Tuesday, 29 October 2024

കുരങ്ങത്വം

കുറച്ച് കുരങ്ങന്മാർ കൂടിയിരിക്കുകയായിരുന്നു. അതിൽ ഒരുത്തനെ എല്ലാവരും ബഹുമാനിക്കുന്നു,അവന് വേണ്ടതൊക്കെ കൊണ്ട് കൊടുക്കുന്നു,അവനെ സേവിക്കുന്നു. കൂട്ടത്തിൽ എല്ലാവരുടെയും തല്ലുകൊള്ളാനും ഒരു കുരങ്ങൻ ഉണ്ടായിരുന്നു. അവൻ എന്തൊക്കെ ചെയ്താലും കുരങ്ങന്മാർ അവനെ അവജ്ഞയോടെ നോക്കി. ഇതെങ്ങനെ ഒന്ന് അവസാനിപ്പിക്കുമെന്ന് അവൻ തലപുകഞ്ഞാലോചിച്ചു. ഒരു ദിവസം അതിരാവിലെ അവൻ കുളിച്ചുവന്ന് മണ്ണിൽ കിടന്നുരുണ്ട് തലകുത്തി നിന്നു. മറ്റു കുരങ്ങന്മാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവർക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. കൗതുകം നിറഞ്ഞ് അടുത്ത് കൂടിയ കുരങ്ങന്മാരോട് അവൻ പറഞ്ഞു " ഞാനൊരു സ്വപ്നം കണ്ടു.എല്ലാം നശിക്കാറായി. ഞാൻ ചെയ്യുന്നതുപോലെയൊക്കെ ചെയ്താൽ നിങ്ങൾക്കും രക്ഷപ്പെടാം". മണ്ടന്മാരായ ബാക്കി കുരങ്ങന്മാരെല്ലാം അവനെ വിശ്വസിച്ചു. അവൻ ചെയ്യുന്നതുപോലെയൊക്കെ അവരും ചെയ്തു. അങ്ങനെ അവർ ഒരു കൾട്ട് ആയി, ഒരേ രീതിയിൽ ചിന്തിച്ച് ഒരേ രീതിയിൽ ജീവിച്ച അവരുടെ നേതാവായി ഈ കുരങ്ങൻ. ഈ കൂട്ടത്തിലെ മറ്റൊരു കുരങ്ങനും നേതാവാകണമെന്ന് തോന്നി. അവൻ കുറച്ച് ദൂരെയുള്ള കാട്ടിൽ പോയി ഈ കുരങ്ങൻ ചെയ്തതുപോലെതന്നെ അവന്റേതായ രീതിയിൽ ചെയ്തു. അവനും അനുയായികൾ ഉണ്ടായി. അങ്ങനെ അങ്ങനെ പല മതങ്ങൾ ഉണ്ടായി. പ്രവൃത്തിയിൽ മാത്രം വിശ്വസിച്ചിരുന്ന, സ്വന്തം കഴിവുകൊണ്ട് ബഹുമാനിക്കപ്പെട്ട ആദ്യത്തെ കുരങ്ങ്നേതാവ്, ആരാലും ഗൗനിക്കപ്പെടാതെ ഇല്ലാതെയായി. അന്ന് കുരങ്ങത്വം ചത്തു, മനുഷ്യത്വം ജനിച്ചു. 

Monday, 28 October 2024

കാറ്റിന്റെ തലോടൽ

പിന്നിലെ എക്സ്ട്രാ ബാലൻസ്‌വീൽ ഇല്ലാതെ കുഞ്ഞിസൈക്കിൾ ചവിട്ടി മുന്നോട്ട് വരുമ്പോൾ അവന്റെ കണ്ണുകളിൽ വിജയത്തിന്റെ തിളക്കം. ചേട്ടന്മാരെ എത്തിപ്പിടിക്കാനുള്ള ആവേശമാണ് ഇപ്പൊ. കഴിഞ്ഞ ആഴ്ച്ചവരെ പിന്നിലെ രണ്ട് എക്സ്ട്രാ ടയർ ന്റെ ബലത്തിലായിരുന്നു അവന്റെ സൈക്കിൾ യജ്ഞം. കണ്മുന്നിലൂടെ പാഞ്ഞുപോകുന്ന ആ മൂന്ന് കുട്ടികൾക്ക് മൂന്ന് സൈക്കിൾ ഉണ്ട്. 
മനസ്സിലൂടെ പാഞ്ഞ ഓർമ്മകളിൽ ഒരു സൈക്കിളിനുവേണ്ടി ഊഴംകാത്ത് മത്സരിച്ച കുഞ്ഞുനാൾ ഓടിവന്നു. അന്ന് ആകെ ഉള്ളത് 2 സൈക്കിൾ. ഒന്ന് വീട്ടിലും, ഒന്ന് അപ്പുറത്തെ വീട്ടിലെ ടോണിയ്ക്കും. ചുറ്റുവട്ടത്തുള്ള എല്ലാരൂടെ ആകുമ്പോൾ ആകെ 2 സൈക്കിളും ആറോ എഴോ ആളും. ഏറ്റവും വലിയ കേറ്റത്തിന്റെ ഉച്ചിയിൽവരെ ചെല്ലുന്നതാണ് ടാസ്ക്. അത് കയറി തുടങ്ങണേൽ അങ്ങ് ദൂരേന്ന് പരമാവധി സ്പീഡിൽ പാഞ്ഞുവരണം, എന്നാലും കേറ്റം തുടങ്ങുമ്പഴേക്ക് തളരും, പിന്നെ എണീറ്റ്നിന്ന് സകലശക്തിയുമെടുത്ത് ചവിട്ടിവേണം മോളിൽവരെ എത്താൻ. ചിലപ്പോ ഇറങ്ങി ഉന്തണ്ടിവരും. എത്രയൊക്കെ കഷ്ടപ്പാട് സഹിച്ചാലും എല്ലാരും മോളിൽവരെ എത്തിക്കും. എന്നിട്ട് എവെറസ്റ്റ് കീഴടക്കിയപോലെ ചുറ്റുമൊന്ന് നോക്കും. പിന്നെയാണ് ഏറ്റവും കാത്തിരുന്ന നിമിഷം. സൈക്കിളിൽ കയറി ഇരുന്ന് താഴേക്കൊന്ന് നോക്കും. പേടിയോടെ ആണെങ്കിലും ബ്രേക്ക് വിടും. പിന്നെ കാറ്റിനേക്കാൾ വേഗതയിൽ താഴോട്ട്. സൈക്കിൾ തിരികെ അടുത്ത ആൾക്ക് ഏൽപ്പിക്കുമ്പോളും ആ അനുഭവത്തിന്റെ മോഹാലസ്യത്തിൽനിന്ന് മോചിതനായിട്ടുണ്ടാവില്ല. ഒന്നുകൂടെ ഒന്നുകൂടെ എന്ന് മനസ്സ് മന്ത്രിക്കുമ്പോൾ വീണ്ടും ഊഴംകാത്ത് നിൽക്കയാവും ശരീരം. BSA യുടെ ആ കറുപ്പ് സൈക്കിൾ - ദേഹത്ത് എണ്ണയിട്ട്, റിമ്മിൽ മുത്തുകളൊക്കെ പിടിപ്പിച്ച്, മുന്നിലൊരു കാറ്റാടിയും കെട്ടിവച്ച്, ജാഡയോടെ അടുത്തുവരുന്നത് എത്രതവണ മോഹത്തോടെ കാത്തുനിന്നു. എത്രതവണ പഞ്ചർ ആയാലും ഉന്തിത്തള്ളി പാക്കരൻചേട്ടന്റെ കടയിൽ കൊണ്ടുപോയി ശരിയാക്കുന്നതും, ടയർ കല്ലുപോലെ ആകുന്നതുവരെ കാറ്റുനിറച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞപോലെ. ഇപ്പോൾ ആ കാറ്റ് വീണ്ടുമൊന്ന് തട്ടി മൂളിപ്പാഞ്ഞ് പോയോ. 

Thursday, 24 October 2024

വേരുകൾ

ദൂരെദൂരെ ജോലി തുടങ്ങിയിട്ട് വർഷം കുറച്ചായി. മനസ്സ് വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു. ചിന്തകളിൽ നിന്നൊരു മോചനത്തിനുവേണ്ടി ഒന്ന് നടക്കാമെന്ന് കരുതി. കണ്ണെത്തുന്നിടത്ത് മനസ്സെത്താത്ത രീതിയിൽ പലയിടത്തും അലഞ്ഞു. എതിരെയും കുറുകെയുമൊക്കെ നടക്കുന്ന ആളുകളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ചിന്തിച്ചു, അവരുടെ കണ്ണിലൂടെ മറ്റുള്ളവരെ വിലയിരുത്താൻ നോക്കി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. പെട്ടെന്ന് കണ്ണും മനസ്സും ബോധം വീണ്ടെടുത്ത് ഒന്നിച്ചതുപോലെ. മുന്നിൽ കണ്ട വണ്ടിയിലെ KL 03 യിൽ തുടങ്ങുന്ന നമ്പർപ്ലേറ്റിലേക്ക് ശ്രദ്ധ തിരിഞ്ഞു. അത്രയും നേരത്തെ ആത്മസംഘർഷങ്ങൾ അലിഞ്ഞ് ഇല്ലാതെയായി. സിനിമയിൽ പറഞ്ഞ വരികളാണ് മനസ്സിൽ തെളിഞ്ഞത്. ട്രാവൽ, ട്രാവൽ എ ലോട്ട്, ബട്ട്‌ സംടൈംസ് ട്രാവൽ ബാക്ക് ടു യുവർ റൂട്ട്സ്. അതെ, വല്ലപ്പോഴുമൊക്കെ മടങ്ങണം, നമ്മുടെ വേരുകളിലേക്ക്, നമുക്ക് വേണ്ടെങ്കിലും നമ്മളെ കാത്തിരിക്കുന്ന നമ്മുടെ നാട്ടിലേക്ക്. 

Wednesday, 23 October 2024

മിസ്റ്ററി

എപ്പഴെങ്കിലും സ്പീഡ്പോസ്റ്റ്‌ പാർസൽ ട്രാക്ക് ചെയ്ത് നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ അവസരം കിട്ടുമ്പോ വെറുതേ ഒന്ന് നോക്കണം. ഒറ്റ പേജിൽ തെളിയുന്ന വിസ്മയം കാണാം. ഓരോ പോസ്റ്റോഫീസുകൾ കയറിയിറങ്ങി, പല കൈകളിലൂടെ കറങ്ങിത്തിരിഞ്ഞ്, പല സമയ ദിവസ സൂചികകൾ താണ്ടി നമ്മെ തേടി എത്തുന്ന പാർസൽ, അതൊരു ചെറിയ അത്ഭുദംതന്നെ അല്ലേ. അത് വിവിധ പോസ്റ്റോഫീസുകളിൽ മാർക്ക് ചെയ്ത ആ സമയങ്ങളിലൊന്നും നമ്മൾ അതിനെ ഓർക്കുന്നേയില്ല, പക്ഷെ നമ്മളെ ഓർത്തുകൊണ്ട് പല ആളുകളിലൂടെ, പല ദേശങ്ങളിലൂടെ, പലതരം വാഹനങ്ങളിലൂടെ, അത് ചലിച്ചുകൊണ്ടേയിരിക്കുന്നു, നമ്മൾ ഉറങ്ങുമ്പോൾപോലും. മറ്റൊരു മനുഷ്യനിർമ്മിത മിസ്റ്ററി.

Tuesday, 22 October 2024

സ്പ്ലെൻഡർ

തോള്ചെന്ന് ഡെസ്ക്കിൽ ഒറ്റയിടി. കയ്യിൽ നിന്നും കുടുകുടാ ചോര ഒഴുകുന്നു. ചുറ്റും ആൾക്കൂട്ടം, ബഹളം. ആകെ ഒരു മങ്ങൽ. ടീച്ചറും ആയയുംകൂടെ വേഗം ജീപ്പിൽ കയറ്റുന്നു, ആശുപത്രി, നേഴ്സുമാർ,കയ്യിൽ കെട്ട്, ചിന്തിച്ചു തീരുന്നതിനുമുന്നേ ഇതെല്ലാം കഴിഞ്ഞു. 
 9 മണിക്കാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും ഏഴരമണിക്ക് സ്കൂളിൽ എത്തും. പിന്നെ ഓട്ടവും ചാട്ടവും ആണ്, അതും ജീപ്പിൽ ഒപ്പമുള്ള വലിയ ചേട്ടന്മാരുടെ കൂടെ. അങ്ങനെ ഒരു ഓട്ടത്തിനിടയ്ക്കാണ് സംഭവം. അവസാനത്തെ വരിയിൽ ഡെസ്ക് മാത്രമേ ഉള്ളൂ എന്ന് കണ്ടില്ല. ഓട്ടത്തിനിടയ്ക്ക് ചെന്ന് ഇടിക്കുമ്പോൾ എനിക്കും ഡെസ്കിനും ഒരേ ഉയരമാണെന്നും ശ്രദ്ധിച്ചില്ല. രണ്ടുപേരും വീണു.ഡെസ്ക്ക് എന്നെ പിടിക്കാൻ നോക്കിയതാണോ ഞാൻ ഡെസ്കിനെ പിടിക്കാൻ നോക്കിയതാണോ എന്ന് മനസ്സിലാകാത്ത രീതിയിൽ ദാ താഴെ. കൈയുടെ രണ്ട് വിരൽ ഡെസ്കിന് അടിയിൽ. ആരൊക്കെയോ വന്ന് ഡെസ്ക് പൊക്കി എടുക്കുമ്പോഴേക്കും ചോര ഒഴുകി തുടങ്ങിയിരുന്നു. കരഞ്ഞുവിളിക്കുന്നതിനിടയ്ക്ക് ആൾക്കൂട്ടത്തെ കണ്ടു. കൂട്ടത്തിൽ ചേട്ടനും ഉണ്ട്. നോക്കുമ്പോൾ എന്നെക്കാൾ വലിയവായിൽ അയാൾ നിന്ന് കരയുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഇതിന്റെ പഴികൂടെ കിട്ടുമോ എന്ന് കരുതിയിട്ടാണോ എന്ന് ഞാൻ സംശയിച്ചു. ആ ഒരു കൺഫ്യൂഷനിൽ എന്റെ കരച്ചിൽ നിന്നു. 
അന്നാണോ അതിന്റെ തലേന്നാണോ എന്ന് ഓർമയില്ല, അതേ ക്ലാസ്സിന്റെ ഉത്തരത്തിൽ ഒരു മൂങ്ങ തുറിച്ചുനോക്കി ഇരിപ്പുണ്ടാരുന്നു. ആ ഭീകരമായ കണ്ണുകൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകാണാം.

 ആശുപത്രിയിൽ നിന്നും നേരെ വീട്ടിലേക്ക് പോകും വഴി പ്രാർത്ഥിച്ചു " ദൈവമേ അച്ഛൻ തല്ലല്ലേ". വീട്ടിലെത്തി അമ്മയുടെ വക ആശംസകൾ ഏറ്റുവാങ്ങുന്നതിനിടയിൽ അച്ഛൻ വന്നുകേറി, കാലിൽ എന്തോ കെട്ടൊക്കെ ഉണ്ട്. ഒത്തി ഒത്തിയാണ് നടക്കുന്നത്. സ്പ്ലെൻഡറിന്റെ സൈലൻസറിൽ കൊണ്ട് കാല് പൊള്ളിയത്രെ, പാവം. രണ്ട് അപകടം ഒരേ ദിവസം ഒരേ വീട്ടിൽ. അതോടെ എന്റെ ഒറ്റപ്പെടൽ മാറി.

അന്ന് സ്പ്ലെൻഡർ രക്ഷിച്ചു. വിരലിന്റെ കെട്ടൊക്കെ അഴിച്ചെങ്കിലും കുറെ നാൾ കൈ പൊക്കിപ്പിടിച്ച്തന്നെ നടന്നു, സ്വയം ഒരു ഓർമ്മപ്പെടുത്തലിനുവേണ്ടി ആവണം.
 25 വർഷങ്ങൾക്കിപ്പുറം, ഇന്നും കൂടെയുള്ള ആ സ്പ്ലെൻഡർ അച്ഛന്റെ കാലിലെ പാട് കാണുമ്പോൾ ചിരിക്കും, അത് കാണുമ്പോൾ എന്റെ വിരലുകളിലെ രണ്ട് തൊപ്പികൾ സ്പ്ലെൻഡറിനെ നോക്കി കണ്ണിറുക്കി ചിരിക്കും.

Monday, 21 October 2024

സംശയം

ഓഫീസിലേക്കുള്ള ഓട്ടത്തിനിടെ ഒരു മിന്നായം പോലെ കണ്ടു, ചില്ലുകൂട്ടിലിരുന്നു ചിരിക്കുന്ന സ്വീറ്റ്ന, സ്വീറ്റ് പഫ്സ് എന്നു ചിലർ പറയും. ആ ഒരു സ്പ്ലിറ്റ് സെക്കന്റിൽ മനസ്സിലൂടെ കടന്നുപോയത് ഒരു 21 കൊല്ലം മുൻപത്തെ ആകാശ് ബേക്കറി. ഞായറാഴ്ചകളിൽ ഉണ്ടായിരുന്ന കോച്ചിംഗ് ക്ലാസ്സിന്റെ ഇടവേളയിൽ പാഞ്ഞുചെന്ന് വാങ്ങിയിരുന്ന സ്വീറ്റ്നയും സിപ്പപ്പും, വല്ലപ്പോഴും വാങ്ങിയിരുന്ന ഒരു ബബിൾഗവും, അതിന്റെ ഉള്ളിലെ സ്റ്റിക്കറും, ആ സ്റ്റിക്കർ ഒട്ടിച്ച കൈത്തണ്ടയും, എല്ലാം കൂടി ചേർന്ന് ആകെയൊരു നൊസ്റ്റുമയം. ഇത്രയും ഓർക്കാൻ എടുത്ത സ്പ്ലിറ്റ് സെക്കന്റിന്റെ പകുതിയെ എടുത്തുള്ളോ അന്നിൽനിന്ന് ഇന്നിലേക്ക് എത്താൻ എന്നൊരു സംശയം.

Saturday, 19 October 2024

അത്യത്ഭുദം

കാർ വഴിയരികിൽ നിർത്തിയിട്ട് ഉള്ളിൽത്തന്നെ പാട്ടുംകേട്ട് ഇരിക്കുമ്പോൾ ഒരു മുഖം വളരെ പതിയെ അടുത്ത് വന്നു. വണ്ടി മുഴുവൻ ആൾ ശ്രദ്ധിച്ചൊന്നുനോക്കി, ഉള്ളിൽ ആളുണ്ടെന്ന് അറിയാതെ, വണ്ടിയുടെ വെളിയിൽ ഒട്ടിച്ച സ്റ്റിക്കറൊക്കെ ആകെയൊന്ന് നോക്കി. ഒരു കൊച്ചുകുട്ടിയുടെ കൗതുകം നിറഞ്ഞ ആ മുഖത്ത് ചുളിവുകളും കണ്ണുകളിൽ മങ്ങലും മുടിയിഴകളിൽ നരയും ഒരുപാടുണ്ടായിരുന്നു. അമ്മയുടെ വാത്സല്യത്തോടെ അദ്ദേഹത്തിന്റെ കൈ വലിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയ ആളും സ്ലോ മോഷൻ പോലെ തോന്നി. എന്നോ അപരിചിതരായ കുട്ടികളായിരുന്ന അവർ ഏതോ ധ്രുവങ്ങളിൽ വേഗതയുടെ പല പടവുകൾ താണ്ടി, എവിടെയോവച്ച് കണ്ടുമുട്ടി, ഭാര്യാഭർത്താക്കന്മാരായി, പിന്നെ അച്ഛനും അമ്മയുമായി, ഓടിയോടി ഇന്നിതാ അപ്പൂപ്പനും അമ്മൂമ്മയുമായി, അവരുടെ ആരുമല്ലാത്ത എന്റെ മുന്നിലൂടെ, ആമയുടെ വേഗതയിൽ നടന്നകലുന്നു. 10 മിനിറ്റെടുത്ത് 20 മീറ്റർ ദൂരം അവർ താണ്ടുമ്പോഴേക്ക് ഒരു അത്ഭുദത്തെപ്പറ്റി അറിയാതെ ഓർത്തുപോയി. ഒന്ന് തിരിയാൻപോലും പറ്റാത്ത അവസ്ഥയിൽനിന്ന് പതിയെ കമിഴ്ന്നുവീണ്, മുട്ടിലിഴഞ്ഞ്, പിടിച്ചെണീറ്റ്, നടന്ന്, ഓടി, കുറേക്കഴിയുമ്പോൾ ഇതേ പ്രക്രിയകൾ എതിർദിശയിൽ ആവർത്തിക്കുന്ന ജീവിതച്ചക്രമെന്ന അത്യത്ഭുദത്തെപ്പറ്റി.

Friday, 18 October 2024

സമാധാനം

അവൾ ഭയങ്കരമായ ഓട്ടത്തിലായിരുന്നു. 10 മിനുട്ട്കൂടിയേ ഉള്ളു കുഞ്ഞിന്റെ സ്കൂൾവണ്ടി വരാൻ. പാത്രങ്ങൾ നാലുപാടും ചിതറി തെറിക്കുന്നു, കുപ്പിയിൽ വെള്ളം നിറയുന്നു, കുഞ്ഞിന്റെ മുടി ചീകി ഒതുക്കുന്നു, പ്രിൻസസ്സ് ഡ്രസ്സ്‌ വേണമെന്ന്പറഞ്ഞ് വാശിപിടിക്കുന്ന കുഞ്ഞിനെ നുള്ളുന്നു, കരഞ്ഞപ്പോ ഉടനെ സമാധാനിപ്പിക്കുന്നു, മിക്സിയിൽനിന്ന് മോര് ഭിത്തിയിലേക്ക് തെറിക്കുന്നു, ആകെ ജഗപൊക. ഇതിന്റെയെല്ലാം ഇടയിൽ ഞാൻ സ്റ്റക്കായിനിന്നപോലെ തോന്നി. എങ്കിൽ ഞാൻ ഇറങ്ങുന്നു എന്നുപറഞ്ഞ് വൈകാതെ ഞാൻ അവിടുന്ന് മുങ്ങി. ടാറ്റാ പറയാനുള്ള സമയമെങ്കിലുമുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവളൊന്ന് ദേഷ്യപ്പെട്ട് നോക്കുവെങ്കിലും ചെയ്തേനെ. 

ഓഫീസിൽ എത്തി ഒരു 11 മണി ആയപ്പോൾ അവൾ തന്നുവിട്ട സ്നാക്ക്സ് കഴിക്കാൻ പാത്രം തുറന്നു. അസ്സൽ പാകമായ രീതിയിൽ കൃത്യമായി നനച്ച അവൽ, അതിൽ നിറയെ നുറുക്കിയ പഴം, രുചിയോടെ വായിൽ വെക്കുമ്പോൾ ഇടയ്ക്ക് വീണ്ടും മധുരമുള്ള കുഞ്ഞുസർപ്രൈസ്, കൽക്കണ്ടം. രാവിലത്തെ രക്ഷയില്ലാത്ത പാച്ചിലിനിടയിലും ഇത്രയും കരുതലോടെ കാര്യങ്ങൾ ചെയ്ത അവളുടെ കഴിവിനേം സ്നേഹത്തേം നമിച്ചുകൊണ്ട് കൊതിയോടെ മുഴുവൻ കഴിച്ചുതീർത്തു, നാളെയും ഓടാൻ അവളുണ്ടല്ലോ എന്ന സമാധാനത്തോടെ. 

Thursday, 17 October 2024

മാറ്റം

മൂന്നുനാല് കൊല്ലമായി നടക്കുന്ന സ്ഥിരം വഴിയിലൂടെ 20 ദിവസത്തെ റെസ്റ്റിന് ശേഷം വീണ്ടും നടന്നു. മുന്നത്തെ പരിചയമൊന്നും വഴി ഇന്ന് ഭാവിച്ചില്ല. പല കാഴ്ചകളും പുതിയതായി തോന്നി. വണ്ടിയിറങ്ങി നടക്കാൻ തുടങ്ങുന്ന സ്ഥലത്ത് കോളേജിന്റെ വലിയ ഗ്രൗണ്ട് തുടങ്ങും. അതിനെ ചുറ്റിയുള്ള വലിയ മതില്ചേർന്നാണ് എപ്പോഴും നടപ്പ്. ഒരു വശം കടന്ന് അടുത്ത വശം എത്തിയപ്പോൾ മതിൽ കുറച്ച് ഇടിഞ്ഞിട്ടുണ്ട്. ഒരു ഫുട്ബോൾ മൂളിപ്പാഞ്ഞ് പോകുന്നത് കണ്ടു. ഇത്രകാലം നടന്നിട്ടും, മതിലിന്റെ ഈ ഭാഗവും അതേ ഗ്രൗണ്ടിനെത്തന്നെയാണെന്ന് ചുറ്റുന്നതെന്ന് ചിന്തിച്ചിട്ടേയില്ല. ഇത്ര ശ്രദ്ധയില്ലായ്മയോ എന്ന് അത്ഭുദപ്പെട്ടുപോയി.

ഇടിഞ്ഞുപൊളിഞ്ഞ റോഡ് ദാ പുതിയ ടൈൽ ഒക്കെ പുതച്ച് തിളങ്ങിനിൽക്കുന്നു. എപ്പോഴും ഒന്നിച്ച് കാണാറുള്ള,എതിരേ നടന്നുവരാറുള്ള രണ്ട് ആന്റിമാരിൽ ഒരാളെ ഉള്ളു ഇന്ന്, മറ്റെയാൾ എവിടെ? 
ബോട്ടുയാത്രയിൽ സ്ഥിരം കാണുന്ന ആളുകളിലുമുണ്ട് മാറ്റങ്ങൾ, സ്ഥിരമായി സൈക്കിൾ ബോട്ടിനകത്ത് കയറ്റുന്ന അപ്പൂപ്പന് ഇന്ന് സൈക്കിളില്ല, ചവിട്ടാൻ വയ്യാതെയായിക്കാണും, നിസ്സംഗതയുടെ മുഖമുള്ള പെൺകുട്ടി സീമന്തരേഖയിൽ സിന്ദൂരം വരച്ചിരിക്കുന്നു,ദാ ഒരു കല്യാണവും കഴിഞ്ഞിരിക്കുന്നു. പൊതുവേ ഒറ്റയക്കത്തിന്റെ പാറ്റേൺ പാലിച്ച് പറന്നിരുന്ന കൊക്കുകൾപോലും ഇന്ന് അത് തെറ്റിച്ചിരിക്കുന്നു, ഇന്ന് 10 പേരുടെ കൂട്ടമായാണ് അവർ പറക്കുന്നത്. വീണ്ടും അത്ഭുദം. 

 തീരെ വ്യത്യാസമൊന്നുമില്ലാത്ത ഒരേയൊരാളെ കണ്ടെത്തി. ഇന്ത്യൻ കോഫി ഹൗസിന്റെ മുന്നിലെ വഴിയിലിരിക്കുന്ന വൃദ്ധയായ ഭിക്ഷക്കാരി. പൂച്ചക്കണ്ണും കോങ്കണ്ണും ഒരുമിച്ച് ചേർന്ന അവരുടെ ഏത് കണ്ണ് വച്ചാണ് അവർ നോക്കുന്നതെന്ന് മനസ്സിലാകുന്നതേയില്ല. മുന്നത്തെ അതേ വേഷം,അതേ യാചന, ഒന്നിനും മാറ്റമില്ല. കഴിഞ്ഞുപോയ 20 ദിവസങ്ങളിലും അതിനു മുൻപുള്ള എത്രയോ ദിവസങ്ങളിലും അവർ ഇങ്ങനെതന്നെ ഇരുന്നിട്ടുണ്ടാവും എന്ന് ഓർത്തുപോയി. ഇനിയും ഒരുപക്ഷേ വർഷങ്ങൾക്കുശേഷം അവിടെത്തന്നെയിരുന്ന് അവർ മരിച്ചുപോകുമെന്നുവരെ അറിയാതെ കണക്കുകൂട്ടി. അവരെപ്പോലെ മാറ്റമൊന്നുമില്ലാതെയാണോ എന്ന് സ്വയം കൂട്ടലും കിഴിക്കലുമായി നടക്കുംതോറും ദൂരം കൂടിക്കൂടി വരുന്നതുപോലെ തോന്നി. കാലിന് താഴെ വേരുകൾ ചേർന്ന് തറയിലേക്ക് ആഞ്ഞ് വലിക്കുന്നത് പോലെ. 20 ദിവസംകൊണ്ട് എത്രയോ യൗവനജീനുകൾ നശിച്ച് വൃദ്ധജീനുകൾ നിറഞ്ഞിട്ടുണ്ടാവും കാലുകളിൽ. മാറ്റമില്ലാത്തതായി ഒന്നുമില്ല.

Wednesday, 16 October 2024

കണ്ടോളൻസസ്

അവധി ദിവസം വിശേഷങ്ങളൊക്കെ അറിയാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ ദേഷ്യക്കാരൻ ആയ ആ ഓഫീസറുടെ ഫോട്ടോയും അതിൽ ഒരു പൂമാലയും ചാർത്തിയിരിക്കുന്ന പടം അദ്ദേഹത്തിന്റെ തന്നെ നമ്പറിൽ നിന്നും കാണുന്നു. തലേന്ന് കേട്ട വഴക്കിന്റെ കനം ഒക്കെ പെട്ടെന്ന് മറന്നു. ഇത്ര പെട്ടെന്ന് അയാൾ തീർന്നു പോകുമെന്ന് കരുതിയതല്ല. ഉടൻ തന്നെ ആ സ്റ്റാറ്റസിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. പിന്നെ ആദ്യം ഒരു ഞെട്ടലും കണ്ടോളൻസസുകളുടെ നീണ്ട നിരയുമായിരുന്നു. അയാളെ വെറുത്തിരുന്ന എല്ലാവരും പെട്ടെന്നുതന്നെ ദുഃഖാർത്ഥരായി മാറിയതായി തോന്നി. അല്ലെങ്കിലും മരണശേഷം എന്ത് വെറുപ്പ്. ഓഫീസിന് തീരാത്ത നഷ്ടമെന്നും ഉറ്റ സ്നേഹിതനെന്നും ഒക്കെ ചിലർ വച്ച് കാച്ചി. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കണ്ടോളൻസസ് മെസ്സേജുകൾ അന്നത്തെ ദിവസം ആ ഗ്രൂപ്പിനെ ഞെരിച്ചു. ഒടുവിൽ ഒരു വണ്ടിയൊക്കെ അറേഞ്ച് ചെയ്ത് നാലഞ്ച് ആളുകൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എത്തുമ്പോൾ ആളുമില്ല അനക്കവുമില്ല. അയാളുടെ ഭാര്യയും ചെറുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആശ്ചര്യത്തോടെ എങ്കിലും, അല്പം ദുഃഖം അഭിനയിച്ചുകൊണ്ട് ഭാര്യയെ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോഴാണ് അവർ പറയുന്നത് " അയ്യോ നിങ്ങളൊക്കെ വരുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ,ഞാനിപ്പോൾ വിളിക്കാം, അദ്ദേഹം ചേട്ടന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്". എല്ലാവരും മുഖത്തോട് മുഖം നോക്കി. ചുറ്റും നോക്കിയപ്പോൾ അതേ മാലയിട്ട ഫോട്ടോ അവിടെ ഒരു മേശപ്പുറത്ത് കണ്ടു. തൊട്ടപ്പുറത്ത് ദൈവത്തിന്റെ പടവും. ഇടയ്ക്ക് ചെറുമകൻ വന്ന് ഈ മാലയെടുത്ത് ദൈവത്തിന്റെ ഫോട്ടോയിൽ തൂക്കി, അല്പം കഴിഞ്ഞപ്പോൾ തിരിച്ച് ഈ ഫോട്ടോയിലും തൂക്കി. ഇതാവർത്തിക്കുന്നതിനിടയിൽ പല ആംഗിളിൽ ഉള്ള ഫോട്ടോ എടുക്കുന്നതും കണ്ടു, അവന്റെ കയ്യിൽ അയാളുടെ ഫോൺ ഉണ്ടായിരുന്നു. വെറുതെ വന്നതാണെന്ന് ന്യായം പറഞ്ഞ് എല്ലാവരും ഇറങ്ങി. അപ്പോഴേക്കും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കണ്ടോളൻസസ് മെസ്സേജുകൾക്ക് ഡിലീറ്റ് ഫോർ എവരി വൺ കിട്ടിത്തുടങ്ങിയിരുന്നു.

Tuesday, 15 October 2024

അതുതാനല്ലയോ ഇത്

ഒരു വീട്ടിൽ രണ്ട് പട്ടിക്കുട്ടികൾ ഉണ്ടായിരുന്നു. രണ്ടും കാണാൻ ഏകദേശം ഒരു പോലെ ആയിരുന്നു. ഇതിന്റെ രണ്ടിന്റെയും പ്രധാന പണി എന്നു പറയുന്നത് രാവിലെ മുതൽ വൈകിട്ട് വരെ കളിച്ചു നടക്കുകയായിരുന്നു. വൈകിട്ട് ആകുമ്പോഴേക്ക് കളിച്ച്തളർന്ന് വീടിന്റെ മുന്നിൽ ഇങ്ങനെ നോക്കിയിരിക്കും രണ്ടുപേരും. അപ്പോഴേക്കും ജോലിക്ക് പോയ വീട്ടുകാരി പതുക്കെ ഗേറ്റും തുറന്ന് കടന്നു വരുന്നുണ്ടാവും. അവരുടെ നടപ്പിലും വരവിലും ആകെ ഒരു ക്ഷീണമായിരിക്കും. പക്ഷേ പട്ടിക്കുട്ടന്മാരുടെ ശ്രദ്ധയോ,അവരുടെ കയ്യിലുള്ള കവറിൽ ആയിരിക്കും. ഈ വീട്ടുകാരിയുടെ ക്ഷീണമൊന്നും അവര് വകവെക്കാറേയില്ല. വീട്ടുകാരി തളർന്ന് ഒരു ചായ കുടിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും പട്ടിക്കുട്ടന്മാർ കവറിലെ സാധനത്തിനുവേണ്ടി കടിപിടി തുടങ്ങിയിട്ടുണ്ടാവും. ഇതിനെ രണ്ടിനേം എവിടെങ്കിലും കൊണ്ട് കളഞ്ഞാലോ എന്നു വരെ വീട്ടുകാരി ആലോചിക്കാതിരുന്നില്ല. സഹികെട്ട് ചില ദിവസങ്ങളിലൊക്കെ വീട്ടുകാരി അതുങ്ങളെ വഴക്ക് പറഞ്ഞു . എന്നിട്ടും നന്നാവുന്നില്ല എന്ന് കാണുമ്പോൾ സ്വന്തം ദയനീയ സ്ഥിതി പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. ജോലിഭാരം കാരണം ചില ദിവസങ്ങളിൽ കവർ ഇല്ലാതെയും വീട്ടുകാരി വന്നിരുന്നു.അന്നൊക്കെ പട്ടിക്കുട്ടന്മാർ ക്ഷുഭിതരായി അവരോട് ചാടാനും കുരയ്ക്കാനും തുടങ്ങി. പിന്നല്ലാതെ, രാവിലെ മുതൽ വൈകിട്ട് വരെ കഷ്ടപ്പെട്ട് കളിച്ചു നടന്നതല്ലേ, വിശക്കില്ലേ. വീട്ടുകാരിക്ക് വെറുതെ ഓഫീസിൽപോയി ഇരുന്നാൽ മതിയല്ലോ. എന്തോ, ആ കവർ അവരുടെ അവകാശമാണെന്ന് പട്ടിക്കുട്ടന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഒന്നുരണ്ട് വർഷങ്ങൾക്കുശേഷം പട്ടിക്കുട്ടന്മാരെ വിധി മറ്റൊരു സ്ഥലത്തേക്ക് മാറ്റി , അവിടെ അവരെപ്പോലെ കടിപിടി കൂടുന്ന വേറെയും പട്ടിക്കുട്ടന്മാർ ഉണ്ടായിരുന്നു, പക്ഷേ ഇതുപോലെത്തെ വീട്ടുകാരി ഇല്ലായിരുന്നു. പകരം, പരുഷമായി സംസാരിക്കുന്ന, അളവിനുമാത്രം ഭക്ഷണം തരുന്ന ചില യജമാനന്മാർ ഉണ്ടായിരുന്നു. അവിടുത്തെ കുറച്ചു ദിവസത്തെ വാസംകൊണ്ട്തന്നെ പട്ടിക്കുട്ടന്മാർക്ക് ഒരു പതം വന്നു. പിന്നീടൊക്കെ വർഷത്തിൽ ഒന്നോരണ്ടോ തവണ വീട്ടുകാരിയുടെ അടുത്ത് തിരിച്ചെത്തുമ്പോഴേക്കും പട്ടിക്കുട്ടന്മാർ അവരോട് വളരെ സ്നേഹവും നന്ദിയുമുള്ളവരായി തീർന്നിരുന്നു. പട്ടിക്കുട്ടന്മാരിൽ ഒന്ന് ഞാൻ, മറ്റൊന്ന് ചേട്ടൻ. വീട്ടുകാരി- അമ്മ. വിധി എത്തിച്ചത് ബോർഡിങ് സ്കൂളിൽ.

Monday, 14 October 2024

ചെറിയ വലിയ നുണകൾ

ദൂരനാട്ടിലേക്ക് ജോലിക്ക് പോകും മുന്നേ തിരിഞ്ഞുനോക്കി വീടിനോട് പറഞ്ഞു " അധികം വൈകാതെ ഞാൻ തിരിച്ചുവരും".
 
ഒരുപാട് നാളുകൾക്കു ശേഷം ഫോൺ വിളിച്ച് വെക്കാൻ നേരം കൂട്ടുകാരൻ പറഞ്ഞു " ഡാ വല്ലപ്പോഴുമൊക്കെ വിളിക്ക് ". മറുപടി പറഞ്ഞു "വിളിക്കാഡാ".

 നീറിപ്പുകഞ്ഞ് തളർന്നിരുന്നപ്പോ ആരോ പറഞ്ഞു " എല്ലാം ശരിയാകും".

 പ്രായം ചെന്ന ആളുടെ മരണം കണ്ടപ്പോൾ ഒരാൾ പറഞ്ഞു "പോട്ടെ പ്രായമായതല്ലേ" , കൂട്ടുകാരന്റെ മരണം കണ്ടപ്പോ സമാധാനിപ്പിച്ചു- "വിധിയാണ് ".

 വെയില് മൂത്ത് മഴയ്ക്ക് വേണ്ടി കൊതിച്ചപ്പോൾ മാനംകറുത്തു, പാഞ്ഞുവന്ന കാറ്റ് പറഞ്ഞു "മഴ ഇപ്പോ പെയ്യിച്ചേക്കാം".

 പോകണ്ടാന്ന് വാശിപിടിച്ചുകരഞ്ഞ കുഞ്ഞിനോട് അമ്മൂമ്മ പറഞ്ഞു " പോയിട്ട് നാളെ വരാട്ടോ".

 വയസ്സുകാലത്ത് ആംബുലൻസിൽ കയറി പോകുമ്പോൾ വീട് പറഞ്ഞു " അധികം വൈകാതെ നീ തിരിച്ചുവരും".








 

Saturday, 12 October 2024

ശെടാ കഷ്ടമായല്ലോ

7 വയസ്സ് - ശക്തിമാൻ കറങ്ങിക്കറങ്ങി പറന്നിറങ്ങി. അനുകരിച്ച് കറങ്ങി വന്നപ്പോഴേക്കും ടിവി ഓഫ് ആയി, വെളിയിൽ മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ. 

 13 വയസ്സ് - പത്രത്തിൽ പലതവണ നോക്കി ഉറപ്പുവരുത്തി 'ഈ പറക്കുംതളിക' യുടെ സമയം. ടിവിയുടെ മുന്നിൽ അക്ഷമയോടെ കാത്തിരുന്നു. ടൈറ്റിൽസ് എഴുതിത്തുടങ്ങി,കരണ്ട് പോയി. അടുത്ത രണ്ടു തവണയും 'ഈ പറക്കുംതളിക' വന്നപ്പോഴൊക്കെ ഇതുതന്നെ അവസ്ഥ.ശെടാ കഷ്ടമായല്ലോ.

32 വയസ്സ് - ടിവിയിൽ കുഞ്ഞിന്റെ കാർട്ടൂൺ പാട്ട്, മിക്സിയിൽ എരിപൊരി ശബ്ദം, എക്സോസ്റ്റ് ഫാനിന്റെ ഒച്ച, വെളിയിൽ സൈറൺ മുഴങ്ങുന്ന ശബ്ദം. പെട്ടന്നൊരു നിശബ്ദത, ആകെ ഇരുട്ട്. ഹാവൂ എന്തൊരാശ്വാസം. ജനറേറ്റർ ഓൺ ആയി, എല്ലാം പഴയതുപോലെ തിരിച്ചുവന്നു. മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ.

Thursday, 10 October 2024

മനസ്സിന്റെ മണം

ചില സ്ഥലങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. ശ്രദ്ധിച്ചാൽ മാത്രം നമുക്ക് പിടി തരുന്ന ഒരു മണം. കൂട്ടുകാരുടെ, മണ്ണിന്റെ, കാപ്പിയുടെ, വീടിന്റെ, നായ്ക്കുട്ടിയുടെ, ഓർമകളുടെ, അങ്ങനെ എന്തെല്ലാം മണങ്ങൾ. എന്തിന്, നമുക്ക് ഓരോരുത്തർക്കും ഉണ്ട് പ്രത്യേകം പ്രത്യേകം മണങ്ങൾ. 
ഇടപ്പള്ളി അടുത്ത് ചങ്ങമ്പുഴ പാർക്ക് എന്നൊരു സ്ഥലമുണ്ട്. അവിടുത്തെ കാറ്റിനു മുഴുവൻ ഒരു ബ്രെഡിന്റെ മണമാണ്, മോഡേൺ ബ്രെഡിന്റെ ആസ്ഥാനമായതുകൊണ്ടാവാം. അതുവഴി നടക്കുമ്പോഴൊക്കെ നമ്മൾ ഒരു നല്ല ബേക്കറിയുടെ ഉള്ളിലാണെന്ന് തോന്നും. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും അറിയില്ല. പക്ഷേ കുറച്ചു നേരത്തേക്കെങ്കിലും മനസ്സിനെ ഒന്ന് സന്തോഷിപ്പിക്കാൻ ആ മണത്തിന് കഴിയുന്നു. ഹാ, ഒരു ചോക്ലേറ്റ് ഡോണറ്റിന്റെ രൂപം മനസ്സിൽ ഇങ്ങനെ തെളിഞ്ഞുതെളിഞ്ഞ് വരുന്നു. ചുറ്റുമൊന്ന് അറിഞ്ഞുനോക്കെന്നെ, നമ്മളെ തേടി ഒരു മണം കാത്തുനിൽക്കുന്നുണ്ടാവും.

Wednesday, 9 October 2024

എന്തൊരു വേഗത

ഒരു ഹോട്ടലിൽ കയറി. AC ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വരെ തോന്നി.അവിടെ അത്രയ്ക്ക് വല്ലാത്ത തണുപ്പായിരുന്നു. 
തൊട്ടപ്പുറത്തെ മേശയിൽ വന്ന ചൂട് ചായ കണ്ടപ്പോൾ നോക്കിയിരുന്നുപോയി, നല്ല ആവി പറക്കുന്ന സുന്ദരി ചായ .വർഷങ്ങളായി ചായ കുടിക്കാറില്ല. പക്ഷേ അന്ന് കൊതികൊണ്ട് ഒരു ചായ കുടിച്ചു. ആ ചായ ഒരുപാട് വർഷങ്ങൾക്ക്‌ പിന്നിലേക്ക് കൊണ്ടുപോയി. സ്കൂളിൽനിന്ന് കൊടൈക്കനാലിന് ടൂർ പോയ ദിവസങ്ങളിലേക്ക്. തണുത്തുറഞ്ഞ വെളുപ്പാൻ കാലം, കാല് മരവിച്ചുപോയ കൂട്ടുകാരൻ, അത് മസാജ് ചെയ്ത് ശരിയാക്കി കൊടുത്തത് , അതിരാവിലെ ഞങ്ങളുടെ മുന്നിൽ വന്ന സൈക്കിൾ വണ്ടി, അതിൽ നിന്ന് തീരെ ചെറിയ ഗ്ലാസിൽ ചായ വിൽക്കുന്ന ഒരു തമിഴ് അണ്ണൻ, ഹോ, മിൽക്ക്മെയ്ഡ് ചേർത്തപോലത്തെ നല്ല സൊയമ്പൻ ചായ, എല്ലാം പെട്ടെന്ന് മിന്നി മറഞ്ഞു. ഇന്ന്, അന്നത്തെ ചായയുടെ അതേ രുചി, അന്നിന്റെ അതേ തണുപ്പ്, എല്ലാം ഒരുമിച്ച് പെയ്തിറങ്ങിയത് പോലെ. മനസ്സിന്റെ വേഗം മറ്റൊന്നിനുമില്ല.

മുൻവിധി

ഒരു കപ്പടാമീശക്കാരനും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു അവിടെ. മീശക്കാരൻ ചേട്ടൻ വന്നു, ഒരു വലിയ സൂചിയുമായി. കൈ ചുരുട്ടി മുന്നോട്ട് കാണിക്കുമ്പോ ഓർത്തു ആ പെൺകുട്ടികളിൽ ആരെങ്കിലും ആയിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ ഈ സൂചിയുടെ വേദന സഹിക്കാമായിരുന്നു എന്ന്. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു, സൂചി കയറിയിറങ്ങി അതിനു വേണ്ടത്ര ചോര കുടിച്ച് പോയി. ഒരു അത്ഭുതത്തോടെ ഞാൻ അയാളെ നോക്കി. എത്ര സമർത്ഥമായാണ് അയാൾ ചോരയെടുത്തത്. ആളുടെ പരുക്കൻ മുഖത്ത് നിത്യത്തൊഴിലിന്റെ ലാഘവവും മടുപ്പും. മടിച്ചാണെങ്കിലും ചോദിച്ചു, റിപ്പോർട്ട്‌ കിട്ടാൻ എത്ര സമയമെടുക്കും. അയാൾ പറഞ്ഞു ' അയ്യോ അങ്ങനെ ചോദിച്ചാൽ, ഒരു മൂന്നു മണിക്കൂറൊക്കെ എടുക്കും, റിപ്പോർട്ട്‌ നേരെ ഡോക്ടർക്ക് കിട്ടിക്കോളും '. ഇത്ര പരുഷമായ ഒരു രൂപത്തിൽനിന്ന് പ്രതീക്ഷിക്കാത്ത വളരെ സൗമ്യമായ മിതമായ മറുപടി. ആ ഒരുനിമിഷംകൊണ്ട് കപ്പടാമീശക്കാരന്റെ ക്രൗര്യമുള്ള മുഖത്തിന്‌ ഒരു മയം വന്നപോലെ തോന്നി, മുൻവിധി കാറ്റിൽ പറന്ന്പോയി. 

Tuesday, 8 October 2024

മലയാളത്തിന് ചരമഗീതം

തമിഴൻ ഓഫീസർ പുച്ഛം കലർന്ന സ്വരത്തിൽ പറഞ്ഞതിന്റെ തർജമ - "നിങ്ങളൊക്കെ മലയാളം പോലും ഇപ്പോൾ ഇംഗ്ലീഷിൽ ആണോ എഴുതുന്നത്". അദ്ദേഹം നീട്ടിപ്പിടിച്ച കത്ത് ഞാൻ നോക്കി, രണ്ടുദിവസം മുന്നേ പിരിഞ്ഞുപോയ സ്റ്റാഫിന് വീട്ടുകാർ അയച്ചിരിക്കുന്ന കത്ത്. Mone ninak sukhamano..... dosa aanu innu ivide..... ini ennanu varunnath.....snehathode amma. 
 കണ്ടപ്പോൾ എനിക്കും തോന്നി ' എന്തൊരു അപചയം '. മലയാളം എഴുതാൻ പോലും വന്നുവന്ന് ആർക്കും വയ്യാണ്ടായിരിക്കണു. 
പിന്നെ ആലോചിച്ചപ്പോഴാണ്, ആ അമ്മയ്ക്ക് മലയാളം നന്നായി അറിയുമായിരിക്കും. പക്ഷെ മകനുമായി കണക്ട് ചെയ്യണേൽ അവന്റെ തലത്തിലേക്ക് ഇറങ്ങിവരണല്ലോ. 
ഈ കഥകളൊക്കെ നീട്ടിപ്പിടിച്ച് വോയിസ്‌ നോട്ട് ആയി വാട്സാപ്പിൽ സുഹൃത്തിന് അയച്ചുകൊടുത്തു. അങ്ങേതലയ്ക്കൽനിന്ന് മറുപടി - "pinnallaand, enthayalum malayalathinte karyam kashtamthanne". 

Monday, 7 October 2024

റീസെറ്റ് ബട്ടൺ

24ആം തീയതി ആയിരുന്നു സർജറി. 26ന് വീട്ടിലെത്തി. വയറ്റിനുള്ളിലെ സർജറി ആയതിനാൽ ഒന്നും കുടിക്കാനോ കഴിക്കാനോ പറ്റാത്ത അവസ്ഥ. ഒരു കവിൾ വെള്ളം പോലും ഒറ്റയടിക്ക് കുടിച്ചാൽ, പിന്നെ കുറച്ചു നേരത്തേക്ക്‌ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥ. ഇന്ന് മുപ്പതാം തീയതി. എങ്ങനെയൊക്കെയോ പകൽ കിടന്നുറങ്ങി. ഉറക്കത്തിൽ ആരോ ചോദിക്കുന്നത് പോലെ തോന്നി - നിനക്ക് റീസെറ്റ് ബട്ടൻ ഉപയോഗിച്ചുകൂടെ, പത്തു കൊല്ലത്തിൽ ഒരിക്കല്‍ ഉള്ളത്. 20 വയസ്സിൽ തുടങ്ങിയ നിന്റെ ആദ്യത്തെ റീസെറ്റ് ബട്ടൺ നീ 22 ൽ തന്നെ ഉപയോഗിച്ച് തീർത്തു. ഇപ്പൊ നിനക്ക് 32, വേണമെങ്കിൽ മുപ്പതിൽ തുടങ്ങിയ നിന്റെ റീസെറ്റ് ബട്ടൺ നിനക്ക് ഇപ്പോ ഉപയോഗിക്കാം. ചെവിയുടെ ഉള്ളിലാണ് ബട്ടൺ എന്ന കാര്യം ഓർമ്മയുണ്ടാവുമല്ലോ. 
 പേടിച്ച് വിയർത്തു ഞെട്ടിയെണീറ്റു. അല്പം ബുദ്ധിമുട്ടി ശ്വാസം ഒക്കെ എടുത്ത് സ്വപ്നത്തിൽ കണ്ടത് എന്താണെന്ന് ചിന്തിച്ചു. പതിയെ ചെറുവിരൽ എടുത്ത് ഇടത് ചെവിയുടെ ഉള്ളിലേക്ക് ഇട്ടുനോക്കി. ഇല്ല അവിടെയെങ്ങും ഒന്നുമില്ല. സ്വപ്നം വിശ്വസിച്ച താൻ എന്തൊരു മണ്ടനാണെന്ന് കരുതി വലതുകയ്യുടെ ചെറുവിരൽ വലതു ചെവിയിൽ ഇട്ടു. അത്ഭുതപ്പെടുത്തിക്കൊണ്ട് എന്തോ തടഞ്ഞു. ഒന്ന് ഭയന്നു. വിറച്ചുകൊണ്ട് കണ്ണാടിയിൽ ചെന്ന് നോക്കി. ആകെ ഇരുട്ട് ഒന്നും കാണുന്നില്ല. ഫോണിന്റെ ക്യാമറ ഓൺ ആക്കി ഫ്ലാഷ് ഓൺ ചെയ്ത് ഫോട്ടോ എടുത്തു. സൂം ചെയ്തു നോക്കുമ്പോൾ കണ്ടു ഒരു ബട്ടൺ പോലെ ഒരു സാധനം, അതിന്റെ കൂടെ ഒരു പച്ച കളർ ഇൽ 1 എന്നും, തൊട്ടു താഴെയായി 30 - 40 വരെ എന്നും എഴുതിയിരിക്കുന്നു. തലപുകഞ്ഞിരുന്ന് ആലോചിച്ചു. ദൈവമേ എന്താണിത്, സ്വപ്നമാണോ. ശരിക്കും ഇങ്ങനെയൊന്നുണ്ടോ. ഇരുപത്തിരണ്ടാം വയസ്സിൽ ഞാൻ എന്തിനായിരിക്കും റീസെറ്റ് ബട്ടൺ ഞെക്കിയത്. തൊണ്ട വറ്റിവരളുന്നു. ഒരു ഗ്ലാസിൽ കുറച്ച് വെള്ളം എടുത്ത് കുടിച്ചു. നെഞ്ച് പൊട്ടുന്ന വേദനയും ഓക്കാനവും. അല്പസമയം എടുത്ത് അതൊന്ന് ശരിയായപ്പോഴേക്കും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു, റീസെറ്റ് ചെയ്തേ പറ്റൂ, എനിക്ക് സർജറി വേണ്ടിയിരുന്നില്ല. സർജറിക്ക് മുമ്പുള്ള വേദനയായിരുന്നു ഇതിലും ഭേദം. ദൈവമേ എന്ന് കണ്ണടച്ച് വിളിച്ചു. ചെവിക്കുള്ളിലേക്ക് പരമാവധി ചെറുവിരൽ എത്തിച്ച് ബട്ടണിൽ അമർത്തി. ഉറക്കം ഉണർന്നു, ചാടി എഴുന്നേറ്റു വയറ്റിലേക്ക് നോക്കി. തുന്നിക്കെട്ടിയ പാടുകൾ ഇല്ല. കണ്ണുകളെ വിശ്വസിക്കാനാവാതെ ഫോൺ എടുത്ത് ഡേറ്റ് നോക്കി. മുപ്പതാം തീയതി. സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. ഉറപ്പിക്കാൻ വേണ്ടി ചെവിക്കുള്ളിലെ ഫോട്ടോ ഒന്നുകൂടി എടുത്തു. ഇപ്പോൾ അതിൽ കാണുന്നത് ചുവപ്പ് കളർ ഉം പൂജ്യവും ആണ്. തൊട്ടുതാഴെ 30 - 40 വരെ എന്നെഴുതിയിരിക്കുന്നു. തീർച്ചയാക്കാൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് ആർത്തിയോടെ കുടിച്ചു. ഇല്ല, നെഞ്ചുവേദന ഇല്ല,വെള്ളം മുഴുവൻ ഇറങ്ങിപ്പോയി, ഒന്നും തിരികെ വരുന്നില്ല. കിട്ടിയ ഷർട്ടും പാന്റും വലിച്ചുകേറ്റി ഓടി. ചെന്ന് കയറിയ ബേക്കറിയിൽ നിന്ന് കണ്ണിൽ കണ്ടതെല്ലാം ആർത്തിയോടെ വാങ്ങി കഴിച്ചു. പഫ്സിനെയും മീറ്റ്റോളിനെയും നോക്കി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. കൊതിയോടെ ലൈം ജ്യൂസ് കുടിക്കുന്നതിനിടയിൽ മുഖത്തേക്ക് എവിടുന്നൊ വെള്ളം തെറിച്ചു. ഞെട്ടി ഉണരുമ്പോൾ അമ്മ നിക്കുന്നു അടുത്ത്. എന്താടാ എന്തുപറ്റിയെന്ന പരിഭ്രമിച്ച ചോദ്യം. വിയർത്തുകൊണ്ട് ചാടി എണീക്കുമ്പോൾ വയറ്റിൽ ഒരു വേദന. നോക്കുമ്പോൾ സർജറിയുടെ ആറു പാടുകളും അവിടെത്തന്നെയുണ്ട്. ധൃതിയിൽ ഫോൺ എടുത്തു നോക്കുമ്പോൾ ഡേറ്റ് അത് തന്നെ - 30. മരവിച്ച കൈയുമായി ചെവിയിൽ തൊട്ടുനോക്കുമ്പോൾ ബട്ടനില്ല. കണ്ണ് പൊത്തി കരയുന്നതിനിടയിൽ പ്രാർത്ഥിച്ചു, അതുപോലൊരു റീസെറ്റ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ. 

IF (imaginary friend)

വളരുംതോറും, അറിയാതെ ഒരു വിരസത ഇങ്ങനെ വന്നുകേറും. ചെയ്യുന്നതൊന്നും ഇഷ്ടമാവാതെ വരും, കാണുന്നതൊക്കെ മുന്നേ കണ്ടതുതന്നെ ആണല്ലോയെന്ന് തോന്നും. അങ്ങനെയങ്ങനെ മുരടിച്ച് മടുത്ത്, എല്ലാം വെറുത്തിരിക്കുമ്പോ ആരോ കൊണ്ടെത്തിക്കും ചില പുസ്തകങ്ങളിൽ, ചില സിനിമകളിൽ. അതൊരു ജീവശ്വാസമായിരിക്കും. 'IF'(Imaginary friend) എന്നൊരു സിനിമ അങ്ങനെ വന്ന് മുന്നിൽവീണു. സംശയത്തോടെ തുടങ്ങി, ഇഷ്ടത്തോടെ കണ്ട്, അവസാനിച്ചല്ലോ എന്ന വിഷമത്തോടെ തീർത്തു. പല സന്ദർഭങ്ങളിലും എന്നെത്തന്നെയും എന്റെ കുഞ്ഞിനേയും ഞാൻ മാറിമാറി കണ്ടു. കഥകൾ മരിച്ചോ എന്ന് കരുതുമ്പോൾ ഉയിർപ്പിന്റെ പ്രതീക്ഷയാകുന്നു ഇത്തരം സിനിമകൾ.
കുഞ്ഞിന്റെ IF അവളുടെ swissu കരടി ആയിരിക്കുമോ തുമ്പി giraffe ആയിരിക്കുമോ അതോ ഇന്നലെ വാങ്ങിയ barbie ആയിരിക്കുമോ എന്ന് വെറുതേ ഓർത്തുനോക്കി. അറിയില്ല, വലുതാകുമ്പോൾ അത് അവൾ കണ്ടെത്തട്ടെ. എന്റെ IF ആരായിരുന്നു, ഒരുപക്ഷെ എന്റെ തൊട്ടടുത്തുനിന്ന് ഞാനീ എഴുതുന്നത് വായിക്കുന്നുണ്ടാവും, ഒരുദിവസം ഞാൻ കണ്ടെത്തുകതന്നെചെയ്തേക്കും. 

Sunday, 6 October 2024

മെഡിക്കൽ ടൂറിസം

ആവി പറക്കുന്ന സൂപ്പ്, മനോഹരമായി അലങ്കരിച്ച സ്റ്റാൻഡിൽ പേസ്ട്രികൾ, ചൂടുപോകാതെ ചില്ലുകൂട്ടിൽ വച്ചിരിക്കുന്ന ചിക്കൻ ഫ്രൈ, ശീതീകരിച്ച വൃത്തിയുള്ള മുറിയും സുന്ദരികളായ മേശകളും. ഓമനത്തമുള്ള റെസ്റ്ററന്റ്. വീൽചെയറിൽ തനിയെ ഓടിച്ചുവന്ന് ഒരു മേശയിൽ സ്ഥാനം പിടിച്ച അറേബ്യൻ സ്റ്റൈൽ ഇൽ വേഷം ധരിച്ച ആളെ വെറുതെ ശ്രദ്ധിച്ചു. അയാളുടെ തനി പകർപ്പായ മകൻ കൂടെയുണ്ട്, വേഷം മാത്രം പുതുമയുള്ളത്. അല്പനേരത്തെ കാത്തിരിപ്പിനുശേഷം അവർ വെയ്റ്ററെ വിളിച്ച് എന്തൊക്കെയോ സംസാരിച്ച് തിരക്കിനിടയിലൂടെ ഒഴുകിനീങ്ങി പുറത്തേക്കുപോയി. വെയ്റ്റെർക്ക് എന്തെങ്കിലും മനസ്സിലായോ എന്തോ. 
അവർ പോയത് ഏത് ഡിപ്പാർട്മെന്റിലേക്കാകും? ആൾക്ക് എന്താകും കുഴപ്പം, റേഡിയേഷൻ ആയിരിക്കുമോ ഹൃദയം മാറ്റിവയ്ക്കൽ ആയിരിക്കുമോ. ഈ മുറിയുടെ കതവ് തുറന്ന് അവർ പോയത് ഒരു ആശുപത്രിയുടെ ഉള്ളിലേക്കാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഉറക്കത്തിൽനിന്ന് ഒരാൾ നേരെ ഉണരുന്നത് ഇവിടെ ആണെങ്കിൽ ഇതൊരു സ്റ്റാർ ഹോട്ടൽ ആണെന്നെ കരുതൂ. ഇതാണ് മെഡിക്കൽ ടൂറിസം എന്ന പുതിയ ലോകം, ചികിത്സയും ആഡംബരവും ഒന്നിക്കുന്ന മായാലോകം.

Saturday, 5 October 2024

ഉറുമ്പിനും ജീവിതത്തിനുമിടയിൽ

നല്ല സ്വർണ്ണ നിറമുള്ള ഒരു ഓമന ഉറുമ്പ് ഇടതു കൈയിലൂടെ കയറി വലതു കൈയിലേക്ക് പതുക്കെ നടന്നു. രണ്ട് കൈകളും ഏകദേശമൊരു ' റ ' ആകൃതിയിൽ ചുറ്റി പിടിച്ചിരിക്കുകയായിരുന്നു. വെയില് തട്ടിത്തെറിച്ച് സ്വർണം ചിതറുന്നത് പോലെയുള്ള ഉറുമ്പിന്റെ നിറം കണ്ട് കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. എത്രനേരം എടുക്കുമായിരിക്കും ഈ ഉറുമ്പ് ഈ കൈയിൽനിന്ന് ആ കയ്യിലേക്ക് പോകാൻ. പെട്ടെന്ന് ഇടത് തുടയിൽ ഒരു തട്ട് " നേരെ നോക്കി വണ്ടി ഓടിക്കു കുഞ്ഞേ". അച്ഛന്റെ ഗർജനത്തിൽ ഞെട്ടി നോക്കുമ്പോൾ കാർ വലത്തേക്ക് വലത്തേക്ക് തിരിയുകയായിരുന്നു. ഉറുമ്പ് മോഹിപ്പിച്ചുകൊണ്ട് മരണത്തിലേക്ക് ക്ഷണിച്ചു , അച്ഛൻ ദേഷ്യപ്പെട്ടുകൊണ്ട്  ജീവിതത്തിലേക്കും.

Friday, 4 October 2024

ഓർത്താൽ

ഒരുമിച്ച് നിൽക്കുമ്പോൾ തോന്നും ഇടയ്ക്ക് ഒന്ന് മാറി നിന്നാൽ മതിയെന്ന്. അകലെ നിൽക്കുമ്പോൾ തോന്നും എപ്പോഴും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന്. 

പ്രേമിച്ചു, ജോലി കിട്ടി, കല്യാണം കഴിച്ചു. എല്ലാം നേടിയെന്ന് ധരിച്ചു. ഇടയ്ക്കൊക്കെ തെറ്റി, കരയിച്ചു, കരഞ്ഞു. തന്നെ ആയാൽ മതിയെന്ന് തോന്നി. വയ്യാതെയായി, കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വീണ്ടും ഓർത്തു. 

മുട്ടിലിഴഞ്ഞപ്പോൾ ഓർത്തു എണീറ്റ് നിൽക്കണമെന്ന്, എണീറ്റപ്പോൾ നടക്കണമെന്നും, നടന്നപ്പോൾ ഓടണമെന്നും. ഇങ്ങനെ ഓർത്തോർത്ത് ജീവിതം തീർന്നു. ഓർക്കാൻ വേറെയും ആളുകൾ ഉണ്ടായി. അവരും ഓർത്തു. ഓർത്തോർത്ത് അവരും ഇല്ലാതെയായി.

Thursday, 3 October 2024

പഴയ ചാനലുകൾ

സിനിമകളുടെയും വെബ് സീരീസിന്റെയും മഹാപ്രളയവുമായി OTTകൾ നിറഞ്ഞു നിൽക്കുമ്പോൾ പഴയ ചാനലുകൾ മറവിയിലേക്ക് പോകുന്നോ എന്നൊരു സംശയം. ഇത്രയൊക്കെ contents കൺമുന്നിൽ നിറഞ്ഞു നിൽക്കുമ്പോഴും എന്തോ ഒരു emptiness തോന്നിയ ഒരു സമയം വെറുതെ ഒന്നു വെച്ചുനോക്കി പഴയ ചാനലുകൾ. ആഗസ്റ്റ് 1 എന്നൊരു സിനിമ അമൃതയിൽ ഓടുന്നുണ്ടായിരുന്നു. 5 മിനിറ്റ് നോക്കാം എന്ന് കരുതി വെറുതെ ഒന്ന് കണ്ടു.പിന്നെ ആ സിനിമ കണ്ടുതീർത്തിട്ടാണ് നിർത്തിയത്.അത് ആ സിനിമയുടെ ക്വാളിറ്റി കൊണ്ട് മാത്രമായിരുന്നില്ല,പണ്ടെപ്പോഴോ ഇതേ സിനിമ ചേട്ടന്റെ ഒപ്പം ടിവിയിൽ കണ്ടതിന്റെ ഓർമ്മപുതുക്കൽ കൂടിയായിരുന്നു.പുതുമകൾ തേടി പായുമ്പോഴും വല്ലപ്പോഴുമൊക്കെ വന്നവഴിയെ ഒന്ന് തിരിഞ്ഞു നോക്കണം. ഇടയ്ക്ക് എവിടെയോ നമുക്ക് നഷ്ടമായ, പകരം വയ്ക്കാനാവാത്ത നിമിഷങ്ങളെ ഓർക്കാൻ. 

അച്ഛന്റെ മകൻ

100 തവണ അവനെ വിളിച്ചിട്ടുണ്ടെങ്കിൽ അതിൽ 95 തവണയും അവന്റെ അച്ഛന്റെ പേര് വെച്ചാണ് എല്ലാവരും വിളിച്ചിരുന്നത്. ഇന്ന് ആ അച്ഛൻ ഇല്ലാതെയായി. കളിയാക്കിയതിന്റെ പത്തിലൊരംശം സ്നേഹവും ആത്മാർത്ഥതയും അവനോട് കാണിക്കാൻ ഇപ്പോഴെങ്കിലും ഞങ്ങൾ കരുതണമായിരുന്നു. ദൂരത്തിന്റെ പേരിൽ, പല ബന്ധനങ്ങളുടെ പേരിൽ ആ മരണവും മാഞ്ഞുപോകുന്നു. ഇനി ഒരിക്കൽ എന്റെ പടിവാതിൽക്കൽ മരണം നിൽക്കുമ്പോൾ നീയും വരാതെ മാറിയങ്ങ് പൊയ്ക്കൊള്ളുക. തൽക്കാലം ഇന്നൊരിക്കൽകൂടി നിന്റെ അച്ഛന്റെ അഭിമാനത്തിന് വേണ്ടി കാരിരുമ്പുപോലെ നീ നിലകൊള്ളുക. ആരൊക്കെ വന്നു വന്നില്ല എന്ന് ആരൊക്കെ കണക്കെടുത്താലും നിനക്കുണ്ടായ നഷ്ടം നികത്തില്ലല്ലോ അതൊന്നും. 

ഒരോർമ്മ

2009ൽ ടൂർ പോയപ്പോൾ അച്ഛന്റെ സോണി എറിക്സൺ ഫോൺ കെഞ്ചി വാങ്ങിയാണ് പോയത്. ആകെയുള്ള സ്പേസ് 32 mb. അതിൽ ഉപയോഗിക്കാവുന്ന സ്പേസ് 1 ഓ 2 ഓ mb മാത്രം.കൂട്ടുകാരുടെ ഒപ്പമുള്ള ഫോട്ടോ കൊതിയോടെ ഒരെണ്ണം എടുക്കും,രണ്ടെണ്ണം എടുക്കും, മൂന്നാമത്തെത് എടുക്കുമ്പോഴേക്കും സ്പേസ് തീർന്നിട്ടുണ്ടാവും. പിന്നെ ആ എടുത്ത ഫോട്ടോ ഒന്ന് അയക്കാനുള്ള പരാക്രമമാണ്.രണ്ട് ഫോണുകൾ തമ്മിൽ മുട്ടിച്ചുവെച്ച് കടുകിട തെറ്റാതെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നാൽ മാത്രം ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം - ഇൻഫ്രാറെഡ്. ഇന്ന് ചിന്തിക്കാൻ പറ്റുന്നുണ്ടോ രണ്ടു ഫോട്ടോ മാത്രം എടുക്കാൻ പറ്റുന്ന ഒരു ഫോൺ, ആ എടുത്ത ഫോട്ടോ അയക്കാൻ പറ്റാത്ത അവസ്ഥ. ഇന്നലെ തിരുവോണം ആയിരുന്നു 2024. ഈ ഒറ്റ ദിവസം കൊണ്ട് മാത്രം മലയാളികൾ എടുത്തു തീർത്ത ഫോട്ടോകൾ എത്ര GB ഉണ്ടാവും? വെറുതെ ഒരോർമ്മ.

ഈയാംപാറ്റകൾ

അന്നൊക്കെ സ്കൂൾ വിട്ടുവരിക, പറ്റിയാൽ ബാറ്റും ബോളും എടുത്ത് ആറ്റിലോട്ട് പോവുക, ഒരു രണ്ടു മണിക്കൂർ ആറ്റുമണലിൽ കളിക്കുക, മനസ്സുനിറഞ്ഞ് മുങ്ങിക്കുളിച്ച്, ഓടിപ്പോയി ബാറ്റും ബോളും തിരികെ വെച്ച്, വേഷം മാറി അമ്പലത്തിലേക്ക് ഒരു പോക്കാണ്. അമ്പലത്തിന്റെ മുന്നിലെ അരമതിലിലിരുന്ന് പറഞ്ഞത്ര കഥയൊന്നും വേറെ എവിടിരുന്നും ആരോടും പറഞ്ഞിട്ടില്ല. ഇടയ്ക്ക് ദൈവത്തെ ഒന്ന് തൊഴുതൂന്ന് വരുത്തും. അമ്പലമടച്ചുകഴിഞ്ഞാലും വീണ്ടും ഒരു ഒരു മണിക്കൂർ അതേ സ്ഥലത്തിരുന്ന് കഥപറച്ചിൽ തന്നെ. പിന്നെ അടുത്ത ദിവസം നാലുമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അങ്ങനെ എത്രയോ കാലങ്ങളിൽ ആറും മണലും കൺനിറയെ കണ്ട്, ഒരേ വഴിയിലൂടെ നടന്ന്, അമ്പലമുറ്റത്ത് ഈയാംപാറ്റകളെപ്പോലെ ഒരുമിച്ച് കൂടി നമ്മൾ. ഇനി അതേ ഈയാംപാറ്റകളാകുവാൻ കഴിയില്ലല്ലോ കാലത്തിനു പോലും.

ഹോട്ടൽ എംബസി

എംബസി എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു. ഞങ്ങടെ ബസ് സ്റ്റാൻഡിന്റെ നേരെ എതിർവശത്ത് റോഡിന്റെ തൊട്ടടുത്ത്. അപ്പൂപ്പന്റെയും ചേട്ടന്റെയും ഒപ്പം എത്രയെത്ര നാളുകളിൽ ആ ഹോട്ടലിൽ കയറിയിറങ്ങിയിട്ടുണ്ട്. ആർത്തിയോടെ പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ട്. വലുതായതിൽ പിന്നെ അങ്ങോട്ട് കയറാറില്ലെങ്കിലും എപ്പോഴും ആ ഹോട്ടൽ കാണുമ്പോൾ പഴയ കാലത്തിലേക്ക് പോകുമായിരുന്നു. ഇന്നറിഞ്ഞു, ആ ഹോട്ടൽ എന്നെന്നേക്കുമായി അടച്ചു എന്ന്. ആ ഹോട്ടലും അതിന്റെ നടത്തിപ്പുകാരും എന്റെ ആരുമല്ലായിരുന്നെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബന്ധം മനസ്സിനെ വേദനിപ്പിക്കുന്നു. ഇപ്പോൾ ഞാൻ ആലോചിക്കുകയാണ്, ആരായിരിക്കും ആ ഹോട്ടലിന് എംബസി എന്ന് പേരിട്ടത്. ഇത്രയും പഴയ ഒരു ഹോട്ടലിന് ഇത്രയും മുന്തിയ ഒരു പേരിടാൻ ആരായിരിക്കും ആർജ്ജവം കാണിച്ചിട്ടുണ്ടാവുക. ഓരോ ആളുടെയും മനസ്സിലൂടെ എന്തൊക്കെ വിചിത്രമായ ചിന്തകളാണ് കടന്നുപോകുന്നത്. 

കൊതി

എപ്പോഴും കിട്ടാത്തതിന് വേണ്ടി നമ്മൾ കൊതിച്ചുകൊണ്ടേയിരിക്കും. മനസ്സിന് എത്രയൊക്കെ കട്ടിയുണ്ടെങ്കിലും ഈ ഒരു വികാരത്തെ ആർക്കെങ്കിലും അടിമപ്പെടുത്താൻ പറ്റുമോ, അറിയില്ല. ഭക്ഷണത്തോട് തീരെ പ്രതിപത്തി ഇല്ലാത്ത ആളോട് ഡോക്ടർ പറഞ്ഞു - ഇനി ഒരു രണ്ടാഴ്ചത്തേക്ക് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കേണ്ട. എന്തെങ്കിലും പഴ ചാറോ വെള്ളമോ അങ്ങനെ എന്തെങ്കിലും കുടിച്ചാൽ മതി. അത് കേട്ടതിൽ പിന്നെ, അനുഭവിച്ചു തുടങ്ങിയതിൽ പിന്നെ, കാണുന്ന എല്ലാ ഭക്ഷണത്തിനോടും വല്ലാത്ത ഒരു കൊതി. വലിയ താല്പര്യമൊന്നും ഇല്ലായിരുന്ന ഇഡലി പോലും കാണുമ്പോൾ ഉമിനീര് നിറയുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നത്, പറ്റുന്ന എല്ലാ ഭക്ഷണവും കഴിക്കുക എന്നുള്ളതാണ്. ഒന്ന് രണ്ട് ദിവസം കൊണ്ട് മനസ്സിലാക്കി, കണ്ണടച്ച് തുറക്കും മുന്നേ വേണമെങ്കിൽ ജീവിതം കെട്ടുപോകാമെന്ന്. ഇനി ജീവൻ വയ്ക്കുമ്പോൾ ഓരോ നിമിഷവും ആസ്വദിക്കണം. പറ്റുന്നത് എല്ലാം കഴിക്കണം. പക്ഷേ ഒരു പ്രശ്നമുണ്ട്. വീണ്ടും എല്ലാം ചെയ്തു തുടങ്ങുമ്പോൾ മനസ്സ് പഴയതുപോലെതന്നെ ചിന്തിച്ചു തുടങ്ങും, നാളെ നോക്കാമെന്ന്. ഒരുപാട് നാളെകൾ ഇനിയുമുണ്ടല്ലോ എന്ന്. ആർക്കറിയാം.

മിന്നാമിനുങ്ങുകൾ

ഇരുട്ടാകും മുന്നേ ലോകം മുഴുവൻ പ്രകാശമാകും, എല്ലായിടത്തും ലൈറ്റുകൾ, പല നിറങ്ങളിൽ. ഇരുട്ടില്ലായ്മ കാരണം മിന്നാമിനുങ്ങുകൾ വംശമറ്റുപോകുന്നു അത്രേ. വെറുതെ ഒന്ന് വെളിയിലേക്ക് നോക്കി. അകലെയുള്ള ഉയരം കൂടിയ ഫ്ലാറ്റിൽ കുറച്ച് വീടുകളിൽ ലൈറ്റ് തെളിഞ്ഞിരിക്കുന്നു. അതിൽ ഒരിടത്ത് ചിലപ്പോൾ ബർത്ത് ഡേ പാർട്ടി നടക്കുകയാവും, അതിനു തൊട്ടു താഴത്തെ ഫ്ലാറ്റിൽ ഒരാൾ തീരെ വയ്യാതെ കിടക്കുകയാവും, അതിനുമപ്പുറത്തുള്ള ഫ്ലാറ്റിൽ ആരെങ്കിലും തമ്മിൽ വഴക്ക് കൂടുകയാവും, മറ്റൊരാൾ നാളേക്ക് വേണ്ടി നോക്കിയിരിക്കുകയും വേറൊരാൾ നാളെ ഇനി വരല്ലേ എന്ന് ആശിക്കുകയും ചെയ്യുന്നുണ്ടാവും. പ്രതീക്ഷകളുടെയും പ്രതീക്ഷ അറ്റവരുടെയും ഒരു കൂട്ടമാണത്. മെല്ലെ മെല്ലെ ഓരോ ഫ്ലാറ്റിലെയും ലൈറ്റുകൾ അണഞ്ഞു. മിന്നാമിനുങ്ങുകൾ വംശമറ്റുപോകുന്നു അത്രേ.

അനുഭവങ്ങളേ അത്ഭുതങ്ങളേ

30 കടന്നപ്പോൾ ഒരു നിരാശയായിരുന്നു. ചെറിയ പ്രായത്തിൽ നിന്ന് ചിന്തിക്കുമ്പോൾ 30 ഒരു വലിയ സംഖ്യയും 30 കടന്ന ചേട്ടന്മാർ വലിയ ആളുകളുമായിരുന്നു. ഇന്ന് തിരിച്ചു ചിന്തിക്കുമ്പോൾ, ഞാൻ അന്ന് നിന്ന 12ൽ നിന്ന് ഇന്നത്തെ 32 ലേക്ക് ദൂരം വളരെ കുറവായിരുന്നു. ഇതിനിടയിലുള്ള കാലത്ത്,മനസ്സു തിളച്ച് നിന്ന സമയത്ത് ഉണ്ടായിരുന്ന പല വിചാരങ്ങളും അല്ല ഇന്ന്. പല അനുഭവങ്ങളും ജീവിതത്തിന് പുതിയ അർത്ഥം തരുന്നു. ലോകത്ത് ഏറ്റവും വ്യത്യസ്തമായത് അനുഭവം തന്നെയാണെന്ന് പാഠമാകുന്നു. ഞാൻ, ഇന്ന്,ഇപ്പോൾ, ഈ നിമിഷത്തിൽ അനുഭവിക്കുന്ന ഈ ലോകം അല്പനേരം കഴിഞ്ഞാൽ എനിക്ക് തന്നെ പിടി തരാത്ത ഒരു അത്ഭുതം ആയിരിക്കും. അനുഭവിച്ചറിയുമ്പോഴല്ലാതെ ഒന്നിന്റെയും വ്യാപ്തി ആർക്കും മനസ്സിലാവില്ല. Life is a momentary illusion. പണ്ടും അങ്ങനെ പറഞ്ഞത് ഞാൻ തന്നെ.

എന്റെ പലരും

 

ഒരു ദിവസം കുഞ്ഞിന്റെ മുടി പറ്റെ വെട്ടി. ഒന്നുരണ്ട് ദിവസം കഴിഞ്ഞ് അവളെന്തോ ഇംഗ്ലീഷ് വാക്ക് പറഞ്ഞപ്പോൾ പേരപ്പനെ ഓർമ്മ വന്നു. വെള്ളമടിച്ചു കഴിഞ്ഞാൽ പേരപ്പൻ മൊത്തം ഇംഗ്ലീഷ് ആയിരുന്നു. പേരപ്പന്റെ മുടിയും ഇതുപോലെ ആയിരുന്നു. പിന്നെ ഒരു ദിവസം കുഞ്ഞിരുന്ന് കറുമുറ എന്തോ തിന്നുകയായിരുന്നു. അന്നേരം അമ്മൂമ്മയെ ഓർമ്മ വന്നു. ആ ഒരു സ്വഭാവം ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഇടയ്ക്കിടയ്ക്ക് അറിയാതെ ഞാൻ അവളെ അമ്മൂമ്മയുടെ പേര് വിളിക്കും,അമ്മിണി എന്ന്.ആര് എന്ത് കഴിച്ചാലും കുഞ്ഞമ്മിണി അവരുടെയൊക്കെ പ്ലേറ്റിൽ വന്നു നോക്കും. അപ്പൊ എനിക്ക് അപ്പൂപ്പനെ ഓർമ്മവരും. പണ്ട്, അങ്ങനെ നോക്കാതിരിക്കാൻ, എത്രയോ തവണ പ്ലേറ്റും എടുത്ത് ഓടിയിരിക്കുന്നു. 

കുഞ്ഞിന്റെ ഓരോ പൊട്ടിലും പൊടിയിലും എനിക്കിഷ്ടമുണ്ടായിരുന്ന പലരെയും ഞാൻ കാണുന്നു. ഇടയ്ക്കൊക്കെ അവരോട് ക്ഷമ ചോദിക്കുന്നു, അറിയാതെ വേദനിപ്പിച്ചതിന്, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കാഞ്ഞതിന്.