പേടിച്ച് വിയർത്തു ഞെട്ടിയെണീറ്റു. അല്പം ബുദ്ധിമുട്ടി ശ്വാസം ഒക്കെ എടുത്ത് സ്വപ്നത്തിൽ കണ്ടത് എന്താണെന്ന് ചിന്തിച്ചു. പതിയെ ചെറുവിരൽ എടുത്ത് ഇടത് ചെവിയുടെ ഉള്ളിലേക്ക് ഇട്ടുനോക്കി. ഇല്ല അവിടെയെങ്ങും ഒന്നുമില്ല. സ്വപ്നം വിശ്വസിച്ച താൻ എന്തൊരു മണ്ടനാണെന്ന് കരുതി വലതുകയ്യുടെ ചെറുവിരൽ വലതു ചെവിയിൽ ഇട്ടു. അത്ഭുതപ്പെടുത്തിക്കൊണ്ട് എന്തോ തടഞ്ഞു. ഒന്ന് ഭയന്നു. വിറച്ചുകൊണ്ട് കണ്ണാടിയിൽ ചെന്ന് നോക്കി. ആകെ ഇരുട്ട് ഒന്നും കാണുന്നില്ല. ഫോണിന്റെ ക്യാമറ ഓൺ ആക്കി ഫ്ലാഷ് ഓൺ ചെയ്ത് ഫോട്ടോ എടുത്തു. സൂം ചെയ്തു നോക്കുമ്പോൾ കണ്ടു ഒരു ബട്ടൺ പോലെ ഒരു സാധനം, അതിന്റെ കൂടെ ഒരു പച്ച കളർ ഇൽ 1 എന്നും, തൊട്ടു താഴെയായി 30 - 40 വരെ എന്നും എഴുതിയിരിക്കുന്നു. തലപുകഞ്ഞിരുന്ന് ആലോചിച്ചു. ദൈവമേ എന്താണിത്, സ്വപ്നമാണോ. ശരിക്കും ഇങ്ങനെയൊന്നുണ്ടോ. ഇരുപത്തിരണ്ടാം വയസ്സിൽ ഞാൻ എന്തിനായിരിക്കും റീസെറ്റ് ബട്ടൺ ഞെക്കിയത്. തൊണ്ട വറ്റിവരളുന്നു. ഒരു ഗ്ലാസിൽ കുറച്ച് വെള്ളം എടുത്ത് കുടിച്ചു. നെഞ്ച് പൊട്ടുന്ന വേദനയും ഓക്കാനവും. അല്പസമയം എടുത്ത് അതൊന്ന് ശരിയായപ്പോഴേക്കും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു, റീസെറ്റ് ചെയ്തേ പറ്റൂ, എനിക്ക് സർജറി വേണ്ടിയിരുന്നില്ല. സർജറിക്ക് മുമ്പുള്ള വേദനയായിരുന്നു ഇതിലും ഭേദം. ദൈവമേ എന്ന് കണ്ണടച്ച് വിളിച്ചു. ചെവിക്കുള്ളിലേക്ക് പരമാവധി ചെറുവിരൽ എത്തിച്ച് ബട്ടണിൽ അമർത്തി. ഉറക്കം ഉണർന്നു, ചാടി എഴുന്നേറ്റു വയറ്റിലേക്ക് നോക്കി. തുന്നിക്കെട്ടിയ പാടുകൾ ഇല്ല. കണ്ണുകളെ വിശ്വസിക്കാനാവാതെ ഫോൺ എടുത്ത് ഡേറ്റ് നോക്കി. മുപ്പതാം തീയതി. സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. ഉറപ്പിക്കാൻ വേണ്ടി ചെവിക്കുള്ളിലെ ഫോട്ടോ ഒന്നുകൂടി എടുത്തു. ഇപ്പോൾ അതിൽ കാണുന്നത് ചുവപ്പ് കളർ ഉം പൂജ്യവും ആണ്. തൊട്ടുതാഴെ 30 - 40 വരെ എന്നെഴുതിയിരിക്കുന്നു. തീർച്ചയാക്കാൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് ആർത്തിയോടെ കുടിച്ചു. ഇല്ല, നെഞ്ചുവേദന ഇല്ല,വെള്ളം മുഴുവൻ ഇറങ്ങിപ്പോയി, ഒന്നും തിരികെ വരുന്നില്ല. കിട്ടിയ ഷർട്ടും പാന്റും വലിച്ചുകേറ്റി ഓടി. ചെന്ന് കയറിയ ബേക്കറിയിൽ നിന്ന് കണ്ണിൽ കണ്ടതെല്ലാം ആർത്തിയോടെ വാങ്ങി കഴിച്ചു. പഫ്സിനെയും മീറ്റ്റോളിനെയും നോക്കി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. കൊതിയോടെ ലൈം ജ്യൂസ് കുടിക്കുന്നതിനിടയിൽ മുഖത്തേക്ക് എവിടുന്നൊ വെള്ളം തെറിച്ചു. ഞെട്ടി ഉണരുമ്പോൾ അമ്മ നിക്കുന്നു അടുത്ത്. എന്താടാ എന്തുപറ്റിയെന്ന പരിഭ്രമിച്ച ചോദ്യം. വിയർത്തുകൊണ്ട് ചാടി എണീക്കുമ്പോൾ വയറ്റിൽ ഒരു വേദന. നോക്കുമ്പോൾ സർജറിയുടെ ആറു പാടുകളും അവിടെത്തന്നെയുണ്ട്. ധൃതിയിൽ ഫോൺ എടുത്തു നോക്കുമ്പോൾ ഡേറ്റ് അത് തന്നെ - 30. മരവിച്ച കൈയുമായി ചെവിയിൽ തൊട്ടുനോക്കുമ്പോൾ ബട്ടനില്ല. കണ്ണ് പൊത്തി കരയുന്നതിനിടയിൽ പ്രാർത്ഥിച്ചു, അതുപോലൊരു റീസെറ്റ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ.
Monday, 7 October 2024
റീസെറ്റ് ബട്ടൺ
24ആം തീയതി ആയിരുന്നു സർജറി. 26ന് വീട്ടിലെത്തി. വയറ്റിനുള്ളിലെ സർജറി ആയതിനാൽ ഒന്നും കുടിക്കാനോ കഴിക്കാനോ പറ്റാത്ത അവസ്ഥ. ഒരു കവിൾ വെള്ളം പോലും ഒറ്റയടിക്ക് കുടിച്ചാൽ, പിന്നെ കുറച്ചു നേരത്തേക്ക് ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥ. ഇന്ന് മുപ്പതാം തീയതി. എങ്ങനെയൊക്കെയോ പകൽ കിടന്നുറങ്ങി. ഉറക്കത്തിൽ ആരോ ചോദിക്കുന്നത് പോലെ തോന്നി - നിനക്ക് റീസെറ്റ് ബട്ടൻ ഉപയോഗിച്ചുകൂടെ, പത്തു കൊല്ലത്തിൽ ഒരിക്കല്‍ ഉള്ളത്. 20 വയസ്സിൽ തുടങ്ങിയ നിന്റെ ആദ്യത്തെ റീസെറ്റ് ബട്ടൺ നീ 22 ൽ തന്നെ ഉപയോഗിച്ച് തീർത്തു. ഇപ്പൊ നിനക്ക് 32, വേണമെങ്കിൽ മുപ്പതിൽ തുടങ്ങിയ നിന്റെ റീസെറ്റ് ബട്ടൺ നിനക്ക് ഇപ്പോ ഉപയോഗിക്കാം. ചെവിയുടെ ഉള്ളിലാണ് ബട്ടൺ എന്ന കാര്യം ഓർമ്മയുണ്ടാവുമല്ലോ.
Subscribe to:
Post Comments (Atom)
👌
ReplyDelete☺️
ReplyDelete