രാവിലെ കലപില ശബ്ദംകേട്ട് എണീറ്റു. മുന്നിൽ കുറുമ്പിപ്പെണ്ണ് എന്തൊക്കെയോ തട്ടിവിടുകയാണ്. കുറേമുന്നേ എണീറ്റതാണെന്ന് തോന്നുന്നു. അധികം വൈകാതെ ബ്രേക്ഫാസ്റ്റ് വന്ന്, എല്ലാരും അതോടെ ആക്റ്റീവ് ആയി എണീറ്റു. വീണ്ടും ഇന്നലത്തെപോലെതന്നെ ആകെയൊരു കൺജഷൻ. പതുക്കെ എല്ലാരും വീണ്ടും സെറ്റായി. ഫുഡ് ഒക്കെ കഴിഞ്ഞ് കുട്ടിപ്പെണ്ണ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടം തുടങ്ങി. കുറേനേരം ആക്ഷനിലൂടെ ഞങ്ങൾ പരിചയപ്പെട്ടു, പിന്നെ പേരൊക്കെ ചോദിച്ച് കൂട്ടായി. അതിനും നാലുവയസ്സ്, കാവ്യ എന്നാണ് ആ ഹിന്ദിക്കുട്ടിയുടെ പേര്. എന്റെ കുഞ്ഞിന്റെ (സായുവിന്റെ) ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ പറയുവാ " ഇത് അവളുതന്നെ (കാവ്യതന്നെ) ആണെന്ന്. അല്പംകഴിഞ്ഞ് എന്റെയും, പിന്നെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ പയ്യന്റെയും മുടിയൊക്കെ പിടിച്ച് വലിക്കലായി അവളുടെ ഹോബി. ഇടയ്ക്ക് ആ പയ്യനെ പരിചയപ്പെട്ടു. അവൻ അഞ്ചുവർഷമായി പട്ടാളത്തിൽ ചെന്നിട്ട്. ചൊറിയന്മാരായ സീനിയർസിനെകൊണ്ട് അവന് വയ്യാണ്ടായി എന്ന് പറയുമ്പോൾ ചൊറിയന്മാരായ എന്റെ ഓഫീസർമാരുടെ കാര്യം പറഞ്ഞ് ഞാനും ദുഃഖത്തിൽ പങ്കുചേർന്നു. കാവ്യയുടെ അച്ഛനും അമ്മയും സീറ്റൊക്കെ അറേഞ്ച് ചെയ്ത് എണീക്കുന്നു, അടുത്ത സ്റ്റേഷനിൽ വേറേ ആരോ കയറാനുണ്ടെന്ന് ടി ടി പറഞ്ഞു. കാർവാർ എത്തിയപ്പോ വേറൊരു ഫാമിലികൂടെ എത്തി, എന്തൊരു കോയിൻസിഡൻസ്, അവർ ഈ കാവ്യക്കുട്ടിയുടെ ഫാമിലിയുടെ ഫ്രണ്ട്‌സ് ആണ്. പിന്നെ അവരുടെ പരസ്പരം സഹായിക്കലും കഥകളുമൊക്കെയായി ആകെ അലങ്കോലം. അതിൽ ഒരാളുടെ സീറ്റ് ഇവിടെയല്ലാതാനും, അവരുംകൂടെ ഇവിടെ ഇരുന്ന് കൺജഷന്റെ പരിധി ലങ്കിച്ചു. അവരുടെകൂടെ ഒരു കുഞ്ഞിപ്പെണ്ണുകൂടിയുണ്ട്, മൊത്തത്തിൽ ജഗപൊക. ഇതിന്റെയൊക്കെ ഇടയിൽ കുറേ തലയണകളും കമ്പിളിയും പുതപ്പും, ഹോ ഇതായിരുന്നോ ഞാൻ സങ്കല്പിച്ച രാജധാനി.
പട്ടാളക്കാരൻ പയ്യൻ ഗോഡ്സൺ, തിരുവനന്തപുരത്തിന്റെ അറ്റത്ത് തമിഴ്നാടിന്റെ ഏതോ ഭാഗത്തുനിന്നാണ് അവന്റെ വരവ്. കട്ടിമീശയും ബലിഷ്ഠമായ ദേഹവും കണ്ടപ്പോൾ മുപ്പത് വയസ്സ് തോന്നിച്ചു, പറഞ്ഞുവന്നപ്പോൾ മനസ്സിലായി ഇരുപത്തിമൂന്നുവയസ്സേ ഉള്ളെന്ന്. അവന് ഒന്ന് കിടന്നുറങ്ങണമെന്നുണ്ട്, പക്ഷേ മിഡിൽ ബർത്ത് ആണ്, പിന്നെ ഇവിടുത്തെ ജഗപൊകയും, പെട്ടിരിക്കുകയാണ്.
കുഞ്ഞുങ്ങൾ രണ്ടുപേരും ചിരിച്ചും കളിച്ചുമിരിക്കുന്നു. എന്തൊരു നിഷ്കളങ്കമായ സന്തോഷമാണ് അവരുടെ മുഖത്ത്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ഫോണിലേക്ക് ശ്രദ്ധ തുടങ്ങി. ചുറ്റും നോക്കിയപ്പോൾ മറ്റെല്ലാവരും അങ്ങനെതന്നെ. എനിക്ക് ഓഫീസിന്ന് മെസ്സേജ് വന്നു, അക്കൗണ്ട്സ് ബജറ്റിന്റെ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ഫിൽ ചെയ്ത് വേഗന്ന് മറുപടി അയക്കാൻ. സർക്കാർ ജോലിയാണെന്ന് പറഞ്ഞിട്ടും ഇതാണല്ലോ അവസ്ഥ എന്ന് ഓർത്ത് ഞാൻ ഫോണിൽ പരിപാടി തുടങ്ങി, പാവം ഗോഡ്സൺ സ്വന്തം മടിയിലേക്ക് തല കുമ്പിട്ട് ഉറങ്ങാനും. അവധികഴിഞ്ഞ് പോവുകയാണ് അവൻ, ഉത്തർപ്രദേശിലേക്ക്. അവിടെ ചെന്നുകഴിഞ്ഞാൽ ഉറങ്ങാൻപോലും പറ്റില്ലത്രേ. ഇതിന്റെയൊക്കെയിടക്ക് അവന്റെ സീനിയർസ് ഒന്നുരണ്ടുപേർ വന്ന് എന്തോപറഞ്ഞ് ചൊറിഞ്ഞിട്ടുമുണ്ട്. ട്രെയിനിൽപോലും സമാധാനമില്ല പാവത്തിന്. ഓ, ദാ, ഓഫീസിലെ ചൊറിയന്മാർ മെസ്സേജ് അയക്കുന്നുണ്ട് ഡേറ്റ കൊടുക്കാൻ പറഞ്ഞിട്ട് , എന്റെ സമാധാനവും പോയി.
കുറച്ചുകഴിഞ്ഞ് വീണ്ടും ഫുഡ് വന്നു, ഈ തിരക്കിന്റെയിടയിൽ എല്ലാരുംകൂടി കഴിക്കാൻകൂടെ തുടങ്ങി, എന്റമ്മോ ശ്വാസംമുട്ടുന്നു. മര്യാദയ്ക്ക് സാധാരണ എടുക്കുന്നപോലെ അപ്പർ ബർത്ത് എടുത്താൽമതിയാരുന്നു. അതെടുത്താൽ നിവർന്നിരിക്കാൻ പറ്റില്ല തല മുട്ടുമെന്ന് കരുതിയാണ് ലോവർ ബർത്ത് എടുത്തത്. ഇവിടെയോ, നല്ലോണം ഇരിക്കാം പക്ഷേ ഇരുന്നേടത്തുനിന്ന് അനങ്ങാൻ പറ്റില്ല, വേണേൽ മാന്യമായി പറയാം - ആസനം പെരുക്കുന്നുണ്ട്.
തിരക്കിന് പരിധിയില്ല എന്ന് തെളിയിക്കാൻ ഇടയിൽകൂടെ പലവിധ സാധനങ്ങളുമായി ഐആർസിടിസിയുടെ ആളുകളും തലങ്ങും വിലങ്ങും നടക്കുന്നു. ഒരുവിധത്തിൽ ഫുഡ് കഴിഞ്ഞ് കൈ കഴുകാൻ പോകുമ്പോൾ കാണാം വഴിയിലാകെ ദാൽ കറിയും പനീറുമൊക്കെ ചിതറിക്കിടക്കുന്നു, ഓഹ്, എനിക്കുതന്നെ ഇത്രയും അറപ്പുതോന്നുന്നെകിൽ വിദേശികൾ ഇത് കാണുമ്പോൾ എന്താകും അവസ്ഥ. ദാ സൂക്ഷംപോലെ ഒരു മദാമ്മ ഇരിക്കുന്നു. അവര് മനസ്സിൽ ഓർക്കുന്നത് 'ഓ മൈ ഗോഡ്, വാട്ട് അ മെസ്സ് ' എന്നാരിക്കുമെന്ന് തോന്നി. അപ്പൊ മനസ്സ് വീണ്ടും പറഞ്ഞു, അങ്ങനെ ആലോചിക്കാൻ വരട്ടെ മദാമ്മേ പിക്ചർ അബ് ഭി ബാക്കി ഹേ, ഈ കഴിച്ച ദാലും പനീറുമെല്ലാംകൂടെ ഇനി പലവിധ ഗ്യാസുകളായി ഈ ഏസി റൂമിനെ ഞെരിക്കാൻ പോണെയുള്ളു. അതോടെ എല്ലാം ശുഭം.
പുറത്ത് വാഷ്ബേസിനടുത്ത് ഫുഡ് വേസ്റ്റുകൾ കൂട്ടിവച്ചിട്ടുണ്ട്, എല്ലാ പാത്രത്തിലും ഫുഡ് പകുതിയും വേസ്റ്റ് ആക്കിയിരിക്കുകയാണ്. ഉള്ളവന് പകുതിയും വേണ്ട, ഇല്ലാത്തവന് ഒന്നുമില്ല.
ഫുഡ് കൊണ്ടുതന്നെ ചേട്ടൻ നല്ലപോലെ ബുദ്ധിമുട്ടുന്നതായി തോന്നി, തിരികെ വേസ്റ്റ്പാത്രം എടുക്കുന്നതും പുള്ളിതന്നെ. ദാ കുറച്ച് പാത്രം പുള്ളിയുടെ കയ്യിൽനിന്നും താഴെവീഴുന്നു. കുനിഞ്ഞിരുന്ന് ആ വേസ്റ്റ് എല്ലാം പറക്കി അയാൾ വേസ്റ്റ്ബിന്നിലിട്ടു. ആരെങ്കിലും എന്തെങ്കിലും ടിപ്പ് ഒക്കെ കൊടുക്കുന്നുണ്ടാവുമോ പുള്ളിക്ക്. എന്തായാലും ഒരു അൻപത്‌രൂപ നീട്ടി. അദ്ദേഹം നന്ദി പറഞ്ഞില്ല പക്ഷേ ആ രൂപയെടുത്ത് സ്വന്തം നെറ്റിയിൽവച്ച് പ്രാർത്ഥിച്ച് പോക്കറ്റിലിട്ടു. പൈസയോടുള്ള ആ ബഹുമാനം, എത്ര മനോഹരമായ അംഗവിക്ഷേപം. മനസ്സുനിറഞ്ഞു. അദ്ദേഹം പതിനഞ്ചുകൊല്ലമായി മാറിയും തിരിഞ്ഞും രാജധാനിയിൽത്തന്നെ പണിയെടുക്കുന്നു, ഹമ്മോ ഒരുതരത്തിലെ കാരാഗൃഹവാസംതന്നെയല്ലേ ഇത്, ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ. ആളുകൾ എന്തെല്ലാം പണിയെടുത്ത് ജീവിക്കുന്നു,
ഇൻ ദി എൻഡ് - അന്നംതന്നെ ഉന്നം.
തൽകാലം ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഗ്യാസ്ചേമ്പറിലേക്ക് നടന്നു. യെസ്, എന്റെ ഊഹം വളരെ ശരിയായിരുന്നു, ഐ ആം ട്രാപ്പ്ഡ്..
കഥയിലൊരു ചെറിയ ട്വിസ്റ്റ് ഉണ്ട്. അടുത്തദിവസം ഉച്ചയായി. ട്രെയിൻ ഇന്ന് അതിന്റെ ലാസ്റ്റ് സ്റ്റോപ്പായ ഡൽഹിയിലെത്തും. ഇന്നലെ ഞാൻ പറഞ്ഞ, ഫുഡ് ഒക്കെ കൊണ്ടുതന്നെ അണ്ണൻ ഇന്നിതാ എല്ലാവരുടെയും അടുത്ത് വന്ന് ടിപ്പ് ചോദിച്ചുവാങ്ങുന്നു. ഒരാൾ ഇരുപതുരൂപ കൊടുത്തപ്പോൾ അത് പോര എന്നുപറഞ്ഞ് പിന്നെയും നിൽക്കുന്നു. ഇന്നലെ തോന്നിയ ബഹുമാനമൊക്കെ ഞാനിങ്ങ് തിരിച്ചെടുക്കുവാ ചേട്ടാ, അദ്ദേഹം വീണ്ടും അയാൾ ആയി. പിന്നാലെ അടുത്ത ആളും വന്നു, ബെഡ്ഷീറ്റുകൾ തന്ന ആൾ, അയാളും ആളുകളെ തിരഞ്ഞുപിടിച്ച് ഭിക്ഷയെടുത്തു. മനസ്സറിഞ്ഞുകൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതുംതമ്മിൽ എന്തൊരു വ്യത്യാസം. ഇനിയിപ്പോ അടുത്തവണ ഇതുപോലെയുള്ളവർക്ക് മനസ്സറിഞ്ഞുകൊടുക്കാനും മടിക്കും, അർഹതയോടെ കിട്ടേണ്ട ആളുകൾക്ക് അങ്ങനെ കിട്ടാതെയുമാകും.
I was also there in the same compartment. You look like Kalidas Jayaram ❤️
ReplyDelete🤣nanniyund koottukaaraa, @ anonymous bibin thomas
Delete