Saturday, 21 February 2026

മുംബൈ : വിസ ദിവസം

മുംബൈയിലെ രണ്ടാമത്തെ ദിവസം. അതിരാവിലെ ഞങ്ങൾ ബാന്ദ്ര കുർല കോംപ്ലക്സിലേക്ക് വണ്ടിപിടിച്ചു. ഭാര്യയ്ക്ക് അവിടെ ഒരു യുഎസ് വിസ ഇന്റർവ്യൂ ഉണ്ട്. ഭീകരമായ തിരക്കുപിടിച്ച റോഡിലൂടെ ഓട്ടോക്കാരൻ അനായാസം അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് ബൈക്ക് ഓടിക്കുന്നത്പോലെ വണ്ടിയോടിച്ചു. എന്നിട്ട് വലിയൊരു ബിൽഡിങ്ങിനടുത്ത് ഞങ്ങളെ കൊണ്ട്നിർത്തി. അവിടെ ആൾതിരക്കൊന്നും കാണാത്തപ്പോൾത്തന്നെ ഭാര്യക്ക് സംശയംതോന്നി ഇതാവില്ല യുഎസ് വിസയ്ക്കുള്ള സ്ഥലം എന്ന്. അവിടെ കണ്ട സെക്യൂരിറ്റിയോട് കാര്യം ചോദിച്ചപ്പോൾ പുള്ളിയും പറഞ്ഞു ഇവിടെ നിന്നും ഒരു അരകിലോമീറ്റർ അപ്പുറത്താണെന്ന്. ടെൻഷനടിച്ചെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നടന്നു. ഗൂഗിൾമാപ്പ് പറഞ്ഞ വഴിയെ കുറച്ചുദൂരം നടന്നപ്പോൾ പോലീസുകാരെയൊക്കെ കണ്ടു. അവരോട് ചോദിച്ചപ്പോൾ അവർ മറ്റൊരു വഴി പറഞ്ഞുതന്നു. ആ പറഞ്ഞ വഴിയെ ഒരുപാട് ആളുകൾ കൂടിനിൽക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങൾ എത്തി. അപ്പോഴും ഗൂഗിൾമാപ്പ് പറയുന്നത് അവിടെനിന്നും അരകിലോമീറ്റർ അപ്പുറത്താണ് യഥാർത്ഥ സ്ഥലം എന്നാണ്. ഉറപ്പിക്കാൻവേണ്ടി അവിടെ ഗേറ്റിൽനിന്ന സെക്യൂരിറ്റിയോട് കാര്യംതിരക്കി. സ്ഥലം ഇതുതന്നെയാണെന്നും വെയിറ്റ് ചെയ്ത്കൊള്ളാനും അയാൾ പറഞ്ഞു. ഏകദേശം നൂറ്മീറ്റർ അപ്പുറത്ത് വളരെ വലിയൊരു ബിൽഡിംഗ് കാണാം. ധീരുഭായ് അംബാനി സ്ക്വയർ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. ആളുകളെയെല്ലാം റോഡിന് ഇപ്പുറത്തെ വശത്ത് നിർത്തിയിരിക്കുകയാണ്. എല്ലാവർക്കും കുറച്ച് കൺഫ്യൂഷനൊക്കെയുണ്ട്, ഇതുവഴി തന്നെയാണോ പോകേണ്ടത്, ഈ സമയത്ത് തന്നെയാണോ എത്തേണ്ടത്,അങ്ങനെ പലതും. പക്ഷേ കൃത്യമായ സിസ്റ്റമൊന്നും ഇവിടെയില്ല. കുറേ ഓട്ടോക്കാരും ടാക്സിക്കാരും ചേർന്നാണ് ആളുകളെ നിയന്ത്രിക്കുന്നത്. അപ്പുറത്തായി മാറിനിൽക്കുന്ന മൂന്നുനാല് സെക്യൂരിറ്റിക്കാർ വല്ലപ്പോഴും ഒന്ന് വന്ന് റൗണ്ടടിച്ചുപോകും. കുറെനേരം കഴിഞ്ഞപ്പോൾ അകത്തുള്ള ഒരു ലേഡി വന്ന് ഇന്ന സമയത്തുള്ള ആളുകൾ ക്യൂ ആയിട്ട് അകത്തേക്ക് വരാൻ പറഞ്ഞു. ആ കൂട്ടത്തിൽ ഭാര്യയും അകത്തേക്ക് പോയി. ഫോണും ബാഗും ഒന്നും കൈയിൽ കരുതാൻ പറ്റാത്തതുകൊണ്ട് അതെല്ലാം എന്നെ ഏൽപ്പിച്ചു. ഇനി തിരിച്ചെത്തുമ്പോൾ എങ്ങനെ കണ്ടുപിടിക്കുമോ എന്തോ. ആൾത്തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഞാൻ മാറിനിന്നു. നമ്മുടെ പനമ്പിള്ളിനഗർപോലെ മനോഹരമായ ടൈൽ ഒക്കെ വിരിച്ച വീതിയുള്ള നടപ്പാത. അതുവഴി എല്ലാത്തരം ആളുകളും നടക്കുന്നുണ്ട്. ഭീമാകാരനായ പട്ടിയെയുംകൊണ്ട് ഒരാൾ വരുന്നു. സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ അടുത്തേക്ക് കയ്യിൽ ഒരു ഫ്ലാസ്ക്കുമായി ഒരു ചെറുപ്പക്കാരൻ നടക്കുന്നു. അയാളുടെ ഉടുപ്പിന്റെ പോക്കറ്റ്നിറയെ വളരെ ചെറിയ പേപ്പർകപ്പുകൾ ഉണ്ട്. അതിൽ തികയുന്ന ചായ അയാൾ അഞ്ചുരൂപയ്ക്ക് വിൽക്കുന്നു. അയാൾ ധരിച്ചിരുന്ന ഉടുപ്പിന്റെ പുറകിൽ ഒരു കീറൽ ഉണ്ട്. അയാളെക്കാൾ ചെറുപ്പക്കാരനായ ഒരാൾ ചായ വാങ്ങി കുടിക്കുന്നു . എന്നിട്ട് സ്വന്തം പേഴ്സ് എടുത്ത് അയാളുടെ മുന്നിൽ നീട്ടി അതിൽ നിന്നും അഞ്ചുരൂപ എടുത്തുകൊടുത്തു. ചായ കൊടുത്ത ആളുടെ മനസ്സിലൂടെ എന്തായിരിക്കും കടന്നുപോയിട്ടുണ്ടാവുക, തന്നെക്കാൾ ചെറുപ്പക്കാരനായ ഒരാൾക്ക് ചായവിറ്റ് ജീവിക്കേണ്ട ഗതികേടിനെപ്പറ്റി അയാൾ ഓർക്കുന്നുണ്ടാവുമോ, ആ ചെറുപ്പക്കാരന്റെ കയ്യിലുള്ള പേഴ്സിലേക്ക് ഒരു നിമിഷമെങ്കിലും ഇയാൾ നോക്കിയിട്ടുണ്ടാവില്ലേ, അല്പമെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവില്ലേ. അതോ ഇങ്ങനെ അനേകായിരങ്ങളെ കണ്ടിട്ടുള്ള അയാൾക്ക് അന്നന്നത്തെ അന്നം എന്ന ഒറ്റ ലക്ഷ്യം മാത്രമേ കാണുകയുള്ളോ.

മനോഹരമായി കോൺക്രീറ്റ് വിരിച്ച ആ റോഡിൽ ഒരു ഓട്ടോക്കാരൻ വന്നിറങ്ങി, അയാളുടെ കയ്യിലുള്ള കുപ്പിയിൽനിന്നും വെള്ളമെടുത്ത് വായിലൊഴിച്ച് മുറുക്കാൻ ഉൾപ്പെടെ കുലുക്കി ചവച്ച് വെളിയിലേക്ക് തുപ്പി. പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ചെറിയൊരു പട്ടിയുമായി മറ്റൊരാൾ വരുന്നു, ആ പട്ടിയുള്ള വീട്ടിലെ വേലക്കാരൻ ആണെന്ന് തോന്നുന്നു. അയാൾ അയാളുടെ ഇഷ്ടത്തിന് തുടലുംപിടിച്ച് നടക്കുന്നു, പട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും പട്ടിക്ക് ഇഷ്ടമുള്ള സ്ഥലത്തൊന്നും അയാൾ നിർത്തിയില്ല, അതിനെ വലിച്ചിഴച്ചുകൊണ്ട് നടക്കുന്നു. കണ്ടാലൊരു ഓമനക്കുട്ടനെപ്പോലെ തോന്നുമെങ്കിലും ആ പട്ടിയും ഇവിടുത്തെ മനുഷ്യരെപ്പോലെയാണെന്ന് മനസ്സിലായി, നേരെ വന്ന് കാലു പൊക്കി അവിടെ കണ്ട ഒരു പോസ്റ്റിനു കീഴെ മൂത്രമൊഴിച്ചു, വിദേശത്തും പട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കുമോ. 
ഒരാൾ വളരെ വേഗത്തിൽ നടന്ന് അടുത്തേക്ക് വന്നു, എന്റെ കയ്യിലേക്ക് നോക്കി 'കിത്തേ വാസലെ' (അങ്ങനെയാണ് എനിക്ക് മനസ്സിലായത്) എന്ന് ചോദിച്ചു, സമയമായിരിക്കും ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു, വാച്ച് ഉയർത്തി കാണിച്ചു. സമയം നോക്കിയിട്ട് അയാൾ അതിവേഗം നടന്നു മുന്നോട്ടുപോയി. എനിക്ക് നേരെ എതിർവശത്ത് അതിമനോഹരമായ ഒരു കെട്ടിടം കാണാം. അതിന്റെ മുകളിലെ സ്വിമ്മിംഗ്പൂളിൽനിന്നും വെള്ളം ഒലിച്ചു താഴേക്ക് ഇറങ്ങുന്നതും കാണാം. പല പ്രതീക്ഷയുമായി നാടുവിടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എനിക്കുചുറ്റും, ചിലർ നല്ലൊരു ഭാവിക്കുവേണ്ടി,ചിലർ മക്കളെ കാണാൻ, ചിലർ കൊച്ചുമക്കളെ കാണാൻ. തീരെ വയ്യാത്ത ഒരു വല്യമ്മവരെ യുഎസ് വിസ ഇന്റർവ്യൂവിന് വന്നിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ ആർക്കാണ് അമേരിക്കയ്ക്ക് പോകാൻ താല്പര്യമില്ലാത്തത്. ഈ ഭൂമിയിൽ നിന്നും മായുന്നതിന് മുന്നേ എനിക്കും ഒരിക്കലെങ്കിലും പോണം. 
ആ മനോഹരമായ നടപ്പാതയും അങ്ങിങ്ങായി കുറെ ചപ്പുചവറുകളൊക്കെ വീണ് വൃത്തികേടായി കിടക്കുന്നു. മുമ്പ് മുംബൈയിലെ ഏതോ ബീച്ചിൽ സ്വയം ക്ലീനിങ്ങിന് ഇറങ്ങി മാതൃകയായ ഒരു ഡോക്ടറെപ്പറ്റി ഓർമ്മ വന്നു. ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ, ഈ പേപ്പറൊക്കെ ഒന്ന് വാരിയെടുത്ത് എങ്ങോട്ടെങ്കിലും മാറ്റിയാലോ എന്ന് ആലോചിച്ചു, പക്ഷേ അറപ്പിന്റെ മലയാളിത്തം അപ്പോൾ തന്നെ മനസ്സിൽ വന്നു തികട്ടി. വല്ലവനും ചവച്ച്തുപ്പിയ മുറുക്കാൻ നിറഞ്ഞ ഈ ചപ്പുചവറുകൾ ഞാനെന്തിന് പെറുക്കണം, ഞാൻ ഒരാൾ വിചാരിച്ചാൽ ഈ നാട് നന്നാവുമോ. നന്നായ ഏതെങ്കിലും നാട്ടിൽ പോയി രക്ഷപ്പെടുന്നതല്ലേ ഇതിലും എളുപ്പം. ഒരുപാട് പക്ഷികൾ ആ കണ്ട വലിയ ബിൽഡിങ്ങിന്റെ മുകളിലേക്ക് പറക്കുന്നുണ്ട്. ഡ്രോണുകളൊക്കെ സുലഭമായ ഈ കാലത്ത് തീവ്രവാദികൾക്ക് പക്ഷിയുടെ രൂപത്തിൽ വന്ന് ബോംബിടാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കാടുകയറി. ചൈനക്കാരൊക്കെ ഇപ്പോ അവരുടെ ലാബുകളിൽ അതുപോലത്തെ എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും എന്ന് ഞാൻ വീണ്ടും ആലോചിച്ചു. അതൊക്കെ തടുക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനുണ്ടാവുമല്ലേ. ആലോചിക്കുന്നവർക്ക് എന്തും ആലോചിക്കാമല്ലോ, നല്ലതും ദുരന്തവും. 
ധീരുഭായി അംബാനി സ്ക്വയർ എന്ന പേര് പല ആവർത്തി ഞാൻ വായിച്ചു. ആ പേരിന്റെ ഉടമ എന്നേ പരലോകം പൂകിയിരിക്കുന്നു, ഇത്ര വലിയ കെട്ടിടത്തിൽ സ്വന്തം പേരുള്ള കാര്യം ആ ആത്മാവ് അറിയുന്നുണ്ടാവുമോ, ഉണ്ടെങ്കിൽത്തന്നെ അതിൽ അഭിമാനിക്കുന്നുണ്ടാവുമോ. ജീവിതം കൊണ്ട് നേടാത്തതൊക്കെയും മനുഷ്യർ ചിലപ്പോൾ മരണശേഷം നേടുമായിരിക്കും അല്ലേ. ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. 

ഇന്നലെ ഹോട്ടലിൽ കണ്ട, ധനമന്ത്രി നിർമ്മല സീതാരാമന്റെ മുഖമുള്ള ആന്റി മുന്നിലൂടെ നടന്നുവരുന്നുണ്ട്, അവരുടെ കയ്യിലെ ഫയലിനുള്ളിൽ പാസ്പോർട്ട് ഉണ്ട്, അതിനർത്ഥം അവർക്ക് വിസ ലഭിച്ചില്ല എന്നാണ്. ഓക്കെയാണെങ്കിൽ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, പിന്നീട് വിസ ആക്കിയിട്ട് തിരിച്ചുതരും. ഓട്ടോക്കാരൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്, ട്രൈ ചെയ്തുനോക്കൂ അടുത്തതവണ എന്തായാലും വിസ കിട്ടുമെന്ന്. അപ്പോൾ അയാളെ മുറുക്കാൻ ചവച്ചുകൊണ്ട് നിൽക്കുന്ന ഒരു വിളക്ക് പോലെ എനിക്ക് തോന്നിച്ചു, ഇല്ലായ്മകളിലും സ്വയം എരിഞ്ഞുകൊണ്ട് അയാൾ പ്രകാശം പരത്തുന്നില്ലേ. 

നല്ല പൈസക്കാരനായ ഒരു അങ്കിൾ ഓട്ടോക്കാരനോട് തർക്കിച്ച് അയാൾക്ക് കൊടുക്കേണ്ടുന്ന പൈസയിൽ കുറച്ച്തുക കുറച്ചുകൊടുത്തതുപോലെ തോന്നി. മുൻപ് എന്നെ കടന്നുപോയ ഒരു ഭിക്ഷക്കാരി ആന്റി വീണ്ടും എന്റെ അടുത്തുവന്ന് കൈനീട്ടി, ഇത്തവണയും ഞാൻ ഇല്ല എന്ന് തലകുലുക്കി. പണ്ട്, ജോലികിട്ടുന്നതിനു മുൻപാണെങ്കിൽ ഞാൻ വലിയ ദാനധർമ്മിഷ്ഠനായിരുന്നു, അന്ന് കയ്യിൽ അച്ഛന്റെ പൈസ ആയിരുന്നല്ലോ. ഇന്നിപ്പോ ദാനം കുറഞ്ഞു ധർമ്മം തീരെ ഇല്ല, അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അവനവന് സുഖത്തിനായി വരേണം എന്നാണ് ഇപ്പോഴത്തെ ഒരു ആറ്റിട്യൂട്. 

ഭാര്യ വരുന്നുണ്ട്, മുഖത്ത് ടെൻഷൻ കാണാം. കയ്യിലുള്ള ഫയലിലേക്ക് നോക്കുമ്പോൾ പാസ്പോർട്ട്‌ കാണാനില്ല. അവൾ മുഖത്ത് വരുത്തിയ ടെൻഷൻ എന്നെ പറ്റിക്കാനായിരുന്നു എന്ന് മനസ്സിലായി. വിസ അപ്പ്രൂവ് ആയി. 



Wednesday, 12 November 2025

മുംബൈ - പുതിയതും പഴയതും

 ആധിക്യം, എല്ലാത്തിനും. അതാണ് മഹാരാഷ്ട്രയിലെ പൻവേൽ വന്നിറങ്ങി ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തോന്നിയത്. ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ് ഓട്ടോയെങ്കിലും റെയിൽവേസ്റ്റേഷന്റെ വെളിയിൽ ആളുകളെ കാത്തുനിൽക്കുന്നു. വന്നിറങ്ങുന്ന എല്ലാവരെയും അവർ ഇരയെപ്പോലെ പ്രതീക്ഷയോടെ നോക്കുന്നു. അവർ പൈസ കൂടുതൽ ചോദിക്കുമെന്ന മുൻവിധിയോടെ പലരും അവരെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ഞങ്ങളും കുറെയേറെ വെളിയിലേക്ക് നടന്ന് ഊബർ ടാക്സി പിടിച്ചു. ഏതോ മെഷീൻ തീരുമാനിക്കുന്ന അൽഗോരിതം പറയുന്ന പൈസ ന്യായമായിരിക്കുമെന്ന് വെറുതെയൊരു തെറ്റിദ്ധാരണ. അതിപ്പോ നൂറുപറഞ്ഞാലും അഞ്ഞൂറുപറഞ്ഞാലും അതാണ്‌ നമ്മുടെ ഫൈനൽ . 
സ്റ്റേഷന്റെ എക്സിറ്റ്മുതൽ കണ്ടുതുടങ്ങിയ കൺസ്ട്രക്ഷൻവർക്കുകൾ എല്ലാ ദിക്കിലും യാത്രയിൽമുഴുവനുമുണ്ടായിരുന്നു. റോഡുനിറയെ പൊടിപടലം. കാറിന്റെ ഗ്ലാസ്സ് അടച്ചേക്കുവാണെങ്കിലും പൊടി മുഴുവൻ അകത്തേക്ക് കയറുന്നതുപോലെ ഒരു ഫീലിംഗ്. ചുറ്റും പല വലുപ്പത്തിലുള്ള അംബരചുംബികൾ പുതുതായി പൊങ്ങിവരുന്നുണ്ട്. പല ഉയരത്തിൽച്ചെന്ന് അവ ആകാശത്തെ തൊടുന്നു. ചുറ്റും വളർന്നുവരുന്ന പുതിയ ലോകത്തിന് സമാന്തരമായി പഴയ കെട്ടിടങ്ങളും ചെറിയ കടകളും ഭിക്ഷക്കാരുമെല്ലാം അങ്ങിങ്ങായി ഉണ്ട്. പുതിയതും പഴയതുമായ ഉപയോഗത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെ ബാൽക്കണിയിലും കൂടുപോലെ ഗ്രിൽ അടിച്ചിട്ടുണ്ട്, കിളികൾ കയറാതിരിക്കാനുള്ള ആ സംവിധാനംചേർന്ന കെട്ടിടങ്ങൾ ദൂരെനിന്ന് കാണുമ്പോൾ ഒറ്റ അച്ചിൽ വാർത്തെടുത്തപോലെയുണ്ട്. എനിക്ക് തോന്നുന്നു അത് മുംബൈയുടെ ഒരു ട്രേഡ്മാർക്കാണ്.

റിലയൻസ് ട്രെൻഡ്സിന്റെ തൊട്ട് വാതുക്കൽ വഴിയരികിൽ തുണികൾ തൂക്കിയിട്ട് വിൽക്കുന്ന ഒരു കട കണ്ടു. ആഡംബരവും ദാരിദ്ര്യവും ഇഴുകിച്ചേർന്ന് ജീവിക്കുന്നതുപോലെ തോന്നി, പക്ഷേ എത്രനാൾ. അധികം വൈകാതെതന്നെ റിലയൻസിന്റെ ആൾക്കാർ പോലീസിനോട് പറഞ്ഞ് ഈ കടക്കാരെ ഒഴിപ്പിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വഴിയോരക്കച്ചവടക്കാർക്ക് ചോദിക്കാനും പറയാനും ആരാണുള്ളത്. കാഴ്ചകൾ പലതും കാണിച്ചുതന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട്പോയി. 
ഉച്ചയ്ക്ക് ഭാര്യയുടെ സഹപ്രവർത്തകന്റെ വീട്ടിൽ ഞങ്ങൾ അതിഥികളായി. അവരുടെ സ്നേഹവും രുചിയുള്ള ഭക്ഷണവും സ്വീകരിച്ച് അവിടെനിന്നും ഒരു ഊബർ ടാക്സി എടുത്ത് ഞങ്ങൾ ബാന്ദ്രയിലേക്ക് തിരിച്ചു, അതായത് നവി മുംബൈയിൽനിന്നും ബാന്ദ്രയിലേക്ക്. പോകുംവഴി അടൽസേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിലൂടെ യാത്രചെയ്തു. കണ്ണെത്താദൂരത്തോളം നീളമുള്ള പാലം. ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ മനസ്സിലായി അതിന് ഇരുപത്തിരണ്ട് കിലോമീറ്റർ നീളമുണ്ടെന്ന്. വലിയ തിരക്കൊന്നും കാണുന്നില്ലല്ലോയെന്ന് അത്ഭുതപ്പെട്ടപ്പോൾ ഗൂഗിൾ പറഞ്ഞുതന്നു അതിലൂടെ ടൂവീലറും ത്രീവീലറും നിരോധിച്ചിരിക്കുകയാണെന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, പതിയെ പോകുന്ന വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വേഗത്തിലോടുന്ന ലോകത്ത്നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന വേഗത കുറഞ്ഞവർ അഥവാ പാവങ്ങൾ. 
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങടെ കാർ പാലത്തിൽനിന്നും റോഡിലേക്കിറങ്ങി. വീണ്ടും തിരക്ക്ചെന്ന വഴികളിലേക്കെത്തി. അഴുക്ക്നിറഞ്ഞ ഒരു നദി കടന്നപ്പോൾ ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥമുഖം കണ്ടു. നദിയുടെ ഒരുവശത്ത് പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള വലിയവലിയ ഫ്ലാറ്റുകൾ, മറുവശത്ത് ഒരേ രൂപത്തിലുള്ള തീപ്പെട്ടിക്കൂടുകൾ ചേർന്നതുപോലെയുള്ള കോളനി. പിന്നെയും കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ ഏതോ ഒരു മാർക്കറ്റിനടുത്തെത്തി. അവിടെ വഴിയരിയിലൊക്കെ കുറേ കാറുകൾ വെറുതെ പാർക്കുചെയ്തിരിക്കുന്നു. അതിലുള്ള പൊടികൾ കണ്ടാലറിയാം ഏറെ നാളായി അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന്. അതിൽ ഒന്നിന്റെ ബോണറ്റിൽ ഏതോ വിരുതൻ എഴുതിയിരിക്കുന്നു 'മാലിക്ക് നഹാനാ ഹേ' ( യജമാനനെ എനിക്ക് കുളിക്കണം). വൃത്തിഹീനമായ ആ പരിസരത്ത് അഴുക്കുമൂടിയ ആ കാറിൽ വിരലുകൊണ്ടെഴുതിയിരിക്കുന്നത് ഏതായാലും ഒരു പണക്കാരനല്ല. അപ്പോൾ അത് നിത്യജീവിതത്തിന് വകയില്ലാത്ത ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കണം. വർണശബളമല്ലാത്ത ജീവിതമായിട്ടും അതിൽ ഫലിതം കലർത്തിയ ആ വിദ്വാനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു. 
മുന്നോട്ട് പോകുമ്പോൾ പിന്നെയും പല മനോഹരനിർമിതികൾ കണ്ണിലുടക്കി. അതിലൊന്ന് ഒഎൻജിസിയുടെ ഒരു ഓഫീസായിരുന്നു. സിങ്കപ്പൂരുവച്ച് കണ്ടിട്ടുള്ള അതിശയിപ്പിക്കുന്ന പല കെട്ടിടങ്ങളേയുംപോലെതോന്നി ആ ഏരിയയിലെ പലതും. ഈ അത്ഭുദങ്ങളെ തെല്ലും വകവെക്കാതെ ഒരാൾ ചെരിഞ്ഞുനിന്ന് മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ സഞ്ചാരപാത കണ്ടപ്പോൾ തോന്നി പരമാവധി എത്ര ദൂരത്തിലൊഴിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന്. മുംബൈയെന്ന മഹാനഗരം ഇതുപോലെ പലതും കരുതിവെക്കുന്നു. ഒരുവശത്ത് വികസിതമായ വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമിതികൾ, പോഷ് സ്കൂളുകൾ, മറുവശത്ത് അഴുക്കിൽ മുങ്ങിനിൽക്കുന്ന കോളനികൾ, യാതൊരു ദയയുമില്ലാതെ റോഡിലേക്ക് മുറുക്കിത്തുപ്പുന്ന ആളുകൾ, അങ്ങനെ പലതും.

പുതുതായി പിറന്നുകൊണ്ടിരിക്കുന്ന ഒരു ആകാശഗോപുരത്തിന്റെ മുന്നിലെ റോഡിനരികിലൂടെ നദി അപ്പോഴും അഴുക്കുനിറഞ്ഞ് ഒഴുകി. ഏകദേശം നാല്പതാമത്തെ നിലയിൽ ഒരു പണിക്കാരൻ നിൽപ്പുണ്ട്. ഭാവിയിൽ അവിടെ ഇറ്റാലിയൻ ടൈലിട്ട ബാൽക്കണിയിൽ കൂളിംഗ് ഗ്ലാസും ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ക്ലയന്റ്സിനോട് സംസാരിക്കാൻ നിൽക്കുന്ന ഏതെങ്കിലും വൻ വ്യവസായിയുടെ സ്ഥാനത്ത് ഇന്നിതാ തലേക്കെട്ടും മുഷിഞ്ഞ ബനിയനും നിക്കറുമായി ഏതോ ഒരു പാവപ്പെട്ടവൻ നിൽക്കുന്നു. അയാൾ താഴെയുള്ള വലിയ ലോകംകണ്ട് ഒരുനിമിഷം അങ്ങനെ സ്ഥബ്ധിച്ച് നിൽക്കുകയാണെന്ന് എനിക്കുതോന്നി.ഇപ്പോൾ താൻ ഉയരത്തിലെങ്കിലും തന്റെ യഥാർത്ഥ ജീവിതം നദിക്കപ്പുറമുള്ള അഴുക്കുച്ചാലിൽ ആ നിമിഷത്തിലും അയാൾ കാണുന്നുണ്ടാവണം. 

വൈകിട്ടായി, വലിയൊരു ഫ്ലാറ്റിന്റെ ഗേറ്റ്കടന്ന് താറാവിൻകൂട്ടംപോലെ കുറച്ച് സ്ത്രീകൾ വെളിയിലേക്ക് നടന്നുപോകുന്നു. അവരുടെ മുഖത്ത് ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണമുണ്ട്. അവർ രാവിലെമുതൽ ആ കണ്ട ഗേറ്റിനുള്ളിൽ പല വലിയ വീടുകളിൽ തറതുടച്ചും പാത്രംകഴുകിയും ദിവസംതീർത്തതായി ഞാൻ ഊഹിച്ചു. ഒരു ദിവസത്തിന്റെ സിംഹഭാഗവും ഇത്തരം വലിയ വീടുകളിൽ ചിലവഴിച്ച്, വൈകുന്നേരം സ്വന്തം കുഞ്ഞുകൂരയിലേക്ക് പോകുമ്പോൾ എന്താകും അവരുടെയൊക്കെ മനസ്സിൽ, നാളത്തേക്കുള്ള എന്തെങ്കിലും പ്രതീക്ഷയോ, അതോ നിരാശയോ. ആളുകളുടെ ജീവിതവും സ്വപ്നങ്ങളും പലരീതിയിൽ കരുപ്പിടിപ്പിച്ചും ഞെരിച്ചമർത്തിയും മുംബൈയും അതിന്റെ പൊടിപിടിച്ച തെരുവുകളും, മുമ്പുപറഞ്ഞ നാല്പതാംനിലയിലെ ജോലിക്കാരനെപ്പോലെ, ഏകാന്തതയിലേക്ക് നോക്കിനിൽക്കുന്നപോലെ തോന്നി. 

താമസിക്കുന്ന ഹോട്ടലീന്ന് വൈകിട്ട് പുറത്തിറങ്ങി. ഏറെനാളിനുശേഷം ഭാര്യയുടെ കൈപിടിച്ചുനടന്നു. അസ്സൽ തെരുവുകളിലൂടെ, വന്യമായ തിരക്കിനിടയിലൂടെ കുറേദൂരം ഞങ്ങൾ പോയി. വണ്ടികൾ മുട്ടാതിരിക്കാൻ നന്നായി ശ്രദ്ധിക്കണമായിരുന്നു. ആ ഇടുങ്ങിയവഴിയിൽ ഇടയ്ക്ക് ചിലപ്പോഴൊക്കെ തിരക്കുമൂത്ത് വാഹനങ്ങൾ നിശ്ചലമായി. അതിനിടയ്ക്കുവച്ച് എതിരേവന്ന രണ്ട് സ്കൂട്ടറുകാർ പരസ്പരം ഹസ്തദാനമൊക്കെചെയ്ത് വിശേഷങ്ങൾ പങ്കുവക്കുന്നതുകണ്ടു, വണ്ടികൾ നീങ്ങിതുടങ്ങിയപ്പോൾ അവർ യാത്രപറഞ്ഞുപിരിഞ്ഞു. ഒരു സർക്കസഭ്യാസിയെപ്പോലെ മുംബൈനഗരം വീണ്ടുമിതാ എന്നെ അത്ഭുദപ്പെടുത്തുന്നു. 


Tuesday, 11 November 2025

ഏസി ഇക്കോണമി

കുഞ്ഞിനെ കൂട്ടാതെ ആദ്യമായി ഞങ്ങളൊരു യാത്രതിരിച്ചു. ഞാനും ഭാര്യയുംകൂടി മുംബൈയ്ക്ക്. ഭാര്യയ്ക്ക് നല്ല സങ്കടമുണ്ട്, എങ്കിലും എന്റെ നിർബന്ധത്തിന് അവൾ സമ്മതിച്ചു. കുഞ്ഞിനെ എന്റെ അമ്മയുടെകൂടെയാക്കി. 
ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ്‌ പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്. 

യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല. 

അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ്‌ ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു. 

അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി. 

ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു. 
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു. 

Monday, 27 October 2025

എന്റെ കട്ടപ്പ

എന്റെ ഏറ്റവും പ്രിയപ്പെട്ട ചീക്കുട്ടന്,

നമ്മൾ പരിചയപ്പെട്ടിട്ട് പതിനൊന്നു കൊല്ലവും (പന്ത്രണ്ടാണോ) കല്യാണം കഴിഞ്ഞിട്ട് ഏഴുകൊല്ലവും ആയി എന്ന ആ സത്യം വളരെ അവിശ്വസനീയതയോടെ ഞാനൊന്ന് ഓർത്തുപോയി. അടുത്തയാഴ്ച നമ്മുടെ വിവാഹവാർഷികമാണല്ലോ, അത് അടുത്തയാഴ്ച ഞാൻ മറക്കുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴേ എഴുതിവക്കുന്നത്. എങ്ങനെയുണ്ടായി നമ്മുടെ ഇതുവരെയുള്ള യാത്ര എന്ന് ചോദിക്കുന്നില്ല, എനിക്കുതന്നെ അറിയാം. തുടക്കം, എന്നുവച്ചാൽ കല്യാണത്തിനുമുൻപ്, പറ്റാവുന്ന എല്ലാ വാഗ്ദാനങ്ങളുംതന്ന്, പരമാവധി നല്ലവനായി അഭിനയിച്ച് എല്ലാരേയുംപോലെ ഞാനും വിലസി. കല്യാണംകഴിഞ്ഞല്ലേ നീ പെട്ടത്, ഇഷ്ടപ്പെട്ട് കെട്ടിയതുകൊണ്ട് ഒഴിവാക്കാനുംവയ്യ, ചൊറിഞ്ഞ സ്വഭാവം കാരണം കൂടാനും വയ്യ എന്ന അവസ്ഥ. എന്റെ എത്രയെത്ര മൂഡ്സ്വിങ്സ് നീ സഹിച്ചിരിക്കുന്നു, സ്വിച്ച് ഇട്ടപോലെയാണ് ഞാൻ,എന്നെ വിശ്വസിക്കാനേ പറ്റില്ല എന്ന് എത്രതവണ നീ പറഞ്ഞിരിക്കുന്നു. എന്നിട്ടും കടിച്ചുപിടിച്ച് നമ്മൾ ഇവിടെവരെ എത്തി എന്നതിന് മുഴുവൻ ക്രെഡിറ്റും നീ എടുത്തോ (ക്രെഡിറ്റ്‌ എനിക്ക് വേണ്ടാട്ടോ, ചിരിക്കല്ലേ അപ്പുക്കുട്ടാ ). 

എന്തൊക്കെ ഈ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, ചെന്നൈയിലെ ആ ചെറിയ വീട്ടിൽ നമ്മൾ കുഞ്ഞുകുഞ്ഞു സാധനങ്ങൾ (ഫ്രിഡ്ജ്, ഏസി) സ്വരുക്കൂട്ടി, കാണാൻ പറ്റുന്ന എല്ലാ സിനിമകളും കണ്ടു, എത്രയെത്ര ഷെയർ ഓട്ടോകളിൽ യാത്രചെയ്തു, പറ്റാവുന്ന എല്ലാ ആഴ്ചയിലും നാട്ടിൽ പോയിവന്നു, പിന്നീട് ചെന്നൈയിൽനിന്ന് എന്റെ സ്വന്തം കേരളത്തിലേക്കുവന്നു (എന്നാലെങ്കിലും മനസമാധാനം ഉണ്ടാവുമെന്ന് കരുതിയ നിനക്ക് തെറ്റി), കമ്പനിപ്പടിയിലെ വീട് നീയും ചേച്ചിയുംകൂടെ പോയി കണ്ടു , അവിടെ നമ്മൾ സന്തോഷത്തോടെ താമസം തുടങ്ങി, ആ ടെറസിൽ എന്തെല്ലാം കൃഷി പരീക്ഷണങ്ങൾ നമ്മൾ നടത്തി, എത്രയെത്ര രാത്രികളിൽ ആ വീട്ടിൽ ചൂടെടുത്ത് പുഴുങ്ങിയിരുന്നു, നിന്റെ ഒറ്റയാളുടെ മിടുക്കുകൊണ്ട് (നിർബന്ധംകൊണ്ട്) കാർ വാങ്ങി, നമുക്കൊരു അമിട്ടുകുട്ടൻ ഉണ്ടായി (സായു), നമ്മൾ താമസസ്ഥലം മാറി പുതിയ വീട്ടിലെത്തി, ഗോവക്ക് പോയി, ആദ്യമായി കുഞ്ഞിനെ മൊട്ടയടിച്ചു, സായുനെ ഡേകെയറിൽ വിട്ടു, വിയറ്റ്നാമും കമ്പോടിയയും കണ്ടു, നിനക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു, അങ്ങനെ മറക്കാനാവാത്ത എന്തെല്ലാം. പിന്നെയും നമ്മൾ യാത്രകൾ പോയി (നമ്മൾ മലേഷ്യ യും സിങ്കപ്പൂരും നീ സ്വിറ്റ്സർലൻഡും), പിന്നെയുമെത്രയോ സിനിമകൾ കണ്ടു, സായുന് പുതിയ ഡേകെയർ കണ്ടെത്തി, എന്റെ ഹെർണിയ സർജറി (അതുകാരണം നാലിരട്ടിയായ മൂഡ്സ്വിങ്സ്), സായുവുമൊത്തുള്ള നിന്റെ ഡാൻസ് പഠിത്തം, കുഞ്ഞിന് വീണ്ടും കണ്ടെത്തിയ പുതിയ സ്കൂൾ, അച്ഛന്റെ ആഞ്ജിയോപ്ലാസ്റ്റി(അതുകൂടി ആലോചിച്ചുള്ള എന്റെ ടെൻഷനുകൾ), ക്ഷയിക്കുന്ന എന്റെ മനസ്സും ശരീരവും, ഇതിന്റെയെല്ലാമിടയിൽ ഡയറ്റ് നോക്കി വണ്ണംവക്കുന്ന നിന്റെ ശരീരം ( ഇപ്പോ ഇതിവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന നിന്റെ സംശയം), വന്നുവന്ന് കലപിലാ സംസാരിച്ച് നമ്മളെ ഉപദേശിക്കാറായ ഇമ്മിണിസായു, നമ്മുടെ ആന്റമാൻ യാത്ര, അങ്ങനെ എന്തെല്ലാം. ഇനിയും നമ്മൾ ഒരുപാട് മുന്നോട്ട് പോകുമോ, പോയാൽ എന്നെ സഹിച്ചുസഹിച്ച് നീ പാടുപെടുമല്ലോ. അവധിദിവസങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന, മുപ്പത്തിമൂന്നിൽത്തന്നെ വയസ്സനെപോലെയായ ഈ ഭർത്താവിനെ ഇനിയും സഹിക്കാൻ പറ്റുമോ എന്റെ തിമ്മന്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് നീ നേരിട്ടുകഴിഞ്ഞു ( അമ്മയുടെ മരണം ). എന്നിട്ടും നീ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുന്നു (എന്റെ നേർവിപരീതം ), ഇടക്ക് ഞങ്ങൾ ശ്രദ്ധിക്കാത്തപ്പോൾമാത്രം സ്വകാര്യമായി പതറുന്നു, എന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കുന്നു. എന്റെ എല്ലാ കുറവുകളിലും പ്രചോദനംതന്ന് കൂടെനിൽക്കുന്നു, കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. ശരിക്കും എന്നെപ്പോലെ ഒരാൾതന്നെയായിരുന്നു നീയുമെങ്കിൽ നമ്മുടെ കുഞ്ഞിന്റെ ജീവിതം എത്രമാത്രം ബോറായിപ്പോയേനെ, എന്റെയും. ഞാൻ മാറാൻ ശ്രമിക്കാം ( പണ്ട് തന്നിട്ടുള്ളപോലെതന്നെ വെറും വാഗ്ദാനം). നിന്നെപ്പോലൊരു കട്ടപ്പ കൂടെയുണ്ട് എന്നുള്ളതാണ് എന്റെയും സായുവിന്റെയും ഭാഗ്യം. 
വീ ലവ് യു ചീതു. 

പിൻകുറിപ്പ് : എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീഥുവിന് ഞാൻ എഴുതിയ വിവാഹവാർഷിക കത്ത്. ഏകദേശം പത്തുകൊല്ലംമുന്നെയാണ് ഇതിനുമുൻപ് ഞാൻ ഇതുപോലൊരു കത്തെഴുതിയത്, അന്ന് അവളെ വീഴ്ത്താൻ, ഇന്ന് കൂടെത്തന്നെ നിർത്താൻ.

ചെന്നൈ പാസം

ഞാനും ഭാര്യയും (ശ്രീഥു) ആദ്യമായി കണ്ടുമുട്ടിയ ഞങ്ങടെ ചെന്നൈയിൽ ഒൻപതുകൊല്ലത്തെ ഇടവേളക്കുശേഷം ഞങ്ങൾ വീണ്ടുമെത്തി. ഇത്തവണ ഞങ്ങടെ കൂടെ ഞങ്ങടെ കുഞ്ഞ്,ചിമിട്ട്സായുവും ഉണ്ട്. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നടന്നുതുടങ്ങിയതുമുതൽ ഞാനും അവളും സായുവിനോട് പറഞ്ഞുതുടങ്ങി, ഇവിടെവച്ചാണ് അച്ഛനും അമ്മയും ആദ്യം കണ്ടത്, ഇവിടുന്ന് അങ്ങോട്ടുപോയാൽ വേറൊരു ട്രെയിൻ കയറി ആ സ്ഥലത്തോട്ട് പോകാം, അങ്ങോട്ടുപോകാം ഇങ്ങോട്ടുപോകാം എന്നൊക്കെ. സായു എല്ലാം മനസ്സിലായപോലെ ഒരു കുട്ടിബാഗും പുറത്തിട്ട്, കഴുത്തിലൊരു കുട്ടിഫാനും തൂക്കി തലയാട്ടി കൂടെ നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ തുടങ്ങി എടുക്കണമെന്നുപറഞ്ഞുള്ള ബഹളം, അങ്ങനെ വേതാളം തോളത്തുകയറി സുഖയാത്രതുടങ്ങി. 
അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തെത്തി, സായു ഭയങ്കര എക്‌സൈറ്റഡ് ആണ്, കട്ടിലിൽ ചാടിമറിഞ്ഞ് കുട്ടിക്കരണത്തിന്റെ പല വേർഷൻസ് പുറത്തെടുക്കുന്നു. ഓവറാക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു - താഴെ സ്കൂൾവണ്ടി വന്നിട്ടുണ്ട് കേറി പൊക്കോളാൻ, അച്ഛൻ വേണേൽ പൊക്കോ എന്നുപറഞ്ഞ് കുട്ടിമാക്കാൻ ചാട്ടം തുടർന്നു. കുറച്ചുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ ഓട്ടോ പിടിച്ച് ലൊയോളാ കോളേജിലേക്ക് പോയി. ശ്രീഥു പഠിച്ചതും ഞങ്ങൾ പലതവണ കണ്ടുമുട്ടിയതുമായ ആ വലിയ കോമ്പൗണ്ടിൽ ഒരുപാട് നൊസ്റ്റാൾജിയയുമായി ഞങ്ങൾ നടന്നു. ഞങ്ങടെ കഥകളൊക്കെ കേട്ട് ബോറടിച്ച സായുവിന് പ്രധാനമായി അറിയേണ്ടത് ഇതാണ്, അന്ന് സായു എവിടെയാരുന്നു. സായുനെ കൂട്ടാതെ എന്തിനാണ് അച്ഛനും അമ്മയും ഇവിടെ കറങ്ങിനടന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂരമ്പുകളുമായി വന്ന കുട്ടിച്ചാത്തനെയുംകൊണ്ട് ഞങ്ങൾ പിന്നെ പോയത് പണ്ട് താമസിച്ച വീട്ടിലേക്കാണ്. ഇത്തിരിമാത്രം നടന്നിട്ട് പിന്നെയുള്ള ദൂരംമുഴുവൻ എന്റെ തോളത്തുകയറിയിരുന്ന് അവനങ്ങ് സുഖിച്ചു. കല്യാണംകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് ആദ്യമായി താമസിച്ച വീട് സായുവിനെ പരിചയപ്പെടുത്തി. അവിടെ കുറേ പൂച്ചക്കുട്ടന്മാർ വരുമാരുന്നു എന്ന വിലയേറിയ പോയിന്റാണ് സായു പിടിച്ചെടുത്തത്. ആ പൂച്ചകൾ എവിടെ എന്നതാണ് കുന്നിക്കുരുവിന്റെ ഇപ്പോഴത്തെ ഡൗട്ട്. ആ വീടിന്റെ ഉടമസ്ഥയായ രാജം ആന്റി ഇപ്പോൾ അവിടെയല്ല താമസം, മകളുടെകൂടെ കുറച്ച് ദൂരെയെവിടെയോ ആണെന്ന് പഴയ കെയർടേക്കറിനെ വിളിച്ചപ്പോൾ മനസ്സിലായി. അന്നേ ഒരുപാട് വയസ്സുചെന്ന ഒരു അമ്മൂമ്മയായിരുന്നു രാജം ആന്റി, ഇന്നും അവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, കാണാൻ കഴിയാത്തതിൽ അല്പം നിരാശയും. എന്നമാ, സൊല്ല് കണ്ണാ എന്നുള്ള അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. ഏതായാലും ഇനി ആന്റിയെ കാണാൻ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി, ഇനി ഒരു വരവ് ഇങ്ങോട്ടേക്ക് ഉണ്ടാവുമോ, ആർക്കറിയാം. അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിൽ സായു കണ്ടുപിടിച്ചു. അതിലിരുന്ന് ഞങ്ങൾ കുറച്ചുനേരം ആടി. പണ്ട് ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ എത്രയോതവണ ഞാൻ അതിലിരുന്ന് ദിവാസ്വപ്നംകണ്ട് ആടിയിട്ടുണ്ട്.ഓർമ്മകൾ പലതും തിരിച്ചുവരുന്നു. അന്ന്, എങ്ങനേലും കേരളത്തിൽ പോയാൽമതി എന്നായിരുന്നു. ഇന്നോ, എങ്ങനേലും റാന്നിക്ക് പോയാൽമതിയെന്നും. അന്തമില്ലാത്ത ആഗ്രഹങ്ങൾ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ തിരിച്ചറിയുന്നു.. വീണ്ടും അതേ ആട്ടുകട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയാണ്, അതേ ആകാശം, അതേ ചുറ്റുവട്ടം. 

മരണവും മറവിയും

രാവിലെ എട്ടുമണിക്ക് പതിവില്ലാത്ത ഒരു കോളിങ്ബെൽ. അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിളും ആന്റിയുമാണ്. അവിടുത്തെ അമ്മൂമ്മ ഇനിയില്ല എന്ന വാർത്ത അറിയിക്കാനാണ് അവർ വന്നത്. ഇതുവരെ കണ്ട എല്ലാ മരണങ്ങളുംപോലെ ഞെട്ടലിന്റെയും നിർവികാരതയുടെയും കൂടിച്ചേർന്ന ഭാവവുമായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അമ്മൂമ്മയുടെയും ഞങ്ങളുടെയും സ്വന്തം രവി അപ്പൂപ്പൻ അവിടെ അരികിൽത്തന്നെ ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞെവിടെ എന്ന് അപ്പൂപ്പൻ ചോദിച്ചു. ഫ്ലാറ്റിൽ കുഞ്ഞിന്റെ ആദ്യത്തെ ബെസ്റ്റ്ഫ്രണ്ടാണ് അപ്പൂപ്പൻ, അപ്പൂപ്പന് അതിപ്പോഴും അങ്ങനെതന്നെ, കുഞ്ഞ് വളർന്ന് പുതിയ കൂട്ടുകാരെയൊക്കെ കണ്ടെത്തിയതുകൊണ്ട് അപ്പൂപ്പനോട് ഇപ്പോ അത്ര പ്രിയമില്ല. 
അമ്മൂമ്മ ഉറങ്ങുന്നപോലെ കിടക്കുകയാണ്. വായ തുറന്നിരിക്കുന്നു , മൊത്തത്തിൽ ശരീരം അല്പം നീരൊക്കെവച്ച് നാക്കൊക്കെ വെളുത്ത്, ഈ ശരീരത്തിൽ ഇനി ഞാനില്ല എന്ന് വിളിച്ചുപറയുന്നപോലെ കിടക്കുന്നു.  
ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവണം അമ്മൂമ്മയും, ഈ കാലത്തിനിടയ്ക്ക് സ്വന്തം ജീവിതംകൊണ്ട് എന്തൊക്കെ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ടാവാം. എല്ലാം ഇതോടുകൂടി മണ്ണടിയുകയാണ്. 
എനിക്ക് ജോലിക്കുപോകാൻ സമയമായി. മര്യാദയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഇന്ന് ലീവെടുത്ത് ഇവിടെ നിൽക്കണ്ടതാണ്, എങ്കിലും മനസ്സ് ചാഞ്ചാടുന്നു. തീർക്കാനുള്ള കുറെയേറെ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സമാധാനമായി അടുത്തയാഴ്ച ടൂർ പോകാൻ. ഓരോ മൺതരിക്കും സ്വന്തം കാര്യമാണല്ലോ വലുത്. ലേറ്റായിട്ടേ വരൂ എന്ന് ഓഫീസിൽ അറിയിച്ചു. 
സ്ഥിരം മരണവീട്ടിലെ വാക്കുകൾ ഇവിടെയും പ്രതിധ്വനിച്ചുതുടങ്ങി - എത്രയോ നാളായി ഇങ്ങനെ വയ്യാതെ ഇരുന്ന് അനുഭവിക്കുന്നു, ഒരു കണക്കിന് നന്നായി, എന്നൊക്കെ.
അപ്പൂപ്പൻ വല്ലാതെ വിതുമ്പുന്നു. എത്ര വയ്യാതെ ആണെങ്കിലും ആൾ ജീവനോടെ അടുത്തുണ്ടല്ലോ എന്ന സമാധാനത്തിൽ ജീവിക്കുന്ന പങ്കാളിക്കുമാത്രം വലിയൊരു നഷ്ടമാണ് മരണം. 

കല്യാണം കഴിഞ്ഞിട്ട് അറുപതുവർഷമായി എന്നൊക്കെ അപ്പൂപ്പൻ പറയുന്നു, ആകെ തകർന്ന് കരയുന്നു. പ്രായമായവർ കരയുന്നത് കാണാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അപ്പോൾ തോന്നി. അപ്പൂപ്പന്റെ സങ്കടംകണ്ട് കൂടെയുള്ള എല്ലാവരും കരയുന്നു. 

പത്രത്തിൽ ഫോട്ടോ കൊടുക്കണം, പ്രായവും മറ്റും ചേർക്കണം, പലരും പല തിരക്കിലാണ്. അമ്മയ്ക്ക് വയസ്സ് എൺപത്തിയാറല്ലേ എന്ന് ആരോ ചോദിക്കുമ്പോൾ അപ്പൂപ്പൻ പറയുന്നു - രാജുവിന്റെ ജനനത്തീയതി ഇരുപത്തിയെട്ട് ഒന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്. മറ്റ് പലതും ഓർത്തെടുക്കാൻ കഴിവില്ലാത്ത, അല്പം മുമ്പ് പറഞ്ഞ കാര്യങ്ങൾപോലും മറന്നുപോകുന്ന ആ അപ്പൂപ്പന്റെ മുഖത്തേക്ക് ഞാൻ അത്ഭുദത്തോടെ നോക്കി. ചിലതൊക്കെ അങ്ങനെയാണ്, പതിയുന്നത് ഓർമയിലല്ല, മനസ്സിലാണ്. 
അമ്മൂമ്മയെയും അപ്പൂപ്പനെയും ഇത്രദിവസം ശുശ്രൂഷിച്ച ഹോംനേഴ്സ്മാരും വീട്ടിൽ ജോലിക്കുനിന്നിരുന്ന ചേച്ചിയുമൊക്കെ അപ്പൂപ്പനെ ആശ്വസിപ്പിച്ച് കൂടെ ഇരിക്കുന്നു. ബന്ധുക്കളൊക്കെ വന്നുകൂടുന്നു. ഇത്രകാലത്തെ ജീവിതവും സ്നേഹവുംകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും നേടിയെടുത്ത പലരും വരിയായി വന്ന് കാണുന്നു. അപ്പൂപ്പന് പലരെയും മനസ്സിലാകുന്നില്ല, ഇപ്പൊ ആ മനസ്സിൽ ഒറ്റ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തമ്മിൽ കണ്ട ഈ ചുരുങ്ങിയ കാലങ്ങളിൽ സ്നേഹത്തോടെ നല്ലവാക്കുകൾപറഞ്ഞ അമ്മൂമ്മയ്ക്ക് മനസ്സാലെ ഞാൻ യാത്ര പറയുന്നു. കാണുമ്പോഴൊക്കെ ' വയ്യ മോനേ' എന്ന് നിസ്സഹായയായി പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് ഇനി വേദനയില്ലാത്ത ലോകത്ത് സുഖമായിരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

രാത്രി എട്ടുമണിക്ക് സംസ്കാരച്ചടങ്ങുകൾ എന്നറിഞ്ഞു. അപ്പൂപ്പന്റെ കുടുംബവീട്ടിലാണ് ചടങ്ങ്.
അവിടെ എത്തുമ്പോഴേക്കും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായി. തെളിഞ്ഞുനിൽക്കുന്ന ഒരു വിളക്കിനടുത്ത് അമ്മൂമ്മ തറയിൽ ഉറങ്ങുന്നു. ചുറ്റും കുറച്ച് നെല്ലൊക്കെ കിടക്കുന്നു. വയസ്സുചെന്ന ആളുകളാണ് ചുറ്റും കൂടിയിരിക്കുന്നതിൽ ഭൂരിഭാഗവും. ഒന്നുരണ്ട് കൊച്ചുകുട്ടികൾ അവിടെയുമിവിടെയും ഓടിനടക്കുന്നുണ്ട്. പ്രായമായ കുറച്ച് ആണുങ്ങൾ ചേർന്ന് അമ്മൂമ്മയെ ദഹിപ്പിക്കാൻ എടുക്കുന്നു. ആ എടുത്തവർക്കെല്ലാം നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരൊക്കെ എവിടെ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത തലമുറയെല്ലാം വിദേശത്തായതുകൊണ്ടാണോ അതോ ഇവിടുത്തെ രീതി ഇങ്ങനെയാണോ എന്നൊക്കെയായി എന്റെ പല ചിന്തകൾ. 
ചിതയിൽ വച്ച് കൊളുത്തിയശേഷം ഒരു ബ്ളോവർവച്ച് ചിത ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പ്രായമായ അമ്മാവന്മാർ കർമങ്ങൾ ചെയ്യാൻ ആ ചിതയ്ക്കുചുറ്റും ഒരുപാട് ബുദ്ധിമുട്ടി നടക്കുന്നു. ഒന്നാമത് അവർക്കൊക്കെ നടക്കാൻ വയ്യാത്തവരാണ്, രണ്ടാമത് ചിത ബ്ളോവർവച്ച് ആളിക്കത്തിക്കുന്നത്കാരണം ആകെ പടർന്നുവീശുന്നു. എനിക്കെന്തോ ആ രംഗം കണ്ടപ്പോൾ വല്ലാത്ത അപകടംപോലെ തോന്നി. എന്തോ ഭാഗ്യംകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. 
അകത്ത്, ഇത്രനേരം അമ്മൂമ്മയെ കിടത്തിയ തറയൊക്കെ അടിച്ചുവാരുന്നു. ഒരുപാട് നെൻമണികൾ തൂത്തുകൂട്ടിയെടുക്കുന്നു, പണ്ട് ഇവരൊക്കെ എന്തോരം നെല്ലുകുത്തിയിട്ടുണ്ടാവും. 
അല്പസമയത്തിനുള്ളിൽ ആ തറയൊക്കെ മുഴുവൻ വൃത്തിയായി. ആളുകൾ വന്നവഴിയേ തിരിച്ചുനടന്നുതുടങ്ങി. വീഴാൻപോയവഴി ഒരു അമ്മൂമ്മ കയറിപ്പിടിച്ചത് കോളിങ്ബെല്ലിൽ, ഒരുനിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പാളുന്നു. പിന്നെ വീണ്ടും പഴയപോലെ, കുറച്ചുപേർ മരിച്ച അമ്മൂമ്മയെ സ്മരിക്കുന്നു, കുറച്ചുപേർ സ്വന്തം കാര്യങ്ങളും മക്കടെ കാര്യങ്ങളുമൊക്കെ പറയുന്നു, അകത്തൊരു മുറിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യൻ ഫോണിൽ കളിക്കുന്നു, കല്യാണംകഴിഞ്ഞ് അറുപതുവയസ്സായ കാര്യം അപ്പൂപ്പൻ മാറ്റാരോടോ പറയുന്നു, അങ്ങനെയങ്ങനെ എല്ലാവരുടെയും ലോകം പതിയെ മുന്നോട്ടുതന്നെ നീങ്ങുന്നു. 

പിൻകുറിപ്പ് : അപ്പൂപ്പൻ തിരികെ ഫ്ലാറ്റിൽ ഞങ്ങടെ തൊട്ടപ്പുറത്തെ അതേ വീട്ടിൽ വന്നു. അപ്പൂപ്പനിപ്പോൾ മിക്കവാറുമൊക്കെ ടീവിയിൽ വെറുതേ കണ്ണുനട്ടിരിക്കുന്നതാണ് കാണുന്നത്. മറവി അപ്പൂപ്പനെ വല്ലാതെയങ്ങ് ബാധിച്ചിട്ടുണ്ട്. ഒരുകണക്കിന് അത് നന്നായി, ഇല്ലെങ്കിൽ ഓർമ്മകൾ വെറുതേ നോവിക്കുമല്ലോ. 

ഇന്ന്

അച്ഛൻ ആഞ്ജിയോപ്ലാസ്റ്റി ഒക്കെ കഴിഞ്ഞ് ഡിസ്ചാർജ് ആയി. ക്രിയാറ്റിൻ അളവ് ഇതുകാരണം കുറച്ചുകൂടി കൂടുമെന്നും മുൻപേതന്നെ കിഡ്നിക്ക് ഇഷ്യൂ ഉള്ളതുകൊണ്ട് റിക്കവറി ബുദ്ധിമുട്ടാവുമെന്നും ഡോക്ടർ പറഞ്ഞു. എന്റെ മനസ്സ് പിന്നെയും ടെൻഷനായി. അച്ഛൻ മരുന്നുകളുടെ ആധിക്യത്തിൽ ക്ഷീണിതനായി. അച്ഛനെ ഇങ്ങനെ ഇത്രയും കോലംകെട്ട് കണ്ടിട്ടേയില്ല, അതുകൊണ്ടുതന്നെ വിഷമമായി ഞങ്ങൾക്കെല്ലാം. ഒരാഴ്ച ഉറങ്ങിയും, പതിയെ കുറച്ചുനേരം നടന്നുമൊക്കെ വീടിനുള്ളിൽത്തന്നെ അച്ഛൻ കഴിച്ചുകൂട്ടി. അടുത്ത ചെക്കപ്പിന് ചെന്നപ്പോൾ ക്രിയാറ്റിൻ ലെവൽ പിന്നെയും ഒരുപാടങ്ങ് കൂടി. അനിവാര്യമായ ഡയാലിസിസ് അടുത്തടുത്ത് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ മനസ്സ് എല്ലാമായി അഡ്ജസ്റ്റ് ആവും, ആയെ പറ്റൂ. അങ്ങനെ ഞാനും സ്വയം സൃഷ്‌ടിച്ച ഒരു പുകമറക്കുള്ളിൽ എന്നെ സമാധാനിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് എന്താകും എന്ന ചിന്തയാണ് ഭയപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലായി, ഞാൻ നാളെയെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല എന്ന് തീരുമാനിച്ചു. അച്ഛൻ ഇന്ന് കൂടെയുണ്ട് എന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഓഫീസിൽ പോയാലും ഇടക്കൊക്കെ വിളിച്ച് അച്ഛന്റെ ശബ്ദമൊന്ന് കേട്ടു. നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നുമ്പോളാണല്ലോ നമുക്ക് പിടിച്ചുവെക്കാൻ കൂടുതൽ തോന്നുക. 
ഇന്നിൽ ജീവിക്കാൻ, ഇന്ന് കൂടെയുള്ളവരെ ഓർത്ത് സന്തോഷിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സങ്കടങ്ങൾ കുറഞ്ഞു, അല്പംകൂടിയൊക്കെ സമാധാനം തോന്നി. 

അച്ഛൻ വീട്ടിൽ പോയി, നല്ലപോലെ വിശ്രമിച്ച്, വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ച് അടുത്ത ചെക്കപ്പിന് പോയി. ഇത്തവണ ക്രിയാറ്റിൻ ലെവൽ കുറഞ്ഞിട്ടുണ്ട്. ആ വാർത്ത കേട്ട് എന്റെ പ്രതീക്ഷകൾ പൂവിട്ടു. കണ്ണ് ചെറുതായി നിറഞ്ഞു, ഇത്തവണ സന്തോഷംകൊണ്ടാണ്. ജീവിതത്തെപ്പറ്റി പിന്നെയും നല്ല ചിന്തകൾ വന്നുതുടങ്ങി. അച്ഛനും സന്തോഷമായി, മനസ്സിന്റെ സന്തോഷം ശരീരത്തിലും പ്രതിഫലിച്ചുതുടങ്ങി, അച്ഛൻ പിന്നെയും ആക്റ്റീവായി. അധികം വൈകാതെ അച്ഛൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അത് അച്ഛനും ഞങ്ങൾക്കും പുതിയ ഊർജം തന്നു. പതിയെ എല്ലാം നോർമൽ ആവുകയാണ്, ഇത് തല്കാലത്തേക്കാണെങ്കിലും ദീർഘകാലത്തേക്കാണെങ്കിലും ഇന്നിൽ ഞാൻ സന്തോഷവാനാണ്, കാരണം ഇന്ന് അച്ഛനും അമ്മയും ജീവിതത്തിൽ കൂടെയുണ്ടല്ലോ.