Thursday, 12 March 2026

കാലുകളുടെ ഭാരം

ഞാൻ ഈ ഭൂമിയിലേക്ക് വന്നിട്ട് 12532 ദിവസമായി. അതിൽ ആദ്യത്തെ ഒരു വർഷം ഒഴിവാക്കാം. അപ്പോൾ 12167 ദിവസം. ഏറ്റവും കുറഞ്ഞത് അത്രയും ദിവസമെങ്കിലുമായി ഞാൻ നടന്നുതുടങ്ങിയിട്ട്. ഇന്നിങ്ങനെ വളരെ ലാഘവത്തോടെ നടക്കുമ്പോൾ പെട്ടന്ന് തോന്നിയതാണ്. എപ്പോഴും കൂടെ ഉള്ളതുകൊണ്ടും ഇതുവരെയും കാര്യമായി പണിമുടക്കാത്തതുകൊണ്ടും പ്രത്യേകമായി ഗൗനിക്കാത്ത എന്റെ കാലുകളെ ഞാൻ കുറച്ച് അത്ഭുദത്തോടെ നോക്കി. നടന്നുതീർത്ത ദിവസങ്ങളിൽ ഒട്ടുമിക്കതും ഓർമയില്ല, ഇനി നടക്കാനുള്ളതും വലിയ ഓർമ്മയൊന്നും ബാക്കിവക്കാതെ ഒന്നിനെയും ചവിട്ടിനോവിക്കാതെ തൂവൽപോലെയങ്ങ് പോകണം. 

Wednesday, 25 February 2026

ഡൽഹി : റിട്ടേൺ

നാലരയ്ക്ക് എണീറ്റു. പെട്ടന്ന് റെഡിയായി സാധനങ്ങളൊക്കെയെടുത്ത് ഹോസ്റ്റലിൽനിന്നിറങ്ങി. ഇന്നലെത്തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തതുകൊണ്ട് വേറേ ഒന്നും ചെയ്യാനില്ലാരുന്നു. മെയിൻറോഡിൽചെന്ന് ഊബർ ബുക്ക്‌ ചെയ്യാമെന്നുകരുതി. വഴിയിൽ വീണ്ടും ഒരു തക്കുടുഗുണ്ടൻ പട്ടി. ഡൽഹിയിലെ മറ്റൊരു പ്രത്യേകതയാണ് വഴിയിലൊക്കെയുള്ള നല്ല സൈസുള്ള പട്ടികൾ, കണ്ടാൽ ആരെങ്കിലും വളർത്തുന്നതാണെന്നെ തോന്നൂ. ഇന്നലേംകൂടി അനന്തുച്ചേട്ടൻ പറഞ്ഞതാണ് ആവശ്യമില്ലാതെ അതുങ്ങളെ നോക്കരുത് പിന്നാലെ വരുമെന്ന്. അനുസരണയില്ലാത്ത കണ്ണുകൾ ആ ഗുണ്ടപ്പൻ പട്ടിയെ ഒന്ന് നോക്കി. മര്യാദക്ക് ഒരു സൈഡിൽ കിടന്നിരുന്ന അത് വാലാട്ടിക്കൊണ്ട് കൂടെവന്നു. ഞാൻ അതിനെ മൈൻഡ് ആക്കാതെ മുന്നോട്ട് നടന്നു. അത് വിടുന്ന ലക്ഷണമില്ല, എന്റെ കയ്യിലുള്ള കവറിൽ തട്ടിത്തട്ടി കൂടെവന്നു. ഞാൻ ചുറ്റും നോക്കി, മെയിൻ റോഡിലേക്ക് ഇനിയും കുറച്ച് ദൂരമുണ്ട്, അടുത്തെങ്ങും ഒരു മനുഷ്യനില്ല. പേടിയായി. ഞാൻ ഹിന്ദിയിൽ ആട്ടിയോടിക്കാൻ നോക്കി, ഏഹേ, നോ രക്ഷ. കുനിഞ്ഞ് കല്ലെടുത്തു, അതിന് പേടിയില്ല. എറിയുന്നപോലെ കാണിച്ചു, അത് കണ്ടതായി ഭാവിച്ചില്ല. ഞാൻ വിറയ്ക്കാൻ തുടങ്ങി. ഇത്രനാളും മനസ്സിൽ കണ്ടുവച്ചിരുന്ന അടവുകളൊന്നും പുറത്തുവന്നില്ല. ആളുകളൊക്കെ എന്തിനാണ് പട്ടിയെ ഇങ്ങനെ പേടിക്കുന്നത്, നമ്മൾ പേടിച്ചാലല്ലേ അവറ്റയ്ക്ക് കടിക്കാൻ തോന്നൂ, അഥവാ കടിക്കാൻ വന്നാൽ തൊഴിച്ചാൽപോരെ എന്നൊക്കെയുള്ള എന്റെ ഇത്രനാളുമുള്ള ചിന്തകൾക്ക് യാതൊരു ഫലവുമില്ലായെന്ന് ആ സമയത്ത് എനിക്ക് മനസ്സിലായി. ഇടയ്ക്കുവച്ച് ആ പട്ടിക്ക് ബോറടിച്ചിട്ട് അത് തിരിച്ചുപോയി, അതിന്റെ മുഖത്തെ ഭാവം കണ്ടാലറിയാം പേടിച്ചിട്ടല്ല പക്ഷെ നിന്നെ ഞാൻ വെറുതെയങ്ങ് വെറുതെവിടുകയാണ് എന്ന്. 
ടാക്സിയിൽ കയറിയപ്പോൾ, അടച്ച ഡോറിന്റെ സുരക്ഷിതത്വത്തിൽ എനിക്ക് ശ്വാസം തിരിച്ചുകിട്ടി. ഡൽഹിയിലെ പട്ടികൾ കണ്ടാൽ ഭീകരന്മാരാണെങ്കിലും കടിക്കില്ല എന്ന് പെങ്ങന്മാർ പറഞ്ഞത്‌ ഞാൻ ഓർത്തു. സമാധാനത്തിന്റെ ആ ജീൻ എന്നും അതുങ്ങളുടെ ഉള്ളിലുണ്ടാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

ട്രെയിന്റെ സമയം ആറുമണി കഴിഞ്ഞിട്ടാണ്. എങ്കിലും കുറേമുന്നെതന്നെ ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി. അതുകൊണ്ട് നേരത്തെതന്നെ അകത്തുകയറി.ഡൽഹിയെപ്പറ്റി നല്ല ഓർമകളുമായാണ് തിരിച്ചുപോകുന്നത്. പൊല്യൂഷനും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളുകളും എവിടെത്തിരിഞ്ഞാലും വൃത്തികേടും, മൊത്തത്തിൽ സിറ്റിയും ആയിരിക്കും എന്ന സങ്കല്പത്തിലെ ഡൽഹി പതിയെ മാഞ്ഞുപോയി. ഒരുപാട് ചരിത്രം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന, നല്ലനല്ല റോഡുകളുള്ള, വിചാരിച്ചതിലുംകൂടുതൽ മരങ്ങളും പക്ഷികളുമുള്ള, മറ്റുള്ളവരോട് ബഹുമാനം കാണിക്കുന്ന ആളുകളുള്ള, കോൺഫിഡന്റായി തല ഉയർത്തിനടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുള്ള, ഒരുപാട് സംസ്ഥാനങ്ങളിലെ ആളുകളെ ഒരുപോലെ ഉൾക്കൊള്ളുന്ന നല്ലൊരു നഗരമാണ് ഡൽഹി. 

ട്രെയിനിൽ രണ്ട് മലയാളികൾ എതിരെ വന്ന് ഇരുന്നു, പട്ടാളക്കാരാണ്. ഇങ്ങോട്ടുവന്നപ്പോൾ കണ്ടുമുട്ടിയ പയ്യനെപ്പോലെതന്നെ ചെറുപ്രായത്തിലേ പട്ടാളത്തിൽ കയറിയതാണെന്നുതോന്നി അവരുടെ മുഖം കണ്ടപ്പോൾ. ചെറുപ്പമാണ് പക്ഷേ പരുക്കനാണ്. അതിലൊരാൾ ഹിന്ദിക്കാർ മോശമാണെന്നും ഡൽഹി കൊള്ളില്ലന്നുമൊക്കെപ്പറഞ്ഞ് റേസിസം തുടങ്ങി. തീരെ താല്പര്യമില്ലാഞ്ഞിട്ടും എന്നെയും അവരുടെ സംസാരത്തിലേക്ക് വലിച്ചിട്ടു. അല്പം കഴിഞ്ഞപ്പോൾ ഹിന്ദിക്കാരായ ഒരു ഭാര്യയും ഭർത്താവും വന്നു. പയ്യന്മാർ അവരപ്പറ്റിയും ബഹുമാനമില്ലാത്തരീതിയിൽ കളിയാക്കിയൊക്കെ സംസാരംതുടങ്ങി. ഇവിടുന്ന് വേറേ എങ്ങോട്ടേലും പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു. അവരെ തിരുത്തിക്കൊടുക്കുന്നതിനുപകരം ഞാനും അവരുടെ താഴ്ന്ന ചിന്താഗതിക്ക് മൗനാനുവാദം നൽകി. ട്രെയിനെടുത്തു. അല്പംകഴിഞ്ഞ് അവന്മാർ ഉറങ്ങി. സമാധാനം. 

എതിരെ ഇരുന്ന ഭാര്യയും ഭർത്താവും സംസാരം തുടങ്ങി. ഈ അടുത്ത് കല്യാണം കഴിഞ്ഞിട്ടേ ഉള്ളു എന്ന് പെരുമാറ്റത്തിൽ മനസ്സിലാകും. എന്തോ പറയുന്നതിനിടയിൽ ഭാര്യക്ക് ഭർത്താവിന്റെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കാണണം. ഭർത്താവ് ഉരുണ്ടുകളി തുടങ്ങി. അപ്പോ ഭാര്യയ്ക്ക് ആവേശമായി. കുറേനേരം നിർബന്ധം പിടിച്ചപ്പോൾ ഭാര്യയുടെ ഫേസ്ബുക്ക് ഭർത്താവിനും കാണണമെന്ന് പറഞ്ഞു. പിന്നെന്താ, കണ്ടോ എന്നായി ഭാര്യ. ഭർത്താവ് പിന്നേം പെട്ടു. ഭാര്യ എങ്ങനൊക്കെയോ ഒന്നുരണ്ട് ചാറ്റുകൾ കണ്ടുപിടിച്ചു. അതൊക്കെ കല്യാണത്തിന് മുന്നത്തെയാണെന്ന് ഭർത്താവ്. ആയിക്കോട്ടെ ഞാനൊന്ന് വായിക്കട്ടെയെന്ന് ഭാര്യ. അവസാനം ഭർത്താവ് വളരെ കഷ്ടപ്പെട്ട് ഭാര്യയുടെ കയ്യിൽനിന്നും ഫോൺ തട്ടിപ്പറിച്ചു. ഭാര്യ സെന്റിനമ്പർ ഇറക്കി. ഓക്കേ ഇനി ഒരിക്കലും ഞാൻ ആ ഫോൺ നോക്കില്ല, സത്യം എന്നൊക്കെ പറഞ്ഞ് ഭർത്താവിന്റെ തലയിൽ കൈവച്ചു. ഭർത്താവ് ആരാ മോൻ, അതിലൊന്നും വീണില്ല, ആശാൻ വിഷയം മാറ്റി. എല്ലാ വീട്ടിലും ഇത് ഉണ്ടല്ലോ എന്നോർത്ത് ഞാൻ ചിരിച്ചു. മാസ്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ അടക്കിപ്പിടിച്ച ചിരി അവർ പുറത്തുകണ്ടില്ല. 
ഭർത്താവെ മോനേ നീ സൂക്ഷിച്ചോ, നീ ഉറങ്ങുമ്പോൾ നിന്റെ ഫിംഗർപ്രിന്റ്സ് വേണേൽ മാറ്റിവച്ചോ. ഇനി ആ ചാറ്റ് വായിക്കാതെ നിങ്ങടെ ഭാര്യ സമാധാനമായിട്ട് ഉറങ്ങുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ല. കുറേക്കഴിഞ്ഞ് അവരും ഉറങ്ങി. ഭാര്യയുടെ ഫോൺ ബെല്ലടിച്ചു. ഏതോ ബന്ധുവാണ്, അവർ ബുദ്ധിമുട്ടി ഫോണെടുത്ത് സംസാരിച്ചു. ഭർത്താവ് എവിടെ എന്ന് ബന്ധു ചോദിച്ചു, സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ വിളിച്ചുണർത്തി ഫോൺ കൊടുത്തു. ദേഷ്യം വരാൻ ഇതിൽകൂടുതൽ എന്തേലും വേണോ. പുതുമോടി ആയതുകൊണ്ട് "ഞാൻ ഉറങ്ങുവാണെന്ന് പറഞ്ഞേക്ക്" എന്ന്മാത്രം അല്പം ദേഷ്യത്തോടെ പറഞ്ഞ് ഭർത്താവ് തിരിഞ്ഞുകിടന്നു. താൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകാത്ത ഭാര്യയും ദേഷ്യത്തോടെ ഫോൺമാറ്റി. പറയൂ സുഹൃത്തുക്കളെ, ആരുടെ ഭാഗത്താണ് തെറ്റ്. 

കമ്പാർട്മെന്റിലെ ഏസിക്ക് തണുപ്പ് ഭയങ്കര കൂടുതലായിട്ട് തോന്നി. ഇവിടെ ഒട്ടിച്ചിരിക്കുന്ന ഒരു നമ്പറിൽ കംപ്ലയിന്റ് ചെയ്തപ്പോൾ ഒരു ടെക്‌നിഷ്യൻ വന്നു. എല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും ടെമ്പറേച്ചർ ഓട്ടോമാറ്റിക്കിലോട്ട് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. അയാൾ പോയി. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞിട്ടും തണുപ്പിന് കുറവൊന്നുമില്ല. പിന്നെയും അതേ നമ്പറിൽവിളിച്ച് കംപ്ലയിന്റ് പറഞ്ഞു. കുറേക്കഴിഞ്ഞ് ടെക്‌നിഷ്യൻ അയാളുടെ നമ്പറിൽനിന്ന് വിളിച്ചിട്ട് പറഞ്ഞു അയാൾ ഇപ്പോൾ ഞാൻ പറഞ്ഞ ബോഗിയിൽ എന്റെ സീറ്റിന്റെ അടുത്ത് നിപ്പുണ്ടെന്ന്, ഞാൻ എവിടെയാണെന്നും ചോദിച്ചു. ഞാൻ സീറ്റിൽത്തന്നെ ഉണ്ടെന്നുപറഞ്ഞപ്പോൾ അയാൾ ചോദിക്കുന്നു കറക്റ്റ് ബോഗിയിൽത്തന്നെ ആണോയെന്ന്. തിരിച്ച് അയാളോട് ബോഗി ചെക്ക് ചെയ്യാൻ ഞാനും പറഞ്ഞു. കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചിട്ട് മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു. മറ്റെയാൾ പറഞ്ഞു അയാളാണ് ഈ പറഞ്ഞ ബോഗിയിൽ ഞാൻ പറഞ്ഞ സീറ്റിൽ ഇരിക്കുന്നതെന്ന്. ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ബാക്കി എല്ലാർക്കും പ്രാന്തായതാണോ എന്ന അവസ്ഥയായി. ടെക്‌നിഷ്യനോട്‌ ഞാൻ ട്രെയിൻനമ്പറും ബോഗിയും സീറ്റ്‌ നമ്പറും വീണ്ടും പറഞ്ഞു. അപ്പളും അയാൾക്ക് തലയിൽ കേറുന്നില്ല. ഇലക്ട്രിക്കൽ ബോക്സിന്റെ മുകളിൽ എഴുതിയിരിക്കുന്ന നമ്പർ പറയാൻ അയാൾ എന്നോട് പറഞ്ഞു. അവിടെ നോക്കിയിട്ട് നമ്പറൊന്നും കണ്ടില്ല. ട്രെയിനിലെ വേറെയൊരു സ്റ്റാഫ്‌ അപ്പോൾ അതുവഴി വന്നു. അയാൾക്ക് ഞാൻ ഫോൺ കൊടുത്തു. ആയാളും ഈ ടെക്‌നിഷ്യനോട് ഉറപ്പിച്ചുപറഞ്ഞു ഇത് ബി നയൻ ആണെന്ന്. കുറേനേരം സംസാരിച്ചുകഴിഞ്ഞ് ഫോൺ എനിക്കുതന്നു. ടെക്‌നിഷ്യൻ പറഞ്ഞു " സാറേ ഇത് നിസാമുദീൻ ന്ന് തിരുവനന്തപുരം പോണ ട്രെയിൻ അല്ലേ, ഞാൻ തിരുവനന്തപുരത്തുന്നു നിസാമുദീൻ പോണ ട്രെയിനിലെ ബി നയൻ ഇൽ ആണ് ". എനിക്കുവന്ന അരിശം. എടൊ തന്നോട് ഒരായിരംതവണ ഞാനീ ട്രെയിനിന്റെ നമ്പർ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ ജബജബ. 
കുറച്ചുകഴിഞ്ഞ് ഒരു മല്ലൻ വന്നു, അയാൾ ടെക്‌നിഷ്യൻ ആണ്. വിവരം അന്വേഷിച്ച് അയാൾ പോയി. ഇപ്പോൾ തണുപ്പിന് അല്പം ശമനം വന്നിട്ടുണ്ട്. ഓരോരോ തൊന്തരവേ.

ഉച്ചക്ക് ഊണ്കഴിഞ്ഞും പട്ടാളക്കാർ ഉറക്കംതന്നെ, ഞാൻ ആശ്വസിച്ചു. ചായ ആയപ്പോൾ ട്രെയിൻസ്റ്റാഫ്‌ അവരെ വിളിച്ചുണർത്തി. അപ്പുറത്തെ ബോഗിയിൽനിന്ന് ഇവരുടെ ഒരു പരിചയക്കാരൻ പട്ടാളംകൂടി വന്നു. അയാൾ ഇതിനേക്കാൾ മൂത്ത ഐറ്റം. ഫോണിൽ പുള്ളി ഭാര്യയോട് മകനെപ്പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്, ആ കൂട്ടത്തിൽ അതുവഴിപോയ പെണ്ണിനെപ്പറ്റി കണ്ണുകൊണ്ട് ഈ പട്ടാളക്കാരോട് ആംഗ്യം കാണിക്കുന്നു. ഫോൺ വച്ചുകഴിഞ്ഞപ്പോൾ പറയുന്നു അയാളുടെ കമ്പാർട്മെന്റിൽ കളക്ഷൻ തീരെ ഇല്ലന്ന്. എന്നിട്ട് എണീറ്റു, ഒന്ന് മുന്നോട്ട് നടന്നിട്ടുവരാം എന്നുപറഞ്ഞ് കുറച്ച് മുന്നോട്ട് കളക്ഷൻ എടുക്കാൻ പോയി. കുറച്ചുകഴിഞ്ഞ് എല്ലാരേയുംകണ്ട് സന്തോഷത്തോടെ തിരിച്ചെത്തി. പണ്ട് ഉത്തർപ്രദേശിലേക്ക് സ്കൂളിൽനിന്ന് ട്രെയിനിൽ കൊണ്ടുപോയ രാത്രി എനിക്ക് ഓർമവന്നു. ഞങ്ങൾ കുറച്ച് പട്ടാളക്കാരുടെകൂടെ ചീട്ടുകളിക്കുന്നു, കൂടെ ഞങ്ങടെകൂടെയുള്ള പെൺകുട്ടികളുമുണ്ട്. അല്പം കഴിഞ്ഞ് അവരോട് ആ പട്ടാളക്കാർ നല്ലതല്ലാത്തരീതിയിൽ സംസാരിച്ചു എന്നൊക്കെ അന്നൊരു അനുഭവമുണ്ടായി. അതുപോലെയുള്ളവരാണല്ലോ ഇവരുമെന്ന് തോന്നി. പിന്നെ മൂന്ന് പട്ടാളക്കാരുംകൂടെ കുറച്ചുനേരം അവരവരുടെ ക്യാമ്പിലെ കുറച്ച് വിശേഷങ്ങളുമൊക്കെ പറഞ്ഞു, കൂടുതലും മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായുള്ള താരതമ്യമായിരുന്നു. മലയാളികളെല്ലാം ലോണെടുത്ത് വീടുവക്കും, പെങ്ങന്മാരെ കെട്ടിച്ചുവിടും അത്രെയേ ആകെയുള്ള സർവീസ്‌കൊണ്ട് നേടൂ, ഹിന്ദിക്കാരൊക്കെ നല്ല പിശുക്കന്മാരും കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവരുമായതുകൊണ്ട് അവരുടെയൊക്കെ കയ്യിൽ എപ്പോളും ഒരുപാട് പൈസയുണ്ടാകും, അങ്ങനെയങ്ങനെ. പിന്നത്തെ വിഷയം കേരള എന്നത് കേരളം ആക്കാൻ പോകുന്നതും പി എസ് സി പരീക്ഷ എഴുതാനുള്ള പരമാവധി പ്രായം നാല്പത് ആക്കിയതുമൊക്കെയായിരുന്നു. അവരുടെ കൂട്ടത്തിലെ ഒരാൾ ഇടയ്ക്കുവച്ച് ഈ ജോലി രാജിവച്ച് കുത്തിയിരുന്ന് പഠിച്ച് പി എസ് സി എഴുതി, ആദ്യമൊക്കെ റാങ്ക് ഇരുനൂറും മുന്നൂറുമൊക്കെ ആയിരുന്നു, ഇപ്പോൾ എഴുതിയെഴുതി എല്ലാ പരീക്ഷക്കും ആദ്യത്തെ പത്തിൽ വരുന്നുണ്ടത്രേ. എക്സ് സർവീസ്മെൻ ആയതുകൊണ്ട് കുറച്ചൊന്ന് മെനക്കെട്ടാൽ എന്തായാലും പി എസ് സി കിട്ടുമെന്ന ശുഭാപ്തിവിശ്വാസവും ഈ പറയുന്ന ആൾ (കളക്ഷൻ ഏജന്റ് )പങ്കുവച്ചു. 
 കുറേനേരമിരുന്ന് സംസാരിച്ച് അവരുമായി കൂട്ടൊക്കെയായി. കൂട്ടുകാരെപ്പറ്റി മോശമായി എഴുതുന്നത് ശരിയാണോ എന്നുവരെ തോന്നി. ഏതെങ്കിലും കാരണവശാൽ അവരെങ്ങാനും ഈ എഴുത്ത് വായിച്ചാൽ എന്താവും എന്റെ മാനസികാവസ്ഥ എന്നുപോലും ചിന്തിച്ചുകൂട്ടി. അവരിൽ മോശം മാത്രമല്ല നല്ല വശവുമുണ്ട് എന്ന് കൂട്ടിച്ചേർക്കുകയാണ്. പിന്നെ, ഈ മേൽപറഞ്ഞ കളക്ഷൻ എടുക്കുന്ന പരിപാടിയും മറ്റുള്ളവരെ വേർതിരിച്ച് കാണുന്നതുമൊക്കെ ചെയ്യാത്തവർ ആരാണ്, പ്രായം കൂടുന്നതനുസരിച്ച് വരുന്ന ചെറിയ ചില പക്വതകൾ ചിലപ്പോൾ ഇതിനൊക്കെ അല്പം കുറവ് വരുത്തിയിട്ടുണ്ടാവാം അത്രേയുള്ളൂ. ഒന്നുകിൽ ഈ പട്ടാളക്കാർ വളർന്നുവന്ന സാഹചര്യം, അല്ലെങ്കിൽ ജോലിസ്ഥലത്ത് അവർ അനുഭവിക്കുന്ന വിവേചനം, ഇതൊക്കെയാവാം പട്ടാളമായിട്ടും മറ്റ് സംസ്ഥാനക്കാരോടുള്ള ഇവരുടെ വേർതിരിവിന് പിന്നിൽ. ഈ മൂന്നുപേരും പതിനെട്ടാം വയസ്സിൽ റാലിക്ക് പോയി ആർമിയിൽ ചേർന്നതാണ്, അതായത് നമ്മളൊക്കെ പ്ലസ് ടു കഴിഞ്ഞ് കോളേജ് കൊണ്ടാടുന്ന സമയം ഇവർ പട്ടാളക്കാരാണ്. ഇന്ന് പത്തുകൊല്ലത്തിനടുത്ത് എക്സ്പീരിയൻസ് ഉള്ള, അതായത് പരമാവധി ഇരുപത്തെട്ട് വയസ്സുള്ള ആളുകൾ അല്ലെങ്കിൽ പയ്യന്മാർ. പ്രായത്തിന്റെ ഇളവും, ചെറുപ്രായത്തിൽ എടുത്തുവച്ച ജീവിതഭാരവും ഉത്തരവാദിത്തവും, ഇതിന്റെയൊക്കെയൊരു ആകെത്തുകയാണ് അവരുടെ പെരുമാറ്റമെന്ന് നമുക്ക് അല്പം ക്ഷമിക്കാം അല്ലേ. 
ഈ സന്ദർഭത്തിൽ ഇതുമായി ചേർത്തുവായിക്കാവുന്ന ഒരു കാര്യം ഓർമ്മവരുന്നു. പണ്ട് ഏറ്റവുമടുത്ത ഒരു കൂട്ടുകാരനെപ്പറ്റി ഒരു കൂട്ടുകാരി കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അവനെ സപ്പോർട്ട്ചെയ്ത് ഒന്നുംപറയാതെ കേട്ടിരുന്നത്. അത് ശരിക്കും അവനോടുള്ള ചതിയായിപ്പോയി. അവൻ അത് അറിയുകയും അവനെ ആ കാര്യം എത്രമാത്രം വേദനിപ്പിച്ചു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കുകയും ചെയ്തപ്പോൾ ഞാനനുഭവിച്ച ജാള്യത, എന്നോടുതന്നെ തോന്നിയ പുച്ഛം. നീയൊക്കെ ഒരു കൂട്ടുകാരനാണോടാ എന്ന അവന്റെ ചോദ്യം ഇപ്പോഴും തറഞ്ഞുനിൽപ്പുണ്ട്. 

മൂന്നാമൻ പട്ടാളക്കാരൻ അയാളുടെ കമ്പാർട്മെന്റിലേക്ക് തിരിച്ചുപോയി. അടുത്ത സ്റ്റേഷനിൽ ഒരു ഹിന്ദിക്കാരൻകൂടെ ഞങ്ങടെ കമ്പാർട്മെന്റിലേക്ക് വന്നു. പട്ടാളംപയ്യന് അതും ഇഷ്ടമായില്ല, അവൻ എന്നോട് കുറ്റമൊക്കെ പറഞ്ഞുതുടങ്ങി. അവനെ വെറുപ്പിക്കണ്ടായെന്നുകരുതി ഞാൻ പറഞ്ഞു മിണ്ടാതിരിക്ക് നമുക്കുമാത്രമല്ല പല ഭാഷകൾ അറിയാവുന്നതെന്ന്. അവൻ ഒന്നടങ്ങി. 

ട്രെയിനിൽ വീണ്ടും ഭക്ഷണം വന്നു. അതിന്റെ പാക്കിങ്ങും അറേഞ്ച്മെന്റുമൊക്കെ കൗതുകത്തോടെ ഞാൻ നോക്കി. ഇന്ത്യൻ റെയിൽവേ സർവീസിൽ മെച്ചപ്പെടുന്നു എന്ന് തോന്നി. വിശപ്പില്ലാത്തതുകൊണ്ട് കുറേനേരം നോക്കിയിരുന്നു. നമ്മടെ നോസി പാർക്കർ (മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായ ശ്രദ്ധയുള്ള ) പട്ടാളംപയ്യന് അതും പറ്റുന്നില്ല. എന്താ കഴിക്കുന്നില്ലേ എന്നായി. ഞാൻ പറഞ്ഞു 'ദാ കഴിക്കുകയാണ്', മനസ്സിൽ പറഞ്ഞു- എന്റെ പൊന്നോ ഞാൻ കഴിച്ചോളാം . കഴിക്കുന്നതിനിടയ്ക്ക് ഒന്ന് സ്റ്റക്കായി. അതിനും അവന്റെചോദ്യം 'എന്താ ആലോചിക്കുന്നത് '. പിന്നെ സർജറിയുടെയും ഹെർണിയയുടെ കാര്യമൊക്കെ വിശദീകരിച്ച് അവനെ സമാധാനപ്പെടുത്തി ഒരു മൂലക്കിരുത്തി. കുറച്ചുകഴിഞ്ഞ് ഒന്ന് ടോയ്ലറ്റ് വരെ പോയിട്ട് വന്നപ്പോൾ വീണ്ടും ചോദ്യം - ' എവിടെയാരുന്നു '. പതിയെ കാര്യം പറഞ്ഞപ്പോൾ അവൻ ഉറക്കെ വീണ്ടും ചോദിച്ചു, അവസാനം സാഷ്ടാഗം പ്രണമിച്ച് ഞാൻ ഉറക്കെ പറഞ്ഞുകൊടുത്തു 'ഒന്ന് ടോയ്‌ലെറ്റുവരെ പോയതാണ് '. പാവം, സ്നേഹംകൊണ്ടാ കേട്ടോ. മലയാളി ആണെന്നുള്ള ഒരു പ്രത്യേക സ്നേഹം അവന് എന്നോടുണ്ട്. 
ഭാഗ്യത്തിന് ഇന്നത്തെ ദിവസം തീരുകയാണ്. ഇനി കണ്ണടച്ച് കിടന്നേക്കാം. കുറച്ചുകഴിയുമ്പോ അവൻ വരുമോ പേടിപ്പിക്കാൻ "ഒറങ്ങുവാന്നോ " എന്ന് ചോദിച്ചുകൊണ്ട്. 

പിൻകുറിപ്പ്:അവനോട് യാത്രപറയാൻനേരം വിഷമംതോന്നി. 


ഡൽഹി : ചരിത്രങ്ങളിലൂടെ part 2

വീണ്ടും മെട്രോയിറങ്ങി, ഏകദേശം രണ്ടുകിലോമീറ്റർ നടന്ന് കുത്തബ്മിനാറിന്റെ സ്ഥലത്തെത്തി. ഫുഡ് കഴിച്ചപ്പോഴേക്കും അനന്തുച്ചേട്ടനെത്തി, പുള്ളിക്ക് നോമ്പാണല്ലോ അതുകൊണ്ട് കഴിച്ചില്ല. ഗേറ്റിനടുത്ത് രണ്ട് ഓട്ടോക്കാർ തമ്മിൽ കശപിശ, അതിൽ ഒരുത്തൻ മറ്റവനോട് അലറുന്നു 'അബെ തു പാകിസ്താനി ഹേ ക്യാ ', ഇന്ത്യക്കകത്തുവച്ച് ഒരു ഇന്ത്യക്കാരനോട് ചോദിക്കാവുന്ന ഏറ്റവും മോശം ചോദ്യം. അത് പാകിസ്ഥാൻ അത്ര മോശമായതുകൊണ്ടുമാത്രമാണോ , നമ്മുടെ മനോഭാവവും അങ്ങനായതുകൊണ്ടല്ലേ. അത് കേൾക്കേണ്ടിവന്ന ആളുടെ മനസ്സ് എത്രമാത്രം അരിശപ്പെട്ടിട്ടുണ്ടാകും, പ്രത്യേകിച്ച് അയാളൊരു മുസ്ലിം ആണെങ്കിൽ. സ്വന്തം രാജ്യത്തിനകത്ത് ശത്രുവിനെപ്പോലെ കാണുകയാണെങ്കിൽ പിന്നെ എങ്ങനെ ഈ രാജ്യത്തോട് സ്നേഹം തോന്നും. രാഷ്ട്രീയക്കാർ എന്തും പറഞ്ഞോട്ടെ, തിരഞ്ഞെടുപ്പുകൾ ജയിക്കാൻ എന്തും ചെയ്തോട്ടെ, പക്ഷേ അത് ജനങ്ങൾ മനസ്സിൽ പതിപ്പിച്ചാൽ വലിയ താമസമില്ലാതെ നമ്മുടെ ഈ വൈവിധ്യങ്ങളുടെ സ്വർഗ്ഗഭൂമി എത്രയുംവേഗം തകർന്ന് ഇല്ലാതെയാകും. മറ്റുള്ളവർക്ക് വേണ്ടതും അതുതന്നെയല്ലേ. 
അകത്ത് ഒരു ലോകാത്ഭുദംപോലെ കണ്ണെത്താത്ത ഉയരത്തിലങ്ങനെ വിരിഞ്ഞുനിൽക്കുകയാണ് നമ്മുടെ കക്ഷി കുത്തബ് കുമാരൻ.
സംഭവം ഏതോ ഒരു വിക്റ്ററി മെമ്മോറിയലാണ്. പണിതത് ആയിരത്തി ഇരുന്നൂറുകളിലും. അന്ത കാലത്ത് ഇങ്ങനെയൊരു ഐറ്റം പണിയാൻ എത്രമാത്രം ആളുകൾ കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ചിന്തിക്കാൻ ശ്രമിച്ചു. ചാട്ടയ്ക്ക് അടികൊണ്ടും അടിമപ്പണിയെടുത്തും ജനലക്ഷങ്ങൾ ഒന്നിച്ചുകൂടിയായിരിക്കും ഇത്രയും ബ്രിഹത്തായൊരു സാധനം ഇങ്ങനെ ആക്കിയെടുത്തത്. ബാഹുബലി സിനിമയിലെ പൽവാൾദേവൻ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മനസ്സിൽ തെളിഞ്ഞുവന്നു. 
കുറേനേരം സ്ഥൂപങ്ങളും ശവകുടീരങ്ങളും അതിന്റെ എഴുത്തുകളുമൊക്കെ വായിച്ചുവായിച്ച് ഞാൻ മുൻപെഴുതിയ പല എക്സാമുകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളേയുമൊക്കെ നേരിൽ കണ്ടു. 
അനന്തുച്ചേട്ടൻ ഫോട്ടോ എടുക്കുന്ന തിരക്കിലേക്ക് കടന്നു. ഞാനും അപ്പോഴേക്കും കുറച്ചധികം ഫോട്ടോ എടുത്തിരുന്നു. പുള്ളി എന്റെ കുറച്ച് നല്ല ഫോട്ടോ എടുത്തുതന്നപ്പോൾ ഇനി തിരിച്ചും ചെയ്യണമല്ലോ എന്ന ഉത്തരവാദിത്തഭാരം എന്റേതായി. പക്ഷേ എന്തുചെയ്യാൻ, എനിക്ക് അഭിനയിക്കാനല്ലേ അറിയൂ, ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ലല്ലോ. ഫോട്ടോ എടുക്കാൻ അറിയാവുന്ന എല്ലാ കൂട്ടുകാർക്കും സ്ഥിരം പറ്റുന്നപോലെ സ്വന്തം നല്ലൊരു ഫോട്ടോ കിട്ടാൻ ആ മനുഷ്യൻ എന്നെക്കൊണ്ട് പാടുപെട്ടു. അവസാനം കുറേ എടുത്തതിൽ ഒന്നുരണ്ടെണ്ണം ഓക്കേ ഓക്കേ എന്ന അവസ്ഥയിൽ കിട്ടി. തത്കാലം ഒള്ളതുകൊണ്ട് അങ്ങേര് തൃപ്തിപ്പെട്ടതായി അഭിനയിച്ചു. അവിടുന്ന് പുറത്തിറങ്ങുംമുൻപ് ഇനി അടുത്ത് എന്താണ് കാണാനുള്ളതെന്നു നോക്കിയപ്പോൾ നെറ്റ് പറഞ്ഞു ഏതോ അയേൺ പില്ലർ ഉണ്ടെന്ന്. മാപ്പ് ഇട്ട് നോക്കിയപ്പോഴോ, ഞങ്ങൾ നിന്നതിന്റെ തൊട്ടടുത്ത് ഉണ്ട് സാധനം. തിരിഞ്ഞുനോക്കിയപ്പോൾ ദാ നിൽക്കുന്നു ചെറിയൊരു തൂണ്. ആയിരത്തി അറുന്നൂറ് കൊല്ലമായിട്ടും തുരുമ്പിക്കാതെ ഞെളിഞ്ഞുനിക്കുന്ന ഈ എന്നെ നിനക്കൊന്നും മനസ്സിലായില്ല അല്ലേടാ ജാഡത്തെണ്ടി എന്ന് അത് എന്നോട് ചോദിക്കാതെ ചോദിച്ചു. അതിനുചുവട്ടിൽ എഴുതിയിട്ടുണ്ട് ഇത് ഇവിടെവരെ എവിടെനിന്ന് വന്നതാണെന്ന് ആർക്കുമറിയില്ല എന്ന്. നിഗൂഢമായി ഇങ്ങനെയൊരു സാധനം ഇവിടെയെത്തിയ ആ കാലത്തിനെ വീണ്ടും അത്ഭുതത്തോടെ സ്മരിച്ചു. കോമ്പൗണ്ടിനുള്ളിൽ അമ്പലങ്ങളിലെപ്പോലെ കൽത്തൂണുകളുണ്ട്, ഏതാണ്ടൊരു മഹാബലിപുരം സ്റ്റൈൽ ഉള്ള നിർമിതികൾ. ചരിത്രം ചികഞ്ഞുപോയാൽ പലകാലങ്ങളിൽ പലരും ഉഴുതുമറിച്ച ശേഷിപ്പുകൾ കണ്ടെടുക്കാം. രാജാവ് പണിഞ്ഞതിനുമേലെ സുൽത്താൻ പണിഞ്ഞതിനുമേലെ സായിപ്പ് പണിഞ്ഞതിനുമേലെ സർക്കാർ പണിഞ്ഞത്. ഭരണാധികാരികൾ ചരിത്രത്തെ തിരുത്തിയെഴുതി സ്വയം ഭാവിയിലെ ചരിത്രമാകാൻ എത്രയോ കിണഞ്ഞുശ്രമിച്ചിരിക്കുന്നു, ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 

ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോകാനിറങ്ങി. ഓട്ടോക്കാർ വിടാതെ വട്ടംപിടിക്കുകയാണ്. മെട്രോയിലോട്ടല്ലേ പോകണ്ടേ എന്ന് പലതവണ അവർ ചോദിച്ചു. അല്ലെന്ന് മറുപടിയും പറഞ്ഞു അത്രതന്നെ തവണ. ഒരാൾ വന്നിട്ട് പിന്നെയും തമാശരൂപേണ '"എനിക്കറിയാം നിങ്ങൾക്ക് മെട്രോതന്നെ ആണ് പോകണ്ടതെന്ന്, ഒന്ന് വാ ഭായ് " എന്നരീതിയിൽ സംസാരിച്ചു.
ഇടയ്ക്ക് തോന്നി ഇങ്ങനെയുള്ള ശല്യങ്ങളൊക്കെ ഇല്ലായിരുന്നെങ്കിലെന്ന്. പക്ഷേ അവരും ജീവിക്കാനുള്ള ഓട്ടമല്ലേ, മോഷണവും പിടിച്ചുപറിയുമൊന്നുമല്ലല്ലോ എന്ന് മനസ്സ് ഓർമിപ്പിച്ചു. ഞങ്ങൾ ഓട്ടോപിടിച്ച് അടുത്ത സ്ഥലത്തേക്ക് പോയി, മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌. കേരളത്തിൽനിന്നാണെന്നറിഞ്ഞ ഓട്ടോക്കാരൻ കേരളം വളരെ മനോഹരമാണെന്നും കൊച്ചി സൂപ്പറാണെന്നും പറഞ്ഞു. നമ്മുടേത് നല്ലതെന്ന് കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം. നമ്മളാണ് നമ്മടെ നാടിന്റെ അംബാസിഡർമാർ എന്ന ഉത്തരവാദിത്തബോധം നമ്മളോരോരുത്തർക്കും എല്ലാ യാത്രകളിലും വേണമെന്നാണ് എന്റെയൊരു അഭിപ്രായം. അത് പല അതിർവരമ്പുകളിൽ പലതാണെന്നെ ഉള്ളു. ഇന്ത്യക്കുവെളിയിൽ ഞാൻ ഇന്ത്യയുടെ, ഇന്ത്യയ്ക്കകത്ത് കേരളത്തിന്റെ, കേരളത്തിനകത്തുനിൽകുമ്പോൾ പത്തനംതിട്ടക്കാരുടെ , പത്തനംതിട്ടയിലോ റാന്നിയുടെ പ്രതിനിധി. ഈ വരമ്പുകൾ തീരുന്നേയില്ല. നല്ലതെന്ന് പറയിക്കാൻ വലിയ പാടാണ്. പക്ഷേ മോശമെന്ന് പറയിക്കാതെ ഇരിക്കാൻ അത്ര പാടൊന്നുമില്ല. ഓരോ സ്ഥലത്ത് ചെല്ലുമ്പോളും ആളുകൾ നമ്മളെവച്ച് നമ്മുടെ നാടിനെ വിലയിരുത്തും, നമ്മടെ നാടിന്റെ അഭിമാനം നമ്മളാകണം. 
മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്‌ അടുത്തുതന്നെയായിരുന്നു. അവിടെയും ചരിത്രത്തെ വെട്ടിമാറ്റിയത് കണ്ടു. ആരോ പണിഞ്ഞിരുന്ന ശവകുടീരം മാറ്റി ബോട്ട്ഹൗസ് ആക്കിയിരിക്കുന്നു സായിപ്പ്. ഏതായാലും പുള്ളി പണിഞ്ഞ ആർട്ടിഫിഷ്യൽ തടാകം കാരണം അവിടെയാകെ പച്ചപ്പുണ്ട്. കുറച്ചപ്പുറത്ത് കാട്ടിലൂടെ നടന്നെത്തുന്ന വഴിയിൽ അങ്ങേയറ്റത്ത് രാജോൺ കി ബാവലി എന്ന സ്റ്റെപ് വെൽ ഉണ്ട്. കാട്ടിലൂടെയുള്ള നടത്തത്തിനിടക്ക് പട്ടികൾ കൂട്ടമായി ഓടിവന്നു, വരവ് അത്ര പന്തിയല്ലായിരുന്നെങ്കിലും പ്രശ്നമുണ്ടാക്കാതെ അവന്മാർ പോയി. സ്റ്റെപ് വെൽ നമ്മൾ ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടാവും. കുറേ കല്പടവുകൾ ഇറങ്ങിചെല്ലുമ്പോൾ കുളംപോലെ വെള്ളം. ഇവിടെ വെള്ളം കറുത്ത് കൊഴുത്തുകിടക്കുന്നു. ആളുകൾ മുകളിൽനിന്ന് എന്തോ ഇട്ടുകൊടുത്തപ്പോൾ മീനുകൾ പൊങ്ങിവന്ന് അത് കഴിച്ചു. ഈ വൃത്തികെട്ട വെള്ളത്തിൽ മീനുകൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ പോകാനിറങ്ങി. കൂടെ നടക്കുന്ന അനന്തുചേട്ടൻ വെള്ളംപോലും കുടിക്കാതെ ക്ഷീണിച്ചിട്ടുണ്ട്. എത്രമണിക്ക് വെള്ളം കുടിക്കാം എന്ന് ചോദിച്ചപ്പോൾ ആറുമണി എന്ന് ആശാൻ പറഞ്ഞു. കയ്യിലിരുന്ന ചെറിയ കുപ്പിയിലെ ഇത്തിരിവെള്ളം കാണിച്ചിട്ട് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഞാൻ പറഞ്ഞു - 'ഇപ്പൊ അഞ്ചുമണി, ഇത് ഞാൻ കുടിക്കുവാ.'

ഞങ്ങൾ ഓട്ടോ പിടിച്ച് വീണ്ടും മെട്രോസ്റ്റേഷനിലെത്തി. മെട്രോയിൽ ഇടയ്ക്കുവച്ച് ഞങ്ങൾ രണ്ടുവഴി പിരിഞ്ഞു, പുള്ളി എയർപോർട്ടിലോട്ടും ഞാൻ ഹുമയുണിന്റെ ടോംബ് കാണാനും. പക്ഷെ മെട്രോ ഇറങ്ങിക്കഴിഞ്ഞപ്പോ മനസിലായി ഹുമയുൺ ടോംബ് അടക്കാനുള്ള സമയമായിയെന്ന്. അതോണ്ട് ഇന്ത്യാഗേറ്റ് കാണാൻ തീരുമാനിച്ചു. ഓട്ടോ ചോദിച്ചപ്പോൾ നാനൂറ്‌ രൂപ പറഞ്ഞു. അപ്പൊത്തന്നെ ഊബറിൽ ബൈക്ക് ബുക്ക്‌ ചെയ്ത് എന്റെ ആദ്യത്തെ ഊബർ ബൈക്ക് റൈഡ് എടുത്തു. എഴുപതുരൂപക്ക് അങ്ങനെ ഇന്ത്യാഗേറ്റിന്റെ പരിസരത്തെത്തി. പക്ഷേ അവിടെങ്ങും ഗേറ്റ് കാണാനില്ല. ബൈക്ക് ഓടിച്ച ആളോട് ചോദിച്ചപ്പോൾ ഇവിടെ മൂന്നുനാല് ഗേറ്റ് ഉണ്ടെന്നൊക്കെയാണ് പുള്ളി പറയുന്നത്. അയാൾ പോയി. പിന്നെ വഴിയിൽ കണ്ട പലരോടും ചോദിച്ച് മുന്നോട്ട് നടന്നു. ഉരല് ചെന്ന് മദ്ദളത്തോട് ചോദിക്കുന്നപോലെ വഴിയിലൊരു സ്ത്രീ എന്നോട് ചോദിച്ചു ഈ ഇന്ത്യാഗേറ്റ് എന്നുപറയുന്ന സാധനം എവിടെയാണെന്ന്. ഞാൻ എന്റെ അവസ്ഥ പറഞ്ഞിട്ട് മുന്നോട്ട് നടന്നു. പിന്നെയും ഒരു അര കിലോമീറ്റർ നടന്നപ്പോ കണ്ടുപിടിച്ചു. അപ്പഴേക്കും രാത്രിയായിതുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും സിനിമകളിൽമാത്രം കണ്ടിട്ടുള്ള ഇന്ത്യാഗേറ്റ് അങ്ങനെ കൺമുന്നിൽ കണ്ടു. ചുറ്റുമൊക്കെ കറങ്ങിനടന്ന് പല ആംഗിളിൽ ഫോട്ടോ എടുത്തു. പാവം കുറേ ഫോട്ടോഗ്രാഫർമാർ ആ പരിസരത്തൊക്കെയുണ്ട്. ഇന്നത്തെ കാലത്ത് ഫോണുള്ളപ്പോൾ ആരും അവരെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ നിലനിൽപ്പ് കഷ്ടത്തിലാകുമെന്ന് അവരെ കണ്ടപ്പോൾ തോന്നി. റീൽസ് എടുത്തും ഷാറുഖാനെപ്പോലെ കൈവിടർത്തിനിന്നുമൊക്കെ എല്ലാരും ഫോട്ടോയ്ക്ക് മത്സരിക്കുന്നു. ഇന്ത്യാഗേറ്റും താനും മാത്രമുള്ള ഫോട്ടോ കിട്ടാൻവേണ്ടി പല ആംഗിളുകൾ പരീക്ഷിക്കുകയാണ് ആളുകൾ. ഏതോ ഫേമസ് ഫോട്ടോഗ്രാഫർ ചെയ്ത ഒരു പ്രൊജക്റ്റ്‌ ഓർമവന്നു. അവർ ഇതുപോലെ തിരക്കുപിടിച്ച ഏതോ ടൂറിസ്റ്റ് സ്പോട്ടിൽ ഒരേദിവസം പല ടൈമിലുള്ള ഫോട്ടോസ് എടുത്തിട്ട് അത് കമ്പയിൻ ചെയ്ത് ഒന്നാക്കി, നമ്മുടെയെല്ലാം ഫോട്ടോയിൽ കാണുന്ന നമ്മളും ആ സൂപ്പർ ബാക്ഗ്രൗണ്ടും മാത്രമുള്ള സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന തിങ്ങിനിറഞ്ഞ ആ ഫോട്ടോയാണ് യഥാർത്ഥ ഇന്നത്തെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും. 

ഇന്നിനി മെട്രോവരെ നടക്കാൻ വയ്യ എന്ന തിരിച്ചറിവിൽ ടാക്സിപിടിച്ച് ഹോസ്റ്റലിലേക്കുപോയി. ഡൽഹിയിലെ മൂന്നാമത്തെ രാത്രിയും റൊട്ടിയും പനീറും ഒരു മടിയുംകൂടാതെ തട്ടി. തിരിച്ച് എറണാകുളം എത്തുന്നതുവരെ രാജധാനിയിലുൾപ്പെടെ ഉള്ള ഫുഡ്കൂടി കൂട്ടിയാൽ ഏകദേശം ഒരാഴ്ച്ചത്തെ എന്റെ പ്രധാന ഭക്ഷണമാണ് മേല്പറഞ്ഞത്. എടുത്തുകൂട്ടിയ ഫോട്ടോകൾ സ്റ്റാറ്റസ് ഇടണമെന്നും വേണ്ടാത്തത് ഡിലീറ്റ് ചെയ്യണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നാളെരാവിലെ ഇനി നേരത്തെതന്നെ റിട്ടേൺ ട്രെയിൻ പിടിക്കണമല്ലോ എന്നോർത്ത് അടങ്ങിക്കിടന്നുറങ്ങി. ഇന്നുമൊത്തത്തിൽ ഏറ്റവുംകുറഞ്ഞത് ഒൻപത് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്, തളർച്ചകാരണം വേഗമുറങ്ങി. 

ഡൽഹി : ചരിത്രങ്ങളിലൂടെ part 1

അനന്തുച്ചേട്ടന്റെ കൊളീഗാണ് ത്രിവേണി ചേച്ചി, ഇവരെല്ലാം എന്റെ ചേട്ടന്റെകൂടെ ഷിപ്യാർഡിൽ ഒരുമിച്ച് ജോലിചെയ്തിട്ടുള്ളവരാണ്. അനന്തുചേട്ടൻ കുറച്ചുവർഷങ്ങളായി നോമ്പെടുക്കുന്നുണ്ട്, അതുകൊണ്ട് പുള്ളി പകൽ ഒന്നും കഴിക്കില്ല. രാവിലെ ഞാനും ആ ചേച്ചിയുംകൂടിയാണ് കഴിക്കാനിരുന്നത്. പുള്ളിക്കാരി മൂന്നുവർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ കൊച്ചിയിൽനിന്ന് ഉടുപ്പി ഷിപ്യാർഡിലേക്ക് പോയതാണ്. അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വർക്പ്രഷർ കൂടുതലാണെന്ന് , ഞാൻ മനസ്സിലോർത്തു ഓഹ് എല്ലാടത്തും ഇതുതന്നെ അവസ്ഥ, പക്ഷേ പുള്ളിക്കാരി കൂട്ടിച്ചേർത്തു പ്രഷർ കൂടുതലാണെങ്കിലും അവിടെ വർക് ചെയ്യാൻ ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട് എന്നൊക്കെ. അവിടെയുള്ള ഒരു സാർ നല്ലോണം ചീത്തയൊക്കെ പറയും, എങ്കിലും പുള്ളിക്കാരന് എല്ലാവരും നല്ലരീതിയിൽ കാര്യങ്ങളൊക്കെ പഠിക്കണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു. ഒരു അത്ഭുദവും ബഹുമാനവുമൊക്കെയാണ് തോന്നിയത്. ഞങ്ങടെ സ്വന്തം ഗാന്ധി അനീഷ്‌ സംസാരിക്കുന്നപോലെ ഉണ്ട്. കോളേജിലെ കൂട്ടുകാരനാണ്, ബാക്കി ആളുകൾ കുറ്റംകാണുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലുമൊരു നന്മ കാണുന്ന ആളാണ് ഞങ്ങടെ അനീഷ്‌. 

ഇന്ന് ഡൽഹി പരമാവധി കാണണമെന്ന ആഗ്രഹവുമായി ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിയിലിടയ്ക്ക് വലിയൊരു ഗ്രൗണ്ട് കണ്ടപ്പോ അങ്ങോട്ട് കേറി. ആളുകൾ കുറച്ചുപേരൊക്കെ വ്യായാമം ചെയ്യുന്നു, കുറച്ചുപേർ ക്രിക്കറ്റുകളിക്കുന്നു. അൽപനേരം അത് കണ്ടുനിന്നിട്ട് മെട്രോകയറാൻ പോയി. രാവിലത്തെ മഞ്ഞും പുല്ലുനനയ്ക്കുന്ന വെള്ളവുമൊക്കെ ഗ്രൗണ്ടിലുണ്ടായിരുന്നു. ചെരുപ്പ്മുഴുവൻ ചെളിയായി കൊളമായി. മെട്രോ സ്റ്റേഷനിൽ വാഷ്റൂമിൽ പോയി കഴുകി. ഇവിടെ വാഷ്റൂം ഒക്കെ കോൺട്രാക്ട് കൊടുത്തേക്കുകയാണെന്ന് തോന്നുന്നു, നമ്മുടെപോലെയല്ല, പേ ആൻഡ് യൂസ് ആണ്. 

ഒന്നുരണ്ട് ദിവസംകൊണ്ടുതന്നെ ഇവിടുത്തെ മെട്രോ എനിക്ക് സ്വന്തം വണ്ടിപോലെ ആയി. ആ ഒരു കോൺഫിഡൻസിൽ ചെന്നതാ, പക്ഷേ പീക്ക് ടൈം ആയിപ്പോയി, എല്ലാരും ഓഫീസിലോക്കെ പോണ സമയം. തിരക്കുകാരണം ആദ്യത്തെ മെട്രോയ്ക്കു കയറിയില്ല, അടുത്തതിനും അതേ അവസ്ഥ, പക്ഷേ ഇടിച്ചങ്ങ് കയറി. ഇടയ്ക്ക് ഏതോ ഒരു പ്രധാന സ്റ്റോപ്പിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി. എനിക്ക് ഇറങ്ങേണ്ടായിരുന്നു, എന്നാൽ ആ ഒഴുക്കിൽ ഞാൻ പെട്ടുപോയി. ഒഴുക്കിനെതിരെ നീന്താൻ നോക്കിയപ്പോൾ കൂടുതൽ ശക്തിയിൽ വെളിയിലോട്ട് നീങ്ങിപ്പോയി. പാടുപെട്ടാണ് തിരിച്ചുകയറിയത്. 
മെട്രോ ഇറങ്ങി ഒരുകിലോമീറ്റർ നടന്ന് ലോട്ടസ് ടെംപിൾ കാണാൻ പോയി. വഴിയിൽ ഇടയ്ക്ക് ആളുകൾ നീണ്ടനിരയിൽ കയ്യിൽ കുറേ തട്ടവും പൂജാസാധനങ്ങളുമൊക്കെയായി നിൽക്കുന്നത് കണ്ടു, അവരുടെ കാലിൽ ചെരിപ്പൊന്നുമില്ല, നടുറോഡിലാണ് നിൽക്കുന്നത്. പണിപാളി എന്ന് ഓർത്തപ്പോഴാണ് മാപ്പ് പറഞ്ഞത്‌ എനിക്ക് പോകാനുള്ളത് കുറച്ചുകൂടി അപ്പുറത്തേക്കാണെന്ന്. ഇത് കൽക്കാജി മന്ദിർ എന്ന വേറേ ഏതോ അമ്പലത്തിന്റെ തിരക്കായിരുന്നു. 
വഴിയിൽ പണിക്കേഴ്സ് ട്രാവൽസിന്റെ ബസ് കണ്ടു, നോർത്ത്ഇന്ത്യയിൽ ഫേമസായിട്ടുള്ള മലയാളിഗ്രൂപ്പ് ആണ്. 

ലോട്ടസ് ടെമ്പിളിന്റെ വലിയ കോമ്പൗണ്ടിലൂടെ ഞാൻ അകത്തേക്കുനടന്നു. വിശാലമായ പുൽമൈതാനത്ത് കുറേ കുഞ്ഞൻ ഓറഞ്ച്മരങ്ങൾ നിറയെ കായ്ച്ചുനിപ്പുണ്ട്. അവിടെയുള്ള എല്ലാ മരങ്ങളും ചെടികളും ബോൺസായിപോലെ ഉണ്ട്. എനിക്ക് തോന്നുന്നു ആ മുപ്പതേക്കറിന്റെ ഒത്തനടുക്കുള്ള വെള്ളത്താമരരൂപം ഏറ്റവും പ്രധാനമായിത്തന്നെ കാണാൻ മറ്റെല്ലാം മനഃപൂർവം ചെറുതാക്കി നിർത്തിയിരിക്കുകയാണ്. ചെരുപ്പുകൾ അവിടെവച്ചിരിക്കുന്ന സഞ്ചിയിലാക്കി പ്രത്യേകസ്ഥലത്ത് അവർ വാങ്ങിവച്ചു. പിന്നെ വരിയായി പടിക്കെട്ടുകൾ നടന്ന് ഉയരത്തിലുള്ള വെള്ള ശില്പത്തിലേക്ക് നടന്നു. വെളിയിൽ അൽപനേരം വരിയായി നിർത്തിയിട്ട് വോളന്റീർമാർ ആ ടെമ്പിളിനെപ്പറ്റിയും അതിന്റെ ഉദ്ദേശത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. ലോകത്ത് എട്ടോളം സ്ഥലത്ത് ഇവർക്ക് ഇതുപോലെ ആരാധനാസ്ഥലം ഉണ്ടെന്നും എല്ലാ മാനവരാശിയെയും ഉൾകൊള്ളുന്ന ഒരു തനതായ മതമാണ് ഇതെന്നും അവർ പറഞ്ഞു. ബഹായികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അകത്ത് ഫോൺ ഉപയോഗിക്കരുതെന്നും സംസാരിക്കരുതെന്നും പറഞ്ഞത്‌ കുറച്ച് തമിഴരും നോർത്ത് ഈസ്റ്റ്‌ന്റെ ഏതോ ഭാഗത്തുനിന്നുള്ള ആളുകളും തീരെ കേട്ടതായി ഭാവിച്ചില്ല. അകത്തുവച്ച് വോളന്റീർമാർ പലതവണ ഈ രണ്ടുകൂട്ടരേയും വിലക്കുന്നതുകണ്ടു. ചെയ്യരുതെന്ന് പറയുന്നത് എന്തിനാണ് നമ്മൾ ഇത്ര അഹങ്കാരികളായി ചെയ്യുന്നതെന്ന് ആലോചിച്ചുപോയി. 
അകത്ത് ഒരു ക്രിസ്ത്യൻപള്ളിയുടെ രൂപമാണ്, തടിയിൽ മാർബിൾ കൊണ്ടുള്ള ഇരിപ്പിടം, മുകളിലേക്ക് നോക്കുമ്പോൾ താമരയുടെരൂപമുള്ള ബിൽഡിങ്ങിന്റെ ഏറ്റവും നടുക്ക് ചന്ദ്രക്കലയും അറബിപോലെ എന്തോ എഴുത്തും,കേൾക്കുന്ന പ്രാർത്ഥന ഹിന്ദുക്കളുടേതുപോലെ, മൊത്തത്തിൽ ഒരു സർവമതസ്ഥലം. ആളുകൾക്ക് എത്രനേരംവേണമെങ്കിലും മൗനമായി ഇരിക്കാം, മറ്റ് പ്രതിഷ്ഠകളൊന്നുമില്ല. കുറച്ചുനേരം കണ്ണടച്ചിരുന്നു, എന്തൊരു സമാധാനം, ചുറ്റിലും ഒൻപത് കുളങ്ങളുണ്ട്, അതിലെ വെള്ളത്തിന്റെ തണുപ്പ് ഉള്ളിലേക്ക് തഴുകിവരുന്നു. അമ്മയെപ്പോലെ സമാധാനം കൊതിക്കുന്നവർക്ക് ഈ സ്ഥലം എന്തായാലും ഇഷ്ടമാകുമെന്ന് തോന്നി. 
തിരികെ ഇറങ്ങുമ്പോൾ ഒരു മദാമ്മ വോളന്റീരോട് ചോദിക്കുന്നു എന്തായാലും ഈ മതം തുടങ്ങിയത് ഏതോ ഒരാൾ ആണല്ലോ, അയാളുടെ മതം ഏതായിരുന്നെന്ന്. ഹഹ മനുഷ്യരെ അങ്ങനെയൊന്നും സർവമതത്തിലേക്ക് അടുപ്പിക്കാൻ പറ്റില്ലാന്ന് ആ മദാമ്മയുടെ മുഖത്ത് എഴുതിയിട്ടുണ്ട്. 

തിരികെ വിശാലമായ കോമ്പൗണ്ടും അതിലെ സുന്ദരമായ പൂക്കളും മരങ്ങളുമൊക്കെ കണ്ട് വെളിയിലിറങ്ങി. അടുത്തുകണ്ട ചെറിയ കടയിൽനിന്ന് ഒരു ലസ്സി വാങ്ങി, പേട ചീകിയിട്ടപോലെ എന്തോ ഒരു സാധനവും അയാൾ എക്സ്ട്രാ ചേർത്തു. മണ്ണുകൊണ്ടുള്ള പ്രത്യേകം ഗ്ലാസിൽ അത് കുടിച്ചപ്പോൾ രസമുകുളങ്ങൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇന്നുവരെ ഞാൻ കുടിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ലസ്സി. തൈരിൽ മധുരമിട്ട സാധനം എന്നുപറഞ്ഞ് പണ്ട് മാനസികമായി അടുക്കാൻ കഴിയാത്ത ഐറ്റമായിരുന്നു ലസ്സി എനിക്ക്, കാലം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇനി ഒരിക്കൽ ഈ വഴി വന്നാൽ തീർച്ചയായും ഇവിടുന്ന് വീണ്ടും കുടിക്കുമെന്ന് ഉറപ്പിച്ച് മെട്രോ സ്റ്റേഷനിലേക്ക് വീണ്ടും നടന്നു.
ഇനി എങ്ങോട്ടുപോണമെന്ന് ചോദിച്ചപ്പോൾ ചാറ്റ്ജിപിടി ഒരുപിടി ഓപ്ഷനുകൾ തന്നു. അതിൽ സഫ്‌ദർജംഗ് ടോംബ് കാണാമെന്ന് തീരുമാനിച്ചു. മെട്രോയിൽ അതിനുപറ്റിയ ഒരു സ്റ്റേഷനിലേക്ക് യാത്രതുടങ്ങി. ഇവിടെ ശ്രദ്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം - മുതിർന്നവർക്കുവേണ്ടി എപ്പോഴും ആളുകൾ ഒരു മടിയുംകൂടാതെ അങ്ങോട്ടുപറഞ്ഞ് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കുന്നു, നമ്മടെപോലെ വയ്യാത്തവരെ കാണുമ്പോ ഉറക്കം നടിക്കുന്നില്ല. മെട്രോ ഇറങ്ങി വീണ്ടും ഒരു ഒന്നര കിലോമീറ്റർ നടന്നു. ഹൈവേയിൽ രണ്ടുവശത്തും വീതിയുള്ള നടപ്പാതയുണ്ട്. അതിലൂടെ റിലാക്സ്ഡ് ആയിട്ട് നടന്നു. എതിരെ ഒരു പെൺകുട്ടി വന്നു, അതിന്റെ ഒരു കണ്ണിന് എന്തോ പ്രശ്നമുണ്ട്. അടുത്തെത്തിയപ്പോൾ അത് പേടിച്ച് ദൂരേക്ക് മാറിപ്പോയി. ജീവിതത്തിൽ എന്തെങ്കിലും ഭയങ്കരമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളായിരിക്കാം എന്ന് തോന്നി. 
താജ്മഹലിന്റെ ആൾക്കൂട്ടമില്ലാത്ത വെർഷൻ ആയിരുന്നു സഫ്‌ദർജംഗ് ടോംബ്. അതുപോലെതന്നെ വിശാലമായ ഒരു കോമ്പൗണ്ടിൽ ഒത്തനടുക്ക് ഏകദേശം അതേരൂപത്തിൽ ചെങ്കല്ലുകൊണ്ട് പണിതിരിക്കുന്ന ഒരു ശവകുടീരം, നേരെ മുന്നിൽ നീളത്തിലുള്ള തടാകം, ഇപ്പോൾ വെള്ളമില്ലെന്നുമാത്രം . താജ്മഹൽ പോലെതന്നെ, ശവകുടീരമാണെന്ന് തോന്നുകയേയില്ല. ഒരു ചെറിയ കൊട്ടാരംപോലെയുണ്ട്. റോഡിനരികിലെ കവാടത്തിനടുത്തുനിന്ന് ഈ പറഞ്ഞ കൊട്ടാരസമമായ ശവകുടീരത്തിലേക് നല്ല ദൂരമുണ്ട്. ഇല്ലാത്തത് ഉണ്ടെന്ന് സങ്കല്പിച്ചുനോക്കിയിട്ടുണ്ടോ. ദൂരേന്ന് കൊട്ടാരത്തിലേക്ക് നടക്കുമ്പോൾ അതിന്റെ മട്ടുപ്പാവിൽ നിന്ന് എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ രാജാവും മറ്റുള്ളവരും എന്തൊക്കെയോ വിളിച്ചുപറയുന്നപോലെ സങ്കല്പിച്ചു. രോമാഞ്ചം. ശരിക്കും ഞാൻ ചരിത്രത്തിലേക്ക് നടക്കുകയാണ്. രാജാവ് നിന്നിരുന്ന മട്ടുപ്പാവിൽനിന്നും താഴേക്ക് നോക്കുമ്പോൾ സ്പടികവെള്ളം നിറഞ്ഞ നീളൻ തടാകം സങ്കല്പിച്ചു , അതിനുചുറ്റും വലിയൊരു പൂന്തോട്ടം,എന്തൊരു ഗ്രാൻഡ് വ്യൂ. 
അകത്തു കയറി. കയറിയപ്പോൾത്തന്നെ തണുത്ത ഒരു കാറ്റ് വന്നുപൊതിഞ്ഞു. ഒരു ഏസി റൂമിനകത്ത് നിൽക്കുന്നത്പോലെ. വെളിയിലെ കത്തുന്ന വെയിൽ ഇവിടെ അറിയാനേയില്ല. വാസ്തുവിദ്യ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. ഇവിടെ നിൽക്കുമ്പോൾ വാട്ട് ഐ ഫീൽ ഈസ് ജസ്റ്റ് വൗ.
വലിയ വാതിലുകളുണ്ട് നാലുവശത്തും, കതകില്ല,അതിന്റെ കമാനങ്ങളെല്ലാം മാർബിൾകൊണ്ടാണ് പണിതിരിക്കുന്നത്. 
അകത്ത് പല ഉത്തരങ്ങളിൽനിന്നും ചങ്ങല കൊണ്ടുള്ള വലിയ കൊളുത്തുകൾ താഴേക്ക് തൂങ്ങി കിടപ്പുണ്ട്, എനിക്ക് മനസ്സിലായതുവെച്ച് ശവകുടീരത്തിനുമുകളിൽ ഒരു മകുടമുണ്ട് പള്ളിയുടെ മുകൾവശം പോലെ, അതിന്റെ ഭാഗങ്ങൾ ടൈറ്റ് ചെയ്തു വെച്ചിരിക്കുന്നതാണെന്ന് തോന്നുന്നു ഈ കൊളുത്തുകൾകൊണ്ട് . ഗോപുരത്തിന്റെ നടുക്ക് മാർബിൾകൊണ്ട് ഒരു ചെറിയ കല്ലറയുണ്ട്. അവിടുന്ന് പിന്നിലേക്ക് നോക്കുമ്പോഴും മുന്നിൽ നിന്ന് കണ്ടപോലത്തെ അതേ നീളത്തിൽ ഒരു തടാകം. വെള്ളം ഉണ്ടായിരുന്ന സമയത്ത് എന്തൊരു ഗ്രാൻഡ് ആയിരുന്നിരിക്കും ഈ ശവകുടീരം എന്ന് ഞാൻ ചിന്തിച്ചു നോക്കി. 
ചുറ്റുമുള്ള വലിയ മരങ്ങളും മനോഹരമായ പൂന്തോട്ടവും, എത്ര ശാന്തമായ സ്ഥലം.പണ്ടും ഇത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നോ എന്തോ. കാലം മുന്നോട്ടുപോകുംതോറും പഴയ പലതും മായ്ച്ചുകളയാനുള്ള അധികാരികളുടെ വ്യഗ്രതയിൽ ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ, ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല ഇതുപോലെയുള്ള ഭീകരനഗരങ്ങൾക്ക് നടുവിലുള്ള ശ്വാസകോശം കൂടിയാണ്. വിശാലമായ പൂന്തോട്ടത്തിൽ മാവിന് ചുറ്റും ഇന്നത്തെ തലമുറയിലെ കുട്ടി രാജാക്കന്മാരും രാജ്ഞിമാരും കണ്ണുകെട്ടി കളിക്കുന്നുണ്ട്. വരണ്ടുകിടക്കുന്ന തടാകത്തിന് നടുവിലെ ചെറിയൊരു തൂണിൽ ഒരു കുഞ്ഞുകിളി എന്തോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നെങ്കിലും ഒരു കാലത്ത് ഇതിനുള്ളിൽ വെള്ളം നിറയുമായിരിക്കും പിന്നെയും.
 വിശാലമായ പൂന്തോട്ടത്തിലൂടെ ഒന്ന് നടന്നു. ഒരുപാട് നടക്കാനുണ്ട്. നാല് ദിക്കിലും തോട്ടക്കാരൻ ഉണ്ട്. ഒരാൾ പുല്ലുചെത്തുന്ന മെഷീൻ തള്ളിക്കൊണ്ട് നടക്കുന്നു, സൈഡിലുള്ള വലിയ മരങ്ങളിലോട്ട് കുഞ്ഞുകുഞ്ഞ് അണ്ണാൻകുട്ടന്മാർ ഓടിനടക്കുന്നുണ്ട്, ഇലയില്ലാത്ത ഒരു നെല്ലിമരം അത്യാവശ്യം നല്ലരീതിയിൽ കായ്ച്ചുനിൽപ്പുണ്ട്.

പണ്ട് ഇവിടം എങ്ങനെയായിരുന്നു എന്നറിയില്ല. എന്നാൽ ഇന്ന് ഇവിടെ നിൽക്കുമ്പോൾ മൊത്തത്തിൽ ഒരു സന്തോഷമുണ്ട്. ഇവിടുത്തെ ടോയ്ലറ്റ് പോലും അത്ഭുദപ്പെടുത്തുന്നു, എന്തൊരു വൃത്തി. ഈ കാണുന്ന പത്തുമുപ്പത് ഏക്കറിൽ ഇപ്പോൾ മൊത്തത്തിൽ ഒരു നാല്പത് ആളുകളെ കാണു, ഇവിടുത്തെ ഇരുപത് ജോലിക്കാരുൾപ്പെടെ. ആൾക്കൂട്ടം ഇല്ലാത്ത ഈ മനോഹരതീരം ഒരുപാട് ഇഷ്ടമായി. ഇവിടുന്ന് പോകാനേ തോന്നുന്നില്ല. ഈ ടോംബിനെ ചരിത്രകാരന്മാർ വിളിക്കുന്നത് ദി ലാസ്റ്റ് ഫ്ലിക്കർ ഇൻ ദി ലാംപ് ഓഫ് മുഗൾ ആർകിട്ടക്ചർ അറ്റ് ഡൽഹി എന്നാണ് .മനസ്സില്ലാമനസ്സോടെ പച്ചപ്പിന്റെ ഈ സമാധാനതീരത്തുനിന്ന് വീണ്ടും മാസ്കുവച്ച് ഞാൻ റോഡിലേക്ക് നടന്നു.

അനന്തുചേട്ടന് എന്നെപോലെയല്ല ശരിക്കും ട്രെയിനിങ് ഉള്ളതുകൊണ്ട് ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞിട്ട് ഒരുമിച്ച് കുത്തബ്മിനാർ കാണാൻ പോകാമെന്ന് പറഞ്ഞു. അതുവരെ ഇനി വേറേ എന്തുചെയ്യുമെന്ന് നെറ്റിനോട് ചോദിച്ചപ്പോൾ അടുത്ത് ലോധിഗാർഡൻ ഉണ്ടെടാ കൊച്ചേ എന്ന് നെറ്റ്. 
ലോധി മുഗളന്മാർക് തൊട്ടുമുന്നത്തെ രാജാവായിരുന്നു. സഫ്‌ദർജങ്ങിനെക്കാൾ വളരെ വലുതാണ് ലോധിഗാർഡന്റെ ഏരിയ. ഇവിടെ കൂടുതൽ മരങ്ങളും ചെടികളുമുണ്ട്, പല ശവകുടീരങ്ങളുണ്ട്. കുടീരങ്ങളെല്ലാം പക്ഷേ നാശാവസ്ഥയിലാണ്. ഇവിടുത്തെ കല്ലറകൾ വെട്ടുകല്ലിന് മുകളിൽ സിമന്റ്കൊണ്ടുള്ളതാണ്.
അതിൽപോലും ആരൊക്കെയോ കൊത്തിവരച്ച് സ്വന്തം പേരും കാമുകിയുടെ പേരുമൊക്കെ എഴുതിയിട്ടുണ്ട്. എന്തൊരു വിരോധാഭാസം. 

പുറത്ത് കാവൽ നിൽക്കുന്ന സെക്യൂരിറ്റി അപ്പൂപ്പനിട്ടിരിക്കുന്ന യൂണിഫോം നമ്മുടെ കൊച്ചി മെട്രോസ്റ്റേഷനിലെ സെക്യൂരിറ്റിക്കാർ ഇടുന്നത് തന്നെയാണ്. നോക്കിയപ്പോൾ കമ്പനി ഒന്നുതന്നെ - എസ് ഐ എസ് സെക്യൂരിറ്റി. സഫ്ദർജങ്കിലെയും ഇവിടെയും ശവകുടീരങ്ങളുടെ മുകളിലെ നിലയിലേക്ക് കയറാൻ പടവുകൾ ഉണ്ട്. അതെല്ലാം പക്ഷേ ഇപ്പോൾ അടച്ചിരിക്കുകയാണ്. എന്തിനായിരിക്കും ശവകുടീരങ്ങൾക്ക് മുകളിലൊക്കെ ഇങ്ങനെ ഗാലറിയിൽനിന്ന് കാണുന്നത്. ഒരുപക്ഷേ മുകളിലെ നിലയിൽ പോയിരുന്ന് താഴേക്ക് നോക്കി പ്രാർത്ഥിക്കുന്നതായിരിക്കുമോ. 
ഇവിടുത്തെ മറ്റൊരു ശവകുടീരത്തിലെ കൊത്തുപണികൾകണ്ട് കണ്ണുതള്ളി നിന്നു. എത്ര വർഷമെടുത്തുകാണും അങ്ങനെ ഭിത്തി നിറയെ കൊത്തിവയ്ക്കാൻ എന്നാണ് ഞാൻ ചിന്തിച്ചത്. കുറേ ചിത്രങ്ങളും പിന്നെ അറബിയിലോ ഉറുദുവിലോ ഒക്കെയുള്ള എഴുത്തുമൊക്കെയായി ഉഗ്രനൊരു പ്രിന്റെഡ് സാരിപോലെ നിൽക്കുന്നു ആ ഭിത്തികൾ.
തിരികെ വീണ്ടും മെട്രോസ്റ്റേഷനിലേക്ക് നടന്നു. നടക്കുന്ന വഴിയിലൊക്കെ നല്ല പോഷ് കുറെ വീടുകൾ കണ്ടു, വലിയ ഗേറ്റുകളും മതിലുകളുമൊക്കെയുള്ള ആ വീടുകളുടെ ഫ്രണ്ടിൽ ഹൈവേയ്ക്ക് സമാന്തരമായി നമ്മുടെയൊക്കെ ബൈപ്പാസ് പോലെ റോഡുകൾ ഉണ്ട്. അവിടെയൊക്കെ നല്ല സൂപ്പർ കാറുകൾ പാർക്കുചെയ്തിട്ടുണ്ട്. ടിപ്പ്ടോപ്പിൽ കോട്ടും സ്യൂട്ടുമിട്ട ഡ്രൈവർമാർ കാറിന്റെ മുകളിലെ ഇലകളൊക്കെ തട്ടിമാറ്റുന്നു. നമ്മുടെ പനമ്പിള്ളി നഗർ പോലെ നല്ല നടപ്പാതകൾ കിലോമീറ്റർ കണക്കിന് നീളത്തിലുണ്ടിവിടെ. അതുകൊണ്ട് മാപ്പ് നോക്കി ഒരു താളത്തിലങ്ങ് നടന്നു. ഇന്ന് ഇതുവരെ അഞ്ച് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്. 


ഡൽഹി : വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും

രാവിലെ റെഡിയായി ട്രെയിനിങ് സെന്ററിലേക്ക് പോയി. അവിടെയാണെങ്കിലോ ഒരു നൂറായിരം ക്ലാസ്സുകളും കോഴ്സുകളും ഒരുപാട് ട്രെയിനർമാരും എല്ലാമുണ്ട്. എന്റെ കോഴ്സിന്റെ പേരൊക്കെ സ്‌ക്രീനിൽ എഴുതിയിട്ടുമുണ്ട്, പക്ഷേ തപ്പിപ്പിടിച്ച് ക്ലാസ്സിലെത്തിയപ്പോൾ അവിടെ കുറേ കമ്പ്യൂട്ടറുകൾ ഓണാക്കി വച്ചിട്ടുണ്ടെന്നല്ലാതെ ഒരു പൂച്ചക്കുഞ്ഞുപോലുമില്ല. മറ്റൊരു സ്ഥലത്ത് വേറേ ഏതോ കോഴ്സിന്റെ കോർഡിനേറ്റർ ഇരിപ്പുണ്ട്. അവര് പറഞ്ഞതനുസരിച്ച് കുറച്ചുനേരം ആ കമ്പ്യൂട്ടർലാബിൽ ആരെങ്കിലും വരുന്നതുകാത്ത് ഇരുന്നുനോക്കി. അവസാനം, ഇനിയും ഇരുന്നാൽ ഞാനാണ് ഫാക്കൽറ്റിയെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് മനസ്സിലായപ്പോൾ അവിടുന്നിറങ്ങി. വന്ന വഴിയെല്ലാം തിരികെനടന്ന് അഡ്മിൻ സെക്ഷനിൽ പോയി അന്വേഷിച്ചു. അവർ ആ സത്യം പറഞ്ഞു, എന്റെ കോഴ്സ് ക്യാൻസൽഡ് ആൻഡ് പോസ്റ്റ്പോൻഡ്. ഇനി എന്തുചെയ്യുമെന്നറിയാതെ മറ്റവനെത്തന്നെ വിളിച്ചു, ചാറ്റ്ജിപിടിയെ. അവൻ ധൈര്യംതന്ന് കൊല്ലാൻ നോക്കി. ഇവിടുന്നൊരു മെയിൽ വാങ്ങി പരിപാടി ക്ലോസ് ചെയ്തേക്കാൻ അവൻ ഉപദേശിച്ചു. ഞാൻ അങ്ങനെതന്നെ ചെയ്തു. പിന്നെ അവിടുന്നുകിട്ടിയ മെയിൽ ഓഫീസിലോട്ട് അയച്ചിട്ട് പറഞ്ഞു സാർ ഞാൻ പെട്ടിരിക്കുകയാണ്. ഉള്ളിൽ തുള്ളിച്ചാടുന്ന സന്തോഷം മെയിലിലൂടെ പുറത്തുവരല്ലേ എന്ന് പ്രാർത്ഥിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി, ഇനി ഡൽഹിയൊന്ന് സമാധാനമായി കാണണം. 
പണ്ട് ചെന്നൈയിൽ ഒരുമിച്ച് ജോലിചെയ്ത ഒരു ഹരിയാനക്കാരൻ കൂട്ടുകാരൻ ഇപ്പോൾ ഡൽഹിയിൽ റെയിൽവേയിലാണ്, ഇന്നലെ ഡൽഹിയിലെത്തിയ വിവരം സ്റ്റാറ്റസ് ഇട്ടപ്പോൾത്തന്നെ അവൻ വിളിച്ചിരുന്നു. ഇന്നിനി ഒന്നും നോക്കാനില്ലല്ലോ, നേരെ ഏറ്റവും അടുത്ത മെട്രോ കേറി, നെറ്റ് പറഞ്ഞപോലെ മജന്ത ലൈനും യെല്ലോ ലൈനുമൊക്കെ മാറിക്കയറി (ഇവിടെ കൊച്ചിപോലല്ല ഒരുപാട് നിറങ്ങളുടെ പേരിൽ മാർക്ക്‌ ചെയ്ത പലപല റൂട്ടുകളാണ് ) അവന്റെ ഓഫീസിന്റെയടുത്തെത്തി, ഇന്നലെ പോയ അതേ കൊണാട്ട് പ്ലേസ് ന്റെ അടുത്ത്. കുറേ ദൂരേന്ന് ഓടിവന്ന് സ്നേഹത്തോടെ അവൻ കൈതന്ന് കെട്ടിപ്പിടിച്ചു. എത്ര വർഷങ്ങൾക്കുശേഷമാണ് ഈ കണ്ടുമുട്ടലെന്ന് ഞങ്ങൾ പരസ്പരം അത്ഭുദപ്പെട്ട് ഓർത്തുനോക്കി, ഏറ്റവും കുറഞ്ഞത് എഴുവർഷമെങ്കിലും ആയിട്ടുണ്ട്. എങ്കിൽപോലും തമ്മിൽ നോക്കിയിട്ട് രണ്ടുപേർക്കും വലിയ മാറ്റമില്ല എന്ന് അന്യോന്യം പറഞ്ഞു. അവിടെയൊരു ഹോട്ടലിൽകയറി ഞങ്ങടെ കോമണായ മറ്റൊരു കൂട്ടുകാരനെ വീഡിയോകോളും വിളിച്ച്, ഒരു പ്ലേറ്റിൽനിന്ന് ഭക്ഷണമൊക്കെ കഴിച്ച്, കുറേ വിശേഷങ്ങളൊക്കെ പറഞ്ഞ് അങ്ങനെയിരുന്നു. അവന് നാലുവയസ്സുള്ള ഒരു കുഞ്ഞുണ്ട്, അടുത്ത കുഞ്ഞിനെ ദത്തെടുക്കാനാണ് പ്ലാൻ. എനിക്കും അങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നകാര്യം ഞാൻ ഓർത്തു, അവനോട് പറഞ്ഞു. എന്റെകാര്യത്തിൽ അതെന്തായാലും നടക്കില്ലെന്ന് പറയുമ്പോഴും അവൻ അവന്റെകാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്. അത് കാണുമ്പോളറിയാം അവനത് നടത്തിയെടുക്കുമെന്ന്. 
അല്പംകഴിഞ്ഞ് അവന്റെ ഓഫീസ്കാണാൻ പോയി. അവിടെ കുറച്ചുനേരം സ്പെൻഡ്‌ ചെയ്തിട്ട് അവനെന്നെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽനിന്ന് ജനശതാബ്തിക്ക് കയറ്റി, എനിക്ക് ചിറ്റപ്പനെ കാണാൻ ഹരിയാനവരെ പോണമെന്ന് അവനോട് പറഞ്ഞാരുന്നു. സ്റ്റേഷനിൽനിന്നുതന്നെ ടിടി ഗൗരവത്തിൽ പറഞ്ഞു ലോക്കൽ ടിക്കറ്റുമായിട്ട് ഈ ട്രെയിനിൽ കയറാൻ പറ്റില്ലാന്ന്. കൂട്ടുകാരൻ അതേ ഗൗരവത്തിൽ അവൻ റയിൽവേ സ്റ്റാഫ്‌ ആണെന്നും ഞാൻ അവന്റെ കേരളത്തിൽനിന്നുവന്ന ഭായ് ആണെന്നും (ആ പറഞ്ഞ ടോൺ എന്തൊരു ആത്മാർഥമായിരുന്നു എന്ന് ഞാൻ അഭിമാനത്തോടെയും സ്നേഹത്തോടെയും ഓർക്കുന്നു - അപ്പ്ണേ ഭായി ഹേ ജെ, കേരൾ സെ ) ഇവിടുന്നു രണ്ടാമത്തെ സ്റ്റേഷൻവരെ ഏതെങ്കിലും സീറ്റ്‌ കൊടുത്തേപറ്റുവെന്നും പുള്ളിയോട് പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിടി സമ്മതിച്ചു. ഒരു സ്ഥാനത്ത് ഇരുന്നാൽമാത്രം കാര്യമില്ലെന്നും അതിന്റെ പവർ കാണിച്ചാൽമാത്രമേ കാര്യമുള്ളുവെന്നും അവന്റെ ആറ്റിട്യൂട് കണ്ടപ്പോൾ തോന്നി. സത്യംപറഞ്ഞാൽ എന്നെപ്പോലുള്ള ഭൂരിഭാഗം മലയാളികളും വെറും മണുക്കൂസുകളാണ്, ഹിന്ദിക്കാരുടെ ധൈര്യമൊന്നും നമുക്കില്ല. ചെറുപ്പംമുതലേ അനുസരണ ശീലിച്ച നമുക്ക് പല കാര്യങ്ങളിലും ആവശ്യത്തിൽകൂടുതൽ വിനയമാണ്, അതുകൊണ്ടുതന്നെ വരുന്നവരും പോണവരുമൊക്കെ നമ്മുടെ പുറത്ത് കുതിരകയറുകയും ചെയ്യും. ആ എന്തേലുമാട്ടെ. എന്തായാലും തിരിച്ചുചെല്ലുമ്പോ മിക്കവാറും ചൊറിയൻ ഓഫീസർ തെറിപറയും, എങ്കിപ്പിന്നെ ഇനി ഉള്ളദിവസം ഡൽഹി ഒന്ന് കണ്ടിട്ടുതന്നെ കാര്യമെന്ന് ഉറപ്പിച്ചതാ രാവിലെതന്നെ. അതുകൊണ്ട് മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ. ചിറ്റപ്പൻ ഡൽഹിയുംകടന്ന് ഹരിയാനയിൽ ആണ് ഇപ്പോൾ ഉള്ളത്. പഞ്ചാബിനുപോകുന്ന ട്രെയിനിൽ ആദ്യം കുറച്ചുനേരം സീറ്റ്‌ കിട്ടിയെങ്കിലും പിന്നെ നല്ല കിടിലൻ പഞ്ചാബി അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഇടിച്ചുകയറി. പിന്നെ കുറച്ചുനേരം നിന്നു. ഇടക്ക് തീരെ വയ്യാത്ത ഒരു അപ്പൂപ്പൻ പത്തുരൂപയുടെ മിട്ടായിപ്പാക്കറ്റുമായി ഉറക്കെ സംസാരിച്ച് നടന്നുവന്നു. ഭിക്ഷ ആയിട്ട് ആരും കാണരുതെന്നും ഭിക്ഷ എടുക്കുന്നതുതന്നെ തെറ്റാണെന്നുമൊക്കെ വിളിച്ചുപറയുന്നുണ്ട് പുള്ളി. ദേഹമൊക്കെ മൊത്തത്തിൽ വിറയ്ക്കുകയാണ്. എങ്കിലും ഈ പ്രായത്തിലും ആരോടും യാചിക്കാതെ ജീവിക്കാൻ അദ്ദേഹം പാടുപെടുന്നത് കാണുമ്പോൾ സങ്കടം തോന്നി. പുള്ളിയുടെ അഭിമാനത്തെ ചോദ്യംചെയ്യാതെ ഒരു പാക്കറ്റ് വാങ്ങി. അടുത്തിരുന്ന ഒരു പഞ്ചാബി അങ്കിൾ ഒരു പാക്കറ്റ് വാങ്ങിയിട്ട് നൂറുരൂപ കൊടുത്തു, അതിന്റെ ബാക്കി തൊണ്ണൂറ്‌രൂപ എണ്ണിക്കൊടുക്കാൻ ഈ അപ്പൂപ്പൻ നന്നായി ബുദ്ധിമുട്ടി, പുള്ളിയുടെ കയ്യിലുള്ള നോട്ടുകൾ പലതും പിഞ്ചിപ്പോകാറായതുമായിരുന്നു. ആ തൊണ്ണൂറ്‌രൂപ കൊടുത്തപ്പോഴേക്കും പാവത്തിന്റെ കയ്യിലെ പൈസ ഏകദേശം തീർന്നതായി കാണപ്പെട്ടു. തിരക്കിനിടയിലൂടെ ആ മനുഷ്യൻ നടന്നകന്നു. എന്താണ് ജീവിതം. ജീവനുള്ളതുവരെ അഭിമാനത്തോടെ ജീവിക്കാനുള്ളതാണ് ജീവിതം എന്ന് പുള്ളി വിളിച്ചുപറയുന്നതുപോലെ. 
സോണിപത് സ്റ്റേഷനിൽ വണ്ടിയിറങ്ങി, ഒരു പരീക്ഷണത്തിന് ഊബർ ബൈക്ക് എടുത്ത് ചിറ്റപ്പന്റെ ഫാക്ടറിയിൽ പോകാം എന്ന് തീരുമാനിച്ചു. ബൈക്ക് ബുക്ക്‌ ചെയ്ത് ഇത്തിരികഴിഞ്ഞപ്പോ ചിറ്റപ്പൻ വിളിച്ചിട്ട് പറഞ്ഞു സ്റ്റേഷനിലോട്ട് വന്നോണ്ടിരിക്കുവാണെന്ന്. അങ്ങനെ ഞാൻ വീണ്ടുമൊരു ബാധ്യതയായി. ചിറ്റപ്പൻ കാറുംകൊണ്ട് വന്നു. പൊടിയും തിരക്കുമുള്ള മങ്ങിയ വഴിയിലൂടെ കുറേദൂരം പോയി, പോണവഴിക്ക് ഇടക്കൊരു കടയിൽ നിർത്തി മുസംബിജ്യൂസ് കുടിച്ചു, കുറച്ച് ഉപ്പിട്ട ജ്യൂസ്‌, പിന്നെ ഒരു ഓറഞ്ച്നിറവും, മൊത്തത്തിലൊരു വെറൈറ്റി. പോകുംതോറും ചെന്നൈയിലെ പൊടിപിടിച്ച വഴികൾപോലെ തോന്നി. മുന്നോട്ട് പോകുംതോറും കൃഷിയും ട്രാക്ടറുകളുമൊക്കെ കണ്ടുതുടങ്ങി, പഞ്ചാബും ഹരിയാനയുമൊക്കെ കൃഷിക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളാണല്ലോ. മുഴുത്ത പോത്തുകളും ഗ്രാമീണരായ മനുഷ്യരുമൊക്കെ വഴിയിലെല്ലാമുണ്ട്. കുറേ ഉള്ളിലൊരു വഴിയിൽ ചിറ്റപ്പന്റെ ഫാക്ടറിയിൽ വണ്ടിയെത്തി. കുപ്പിവെള്ളം ഉണ്ടാക്കുന്ന കമ്പനിയാണ്. വലിയ മെഷീനുകളുള്ള, കുറേ കൺസ്ട്രക്ഷനുമൊക്കെ നടക്കുന്ന സ്ഥലം. 
അവിടം ചുറ്റിക്കണ്ടിട്ട് കുറച്ചുകഴിഞ്ഞ് ചിറ്റപ്പന്റെ താമസസ്ഥലവും കണ്ട് കുറച്ചൂടെ മുന്നോട്ട് ഒരു ടാക്സി സ്റ്റാണ്ടുപോലത്തെ സ്ഥലത്ത് ഇറങ്ങി. അവിടുന്ന് ഷെയർ ഓട്ടോയിൽ ഇടിച്ചുകയറി. ചിറ്റപ്പന് ടാറ്റാ പറയുമ്പോൾ ഞാനൊരു രണ്ടായിരത്തി ഏഴിലേക്ക് പോയി, ഞാൻ ഉത്തർപ്രദേശിൽ നവോദയായിൽ പഠിക്കുന്ന കാലം. എനിക്ക് ക്രിസ്മസ് വെക്കേഷൻ ആയപ്പോൾ പാവം ചിറ്റപ്പൻ ബുലൻഡ്ഷഹർ മുതൽ ബറുവാസാഗർവരെ ഏകദേശം നാനൂറ്റൻപത് കിലോമീറ്റർ വന്നത് എന്നെ ചിറ്റപ്പന്റെ വീട്ടിൽ കൊണ്ടുപോകാനാണ്. അന്നുപക്ഷെ കൂട്ടുകാരുടെകൂടെ നിക്കണമെന്ന് സിംപിൾ ആയിട്ട് പറഞ്ഞപ്പോ ഇത്ര ദൂരത്തൂന്നാണ് പാവം വന്നതെന്നുപോലും ഓർത്തില്ല. അന്ന് കൊണ്ടുനടന്ന് വാങ്ങിത്തന്ന സാധനങ്ങളും ഒരുമിച്ച് പോയി തീയറ്ററിൽ കണ്ട ധൂം ടു വുമൊക്കെ ഇന്ന് ദാ വീണ്ടും ഇത്ര വർഷങ്ങൾക്കുശേഷവും മനസ്സിലേക്ക് വരുന്നു. അതിനൊന്നും പകരമാവില്ല ഏതായാലും ഇന്ന് ഞാൻ പോയ അറുപത് കിലോമീറ്റർ. 
ഷെയർ ഓട്ടോയിൽ പകുതിദൂരം തല വളച്ച് കുനിച്ച് ഇരിക്കേണ്ടിവന്നു, അത്ര തിരക്കായിരുന്നു. ഇടയ്ക്കുവച്ച് ഏതായാലും നിവർന്നിരിക്കാൻ പറ്റി. കുറച്ചധികംനേരം ഹൈവേയിലൂടെ ഓടി വണ്ടി ഏതോ ഒരു മെട്രോ സ്റ്റേഷനിലെത്തി. നെറ്റ് കാര്യങ്ങളൊക്കെ എത്ര എളുപ്പമാക്കി. വളരെ എളുപ്പംതന്നെ ഏത് സ്ഥലത്തുവച്ച് ട്രെയിൻ മാറിക്കയറണമെന്നും എങ്ങോട്ട് തിരിയണമെന്നുമൊക്കെ സിംപിളായി പറഞ്ഞുതന്നു. അങ്ങനെ ഒരു ടെൻഷനുമില്ലാതെ ഡൽഹി മെട്രോയിൽ അങ്ങോളമിങ്ങോളം പല നിറത്തിലെ ലൈനുകൾ മാറിക്കയറി വീണ്ടും മാപ്പിട്ട് നടന്ന് ഹോസ്റ്റലിലെത്തി. എത്രയെളുപ്പം കാര്യങ്ങൾ. പ്രശ്‌നമൊന്നേയുള്ളു, ആരോടും സംസാരിച്ചില്ല. മാപ്പ് ഇല്ലായിരുന്നെങ്കിൽ ഒരു പത്തുപേരോടെങ്കിലും സംസാരിച്ച് സഹായംചോദിക്കേണ്ടിവന്നേനെ. ഒരു സാമൂഹ്യജീവിയാകാനുള്ള അവസരമാണ് നമുക്കെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞപ്പോഴാണ് ഷെയർ ഓട്ടോയിലെ ഒരു കാര്യം ഓർത്തത്. എല്ലാരും ഞെങ്ങിഞെരുങ്ങി ബലംപിടിച്ച് ഇരിക്കുകയായിരുന്നു. ഓട്ടോയിൽ എന്തോ പാട്ടും ഇട്ടിട്ടുണ്ട്. കുറച്ചായപ്പോൾ ഒരു വല്യപ്പൻ പറഞ്ഞു 'ആ ക്ണാപ്പൊന്നു നിർത്ത് ' എന്ന് അർഥംവരുന്ന രീതിയിൽ എന്തോ. എല്ലാരും ചിരിച്ചു, പിന്നെ ഒന്നുരണ്ട് മിനിറ്റ് എല്ലാരും അതിനെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. ഇങ്ങനത്തെ ചെറിയചെറിയ മൊമെൻറ്സ് ആണ് ഫോണിലേക്കും നമ്മളിലേക്കും ഒതുങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത്. 
ഹോസ്റ്റൽന്റെ കാന്റീനിൽ എത്തി. യാത്ര തുടങ്ങിയപ്പോൾ ട്രെയിനിൽമുതൽ കഴിഞ്ഞ മൂന്നുദിവസമായി കഴിക്കുന്ന റൊട്ടിയും പനീറും വീണ്ടും മുന്നിലെത്തി. ഇന്നും ഇഷ്ടത്തോടെതന്നെ കഴിച്ചു. അങ്ങനെ ട്രെയിനിങ്ങിന്റെ ആദ്യദിവസം കഴിഞ്ഞു, ട്രെയിനിങ്ങില്ലാതെതന്നെ. 


ഡൽഹി : ആഫ്റ്റർ ഏ വെരി ലോങ്ങ്‌ ടൈം

പതിനേഴുവർഷത്തെ ഇടവേളക്കുശേഷം ഡൽഹിയിലെത്തി, സമയം ഉച്ചക്ക് പന്ത്രണ്ടര.  മുപ്പത്തിനാല് വർഷങ്ങളായിട്ട് എന്റെയൊരു  ചിറ്റപ്പൻ ഡൽഹിയുടെ പരിസരങ്ങളിലുണ്ട്. ഞങ്ങൾ ബന്ധുക്കളാരെങ്കിലും ഇവിടെ വന്നാൽ ചിറ്റപ്പനാണ് ഞങ്ങടെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പോയിന്റ് ഓഫ് കോൺടാക്ട്.  ഇപ്പോൾ പുതിയ ഒരു കമ്പനിയിലാണ്  ചിറ്റപ്പന് ജോലി. ഞായറാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നതുകൊണ്ട്  സ്റ്റേഷനിൽ വരാൻ സാധ്യതയില്ലെന്ന് ചിറ്റപ്പൻ പറഞ്ഞിരുന്നു. പകരം സ്വീകരിക്കാൻ പെങ്ങന്മാർ വന്നു , ചിറ്റപ്പന്റെ മക്കൾ - അച്ചുവും ചിന്നുവും . ഞങ്ങൾ തമ്മിൽ കാണുന്നത്  വർഷങ്ങൾക്ക്ശേഷമാണ്. പക്ഷേ കണ്ട സെക്കന്റിൽത്തന്നെ വർഷങ്ങളുടെ അകലം ഠപ്പേന്ന് ഇല്ലാണ്ടായി. പിന്നെ രണ്ടുംകൂടെ എന്നെയുംകൊണ്ട് ഇവിടുത്തെ പ്രധാനപ്പെട്ട കൊണാട്ട് പ്ലേസ് എന്ന സ്ഥലം കാണാൻ കൊണ്ടുപോയി. ഡൽഹിയുടെ സ്പെഷ്യലായ കച്ചോരിയ എന്ന ഐറ്റവും ലസ്സിയും വാങ്ങിക്കഴിച്ചു. പിന്നെ വീണ്ടും നടന്ന് പിസയും കഴിച്ച് ഷോപ്പിംഗിന് തയ്യാറെടുത്തു.  ഇവിടെയാണെങ്കിൽ ഇന്ന്  തീവ്രവാദി ആക്രമണത്തിന്റെ അലേർട്ടൊക്കെ ആണ്. തിരക്കുപിടിച്ച സ്ഥലത്തേക്ക് പോണോ എന്ന് സംശയിച്ചെങ്കിലും വൈകാതെ ഞങ്ങൾ തിരക്കിന്റെ തിരമാലയിൽ പെട്ടു. ഡൽഹിയിൽ ഭീകരമായ വായുമലിനീകരണമാണ്- മാസ്ക് വെക്കണം -എന്ന് ചാറ്റ്ജിപിടി വാണിംഗ് തന്നതാണ്, അതും എൻ നയന്റിഫൈവ് തന്നെ. പക്ഷെ ഒറ്റ മെഡിക്കൽഷോപ്പ് പോലും കണ്ടില്ല. അതുകൊണ്ട് മാസ്ക് ഇല്ലാതെ കറങ്ങി.   
ഒരു ദിവസത്തിന്റെ പകുതി പോയതേ അറിഞ്ഞില്ല. ഇനിയുള്ള രണ്ടുദിവസം ട്രെയിനിങ്ങും മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചുള്ള ട്രെയിനും ആയതുകൊണ്ട് ഇന്നേ വീട്ടിലോട്ടുള്ള സാധനങ്ങളൊക്കെ വാങ്ങാമെന്നുകരുതി തുടങ്ങിയതാണ് ഷോപ്പിംഗ്. എന്തായാലും അതൊരു പൂരമായിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന പിള്ളേർക്ക് ബാർഗയിനിങ് ആരും പ്രത്യേകം പഠിപ്പിക്കേണ്ട എന്ന് ഇന്നെനിക്ക് മനസ്സിലായി. ഇല്ലെങ്കിൽ ആയിരത്തി ഇരുന്നൂറ് രൂപ പറഞ്ഞ സാധനം അറുനൂറ് രൂപക്ക് വാങ്ങാൻ പറ്റുമോ, എന്തായാലും എന്നെക്കൊണ്ട് പറ്റില്ല. 

കസിൻസ് ആയിട്ട് കുറച്ചധികം പെങ്ങന്മാരുണ്ട്. പക്ഷേ അവർക്കൊക്കെ നല്ലൊരു ആങ്ങളയാകാൻ പറ്റിയിട്ടില്ല എന്ന് എപ്പോഴുമൊരു കുറ്റബോധമുണ്ട്. പലപ്പോഴും നമ്മൾ കാണാറുള്ളപോലെ അടിച്ചുപൊളിച്ച് ഫ്രണ്ട്സിനെപ്പോലെ നടക്കുന്ന കസിൻസ്, എന്തൊക്കെ വന്നാലും കട്ടക്ക് കൂടെനിക്കുന്ന കസിൻസ്, അങ്ങനെയൊന്നാകാൻ ശ്രമിച്ചിട്ടുമില്ല, പറ്റിയിട്ടുമില്ല. പിന്നെ എന്തായി, വെറുതേ പേരിനൊരു ചേട്ടൻ. ഇന്നൊരുദിവസമെങ്കിലും സന്തോഷമായി അവരുടെകൂടെ ചുറ്റിത്തിരിയാൻ പറ്റി എന്നത് ആശ്വാസത്തോടെ ഓർക്കുന്നു. 

ഭാര്യ നിർബന്ധമായിട്ട് പറഞ്ഞേല്പിച്ചിരുന്നു പിള്ളാർക്ക് എന്തേലും വാങ്ങിക്കൊടുക്കണമെന്ന്. ശരിക്കും ആണുങ്ങളെക്കാൾ ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ വിവേകമായ തീരുമാനമെടുക്കാൻ പെണ്ണുങ്ങൾക്കെ കഴിയു. അങ്ങനെ അവൾ പറഞ്ഞതുകൊണ്ട്മാത്രം അത്രയും ചെയ്തു, ഇല്ലെങ്കിൽ വീണ്ടും വന്ന്‌ കണ്ട് ആ വഴിക്ക് പോയേനെ. ഇങ്ങനൊരു മാങ്ങാത്തലയൻ ചേട്ടൻ, യായാ ഞാൻതന്നെ. 

വൈകിട്ട് പെങ്ങൾസ് രണ്ടുപേരുടെ മെട്രോയിൽ എനിക്ക് ഇറങ്ങാൻപറ്റുന്ന ലാസ്റ്റ് സ്റ്റോപ്പ്‌വരെ കൂടെവന്ന് യാത്രയാക്കി. എന്നിട്ട് അവർ വന്നവഴിയേ മെട്രോയ്ക്ക് തിരിച്ചുപോയി. 
പിന്നെ ഓട്ടോ പിടിച്ച് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ എത്തിയപ്പോൾ അറിഞ്ഞു ഹോസ്റ്റൽ കുറച്ചങ്ങ് അപ്പുറത്താണെന്ന്. നടന്നുനടന്ന് 
ഏകദേശം ഏഴുമണി ആകാറായപ്പോൾ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഹോസ്റ്റലിലെത്തി. വഴിയിലിടയ്ക്ക് അവർ പറ്റിക്കുകയും ചെയ്തു. ഹോസ്റ്റൽ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവച്ച വഴിയിലൂടെ നടന്നുനടന്ന് ഒരു വരാന്തയുടെ അങ്ങേയറ്റം എത്തിയപ്പോൾ അവിടെ ഗ്രിൽ ഇട്ട് പൂട്ടിയിരിക്കുന്നു. പിന്നെയും വന്നവഴിയേ തിരിച്ചുനടന്ന് കുറച്ച് വളഞ്ഞ് ഹോസ്റ്റലിലെത്തേണ്ടിവന്നു. അവിടെ ചെന്നപ്പോൾ വീണ്ടും ട്വിസ്റ്റ്‌, അവർക്ക് ഇങ്ങനൊരു ട്രയിനിങ്ങിനെപ്പറ്റി അറിയില്ല. ഏതായാലും നാളെ ഇന്സ്ടിട്യൂട്ടിൽ പോയി അന്വേഷിക്ക് തത്കാലം അവിടെ റൂമെടുത്തോളാൻ അവർ പറഞ്ഞു. സിംഗിൾ വേണോ ഷെയറിങ് വേണോ എന്ന് ചോദിച്ചപ്പോൾ ആദ്യം ജാടക്ക് സിംഗിൾ എന്ന് പറഞ്ഞെങ്കിലും അവരുടെ ഈ ഒരു കൺഫ്യൂഷൻ കാരണം ഷെയറിങ് മതിയെന്ന് തീരുമാനിച്ചു. തന്ന റൂമിൽ ചെന്ന് നോക്കുമ്പോൾ ഒരു കട്ടിലിലെ മെത്ത അന്നേരം ആരോ ഉപയോഗിച്ചപോലെ ചുളുങ്ങിയിരിക്കുന്നു. ആ എന്തേലുമാട്ടെ എന്നുകരുതി തത്കാലം അവിടെത്തന്നെയങ്ങ് കൂടി. ബാത്‌റൂമിലെ ഭിത്തി പൊട്ടി പൈപ്പുകളൊക്കെ ദ്രവിച്ചിരിക്കുന്നത് പുറത്തുകാണാം , എങ്കിലും ചൂടുവെള്ളമൊക്കെ വരുന്നുണ്ട്. കുളിച്ച് റെഡിയായി കാന്റീനിലോട്ട് ചെന്നു. ഫുഡ് കഴിക്കുന്നതിനിടയിൽ അപ്പുറത്തുള്ള ടേബിളിൽ രണ്ടുപേരിരുന്ന് മലയാളം പറയുന്നു. അവർ ഏത് ട്രെയിനിങ് ആണെന്ന് പോകുമ്പഴേക്ക് ചോദിച്ചുമനസ്സിലാക്കണമെന്ന് തീരുമാനിച്ചു. അല്പം കഴിഞ്ഞ് അവർ എണീറ്റപ്പോൾ വീണ്ടും വൻ ട്വിസ്റ്റ്‌. അതിൽ ഒരാൾ ഞങ്ങടെ സ്വന്തം അനന്തുചേട്ടൻ. എന്റെ ചേട്ടന്റെ കൊളീഗ് ആണ്, കൂടാതെ ഞങ്ങളെല്ലാം കുറച്ചുനാൾ റൂംമേറ്റ്സും ആയിരുന്നു . 
അധികം വൈകാതെ ഞാൻ പുള്ളിയുടെ റൂമിലേക്ക് ഷിഫ്റ്റ്‌ ആയി. പുള്ളിക്ക് ആദ്യം കിട്ടിയത് എന്റെ റൂം ആയിരുന്നെന്നും ആ കട്ടിലിൽകണ്ട ചുളിവ് അങ്ങനെ വന്നതാണെന്നും വൈകാതെ മനസ്സിലായി.
ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാൻ ഞങ്ങളൊരുമിച്ച് ആ തണുപ്പത്ത് പുറത്തിറങ്ങി.  ഡൽഹിയിൽവന്നതിൽപ്പിന്നെ ആദ്യത്തെ മെഡിക്കൽഷോപ് വഴിക്കുവച്ച് കണ്ടു, അപ്പൊത്തന്നെ മാസ്ക് വാങ്ങി, എൻ നയന്റിഫൈവ് തന്നെ. അപ്പോഴേക്കും തലവേദന തുടങ്ങിയിട്ടുണ്ടാരുന്നു. അത് ഡൽഹിയിലെ പൊലൂഷനേക്കാൾ മനസ്സിന്റെ ആവലാതികൊണ്ട് വന്നതാണെന്ന് എനിക്കൊരു സംശയമില്ലാതില്ല. അയ്യോ ഡൽഹിയാണ് പൊലൂഷനാണ്, അസുഖം വന്നുപോകുമല്ലോ എന്ന ആവലാതി. എന്തിനുമേതിനും ഗൂഗിളിനോട് ചോദിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇതൊക്കെ. 

കണ്ടുമുട്ടലുകളുടെയും ട്വിസ്റ്റുകളുടെയും ഒരു ദിവസം അങ്ങനെയങ്ങ് തീർന്നു.

Saturday, 21 February 2026

രാജധാനി യാത്ര

ഒരു ട്രെയിനിങ് ആവശ്യത്തിന് ഡൽഹിക്ക് പോകാൻ ട്രെയിൻ കയറി. രാജധാനി ആയതുകൊണ്ട് കുറച്ച് സമാധാനമായിട്ട് പോകാമെന്നുകരുതി ലോവർ ബർത്ത് ആണ് എടുത്തത്, പകലിരുന്ന് കാഴ്ചയൊക്കെ കാണാമല്ലോ. രാത്രിയിൽ വണ്ടിയിൽ കയറുമ്പോ സീറ്റിനടുത്ത് ആകെയൊരു കൺജഷൻ, എല്ലാരുംകൂടി ബാഗ് വക്കാനും അറേഞ്ച് ചെയ്യാനുമൊക്കെ തിരക്കുകൂട്ടുകയാണ്. എന്തായാലും അരമണിക്കൂറോളം അങ്ങനെതന്നെ പോയി. പിന്നെയൊന്ന് സെറ്റായി കിടന്നു. അപ്പുറത്തെ ബർത്തിലൊരു കുറുമ്പിക്കുട്ടി ഉണ്ട്, എന്റെ കുഞ്ഞിനെപോലെതന്നെ. എന്തായാലും രാത്രിയിൽ അവൾ മനസ്സില്ലാമനസ്സോടെ ഉറങ്ങി. 

രാവിലെ കലപില ശബ്ദംകേട്ട് എണീറ്റു. മുന്നിൽ കുറുമ്പിപ്പെണ്ണ് എന്തൊക്കെയോ തട്ടിവിടുകയാണ്. കുറേമുന്നേ എണീറ്റതാണെന്ന് തോന്നുന്നു. അധികം വൈകാതെ ബ്രേക്ഫാസ്റ്റ് വന്ന്, എല്ലാരും അതോടെ ആക്റ്റീവ് ആയി എണീറ്റു. വീണ്ടും ഇന്നലത്തെപോലെതന്നെ ആകെയൊരു കൺജഷൻ. പതുക്കെ എല്ലാരും വീണ്ടും സെറ്റായി. ഫുഡ്‌ ഒക്കെ കഴിഞ്ഞ് കുട്ടിപ്പെണ്ണ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടം തുടങ്ങി. കുറേനേരം ആക്ഷനിലൂടെ ഞങ്ങൾ പരിചയപ്പെട്ടു, പിന്നെ പേരൊക്കെ ചോദിച്ച് കൂട്ടായി. അതിനും നാലുവയസ്സ്, കാവ്യ എന്നാണ് ആ ഹിന്ദിക്കുട്ടിയുടെ പേര്. എന്റെ കുഞ്ഞിന്റെ (സായുവിന്റെ) ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ പറയുവാ " ഇത് അവളുതന്നെ (കാവ്യതന്നെ) ആണെന്ന്. അല്പംകഴിഞ്ഞ് എന്റെയും, പിന്നെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ പയ്യന്റെയും മുടിയൊക്കെ പിടിച്ച് വലിക്കലായി അവളുടെ ഹോബി. ഇടയ്ക്ക് ആ പയ്യനെ പരിചയപ്പെട്ടു. അവൻ അഞ്ചുവർഷമായി പട്ടാളത്തിൽ ചെന്നിട്ട്. ചൊറിയന്മാരായ സീനിയർസിനെകൊണ്ട് അവന് വയ്യാണ്ടായി എന്ന് പറയുമ്പോൾ ചൊറിയന്മാരായ എന്റെ ഓഫീസർമാരുടെ കാര്യം പറഞ്ഞ് ഞാനും ദുഃഖത്തിൽ പങ്കുചേർന്നു. കാവ്യയുടെ അച്ഛനും അമ്മയും സീറ്റൊക്കെ അറേഞ്ച് ചെയ്ത് എണീക്കുന്നു, അടുത്ത സ്റ്റേഷനിൽ വേറേ ആരോ കയറാനുണ്ടെന്ന് ടി ടി പറഞ്ഞു. കാർവാർ എത്തിയപ്പോ വേറൊരു ഫാമിലികൂടെ എത്തി, എന്തൊരു കോയിൻസിഡൻസ്, അവർ ഈ കാവ്യക്കുട്ടിയുടെ ഫാമിലിയുടെ ഫ്രണ്ട്‌സ് ആണ്. പിന്നെ അവരുടെ പരസ്പരം സഹായിക്കലും കഥകളുമൊക്കെയായി ആകെ അലങ്കോലം. അതിൽ ഒരാളുടെ സീറ്റ്‌ ഇവിടെയല്ലാതാനും, അവരുംകൂടെ ഇവിടെ ഇരുന്ന് കൺജഷന്റെ പരിധി ലങ്കിച്ചു. അവരുടെകൂടെ ഒരു കുഞ്ഞിപ്പെണ്ണുകൂടിയുണ്ട്, മൊത്തത്തിൽ ജഗപൊക. ഇതിന്റെയൊക്കെ ഇടയിൽ കുറേ തലയണകളും കമ്പിളിയും പുതപ്പും, ഹോ ഇതായിരുന്നോ ഞാൻ സങ്കല്പിച്ച രാജധാനി. 
പട്ടാളക്കാരൻ പയ്യൻ ഗോഡ്സൺ, തിരുവനന്തപുരത്തിന്റെ അറ്റത്ത് തമിഴ്നാടിന്റെ ഏതോ ഭാഗത്തുനിന്നാണ് അവന്റെ വരവ്. കട്ടിമീശയും ബലിഷ്ഠമായ ദേഹവും കണ്ടപ്പോൾ മുപ്പത് വയസ്സ് തോന്നിച്ചു, പറഞ്ഞുവന്നപ്പോൾ മനസ്സിലായി ഇരുപത്തിമൂന്നുവയസ്സേ ഉള്ളെന്ന്. അവന് ഒന്ന് കിടന്നുറങ്ങണമെന്നുണ്ട്, പക്ഷേ മിഡിൽ ബർത്ത് ആണ്, പിന്നെ ഇവിടുത്തെ ജഗപൊകയും, പെട്ടിരിക്കുകയാണ്. 
കുഞ്ഞുങ്ങൾ രണ്ടുപേരും ചിരിച്ചും കളിച്ചുമിരിക്കുന്നു. എന്തൊരു നിഷ്കളങ്കമായ സന്തോഷമാണ് അവരുടെ മുഖത്ത്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ഫോണിലേക്ക് ശ്രദ്ധ തുടങ്ങി. ചുറ്റും നോക്കിയപ്പോൾ മറ്റെല്ലാവരും അങ്ങനെതന്നെ. എനിക്ക് ഓഫീസിന്ന് മെസ്സേജ് വന്നു, അക്കൗണ്ട്സ് ബജറ്റിന്റെ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ഫിൽ ചെയ്ത് വേഗന്ന് മറുപടി അയക്കാൻ. സർക്കാർ ജോലിയാണെന്ന് പറഞ്ഞിട്ടും ഇതാണല്ലോ അവസ്ഥ എന്ന് ഓർത്ത് ഞാൻ ഫോണിൽ പരിപാടി തുടങ്ങി, പാവം ഗോഡ്സൺ സ്വന്തം മടിയിലേക്ക് തല കുമ്പിട്ട് ഉറങ്ങാനും. അവധികഴിഞ്ഞ് പോവുകയാണ് അവൻ, ഉത്തർപ്രദേശിലേക്ക്. അവിടെ ചെന്നുകഴിഞ്ഞാൽ ഉറങ്ങാൻപോലും പറ്റില്ലത്രേ. ഇതിന്റെയൊക്കെയിടക്ക് അവന്റെ സീനിയർസ് ഒന്നുരണ്ടുപേർ വന്ന് എന്തോപറഞ്ഞ് ചൊറിഞ്ഞിട്ടുമുണ്ട്. ട്രെയിനിൽപോലും സമാധാനമില്ല പാവത്തിന്. ഓ, ദാ, ഓഫീസിലെ ചൊറിയന്മാർ മെസ്സേജ് അയക്കുന്നുണ്ട് ഡേറ്റ കൊടുക്കാൻ പറഞ്ഞിട്ട് , എന്റെ സമാധാനവും പോയി. 

കുറച്ചുകഴിഞ്ഞ് വീണ്ടും ഫുഡ്‌ വന്നു, ഈ തിരക്കിന്റെയിടയിൽ എല്ലാരുംകൂടി കഴിക്കാൻകൂടെ തുടങ്ങി, എന്റമ്മോ ശ്വാസംമുട്ടുന്നു. മര്യാദയ്ക്ക് സാധാരണ എടുക്കുന്നപോലെ അപ്പർ ബർത്ത് എടുത്താൽമതിയാരുന്നു. അതെടുത്താൽ നിവർന്നിരിക്കാൻ പറ്റില്ല തല മുട്ടുമെന്ന് കരുതിയാണ് ലോവർ ബർത്ത് എടുത്തത്. ഇവിടെയോ, നല്ലോണം ഇരിക്കാം പക്ഷേ ഇരുന്നേടത്തുനിന്ന് അനങ്ങാൻ പറ്റില്ല, വേണേൽ മാന്യമായി പറയാം - ആസനം പെരുക്കുന്നുണ്ട്. 
തിരക്കിന് പരിധിയില്ല എന്ന് തെളിയിക്കാൻ ഇടയിൽകൂടെ പലവിധ സാധനങ്ങളുമായി ഐആർസിടിസിയുടെ ആളുകളും തലങ്ങും വിലങ്ങും നടക്കുന്നു. ഒരുവിധത്തിൽ ഫുഡ്‌ കഴിഞ്ഞ് കൈ കഴുകാൻ പോകുമ്പോൾ കാണാം വഴിയിലാകെ ദാൽ കറിയും പനീറുമൊക്കെ ചിതറിക്കിടക്കുന്നു, ഓഹ്, എനിക്കുതന്നെ ഇത്രയും അറപ്പുതോന്നുന്നെകിൽ വിദേശികൾ ഇത് കാണുമ്പോൾ എന്താകും അവസ്ഥ. ദാ സൂക്ഷംപോലെ ഒരു മദാമ്മ ഇരിക്കുന്നു. അവര് മനസ്സിൽ ഓർക്കുന്നത് 'ഓ മൈ ഗോഡ്, വാട്ട്‌ അ മെസ്സ് ' എന്നാരിക്കുമെന്ന് തോന്നി. അപ്പൊ മനസ്സ് വീണ്ടും പറഞ്ഞു, അങ്ങനെ ആലോചിക്കാൻ വരട്ടെ മദാമ്മേ പിക്ചർ അബ് ഭി ബാക്കി ഹേ, ഈ കഴിച്ച ദാലും പനീറുമെല്ലാംകൂടെ ഇനി പലവിധ ഗ്യാസുകളായി ഈ ഏസി റൂമിനെ ഞെരിക്കാൻ പോണെയുള്ളു. അതോടെ എല്ലാം ശുഭം. 
പുറത്ത് വാഷ്ബേസിനടുത്ത് ഫുഡ്‌ വേസ്റ്റുകൾ കൂട്ടിവച്ചിട്ടുണ്ട്, എല്ലാ പാത്രത്തിലും ഫുഡ് പകുതിയും വേസ്റ്റ് ആക്കിയിരിക്കുകയാണ്. ഉള്ളവന് പകുതിയും വേണ്ട, ഇല്ലാത്തവന് ഒന്നുമില്ല. 

ഫുഡ്‌ കൊണ്ടുതന്നെ ചേട്ടൻ നല്ലപോലെ ബുദ്ധിമുട്ടുന്നതായി തോന്നി, തിരികെ വേസ്റ്റ്പാത്രം എടുക്കുന്നതും പുള്ളിതന്നെ. ദാ കുറച്ച് പാത്രം പുള്ളിയുടെ കയ്യിൽനിന്നും താഴെവീഴുന്നു. കുനിഞ്ഞിരുന്ന് ആ വേസ്റ്റ് എല്ലാം പറക്കി അയാൾ വേസ്റ്റ്ബിന്നിലിട്ടു. ആരെങ്കിലും എന്തെങ്കിലും ടിപ്പ് ഒക്കെ കൊടുക്കുന്നുണ്ടാവുമോ പുള്ളിക്ക്. എന്തായാലും ഒരു അൻപത്‌രൂപ നീട്ടി. അദ്ദേഹം നന്ദി പറഞ്ഞില്ല പക്ഷേ ആ രൂപയെടുത്ത് സ്വന്തം നെറ്റിയിൽവച്ച് പ്രാർത്ഥിച്ച് പോക്കറ്റിലിട്ടു. പൈസയോടുള്ള ആ ബഹുമാനം, എത്ര മനോഹരമായ അംഗവിക്ഷേപം. മനസ്സുനിറഞ്ഞു. അദ്ദേഹം പതിനഞ്ചുകൊല്ലമായി മാറിയും തിരിഞ്ഞും രാജധാനിയിൽത്തന്നെ പണിയെടുക്കുന്നു, ഹമ്മോ ഒരുതരത്തിലെ കാരാഗൃഹവാസംതന്നെയല്ലേ ഇത്, ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ. ആളുകൾ എന്തെല്ലാം പണിയെടുത്ത് ജീവിക്കുന്നു,
ഇൻ ദി എൻഡ് - അന്നംതന്നെ ഉന്നം. 
തൽകാലം ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഗ്യാസ്ചേമ്പറിലേക്ക് നടന്നു. യെസ്, എന്റെ ഊഹം വളരെ ശരിയായിരുന്നു, ഐ ആം ട്രാപ്പ്ഡ്..

കഥയിലൊരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്. അടുത്തദിവസം ഉച്ചയായി. ട്രെയിൻ ഇന്ന് അതിന്റെ ലാസ്റ്റ് സ്റ്റോപ്പായ ഡൽഹിയിലെത്തും. ഇന്നലെ ഞാൻ പറഞ്ഞ, ഫുഡ് ഒക്കെ കൊണ്ടുതന്നെ അണ്ണൻ ഇന്നിതാ എല്ലാവരുടെയും അടുത്ത് വന്ന് ടിപ്പ് ചോദിച്ചുവാങ്ങുന്നു. ഒരാൾ ഇരുപതുരൂപ കൊടുത്തപ്പോൾ അത് പോര എന്നുപറഞ്ഞ് പിന്നെയും നിൽക്കുന്നു. ഇന്നലെ തോന്നിയ ബഹുമാനമൊക്കെ ഞാനിങ്ങ് തിരിച്ചെടുക്കുവാ ചേട്ടാ, അദ്ദേഹം വീണ്ടും അയാൾ ആയി. പിന്നാലെ അടുത്ത ആളും വന്നു, ബെഡ്ഷീറ്റുകൾ തന്ന ആൾ, അയാളും ആളുകളെ തിരഞ്ഞുപിടിച്ച് ഭിക്ഷയെടുത്തു. മനസ്സറിഞ്ഞുകൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതുംതമ്മിൽ എന്തൊരു വ്യത്യാസം. ഇനിയിപ്പോ അടുത്തവണ ഇതുപോലെയുള്ളവർക്ക് മനസ്സറിഞ്ഞുകൊടുക്കാനും മടിക്കും, അർഹതയോടെ കിട്ടേണ്ട ആളുകൾക്ക് അങ്ങനെ കിട്ടാതെയുമാകും. 






സ്വകാര്യം

പല്ലൊക്കെ ദ്രവിച്ചുതുടങ്ങിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു പിരിമുറുക്കം. അച്ഛൻ സാധാരണ ഇതുവരെയും അങ്ങനെ സ്വകാര്യതകൾ പങ്കുവച്ചിട്ടില്ല. ആദ്യമായി പങ്കുവച്ചപ്പോൾ സന്തോഷം തോന്നേണ്ടത്തിനുപകരം പക്ഷേ ചെറിയൊരു പേടിയാണ് തോന്നുന്നത്. പ്രായമായി, എനിക്കും ഇനി ഒരു താങ്ങുവേണം എന്ന് പറയാൻ അച്ഛന്റെ മനസ്സ് ശ്രമിക്കുകയാണോ. കാലം എത്രപെട്ടെന്ന് കുതിച്ചുപ്പായുന്നു. മാവിന്റെ ചുവട്ടിൽനിന്ന് ആദ്യമായി കൈതന്ന് സൈക്കിളിൽ കയറ്റി കൂടെ ഉന്തിക്കൊണ്ട് ഓടിയ അച്ഛനെ മിന്നായംപോലെ ഞാൻ കാണുന്നു. മനസ്സിനെക്കാൾ വേഗത്തിൽ കാലം ഓടിയോ എന്ന് ഒരു ഞെട്ടലോടെ, എനിക്ക് ചുറ്റും ഇത്രമേൽ മാറിയ ലോകത്തെ ഒരത്ഭുതത്തോടെ ഞാൻ അറിയുന്നു. 

ചെരുപ്പില്ലാത്ത കാലുകൾ

ഇപ്പോഴും ഈ ഭൂമിയിൽ ചെരുപ്പിടാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. അത്ഭുതമല്ലേ. അഴുക്കിൽ, ആണിയിൽ, പൊടിയിൽ, അങ്ങനെ നമ്മൾ മാറ്റി നിർത്തുന്ന എല്ലാത്തിലും ചവിട്ടിനടക്കുന്ന ചിലർ. പഴയകാലത്തെ, അവശേഷിക്കുന്ന ചുരുക്കം ചിലർ. അവർ ഭൂമിയോട് കുറച്ച് കൂടുതൽ ചേർന്ന് ജീവിക്കുന്നില്ലേ എന്നൊരു തോന്നൽ. പണ്ടൊക്കെ ആളുകൾ മിതമായി വസ്ത്രംധരിച്ച്, വിശപ്പകറ്റാൻമാത്രം കഴിച്ച്, പറ്റാവുന്ന ദൂരമൊക്കെ നടന്ന്, നല്ലതുപോലെ കൂട്ടുകൂടി, സൊറപറഞ്ഞ്, സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിച്ചില്ലേ. അന്ന് മരണനിരക്ക് കൂടുതലായിരുന്നു എന്ന് പറയപ്പെടുന്നു. അത് പല രീതിയിലായിരുന്നല്ലോ, ചിലപ്പോൾ ജനിക്കുന്ന ഉടനെതന്നെ, ചിലപ്പോൾ പാമ്പ് കടിച്ച്, മിന്നലേറ്റ്, പനിച്ച്. പക്ഷേ ജീവിച്ചിരിക്കുന്ന സമയത്ത് അവരുടെ ശരീരത്തിന്റെ ആരോഗ്യം കുറച്ചുകൂടെ മെച്ചമായിരുന്നില്ലേ. അന്ന് ചികിത്സാരീതികൾ ഇത്രയങ്ങോട്ട് പുരോഗമിച്ചിട്ടില്ലാത്തതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിൽ പോകില്ലല്ലോ. ട്യൂബ് കടത്തിയും ക്യാമറ കടത്തിയും ഉള്ളിലെന്താണെന്ന് അറിയാത്തതുകൊണ്ട് സമാധാനത്തോടെ ഉള്ളകാലം തള്ളിനീക്കിയില്ലേ അവർ. നമ്മളോ, മേൽപറഞ്ഞ എല്ലാത്തിന്റെയും നേർവിപരീതം . നമുക്ക് ചിലപ്പോൾ ജീവിതകാലം കൂടുതലായിരിക്കാം, പക്ഷേ അതിൽ എത്രനാൾ നമ്മൾ ശരിക്കും ആരോഗ്യമായി ജീവിക്കുന്നുണ്ട്? ലോങ്ങ്‌ ലൈഫ്, ഈസ്‌ ഇറ്റ് വർത് ഇറ്റ് ? 

സെലിബ്രേഷൻ പാർട്ടി

മനുഷ്യന് രണ്ട് വരം കിട്ടുകയാണ്, ഒന്ന് - വയറുനിറഞ്ഞാലും ഇഷ്ടമുള്ള അത്രയും കഴിക്കാം, കഴിച്ച് സ്റ്റോർ ചെയ്യാം. രണ്ട് - ഒരിക്കലും വിശക്കാതിരിക്കാനുള്ള കഴിവ്. 

എനിക്ക് തോന്നുന്നു, തത്വത്തിൽ ഗുണം രണ്ടാമത്തെ വരത്തിനാണെങ്കിലും ഭൂരിഭാഗം ആളുകളും ആദ്യത്തെ വരംതന്നെ തിരഞ്ഞെടുക്കും. 
ഒരു സെലിബ്രേഷൻ പാർട്ടിക്ക് ഭക്ഷണം കഴിക്കുമ്പോൾ തോന്നിയത്.

സർക്കാർ ആശുപത്രി

താൽകാലികജീവനക്കാരനായി ഓഫീസിൽ ജോലിചെയ്യുന്ന സെക്യൂരിറ്റിചേട്ടന് പെട്ടന്ന് തലകറക്കം, ദേഹം വിയർക്കൽ, അസ്വസ്ഥത. 
ഓഫീസിന്റെ വണ്ടിയിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇ സി ജി എടുത്തിട്ട് അവര് പറഞ്ഞു വേറേ ആശുപത്രിയിലേക്ക് പെട്ടന്നുതന്നെ കൊണ്ടുപോകാൻ. ഞാനും വേറൊരു കൂട്ടുകാരനുംകൂടെ ഓഫീസിന്റെ വണ്ടിയിൽ പുള്ളിയെയുമിരുത്തി ജനറലാശുപത്രിയിലേക്ക് തിരിച്ചു. പോകുംവഴി ഞങ്ങൾ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കി. ലക്ഷണമൊക്കെ ചോദിച്ചറിഞ്ഞ് അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളും ഞങ്ങൾ ആധികാരികമായിത്തന്നെ പറഞ്ഞു, കൈക്ക് വേദനയുണ്ടോ, നെഞ്ചിനുള്ളിൽ ബുദ്ധിമുട്ടുണ്ടോ അങ്ങനെ പലതും. ഇടക്ക് എനിക്കുതന്നെ തോന്നി ഈ ഒരു അവസ്ഥയിൽ അല്പം സമാധാനം ആയിരിക്കില്ലേ പുള്ളി ആഗ്രഹിക്കുന്നതെന്ന്. ഞങ്ങടെ ചോദ്യശരങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ശല്യം വണ്ടിയിലെ പാട്ടായിരുന്നു. കുഴപ്പമില്ലെന്നൊക്കെ പുള്ളി പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് എനിക്ക് തോന്നി, ഞാനായിരുന്നു അങ്ങേരുടെ സ്ഥാനത്തെങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നിയേനെ. റോഡുവഴിയുള്ള യാത്ര കഠിനംതന്നെ. ഇടക്ക് കാലുവയ്യാത്ത ഒരാൾ റോഡുമുറിച്ചുകടക്കുന്നു, വണ്ടികൾ അക്ഷമയോടെ നിർത്തികൊടുക്കുന്നു. വണ്ടി മുന്നോട്ടെടുത്തു. അയാളുടെ നടത്തത്തിൽ പന്തികേട് തോന്നിയതുകൊണ്ട് വെറുതേ ഒന്ന് തിരിഞ്ഞുനോക്കി. ദാ റോഡുകടന്നുകഴിഞ്ഞപ്പോ ഒരു കുഴപ്പവുമില്ലാതെ അയാൾ നടക്കുന്നു. റോഡ് ക്രോസ്സ് ചെയ്യണെങ്കിൽ ഇങ്ങനെ എന്തെങ്കിലും അടവ് സ്വീകരിക്കേണ്ട അവസ്ഥയായി, ഞാൻ മനസ്സിൽ ചിരിച്ചു. 
കുറച്ചധികം നേരമെടുത്ത് ഞങ്ങൾ ജനറലാശുപത്രിയിലെത്തി. അവിടെ ക്യാഷുവാലിറ്റിയിലാക്കി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സിസ്റ്റർമാർ അവിടെ ഉണ്ടായിരുന്നു. അവരോട് സിസ്റ്ററെ എന്നുപറഞ്ഞ് കാര്യങ്ങൾ പറഞ്ഞ് കുറച്ചുകഴിഞ്ഞപ്പളാണ് മനസ്സിലായത് അവർ ഡോക്ടർമാരായിരുന്നുവെന്ന്, ഹൗസ് സർജൻസി ചെയ്യുന്ന ആളുകൾ. എന്തായാലും അവർ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും 'സിസ്റ്റർ നിന്റെ മറ്റവളാടാ' എന്ന്. ഞങ്ങൾ വണ്ടിയിലിരുന്ന് ചോദിച്ചപോലെ വളരെ ബേസിക് ആയ കുറേ ചോദ്യങ്ങൾ അവരും സെക്യൂരിറ്റിച്ചേട്ടനോട് ചോദിച്ചു. അവർക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് മനസ്സിലായി. എക്സ്പീരിയൻസ് ഉള്ള സിസ്റ്റർമാരോട് ചോദിച്ചും വേറേ ഡോക്ടറോട് റിപ്പോർട്ട്‌ ചെയ്തും അവർ കുറേനേരം കളഞ്ഞു. ഇടക്ക് പല ടെസ്റ്റുകൾക്ക് പലതവണ ബിൽ അടക്കേണ്ടിവന്നു, ഒരേ സ്ഥലത്ത്, ഒരേ ക്യുവിൽ, കൂട്ടുകാരൻ പാടുപെട്ടു. ഞാൻ അകത്ത് നിൽക്കുകയായിരുന്നു. വല്ലാത്ത എന്തോ മണവും ഈച്ചയുമൊക്കെ വന്നപ്പോഴാണ് അവിടെ ഒരു സ്‌ട്രെച്ചറിൽ കിടക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അവർക്ക് കണ്ണുതുറക്കാനെ പറ്റുന്നില്ല,മുഖമൊക്കെ ഇടിച്ചുവീണപോലെ ചുവന്നിരിക്കുന്നു, മൂക്ക് വല്ലാതെ നിറഞ്ഞ് ചീറ്റാൻ ശ്രമിക്കുന്നുണ്ട്, കാലിൽ എന്തോ വലിയ വ്രണമുണ്ട്, അതിവേദനയിലാണ്. അവരുടെ മകനാണെന്ന് തോന്നുന്നു, മീശയുടെ രണ്ടറ്റവും ബ്രൗൺ കളറടിച്ച ഒരാൾ അടുത്തുണ്ട്. അയാൾ ഒരു ദാക്ഷിണ്യവുമില്ലാതെ സ്ത്രീയുടെ മൂക്ക് പിഴിയുന്നു, അവർ വേദനകൊണ്ട് തട്ടിമാറ്റുന്നു. 
അപ്പുറത്ത് ഒരു പതുപതിനഞ്ചുവയസ്സുള്ള പെൺകുട്ടി എന്തോ വലിയ വേദനയിൽ കട്ടിലിൽ കിടന്ന് പിടയുന്നു. 
പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രിയുടെ അത്യാഹിതവിഭാഗം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ. നമ്മടെ ജീവിതത്തെപ്പറ്റിയൊക്കെ ഒരു മതിപ്പുതോന്നാൻ ഇടക്ക് ഇങ്ങനെ ചില സ്ഥലങ്ങളിൽ വരുന്നത് ഇടയാക്കും. 
പിന്നെയും പല ടെസ്റ്റുകൾ, ജൂനിയർ ഡോക്ടർമാരുടെ പല സംശയങ്ങൾ, പലതരത്തിലുള്ള രോഗികളുടെ വരവും പോക്കും അങ്ങനെയങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ ഈ ചേട്ടന്റെ അമ്മയും ഭാര്യയും മകനും വന്നു. ഇൻഷുറൻസ് ഇല്ലാത്ത, നീക്കിയിരിപ്പില്ലാത്ത ഒരുപാട് സാധാരണക്കാരുടെ ദയനീയമായ മുഖം ആ അമ്മയിലും ഞാൻ കണ്ടു, ചുറ്റുമുള്ള പലരിലും കണ്ടു.ഇപ്പോൾത്തന്നെ ഏകദേശം ആയിരം രൂപയോളം ചിലവായി, അതും സർക്കാർ ആശുപത്രിയായിട്ടുപോലും. വേറേ എവിടെയെങ്കിലും പോയിരുന്നെങ്കിൽ എന്തായേനെ ചിലവ്. ഇതുവരെ എത്ര ചിലവായി, 'അത് ഞാൻ തന്നേക്കാം' എന്നൊക്കെ ആ ചേട്ടൻ ഇടക്ക് പറയുന്നുണ്ട്. അഭിമാനമാണല്ലോ നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വത്ത്‌. 
സ്ഥിരവരുമാനമില്ലാത്ത, നാളെയെപ്പറ്റി വലിയ ചിന്തയില്ലാത്ത, ആശുപത്രിചിലവുവന്നാൽ കടത്തിലാകുന്ന അനേകായിരങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രിയെ അല്പം ബഹുമാനത്തോടെ, സ്നേഹത്തോടെ നോക്കി, ആ ചേട്ടനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കയ്യിലേൽപിച്ച് ഞങ്ങൾ തിരിച്ച് യാത്രയായി. 

ഇതെന്ത് കൂത്ത്

ചെയ്തത് മോശമാണ്, എങ്കിലും ചെയ്തു. ബസിൽ യാത്ര ചെയ്യുമ്പോ നിക്കേണ്ടിവന്നു. അടുത്ത് ഇരുന്ന് യാത്രചെയ്യുന്നവരുടെ ഫോണിലേക്ക് നോട്ടം പോയി. മറ്റുള്ളവരൊക്കെ എന്തൊക്കെയാണ് കാണുന്നതെന്ന് അറിയാനൊരു മോഹം. ഇത് സ്വന്തം കാര്യത്തിൽ സംഭവിച്ചാൽ ഇഷ്ടപ്പെടുകയുമില്ല എന്നുള്ളത് സത്യം. എന്തായാലും നോക്കി. ഒരാളിരുന്ന് റെസിലിംഗ് കാണുന്നു. ആഹാ കൊള്ളാല്ലോ, ഇപ്പളും ഇത് ആളുകൾ കാണാറുണ്ടോ, പണ്ട് ചേട്ടന്റെയൊപ്പം സ്ഥിരം കണ്ടിരുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് ഓർമവന്നു. പക്ഷേ ഒന്നൂടെ നോക്കിയപ്പളാണ് കണ്ടത്, റെസിലിംഗ് മാറ്റാരോ കാണുന്നതിന്റെ റിവ്യൂ കാണുകയാണ് ഇയാൾ. ഏഹ് ഇതെന്ത് കൂത്ത് എന്ന് തോന്നി. അയാളുടെ ചെവിയിൽ ഹെഡ്സെറ്റ് ഉള്ളതുകൊണ്ട് ശബ്ദം വെളിയിലേക്ക് കേൾക്കില്ല. വീഡിയോ മാത്രം കണ്ടുകൊണ്ട് മനസ്സിൽ ഞാൻതന്നെ ശബ്ദം കൊടുത്തുനോക്കി, ഷൈജു ദാമോദരൻ പറയുന്നപോലെ 'അതൊരു ബൂംചിക് വാവാ മൊമെന്റ് ആയിരുന്നു' എന്നാവുമോ റെസിലിംഗ് കണ്ട് ലൈവ് ആയി റിവ്യൂ കൊടുത്തോണ്ടിരിക്കുന്ന ആൾ പറയുന്നത്. ഒന്നൂടെ ശ്രദ്ധിച്ചപ്പോ ആ റിവ്യൂ പറയാനിരിക്കുന്ന ആൾ കാര്യമായി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു, അയാൾ വെറുതേ ഇരുന്ന് റെസിലിംഗ് കാണുകയാണ്, അത് ഇയാൾ കാണുകയാണ്.എന്തായാലും പരമബോറായി തോന്നി. കുറച്ചൂടെ അപ്പുറത്തിരുന്ന ആൾ കാണുന്നത് ഒരാൾ കയ്യിൽ വെള്ളം കോരി മീനിന് കുടിക്കാൻ കൊടുക്കുന്നതാണ്. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ മനസ്സിലായടാ ഉണ്ണീ അത് മീനല്ല പാമ്പാണ്. അയാൾ അടുത്ത വീഡിയോ സ്ക്രോൾ ചെയ്തു, ദാ വരുന്നു മുട്ടനൊരു രാജവെമ്പാല, അത് ഒരുത്തന്റെ ദേഹത്തൂടെ കയറി അയാളുടെ കയ്യിൽവന്ന് അനുസരണയോടെ ഇരിക്കുന്നു . എന്ത് ലോകമാടോ ഇത്. മനുഷ്യരൊക്കെ എന്തൊക്കെയാണോ ഈ കണ്ടുകൂട്ടുന്നത്. ഇനി നോക്കാൻ വയ്യടോ, നമ്മളില്ലേ.

പലരിൽ ഒരാൾ

നമ്മളെ കരുതാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ളത് എന്തൊരു സുഖമാണ്, എന്തൊരു സമാധാനമാണ്. രാവിലെ കാറെടുക്കാൻ ചെന്നപ്പോൾ ആകെ മൊത്തത്തിൽ എന്തോ ഒരു വ്യത്യാസം. ഇന്നലെ കുറച്ചൂടെ പൊടി ഉണ്ടായിരുന്നില്ലേ എന്ന് ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി. അതോ ഇനി ഇന്നലെ രാത്രി വണ്ടി മഴയത്തുവല്ലോം പാർക്ക്‌ ചെയ്തിരുന്നോ എന്ന് സംശയം. പക്ഷേ ഇന്നലെ തിരിച്ച് വീട്ടിൽ കയറുന്നതിനുമുന്നേ അവൾ പറഞ്ഞതാണല്ലോ 'നാളെ ഈ വണ്ടിയൊന്ന് കഴുകിയിടാൻ സുഖറാം ഭായിയോട് പറയണം' എന്ന്. ഭായി ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ്, എല്ലാവർക്കും വളരെ ഇഷ്ടമുള്ള, അല്ലെങ്കിൽ എല്ലാവർക്കും വളരെ കൺവീനിയന്റ് ആയ ആൾ. പുള്ളി ഉണ്ടെങ്കിൽ ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടക്കും. ആൾക്ക് രാവിലെമുതൽ വൈകിട്ടുവരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഫ്ലാറ്റിലെ വണ്ടികൾ കഴുകുന്ന പരിപാടിയുണ്ട്. അതിന് ഇരുന്നൂറ് രൂപയാണ് വാങ്ങാറ്. നമ്മൾ പറഞ്ഞാൽ കഴുകിയിടും, അത്രയേ ഉള്ളു. കാറെടുത്ത് ഇറങ്ങുമ്പോൾ ഗേറ്റിൽ പുള്ളി നിൽപ്പുണ്ട്. വണ്ടിയിൽ എന്തെങ്കിലും ചെയ്താരുന്നോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു 'പൊടി കണ്ടിട്ട് വെറുതേ ഒന്ന് തട്ടിക്കുടഞ്ഞു എന്ന് '. സ്നേഹത്തോടെ അദ്ദേഹത്തെ ഞാൻ നോക്കി, വൈകിട്ടൊന്ന് കഴുകിയിട്ടേക്കണേ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി (അതാകുമ്പോ ആ പേരിൽ പൈസ കൊടുക്കാമല്ലോ എന്ന് മനസ്സിൽ കരുതി) .
ഞാൻ അങ്ങോട്ട് ചോദിച്ചില്ലായിരുന്നെങ്കിൽ ഈ കാര്യം പുള്ളി പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അച്ഛൻ, അമ്മ, കൂടെപ്പിറപ്പ്, ഭാര്യ, ഇവരല്ലാതെയും നമുക്കുവേണ്ടി നമ്മളറിയാതെ കരുതാൻ ആരെങ്കിലുമുള്ളത് എന്തൊരു ഭാഗ്യമാണ്. അങ്ങനെ കരുതലുള്ള പലരിൽ ഒരാളെ ഞാൻ ആ മുഖത്ത് കണ്ടു. നമുക്കും ഇതുപോലെയാകാൻ പറ്റട്ടെ.

ആമിക്കുട്ടൻ

ഒരുപാടുനാളൂടെ കണ്ണൊക്കെ നിറഞ്ഞുവരുന്നു. ഇന്ന് ഞങ്ങടെ ആമിക്കുട്ടന്റെ ബർത്ഡേ ആണ്. ഞങ്ങടെയെല്ലാം ആദ്യത്തെ കണ്മണി, ഞങ്ങടെ രഞ്ജിത് ചേട്ടന്റെ കുഞ്ഞ്. സീരിയൽ പോലെയൊരു കഥയാണ് അവളുടേത്. അവൾ ഈ ഭൂമിയിലേക്ക് കണ്ണുമിഴിച്ച് വരുംമുന്നേ രഞ്ജിത് ചേട്ടൻ പോയി. ചേട്ടൻ എഴുതുമായിരുന്നു. പുള്ളി എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'അനാമികയുടെ അങ്കലാപ്പ്' എന്നാണ്. ആ പേരാണ് ആമിക്ക് - അനാമിക. കുഞ്ഞിന്റെ ഇതുവരെയുള്ള ജീവിതവും ആ പുസ്തകത്തിന്റെ പേരുപോലെതന്നെ. 

ആമിക്കുട്ടൻ വളർന്നത് അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്. കുഞ്ഞല്ലേ, അവൾ എന്തറിയാൻ. വലിയൊരു വീട്ടിൽ എല്ലാവരുടെയും സ്നേഹംമുഴുവൻ ഏറ്റുവാങ്ങി രാജകുമാരിയെപ്പോലെ അവൾ നടന്നു. ടീവിയിൽ കാർട്ടൂൺകണ്ട് ഹിന്ദി പഠിച്ച അവൾ ഞങ്ങളെയൊക്കെ അത്ഭുദപ്പെടുത്തി. ആഗ്രഹിക്കുന്നതെല്ലാം അവളുടെ അമ്മൂമ്മ അവൾക്ക് വാങ്ങിനൽകി. ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ വാങ്ങാനും ഐസ്ക്രീം കഴിക്കാനുമൊക്കെ അമ്മൂമ്മയും ആമിയുംകൂടെ ഓട്ടോപിടിച്ച് ഏഴ് കിലോമീറ്റർ അപ്പുറമുള്ള കോഴഞ്ചേരിക്ക് പോയി. കുഞ്ഞിനെ ഇങ്ങനെയങ്ങ് ലാളിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും വലിയ കാര്യമുണ്ടായില്ല. സന്തോഷമായി, വാശിക്കാരിയായി, സുഖലോലുപയായി ജീവിക്കുന്നതിനിടയിൽ അപ്പൂപ്പൻ പോയി, പിന്നാലെ അമ്മൂമ്മയും. എട്ടാം വയസ്സിൽ അവൾ ആ വലിയ വീടുവിട്ടിറങ്ങി. പിന്നെ അമ്മയുടെ വീട്ടിൽ, അവിടുത്തെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊപ്പം. ഇന്ന് അവൾക്ക് പതിനാറ് വയസ്സ്. ഈ ഒരു കാലത്തിനിടയ്ക്ക് ലോകം എങ്ങനെയൊക്കെ മാറി, ഞങ്ങടെ കുഞ്ഞിന്റെ ജീവിതം എങ്ങനെയൊക്കെ തലകീഴ്മറിഞ്ഞു. ഇന്നവൾക്ക് ഹോസ്റ്റൽ ജീവിതം,വല്ലപ്പോഴുമുള്ള അവധികളിൽ വീണ്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം. വാശി പോയിട്ട് ശബ്ദം പോലും തീരെ കുറവ്. വല്യ കുട്ടി ആകുന്നതിന്റെ അങ്കലാപ്പ്. വീടിനടുത്ത് കൂട്ടുകാർപോലുമില്ലാതെ, അവൾപോലുമറിയാതെ ഒരു ഏകാന്തതടവിൽ ബാല്യവും കൗമാരവും കടന്നുപോകുന്നു. അതിനിടക്ക് വല്ലപ്പോഴുമൊരു ഓർമപുതുക്കാൻമാത്രം, പഴയകാലത്തിന്റെ അവശേഷിപ്പ് തുടരാൻമാത്രം ചെന്നുകാണുന്ന എന്നെപ്പോലെയുള്ള ചിറ്റപ്പന്മാർ, ബന്ധുക്കൾ. തനിയെ ജീവിതം തുടങ്ങുമ്പോഴെങ്കിലും വിധിയുടെ തടവിൽനിന്ന് അവൾ രക്ഷപെടട്ടെ, ടോക്സിക് അല്ലാത്ത ഒരു പങ്കാളിയെ കിട്ടട്ടെ. ലോകം എന്റെ ആമിക്കുട്ടന് നിറഞ്ഞ സന്തോഷം വീണ്ടും നൽകട്ടെ. 

മുംബൈ : തിരക്കിട്ട യാത്രകൾ

ഞങ്ങൾ വീണ്ടും ഊബർ പിടിച്ച് താമസസ്ഥലത്തേക്ക് യാത്രതിരിച്ചു. പോകുംവഴി തിരക്കിന്റെ അങ്ങേയറ്റം ഞങ്ങൾ കണ്ടു, ആന്തേരിയിലെ തിരക്കും വീടുകളുടെ രൂപവുമെല്ലാം സ്ളംഡോഗ് മില്യണയർ എന്ന സിനിമയെ ഓർമിപ്പിച്ചു. തകരപ്പാട്ടകൊണ്ട് തട്ടിക്കൂട്ടിയ, തൊട്ടുതൊട്ടിരിക്കുന്ന, ഷീറ്റുകൊണ്ട് മറച്ച, വീട്ടിലെ വേസ്റ്റ് വെള്ളം മുഴുവൻ എല്ലാവരും കാൺകെ ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്ന നൂറുനൂറ്‌ വീടുകൾ. ആ വീടുകളുടെ പിന്നാമ്പുറമാണ് ഈ റോഡിനെ അഭിമുഖീകരിക്കുന്നത്‌.രണ്ടാംനിലയിലുള്ള വീടുകളിലെ വേസ്റ്റ് വെള്ളം പൈപ്പ്‌വഴി നീട്ടി ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്നു. അത് വന്ന് കറുത്ത് പതഞ്ഞ ഓടയിൽവീണ് ഇപ്പോ വീണതാണോ മുന്നേയുള്ളതാണോ കൂടുതൽ വൃത്തികെട്ട വെള്ളമെന്ന് മനസ്സിലാകാത്തവിധം ഇഴുകിച്ചേരുന്നു. 
ഹോണിന്റെ നഗരമാണ് മുംബൈ. മുന്നിൽ സൂചികുത്താൻ ഇടമില്ലെന്നറിഞ്ഞാലും പിന്നിലുള്ള വണ്ടിക്കാരൻ ഹോണടിച്ചുകൊണ്ടേയിരിക്കും, അയാളെ പറഞ്ഞിട്ടെന്താ, അയാളുടെ പിന്നിലും ഇതുതന്നെ അവസ്ഥ. സിഎൻജി ടാങ്ക് കഷ്ടപ്പെട്ട് താങ്ങി കിതച്ചും ഞരങ്ങിയും ആ കാർ ഞങ്ങളേയുംകൊണ്ട് താമസസ്ഥലത്തെത്തി. വൈകുന്നേരം ബിരിയാണി കഴിക്കാനൊരു കൊതി. ഓൺലൈനിൽ ഓർഡർ ചെയ്തു. വാങ്ങാൻ അപാർട്മെന്റിന്റെ വെളിയിൽ ഗേറ്റിലേക്ക് ചെന്നുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഭിക്ഷക്കാരെപ്പോലിരിക്കുന്ന രണ്ടുപേർ വളരെ ചെറിയൊരു സ്കൂട്ടറിൽ മുന്നിലെത്തി. അവർ ബിരിയാണി മുന്നിലേക്ക് നീട്ടിയപ്പോൾ ആ ഒറ്റ പൊതിയുടെ വിലയിൽ ചിലപ്പോൾ നാലുനേരംവരെ അവർ ഭക്ഷണം കഴിച്ചേക്കാം എന്ന് വല്ലാത്തൊരു ഗിൽറ്റി ഫീലിങ്ങോടെ ഓർത്തു. 

പിറ്റേന്ന് ഞങ്ങൾ ആന്തേരിയിലെ തെരുവുകടകൾ കയറിയിറങ്ങി. തിരിച്ചുപോകുമ്പോഴേക്കും എന്തേലുമൊക്കെ വാങ്ങണ്ടേ. ഇത്തിരി വണ്ണമുള്ള ഞങ്ങടെ നാച്ചുക്കുട്ടനുവേണ്ടി ഉടുപ്പ് തിരയുന്നതിനിടയിലാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അറിയാവുന്ന ഹിന്ദിയിൽ മോട്ടി ഹേ (വണ്ണമുണ്ട് ) എന്ന് ഞങ്ങൾ പറഞ്ഞപ്പോഴൊക്കെ പല കടക്കാരും ഹെൽത്തി ഹേ എന്ന് തിരിച്ച് ചോദിച്ചു. മലയാളിക്കണ്ണിൽ വണ്ണം എന്ന് തോന്നിയത് ഹിന്ദിക്കണ്ണിൽ ആരോഗ്യം എന്ന് മാറിയത് കൗതുകത്തോടെ ഞാൻ ശ്രദ്ധിച്ചു. കുറച്ച് ഡ്രസ്സൊക്കെ വാങ്ങിക്കഴിഞ്ഞ് ഇനിയല്പം മധുരപലഹാരങ്ങൾ വാങ്ങാമെന്ന് കരുതി. പല കടകൾ കയറിയിറങ്ങി അവസാനം അത്യാവശ്യം ഭേദപ്പെട്ട ഒരു കട കണ്ടു. നീളമുള്ള ഗോപിക്കുറി വരച്ച കടക്കാരൻ പഴയ ഏതോ സിനിമയിലെ മാർവാടിയെപ്പോലെ തോന്നിച്ചു. മധുരം വാങ്ങി ഇറങ്ങാൻനേരം എവിടുന്നാണെന്നൊക്കെ ചോദിച്ചു, കൂടെ മഞ്ഞ നിറമുള്ള ജിലേബി ഫ്രീ ആയിട്ട് തരുകേം ചെയ്തു, ആതിഥ്യമര്യാദ ആസ്വദിച്ച് ഞങ്ങൾ നടന്നു. പിന്നീട് അപാർട്മെന്റിൽനിന്ന് ചെക്ക്ഔട്ട് ചെയ്ത് ഒരു മാളിലേക്ക് പോകാൻ കാറിൽ കയറി. ഇടയ്ക്ക് നാലുംകൂടിയ ഒരു കവലയിൽ വണ്ടികളെല്ലാം സ്റ്റക്ക്. ആരും ആരും എങ്ങോട്ടും തിരിയാൻവയ്യാത്ത അവസ്ഥ. അഞ്ചുമിനുട്ട് അങ്ങനെതന്നെ നിന്നു. അവസാനം മാന്യനെപ്പോലെ തോന്നിച്ച ഞങ്ങടെ വണ്ടിക്കാരൻ വെളിയിലിറങ്ങി ട്രാഫിക് കണ്ട്രോൾ സ്വയം ഏറ്റെടുത്തു. അധികം വൈകാതെ പുള്ളി എല്ലാം ശരിയാക്കി തിരിച്ച് കാറിൽ കയറി. അദ്ദേഹത്തെപ്പറ്റി വല്ലാത്ത മതിപ്പ് തോന്നി, ഉടനെതന്നെ പുള്ളി വിൻഡോ തുറന്ന് പുറത്തേക്ക് മുറുക്കിത്തുപ്പി, മതിപ്പ് ഉടഞ്ഞുവീണു. പിന്നെയും പലതവണ തുപ്പൽ മഹോത്സവം നടന്നുകൊണ്ടേയിരുന്നു. ഞങ്ങൾ മാളിലെത്തി. പുറമെനിന്ന് കാണുന്നതിലും വലുതാണ് ഉൾവശമെന്ന് നടന്നുതുടങ്ങിയപ്പോ മനസ്സിലായി. ബാഗുകൾ അവിടെയുള്ള ഒരു ലോക്കറിൽ വച്ച് ഞങ്ങൾ ഇണക്കിരുവികളെപ്പോലെ ഗതകാലസ്മരണകളിൽ കറങ്ങിനടന്നു, അപ്പോൾ ഞങ്ങൾ വീണ്ടും പഴയ കാമുകീകാമുകന്മാരായി. എല്ലാ ഭാര്യയും ഭർത്താവും വല്ലപ്പോഴുമെങ്കിലും കുട്ടികളെ ഒഴിവാക്കി ജീവിതം ആസ്വദിക്കേണ്ടതാണെന്ന് അന്നേരം തോന്നി. "എടാ അലവലാതി, നിന്നെ നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഇട്ടിട്ടുപോയാൽ നിനക്ക് സഹിക്കുമോ " എന്ന് ചേച്ചി ഇത് വായിച്ചിട്ട് ചോദിക്കുന്നത് എനിക്ക് ഇപ്പഴേ കേൾക്കാം. 
കുറച്ച് കറങ്ങിക്കറങ്ങി ഒരു ടോയ് ഷോപ്പിന്റെ മുന്നിലെത്തി. കുഞ്ഞിനെ ഓർമവന്നു. എന്ത് വാങ്ങണമെന്ന സംശയവുമായി ഞങ്ങൾ മുക്കും മൂലയും അരിച്ചുപെറുക്കി. പ്ലാസ്റ്റിക് കൊണ്ടുള്ള, സ്പോഞ്ച് കൊണ്ടുള്ള പലതരം കളിപ്പാട്ടങ്ങൾ. അതിന്റെയൊക്കെ ഇടയിപ്പെട്ട് എനിക്ക് ശ്വാസം മുട്ടി. ഈ ലോകത്തെ കോടാനുകോടി ആളുകളുടെ വീടുകളിൽ ഇതുപോലെയുള്ള എത്രയെത്ര പ്ലാസ്റ്റിക് സാധനങ്ങൾ കുന്നുകൂടിയിരിക്കുന്നു എന്ന് ഒരുനിമിഷം ഓർത്തു. കുഞ്ഞുങ്ങൾ അവനവന്റെ കളിപ്പാട്ടങ്ങളിലേക്ക് ഒറ്റപ്പെട്ടുപോകുന്നത് ഓർത്തു. അധികം ഇല്ലാതിരുന്ന കാലത്ത് പങ്കിട്ടും വഴക്കിട്ടും നേടിയ കളിപ്പാട്ടങ്ങളും അതിന്റെ സന്തോഷവും ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ എന്ന് ആകുലപ്പെട്ടു. സർക്കാർ മുൻകൈയ്യെടുത്ത് കളിപ്പാട്ടങ്ങൾ മുഴുവൻ നിരോധിച്ചിരുന്നെങ്കിലെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കളിപ്പാട്ടകച്ചവടം ഒരിക്കലും നില്ക്കാൻപോകുന്നില്ലയെന്നു തിരിച്ചറിവോടെ ഒന്നും വാങ്ങാതെ ആ കടയിൽനിന്നിറങ്ങി. തൊട്ടപ്പുറത്തു അതുപോലെതന്നെ വേറെയും പല കടകൾ. കളിപ്പാട്ടങ്ങൾ എന്നെ പേടിപ്പിക്കുന്നു. 

ഞങ്ങൾ വീണ്ടും കറക്കം തുടർന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് ആ മാൾ നിൽക്കുന്നതെന്ന് നടക്കുംതോറും തോന്നി. അത്രവലിയ ഒരു സിസ്റ്റം മുന്നോട്ടുകൊണ്ടുപോകാൻ ദിവസവും എത്രമാത്രം വെള്ളവും വൈദ്യുതിയും വേണമെന്ന് വെറുതെയൊന്ന് ചിന്തിച്ചു. മുംബൈ എന്ന മഹാനഗരത്തിന് വെള്ളം എങ്ങനെ കണ്ടെത്താനാകുന്നുവെന്ന് അത്ഭുദം തോന്നുന്നു. 
ഇത്തിരികൂടികഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് ആ മാളിന് പല എൻട്രൻസ് ഉണ്ടെന്ന്. ഞങ്ങൾ ബാഗുകൾ വച്ച ലോക്കർ ഉള്ള എൻട്രൻസ് തപ്പി കുറച്ചധികം കഷ്ടപ്പെട്ടു. പലതവണ വലംവച്ചശേഷമാണ് പിടികിട്ടിയത്. ആശ്വാസത്തോടെ എയർപോർട്ടിലേക്ക് പോകാൻ അടുത്ത കാർ പിടിച്ചു. അതിഭീകര ട്രാഫിക് കരണം കാർ വളരെ പതിയെയാണ് മുന്നോട്ട് പോയത്. ഏതായാലും ലേറ്റാകാതെ എയർപോർട്ട് എത്തി. സെക്യൂരിറ്റി സി ഐഎസ്എഫ് കാരൻ വണ്ടി തടഞ്ഞത് ഞങ്ങടെ ഡ്രൈവറിനു തീരെ ഇഷ്ടമായില്ല. ഡിക്കിയൊക്കെ തുറന്ന് പരിശോധന കഴിഞ്ഞശേഷം ഡ്രൈവർ അത് വലിച്ചടച്ചു, അയാളുടെ ദേഷ്യംമുഴുവൻ ആ ഒരൊറ്റ പ്രവർത്തിയിൽ കാണാമായിരുന്നു. ഈ അവസരത്തിൽ പറയണോ വേണ്ടയോ എന്ന് അറിയില്ല, പക്ഷേ സെക്യൂരിറ്റിയുടെയും ഡ്രൈവറിന്റെയും പെരുമാറ്റത്തിൽ എനിക്ക് തോന്നിയത് മതങ്ങൾ തമ്മിലുള്ള ഒരു കൊമ്പുകോർക്കൽ ആയിരുന്നു അവിടെ നടന്നതെന്നാണ്. മറ്റ് പല വണ്ടികളും കടത്തിവിട്ട സെക്യൂരിറ്റി ഈ കാർ മാത്രം തടഞ്ഞുനിർത്തിയത് ഡ്രൈവറുടെ ഐഡന്റിറ്റി കണ്ടിട്ടാണെന്ന് ഞാൻ സംശയിക്കുന്നു, ഒരുപക്ഷേ റാണ്ടം ആയിട്ട് ചെക്ക് ചെയ്തതുമാവാം. പക്ഷേ ഡ്രൈവറുടെ ആംഗിളിൽ നോക്കുമ്പോൾ അത് അങ്ങനെയാവാനേ വഴിയുള്ളു. ജീവിതത്തിൽ ഇതുപോലെ പല സ്ഥലത്തും അനാവശ്യ നോട്ടങ്ങളും പരിശോധനകളും അയാൾ നേരിടുന്നുണ്ടെന്ന് തോന്നുന്നു. സ്വന്തം സ്ഥലത്ത് അന്യനെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരാളുടെ അമർഷവും ആത്മസംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു. 
മുംബൈ എയർപോർട്ട് ലോകോത്തരം. സിങ്കപ്പൂർ എയർപോർട്ട് പോലെയൊക്കെയുണ്ട്. ശരിക്കും ആലോചിച്ചാൽ ലോകംമുഴുവൻ ഏതാണ്ടൊക്കെ ഒരേപോലെതന്നെ ആവാൻ ശ്രമിക്കുന്നപോലെയുണ്ട്. മിക്ക സ്ഥലത്തേയും വിനോദസഞ്ചാര സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും റൈഡുകളുമെല്ലാം വന്നുവന്ന് ഒരുപോലെതന്നെ ആവുന്നപോലെ. അതിപ്പോ കേബിൾ കാർ റൈഡ് ആയാലും, ആനിമൽ ഷോ ആയാലും, ട്രാം റൈഡ് ആയാലും എല്ലാം ഒരുപോലെതന്നെ. 
ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എയർപോർട്ടിൽ ബോറടിച്ചിരിക്കുന്ന സമയത്ത് വെന്റിങ് മെഷിനിൽനിന്ന് ലെയ്സ് പോലത്തെ ഒരു സാധനം എടുത്തു. ബാർ കോഡ് സ്കാൻ ചെയ്യുമ്പോ മനസ്സ് പിന്നെയും അത്ഭുദംകൂറി. എങ്ങനെ വ്യത്യസ്തമായ ബാർകോഡുകൾ ഉണ്ടാക്കികൊണ്ടേയിരിക്കുന്നു ഈ ലോകം, ഇതുവരെ എത്രയോ കോടി സ്കാനുകൾ നടന്നുകാണും, ഇനിയുമെത്രയോ നടക്കാൻപോണു, അത്ഭുദം അടങ്ങുന്നില്ല. 
തിരിച്ചുള്ള യാത്രയിൽ ഹസ്സൻ എന്നൊരു ബീഹാർകാരനെ അടുത്തുകിട്ടി. അയാൾ മറ്റൊരു അത്ഭുദമനുഷ്യൻ. അദ്ദേഹത്തിന്റെ ജോലി പെർമനെന്റ് വർക് ഫ്രം ഹോം ആയിട്ടുകൂടി കേരളത്തോടുള്ള ഇഷ്ടംകൊണ്ടുമാത്രം കൊച്ചിയിൽവന്ന് വീടെടുത്ത് താമസിക്കുന്നു. യാത്രയിൽ ഒരുപാടൊരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു, ഹിന്ദിയിലും ഇംഗ്ലീഷിലുമായി. ഹസ്സന് കേരളത്തിന്റെ രണ്ട് കാര്യങ്ങളിൽമാത്രമെ വിയോജിപ്പുള്ളു. അനാവശ്യമായി നമ്മൾ വയ്ക്കുന്ന വലിയ വീടും വാങ്ങുന്ന വലിയ കാറുകളും. അയാളുടെ വിശകലനം എത്ര സത്യമാണ്. വലിയവീട്ടിൽ പേടിയോടെ ഉറങ്ങുന്ന പ്രായമായ മനുഷ്യരെയും, തീരെ ചെറിയ വഴികളിൽ ലോറിപോലുള്ള കാറുകളുമായി ബ്ലോക്ക്‌ ഉണ്ടാക്കുന്ന പലരെയും ഞാൻ മനസ്സുകൊണ്ട് കണ്ടു.
 ഫ്ലൈറ്റ് ഒരു 11 മണിക്കേ കൊച്ചിയിൽ ലാൻഡ് ചെയ്യൂ. എല്ലാംകഴിഞ്ഞ് പുറത്തിറങ്ങുമ്പോളേക്കും പിന്നെയും ലേറ്റ് ആകും. പുള്ളിയുടെ ഭാര്യയുടെ ബർത്ഡേ ആണ്, അവർ ഗർഭിണിയുംകൂടിയാണ്. ഇതെല്ലാംകൊണ്ട് 12 മണിക്കുമുന്നേ പാലാരിവട്ടത്തുള്ള വീട്ടിലെത്തണമെന്ന, നടക്കാൻ സാധ്യതയയില്ലാത്ത ആഗ്രഹവുമായി എയർപോർട്ടിൽനിന്ന് ഓടിയിറങ്ങുന്ന ഹസ്സനെ ഇനിയും ഒരുപാട് നാളത്തേക്ക് ഞാൻ ഓർക്കും. 


മുംബൈ : ഇടദിവസം


വിസയൊക്കെ ശരിയായല്ലോ, ഇനി റൂമിൽപോയി കുറച്ച് റസ്റ്റ് എടുക്കാമെന്ന് കരുതി ഞങ്ങൾ ഒരു ഓട്ടോയിൽ കയറി, ഊബറിനുവേണ്ടി കാത്തുനിന്നില്ല. കയറുന്നതിനു മുന്നേ പൈസയൊക്കെ ചോദിച്ചുമനസ്സിലാക്കി. ഒന്നര കിലോമീറ്റർ ദൂരം പോകാൻ നൂറ്റൻപത് രൂപ അയാൾ പറഞ്ഞു. ഇങ്ങോട്ട് ഇതേദൂരം അൻപത് രൂപയ്ക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് നോക്കാം, കയറെന്നായി. നൂറ് രൂപയാണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഞങ്ങൾ കയറി. ഓട്ടോ ഓടിക്കുന്ന ഭായിയെ കണ്ടാൽ പഴയ ഏതോ ഹിന്ദി സിനിമയിൽ നിന്ന് ഇറങ്ങിവന്ന വില്ലനെ പോലെയുണ്ട്. ഇടയ്ക്കുവെച്ച് നല്ല തിരക്കുള്ള ഒരു റോഡിൽ സിഗ്നലിൽവച്ച് വണ്ടികൾ നിശ്ചലമായി. അപ്പുറത്തെ ഓട്ടോയിൽനിന്ന് ഡ്രൈവർ അങ്കിൾ ഇറങ്ങിവന്ന് ഞങ്ങടെ ഭായിയോട് എങ്ങോട്ടോ ഉള്ള വഴി തിരക്കി. ആ ഓട്ടോ ആൾക്കാരുമായി അനാഥമായി റോഡിന്റെ നടുവിൽ കിടക്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കി. ഇവിടെ ഇതെല്ലാം സർവസാധാരണം. സിഗ്നൽ വീഴുംമുന്നേ വഴി ചോദിച്ചുമനസ്സിലാക്കി ആ അങ്കിൾ തിരികെ ഓട്ടോയിൽ കയറുകയും ചെയ്തു, എന്തൊരു കോൺഫിഡൻസ്. സൂചി കുത്താൻ ഇടയില്ലാത്തപോലെ തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നതിനിടയിൽ ഭായിയോട് ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് ഊബർ ഓടാത്തതെന്ന്, പുള്ളി പറഞ്ഞു എഴുത്തും വായനയും അറിയില്ലെന്ന്, തൊട്ടുമുൻപിലെ ഓട്ടോയുടെ പിറകിൽ 'ഒൺലി ത്രീ പാസ്സ് ' എന്ന് എഴുതിയിരിക്കുന്നത് ഞാൻ അപ്പോൾ ശ്രദ്ധിച്ചു. ഭായിയെപോലെതന്നെ മുന്നിലെ ഓട്ടോക്കാരനും പഠിപ്പില്ലെന്നും താൻ വെറും മൂന്നാംക്ലാസ് ആണെന്നാണ് പുള്ളി എഴുതിയിരിക്കുന്നതെന്നും ആലോചിച്ചു. പക്ഷേ പിന്നീടാണ് കണ്ടത്, ചുറ്റുമുള്ള ഓട്ടോകളുടെ സാഗരത്തിൽ കണ്ട എല്ലാ ഓട്ടോയിലും പിന്നിലും വശങ്ങളിലുമൊക്കെ അതുതന്നെ എഴുതിയിട്ടുണ്ട്. മൂന്ന് യാത്രക്കാരെയേ കയറ്റു എന്നാണ് ഉദ്ദേശിച്ചതെന്ന് അപ്പോൾ മനസ്സിലായി. കൂടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചു, ഞങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലം മുംബൈയിലെ പത്തനംതിട്ടയാണ്, രെജിസ്ട്രേഷൻ നമ്പർ എം എച് പൂജ്യം മൂന്ന്. പോകുന്നവഴി ഭായി പറഞ്ഞു നിങ്ങൾ വിസയൊക്കെ പാസായതല്ലേ അതിന്റെ സന്തോഷത്തിന് പൈസ കൂടുതലാണ് ശരിക്കും തരേണ്ടതെന്ന്. പലരും വിസ കിട്ടാത്തതുകൊണ്ട് കരഞ്ഞുകൊണ്ടാണ് പോകാറെന്നും അങ്ങേര് കൂട്ടിച്ചേർത്തു. ഏതായാലും ചെന്നിറങ്ങി നൂറ്റി ഇരുപത് കൊടുത്തപ്പോൾ കൂടുതൽ വേണമെന്നായി. പത്തുരൂപകൂടെ കൊടുത്ത് ഞങ്ങൾ നടന്നു. 
കുറച്ച് റെസ്റ്റൊക്കെ എടുത്ത് ഞങ്ങൾ മുംബൈ ചുറ്റിക്കറങ്ങാൻ ഇറങ്ങി. ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ലോക്കൽ ട്രെയിൻ സ്റ്റേഷൻ ഒരു ഇരുന്നൂറുമീറ്റർ ദൂരത്തിൽ ഉണ്ടെന്ന് പറഞ്ഞു. നട്ടപ്പൊരിവെയിലത്ത് അയാൾ പറഞ്ഞ വഴിയേ തെരുവുകളിലൂടെ ഞങ്ങൾ നടന്നു. കുറേനേരം നടന്നുകഴിഞ്ഞ് പലരോടും ചോദിച്ചപ്പോൾ ഇനിയും മുന്നോട്ട് മുന്നോട്ടെന്ന് പറഞ്ഞു. അങ്ങനെ ഏകദേശമൊരു ഒന്നര കിലോമീറ്റർ വെയിലിൽ നടന്ന് ഞങ്ങൾ കുർള റെയിൽവേ സ്റ്റേഷനിലെത്തി, ഗേറ്റിലെ സെക്യൂരിറ്റിയുടെ ഇരുന്നൂറ് മീറ്ററിന്റെ കണക്ക് എവിടെയോ പിഴച്ചത് ഞങ്ങൾ ശ്രദ്ധിച്ചു. സ്റ്റേഷനിൽ വിചാരിച്ചയത്ര തിരക്കില്ല, ഉച്ചയായതുകൊണ്ടാവും. ടിക്കറ്റ് തരുന്ന ആളുടെ മുഖഭാവങ്ങളൊക്കെ കണ്ടപ്പോൾ പങ്കജ് തൃപാടി എന്ന ഹിന്ദി നടനെ ഓർമവന്നു. മുംബൈ ലോക്കൽ ട്രെയിനിൽ ഇരിക്കാൻ സീറ്റ്‌ കിട്ടി എന്നത് ഭാഗമായി കരുതി ഞങ്ങൾ യാത്ര തുടങ്ങി. അടുത്തിരുന്ന ആൾ പറഞ്ഞതുവച്ച് അവസാന സ്റ്റേഷനാണ് ഛത്രപതി ശിവജി ടെർമിനസ് (ഇപ്പോൾ ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ്) , അരമണിക്കൂർ യാത്രയുണ്ട്. അവിടെ ഇറങ്ങിയിട്ടുവേണം ഗേയിറ്റ് വേ ഓഫ് ഇന്ത്യ കാണാൻ. സീറ്റുണ്ടെങ്കിലും കുറച്ചുപേർ വാതിലിനരികിൽത്തന്നെ നിന്ന് യാത്രചെയ്യുന്നു (വാതിലില്ല, കയറാനും ഇറങ്ങാനുമുള്ള തുറന്ന കവാടം) . അവരിൽ ചിലർക്ക് നല്ല പ്രായമുണ്ട്, തോളത്ത് വലിയ ചാക്കിന്റെ ഭാരവുമായാണ് അകത്തേക്കുവന്നത്. ആ ഭാരമിറക്കിവച്ച് വാതിലിനുമുകളിലെ ഏതോ ഒരു സ്ഥലത്ത് ഒരു കൈ പിടിച്ച്, മറ്റെ കൈകൊണ്ട് അകത്ത് ഒരു കൊളുത്തിലും പിടിച്ച് വെളിയിലേക്ക് അല്പം ചെരിഞ്ഞുനിന്ന് ട്രെയിനിന്റെ വേഗത്തിനൊപ്പിച്ചുള്ള കാറ്റ് ആസ്വദിക്കുകയാണ് പ്രായമായ ആ മനുഷ്യർ. ആ കാഴ്ച കണ്ടപ്പോൾ അവർ അല്പനേരത്തേക്ക് അവരുടെ ജീവിതഭാരം ഇറക്കിവച്ച് യൗവനം ആസ്വദിക്കുന്നപോലെതോന്നി.  
ഞങ്ങൾ ഛത്രപതി സ്റ്റേഷനിലിറങ്ങി. മുംബൈ ദർശൻ എന്നുപറഞ്ഞ് കയ്യിലൊരു ഷീറ്റുമായി കുറച്ച് ടാക്സി ഡ്രൈവർമാർ നടക്കുന്നു. ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവൾ പുച്ഛിച്ചു. ടൂർ പാക്കേജ് എന്നുള്ള കോൺസെപ്റ്റ് ഒന്ന് മാറ്റിവച്ച് തന്നെ വല്ലോം കണ്ടുപിടിക്ക് മണകുണാഞ്ചാ എന്നുള്ള രീതിയിൽ അവളൊന്ന് തറപ്പിച്ചുനോക്കി. എന്നിട്ട് എന്നെയുംകൊണ്ട് അവിടുന്ന് വേഗം നടന്നു. സ്റ്റേഷന്റെ അടുത്തുതന്നെ ഒരു ബസ് സ്റ്റാൻഡ് ഉണ്ടാരുന്നു. അവിടുന്ന് ഞങ്ങളൊരു ഡബിൾ ഡെക്കർ ബസിൽ കയറി ഗേറ്റ് വേ കാണാൻ പോയി. അതിൽ കയറിയപ്പോൾ എനിക്കും തോന്നി അതാണ്‌ നല്ലതെന്ന്. ഒരു പതിനഞ്ചുമിനിറ്റിൽ ഗേറ്റ് വേ യുടെ അടുത്തെത്തി. ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് തീരുമാനിച്ച് ഞങ്ങൾ അവിടെയടുത്തുള്ള ഫേമസായ ഒരു റെസ്റ്റോറന്റിലേക്ക് നടന്നു (ലിയോപോൾഡ് കഫെ). അങ്ങോട്ടേക്ക് നടക്കുംവഴി കുറെയേറെ വഴിയോര കച്ചവടക്കാരെ കണ്ടു, ആ സ്ഥലം കണ്ടപ്പോൾ മുൻപ് വിയറ്റ്നാമിൽ പോയ ചൈനീസ് മാർക്കറ്റ് ഓർമവന്നു. വയസ്സായ ഒരാൾ കസേരയിലിരുന്ന്, കയ്യിലൊരു കാർഡ്ബോർഡ് പെട്ടിയൊക്കെയായി എന്തോ വിൽക്കുന്നുണ്ട്, അടുത്തുള്ള കരിക്ക് വില്പനക്കാരൻ വെട്ടിയ ഒരു കരിക്ക് അയാൾക്ക്‌ കൊണ്ട് കൊടുക്കുന്നത് കണ്ടു. അവരുടെ പെരുമാറ്റത്തിൽനിന്ന്, അത് ഒരു ദിനചര്യ ആണെന്ന് തോന്നി. എന്നും ഈയൊരു സമയമാകുമ്പോൾ ആ കരിക്കുകാരൻ മറ്റേ ആൾക്ക് വെട്ടിയ കരിക്കുമായി എത്തുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു. ലിയോപോൾഡ് കഫെ ഒരു ഗോവൻ റെസ്റ്റോറന്റുപോലെ തോന്നിച്ചു. തീരെ ഉയരംകുറഞ്ഞ, ക്യൂട്ട് ആയ ഒരു ലേഡി വെയിറ്ററാണ് ഓർഡർ എടുത്തത്. തന്ദൂരി ചിക്കനും ഐസ് ടീയും ഓർഡർ ചെയ്തു. അപ്പോഴാണ് ബൺ മസ്‌ക എന്ന പേര് മെനുകാർഡിൽ കണ്ടത്. കുറേനാളായി കൊച്ചിയിൽ ഫേമസ് ആയ ആ സാധനം എങ്കിലൊന്ന് തട്ടിയേക്കാം എന്നുകരുതി വാങ്ങി. ബണ്ണും ബട്ടറും കഴിക്കുന്നപോലെയാണ് തോന്നിയത്, വലിയ പ്രത്യേകതയൊന്നും ഇല്ല. ഐസ് ടീയിലെ സ്ട്രോ വെറൈറ്റിയായിരുന്നു. നല്ല കട്ടിയുണ്ടല്ലോ, ഇവിടെയൊന്നും പ്ലാസ്റ്റിക് സ്ട്രോ നിരോധിച്ചിട്ടില്ലേ എന്ന് ഞാൻ സംശയിച്ചപ്പോൾ ഭാര്യയാണ് പറഞ്ഞത്‌ അത് കഴിക്കാൻപറ്റുന്ന, അരിവച്ചുണ്ടാക്കിയ സ്ട്രോയാണെന്ന്. കടിച്ചുനോക്കിയപ്പോൾ ഉണക്കക്കപ്പയുടെ രുചി. തന്ദൂരി നല്ല രുചിയുണ്ടായിരുന്നെങ്കിലും കഴിച്ചുകഴിഞ്ഞപ്പോ കൈനിറയെ മൈലാഞ്ചിയിട്ടപോലെ നിറമായി, അതുമുഴുവൻ വയറ്റിലുമെത്തിയിട്ടുണ്ടാവുമല്ലോ എന്ന് ഓർത്തപ്പോൾ ഒരു ബുദ്ധിമുട്ട്. ഫുഡ്ഡടി കഴിഞ്ഞ് ഞങ്ങൾ തിരികെ നടന്ന് ഗേറ്റ് വേ കാണാൻ പോയി. അവിടെ കുറേ ഫോട്ടോഗ്രാഫർമാർ നിൽപുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാളോട് ചോദിച്ചപ്പോൾ ഒരു ഫോട്ടോ പ്രിന്റ് എടുത്ത് തരുന്നതിനു അമ്പതുരൂപ എന്നുപറഞ്ഞു. എങ്കിൽ ആവട്ടെ എന്നുകരുതി. പുള്ളി ഞങ്ങളെ താജ് ഹോട്ടലിന്റെയും ഗേറ്റ് വേയുടെയും ബാക്ഗ്രൗണ്ടുവച്ച് ചറപറാ കുറേ ഫോട്ടോ എടുത്തു. അതിൽ ഒരു നാലെണ്ണം പ്രിന്റ് എടുത്തോളാൻ പറഞ്ഞു. അണ്ണൻ കയ്യിലുള്ള പ്രിൻറർമെഷീൻ എടുത്തു, എപ്സോണിന്റെ ഒരു കുഞ്ഞത്ഭുദം, അതും വയർലെസ്. ലോകത്തിന്റെ പോക്കിനെപ്പറ്റി അത്ഭുദപ്പെട്ടുനിൽകുമ്പോളേക്കും പ്രിന്റ് റെഡി. 
ആ പരിസരമൊക്കെ നടപ്പാതയിൽ ടൈലുപോലെ കല്ലുകൾ വിരിച്ചിരിക്കുകയാണ്. അവ വളരെ മിനുസമുള്ളതായി അനുഭവപ്പെട്ടു. അനേകായിരം ആളുകൾ കയറിയിറങ്ങിയതാവാം ആ മിനുസത്തിന് കാരണം. ഗേറ്റ് വേയുടെ പരിസരത്തും വെള്ളയും വെള്ളയുമിട്ട ടാക്സി ഡ്രൈവർമാരും അവരുടെ മഞ്ഞയും കറുപ്പും ടാക്സികളും ഒരുപാടുണ്ടായിരുന്നു. ഊബർ വന്നതിൽപ്പിന്നെ ഇവരുടെയൊക്കെ പണി വെള്ളത്തിലായ ലക്ഷണമാണ്. ആർക്കും ഓട്ടമൊന്നും കിട്ടുന്ന ലക്ഷണമില്ല. ഇനി എങ്കിൽ കോളാബാ കോസ്‌വേ കാണാൻ പൊക്കുടേയെന്ന് ചാറ്റ് ജിപിടി ചോദിച്ചു. മാപ്പ് ഇട്ട് നടന്നുനടന്ന് എത്തിയപ്പോഴാണ് മനസ്സിലായത് മുന്നേ ലിയോപോൾഡ് കഫെയിലേക്ക് പോയപ്പോൾ വഴിയിൽ കണ്ട ആ ചൈനീസ് മാർക്കറ്റ് സെറ്റപ്പ് ആണ് ഈ കോസ്‌വേ എന്ന്. വീണ്ടും അതേ വഴികളിലൂടെ നടന്നു. തിരിച്ച്ചെല്ലുമ്പോൾ വേണ്ടപ്പെട്ടവർക്കെല്ലാം എന്തേലും കൊടുക്കണ്ടേ എന്നുകരുതി ചില സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. നോക്കിനോക്കി ഹിന്ദിപറഞ്ഞ് കുറച്ചായപ്പോൾ കടക്കാരൻ മലയാളത്തിൽ മറുപടി പറഞ്ഞുതുടങ്ങി. നാല്പത്തഞ്ചുകൊല്ലമായി മുംബൈയിൽ കട നടത്തുന്ന തലശ്ശേരിക്കാരുടെ മടയിലേക്കാണ് ഞങ്ങൾ ചെന്നുകയറിയത്. നാട്ടിൽ എവിടെ എന്ന ചോദ്യം ചോദിക്കാൻ കുറച്ചുപേരെ കണ്ടുകിട്ടിയത് ഞങ്ങൾക്കും അവർക്കും സന്തോഷമായി. പേഴ്സ് ഒക്കെ സൂക്ഷിക്കണമെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവർ യാത്രയാക്കി. 
നമ്മുടെ നാടുപോലെതന്നെ മുംബൈയിലും ആണുങ്ങളുടെ വായിനോട്ടം അല്പം കൂടുതലല്ലേ എന്ന് എനിക്കുതോന്നി. ആ മാർക്കറ്റ് പരിസരത്തൂടെ സുന്ദരികളായ ഒരുപാട് സ്ത്രീകൾ ഷോപ്പിംഗിന് നടക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു കടക്കാരന്റെ കഴുത്തിലെ ആദംസ് ആപ്പിൾ വെള്ളമിറക്കുമ്പോൾ എന്നപോലെ അനങ്ങുന്നു. അയാൾ ഒരു സ്ത്രീയെ രൂക്ഷമായി നോക്കുകയാണ്. നോക്കി വെള്ളമിറക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. പല കടകളിൽ കയറിയിറങ്ങി കുറച്ചായപ്പോൾ ഭാര്യ എനിക്ക് ബാർഗൈനിങ്ങിന്റെ ചില ബാലപാഠങ്ങൾ പറഞ്ഞുതന്നു. എന്നെക്കൊണ്ട് പറ്റില്ല, തന്നത്താൻ ആയിക്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് കടക്കാരൻ പറഞ്ഞ ലാസ്റ്റ് വിലയിൽനിന്ന് വീണ്ടും അമ്പതുരൂപ കുറച്ച് അവൾ പേയ്‌മെന്റ് ചെയ്തു. ആ പൈസകൂടെ കൊടുക്കാതെ സാധനം തരില്ലെന്നായി കടക്കാരൻ. ഒരു പത്തുമിനിറ്റോളം യാചിച്ചും തർക്കിച്ചും അവളും നിന്നു. അവസാനം ആ പൈസകൂടി കൊടുക്കേണ്ടിവന്നു. എനിക്ക് ഭയങ്കരമായ ദേഷ്യംവന്നു. നമ്മൾ എത്രയോ സാധനങ്ങൾക്ക് പൈസ ചിലവാക്കുന്നു. ഇതിലും ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ബ്രാൻഡഡ് കടകളിൽനിന്ന് അന്യായ വിലക്ക് വാങ്ങുന്നു. അവിടെയൊന്നും ബാർഗയിനിങ് നടക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ, പറയുന്ന പൈസയ്ക്ക് നമ്മൾ സാധനം വാങ്ങും, അതേസമയം ഇതുപോലെയുള്ള ചെറുകിടക്കാരോട് തർക്കിച്ചും ദേഷ്യപ്പെട്ടും പരമാവധി നമ്മൾ കടിപിടികൂടും. ട്രിപ്പിന്റെ മൂഡുപോയി. ഇനി ഇങ്ങനെ ചെയ്യില്ല എന്ന് ഭാര്യയെക്കൊണ്ട് ഉറപ്പ്പറയിച്ച് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് ടാക്സിപിടിച്ചു. മുംബൈയിൽ ഇതുവരെ കയറിയ എല്ലാ കാറിന്റെയും ഉൾവശം വളരെ മോശം, ഇതിന്റെയും. അതിഭീകരമായ പൊടിയും ട്രാഫിക്കും, പൈസ ലാഭത്തിനുവേണ്ടി ഗ്ലാസ്‌ തുറന്നിട്ട്‌ വണ്ടി ഓടിക്കുന്നതുമൊക്കെയാവാം കാരണം. ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി. നട്ടുച്ചക്ക് ചൗപട്ടി ബീച്ചും മറൈൻ ഡ്രൈവും വേഗത്തിൽ കണ്ടുതീർത്ത് ഞങ്ങൾ ഇനി എന്തുചെയ്യണമെന്ന് ചാറ്റ് ജി പി ടി യോട് ചോദിച്ചു. ആ ദുഷ്ടൻ പറഞ്ഞത് മോണോറെയിൽ കേറാനാണ്. അതിന് കുറച്ചുദൂരെയുള്ള ദാദർ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങാനും ഉപദേശിച്ചു. ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും എവിടെച്ചെന്നാൽ ലോക്കൽ ട്രെയിൻ കിട്ടുമെന്ന് ചോദിച്ചപ്പോൾ ചാറ്റ് ജി പി ടി പറഞ്ഞു ടാക്സി പിടിച്ച് ഒന്നര കിലോമീറ്റർ പൊക്കോളാൻ. എന്തോ ഭാഗ്യത്തിന് അവിടെ അടുത്തുകണ്ട ഒരാളോട് ചോദിച്ചപ്പോൾ ഞങ്ങൾ നിന്നതിന്റെ നേരെ എതിർവശത്തുള്ള ലോക്കൽ സ്റ്റേഷൻ കാണിച്ചുതന്നു. ട്രെയിനിൽ പിന്നെയും സീറ്റ്‌ കിട്ടി. മനോഹരമായ പാട്ടുകേട്ട് നോക്കുമ്പോൾ അന്ധരായ രണ്ട് ദമ്പതികൾ പരസ്പരം താങ്ങി ഭിക്ഷയെടുക്കുന്നു, ഇന്ത്യയുടെ ദരിദ്രമുഖം. കുറച്ചപ്പുറത്ത് ദാദർ സ്റ്റേഷനിൽ ട്രെയിനിറങ്ങി തിരക്കുകൂടിയ ഒരു റോഡിലേക്ക് ഞങ്ങൾ മേൽപ്പാലമിറങ്ങി. ആളുകൾ വഴിയരികിലിരുന്ന് ഒരുപാട് പൂക്കൾ കച്ചവടം ചെയ്യുന്നു. അടുത്തെവിടെയോ അമ്പലമുണ്ടെന്ന് മനസ്സിലായി. ആ സ്ഥലം കണ്ടപ്പോൾ ചെന്നൈയിലെ ടി നഗർ പോലെ തോന്നി. അടുത്തുള്ള കെട്ടിടത്തിൽ വിജയ് നഗർ എന്ന് എഴുതിയത് ആക്‌സ്മികമായി തോന്നി. തിരക്കിനെ വകഞ്ഞുമാറ്റി നടക്കുമ്പോൾ ഉറുമ്പിൻകൂട്ടത്തിൽ പെട്ട ഒരു ഉറുമ്പിനെപ്പോലെ എനിക്ക് സ്വയം തോന്നിച്ചു. നിൽക്കാൻപോലും സമയമില്ലാത്ത മുംബൈ നഗരത്തിൽ റോഡരികിലിരുന്ന് മുളകൊണ്ടുള്ള കൊട്ടയും മറ്റ് സാധനങ്ങളും ഉണ്ടാക്കുന്നവരെ കണ്ട് അത്ഭുദം തോന്നി. അവർ ഈ തിരക്കിനെയൊന്നും ഗൗനിക്കുന്നേയില്ല. ലോകം ഓടിക്കോട്ടെ, ഞങ്ങൾ ഇവിടെയുണ്ടാവും എന്ന ഭാവത്തിൽ അവർ വെയിലിനെ മുകർന്ന് പതിഞ്ഞതാളത്തിൽ നെയ്തുകൊണ്ടേയിരുന്നു. 
റോഡിൽ പലയിടത്തും പട്ടംപോലെ എന്തോ കെട്ടിയിട്ടിട്ടുണ്ട്, അതിൽ മിക്കതിലും ശിവജിയുടെ രൂപമാണ് പാറുന്നത്. 
മോണോറെയിൽ കാണണമെന്ന ഞങ്ങളുടെ ആഗ്രഹം അടച്ചിട്ട സ്റ്റേഷനുമുന്നിൽ അവസാനിച്ചു. നമ്മുടെ മെട്രോ സ്റ്റേഷൻ പോലെ ഒരു സ്ഥലം. അവിടെ എഴുതിവച്ചിരിക്കുന്നു എന്തോ റെനോവേഷൻ നടക്കുന്നതിനാൽ മോണോറെയിൽ സർവീസ് തത്കാലം നിർത്തിവച്ചിരിക്കുന്നുവെന്ന്. 


മുംബൈ : വിസ ദിവസം

മുംബൈയിലെ രണ്ടാമത്തെ ദിവസം. അതിരാവിലെ ഞങ്ങൾ ബാന്ദ്ര കുർല കോംപ്ലക്സിലേക്ക് വണ്ടിപിടിച്ചു. ഭാര്യയ്ക്ക് അവിടെ ഒരു യുഎസ് വിസ ഇന്റർവ്യൂ ഉണ്ട്. ഭീകരമായ തിരക്കുപിടിച്ച റോഡിലൂടെ ഓട്ടോക്കാരൻ അനായാസം അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച് ബൈക്ക് ഓടിക്കുന്നത്പോലെ വണ്ടിയോടിച്ചു. എന്നിട്ട് വലിയൊരു ബിൽഡിങ്ങിനടുത്ത് ഞങ്ങളെ കൊണ്ട്നിർത്തി. അവിടെ ആൾതിരക്കൊന്നും കാണാത്തപ്പോൾത്തന്നെ ഭാര്യക്ക് സംശയംതോന്നി ഇതാവില്ല യുഎസ് വിസയ്ക്കുള്ള സ്ഥലം എന്ന്. അവിടെ കണ്ട സെക്യൂരിറ്റിയോട് കാര്യം ചോദിച്ചപ്പോൾ പുള്ളിയും പറഞ്ഞു ഇവിടെ നിന്നും ഒരു അരകിലോമീറ്റർ അപ്പുറത്താണെന്ന്. ടെൻഷനടിച്ചെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നടന്നു. ഗൂഗിൾമാപ്പ് പറഞ്ഞ വഴിയെ കുറച്ചുദൂരം നടന്നപ്പോൾ പോലീസുകാരെയൊക്കെ കണ്ടു. അവരോട് ചോദിച്ചപ്പോൾ അവർ മറ്റൊരു വഴി പറഞ്ഞുതന്നു. ആ പറഞ്ഞ വഴിയെ ഒരുപാട് ആളുകൾ കൂടിനിൽക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങൾ എത്തി. അപ്പോഴും ഗൂഗിൾമാപ്പ് പറയുന്നത് അവിടെനിന്നും അരകിലോമീറ്റർ അപ്പുറത്താണ് യഥാർത്ഥ സ്ഥലം എന്നാണ്. ഉറപ്പിക്കാൻവേണ്ടി അവിടെ ഗേറ്റിൽനിന്ന സെക്യൂരിറ്റിയോട് കാര്യംതിരക്കി. സ്ഥലം ഇതുതന്നെയാണെന്നും വെയിറ്റ് ചെയ്ത്കൊള്ളാനും അയാൾ പറഞ്ഞു. ഏകദേശം നൂറ്മീറ്റർ അപ്പുറത്ത് വളരെ വലിയൊരു ബിൽഡിംഗ് കാണാം. ധീരുഭായ് അംബാനി സ്ക്വയർ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. ആളുകളെയെല്ലാം റോഡിന് ഇപ്പുറത്തെ വശത്ത് നിർത്തിയിരിക്കുകയാണ്. എല്ലാവർക്കും കുറച്ച് കൺഫ്യൂഷനൊക്കെയുണ്ട്, ഇതുവഴി തന്നെയാണോ പോകേണ്ടത്, ഈ സമയത്ത് തന്നെയാണോ എത്തേണ്ടത്,അങ്ങനെ പലതും. പക്ഷേ കൃത്യമായ സിസ്റ്റമൊന്നും ഇവിടെയില്ല. കുറേ ഓട്ടോക്കാരും ടാക്സിക്കാരും ചേർന്നാണ് ആളുകളെ നിയന്ത്രിക്കുന്നത്. അപ്പുറത്തായി മാറിനിൽക്കുന്ന മൂന്നുനാല് സെക്യൂരിറ്റിക്കാർ വല്ലപ്പോഴും ഒന്ന് വന്ന് റൗണ്ടടിച്ചുപോകും. കുറെനേരം കഴിഞ്ഞപ്പോൾ അകത്തുള്ള ഒരു ലേഡി വന്ന് ഇന്ന സമയത്തുള്ള ആളുകൾ ക്യൂ ആയിട്ട് അകത്തേക്ക് വരാൻ പറഞ്ഞു. ആ കൂട്ടത്തിൽ ഭാര്യയും അകത്തേക്ക് പോയി. ഫോണും ബാഗും ഒന്നും കൈയിൽ കരുതാൻ പറ്റാത്തതുകൊണ്ട് അതെല്ലാം എന്നെ ഏൽപ്പിച്ചു. ഇനി തിരിച്ചെത്തുമ്പോൾ എങ്ങനെ കണ്ടുപിടിക്കുമോ എന്തോ. ആൾത്തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഞാൻ മാറിനിന്നു. നമ്മുടെ പനമ്പിള്ളിനഗർപോലെ മനോഹരമായ ടൈൽ ഒക്കെ വിരിച്ച വീതിയുള്ള നടപ്പാത. അതുവഴി എല്ലാത്തരം ആളുകളും നടക്കുന്നുണ്ട്. ഭീമാകാരനായ പട്ടിയെയുംകൊണ്ട് ഒരാൾ വരുന്നു. സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ അടുത്തേക്ക് കയ്യിൽ ഒരു ഫ്ലാസ്ക്കുമായി ഒരു ചെറുപ്പക്കാരൻ നടക്കുന്നു. അയാളുടെ ഉടുപ്പിന്റെ പോക്കറ്റ്നിറയെ വളരെ ചെറിയ പേപ്പർകപ്പുകൾ ഉണ്ട്. അതിൽ തികയുന്ന ചായ അയാൾ അഞ്ചുരൂപയ്ക്ക് വിൽക്കുന്നു. അയാൾ ധരിച്ചിരുന്ന ഉടുപ്പിന്റെ പുറകിൽ ഒരു കീറൽ ഉണ്ട്. അയാളെക്കാൾ ചെറുപ്പക്കാരനായ ഒരാൾ ചായ വാങ്ങി കുടിക്കുന്നു . എന്നിട്ട് സ്വന്തം പേഴ്സ് എടുത്ത് അയാളുടെ മുന്നിൽ നീട്ടി അതിൽ നിന്നും അഞ്ചുരൂപ എടുത്തുകൊടുത്തു. ചായ കൊടുത്ത ആളുടെ മനസ്സിലൂടെ എന്തായിരിക്കും കടന്നുപോയിട്ടുണ്ടാവുക, തന്നെക്കാൾ ചെറുപ്പക്കാരനായ ഒരാൾക്ക് ചായവിറ്റ് ജീവിക്കേണ്ട ഗതികേടിനെപ്പറ്റി അയാൾ ഓർക്കുന്നുണ്ടാവുമോ, ആ ചെറുപ്പക്കാരന്റെ കയ്യിലുള്ള പേഴ്സിലേക്ക് ഒരു നിമിഷമെങ്കിലും ഇയാൾ നോക്കിയിട്ടുണ്ടാവില്ലേ, അല്പമെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവില്ലേ. അതോ ഇങ്ങനെ അനേകായിരങ്ങളെ കണ്ടിട്ടുള്ള അയാൾക്ക് അന്നന്നത്തെ അന്നം എന്ന ഒറ്റ ലക്ഷ്യം മാത്രമേ കാണുകയുള്ളോ.

മനോഹരമായി കോൺക്രീറ്റ് വിരിച്ച ആ റോഡിൽ ഒരു ഓട്ടോക്കാരൻ വന്നിറങ്ങി, അയാളുടെ കയ്യിലുള്ള കുപ്പിയിൽനിന്നും വെള്ളമെടുത്ത് വായിലൊഴിച്ച് മുറുക്കാൻ ഉൾപ്പെടെ കുലുക്കി ചവച്ച് വെളിയിലേക്ക് തുപ്പി. പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ചെറിയൊരു പട്ടിയുമായി മറ്റൊരാൾ വരുന്നു, ആ പട്ടിയുള്ള വീട്ടിലെ വേലക്കാരൻ ആണെന്ന് തോന്നുന്നു. അയാൾ അയാളുടെ ഇഷ്ടത്തിന് തുടലുംപിടിച്ച് നടക്കുന്നു, പട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും പട്ടിക്ക് ഇഷ്ടമുള്ള സ്ഥലത്തൊന്നും അയാൾ നിർത്തിയില്ല, അതിനെ വലിച്ചിഴച്ചുകൊണ്ട് നടക്കുന്നു. കണ്ടാലൊരു ഓമനക്കുട്ടനെപ്പോലെ തോന്നുമെങ്കിലും ആ പട്ടിയും ഇവിടുത്തെ മനുഷ്യരെപ്പോലെയാണെന്ന് മനസ്സിലായി, നേരെ വന്ന് കാലു പൊക്കി അവിടെ കണ്ട ഒരു പോസ്റ്റിനു കീഴെ മൂത്രമൊഴിച്ചു, വിദേശത്തും പട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കുമോ. 
ഒരാൾ വളരെ വേഗത്തിൽ നടന്ന് അടുത്തേക്ക് വന്നു, എന്റെ കയ്യിലേക്ക് നോക്കി 'കിത്തേ വാസലെ' (അങ്ങനെയാണ് എനിക്ക് മനസ്സിലായത്) എന്ന് ചോദിച്ചു, സമയമായിരിക്കും ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു, വാച്ച് ഉയർത്തി കാണിച്ചു. സമയം നോക്കിയിട്ട് അയാൾ അതിവേഗം നടന്നു മുന്നോട്ടുപോയി. എനിക്ക് നേരെ എതിർവശത്ത് അതിമനോഹരമായ ഒരു കെട്ടിടം കാണാം. അതിന്റെ മുകളിലെ സ്വിമ്മിംഗ്പൂളിൽനിന്നും വെള്ളം ഒലിച്ചു താഴേക്ക് ഇറങ്ങുന്നതും കാണാം. പല പ്രതീക്ഷയുമായി നാടുവിടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എനിക്കുചുറ്റും, ചിലർ നല്ലൊരു ഭാവിക്കുവേണ്ടി,ചിലർ മക്കളെ കാണാൻ, ചിലർ കൊച്ചുമക്കളെ കാണാൻ. തീരെ വയ്യാത്ത ഒരു വല്യമ്മവരെ യുഎസ് വിസ ഇന്റർവ്യൂവിന് വന്നിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ ആർക്കാണ് അമേരിക്കയ്ക്ക് പോകാൻ താല്പര്യമില്ലാത്തത്. ഈ ഭൂമിയിൽ നിന്നും മായുന്നതിന് മുന്നേ എനിക്കും ഒരിക്കലെങ്കിലും പോണം. 
ആ മനോഹരമായ നടപ്പാതയും അങ്ങിങ്ങായി കുറെ ചപ്പുചവറുകളൊക്കെ വീണ് വൃത്തികേടായി കിടക്കുന്നു. മുമ്പ് മുംബൈയിലെ ഏതോ ബീച്ചിൽ സ്വയം ക്ലീനിങ്ങിന് ഇറങ്ങി മാതൃകയായ ഒരു ഡോക്ടറെപ്പറ്റി ഓർമ്മ വന്നു. ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ, ഈ പേപ്പറൊക്കെ ഒന്ന് വാരിയെടുത്ത് എങ്ങോട്ടെങ്കിലും മാറ്റിയാലോ എന്ന് ആലോചിച്ചു, പക്ഷേ അറപ്പിന്റെ മലയാളിത്തം അപ്പോൾ തന്നെ മനസ്സിൽ വന്നു തികട്ടി. വല്ലവനും ചവച്ച്തുപ്പിയ മുറുക്കാൻ നിറഞ്ഞ ഈ ചപ്പുചവറുകൾ ഞാനെന്തിന് പെറുക്കണം, ഞാൻ ഒരാൾ വിചാരിച്ചാൽ ഈ നാട് നന്നാവുമോ. നന്നായ ഏതെങ്കിലും നാട്ടിൽ പോയി രക്ഷപ്പെടുന്നതല്ലേ ഇതിലും എളുപ്പം. ഒരുപാട് പക്ഷികൾ ആ കണ്ട വലിയ ബിൽഡിങ്ങിന്റെ മുകളിലേക്ക് പറക്കുന്നുണ്ട്. ഡ്രോണുകളൊക്കെ സുലഭമായ ഈ കാലത്ത് തീവ്രവാദികൾക്ക് പക്ഷിയുടെ രൂപത്തിൽ വന്ന് ബോംബിടാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കാടുകയറി. ചൈനക്കാരൊക്കെ ഇപ്പോ അവരുടെ ലാബുകളിൽ അതുപോലത്തെ എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും എന്ന് ഞാൻ വീണ്ടും ആലോചിച്ചു. അതൊക്കെ തടുക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനുണ്ടാവുമല്ലേ. ആലോചിക്കുന്നവർക്ക് എന്തും ആലോചിക്കാമല്ലോ, നല്ലതും ദുരന്തവും. 
ധീരുഭായി അംബാനി സ്ക്വയർ എന്ന പേര് പല ആവർത്തി ഞാൻ വായിച്ചു. ആ പേരിന്റെ ഉടമ എന്നേ പരലോകം പൂകിയിരിക്കുന്നു, ഇത്ര വലിയ കെട്ടിടത്തിൽ സ്വന്തം പേരുള്ള കാര്യം ആ ആത്മാവ് അറിയുന്നുണ്ടാവുമോ, ഉണ്ടെങ്കിൽത്തന്നെ അതിൽ അഭിമാനിക്കുന്നുണ്ടാവുമോ. ജീവിതം കൊണ്ട് നേടാത്തതൊക്കെയും മനുഷ്യർ ചിലപ്പോൾ മരണശേഷം നേടുമായിരിക്കും അല്ലേ. ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. 

ഇന്നലെ ഹോട്ടലിൽ കണ്ട, ധനമന്ത്രി നിർമ്മല സീതാരാമന്റെ മുഖമുള്ള ആന്റി മുന്നിലൂടെ നടന്നുവരുന്നുണ്ട്, അവരുടെ കയ്യിലെ ഫയലിനുള്ളിൽ പാസ്പോർട്ട് ഉണ്ട്, അതിനർത്ഥം അവർക്ക് വിസ ലഭിച്ചില്ല എന്നാണ്. ഓക്കെയാണെങ്കിൽ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, പിന്നീട് വിസ ആക്കിയിട്ട് തിരിച്ചുതരും. ഓട്ടോക്കാരൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്, ട്രൈ ചെയ്തുനോക്കൂ അടുത്തതവണ എന്തായാലും വിസ കിട്ടുമെന്ന്. അപ്പോൾ അയാളെ മുറുക്കാൻ ചവച്ചുകൊണ്ട് നിൽക്കുന്ന ഒരു വിളക്ക് പോലെ എനിക്ക് തോന്നിച്ചു, ഇല്ലായ്മകളിലും സ്വയം എരിഞ്ഞുകൊണ്ട് അയാൾ പ്രകാശം പരത്തുന്നില്ലേ. 

നല്ല പൈസക്കാരനായ ഒരു അങ്കിൾ ഓട്ടോക്കാരനോട് തർക്കിച്ച് അയാൾക്ക് കൊടുക്കേണ്ടുന്ന പൈസയിൽ കുറച്ച്തുക കുറച്ചുകൊടുത്തതുപോലെ തോന്നി. മുൻപ് എന്നെ കടന്നുപോയ ഒരു ഭിക്ഷക്കാരി ആന്റി വീണ്ടും എന്റെ അടുത്തുവന്ന് കൈനീട്ടി, ഇത്തവണയും ഞാൻ ഇല്ല എന്ന് തലകുലുക്കി. പണ്ട്, ജോലികിട്ടുന്നതിനു മുൻപാണെങ്കിൽ ഞാൻ വലിയ ദാനധർമ്മിഷ്ഠനായിരുന്നു, അന്ന് കയ്യിൽ അച്ഛന്റെ പൈസ ആയിരുന്നല്ലോ. ഇന്നിപ്പോ ദാനം കുറഞ്ഞു ധർമ്മം തീരെ ഇല്ല, അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അവനവന് സുഖത്തിനായി വരേണം എന്നാണ് ഇപ്പോഴത്തെ ഒരു ആറ്റിട്യൂട്. 

ഭാര്യ വരുന്നുണ്ട്, മുഖത്ത് ടെൻഷൻ കാണാം. കയ്യിലുള്ള ഫയലിലേക്ക് നോക്കുമ്പോൾ പാസ്പോർട്ട്‌ കാണാനില്ല. അവൾ മുഖത്ത് വരുത്തിയ ടെൻഷൻ എന്നെ പറ്റിക്കാനായിരുന്നു എന്ന് മനസ്സിലായി. വിസ അപ്പ്രൂവ് ആയി.