നതിനിടയിൽ ഞാൻ ആലോചിച്ചു, 750 രൂപയുടെ കാര്യത്തിനുവേണ്ടി കരിയാൻതുടങ്ങിയ ഒരു മുറിവ് കുത്തിത്തുറന്നല്ലോ എന്ന്.