Tuesday, 22 October 2024

സ്പ്ലെൻഡർ

തോള്ചെന്ന് ഡെസ്ക്കിൽ ഒറ്റയിടി. കയ്യിൽ നിന്നും കുടുകുടാ ചോര ഒഴുകുന്നു. ചുറ്റും ആൾക്കൂട്ടം, ബഹളം. ആകെ ഒരു മങ്ങൽ. ടീച്ചറും ആയയുംകൂടെ വേഗം ജീപ്പിൽ കയറ്റുന്നു, ആശുപത്രി, നേഴ്സുമാർ,കയ്യിൽ കെട്ട്, ചിന്തിച്ചു തീരുന്നതിനുമുന്നേ ഇതെല്ലാം കഴിഞ്ഞു. 
 9 മണിക്കാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും ഏഴരമണിക്ക് സ്കൂളിൽ എത്തും. പിന്നെ ഓട്ടവും ചാട്ടവും ആണ്, അതും ജീപ്പിൽ ഒപ്പമുള്ള വലിയ ചേട്ടന്മാരുടെ കൂടെ. അങ്ങനെ ഒരു ഓട്ടത്തിനിടയ്ക്കാണ് സംഭവം. അവസാനത്തെ വരിയിൽ ഡെസ്ക് മാത്രമേ ഉള്ളൂ എന്ന് കണ്ടില്ല. ഓട്ടത്തിനിടയ്ക്ക് ചെന്ന് ഇടിക്കുമ്പോൾ എനിക്കും ഡെസ്കിനും ഒരേ ഉയരമാണെന്നും ശ്രദ്ധിച്ചില്ല. രണ്ടുപേരും വീണു.ഡെസ്ക്ക് എന്നെ പിടിക്കാൻ നോക്കിയതാണോ ഞാൻ ഡെസ്കിനെ പിടിക്കാൻ നോക്കിയതാണോ എന്ന് മനസ്സിലാകാത്ത രീതിയിൽ ദാ താഴെ. കൈയുടെ രണ്ട് വിരൽ ഡെസ്കിന് അടിയിൽ. ആരൊക്കെയോ വന്ന് ഡെസ്ക് പൊക്കി എടുക്കുമ്പോഴേക്കും ചോര ഒഴുകി തുടങ്ങിയിരുന്നു. കരഞ്ഞുവിളിക്കുന്നതിനിടയ്ക്ക് ആൾക്കൂട്ടത്തെ കണ്ടു. കൂട്ടത്തിൽ ചേട്ടനും ഉണ്ട്. നോക്കുമ്പോൾ എന്നെക്കാൾ വലിയവായിൽ അയാൾ നിന്ന് കരയുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഇതിന്റെ പഴികൂടെ കിട്ടുമോ എന്ന് കരുതിയിട്ടാണോ എന്ന് ഞാൻ സംശയിച്ചു. ആ ഒരു കൺഫ്യൂഷനിൽ എന്റെ കരച്ചിൽ നിന്നു. 
അന്നാണോ അതിന്റെ തലേന്നാണോ എന്ന് ഓർമയില്ല, അതേ ക്ലാസ്സിന്റെ ഉത്തരത്തിൽ ഒരു മൂങ്ങ തുറിച്ചുനോക്കി ഇരിപ്പുണ്ടാരുന്നു. ആ ഭീകരമായ കണ്ണുകൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകാണാം.

 ആശുപത്രിയിൽ നിന്നും നേരെ വീട്ടിലേക്ക് പോകും വഴി പ്രാർത്ഥിച്ചു " ദൈവമേ അച്ഛൻ തല്ലല്ലേ". വീട്ടിലെത്തി അമ്മയുടെ വക ആശംസകൾ ഏറ്റുവാങ്ങുന്നതിനിടയിൽ അച്ഛൻ വന്നുകേറി, കാലിൽ എന്തോ കെട്ടൊക്കെ ഉണ്ട്. ഒത്തി ഒത്തിയാണ് നടക്കുന്നത്. സ്പ്ലെൻഡറിന്റെ സൈലൻസറിൽ കൊണ്ട് കാല് പൊള്ളിയത്രെ, പാവം. രണ്ട് അപകടം ഒരേ ദിവസം ഒരേ വീട്ടിൽ. അതോടെ എന്റെ ഒറ്റപ്പെടൽ മാറി.

അന്ന് സ്പ്ലെൻഡർ രക്ഷിച്ചു. വിരലിന്റെ കെട്ടൊക്കെ അഴിച്ചെങ്കിലും കുറെ നാൾ കൈ പൊക്കിപ്പിടിച്ച്തന്നെ നടന്നു, സ്വയം ഒരു ഓർമ്മപ്പെടുത്തലിനുവേണ്ടി ആവണം.
 25 വർഷങ്ങൾക്കിപ്പുറം, ഇന്നും കൂടെയുള്ള ആ സ്പ്ലെൻഡർ അച്ഛന്റെ കാലിലെ പാട് കാണുമ്പോൾ ചിരിക്കും, അത് കാണുമ്പോൾ എന്റെ വിരലുകളിലെ രണ്ട് തൊപ്പികൾ സ്പ്ലെൻഡറിനെ നോക്കി കണ്ണിറുക്കി ചിരിക്കും.

2 comments:

  1. ഈ ബ്ലോഗില്‍ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് എന്തുകൊണ്ടോ ഇതാണ്‌. ഒരു അടുക്കും ചിട്ടയും വന്ന എഴുത്ത്,
    തന്റെ വെപ്രാളത്തോടെ ഉള്ള വീഴ്ചയെ ഡെസ്ക് ന്റെ കണ്ണിലൂടെ കൂടി കണ്ടപ്പോള്‍ ഒരു ചെറുകഥാകൃത്ത് ജനിച്ചിട്ടുണ്ട്. മുന്നോട്ട് മുന്നോട്ട്... വീണ്ടും മുന്നോട്ട്.

    ReplyDelete