തൊട്ടപ്പുറത്തെ മേശയിൽ വന്ന ചൂട് ചായ കണ്ടപ്പോൾ നോക്കിയിരുന്നുപോയി, നല്ല ആവി പറക്കുന്ന സുന്ദരി ചായ .വർഷങ്ങളായി ചായ കുടിക്കാറില്ല. പക്ഷേ അന്ന് കൊതികൊണ്ട് ഒരു ചായ കുടിച്ചു. ആ ചായ ഒരുപാട് വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി. സ്കൂളിൽനിന്ന് കൊടൈക്കനാലിന് ടൂർ പോയ ദിവസങ്ങളിലേക്ക്. തണുത്തുറഞ്ഞ വെളുപ്പാൻ കാലം, കാല് മരവിച്ചുപോയ കൂട്ടുകാരൻ, അത് മസാജ് ചെയ്ത് ശരിയാക്കി കൊടുത്തത് , അതിരാവിലെ ഞങ്ങളുടെ മുന്നിൽ വന്ന സൈക്കിൾ വണ്ടി, അതിൽ നിന്ന് തീരെ ചെറിയ ഗ്ലാസിൽ ചായ വിൽക്കുന്ന ഒരു തമിഴ് അണ്ണൻ, ഹോ, മിൽക്ക്മെയ്ഡ് ചേർത്തപോലത്തെ നല്ല സൊയമ്പൻ ചായ, എല്ലാം പെട്ടെന്ന് മിന്നി മറഞ്ഞു. ഇന്ന്, അന്നത്തെ ചായയുടെ അതേ രുചി, അന്നിന്റെ അതേ തണുപ്പ്, എല്ലാം ഒരുമിച്ച് പെയ്തിറങ്ങിയത് പോലെ. മനസ്സിന്റെ വേഗം മറ്റൊന്നിനുമില്ല.
No comments:
Post a Comment