Tuesday, 15 October 2024

അതുതാനല്ലയോ ഇത്

ഒരു വീട്ടിൽ രണ്ട് പട്ടിക്കുട്ടികൾ ഉണ്ടായിരുന്നു. രണ്ടും കാണാൻ ഏകദേശം ഒരു പോലെ ആയിരുന്നു. ഇതിന്റെ രണ്ടിന്റെയും പ്രധാന പണി എന്നു പറയുന്നത് രാവിലെ മുതൽ വൈകിട്ട് വരെ കളിച്ചു നടക്കുകയായിരുന്നു. വൈകിട്ട് ആകുമ്പോഴേക്ക് കളിച്ച്തളർന്ന് വീടിന്റെ മുന്നിൽ ഇങ്ങനെ നോക്കിയിരിക്കും രണ്ടുപേരും. അപ്പോഴേക്കും ജോലിക്ക് പോയ വീട്ടുകാരി പതുക്കെ ഗേറ്റും തുറന്ന് കടന്നു വരുന്നുണ്ടാവും. അവരുടെ നടപ്പിലും വരവിലും ആകെ ഒരു ക്ഷീണമായിരിക്കും. പക്ഷേ പട്ടിക്കുട്ടന്മാരുടെ ശ്രദ്ധയോ,അവരുടെ കയ്യിലുള്ള കവറിൽ ആയിരിക്കും. ഈ വീട്ടുകാരിയുടെ ക്ഷീണമൊന്നും അവര് വകവെക്കാറേയില്ല. വീട്ടുകാരി തളർന്ന് ഒരു ചായ കുടിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും പട്ടിക്കുട്ടന്മാർ കവറിലെ സാധനത്തിനുവേണ്ടി കടിപിടി തുടങ്ങിയിട്ടുണ്ടാവും. ഇതിനെ രണ്ടിനേം എവിടെങ്കിലും കൊണ്ട് കളഞ്ഞാലോ എന്നു വരെ വീട്ടുകാരി ആലോചിക്കാതിരുന്നില്ല. സഹികെട്ട് ചില ദിവസങ്ങളിലൊക്കെ വീട്ടുകാരി അതുങ്ങളെ വഴക്ക് പറഞ്ഞു . എന്നിട്ടും നന്നാവുന്നില്ല എന്ന് കാണുമ്പോൾ സ്വന്തം ദയനീയ സ്ഥിതി പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. ജോലിഭാരം കാരണം ചില ദിവസങ്ങളിൽ കവർ ഇല്ലാതെയും വീട്ടുകാരി വന്നിരുന്നു.അന്നൊക്കെ പട്ടിക്കുട്ടന്മാർ ക്ഷുഭിതരായി അവരോട് ചാടാനും കുരയ്ക്കാനും തുടങ്ങി. പിന്നല്ലാതെ, രാവിലെ മുതൽ വൈകിട്ട് വരെ കഷ്ടപ്പെട്ട് കളിച്ചു നടന്നതല്ലേ, വിശക്കില്ലേ. വീട്ടുകാരിക്ക് വെറുതെ ഓഫീസിൽപോയി ഇരുന്നാൽ മതിയല്ലോ. എന്തോ, ആ കവർ അവരുടെ അവകാശമാണെന്ന് പട്ടിക്കുട്ടന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഒന്നുരണ്ട് വർഷങ്ങൾക്കുശേഷം പട്ടിക്കുട്ടന്മാരെ വിധി മറ്റൊരു സ്ഥലത്തേക്ക് മാറ്റി , അവിടെ അവരെപ്പോലെ കടിപിടി കൂടുന്ന വേറെയും പട്ടിക്കുട്ടന്മാർ ഉണ്ടായിരുന്നു, പക്ഷേ ഇതുപോലെത്തെ വീട്ടുകാരി ഇല്ലായിരുന്നു. പകരം, പരുഷമായി സംസാരിക്കുന്ന, അളവിനുമാത്രം ഭക്ഷണം തരുന്ന ചില യജമാനന്മാർ ഉണ്ടായിരുന്നു. അവിടുത്തെ കുറച്ചു ദിവസത്തെ വാസംകൊണ്ട്തന്നെ പട്ടിക്കുട്ടന്മാർക്ക് ഒരു പതം വന്നു. പിന്നീടൊക്കെ വർഷത്തിൽ ഒന്നോരണ്ടോ തവണ വീട്ടുകാരിയുടെ അടുത്ത് തിരിച്ചെത്തുമ്പോഴേക്കും പട്ടിക്കുട്ടന്മാർ അവരോട് വളരെ സ്നേഹവും നന്ദിയുമുള്ളവരായി തീർന്നിരുന്നു. പട്ടിക്കുട്ടന്മാരിൽ ഒന്ന് ഞാൻ, മറ്റൊന്ന് ചേട്ടൻ. വീട്ടുകാരി- അമ്മ. വിധി എത്തിച്ചത് ബോർഡിങ് സ്കൂളിൽ.

No comments:

Post a Comment