Wednesday, 9 October 2024
മുൻവിധി
ഒരു കപ്പടാമീശക്കാരനും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു അവിടെ. മീശക്കാരൻ ചേട്ടൻ വന്നു, ഒരു വലിയ സൂചിയുമായി. കൈ ചുരുട്ടി മുന്നോട്ട് കാണിക്കുമ്പോ ഓർത്തു ആ പെൺകുട്ടികളിൽ ആരെങ്കിലും ആയിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ ഈ സൂചിയുടെ വേദന സഹിക്കാമായിരുന്നു എന്ന്. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു, സൂചി കയറിയിറങ്ങി അതിനു വേണ്ടത്ര ചോര കുടിച്ച് പോയി. ഒരു അത്ഭുതത്തോടെ ഞാൻ അയാളെ നോക്കി. എത്ര സമർത്ഥമായാണ് അയാൾ ചോരയെടുത്തത്. ആളുടെ പരുക്കൻ മുഖത്ത് നിത്യത്തൊഴിലിന്റെ ലാഘവവും മടുപ്പും. മടിച്ചാണെങ്കിലും ചോദിച്ചു, റിപ്പോർട്ട് കിട്ടാൻ എത്ര സമയമെടുക്കും. അയാൾ പറഞ്ഞു ' അയ്യോ അങ്ങനെ ചോദിച്ചാൽ, ഒരു മൂന്നു മണിക്കൂറൊക്കെ എടുക്കും, റിപ്പോർട്ട് നേരെ ഡോക്ടർക്ക് കിട്ടിക്കോളും '. ഇത്ര പരുഷമായ ഒരു രൂപത്തിൽനിന്ന് പ്രതീക്ഷിക്കാത്ത വളരെ സൗമ്യമായ മിതമായ മറുപടി. ആ ഒരുനിമിഷംകൊണ്ട് കപ്പടാമീശക്കാരന്റെ ക്രൗര്യമുള്ള മുഖത്തിന് ഒരു മയം വന്നപോലെ തോന്നി, മുൻവിധി കാറ്റിൽ പറന്ന്പോയി.
Subscribe to:
Post Comments (Atom)
No comments:
Post a Comment