Friday, 31 January 2025

സോളോ ട്രിപ്പ്- ഡേ 7- മടക്കം..

ആറുലക്ഷംമാത്രം ജനസംഖ്യയുള്ള സിക്കിമിൽനിന്ന് മൂന്നരക്കോടിയുടെ കേരളത്തിലേക്ക് യാത്രതിരിക്കേണ്ട സമയമായി. വെളുപ്പിന് അഞ്ചുമണിക്കുതന്നെ എണീറ്റു. ഓടിപ്പിടിച്ച് റെഡിയായി അഞ്ചരയായപ്പോഴേക്ക് ഹോട്ടലിനുമുന്നിൽ ബസ്സ്കാത്ത് നിന്നു. പല ഷെയർടാക്സികളും കടന്നുപോയി. ഇന്നെന്തായാലും ഇവിടുത്തെ ബസിലൊന്ന് കേറണമെന്ന് ഉറപ്പിച്ചിരുന്നു, അതുകൊണ്ട് ക്ഷമയോടെ കാത്തുനിന്നു. അല്പംകഴിഞ്ഞ് വന്ന ബസ് പകുതിവഴിവരെ ആക്കാമെന്നുപറഞ്ഞു. അതിൽ കയറി മുന്നിലെ ഒരു സീറ്റിൽത്തന്നെ ഇരുന്നു. എവിടൊക്കെയോ നട്ടും ബോൾട്ടും ഇളകിക്കിടക്കുന്നപോലെ ടകടകാന്ന് ഒച്ച കേൾക്കുന്നുണ്ട്. ഇതൊന്നും മൈൻഡാക്കാതെ കഥയൊക്കെ പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും നിത്യത്തൊഴിൽ ആസ്വദിക്കുന്നു. നല്ല മഞ്ഞുകാരണം ഗ്ലാസ്‌ മങ്ങുന്നുണ്ട്,അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടിനിർത്തി ഫ്രണ്ടിലെ ഗ്ലാസിൽ വെള്ളമൊക്കെ ഒഴിക്കുന്നുണ്ട്. ഇടയ്ക്കുവച്ച് നമ്മുടെ നാട്ടിലെപ്പോലെ വട്ടിയും കൊട്ടയുമൊക്കെയായി കുറച്ച് പണിക്കാർ കയറി. ടിക്കറ്റൊന്നും തരുന്നില്ല, ഇറങ്ങുന്നവരൊക്കെ ഡ്രൈവർ പറയുന്ന പൈസ കൊടുക്കുന്നു. അപ്പൊ ഡ്രൈവറും കണ്ടക്ടറുംകൂടെ ഈ പൈസ മുക്കിയാൽ ആരറിയും? സംശയം കത്തിനിന്നപ്പോഴാണ് ബസിനുള്ളിലെ ക്യാമറ കണ്ടത്. നേരം വെളുത്തുവരുന്നതേയുള്ളു,വഴിയിൽ പലയിടത്തും സ്ത്രീകൾ നിൽപ്പുണ്ട്. ഈ നാടിന്റെ പ്രത്യേകതകളിലൊന്ന് അതാണ്, സമത്വം. രാവെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ യഥേഷ്ടം റോഡിലുണ്ടാവും. ആരും മോശമായി കമന്റ്‌ പറയുകയോ വൃത്തികെട്ട രീതിയിൽ നോക്കുകയോ ചെയ്യുന്നത് കണ്ടില്ല, സൗമ്യരായ ജനത. ഇവിടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആകെ എൺപത്തിയാറുപേരെ ഉള്ളു, കേരളത്തിൽ അത് ഏണ്ണൂറ്റിയറുപതാണ്. ജനസാന്ദ്രതയുടെ കാര്യത്തിൽ നമ്മൾ ഒരുപാട് മുന്നിലാണ്. ഈ വൈരുദ്ധ്യത്തിന് കാരണമായി ഗൂഗിൾ പറയുന്നത് നമ്മുടെ നാട്ടിൽ നല്ല വളക്കൂറുള്ള മണ്ണും ജീവിക്കാൻ അനുയോജ്യമായ കാലാവസ്ഥയുമാണെന്നും ഇവിടെ നേരെ വിപരീതമാണെന്നുമാണ്. ജനങ്ങൾ ഏറ്റവുംകുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണല്ലോ സിക്കിം. അങ്ങനെ പലതുംചിന്തിച്ച് ഇറങ്ങേണ്ട സ്ഥലമെത്തി. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ഈ ബസ് ആർമിക്കുവേണ്ടിയുള്ള ഏതോ ഓട്ടത്തിലാണെന്ന്, അങ്ങനെ ബസിനുള്ളിൽ എഴുതിവരുന്നുണ്ട്. എന്റെ കണ്ടെത്തൽ ശരിയാണെന്ന് ഡ്രൈവറും സമ്മതിച്ചു, അവർ ആർമിയുടെ എന്തോ കാര്യത്തിന് പോവുകയാണ്. 
ഇറങ്ങിനിന്ന സ്ഥലത്ത് ഒരു ബംഗാളിപയ്യൻ നിൽപ്പുണ്ട്. ഞാൻ ഫോണിൽ ചെയ്യുന്നതൊക്കെ അവൻ ശ്രദ്ധിക്കുന്നു. പിന്നെ പതിയെ എവിടുന്നാണ് എങ്ങോട്ടാണെന്നൊക്കെ ചോദിച്ചു. വന്ന അടുത്ത ഷെയർടാക്സി അവൻ എനിക്കുവേണ്ടി കൈകാണിച്ചുനിർത്തി, എന്നിട്ട് അവൻതന്നെ വിലപേശി എനിക്കൊരു സീറ്റ്‌ വാങ്ങിത്തന്നു. നന്ദിയോടെ അവനൊരു ടാറ്റയും കൊടുത്ത് ഞാൻ സിലിഗുരിയിലേക്ക് യാത്രതുടങ്ങി. ഇത്തവണയും പിൻസീറ്റ്തന്നെ. പാതിയുറക്കത്തിൽ അവിടേം ഇവിടേം തലയിടിച്ച് ഞെട്ടിയുണർന്നു. ഗാങ്ടോക്ക്ന് പോയവഴിക്ക് കണ്ട കാഴ്ചകളിൽ ചിലതൊക്കെ ഈ തിരിച്ചുള്ള യാത്രയിൽ തിരിച്ചറിഞ്ഞു. ഒന്നുരണ്ട് ദിവസംകൊണ്ട് കുറേയൊക്കെ പരിചയമായി ഈ സ്ഥലങ്ങൾ. പരിചയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഗാങ്ടോക്കിലെ ഫേമസായ എംജി മാർക്കറ്റിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലും പോയതും അവിടുത്തെ പല ഊടുവഴികളും മാപ്പിന്റെ സഹായമില്ലാതെ പരീക്ഷിക്കാൻ ധൈര്യപ്പെട്ടതും ഓർമവന്നത്. ഒരുദിവസം പുതിയൊരു ഊടുവഴി പരീക്ഷിച്ച്, കുറേ സ്റ്റെപ്പിറങ്ങി അങ്ങ് താഴെ എത്തിയപ്പോഴാണ് അവിടം അടച്ച് ഗ്രിൽ ഇട്ടേക്കുന്നത് കണ്ടത്. അങ്ങനെ ആ സ്റ്റെപ് മുഴുവൻ തിരിച്ചുകയറി വേറൊരു വഴി പരീക്ഷിക്കേണ്ടിവന്നിരുന്നു.
പച്ചനിറമുള്ള നദി എന്റെകൂടെ ഒഴുകിവരുന്നുണ്ട്. വെള്ളത്തിന്റെ അളവ് കുറച്ച് കുറഞ്ഞപോലെ. 
സിലിഗുരി എത്തി. ഓട്ടോക്കാർ പിറകേ കൂടി. എനിക്കിന്ന് പോകേണ്ടത് ബാഗ്ദോഗ്ര എയർപോർട്ടിലേക്കാണ്. തിരികെയുള്ള യാത്ര ഫ്ലൈറ്റിലാക്കി. എപ്പോഴും ഒരു ടൂറിന് വരുന്ന വഴിക്ക് എത്ര ത്യാഗംസഹിച്ചാലും കുഴപ്പമില്ല, നമ്മൾ ഫുൾ പോസിറ്റീവ് ആരിക്കും, പക്ഷേ തിരിച്ച് യാത്ര കഠിനമായാൽ നന്നായി പാടുപെടും, ഒന്നാമതേ പാതിമനസ്സോടെയായിരിക്കും ടൂർകഴിഞ്ഞ് പോകുന്നത്. പൈസ ചിലവാക്കാൻ മടിയില്ലാത്തവർക്കുവേണ്ടി ഈ ലോകം ഒരേസമയം വലുതും ചെറുതുമാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. വലുതാകും ഇൻ ദ സെൻസ് - നമ്മുടെ ചുറ്റുവട്ടം മാത്രമല്ല ലോകത്തിന്റെ ഒരുപാട് ഭാഗത്തേക്ക് യാത്രചെയ്യാൻ പറ്റും. ചെറുതാകുമെന്ന് ഉദ്ദേശിച്ചത് സമയം. ഇന്ന് ഞാൻ തിരികെവരാനെടുത്ത അഞ്ചുമണിക്കൂറിനുപകരം വേണമെങ്കിലെനിക്ക് അരമണിക്കൂറിൽ വരാമായിരുന്നു, ഹെലികോപ്റ്ററിൽ. 

എന്തായാലും ഓട്ടോക്കാരുടെ നിർബന്ധത്തിന് നിക്കാതെ ഞാൻ ഭക്ഷണം കഴിക്കാൻ ഒരു ചെറിയ കടയിൽ കയറി. നല്ല ഒന്നാന്തരം പൂരി വറുത്തുകോരുന്നു. അതുതന്നെ പറഞ്ഞു. പൂരി കഴിക്കുമ്പോൾ രുചിയാണെങ്കിലും അത് കഴിയുമ്പോൾ നല്ലപോലെ നെഞ്ച് എരിയാറുണ്ട്. ഇന്ന് ഇത് കഴിക്കണോ എന്ന് ഒരുവട്ടംകൂടെ ആലോചിച്ചു. പിന്നെ ഓർത്തു ഏതായാലും ടൂറിന്റെ ലാസ്റ്റ് ദിവസമല്ലേ കുഴപ്പമൊന്നും വരില്ല, വന്നാലും പ്രശ്നമില്ല എന്ന്.
കഴിച്ചുകഴിഞ്ഞ് ഒരു കടയിൽ കയറി, അയാൾ കട തുറക്കുന്നേ ഉള്ളാരുന്നു. അയാളുടെ ഇന്നത്തെ കണിയും കൈനീട്ടവും ഞാനാണ്, എന്തായാലും അത് മോശമായില്ല. അവിടുന്നും കുറച്ച് ലൊട്ടുലൊടുക്ക് ഐറ്റംസ് വാങ്ങി, ലേശം കൂടിപ്പോകുന്നുണ്ടോ എന്നൊരു ഡൗട്ട്. 
ബംഗാളിന്റെ മണമുള്ളൊരു ബസിൽകയറി ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് യാത്രതുടങ്ങി. ഡ്രൈവറും കണ്ടക്ടറുമൊക്കെ നമ്മൾ സിനിമകളിൽകണ്ടിട്ടുള്ളപോലെ ഒരു ബംഗാളിസ്വെറ്ററും മഫ്ലറുമിട്ടവർ. വെളിയിൽകണ്ടതുവച്ചുനോക്കുമ്പോൾ ബസിന്റെ ഉൾവശം ഭേദമാണ്. എങ്കിലും വണ്ടിക്കുള്ളിൽ മുറുക്കാനിന്റെയും പാൻപരാഗിന്റെയും രൂക്ഷഗന്ധം. ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നവർ സ്ത്രീകളെ മോശമായി നോക്കുകയും അടുത്തുനിൽക്കുന്നയാളോട് വഷളമായ ആംഗ്യം കാണിച്ച് കമന്റ്‌ ചെയ്യുന്നുമുണ്ട്. സിക്കിം എത്ര നല്ലതായിരുന്നു. ഇവിടെ വഴിനീളെ വേസ്റ്റുകൾ, ഇടയ്ക്കിടയ്ക്ക് വെളിയിലോട്ട് തുപ്പിക്കൊണ്ടിരിക്കുന്ന സഹയാത്രികർ, ആകെ പൊടിപിടിച്ച റോഡ്, അതിന് അടുത്തുതന്നെ പൊടിപിടിച്ച്മങ്ങിയ വിവേകാനന്ദനും ബുദ്ധനുമെല്ലാം. പൂരിയുടെ ആഫ്റ്റർ എഫക്റ്റും ചുറ്റുമുള്ള വൃത്തികേടുകളും എല്ലാംകൂടി ആകെ വയറ്റിനുള്ളിലാണ് ബാധിച്ചതെന്ന് തോന്നുന്നു. ഉരുണ്ടുകയറാൻ തുടങ്ങി. കഴിക്കണ്ടാരുന്നു പണ്ടാരം. പലതവണ ഓക്കാനം വന്നു, തൊണ്ടയുടെ താഴെ ഫുഡ്‌പൈപ്പിൽ ഏതോ വാൽവുണ്ടെന്ന് ഫീൽ ആകുന്നു. അത് ഏതുനിമിഷവും തുറക്കുമെന്ന് ഒരു തോന്നൽ. ഭാഗ്യവശാൽ ശർദിച്ചില്ല. എയർപോർട്ടിനുള്ള സ്റ്റോപ്പെത്തി. അവിടുന്ന് ഓട്ടോക്കാരൻ നൂറുരൂപ ആകുമെന്നുപറഞ്ഞു. നടന്നാലോ എന്ന് മാപ്പ് നോക്കാൻതുടങ്ങിയപ്പോ അയാൾ വേറൊരാളെയുംകൂട്ടി ഷെയർ ഓട്ടോ ആക്കാമെന്നുപറഞ്ഞു. അങ്ങനെ അൻപതുരൂപക്ക് കരാറായി. നടക്കാഞ്ഞത് നന്നായി, അത്യാവശ്യം ദൂരമുണ്ട് എയർപോർട്ടിലോട്ട്. യാത്രക്കിടയിലാണ് ശ്രദ്ധിച്ചത് ആ ഓട്ടോയ്‌ക്കോ വെളിയിൽ കാണുന്ന മറ്റേതൊരു ഓട്ടോയ്‌ക്കോ ബായ്ക്കിൽ ഡോർ ഇല്ല. അതുകൊണ്ട് ആളുകൾക്ക് രണ്ടുസൈഡിൽകൂടിയും കയറുകയോ ഇറങ്ങുകയോ ചെയ്യാം. നമ്മളുടെ ഓട്ടോകൾക്ക് എന്തിനാവും ബായ്ക്കിലൊരു ഡോർ ? 
എയർപോർട്ടിലെത്തി. ഞാൻ ഒരുപാട് നേരത്തെയാണ്. കുറേനേരം വെളിയിലിരുന്നു. പിന്നെ അകത്തുകടന്ന് സെക്യൂരിറ്റി ചെക്ക്ന് കാത്ത് പിന്നെയും കുറേനേരമിരുന്നു. പ്ലെയിനാണെങ്കിൽ സമയം അധികം പോകില്ലല്ലോ എന്ന് ഓർത്തത് തെറ്റായിപ്പോയി. അതിനുവേണ്ടിയുള്ള യാത്രയും കാത്തിരിപ്പുംതന്നെ പകുതിദിവസം കളയും. പിന്നെ അതിനുള്ളിലുള്ള യാത്രയും കണക്ഷൻ ഫ്ലൈറ്റുംകൂടെ ചേർത്താൽ ഒരുദിവസം സ്വാഹാ. 
എയർപോർട്ടിനുള്ളിൽ ബോറടിച്ചിരുന്നസമയത്ത് ഫയർ അലാറം മുഴങ്ങി. അത് കണ്ടുനിന്ന പട്ടാളക്കാരനുപോലും സംശയം എന്തുചെയ്യണമെന്ന്. ആളുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആർക്കുമറിയില്ല ഇങ്ങനെയൊക്കെ ഒരു എമർജൻസി വന്നാൽ എന്തുചെയ്യണമെന്ന്. എന്നെപ്പോലെതന്നെ എല്ലാവരും കരുതിയിട്ടുണ്ടാവും ആരെങ്കിലും സിഗററ്റ് വലിച്ചതിന്റെയാരിക്കുമെന്ന്. ഇതാണ് നമ്മുടെ അവസ്ഥ. എന്തെങ്കിലുമൊരു അത്യാഹിതം സംഭവിച്ചാൽ എന്തുചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും മിഴിച്ചുനിൽക്കും. ഇനിയും ലെവൽ മാറിയാൽ പരക്കംപായും. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഇനി ഒരുമണിക്കൂറെ സമയമുള്ളൂ ഫ്ലൈറ്റിന്,ഗേറ്റ്നമ്പറൊന്നും ഇതുവരെ ആയിട്ടില്ല. അവിടെ കണ്ട ഒരു സെക്യൂരിറ്റി ഓഫീസറോട് കാര്യം പറഞ്ഞു, ചെക്കിൻചെയ്ത് അകത്തുകയറിയിരിക്കാൻ അദ്ദേഹം പറഞ്ഞു. വരിനിന്ന് അകത്തോട്ടു കയറി. ആകെ ഒരു ഓർഡറില്ലായ്മ, പലരും ഇവിടെപ്പോലും വരിതെറ്റിച്ചൊക്കെ കയറുന്നുണ്ട്. അതിനിടക്ക് പോലീസ്‌കാരൻ ഞങ്ങടെ വരിയിൽനിന്ന് സ്ത്രീകൾമാത്രം സെപ്പറേറ്റ് ആവാൻ പറഞ്ഞു, പിന്നെ പേഴ്സ് ചാർജർ തുടങ്ങിയ സാധനങ്ങൾ ഒരു ട്രേയിൽ ഇടാനുള്ള നിർദേശം . അവിടെ ആകെ ഒരു പുകിലാണ്. ട്രേകൾ കുറവ്, ഉള്ള ട്രേയ്ക്ക് പിടിവലി, അതെടുക്കണമെങ്കിൽ രണ്ടുപേരുടെ മേലെക്കൂടെ ചാടിയാലേ പറ്റൂ, അങ്ങനെയങ്ങനെ മൊത്തം അലങ്കോലം. ഷൂ സെപ്പറേറ്റായിട്ട് ഒരു ട്രേയിലിടണം. ജാക്കറ്റിന്റെ കാര്യം ചോദിച്ചപ്പോ അത് ദേഹത്ത് കിടന്നോട്ടെ, തുറന്നിട്ടാൽമതിയെന്ന് പറഞ്ഞു, ചെക്ക് ചെയ്യാൻ സെക്യൂരിറ്റിടെ അടുത്തെത്തിയപ്പോൾ ജാക്കറ്റ് വേറെ ട്രേയിലിട്ട് ഒന്നൂടെ പുറകിൽപോയിനിക്കാൻപറഞ്ഞു, മൊത്തത്തിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്. എല്ലാം കഴിഞ്ഞ് അപ്പുറം കടന്നപ്പോ ബാഗ് അവർ മാറ്റിവച്ചേക്കുന്നു. കാര്യം ചോദിച്ചപ്പോ തുറന്നുകാണിക്കാൻ പറഞ്ഞു. സിക്കിമിൽനിന്ന് വാങ്ങിയ ലൊട്ടുലൊടുക്ക് ഐറ്റംസ് എല്ലാം ആദ്യംമുതൽ പുറത്തെടുത്തുകാണിച്ചു. ബാഗ് ഒന്നൂടെ ചെക്ക് ചെയ്തിട്ട് വന്നപ്പോ ഫുഡ്‌ ഐറ്റംസ് ഉണ്ടോ എന്നായി, അതും മാറ്റിയിട്ട് വീണ്ടും ചെക്കിങ്. ഇതെല്ലാം അലവ്ഡ് ആണെന്ന് സൈറ്റിൽ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അലവ്ഡ് ആണ് പക്ഷേ എല്ലാം കാണണമെന്ന് പറഞ്ഞു. അവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇങ്ങനൊക്കെ ചെയ്യുന്നതുകൊണ്ട് ഒരുപരിധിവരെ അവർ നമ്മളെ രക്ഷിക്കുന്നു. ഇതിലും ലൂപ്പ്‌ഹോൾസ് ഉണ്ട്, ചെക്ക് ചെയ്യുന്നവരും പണിയെടുത്തുതളരുന്നു, അപ്പോൾ മിസ്റ്റേക്ക് ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഈ ചെക്കിങ് കഴിഞ്ഞ് അപ്പുറം കടക്കുമ്പോഴേക്കും ആകെ അവശനായി, വയസ്സായവരൊക്കെ ഒരുപാടധികം പാടുപെടുന്നുണ്ട്. ഒന്നും പുറത്തെടുക്കാതെ ചെക്ക്ചെയ്യാനുള്ള സംവിധാനങ്ങളൊക്കെ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇതുവച്ച് നോക്കുമ്പോ ട്രെയിനാണ് ഭേദം, ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എക്സ്‌ഹോസ്റ്റഡായി ടോയ്‌ലെറ്റിലേക്ക് പോയി. യൂറോപ്യൻ ക്ലോസെറ്റിന്റെ സീറ്റിലൊക്കെ മൂത്രം. ആണുങ്ങൾ ഏത് കാലത്ത് നന്നാവുമോ എന്തോ. ഇരുന്നൊഴിച്ചാൽ സീറ്റ്‌ വൃത്തികേടാവാതെ സൂക്ഷിക്കാമല്ലോ. പെണ്ണുങ്ങൾക്ക് ആവുമെങ്കിൽപിന്നെ ആണുങ്ങൾക്കെന്ത്കൊണ്ട് വൃത്തിയായി ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻപറ്റുന്നില്ല. കഷ്ടം. അമർഷത്തോടെ പ്ലെയിനിന്റെ ഗേറ്റ് നോക്കി കാത്തിരുന്നു. രണ്ടേകാലിനു പുറപ്പെടേണ്ട പ്ലെയിനിന്റെ ഗേറ്റ് രണ്ടുമണി ആയപ്പോഴാണ് അനൗൺസ് ചെയ്തത്. പറഞ്ഞ ഗേറ്റിൽ ചെന്നപ്പോൾ നീണ്ട ക്യൂ, സോറി നീണ്ടതല്ല പരന്ന ക്യൂ, അതാണല്ലോ നമ്മുടെ അച്ചടക്കം.

ഇരുപതുമിനിറ്റ്ലേറ്റായി ഫ്ലൈറ്റെടുത്തു. ഒരു താല്പര്യോമില്ലാത്ത ആളുകളുടെമുന്നിൽ എന്തേലും പ്രോഗ്രാം അവതരിപ്പിക്കുന്നത് ആലോചിച്ചുനോക്കൂ, ആ അവസ്ഥയിലാരുന്നു ക്യാബിൻ ക്രൂ. അച്ചടക്കമില്ലാത്ത, ഒന്നും ശ്രദ്ധിക്കാത്ത പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചറിനെപ്പോലെ ആ ലേഡി അവരുടെ കടമയായ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് അഭിനയിച്ചു. ഇടയ്ക്ക്, ഫോട്ടോ എടുത്ത കുട്ടിയെ ശകാരിച്ചു, ഡസ്റ്റർ എറിഞ്ഞില്ലെന്നുമാത്രം.
ജനലിലൂടെ മേഘങ്ങൾ കണ്ടപ്പോൾ സീറോപോയിന്റിൽ കണ്ട ഐസിനെ ഞാൻ മിസ്സ്‌ചെയ്തു.എല്ലാം മുൻപേതോജന്മത്തിൽ കഴിഞ്ഞുപോയതുപോലെ, നശ്വരം, നൈമിഷികം.

Thursday, 30 January 2025

സോളോ ട്രിപ്പ്- ഡേ 6 - നാ ഥു ലാ പാസ്.

ഇന്ന് ഏഴരയാവുമ്പോൾ ടാക്സിസ്റ്റാൻഡിലെത്തണമായിരുന്നു. എണീറ്റുവന്നപ്പോഴേക്കും ആറേമുക്കാൽ കഴിഞ്ഞു. ഏകദേശം ഒരു പതിനഞ്ചിരുപത് മിനിറ്റ് യാത്രയുണ്ട് സ്റ്റാൻഡിലേക്ക്. പക്ഷേ ഇന്നെന്തോ ഭയങ്കര കോൺഫിഡൻസായിരുന്നു. ഇന്നലെ പോയി അനുഭവമുള്ളതുകൊണ്ട് എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അറിവൊരു വലിയ ബലംതന്നെയാണല്ലോ.പെട്ടെന്ന് തന്നെ റെഡിയായി, എനിക്ക് എന്നെപ്പറ്റിത്തന്നെ ചെറിയ അഭിമാനമൊക്കെ തോന്നി. രണ്ട്സ്പൂൺ പീനട്ട്ബട്ടർ കഴിച്ചു, ഇറങ്ങി. ഇന്നലെ പോയി ഷെയർടാക്സി പിടിച്ച അതേ സ്ഥലത്തേക്കാണ് ഇന്നും പോകേണ്ടത്. അവിടെ എത്താൻ രണ്ട് വണ്ടികൾ മാറി കേറി പോയാൽ വലിയ പൈസച്ചെലവില്ലാതെ പോകാം. പക്ഷേ സ്ഥിരം ടൂറിസ്റ്റ്സ്പോട്ടുകളിലുള്ള ഡ്രൈവർമാരെപോലെതന്നെ, നിർത്തിയ വണ്ടിക്കാരൻ പറഞ്ഞു ഇത്രരൂപ അധികം തന്നാൽ അങ്ങോട്ട് ഡയറക്ടായി കൊണ്ടുവിടാമെന്ന്. ഇന്ന് പക്ഷേ ഇന്നലത്തെപ്പോലെയല്ല,എനിക്ക് സ്ഥലമൊക്കെ പരിചയമുണ്ടല്ലോ, 200 വേണമെന്ന് പറഞ്ഞ ആളോട്,വേണ്ട വഴിയിൽ പകുതിക്ക് ഇറക്കിവിട്ടോ എന്ന് ഞാൻ കട്ടായം പറഞ്ഞു. അവസാനം അയാൾ 180 വേണമെന്നായി. പറ്റില്ല, ഞാൻ വേറെ വണ്ടിക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു. എന്റെ കോൺഫിഡൻസ് അയാൾക്കും ബോധ്യമായി. ഒടുവിൽ 150 രൂപയ്ക്ക് പോകാമെന്ന് സമ്മതിച്ചു. ഷെയർടാക്സി ഉള്ള സ്ഥലത്ത്നിന്ന് വണ്ടി പുറപ്പെടാൻ ഇനി അധികം സമയമില്ലതാനും. അതുകൊണ്ട് കൂടുതൽ സാഹസത്തിനുമുതിരാതെ അയാളോട് അങ്ങോട്ട് കൊണ്ടാക്കാൻ പറഞ്ഞു. 
ഇന്നും പതിവുപോലെ ഞാൻതന്നെ ആദ്യമെത്തി. ഇനി മറ്റുള്ളവർ വന്ന് ആടിത്തൂങ്ങി വണ്ടിയെടുക്കുമ്പോഴേക്കും ഒരു സമയമാവുമെന്ന് ബോധ്യമായി. അതുകൊണ്ട് ഇന്നലെ കട്ടൻചായകുടിച്ച അതേകടയിൽ വീണ്ടും കയറി. ഇന്ന് മാഗിയും കട്ടൻചായയും പറഞ്ഞു. നമ്മൾ എതിർക്കുന്ന പലതും ശക്തിയായി നമ്മളെ തേടി തിരിച്ചുവരുമെന്നുള്ളതിന്റെ ഉദാഹരണമാണ് മാഗി എന്നെ തേടിത്തേടി വരുന്നത്.
എന്റെകൂടെ ഷെയർടാക്സിയിൽ ഒരു ഫാമിലി കയറിയിട്ടുണ്ട്. ഇന്നും വണ്ടി ബൊലേറോ ആണ്. ഈ വണ്ടിക്കും ഹാൻഡ്‌ബ്രേക്ക് ഇല്ല എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല, അതും ഇത്രയും കുത്തനെയുള്ള കയറ്റത്തിലും ഇറക്കത്തിലും പയറ്റേണ്ട വണ്ടി.
ആട്ട്ജന്നോ ദൂജന്നോ ഹോവേ, ഹുണ്ടാ, ആബോച്ചേ ജാൽട്ട ബോടേതുതോ തുമീ, തുമി കിന്തു, ചലോച്ചെ രാഹാ, ഹസ്തേ ഹസ്തേ, അങ്ങനെ എന്തൊക്കെയോ ബംഗാളി, പാലി തുടങ്ങിയ ഭാഷകൾ ഒഴുകിക്കൊണ്ടേയിരുന്നു വണ്ടിക്കുള്ളിൽ. എന്റെ ചെവി കരുതുന്നത് എന്തോ പാട്ട് കേൾക്കുകയാണെന്നാണ്. ഒരു മുഴുനീള സെന്റെൻസ്കൂടെ ഞാൻ നോട്ട്ചെയ്തിരുന്നു, പക്ഷേ ഫോണിലെ ഓട്ടോകറക്റ്റ് അത് തിരുത്തി വേറെ ഏതോ ഭാഷയാക്കിയിട്ട് എന്നോട് ചോദിച്ചു ഇതല്ലേ കുറച്ചൂടെ സൂപ്പറെന്ന്. ചവിട്ടിക്കൂട്ടണമെന്നുണ്ടാരുന്നു, പിന്നെ ഫോണില്ലെങ്കിൽ പെട്ടുപോകും എന്നുള്ളതുകൊണ്ട് അവനെ ഞാൻ വെറുതെവിട്ടു. 
ഒറ്റയാൾപ്പട്ടാളമായതുകൊണ്ട് ഇന്നും പിന്നിലിരിക്കാൻ പറഞ്ഞു. ഏതായാലും നാല് കൂട്ടുകാർക്ക് ഒരുമിച്ചിരിക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ എനിക്ക് നടുവിലത്തെ സീറ്റിലേക്ക് സ്ഥാനക്കയറ്റംകിട്ടി.
പോകുന്നവഴിക്ക് പട്ടാളത്തിന്റെ സർവധർമസ്തൽ എന്ന സർവമത ആരാധനാലയംകണ്ടു. സർക്കാർ മുൻകയ്യെടുത്ത് ഇന്ത്യമുഴുവൻ അങ്ങനെയുള്ള ആരാധനാസ്ഥലങ്ങൾ ആക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അങ്ങനെയേ തീർക്കാൻ പറ്റൂ നമ്മുടെ നാനാത്വം. 
ഇന്നെന്തായാലും വണ്ടിയിൽ കൂടെയുള്ള പയ്യന്മാർ ബ്ലൂറ്റൂത്ത് കണക്ട്ചെയ്ത് പുതിയപുതിയ ഹിന്ദിപ്പാട്ടുകൾ ഇട്ടു. നല്ല പാട്ടുകളും നല്ല കാഴ്ചയും, എന്ത് മനോഹരമായ കോമ്പിനേഷൻ. 
മുന്നോട്ട് പോകുംതോറും മഞ്ഞുകൊണ്ട് റോഡ് തീരെ കാണുന്നില്ല. പണ്ട് ഉത്തർപ്രദേശിൽ പഠിക്കാൻപോയപ്പോൾ ഒരേയൊരുതവണ അനുഭവിച്ച ഇതേ അവസ്ഥ ഓർമവന്നു. അന്ന് മുന്നിലുള്ള ആളുകളെ കാണാൻപറ്റാതെ കയ്യിലൊരു സ്റ്റീൽപ്ലേറ്റുംപിടിച്ച് ഭക്ഷണത്തിന് മെസ്സിലോട്ട് നടന്ന ഓർമ്മ. 
റോഡിൽ ഇടക്കിടക്ക് പട്ടാളക്കാർ നിൽപ്പുണ്ട്, തണുപ്പും കാറ്റും സഹിച്ച് നമുക്കുവേണ്ടി വെയിലുകൊള്ളുന്നവർ. 
യാത്ര ചെയ്തുചെയ്ത് സോളോ അവസ്ഥ ഇഷ്ടപ്പെട്ടുതുടങ്ങി ഞാൻ, പക്ഷേ അപ്പോഴേക്കും യാത്ര തീരാറായി, ജീവിതംപോലെതന്നെ. മഞ്ഞുമൂടിയ മലനിരകളെനോക്കി വെറുതേയൊന്ന് ചിരിച്ചു, ഇനി ഒരുപക്ഷേ ഒരിക്കലും കാണില്ലല്ലോ എന്ന തിരിച്ചറിവോടെ. 
ഭക്ഷണം കഴിക്കാൻ നിർത്തി. വീണ്ടും മാഗിതന്നെ പറഞ്ഞു, ഇത്തവണ എന്തേലുമൊരു വ്യത്യാസംവേണ്ടേ എന്നുകരുതി അതിൽ ഒരു മുട്ടയുംകൂടെ ഇട്ടോളാൻ പറഞ്ഞു. ഇത്രേം രുചിയോടെ മാഗി കഴിച്ചിട്ടേയില്ല. കടയിൽ കൂടെയിരുന്ന ആൾ പരിചയപ്പെട്ടു, പുള്ളിക്കാരൻ ഗോൾഡൻ റോക്കിൽനിന്ന് വരികയാണത്രേ. മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ ആൾ പറഞ്ഞു തമിഴ്നാട്ടിൽനിന്ന് വരികയാണെന്ന്. നെറ്റിൽ സെർച്ച് ചെയ്തുനോക്കിയപ്പോൾ മനസ്സിലായി തിരുച്ചിറപ്പള്ളിയിലെ കുറച്ചു സ്ഥലങ്ങൾക്ക് അങ്ങനെയൊരു പേരുണ്ടെന്ന്, യാത്രയിൽ കിട്ടുന്ന പുതിയ അറിവുകൾ. 
പോയതെല്ലാം ഒരുപാട് തണുപ്പുള്ള സ്ഥലമായതുകൊണ്ട്തന്നെ വെള്ളംകുടി തീരെ കുറവാണ്. ഒന്നു മൂത്രമൊഴിക്കണമെങ്കിൽപോലും പല ലെയർ തുണിമാറ്റണം, അതോർക്കുമ്പോൾ വെള്ളംകുടി പിന്നെയും കുറയും. മൂത്രമൊഴിച്ചാലോ അതിന്റെകൂടെയും പുക, തണുപ്പുള്ള സ്ഥലത്തിന്റെ ഓരോരോ കുസൃതികൾ.
യാത്ര തുടർന്നപ്പോൾ ഒരു ബംഗാളിപ്പാട്ട് പ്ലേയായി. ഇന്നു കൂടെയുള്ള ബാക്കി എട്ടുപേരും ബംഗാളികളായതുകൊണ്ട് അവരെല്ലാം ഒരുമിച്ച് ഏറ്റുപാടി, അതൊരു നല്ല അനുഭവമായിരുന്നു. ആ ഷോണ കേനോ ബാഷോണ എന്ന് തുടങ്ങുന്ന ആ പാട്ട് ഡൗൺലോഡ് ചെയ്യണമെന്ന് മനസ്സിൽ കുറിച്ചിട്ടു, ഇനി എന്നെങ്കിലും ആ പാട്ട് പ്ലേ ആകുമ്പോൾ ഈ യാത്ര ഓർമ്മിക്കാമല്ലോ. 
വഴികളിൽ പലയിടത്തും ബോർഡർ റോഡ് ഓർഗനൈസേഷൻ നല്ലനല്ല ക്വോട്ടുകൾ എഴുതിവച്ചിട്ടുണ്ട്, ഉദാഹരണത്തിന് ' ഐ വാസ് ആൻ അതീസ്റ്റ് ടില്‍ ഐ മെറ്റ് ദ ഗോഡ് ഓഫ് വാർ, ഡോണ്ട് ബി ഗാമ ഇൻ ദ ലാൻഡ് ഓഫ് ലാമ തുടങ്ങിയവ.

അങ്ങനെ ലൈഫിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച നാഥുലാപാസ് എത്തി. വണ്ടി അങ്ങേയറ്റംവരെ പോകില്ല, അരകിലോമീറ്റർ മുകളിലേക്ക് നടക്കണം. നടന്നുതുടങ്ങിയപ്പോൾ കാറ്റിന്റെ ശൗര്യം മനസ്സിലായി. സ്റ്റെപ്പുകൾ കയറുംതോറും പലരും വഴിയിൽ തളർന്നിരിക്കുന്നതൊക്കെ കണ്ടു, ചിലരൊക്കെ ഓക്സിജൻസിലിണ്ടർ ഉപയോഗിക്കുന്നുണ്ട്. ഇത്ര തണുപ്പുള്ള കാറ്റിനെ മുൻപ് അറിഞ്ഞിട്ടില്ല, സ്റ്റെപ്പിനുമുകളിലുള്ള തകരഷീറ്റുകൾ കടകടാ ശബ്ദമുണ്ടാക്കി പറന്നുപോകാൻ റെഡിയാകുന്നു. അസ്സഹനീയമായ തണുപ്പ് ചെവിയിൽ അടിച്ചുകയറുന്നു. രണ്ട്‌ ഗ്ലൗസിട്ട കൈകൾകൊണ്ട് ചെവി പൊത്തിപ്പിടിച്ച് മുകളിലേക്ക് നടന്നു. മഫ്ലർ, അതിനുമുകളിൽ ഹുഡ്, അതിനുംചുറ്റും ഇപ്പോൾ ഗ്ലൗസിട്ട കൈകളും, ഇത്രയൊക്കെയായിട്ടും കാറ്റിനെ തടയാനാവുന്നില്ല.വഴിയിൽ പലയിടത്തും ഫോട്ടോഗ്രഫി പ്രോഹിബിറ്റഡ് എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ടാവും എല്ലാരും ഒളിഞ്ഞും മറഞ്ഞുമൊക്കെ ഫോട്ടോ എടുക്കുന്നുണ്ട്. ഫോട്ടോ എടുക്കരുതെന്ന് കാവൽ നിൽക്കുന്ന പട്ടാളക്കാർ ഇടക്കിടക്ക് പറയുന്നുണ്ട്. അവരെ മാനിച്ച് ഞാനെന്റെ ഫോൺക്യാമറക്ക് റസ്റ്റ്‌ കൊടുത്തു. ഏറ്റവും മുകളിലെത്തി, രണ്ട് രാജ്യങ്ങൾ പകുത്ത അതിർത്തിഗേറ്റുകൾ കണ്ടു, അതിനുമുകളിലൂടെ ആരെയും കൂസാതെ കാറ്റും കിളികളും പറന്നുകളിച്ചു. ഇന്ത്യയുടെ കൊടിയും അശോകസ്തംഭവും കണ്ട് മനസ്സിലൊരു അഭിമാനമൊക്കെ നുരഞ്ഞുപൊങ്ങി. മനസ്സുകൊണ്ടൊരു സല്യൂട്ട് കൊടുത്തു. കൂടിനിന്ന ആളുകളിൽ ചിലർ ഭാരത് മാതാ കി ജയ് വിളിക്കാനൊക്കെ തുടങ്ങി.ഇതേ ആളുകളാണ് ആരെയും മാനിക്കാതെ ഫോട്ടോ എടുത്തുകൊണ്ടേയിരുന്നത്.തുപ്പരുതെന്ന് പറയുന്നിടത്ത് തുപ്പും, വേസ്റ്റ് ഇടരുതെന്ന് പറയുന്നിടത്ത് കൃത്യമായി ഇടും, ഇങ്ങനെ ചെയ്യുന്ന എല്ലാരുംതന്നെ രാജ്യദ്രോഹികളാണ്. ഇവിടെ ഒച്ചയും കൂവലും പാടില്ലെന്ന് പട്ടാളക്കാർ നിർബന്ധമായും പറഞ്ഞപ്പോൾ കപടരാജ്യസ്നേഹികൾ ഒന്ന് മയപ്പെട്ടു.
ചൈനീസ് പട്ടാളക്കാരെയൊന്നും കാണുന്നുന്നില്ലല്ലോ എന്ന എന്റെ സംശയത്തിന് ദൂരേക്ക് ഒരു ബിൽഡിംഗ്‌ ചൂണ്ടി അവിടെയുണ്ടാവുമെന്ന് പറഞ്ഞു ഒരു പട്ടാളക്കാരൻ. ലാസ്റ്റ് പോയിന്റിൽചെന്ന് അതിർത്തിഗേറ്റുകൾ കണ്ടു,അധികനേരം നിൽക്കാതെ തിരിച്ച് താഴേക്കിറങ്ങി. ഇവിടെ തണുപ്പ് മൈനസ് നാല് ഡിഗ്രി. ഇന്നലെ കണ്ട സീറോ പോയിന്റിലും ഇതേ തണുപ്പായിരുന്നെങ്കിലും ഇവിടുത്തെ കാറ്റുകാരണം കൂടുതൽ കഠിനമായിത്തോന്നി. ഇനിയുംനിന്ന് അസുഖമൊന്നും വരുത്തിവക്കണ്ടാന്ന്കരുതി വണ്ടിതപ്പിനടന്നു. തണുപ്പ് മൂക്കുംതോറും മൂക്ക് ഒലിച്ചുതുടങ്ങി. വണ്ടി കണ്ടുപിടിച്ചു.വണ്ടിയുടെ ഉള്ളിലെ ചൂട് എത്ര ആശ്വാസകരം. ഇപ്പൊ ഞങ്ങടെ വണ്ടിക്കാരന്റെയൊപ്പം മറ്റൊരു വണ്ടിക്കാരനുമുണ്ട്, യാത്രതുടങ്ങാൻ ടൂറിസ്റ്റുകൾ സമയത്ത് വരാത്തതിനെപ്പറ്റിയും, വന്നവർ വണ്ടിയെടുക്കാൻ തിരക്കുപിടിപ്പിക്കുന്നതിനെപ്പറ്റിയും പരാതിപറയുകയാണ്. ഓരോരുത്തർക്കും അവരുടേതായ ബുദ്ധിമുട്ടുകൾ. എന്റെ അന്വേഷണത്തിന് മറുപടിയായി ഇവിടെ വർഷത്തിലൊരു ആറുമാസമൊക്കെ ഡ്രൈവിംഗ് പണിയുണ്ടെന്നും ബാക്കി ആറുമാസം വലിയ പണിയൊന്നുമില്ലെന്നും അവര് പറഞ്ഞു.
ബാക്കിയുള്ളവരൊക്കെ വരാൻ പിന്നെയും സമയമെടുത്തു. തിരിച്ചുള്ളയാത്രയിൽ പലയിടത്തും ഉറഞ്ഞുപോയ അരുവികൾ കണ്ടു. ജലം ഐസാകുന്നതും ഐസ് തിരിച്ച് ജലമാകുന്നതും ആലോചിച്ചു, ആ ഒരു സ്പെഷ്യൽ നിമിഷം കാണാനുള്ള ഭാഗ്യമൊക്കെ ആർക്കെങ്കിലും ഉണ്ടാവുമോ ആവോ , എന്തൊരു അത്ഭുദമായിരിക്കും ആ നിമിഷം - ഒഴുകിക്കൊണ്ടിരിക്കുന്ന ജലം പെട്ടന്ന് ഫ്രീസാകുന്നതും ഫ്രീസായ വെള്ളം പെട്ടന്ന് ഒഴുകിത്തുടങ്ങുന്നതും. 

ബാബാജി മന്ദിർ എന്ന അമ്പലം കണ്ടു, ലോകത്ത് വേറെ എവിടെയും ഇങ്ങനെയൊരു അമ്പലം അഥവാ ആരാധനാസ്ഥലം ഉണ്ടാവില്ല. ആർമിക്കാരനായിരുന്ന ഹർഭജൻ സിംഗ് 1968 ലെ മലയിടിച്ചിലിലും വെള്ളപ്പാച്ചിലിലും കാണാതെയായി, അഞ്ചുദിവസത്തിനുശേഷം മറ്റൊരു പട്ടാളക്കാരന്റെ സ്വപ്നത്തിൽവന്ന് മഞ്ഞിനുകീഴിൽ തന്റെ ശരീരം പുത്തഞ്ഞുകിടന്ന സ്ഥലം പറഞ്ഞുകൊടുത്തെന്നും തനിക്കുവേണ്ടിയൊരു മോണുമെന്റ് വേണമെന്നും പറഞ്ഞുവത്രെ. പറഞ്ഞ സ്ഥലത്തുനിന്നുതന്നെ ബോഡികിട്ടി, ശേഷം പട്ടാളക്കാർ ചേർന്ന് അദ്ദേഹത്തിനുവേണ്ടിയൊരു അമ്പലം പണിതു. ഒരേസമയം കഷ്ടിച്ച് നാലഞ്ചുപേർക്ക് കയറാവുന്നത്ര ഇടുങ്ങിയ ഉൾവശം. അകത്ത് ഹർഭജൻസിംഗ് ഉപയോഗിച്ച ആർമി ഡ്രെസ്സുകൾ, ഷൂസ്, കസേര അങ്ങനെ പലതും. വെളിയിൽ ഹർഭജൻബാബയുടെ കഥകൾ പ്രദർശിപ്പിക്കാനൊരു മുറി. അദ്ദേഹം അവസാനം വാങ്ങിയ സാലറിയുടെ വിവരങ്ങൾ കണ്ടു, 153 രൂപ, 1968ൽ. പ്രസാദമായി ഉണക്കമുന്തിരിങ്ങ തന്നതും അമ്പലത്തിനുവെളിയിൽ പാറാവുനിൽക്കുന്നതും പട്ടാളക്കാർതന്നെ . 

കാഴ്ചകളൊക്കെകണ്ട് വണ്ടി പിന്നെയും മുന്നോട്ടെടുത്തു. ബംഗാളി പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ ഇടയ്ക്ക് മലയാളത്തിലെ ഇല്ലുമിനാറ്റി കയറിവന്നു. അതിർവരമ്പുകൾ ഭേദിക്കുന്ന സിനിമയെപ്പറ്റി വീണ്ടും അത്ഭുതപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരു അങ്കിളിന്റെയും ആന്റിയുടെയും ഫോട്ടോ വഴിയിൽവെച്ച് ഞാൻ എടുത്തുകൊടുത്തു. അതിനു സമ്മാനമായി അവർ എനിക്കൊരു ഡയറിമിൽക്ക് തന്നു. എന്റെ മധുരക്കൊതി അറിയാവുന്നതുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങുമ്പോഴേ ഭാര്യ പറഞ്ഞിരുന്നു- ആരെങ്കിലും മുട്ടായിയൊക്കെ തരും, അതൊന്നും വാങ്ങി കഴിച്ചേക്കരുത് എന്ന്. എന്തായാലും ആ ലക്ഷ്മണരേഖ ഞാൻ മറികടന്നു. എന്തോ, അവരെ വിശ്വസിക്കാമെന്ന് എനിക്ക് തോന്നി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ സോങ്മൊ എന്ന ഫേമസ് തടാകത്തിനടുത്ത് വണ്ടിനിർത്തി. നമ്മുടെ കടൽത്തീരത്തൊക്കെ കുതിരകളെ നിർത്തുന്നതുപോലെ ഇവിടെ കുറെ യാക്കുകളെ നിർത്തിയിട്ടുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിയിരുന്ന് ഫോട്ടോ എടുക്കണമെങ്കിൽ 100 രൂപ,സവാരി ചെയ്യണമെങ്കിൽ 600 രൂപ. കൗതുകംകൊണ്ട് ഞാൻ അതിലൊന്നിനെ തൊട്ടു, നമ്മുടെ പശുവിന്റെയൊക്കെ ഒരു ബന്ധുവായിട്ടുവരും, കുറേക്കൂടി വലിപ്പവും രോമവുമുണ്ടെന്ന്മാത്രം. പക്ഷേ തൊട്ടത് അവനങ്ങോട്ട് ഇഷ്ടമായില്ലെന്നു തോന്നുന്നു. അവൻ തലയൊക്കെ കുലുക്കി എന്റടുത്തോട്ട് വന്നു. പിന്നെ ഞാൻ അധികം സ്നേഹിക്കാൻ പോയില്ല. മറ്റേ അങ്കിളും ആന്റിയും എന്നെക്കൊണ്ട് വീണ്ടും ഫോട്ടോ എടുപ്പിച്ചു. എന്നിട്ട് അവർ മുകളിലെ കേബിൾകാറിന്റെ അങ്ങോട്ട് പോയി, വരുന്നുണ്ടോയെന്ന് എന്നോട് ചോദിച്ചു. അയ്യട മോനെ ഇനി അവിടെവച്ച് ഒരു നൂറ് ഫോട്ടോ എടുപ്പിക്കാനല്ലേ, ഞാൻ വരുന്നില്ലയെന്ന് പറഞ്ഞ് ഒഴിഞ്ഞു.അടുത്തുള്ള കഫെയിൽനിന്ന് ഒരു കട്ടൻചായയും കുടിച്ച് തിരിച്ചു വണ്ടിക്കകത്ത് കയറിയിരുന്നു. ചുരുക്കം പറഞ്ഞാൽ സിക്കിമിൽവന്നിട്ട് പ്രധാനമായും മാഗിയും കട്ടൻചായയുമാണ് ഭക്ഷണം.
ഇടയ്ക്കുവെച്ച് ഡ്രൈവർ എല്ലാവരുടെ കയ്യിൽനിന്നും വീണ്ടും പൈസ പിരിച്ചുവാങ്ങിയിരുന്നു, എക്സ്ട്രാ എന്തോ സ്ഥലമൊക്കെ കാണിക്കാമെന്നും പറഞ്ഞു. പക്ഷേ ഈ പോയ സ്ഥലങ്ങളുടെയൊക്കെ ഇടയ്ക്കുള്ള ഒന്നുരണ്ട്സ്ഥലത്ത് ഫോട്ടോ എടുക്കാൻ നിർത്തി, അത്രേയുള്ളൂ. അതാണ് അയാൾ ഉദ്ദേശിച്ചതത്രേ.നാടേതായാലും പറ്റിക്കാനുള്ള വഴികളൊക്കെ ഒന്നുതന്നെ. 
ഇന്നത്തെ കറക്കമൊക്കെ കഴിഞ്ഞ് വണ്ടിതിരിച്ചു. ഒരു നാലര ഒക്കെ കഴിഞ്ഞപ്പോഴത്തേക്ക് റോഡിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ആകെ മൂടൽമഞ്ഞും ഇരുട്ടും. എന്നിട്ടും ഡ്രൈവർ മുന്നോട്ട്തന്നെ. അയാൾ ഒരു ഊഹത്തിന് പോവുകയാണെന്ന് ഞങ്ങൾക്ക് തോന്നി. ജീവനോടെ തിരിച്ചെത്തണേയെന്ന പ്രാർത്ഥനയോടെ എല്ലാവരും കണ്ണ്തുറിച്ചിരുന്നു. റോഡിൽ അങ്ങിങ്ങായി പ്രാർത്ഥനകളെഴുതിയ കൊടികൾ. അതെന്താണെന്ന് ഞാൻ ചോദിച്ചു. കൂടെയുള്ള അങ്കിൾ പറഞ്ഞു അതിനെപ്പറ്റി ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന്, പുള്ളിയുടെ മുഖത്ത് ഞാനൊരു ഭയമൊക്കെ കണ്ടു. എന്നാപ്പിന്നെ സംഭവം അറിഞ്ഞിട്ട്തന്നെ ഉള്ളൂ എന്ന് ഞാൻ കരുതി. നെറ്റ് നോക്കിയപ്പോൾ കണ്ടു - അത് ടിബറ്റുകാർ തുടങ്ങിയ ഒരു പ്രാക്ടീസ് ആണ്, കൊടികളിൽ എഴുതിയ പ്രാർത്ഥനകൾ കാറ്റിൽ നാടുമുഴുവൻ പരക്കുമെന്നാണ് അവരുടെ വിശ്വാസം. ബുദ്ധിസം ടിബറ്റിലേക്ക് ചേക്കേറിയപ്പോൾ അവരുടെ ഈ സ്വഭാവം ബുദ്ധിസത്തിന്റെകൂടെ കൂടി. എന്തായാലും ഉദ്ദേശം ഇതുതന്നെ, മന്ത്രങ്ങൾ കാറ്റിലൂടെ ഒഴുകി നാടിനെ രക്ഷിച്ചുനിർത്തണം. കാറ്റിൽ ഉലയുന്ന കൊടികളും അവയുടെ ആശയവും എത്ര മനോഹരം. 
അധികം വൈകാതെ വണ്ടി തിരിച്ച് തുടങ്ങിയ സ്റ്റാൻഡിലെത്തി. ഞാൻ നടന്നുതന്നെ റൂമിലെത്തി. വഴിക്കുവച്ച് 250 രൂപയുടെ 'തായി ഓറഞ്ച് ടീ'യും കുടിച്ചു.

സോളോ ട്രിപ്പ്- ഡേ 5- നോർത്ത് സിക്കിം.

മൈനസ് 5 ഡിഗ്രി, കണ്ണുതുറന്ന് ഫോണിൽ ആദ്യം കണ്ടതതാണ്. രാവിലെ ഒന്ന് മുഖമെങ്കിലും കഴുകിയിട്ട് യാത്ര തുടങ്ങാമെന്ന് കരുതി. പൈപ്പിന്റെ ഒരു സൈഡിൽ ചൂടുവെള്ളം, മറ്റേസൈഡിൽ തണുപ്പുവെള്ളം , പക്ഷേ രണ്ടും എക്സ്ട്രീം അങ്ങേയറ്റം, കൈ ചൂടുകൊണ്ടും തണുപ്പുകൊണ്ടും പൊള്ളുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. മരവിച്ച കൈയുംകൊണ്ട് ബാഗിനുള്ളിൽ ഇന്നിടാൻ മൂന്നാമത്തെസെറ്റ് സോക്സ് തിരയുന്നതിനിടയിൽ ഗുളികയുടെ പാക്കറ്റിന്റെ അറ്റം ചെറുതായിട്ട് ഉരസി, പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല, പക്ഷേ പിന്നീട് ഫോണെടുത്ത് ടൈപ്പ്ചെയ്തുതുടങ്ങിയപ്പോൾ സ്ക്രീനിലൊക്കെ എന്തോ ഒട്ടുന്നതുപോലെ തോന്നി, കയ്യിൽ നിന്ന് ചോരയിറ്റ് വീണുതുടങ്ങിയത് അപ്പോഴാണ് കണ്ടത്. മരവിക്കുന്ന തണുപ്പായതുകൊണ്ട് പെട്ടെന്ന് ഉണങ്ങുമെന്ന് കരുതി,പക്ഷേ എനിക്ക് തെറ്റി, കുറച്ചധികം നേരമെടുത്തു ആ ചോരയൊന്ന് കട്ടിയാവാൻ. 

സിക്കിമുകാരൻ ഡ്രൈവർചേട്ടൻ രാവിലെതന്നെ റെഡിയായിട്ടുണ്ട്. മഞ്ഞ് കാണാനാണ് ഇന്ന് പോകുന്നത്, അത് കാണണമെങ്കിൽ അതിരാവിലെതന്നെ ഇറങ്ങണമെന്ന് തലേന്ന്തന്നെ പറഞ്ഞിരുന്നു. റൂമിൽ കൂടെയുള്ളവന്മാർ റെഡിയായിവന്നപ്പോഴേക്കും കുറച്ചുവൈകി. ഷെയർ ആയി പോകുമ്പോഴുള്ള പ്രശ്നം ഇതൊക്കെയാണ്. 
കൂട്ടത്തിൽ ഒരാളുടെ പേഴ്സ് കാണാനില്ല. പിന്നെ ഞാനുൾപ്പെടെ എല്ലാവരും ഷെർലക്ഹോംസായി. നമ്മളെ എല്ലാവരെയുംപോലെതന്നെ ലോകംമുഴുവൻ തപ്പിയിട്ട് അവസാനം അവന്റെ തൊട്ടടുത്തിരുന്ന ബാഗിൽനിന്ന്തന്നെ പേഴ്സ് കിട്ടി. അവന്റെ കൂട്ടുകാരന്മാർ അവനെ പഞ്ഞിക്കിട്ടു. അല്പംകൂടെ സമയം കഴിഞ്ഞു, അഞ്ചരയ്ക്ക് എണീക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. അവരുടെ താളംപിടുത്തം കണ്ടപ്പോൾ മഞ്ഞ്കാണാൻ തീരെ താല്പര്യമില്ലാത്തപോലെ. ഒരുത്തൻ അവാർഡ്പടംകളിച്ച് ബാഗ് അടക്കുന്നുണ്ട്, അപ്പോഴാണ് ഞാൻ ഇന്ദുലേഖയുടെ ഒരു പാക്കറ്റ് അവന്റെ ബാഗിൽ ശ്രദ്ധിച്ചത്. ബ്രാൻഡുകൾ, പരസ്യങ്ങൾ, അവ എത്തിപ്പെടുന്ന പ്രതീക്ഷിക്കാത്ത സ്ഥലങ്ങൾ, അതൊക്കെ വെറുതെയൊരു ചിന്തയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. 
ആറുമണിക്ക് ഇറങ്ങണമെന്ന് പറഞ്ഞത് പതിവുപോലെതന്നെ ഏഴ്മണിയായി. തണുപ്പ്കാരണം മാസ്കിന്റെ മൂക്കിന്റെമുകളിലൂടെ ശ്വാസം പുകയായി പുറത്തേക്ക് വരുന്നുണ്ട്. അങ്ങനെ ഞങ്ങൾ മഞ്ഞ് കാണാനുള്ള യാത്രതുടങ്ങി. ഞാൻ ഇടയ്ക്കിടയ്ക്ക് ഫോണിൽ ടൈപ്പ്ചെയ്യുന്നത്കണ്ട് കൂടെയുള്ള ബംഗാളിസുഹൃത്ത് ചോദിച്ചു ഇതിൽ വീഡിയോയോ ഇമേജോ എന്തെങ്കിലും ആഡ് ചെയ്യുന്നുണ്ടോ എന്ന്, ഒന്നുമില്ല എന്ന് കേട്ടപ്പോൾ ഒരു അത്ഭുതജീവിയെ കാണുന്നതുപോലെ എന്നെ നോക്കി, ഇത് ഫേസ്ബുക്കിലാണോ ഇൻസ്റ്റാഗ്രാമിലാണോ അപ്‌ലോഡ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എഴുത്തിനു മാത്രമായി ഒരു സെപ്പറേറ്റ് ആപ്പ് ഉണ്ടെന്ന് പറഞ്ഞു, അവന് വീണ്ടും അത്ഭുതം. ശരിയാണ്, ഇക്കാലത്ത് ആര് വായിക്കാനാണ്, ഒന്നുകിൽ കാണണം അല്ലെങ്കിൽ കേൾക്കണം. 

യാത്രതുടങ്ങി, അങ്ങിങ്ങായി തലേന്ന് വീണുറഞ്ഞ മഞ്ഞ് കണ്ടുതുടങ്ങി.മനസ്സിലൂടെ കടന്നുപോയത് സ്കൂൾ കാലഘട്ടമാണ്, ഞങ്ങൾ എല്ലാവരും ഒരുമിച്ച് കളിയാക്കിയിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു- സെലൻ തോമസ്. ഒരുബക്കറ്റ് വെള്ളത്തിൽ കഴുകി മുക്കിയെടുക്കാവുന്നതിൽകൂടുതൽ തുണി അവൻ എപ്പോഴും കഴുകുമായിരുന്നു. അതിൽ നിന്ന് പതഞ്ഞൊഴുകിയിരുന്ന കട്ടിയുള്ള സോപ്പുവെള്ളംപോലെതോന്നി ജീവിതത്തിലെ ആദ്യത്തെ ഉറഞ്ഞ മഞ്ഞ് കണ്ടപ്പോൾ, എന്തൊരു വിരോധാഭാസം അല്ലേ. വേണമെങ്കിൽ എനിക്ക് ഇതിനെ സ്വർഗീയ അനുഭൂതിയെന്നൊക്കെ പറയാമായിരുന്നു. പക്ഷേ സത്യം ഇതാണ്. മനസ്സിന്റെ തോന്നലുകൾ പലപ്പോഴും ഇതുപോലെ വികടമാണ്.
ഇടയ്ക്കൊക്കെ നിരനിരയായി പട്ടാളവണ്ടികൾ, അവരുടെ ടെന്റുകൾ . എനിക്ക് 'നായർസാബ്' എന്ന സിനിമ ഓർമ്മവരുന്നു.സിനിമ ഇല്ലാത്ത ലോകം എത്ര ശോകമായിപ്പോയേനെ. അനുഭവിക്കുന്ന ഓരോ പൊട്ടിലും പൊടിയിലും ഞാൻ വീണ്ടും സിനിമയെ ഓർക്കുന്നു.സിനിമയിലൂടെയാണല്ലോ ലോകം ആദ്യം കണ്ടുതുടങ്ങിയത്, അതുകൊണ്ടാവും.
അങ്ങനെ പോയിപ്പോയി ഒരിടത്തുവച്ച് എന്റെ കൈകൾ ആദ്യമായി ഉറഞ്ഞ മഞ്ഞിനെ തൊട്ടു, ശരിക്ക് പറഞ്ഞാൽ ഫ്രിഡ്ജിലെ ഐസിൽ തൊടുന്നത്പോലെതന്നെ. മുന്നോട്ടുപോകുന്തോറും പാറക്കല്ലുകളിലൊക്കെ ചുവന്നനിറം കണ്ടു. എപ്പോഴോ മരങ്ങളിൽ നിന്ന് കൊഴിഞ്ഞുവീണ ഇലകൾ ചേർന്നുണ്ടാക്കിയ ചന്തമുള്ള നിറക്കൂട്ടാണത്. അതിന് ബാക്ക്ഡ്രോപ്പിൽ, മരങ്ങളിൽ, നല്ല തൂവെള്ള മഞ്ഞുപറ്റിയിരിക്കുന്നു. പതിയെപ്പതിയെ മരങ്ങളെല്ലാം ഒരേ രൂപമുള്ളവയായി, ഇംഗ്ലീഷ്സിനിമയിലുംമറ്റും കണ്ടിട്ടുള്ള ക്രിസ്മസ്ട്രീപോലുള്ള മരങ്ങൾ. ഇപ്പോൾ സ്വപ്നം കാണുകയാണെന്ന് എനിക്ക് തോന്നുന്നുണ്ട്. കൊമ്പുള്ള മാനുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ പെട്ടെന്നൊരു ക്രിസ്മസപ്പൂപ്പൻ മുന്നിൽവന്നാൽപോലും ഞാൻ അത്ഭുതപ്പെടില്ല. അത്രയ്ക്ക് മായികമായ കാഴ്ചകൾ. 

പോകുന്ന വഴികളിലൊക്കെ എഴുതിവച്ചിരിക്കുന്നത് കണ്ടു - ബ്രോ വെൽക്കംസ് യു, ബ്രോ ഡ്രൈവ് സേഫ്‌ലി എന്നൊക്കെ. സിക്കിംകാർ കൊള്ളാമല്ലോ, ഒരു ആറ്റിറ്റ്യൂട്ടിന് വേണ്ടിയൊക്കെ എഴുതി വച്ചിരിക്കുന്നതാണെന്ന് കരുതി, പിന്നെയാണ് വെളിവ് വീണത് ബ്രോ എന്നാൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ.
യാത്രയുടെയിടയിൽ മനസ്സിലായി വണ്ടിയുടെ ഒരു ടയറിന്റെ കാറ്റുപോയിത്തുടങ്ങിയെന്ന്. വണ്ടി ഇന്നത്തെ പ്ലാനിലുള്ള ഒരു താഴ്‌വരയിലെത്തി . സമുദ്രനിരപ്പിൽനിന്ന് പന്ത്രണ്ടായിരമടി ഉയരത്തിലുള്ള അത് അതിമനോഹരമായിരുന്നു. എന്റെ ക്യാമറക്കണ്ണുകൾ നിർത്താതെ ചലിച്ചു. കണ്ണുകൊണ്ട് കാണുന്ന ഭംഗിയൊന്നും ക്യാമറയിൽ കിട്ടുന്നില്ലയെന്നൊരു തോന്നൽ.
ആ താഴ്‌വരയിൽ വെച്ച്, ഇന്നലെ ടാക്സിസ്റ്റാൻഡിൽകണ്ട ഒരു ഡ്രൈവർ എന്നെ തിരിച്ചറിഞ്ഞു. "അരെ സോളോ ട്രാവലർ ആപ് ആ ഗയെ?സീറോ പോയിന്റ് ജാരെ ക്യാ?" ഇനിയും മുന്നോട്ടുള്ള ഒരു പോയിന്റിലേക്ക് പോകുന്നുണ്ടോ എന്നാണ് അയാൾ എന്നോട് ചോദിച്ചത്. എന്നെ കണ്ടത് അയാൾക്കും, അയാളെ കണ്ടത് എനിക്കും ആശ്ചര്യമായി തോന്നി. 
മഞ്ഞിലിരുന്ന് മൈനയുടെയും കരിയിലക്കിളിയുടെയും മിക്സ്പോലെതോന്നിയ ഒരു കിളി പ്രത്യേകരീതിയിൽ കൂവുന്നു, എനിക്ക് 'ഹങ്കർ ഗെയിംസ്' സിനിമയിലെ മോക്കിങ് ജേയെ ഓർമ്മവരുന്നു .
'യൂത്താങ്' താഴ്‌വരയിലെ കാഴ്ചകളൊക്കെ കണ്ടുതീരുമ്പോഴേക്കും ഞങ്ങളുടെ സിക്കിംചേട്ടൻ വണ്ടിയുടെ ടയറൊക്കെ മാറ്റിയിരുന്നു.
ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രതുടങ്ങി. പോകുംവഴിയിൽ മലകളിലും പാറകളിലുമൊക്കെ ഐസ് മുളച്ചുനിൽക്കുന്നപോലെകണ്ടു, പുല്ലുകളിൽ ഐസ് നിറഞ്ഞിരിക്കുന്ന അത്ഭുതകാഴ്ച. 
കൂടെയുള്ള ജാർഖണ്ഡ്കാരും ബംഗാളികളുമൊക്കെ കൂടുതൽ അടുപ്പമുള്ളവരെപ്പോലെ പെരുമാറി. ഇടയ്ക്കൊരു സ്പോട്ടിൽവച്ച് അവരുടെയൊപ്പം ഫോട്ടോയും എടുത്തു. സോളോ ട്രിപ്പിന്റെ മറ്റൊരു വശ്യത, എങ്ങുനിന്നോവന്ന, ഒരു പരിചയവുമില്ലാത്ത ആളുകൾ, മുൻപെങ്ങോ പരിചയമുള്ള കൂട്ടുകാരെപ്പോലെ ഒരു സ്ഥലത്തേക്ക് ഒരേ മനസ്സോടെ. നമ്പർ സേവ്ചെയ്യാതെതന്നെ ഫോട്ടോ അവർക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തു, നോ സ്ട്രിങ്സ് അറ്റാച്ഡ് അല്ലേ ഇപ്പോ, ബന്ധങ്ങളൊന്നും പുതിയതായി തുടങ്ങണമെന്ന് തോന്നുന്നില്ല, ഈ കൂട്ടുകാർ ഈ യാത്രയുടെ അവസാനംവരെമാത്രം, ശേഷം അവർക്ക് അവരുടെ വഴി എനിക്ക് എന്റെയും. അതുകൊണ്ട് അവരോട് പേര് ചോദിച്ചതേ ഇല്ല, അവർ എന്റെയും. 

ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അത്ഭുതത്തിലേക്കാണ് ഞങ്ങൾ പോയത്, നോർത്ത് സിക്കിമിലെ സീറോ പോയിന്റ് എന്ന് പേരുള്ള സ്ഥലം. അവിടെ വർഷം മുഴുവനും സീറോ ഡിഗ്രി ആയിരിക്കും തണുപ്പ് എന്ന് തോന്നി,അതാവാം പേരിനു കാരണം. ഇതിപ്പോ സമുദ്രനിരപ്പിൽനിന്ന് പതിനയ്യായിരം അടി ഉയരത്തിലാണ്. ഉറഞ്ഞുപോയ മഞ്ഞിന്റെ പുതപ്പുമായി ഉയർന്നുനിൽക്കുന്ന മലകൾ, അവിടവിടെ കൊടികളിലെഴുതിയ ബുദ്ധിസ്റ്റ് പ്രാർത്ഥനാശീലുകൾ, നീല ആകാശം, ഹൊ അവർണനീയം, അതിസുന്ദരം.
അവിടെ ടൂറിസ്റ്റുകളെ കാത്ത് കുറേ കൊച്ചുകടകൾ. എല്ലാ കടകളും ചെറിയ മരക്കൊമ്പൊക്കെവച്ച് ഉണ്ടാക്കിയത്. എല്ലാത്തിന്റെയും ഉള്ളിൽ തീകായാനുള്ള സൗകര്യം, തിളച്ച വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മാഗി, പുഴുങ്ങിയ കടല, മോമോസ്, കാപ്പി ഇതൊക്കെയാണുള്ളത്. മാഗിതന്നെ പറഞ്ഞു വീണ്ടും, പിന്നൊരു കാപ്പിയും. അതിന്റെയൊന്നും ചൂട് ഏശുന്നേയില്ല. ഞങ്ങളെല്ലാവരുംകൂടി തീകാഞ്ഞു, ഗ്ലൗസ് ഉൾപ്പെടെ തീ കാഞ്ഞിട്ടും ഏൽക്കുന്നില്ല. ഭൂമിയിലേക്ക് വെയിൽ തെളിഞ്ഞുനിന്നിട്ടും തരിമ്പും ഇളക്കമില്ലാതെ ഐസ് നല്ല കട്ടിയിൽത്തന്നെ മണ്ണിനെ പൊതിഞ്ഞുകിടക്കുന്നു. എനിക്കുചുറ്റും ആയിരക്കണക്കിന് കൈകൾ ഫോട്ടോയുടെ പല പോസുകൾക്ക് ക്ലിക്കെടുക്കുന്നു. പോകുന്ന സ്ഥലങ്ങളിലൊക്കെ പരമാവധി രണ്ട് ഫോട്ടോയേ എടുക്കാവു എന്ന എന്റെ തീരുമാനം ഞാനിപ്പോ ഓർക്കുന്നേയില്ല. ഐസിന്റെ പല ആംഗിളിലുള്ള ഫോട്ടോസ് എന്റെ ഫോണിന്റെ വയറിനെ കുത്തിനിറയ്ക്കുന്നു. കൈവിരലുകൾ തണുത്ത് നീരുവച്ചുതുടങ്ങി, പക്ഷേ നിധികണ്ട കൊള്ളക്കാരനെപ്പോലെ ഇനിയും ഇനിയുമെന്ന്പറഞ്ഞ് ഫോട്ടോ എടുത്തുകൊണ്ടേയിരുന്നു. കൊഡാക്കിന്റെ പഴയ ക്യാമറ മതിയാരുന്നു കയ്യിൽ, എന്റെമാത്രമല്ല എല്ലാവരുടെയും കയ്യിൽ. അങ്ങനെയാരുന്നേൽ ഫിലിം തീരുമ്പഴെങ്കിലും കണ്ണുകൊണ്ട് കാഴ്ചകൾ കണ്ടേനെ.
അടുത്തെവിടെയോ ആരോ മലയാളമൊക്കെ പറയുന്നത് കേട്ടു, പരിചയപ്പെടാൻ പോയില്ല. അവിടെനിന്ന ഒരു മുംബൈക്കാരനോട് എന്റെയൊരു ഫോട്ടോ എടുത്തുതരാൻ അഭ്യർത്ഥിച്ചു. ഒന്നുരണ്ട് ഫോട്ടോയൊക്കെ എടുത്തുതന്നിട്ട് അയാൾ എന്നെക്കൊണ്ട് അയാളുടെ ഇരുന്നും കിടന്നുമൊക്കെയുള്ള പത്തുനൂറു ഫോട്ടോ എടുപ്പിച്ചു, ഞാൻ 'സ്വ ലെ' എന്ന സിനിമയിലെ സലിംകുമാർ ആയതുപോലെ തോന്നി. അത് കഴിഞ്ഞു എന്നു സമാധാനിപ്പിച്ചപ്പോ ദാ 
അടുത്ത ആൾ, അങ്ങനെ ആ കൊൽകത്താക്കാരന്റെ ഫോട്ടോകളും ഞാൻ എടുത്തുകൊടുത്തു. ഫോട്ടോയ്ക്കുവേണ്ടി അവൻ ജീവൻ കൊടുക്കാനും തയ്യാറാണെന്ന് തോന്നി, പലതവണ ഐസിൽ ചവിട്ടി തെന്നിവീഴുന്നൊക്കെയുണ്ടാരുന്നു. 

ഞാൻ ഐസിനെ ഒന്ന് തൊട്ടുനോക്കി, അതിലിരുന്ന് തെന്നിനോക്കി, പാന്റ് നനയുന്നൊന്നുമില്ല, പക്ഷേ ഷൂസിലൂടെ തണുപ്പ് എല്ലിലേക്ക് തുളഞ്ഞുകയറുന്നുണ്ട്. സ്വിറ്റ്സർലൻഡിൽ പോകാൻ ഭാഗ്യം സിദ്ധിച്ച ഭാര്യ അന്ന് പറഞ്ഞത്‌ ഓർത്തു, കുറേകഴിയുമ്പോ നമ്മൾ തണുപ്പുമായി പൊരുത്തപ്പെടുമെന്ന്. ഒരു പരിധിവരെ അത് ശരിയാണെന്നു തോന്നിത്തുടങ്ങി. വെറുതേ ആ ഐസിൻപാളിയെ തൊട്ട്, ഒരുനിമിഷം കണ്ണടച്ചു.ഇവിടെവരെ എന്നെ എത്തിക്കാൻ ആഗ്രഹിച്ചതിന് അവരോട് നന്ദിപറഞ്ഞു, നമ്മൾമാത്രം ആഗ്രഹിച്ചാൽ എങ്ങുമെത്തില്ലല്ലോ, ഇവരും നമ്മളെ ആഗ്രഹിക്കണ്ടേ. 
വൈകാതെ ഞങ്ങടെ കൂട്ടത്തിലൊരാൾക്ക് വയ്യാതെയായി, ശ്വാസംമുട്ടലും ബോധംപോകാൻതുടങ്ങലും.ഉയരംകൂടിയ പ്രതലത്തിന്റെ പരീക്ഷണങ്ങൾ. വണ്ടിയിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറൊക്കെയെടുത്ത് പുള്ളി ഉപയോഗിച്ചു. താമസിയാതെ ഞങ്ങൾ അവിടുന്ന് തിരിച്ചു.
തിരിച്ചുള്ള യാത്രയിലും വണ്ടിയിൽ കുറേ ഹിന്ദിപ്പാട്ടുകൾ ഒഴുകി. ട്യൂൺ കേട്ടപ്പോ 'സൂരജ് ഹുവാ മത് ധം ' എന്ന പാട്ട് വരുമെന്ന് കരുതി, വന്നത് വേറെ ഏതോ പാട്ട്.എനിക്ക് തോന്നുന്നു ഒരു കാലഘട്ടത്തിലിറങ്ങിയ പാട്ടുകളൊക്കെ ഒരേ ട്യൂൺ ആണ്. അത് ഹിന്ദിയിൽമാത്രമല്ല തമിഴിലും മലയാളത്തിലുമൊക്കെ അങ്ങനെതന്നെ. 

അങ്ങോട്ട്‌ പോയപ്പോ കാണാത്ത ചില കാഴ്ചകളൊക്കെ തിരികെയുള്ള യാത്രയിൽ കണ്ടു - വലിയ മലയുടെ പല അതിരുകളിൽനിന്ന് അരുവികളൊഴുകി പല വെള്ളച്ചാട്ടങ്ങളായി പിന്നീട് ഒന്നിച്ച് താഴേക്ക് പതിക്കുന്ന കാഴ്ച,അങ്ങനെ ചിലത്. ശരിക്കും അങ്ങോട്ട് പോകുമ്പോൾ, ആസ്വാദനത്തേക്കാൾ, മൊമെൻറ്സ് ക്യാമെറയിൽ ക്യാപ്ച്ചർ ചെയ്യാനാണ് വെമ്പൽ. ഇപ്പൊ തോന്നുന്നു സ്വർഗംപോലെയുള്ള ആ ഐസ്ഭൂമിക വേണ്ടതുപോലെ ആസ്വദിച്ചില്ലെന്ന്. ഇനി എടുത്തുകൂട്ടിയ ഫോട്ടോകൾ നോക്കി ആസ്വദിക്കാം അല്ലാണ്ടെന്താ. കണ്ണടച്ചതും ഭംഗിയില്ലാത്തതുമായ ഫോട്ടോകൾ ഡിലീറ്റ് കൊട്ടയിലേക്ക് യഥേഷ്ടം പാഞ്ഞു. ആ ഐസിൽവച്ച് മുംബൈക്കാരൻ എടുത്തുതന്ന സ്വന്തം ഫോട്ടോകൾ നോക്കി, ഒന്നും വലിയ ചന്ദമൊന്നുമില്ല. അയാളുടെ എത്ര നല്ല ഫോട്ടോകളാണ് ഞാൻ എടുത്തത്, എന്നിട്ടാ അയാൾ എന്നോടിങ്ങനെ ചെയ്തത്. അതിന് ഫോട്ടോയെ പറഞ്ഞിട്ടെന്താ, മുഖം നിന്റെയല്ലേ അത് ഇങ്ങനെയേ വരൂ എന്ന് പറയുന്ന കൂട്ടുകാരെ ഓർമവന്നു. മിണ്ടരുത്, കടക്ക് പുറത്ത്. 

വണ്ടി അതിന്റെ മാക്സിമം വേഗത്തിൽ വലിയവലിയ വളവുകൾ തിരിയുന്നുണ്ട്.
ജാർഖണ്ടുകാരൻ ഞങ്ങടെ സിക്കിംചേട്ടനോട് അവസരോചിതമായ ചോദ്യം ചോദിച്ചു - "ഉറക്കത്തിൽ നിങ്ങൾ സ്വപ്നംകാണുന്നതുപോലും ഈ വളവും തിരിവും ആയിരിക്കുമല്ലേ, അടുത്ത്കിടക്കുന്ന ആളെ ഇടിച്ചിടുമോ കൈ ഇങ്ങനെ ഇടത്തും വലത്തും തിരിച്ചുതിരിച്ച് ", ഇങ്ങനെ പറഞ്ഞ് കരാട്ടേക്കാരെപ്പോലെയുള്ള പോസ് കാണിക്കുന്നു. ഡ്രൈവറുച്ചേട്ടൻ എല്ലാവരെയുംനോക്കി ചിരിക്കുന്നു.ചെറിയ കണ്ണുകളും ചൈനീസ് മുഖവുമുള്ള അങ്ങേരുടെ ചിരി കൊള്ളാം. 
വഴിയിലൊരിടത്തുനിന്ന് കഴിച്ചു, ഇന്നലെ രാത്രിയിൽ കഴിക്കാൻനേരം തണുപ്പുകാരണം വിരലുകൾചുരുട്ടി ചോറെടുക്കാൻ പറ്റാഞ്ഞത് ഓർത്തു. ഇപ്പൊ ആ പ്രശ്നമൊന്നുമില്ല, ശരീരം എത്രപെട്ടെന്നാണ് തണുപ്പിനോട് അഡ്ജസ്റ്റ് ആയത്. മൈനസ് 5 കണ്ടവന് പ്ലസ് 5 ഒക്കെ എന്ത്, അഹങ്കാരംകൊണ്ട് പറയുവല്ലടാ പന്നേ എന്ന് മനസ്സ്. വഴിയിലൊരിടത്ത് റോഡിനുകുറുകെ ജെസിബി, നമ്മളാണെങ്കിൽ ഹോണടിച്ച് കൊന്നേനെ, ഇത് പക്ഷേ മാന്യമായി വണ്ടി സൈഡിലോട്ട് നിർത്തിയിട്ടു,ഏകദേശമൊരു പതിനഞ്ചുമിനിറ്റ്. റോഡിനുകുറുകെ മാന്തിയിട്ട് സാവധാനം ജെസിബി മാറിത്തന്നു.
ഏഴ് മണിക്കൂർ നീണ്ട യാത്ര തിരിച്ച് ഗാങ്ടോക് എത്തി. ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം യാത്രപറഞ്ഞു. മറ്റുള്ളവർ അത്രനേരം കഥയൊക്കെ പറഞ്ഞെങ്കിലും പോകാൻനേരം ഡ്രൈവറുചേട്ടനോട് ഒരു ബൈപോലും പറഞ്ഞില്ല, കഷ്ടംതോന്നി. ഞാൻ കൈപിടിച്ച് യാത്രപറഞ്ഞപ്പോൾ പുള്ളിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കം. 

ഡിന്നർ കഴിക്കാൻ കേക്ക് ഒക്കെ ഭംഗിയിൽ നിരത്തിവച്ച ഒരു കടയിൽകയറി. ഒരു പേസ്ട്രിയും ഹോട്ട്ചോക്ലേറ്റും ഓർഡർ ചെയ്തു. ഭാര്യ സ്വിറ്റ്സർലൻഡ് പോയപ്പോ കാപ്പിക്കുപകരം ഹോട്ട് ചോക്ലേറ്റാണത്രേ കുടിച്ചത്. ഏതായാലും നല്ലപോലെ ബോൺവിറ്റ കലക്കിയപോലൊരു സാധനമാണ് എനിക്ക് കിട്ടിയ ഹോട്ട്ചോക്ലേറ്റ്. ശേഷം വീട്ടുകാരെ പറ്റിക്കാൻ ഒന്നുരണ്ട് ലൊട്ടുലൊടുക്ക് സാധനങ്ങൾ വാങ്ങി ഞാൻ റൂമിലോട്ട് പോയി. രത്തി അങ്കിൾ അറേഞ്ച് ചെയ്തുതന്ന റൂം കൊള്ളാം, ഇനിയൊന്ന് ഉറങ്ങണം, നാളെയുംകൂടെ ഒരു കത്തിക്കലുണ്ട്, ടൂറിന്റെ ലാസ്റ്റ് ദിവസം.




Tuesday, 28 January 2025

സോളോ ട്രിപ്പ്- ഡേ 4 - ലാച്ചുങ് യാത്രക്കുള്ള തയ്യാറെടുപ്പ്

പേടിച്ചപോലെ പാമ്പിനെ സ്വപ്നം കണ്ടില്ല, പക്ഷേ പേരപ്പനെ കണ്ടു. പേരപ്പനും നല്ലൊരു പാമ്പായിരുന്നു. ഡാ ഡാ കൊച്ചുകഴുവേറീ എന്ന് ചിരിച്ചോണ്ട് വിളിക്കുന്നത് എനിക്കിപ്പോ കൺമുന്നിൽ കാണാം. പാവം, മരിച്ചു. ആത്മാക്കൾക്ക് എവിടെയും പോകാമല്ലോ,ഇപ്പൊ ചിലപ്പോ എന്റെകൂടെ ട്രിപ്പടിക്കാൻ കൂടിയിട്ടുണ്ടാവും, അതല്ലേ ഞാൻ ഇന്ന് പുള്ളിയെ സ്വപ്നംകണ്ടത്.

 കണ്ണ്തുറന്ന് ഇന്നത്തെ യാത്രയ്ക്ക് റെഡിയാവാൻവേണ്ടി കട്ടിലിൽനിന്ന് ചാടിയിറങ്ങി. കാല് തറയിൽമുട്ടിയതും ആരോ സ്റ്റാച്ചു വിളിച്ചപോലെ പെട്ടെന്നൊരു ഷോക്ക്, ഇരച്ചുകയറിയ തണുപ്പ് എന്നെ ചവിട്ടിത്തിരിച്ച് കട്ടിലിലേക്ക്തന്നെയിട്ടു. തണുപ്പിന്റെ കാഠിന്യംകാരണം ഒന്നും തുറക്കാനും അടയ്ക്കാനുംപോലും പറ്റാത്ത അവസ്ഥ. മനസ്സ് പറയുന്നിടത്ത് കൈ നിക്കുന്നില്ല. ഫ്രിഡ്ജിൽവെച്ചാലും കട്ടിയാവാത്തടൈപ്പ് ഒരു ചോക്ലേറ്റ് ദാ തനിയെ ഉറഞ്ഞിരിക്കുന്നു. 
ഒൻപതുമണിക്ക് ഒരു സ്ഥലത്ത് എത്തണമെന്ന് ഇന്നലെ വഴിപറഞ്ഞുതന്ന അങ്കിൾ പറഞ്ഞു. അവിടുന്ന് ഒരു ഷെയർ ടാക്സിയിൽ ഇന്ന് ലാച്ചുങ് എന്നൊരു സ്ഥലത്തോട്ട് പോണം. അവിടെ കൊടുംതണുപ്പാണെന്നാണുകേട്ടത്. അതുകൊണ്ട് പല ലെയർ തുണിയൊക്കെ ഇട്ട് രണ്ട് ഷെയർടാക്സികൾ കയറി, പറഞ്ഞ സ്ഥലത്തെത്തി, അപ്പൊ സമയം രാവിലെ 8.40. ഡ്രൈവർടെ നമ്പറൊക്കെ അങ്കിൾ അയച്ചിട്ടുണ്ടാരുന്നു. വിളിച്ചപ്പോൾ ആൾ പറഞ്ഞു ഇനിയും കുറച്ച് ലേറ്റാകുമെന്ന്. അവിടെത്തന്നെ കറങ്ങിനിന്ന് അടുത്തുകണ്ട കടയിൽകയറി ലെയ്സ് വാങ്ങി. പാക്കറ്റ് പൊട്ടിച്ച് കഴിച്ചുതുടങ്ങിയപ്പോതന്നെ ആകെ തണുത്തപോലെ ഇരിക്കുന്നു. ലയ്സിനെ പറഞ്ഞിട്ടെന്താ, അത്രയ്ക്ക് തണുപ്പുണ്ട് ചുറ്റും. ആറ് ഡിഗ്രിയിൽ ശ്വാസംപോലും പുകപോലെയാണ് പുറത്തേക്ക് പോകുന്നത്. ഫോണിൽ ടൈപ്പ്ചെയ്യാൻതന്നെ പറ്റുന്നില്ല, കയ്യൊക്കെ മരവിക്കുന്നു. ഫോണിന് പക്ഷേ ഇത് മധുവിധുപോലെ സുഖമുള്ള കാലം. അതിന്റെ ചിപ്പും എൻജിനുമെല്ലാം കുളിരുകൊണ്ട് പരമാവധി പ്രസരിപ്പോടെ പ്രവർത്തിക്കുന്നു. മൈനസ് ഡിഗ്രിയിൽ ജീവിക്കുന്നവരെ മനസ്സാ നമിച്ചുകൊണ്ട് കൈകൾ തല്കാലത്തേക്ക് കയ്യുറയുമായി ബന്ധനത്തിലാക്കി, പണ്ട് മേഘാലയ പോകാൻ ചെന്നൈയിൽനിന്ന് വാങ്ങിയ കയ്യുറ, എന്തെല്ലാം പൊരുത്തക്കേടുകളാണല്ലേ, തണുപ്പുമായി ഒരു ബന്ധവുമില്ലാത്ത ചെന്നൈയും, കയ്യുറയും, ആ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ നിമിഷവും.
ഓർത്തപ്പോൾ പറയാം സിക്കിമിൽ കണ്ട ഒന്നുരണ്ട് പ്രത്യേകത - പരമാവധി എല്ലായിടത്തും ടോയ്ലറ്റ് ഉണ്ട് (പേ ആൻഡ് യൂസ് ആണ് കൂടുതലും,അത്യാവശ്യം വൃത്തിയുള്ളത് ) , പിന്നൊന്ന് കയറ്റത്തിൽപോലും ആളുകൾ മറ്റുള്ളവർക്കുവേണ്ടി വണ്ടി നിർത്തിക്കൊടുക്കുന്നു, നമ്മുടെ നാട്ടിൽ നിരപ്പായ റോഡിൽപോലും പ്രതീക്ഷിക്കാൻകഴിയാത്ത മാന്യതയല്ലേ അത്.

കാത്തുകാത്ത് കുറേ നേരമങ്ങ്പോയി. പോരാഞ്ഞതിന് മിണ്ടാനുംപറയാനും ആരുമില്ലാതാനും, സോളോയുടെ ഒരു പ്രശ്നമാണത്.ഇതിനിടയിൽ പല ഡ്രൈവർമാരും വേറെ പല ഡ്രൈവർമാരുടെ നമ്പർ തന്നു. വണ്ടിക്കാർക്കൊക്കെ ഗ്രൂപ്പായിട്ടുള്ള ട്രിപ്പ് മതി. ഷെയർ ടാക്സി നോക്കുമ്പളാണ് ഇത്രയ്ക്കും വിഷയം. സോളോയുടെ അടുത്ത പ്രശ്നം. ഇഷ്ടംപോലെ സമയം പോസ്റ്റായി നിന്നതുകൊണ്ട് അടുത്ത്കണ്ട ഒരു റസ്റ്റോറന്റിൽ കട്ടൻചായ കുടിക്കാൻ കയറി. നല്ല തിളച്ച കട്ടൻചായ മുന്നിൽവന്നു, കപ്പിന്ചുറ്റും കൈ ചേർത്തുപിടിച്ചു. കൈകൾ അന്നേരം അനുഭവിച്ച സുഖം അനിർവചനീയം. ചൂട്ചായ വലിച്ചുകുടിച്ചു, അങ്ങോട്ട്‌ പറയാതെതന്നെ കുരുമുളകോ ഇഞ്ചിയോ എന്തൊക്കെയോ ചേർത്തുതന്ന അവരെ മനസ്സുകൊണ്ട് നന്ദി അറിയിച്ചു.നാവിന് ചൂടൊന്നും അറിയുന്നേയില്ല. പക്ഷേ അല്പം കഴിഞ്ഞപ്പോൾ അറിഞ്ഞു, നാവ് പൊള്ളി നീറിത്തുടങ്ങി. തണുപ്പത്ത് അങ്ങനെയാണ്, പൊള്ളലും മുറിവുമൊക്കെ പെട്ടെന്ന് സംഭവിക്കും, പക്ഷേ നമ്മളറിയാൻ സമയമെടുക്കും. 9 മണി എന്നുപറഞ്ഞാൽ ഇന്ത്യയിൽ അർത്ഥം ഒരു പത്തുമണിക്കെങ്കിലും വാടേ എന്നാണെന്ന് വീണ്ടും തോന്നി. സ്വന്തം കല്യാണത്തിനല്ലാതെ വേറെ എന്തിനെങ്കിലും കൃത്യ മുഹൂർത്തതിന് നമ്മൾ എത്താറുണ്ടോ?
ഏട്ടേമുക്കാലിന് തുടങ്ങിയ എന്റെ വെയ്റ്റിംഗ് പതിനൊന്നുമണിവരെ തുടർന്നു.ആങ്ങിത്തൂങ്ങി ഒരു വണ്ടി റെഡിയായി, ബൊലേറോ. പിന്നിലെ സീറ്റാണ് കിട്ടിയത്. ഇടിച്ചുഞെരുങ്ങി ഞാനുൾപ്പെടെ നാലുപേർ ആ ഒറ്റസീറ്റിൽ. അതിലോട്ട് കയറാൻതന്നെ ഒന്ന് നല്ലപോലെ മെനക്കെടണം. വണ്ടിയിൽ ഡ്രൈവർ ഉൾപ്പെടെ പത്തുപേർ.ഇനിയാണ് യാത്ര, ഏകദേശം ഏഴ് മണിക്കൂർ നീളുന്ന, വളഞ്ഞുപുളഞ്ഞ, ഹൈ അൾട്ടിട്യൂഡിലേക്കുള്ള യാത്ര. അങ്ങോട്ട് പ്രശ്നമില്ല, എല്ലാ യാത്രയും പ്രതീക്ഷയാണ്, കാണാൻ എന്താവും ഉണ്ടാവുക എന്ന കൗതുകമാണ്. അങ്ങനെ എത്രദൂരം വേണേലും പോകാം. അങ്ങ് ചെന്നുകഴിയുമ്പോഴോ, ഇവിടെ എന്തായിരുന്നു കാണാൻ ഇത്ര ഉള്ളതെന്ന് തോന്നും ചിലപ്പോ, തിരിച്ചുള്ള യാത്ര വിരസവും അപ്രിയവുമാകും. യാത്രയുടെ യഥാർത്ഥ ആത്മാവ് പക്ഷേ യാത്രചെയ്യൽതന്നെയാണെന്ന്  തിരിച്ചറിയാൻ, ഒരുപാടൊരുപാട് യാത്രചെയ്ത് പതംവരണം. അതുവരെ  നമ്മൾ തേടിക്കൊണ്ടേയിരിക്കും - നമ്മൾ അറിയാൻകൊതിക്കുന്ന ആ സ്വർഗത്തെ, കാണാൻകൊതിക്കുന്ന ആ പെർഫെക്ട് പ്ലേസിനെ. അവസാനം ആ മച്ചൂരിറ്റി ഫീലിംഗ് വന്ന് തൊടും - റെവലേഷൻ , തത്വമസി - അത് നീതന്നെ ആകുന്നു, യാത്രതന്നെയാകുന്നു എന്ന്.

സോളോ ട്രിപ്പ്- ഡേ 4- ദുർഘട പാത.

ബൊലേറോയിൽ ലാച്ചുങ്ങിലേക്ക് യാത്രതുടങ്ങിക്കഴിഞ്ഞ് മനസ്സിലായി ഇതൊരു വല്ലാത്ത അനുഭവമായിരിക്കുമെന്ന്. മുന്നോട്ടു ചെല്ലുംതോറും വഴിയുടെ വളവും കൂടിക്കൂടിവന്നു, കൂടെയുണ്ടായിരുന്ന ഫാമിലിയിലെ പെൺകുട്ടി ആദ്യം ശർദ്ദിച്ചു, പിന്നാലെ അതിന്റെ അമ്മയും ജോയിൻചെയ്തു. അങ്ങനെ നിർത്തിയും നിരങ്ങിയും വണ്ടി മുന്നോട്ട്നീങ്ങി. ചുറ്റും വേറെയും ഒരുപാട് വണ്ടികളുണ്ട്.
SK 03 എന്ന്തുടങ്ങുന്ന നമ്പർപ്ലേറ്റ് കണ്ടപ്പോ സിക്കിമിലെ പത്തനംതിട്ട രെജിസ്ട്രേഷൻ എന്ന് മനസ്സ് കളിപറഞ്ഞു. ഈ അന്യനാട്ടിൽ, ഏതോ ഒരു കുന്നിൻമുകളിൽ, തണുപ്പത്ത്, ഞാനെന്റെ നാടിനെ മിസ്സ്‌ ചെയ്യുന്നു. അവിടെ ഇതുപോലെ ഇത്ര ടൂറിസ്റ്റുകളൊന്നും വരാറില്ല, ഒരുകണക്കിന് നല്ലതാണ്, അത്രയുംകൂടെ വൃത്തികേടാവാതെ നിൽക്കുമല്ലോ എന്റെ നാട്. 
 മുന്നോട്ടുപോകുന്തോറും സിനിമയിൽ കണ്ടിട്ടുള്ളതുപോലെയുള്ള പലനിറത്തിലുള്ള കൊടികൾ കണ്ടു, എല്ലാത്തിലും എന്തൊക്കെയോ പ്രാർത്ഥനകൾ ടിബറ്റൻഭാഷയിൽ എഴുതിവച്ചിരിക്കുന്നു, ചുറ്റും ഒരുപാടൊരുപാട് മലകൾ, താഴെ പച്ചനിറത്തിൽ ഒഴുകുന്ന വെള്ളം ഇതൊക്കെ ഒരു നിത്യകാഴ്ചയായി മാറി. പണ്ട് ഗവി കാണാൻ പോയപ്പോ തോന്നിയതുതന്നെ ഇപ്പോഴും തോന്നുന്നു, ഒരേ കാഴ്ചകൾ കാണുമ്പോഴുള്ള മടുപ്പ്. മുന്നോട്ടുപോകുംതോറും ആ കുട്ടിയുടെയും അമ്മയുടെയും അവസ്ഥ മോശമായി വന്നു, അവരുടെ ആമാശയത്തിലെ ഓരോ ഭക്ഷണവും ആദ്യം ആര് പുറത്തുവരുമെന്ന് മത്സരിക്കുകയാണെന്നുതോന്നുന്നു, അതനുസരിച്ച് ഭർത്താവിന്റെ അവസ്ഥ അതിലും മോശമായി. അയാൾക്ക് മുന്നോട്ടു പോകണമെന്നുണ്ട്താനും എന്നാൽ അയാളും കുടുംബവും കാരണം ബാക്കിയുള്ളവർ താമസിക്കുന്നു എന്ന കുറ്റബോധവും. ഡ്രൈവറും കൂടെയുള്ള മറ്റു ടൂറിസ്റ്റുകളും പരമാവധി അവരോട് പറഞ്ഞുനോക്കി ഇനി യാത്ര തുടരേണ്ട തിരിച്ചു പൊയ്ക്കോളൂ എന്ന്. പക്ഷേ തിരിച്ചുപോയാൽ ഒരൊറ്റ പൈസ പോലും കിട്ടില്ല എന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കടിച്ചുപിടിച്ച് അവർ മുന്നോട്ട്തന്നെ പോകാൻ പറഞ്ഞു. ശർദ്ദിലിന്റെ ഫ്രീക്വൻസി കൂടിക്കൂടി വന്നപ്പോൾ യാത്രക്കാരിൽ ഒരാൾ ഏതൊക്കെയോ രണ്ടുഗുളിക അവർക്ക് നേരെ നീട്ടി. ജീവിതത്തിൽ അങ്ങനെയും ചില സന്ദർഭങ്ങൾ ഉണ്ടാവും, അനന്തരഫലം എന്താണെന്ന് അറിയില്ലെങ്കിലും നിർബന്ധമായും മറ്റുള്ളവരെ അനുസരിക്കേണ്ട അവസരം. മറ്റ് നിവൃത്തിയില്ലാതെ ആ സ്ത്രീ അത് വാങ്ങി കഴിച്ചു. എന്നിട്ടും രക്ഷയൊന്നുമില്ല, അവർ പിന്നെയും വണ്ടി നിർത്താൻ പറഞ്ഞു, അവരോട് വെളിയിലേക്ക് ഇറങ്ങിനിന്ന് ശർദ്ദിക്കാൻ ഡ്രൈവർ പറഞ്ഞു. അവർ മൈൻഡ് ആക്കിയില്ല, ഭർത്താവും അല്പം ദേഷ്യത്തിൽ അതുതന്നെ പറഞ്ഞെങ്കിലും അവർ അനങ്ങിയില്ല, ശർദ്ദിച്ചു ശർദിച്ച് അവർ ഒരു വഴിക്കായതുപോലെ തോന്നി, ആകെയൊരു വിഭ്രാന്തിയുടെ ലക്ഷണങ്ങളൊക്കെ കാണിച്ചുതുടങ്ങി(പക്ഷേ എത്ര വിഭ്രാന്തിയാണെങ്കിലും ഭർത്താവിന്റെ ഈ പ്രവൃത്തി അവർ നോട്ട് ചെയ്തിട്ടുണ്ടാവും, മറ്റുള്ളവരുടെ മുന്നിൽവച്ച് ഞാനാണ് നിന്നെ കണ്ട്രോൾചെയ്യുന്നതെന്നുള്ള തരം ഇറക്കിയത്).ഒടുക്കം റോഡ്സൈഡിൽ ഒരു മരത്തിന്റെ ചോട്ടിലിരുന്ന് അവർ ആ തീരുമാനം പ്രഖ്യാപിച്ചു, ഇനി ഒരടി മുന്നോട്ടില്ല. അവസാനം എല്ലാരൂടെ ഒരു തീരുമാനത്തിലെത്തി- തൊട്ടടുത്ത പെട്രോൾപമ്പിൽ അവരെ ഇറക്കിവിടാം. പിന്നെയും പ്രശ്നം - വണ്ടി സ്റ്റാർട്ടാകുന്നില്ല, പിന്നെ തള്ളിയൊക്കെ സ്റ്റാർട്ടാക്കി, അവരെ പെട്രോൾപമ്പിൽ എത്തിച്ചു. പോകാൻനേരം ആ ഭർത്താവ് ദയനീയമായി എന്നെ നോക്കി, നിനക്കൊക്കെ എന്ത് സുഖമാടാ പന്നേ എന്ന അർത്ഥത്തിൽ. ഭാവിയിൽ അതേരംഗത്തിൽ അയാളുടെ സ്ഥാനത്ത് ഞാൻ എന്നെ കണ്ടു. 
ആ മൂന്നുപേർ ഒഴിവായതിൽ സത്യംപറഞ്ഞാൽ എല്ലാരും സന്തോഷിച്ചു, ഇപ്പൊ സ്ഥലം ഒരുപാടുണ്ടല്ലോ വണ്ടിയിൽ, ഞെരുങ്ങിയിരുന്ന എല്ലാരും രാജാക്കന്മാരെപ്പോലെ ഞെളിഞ്ഞിരുന്നു, ചിലരുടെ നഷ്ടം മറ്റുചിലരുടെ ലാഭം. എനിക്ക് സ്‌ക്വിഡ് ഗെയിം ഓർമവന്നു, കൂടെയുള്ള ഓരോരുത്തരായി ഒഴിവായി അവസാനമെത്തുന്ന ആൾ ജയിക്കുന്ന കഥ. 
കുറേക്കഴിഞ്ഞ് ലഞ്ച്കഴിക്കാൻ വണ്ടിനിർത്തി. ആദ്യമേ ഏൽപ്പിച്ച പൈസയിൽ അതും ഉൾപ്പെടും. ബഫെ ആയിരുന്നു. ചോറിനൊപ്പം എന്തോ ഒരു കൂട്ടാൻ, നമ്മടെ കൂർക്കമെഴക്കോരട്ടിപോലെ, പിന്നെ ഉരുളകിഴങ്ങിന്റെ ഒരു ഐറ്റം, മുട്ടക്കറി, അങ്ങനെ എന്തൊക്കെയോ.കുറച്ചുമാത്രം കഴിച്ചു, ഇനിയുള്ള വഴി മുകളിലോട്ടാണ്,നല്ല വളവും തിരിവും ആയിരിക്കും, കൂടുതൽ കഴിച്ചാൽ ശരിയാവില്ല, ആ ഫാമിലിയുടെ അതേ അവസ്ഥയാകുമെന്ന് ഭയം. കൂടെ യാത്ര ചെയ്യുന്നവർ ജാർഖണ്ഡ്കാരും ബംഗാളികളുമാണ്, അതിലെ ബംഗാളികളുടെ സംസാരം കേട്ടാൽ ചക്ക് ദേ ഇന്ത്യയിലെ ആദിവാസി പെൺകുട്ടികളെപ്പോലെ ഉണ്ട്. അങ്ങനെയൊക്കെ പലതും ആലോചിക്കുന്നതിനിടയിൽ അതിലൊരാൾ എന്നെനോക്കി ഒന്ന് ചിരിച്ചു. ആ ഒരൊറ്റ നിമിഷത്തിൽ അയാളെപ്പറ്റി അതുവരെ ചിന്തിച്ചതൊക്കെ ഞാൻ മറന്നു. അപരിചിതന്റെ ആദ്യത്തെ ചിരി ഏറ്റവും പവിത്രമായി തോന്നി. അതൊരു മാജിക്‌ മൊമെന്റ് ആയിരുന്നു, യാത്രകൾക്ക് മാത്രം നൽകാനാവുന്ന മാജിക്ക്.
കുറച്ചൂടെ മുന്നോട്ട്പോയപ്പോൾ മനസ്സിലായി എന്റെകൂടെ യാത്രചെയ്യുന്ന രണ്ട് ഗ്രൂപ്പ്‌ ആളുകളും ബൈക്കിൽ റൈഡ് വന്നവരാണ്, പാസ്സ് കിട്ടില്ല എന്നൊക്കെപ്പറഞ്ഞ് ഇവരെ ഏജന്റ് പറ്റിച്ച് ഷെയർടാക്സിയിൽ കയറ്റിവിട്ടതാണ്. ഞങ്ങളുടെ രണ്ട് സൈഡിലൂടെയും ബൈക്ക്കൾ പാഞ്ഞുപോയപ്പോൾ നഷ്ടപ്പെട്ടുപോയ കാമുകിയെ വീണ്ടും കണ്ട ഭാവമായിരുന്നു അവരുടെയെല്ലാം മുഖത്ത്. വഴിനീളെ ചിലർ മലരുപോലത്തെ സാധനം കഴിക്കുന്നുണ്ടാരുന്നു. നമ്മുടെ ഉത്സവത്തിനും പെരുന്നാളിനുമൊക്കെ കിട്ടുന്ന, ഒരു വികാരവുമില്ലാത്ത ഈ സാധനം മനുഷ്യർ എങ്ങനെ ഇങ്ങനെ ആസ്വദിച്ച് കഴിക്കുന്നെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. വണ്ടിയിൽ പാട്ടിന്റെ ശബ്ദം കൂടിയും കുറഞ്ഞും മാറിമാറി തോന്നി. പിന്നീട് മനസ്സിലായി അത് വണ്ടിയുടെ കുഴപ്പമല്ല എന്റെ ചെവിയുടേതാണെന്ന്, അത് ഉയരങ്ങളിലോട്ട്പോകുംതോറും അടഞ്ഞും വല്ലപ്പോഴുമൊക്കെ തുറന്നും വരുന്നതാണ് സംഗതി. 5 മണി ആയപ്പോഴേക്കും നല്ലരീതിയിൽ ഇരുട്ടിത്തുടങ്ങി. നട്ടെല്ലിന്റെ ഷോക്ക്അബ്സോർബേർസ് നന്നായി പണിയെടുക്കുന്നുമുണ്ട്, അത്രയ്ക്കുണ്ട് വണ്ടിയുടെ കുലുക്കവും കറക്കവും. അങ്ങനെ പല ചെക്ക്പോസ്റ്റുകൾകടന്ന് അവസാനം ഞങ്ങൾ ലാച്ചുങ് എത്തി. അവിടെ അറേഞ്ച് ചെയ്തതിൽ ആദ്യംതന്ന മുറിയിൽ ഒരു കുഞ്ഞെലിക്കുട്ടൻ, എന്നെ കണ്ട് അവൻ ഓടടാ ഓട്ടം. ഏതായാലും അധികം വൈകാതെ റൂം മാറണ്ടിവന്നു, വണ്ടിയിൽ കൂടെയുണ്ടായിരുന്ന ബംഗാളികളുടെകൂടെ ഒരു റൂമിലേക്കായി. അവരെയൊക്കെ ബേസിക് ആയി ഒന്ന് പരിചയപ്പെട്ടു, സോളോ ട്രിപ്പ് ആയതിനാൽ ആരോടും അങ്ങനെ വലിയൊരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചില്ല. അവരെല്ലാം ബിസിനസ് ചെയ്യുന്നവരാണ്. തണുപ്പ് ഏഴ് ഡിഗ്രി എന്ന് മൊബൈലിൽ വെതർ അപ്ലിക്കേഷൻ കാണിക്കുന്നു, പക്ഷേ എനിക്കത് അത്ര വിശ്വാസം വരുന്നില്ല, കിടുകിടാ വിറയ്ക്കുകയാണ്. ബംഗാളികളിൽ ഒരാൾ മദ്യപിക്കാൻ ഒരുപാട് നിർബന്ധിച്ചു.സന്യാസിമാരുടെ നാടായതുകൊണ്ട് അവരെന്നെ പഴയൊരു സന്യാസിയെ (ഓൾഡ് മങ്ക് - മദ്യം ) പരിചയപ്പെടുത്താൻ ശ്രമിച്ചു. എന്നെ വിശ്വസിച്ചയച്ച എല്ലാവരെയും ഓർത്ത് ഞാനത് ഒരുവിധത്തിൽ ഒഴിവാക്കി. 
റൂമിൽ തോർത്തില്ല, സോപ്പില്ല, കെറ്റിൽ ഇല്ല, പ്രത്യേകിച്ച് ഒന്നുംതന്നെയില്ല. ഒരു രീതിയിലുള്ള സഹകരണവും കാണിക്കാത്ത ലോഡ്ജുകാരോട് എല്ലാവർക്കും അമർഷം തോന്നി. ഭക്ഷണം ആകാൻ ഇനി ഒരു മണിക്കൂർ എടുക്കുമെന്ന്, അതിനു പറഞ്ഞ കാരണം ഇതാണ് - ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങൾ എത്തിയിട്ടില്ലന്ന്, അത് ഞങ്ങടെ ഡ്രൈവർ വേണമാരുന്നു കൊണ്ടുവരാനെന്ന്. ഒടുക്കം തണുപ്പ് ഉച്ചസ്ഥായിയിൽ എത്തി. അപ്പോഴും വെതർ ആപ്പ് ഏഴ് ഡിഗ്രി കാണിച്ചു, സംശയത്തോടെ നെറ്റിൽ നോക്കിയപ്പോൾ മൈനസ് ഒന്നെന്നു കാണിച്ചു, അത് അറിയുംമുന്നേതുടങ്ങിയ കാലിന്റെ വിറയൽ ഒന്നുകൂടെ കൂടി. ഭക്ഷണം അപ്പോളേക്കും തയാറായി.കഴിച്ചുകഴിഞ്ഞാണ് കൈ കഴുകിയത്, അതും പേടിച്ചുപേടിച്ച്. പേടിച്ചതുപോലെതന്നെ, കൈകഴുകാൻ പൈപ്പിൽപോലും തൊടാൻ വയ്യാത്ത അവസ്ഥ.വായിൽ വെള്ളമൊഴിച്ചു, കുലുക്കുകുഴിഞ്ഞില്ല, ഇന്നിനി അതിന്റെ പരിണിതഫലംകൂടെ അനുഭവിക്കാനുള്ള ത്രാണിയില്ല, കുളിക്കുന്നേനെപ്പറ്റി പിന്നെ ചിന്തിക്കുകയേ വേണ്ടല്ലോ, കുളിക്കാതായിട്ട് ഇന്നേക്ക് നാല് ദിവസം. 

Monday, 27 January 2025

സോളോ ട്രിപ്പ്- ഡേ 3- അങ്കലാപ്പ്.

ഡ്രൈവർ ഇറക്കിവിട്ട സ്ഥലത്ത് എന്തുചെയ്യണമെന്നറിയാതെ പതറിനിന്നപ്പോൾ മുന്നിൽ ഒരു ബോർഡ് കണ്ടു, ഗ്യാങ്ങ്ടോക് കേബിൾകാർ റൈഡ്. ടാക്സിക്കാർ വന്ന് പൊതിയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട്കയറി. തണുപ്പ് മൂർധന്യ അവസ്ഥയിൽ എത്തിയെന്ന് തോന്നുന്നു. അവിടെ ഒരു കഫെ ഉണ്ടായിരുന്നു, ആകെ ഉണ്ടായിരുന്നത് കാപ്പിയും മാഗിയുണ്ടാക്കാൻ പാകത്തിന് ഒരു റെഡി ടു കുക്ക് കപ്പും . പൊതുവേ മാഗി വിരോധിയായ ഞാൻ ഒരു കപ്പ് മാഗി വാങ്ങി. ആ തണുപ്പത്ത് ഉള്ളിനെ ചൂടാക്കാൻ മാഗി ധാരാളമായിരുന്നു. ഞാനും മാഗിയും തമ്മിലുള്ള ശത്രുത ലേശമൊന്ന് കുറഞ്ഞു. പത്തുപതിനഞ്ചുമിനിറ്റത്തെ കാത്തിരിപ്പിന്ശേഷം കേബിൾകാർ റെഡിയായി. ഒരു 300 മീറ്ററോളം സ്ട്രെയിറ്റ് ലൈനിൽ പോകുന്ന ഒരു റൈഡ്, അതിൽ ഒരുസമയം ഒരു 12 പേർക്ക് നിൽക്കാം. ഗ്യാങ്ടോക്സിറ്റിയെ ഒരു പരുന്ത് കാണുന്നതുപോലെ നോക്കാൻപറ്റി, എങ്കിലും ആരിലും വലിയൊരു എക്സൈറ്റ്മെന്റൊന്നും ആ യാത്ര ഉണ്ടാക്കിയില്ല. അവിടെനിന്ന് താഴെയിറങ്ങി ഒരു ടാക്സിഡ്രൈവറുടെ മുന്നിൽപ്പെട്ടു. പിന്നെ രണ്ടുംകൽപ്പിച്ച് അയാളോടങ്ങ് ചോദിച്ചു, ഈ നാഥുല പാസ് വരെ എങ്ങനെ പോകും എന്ന്. അയാൾ കട്ടായം പറഞ്ഞു ഷെയർ ടാക്സിയിലൊന്നും അങ്ങോട്ട് പോകാൻ പറ്റില്ല, അഥവാ പോയാലും എല്ലാമൊന്നും കാണാൻ പറ്റില്ല എന്ന് . ഒരു 5000 രൂപ തന്നാൽ ഞാൻ കൊണ്ടുപോവാമെന്നും പറഞ്ഞുവച്ചു. 5000 ഇത്തിരി കൂടുതലല്ലേ ചേട്ടാ എന്ന് ഞാൻ അറിയാവുന്ന ഹിന്ദിയിൽ ആ മറുതയോട് ചോദിച്ചു. അപ്പോ അവൻ പറയുവാ വേണേൽ പരമാവധി ഒരു 4200 വരെ താഴ്ത്താമെന്ന്. അവനെ മുഷിപ്പിക്കേണ്ട എന്ന് കരുതി അവന്റെ നമ്പറൊക്കെ ഞാൻ വാങ്ങിവച്ചു. എന്നിട്ട് തഞ്ചത്തിൽ ചോദിച്ചറിഞ്ഞു ഇവിടെ അടുത്ത് നടന്നുകാണാൻ പറ്റുന്ന എന്തെങ്കിലുമൊക്കെ ഉണ്ടോ എന്ന്. നാളെ 4200 രൂപ കിട്ടുന്നതല്ലേ എന്ന് കരുതി അയാൾ അറിയാവുന്ന ഡീറ്റെയിൽസ് മൊത്തം പറഞ്ഞുതന്നു. അതനുസരിച്ച് തൊട്ടടുത്തുള്ള ഒരു ടിബറ്റൻ മ്യൂസിയം കാണാൻ പോയി. ഇന്നലെ വായിച്ച, ശ്രീമതി സോണിയ ചെറിയാന്റെ 'സ്‌നോ ലോട്ടസ്' ഒന്നുകൊണ്ട്മാത്രം എനിക്ക് ടിബറ്റിനോടും ബുദ്ധൻമാരോടും ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു. 10 ലക്ഷത്തോളം ടിബറ്റുകാരെയാണത്രേ ചൈന കൊന്നൊടുക്കിയത്. അതിലും ഒരുപാട്പേർ ഇന്ത്യയിലേക്കുംമറ്റും പലായനംചെയ്തു, ആ യാത്രയിൽ ഒട്ടനവധിപേർ രോഗംകൊണ്ടും കാലാവസ്ഥകൊണ്ടും മരിച്ചു. സമരം ചെയ്യാത്തത്കൊണ്ടും പകരംചെയ്യാൻ ഇറങ്ങിപ്പുറപ്പെടാത്തതുകൊണ്ടും ലോകം ഇവരെ പാടെ തിരസ്കരിച്ചു, ആ കൂട്ടപ്പലായനം ഒരു വലിയ വാർത്തപോലുമായില്ല. ഇന്ന് ടിബറ്റിനെ ഒരു സ്വതന്ത്രരാജ്യമായി ചൈന അംഗീകരിക്കുന്നുപോലുമില്ല. അന്ന് നാടുവിട്ടുവന്നവർക്ക് തിരികെ അങ്ങോട്ട് കടക്കാനുള്ള അനുമതിയുമില്ല. മിണ്ടാപ്രാണികളെപോലെ അവർ അനുഭവിച്ച യാതനകളെ ഓർത്തുകൊണ്ട് തടിപാകിയ ആ തറയിലൂടെ ഞാൻ മരവിച്ച് നടന്നു. അകത്ത് ചെരുപ്പിടാൻ അനുമതി ഇല്ലാത്തതിനാൽ തണുപ്പ് പുളച്ചുകയറുന്നുമുണ്ടായിരുന്നു.
'ഡ്രാ ന്യെൻ ' എന്ന പ്രത്യേകതരം വാദ്യോപകരണം എന്റെ ശ്രദ്ധയിൽപ്പെട്ടു, ഒരു സിത്താറിനോട്‌ സാമ്യമുള്ള അതിന്റെ പിടിയിൽ മയിലിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ടായിരുന്നു, മുൻവശം പാമ്പിൻതോല്കൊണ്ട് ആവരണം ചെയ്തിട്ടുമുണ്ടായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആ പാമ്പിൻതോലിൽ ഞാൻ കുറച്ചുനേരം നോക്കിനിന്നുപോയി. ഇന്ന് പാമ്പിനെ സ്വപ്നം കാണുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കുറച്ചുനേരംകഴിഞ്ഞ് തൊട്ടടുത്തുള്ള ബുദ്ധമൊണാസ്റ്ററി കാണാൻ പോയി. ശാന്തമായ അന്തരീക്ഷത്തിൽ ചില ബുദ്ധസന്യാസിമാർ പ്രാർത്ഥിച്ചുകൊണ്ട് നടക്കുന്നതുകണ്ടു. അതിനിടയിൽകൂടെ അവരെ വകവയ്ക്കാതെ പലരും ഫോട്ടോ എടുക്കുന്നതും പോസ് ചെയ്യുന്നതും കണ്ടു. ജപമാലയിലെ മുത്തുകൾപോലെ ഒരു സ്തംഭത്തിന് ചുറ്റും ലോഹം കൊണ്ടുണ്ടാക്കിയ പലവലിപ്പത്തിലും രൂപത്തിലുമുള്ള ഭരണിപോലെയുള്ള വസ്തുക്കൾ കണ്ടു. അവ ഓരോന്നും ക്ലോക്ക്‌വൈസിൽ കറക്കി ഒരു മുഴുവൻ വലയംവെച്ച് സന്യാസിമാരും, അത്കണ്ട് മറ്റുള്ളവരും പ്രാർത്ഥിക്കുന്നു. ബുദ്ധനും എട്ടെന്നസംഖ്യയുംതമ്മിൽ പലയിടത്തും ബന്ധം കേട്ടിട്ടുണ്ട്. സന്യാസിമാരുടെ ജപമാലയിൽ 108 മുത്തുകളാണുള്ളതെന്ന് എവിടെയോ വായിച്ചതോർത്തു. അപ്പോൾ ആ സ്തംഭത്തിന് ചുറ്റും എട്ടിന്റെ ഗുണിതങ്ങളായിരിക്കുമോ അതോ നൂറ്റിയെട്ട് ഭരണികളായിരിക്കുമോ എന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. എണ്ണമെടുക്കാൻ വേണ്ടി ഓരോ ഭരണിയും ഞാനും കറക്കി. പക്ഷേ പലതവണ എണ്ണിയിട്ടും എനിക്ക് എണ്ണംതെറ്റി. ഇനിയും പരീക്ഷിക്കേണ്ട എന്ന് കരുതി ഞാൻ തൽക്കാലം അവിടുന്ന് മടങ്ങി. തണുപ്പ് കുറയ്ക്കാൻ തല്കാലമൊരു കട്ടൻചായ കുടിക്കാമെന്ന് കരുതി അടുത്തുകണ്ട ഒരു ചെറിയ കടയിലേക്ക് കയറി, അതിന് ചെറിയൊരു അരമതിലുണ്ടായിരുന്നു, ആ മതിലിനെ ചുറ്റി അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോ അവിടെ പെട്ടന്ന് വലിയൊരു പട്ടിയെ കണ്ട് ഒന്നുഞെട്ടി. വീണ്ടും 'സ്‌നോ ലോട്ടസ്' ഓർമവന്നു. അതിലെ ടിബറ്റൻ മാസ്റ്റിഫ് എന്ന വലിയ പട്ടിയെപ്പറ്റിയുള്ള വർണന മനസ്സിൽ തെളിഞ്ഞു.. ചെറിയൊരു സിംഹത്തിന്റെ വലിപ്പമുള്ള പട്ടികൾ ആണത്രേ ബുദ്ധന്മാരുടെ കാവൽനായകൾ പ്ലസ് ആട്ടിടയന്മാരുടെ വേട്ടപ്പട്ടികൾ. 


തണുപ്പ് കൂടിക്കൂടി വന്നു. ഏതെങ്കിലും ഡോർമെറ്ററിയിൽ നിൽക്കാം എന്നാണ് ആദ്യം കരുതിയത്, പക്ഷേ തണുപ്പിന്റെ ഈ കാഠിന്യംകാരണം ഒരു ഒറ്റമുറിവേണമെന്ന് ഉറപ്പിച്ചു. അധികം അകലെയല്ലാതെ ഒരു മുറി തരപ്പെടുത്തി. ഇവിടെയും ഒരു ഫാനൊക്കെയുണ്ട്. പക്ഷേ ഈ തണുപ്പിൽ ആരും അത് ഇടാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ബാഗ് ഒക്കെ ഇറക്കിവെച്ച് വെളിയിലിറങ്ങി. അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിൽ നെറ്റിൽ വെറുതെ നോക്കി, ഷെയർ ടാക്സിയിൽ നാഥുല പാസ്സ്‌ വരെ പോകാൻ പറ്റുമോയെന്ന്. കിട്ടിയ ഒരു നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ മനസ്സിലായി നാളെ അവിടെ അടവാണെന്ന്. ഇനി എന്ത് ചെയ്യും. റൂമിൽ പുതച്ചിരുന്ന് തിരിച്ചുപോകേണ്ടിവരുമോ. നടക്കുന്നതിനിടയിൽ ഒരു ടൂർസ് & ട്രാവൽസിന്റെ ബോർഡ് കണ്ടു. അവിടെ ഒരു അമ്മാവൻ ഇരിപ്പുണ്ടായിരുന്നു. അങ്ങേരോട് ചെന്ന് സങ്കടമങ്ങ്പറഞ്ഞു. എവിടുന്നാ കുറ്റിയും പറിച്ച് വന്നതെന്ന രീതിയിൽ പുള്ളിയുടെ ഒരു ചോദ്യം. ഇളിഭ്യനായി പറഞ്ഞു കേരളത്തിൽനിന്ന്. ഒരു സ്ഥലത്തോട്ട് ഇറങ്ങി പുറപ്പെടുംമുൻപ് അവിടുത്തേപ്പറ്റി എന്തെങ്കിലുമൊക്കെ നോക്കേണ്ടേ എന്നായി അയാൾ. അവസാനം എന്റെ ദയനീയ അവസ്ഥ കണ്ട് അയാൾതന്നെ റൂട്ട്മാപ്പ് തയ്യാറാക്കി തന്നു. നാളത്തേക്കും മറ്റന്നാളത്തേക്കും മാത്രമല്ല ഇന്ന് വൈകിട്ടത്തേക്ക് വേണ്ടിയും അദ്ദേഹം ഒരു പേപ്പറിൽ വരച്ച് അടയാളപ്പെടുത്തിത്തന്നു. എന്നിട്ട് പറഞ്ഞു, "എന്റെ പേര് രത്തി അങ്കിൾ, ഞാൻ കേരളത്തിൽ വരുമ്പോൾ ഇതുപോലെ എന്നെയും സഹായിക്കണം". എനിക്ക് ചിരിക്കാൻ മാത്രമല്ലേ അറിയൂ മറ്റൊന്നും പറയാൻ അറിയില്ലല്ലോ. അങ്ങേര് വരച്ചുതന്ന റൂട്ട്മാപ്പുംകൊണ്ട് ഞാൻ ഇവിടുത്തെ ഒരു ഫേമസ് മാർക്കറ്റിലോട്ട് പോയി. പറ്റാവുന്നിടത്തോളം കറങ്ങിനടന്നു. എന്നിട്ട് വിയറ്റ്നാമിൽവച്ച് കണ്ടുമോഹിച്ച തലയാട്ടുന്ന ബുദ്ധൻകുഞ്ഞിനെയുംവാങ്ങി തിരികെനടന്നു. നടക്കുന്ന വഴിക്ക് കണ്ണ് കടകളായ കടകളൊക്കെ പരതിനടന്നു, തിരിച്ച്ചെല്ലുമ്പോൾ എല്ലാവർക്കും കൊടുക്കാനായി എന്താണ് വാങ്ങേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇനി ഒന്നും വാങ്ങാതെ പോയാലെന്താ എന്ന് ആലോചിച്ചു. ചേട്ടൻ കൊൽക്കത്തയിൽനിന്ന് പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്ന ഷൂ കാലിൽകിടന്ന് തെറിവിളിച്ചു, എന്തേലുമൊന്ന് വാങ്ങിയിട്ട്പോ ദാരിദ്ര്യമേ എന്ന്. 
വിശന്നുതുടങ്ങിയപ്പോൾ അടുത്ത്കണ്ട ചെറിയൊരു കഫെയിൽ കയറി. ചീസ് നിറച്ച പഫ്സും ഒരു കാപ്പിയും ഓർഡർ ചെയ്തു. പഫ്സ് ചൂടോടെ മുന്നിലെത്തി, കാപ്പിയുടെ കപ്പ് കണ്ടപ്പോൾ സ്റ്റാർബക്സ്ന്റെ കപ്പുപോലെ തോന്നി, ആ തോന്നൽ വെറുതെയായില്ല, ബില്ലടിക്കാൻനേരം കാപ്പിക്ക് 90 രൂപ. തിരികെ റൂമിലെത്തി.പൊതുവേ പല്ല്തേക്കണം എന്ന് വലിയ നിർബന്ധമൊന്നുമില്ലാത്ത ആളാണെങ്കിലും ഈ തണുപ്പത്ത് വന്നപ്പോളൊരു ആഗ്രഹം - പല്ലൊന്ന് തേച്ചുകളയാം. വെള്ളം വായിലേക്കൊഴിച്ചതേ ഓർമ്മയുള്ളൂ, പല്ലുപറിക്കാൻ ചെന്നപ്പോൾ ഡോക്ടർ മരവിപ്പിക്കാൻവച്ച മരുന്നിന്റെ എഫക്ട്പോലെ തോന്നി. അഹങ്കാരം കൊണ്ട് ഒന്ന് കുലുക്കുകുഴിയുകകൂടി ചെയ്തു. ആകെയൊരു നമ്പ്നെസ്സ്. വേഗന്നുതന്നെവന്ന് കട്ടിലിൽകയറി.ഗൾഫിലോട്ടു കൊണ്ടുപോകാൻ എന്തെങ്കിലും സാധനം പൊതിയുന്നത്ര കരുതലോടെ സ്വയം പലതുണികൾകൊണ്ട് പൊതിഞ്ഞു, എന്നിട്ട് കമ്പിളിയെടുത്ത് തലയിൽകൂടിമൂടി സ്വയം മമ്മിഫൈ ചെയ്ത് കണ്ണടച്ചു കിടന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല.

സോളോ ട്രിപ്പ്- ഡേ 3- ടോട്ടൽ കൺഫ്യൂഷൻ

പ്ലാനിന്റെ തുടക്കംമുതലുള്ള ഡൗട്ട് ആയിരുന്നു ഡാർജിലിങ് വേണോ ഗ്യാങ്ടോക്ക് വേണോ എന്നുള്ളത്. ബസ്റ്റാൻഡിൽ നിന്നും ഡാർജിലിങ്ങിലേക്ക് 100 രൂപയ്ക്ക് ബസ് ബുക്ക്ചെയ്തിട്ടുണ്ട്. ന്യൂജൽപ്പായ്‌ഗുരി റെയിൽവേ സ്റ്റേഷന്റെ ഡോർമിറ്ററിയിൽനിന്നും പുറത്തുകടന്ന് നടന്ന് വെളിയിലേക്ക് എത്തിയപ്പോൾ ആദ്യം ഒരു സൈക്കിൾ റിക്ഷാക്കാരനെ കണ്ടു. ബസ്റ്റാൻഡുവരെ പോകാൻ പുള്ളി 200 രൂപയാണ് ചാർജ്പറഞ്ഞത്, അതും ഏകദേശം അരമണിക്കൂർ എടുക്കുമത്രേ. ബസ് പുറപ്പെടാൻ ഇനി അരമണിക്കൂർ ഇല്ലതാനും. വല്ല ഓട്ടോയും കിട്ടുമോ എന്നായി അടുത്ത അന്വേഷണം, ബൈക്ക് ഓട്ടോ ആക്കിയപോലത്തെ ഒരു വണ്ടികണ്ടു, അവരും ഏകദേശം ഇതേ ചാർജ് തന്നെയാണ് പറഞ്ഞത്. പക്ഷേ ഇതിലൊക്കെ പോയാൽപോലും ബസ്സിന്റെ സമയത്ത് അവിടെ എത്തില്ല എന്ന് എനിക്ക് മനസ്സിലായി. ഇതേസമയം ഷെയർ ടാക്സിക്ക് പോകാനാണെങ്കിൽ 300 രൂപയെ ആകു ഡാർജിലിംഗ് വരെ. എങ്കിൽപിന്നെ അങ്ങനെ പോകാം എന്ന് കരുതി ഒരു ടാറ്റാസുമോയിൽ കയറിയിരുന്നു. കുറേനേരമായിട്ടും വണ്ടിയെടുക്കുന്ന ലക്ഷണമില്ല, എങ്കിൽ പിന്നെ ഞാനൊന്ന് ഭക്ഷണം കഴിച്ചിട്ട് വരാം എന്നുംപറഞ്ഞ് പതിയെ ഇറങ്ങി,ഒരു റസ്റ്റോറന്റിലേക്ക് കയറി. അവിടെ എതിരെ ഒരു ആസ്സാമി കുട്ടിയും അതിന്റെ അച്ഛനുമമ്മയും ഇരിപ്പുണ്ടായിരുന്നു. ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് എന്റെ കുഞ്ഞിനെത്തന്നെ ഓർമ്മവന്നു, അതേ മുഖം അതേ ചിരി. എന്റെ കുഞ്ഞിനും ഒരു ആസ്സാമി കട്ട്തന്നെ എന്ന് ഓർത്തു. നല്ല ചൂടുള്ള ആലുപറാട്ട കഴിച്ചിട്ട് ഞാൻ ഷെയർടാക്സി സ്റ്റാൻഡിലേക്ക് തിരിച്ചുനടന്നു. ഗ്യാങ്ങ്ടോക്ക്, ഗ്യാങ്ങ്ടോക്ക് എന്ന് ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു . എങ്കിൽപിന്നെ അതിൽ കയറിയേക്കാം എന്നായി മനസ്സ്. തനിയെ പോകുമ്പോഴുള്ള സ്വാതന്ത്ര്യം എന്താണെന്ന് ഞാൻ അന്നേരം മനസ്സിലാക്കി. അപ്പോൾ പക്ഷേ രണ്ടുവണ്ടിക്കാർ എനിക്കുവേണ്ടി പിടിയുംവലിയുമായി. ഒരാൾ എന്റെ ഇടതു കൈയിലും മറ്റേയാൾ വലതു കൈയിലും പിടിച്ചു. ഉച്ചത്തിൽ അങ്ങോട്ടുമിങ്ങോട്ടും തർക്കമായി. ഹിന്ദി അറിയാവുന്നതുകൊണ്ട് മനസ്സിലായി അവർ തമാശക്ക് ചെയ്യുന്നതാണെന്ന്. സ്ഥിരമായി തമ്മിൽ കാണുന്ന, ഒരേജോലി ചെയ്യുന്നവർക്കിടയിലുള്ള ഒരു പ്രത്യേകതരം ആത്മബന്ധം. അവസാനം ഒരാൾ മറ്റൊരാൾക്ക് എന്നെ വിട്ടുകൊടുത്തു. ഒരു 10 മിനിറ്റ് എടുത്തു ആ വണ്ടിയും വിടാൻ. അതിനിടയ്ക്ക് ഒരു ഭിക്ഷക്കാരൻ പയ്യൻ വന്നു, പലതവണ കയ്യിൽപിടിച്ചു, അവസാനം മനസ്ഥാപം തോന്നി ഞാൻ പേഴ്സ് എടുത്തു, പേഴ്സിലെ ഏറ്റവും ചെറിയ നോട്ട് 50 രൂപയുടേതായിരുന്നു, മനസ്സില്ലാമനസ്സോടെ അതങ്ങ് കൊടുത്തു, കൊടുത്തുകഴിഞ്ഞ് കുറച്ചുനേരത്തേക്ക് അതിനെപ്പറ്റിയുള്ള ചിന്തയായിരുന്നു. ശരിക്കും പറഞ്ഞാൽ ഞാൻ ആ പയ്യനെ നശിപ്പിക്കുവല്ലേ ചെയ്തത്. നാളെയും അവൻ ഇതുപോലെ നോട്ടുകൾ കിട്ടുമെന്ന് ആഗ്രഹിക്കും, ജോലി ചെയ്യുന്നതിനേക്കാൾ സുഖമുള്ളത് ഈ പണിയല്ലേ എന്ന് ചിന്തിക്കും. 
എന്തായാലും വണ്ടി എടുക്കാറായപ്പോഴേക്ക് സായുവിന്റെ (എന്റെ കുഞ്ഞിന്റെ പേര് ) രൂപമുള്ള കുട്ടിയും ഫാമിലിയും അതേ വണ്ടിയിൽ വന്നുകയറി. അങ്ങനെ എന്റെ കുഞ്ഞ് എന്റെ ഒപ്പം ഗ്യാങ്ടോക്കുവരെ വരുന്നത്പോലെ തോന്നി. 
 ഏകദേശം ഒരു 5 മണിക്കൂർ യാത്രയുണ്ടായിരുന്നു. വഴിയിൽ പലയിടത്തും നല്ല പണിനടക്കുന്നു. മൊത്തം പൊടിയും വളവും തിരിവും, കഴിഞ്ഞമാസം പോയ മൂന്നാർയാത്രയെ അനുസ്മരിപ്പിച്ചു. മൂന്നാർ പോയപ്പോൾ തോന്നി കക്കയം ഇതുപോലെതന്നെയല്ലേ എന്ന്, ഇപ്പോൾ ഗ്യാങ്ടോക്കിനുള്ള വഴി കണ്ടപ്പോൾ തോന്നി മൂന്നാറും മേഘാലയയും ഇതുപോലെതന്നെ അല്ലായിരുന്നോ എന്ന്. ഒന്ന് നോക്കിയാൽ ഒരേ രീതിയിലുള്ള സ്ഥലങ്ങളെല്ലാം ഒരുപോലെതന്നെ, എന്നുവെച്ചാൽ കടൽത്തീരങ്ങളെല്ലാം ഒരുപോലെ, മലകളെല്ലാം ഒരുപോലെ, അങ്ങനെയങ്ങനെ. 

 പോകുന്ന വഴിക്ക് പല കാഴ്ചകൾ കണ്ടു - ഇലോൺ മസ്കിന്റെ മുഖമുള്ള ഒരു ഡ്രൈവർ, വഴിനീളെ റിയാൻ പരാഗിന്റെ ഫോട്ടോ ( അത് കണ്ടപ്പോൾ പണ്ട് ആസ്സാം പോയതാണ് ഓർമ്മ വന്നത്- അന്ന് അവിടെ ഓട്ടക്കാരി ഹിമാദാസിന്റെ ഫോട്ടോ ആയിരുന്നു മുഴുവൻ, ഓരോ നാട്ടുകാർക്കും ആരാധിക്കാൻ അവരുടെ സ്വന്തം ഹീറോ ), ശ്രീമതി സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന കഥയിൽ പറയുന്നതുപോലെ ഓം മണി പത്മേ ഹും എന്ന എഴുത്തുകൾ ( റോഡരികിൽ ഭിത്തികളിൽ), വെള്ളമണലിന് സമാന്തരമായി ഒഴുകുന്ന പച്ചനിറമുള്ള നദി, അങ്ങനെ അങ്ങനെ. ഏതായാലും ഡ്രൈവർ നല്ല ഒന്നാന്തരം കണക്ക്മാഷിനെപ്പോലെ തോന്നി. റോഡിലെ ഓരോ വരയും വൃത്തവും അയാൾക്ക് കൃത്യമായിരുന്നു. പലതവണ ഫോൺ നോക്കി വണ്ടി ഓടിച്ചപ്പോൾപോലും വണ്ടി ഒരു കുഴിയിൽപോലും വീണില്ല. ആകെ ഒഴിവാക്കാൻപറ്റാത്ത ചില കുണ്ടുകളിൽ ചാടിപ്പോയി എന്ന്മാത്രം. റോഡിൽ പലയിടത്തും സുന്ദരികളായ പെൺകുട്ടികൾ ഓറഞ്ചുകൾ വിൽക്കുന്നുണ്ടായിരുന്നു, ശരിക്കും ഒരു സ്ത്രീശാക്തീകരണം പോലെ തോന്നി,പുരുഷന്മാരെ എങ്ങും കാണാനില്ല.  

വണ്ടിക്കുള്ളിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഗ്യാങ്ടോക്ക് വൃത്തികേടാക്കാത്തതിന് നന്ദി എന്ന്. പക്ഷേ ഇതൊന്നും മൈൻഡാക്കാതെ മുന്നിലിരുന്ന പുതുമോഡിയിലെ പെണ്ണ് കഴിച്ചതിന്റെ ബാക്കിപലതും റോഡിലേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു. ഡ്രൈവറാണെങ്കിൽ ഒന്നും പറയുന്നുമില്ല.
 ഇടയ്ക്ക് പല ആർമി ട്രക്കുകളും പോകുന്നതുകണ്ടു. രണ്ട് ഫൈറ്റർ പ്ലെയിനുകൾ ആകാശത്ത് പോകുന്നത് കണ്ടപ്പോൾ പെട്ടെന്ന് വിംഗ് കമാണ്ടർ അഭിനന്ദൻ വർദ്ധമനെ ഓർത്തു . പാക്കിസ്ഥാന്റെ പ്ലെയിനിനെ തുരത്താൻ അദ്ദേഹം പ്ലെയിൻ പറത്തുന്നത് ഞാൻ നേരിൽ കാണുകയാണെന്ന് തോന്നി. 
 ഒടുവിൽ വണ്ടി ഗ്യാങ്ടോക് എത്തി, ഇനി എന്ത് ചെയ്യണമെന്ന് ആകെ കൺഫ്യൂഷൻ. ഒന്നുമല്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവർ കൊണ്ട് ഇറക്കിവിട്ടു. ചുറ്റുംനോക്കി. മേഘാലയയിൽ പണ്ട് ഒരു മാർക്കറ്റിൽ ചെന്നിറങ്ങിയത്പോലെതന്നെ. പക്ഷേ അന്ന് കൂടെ ഭാര്യയുണ്ടായിരുന്നു, ഒപ്പം ടൂർപാക്കേജുകാരുടെ ഒരു ഗൈഡും. ഇന്നിപ്പോ പാക്കേജുമല്ല ഗൈഡുമില്ല. സിക്കിമിന്റെ തണുപ്പിൽ ഞാൻ പതിയെ വിറയ്ക്കാൻ തുടങ്ങി. അപരിചിതത്വവും ചുറ്റുമുള്ള ഡ്രൈവർമാരുടെ നോട്ടവും എനിക്ക് വല്ലാതെ അസഹ്യമായി തോന്നിത്തുടങ്ങി...

Sunday, 26 January 2025

സോളോ ട്രിപ്പ്- ഡേ 3- ന്യൂ ജൽപ്പായ്ഗുരി.

രാത്രി 11.55 ന് എത്തണ്ട ട്രെയിൻ മൂന്ന് മണിക്കൂർ വൈകി ഓടുന്നതിനാൽ അലാറം വെളുപ്പിനെ 2.28 നും 2.30 നും സെറ്റ് ചെയ്തു, എങ്കിലും 1.30 ആയപ്പോൾത്തന്നെ എണീറ്റുതുടങ്ങി. ട്രെയിൻ ലൈവ് ട്രാക്കിങ് നോക്കിയപ്പോൾ എത്താൻ 2.55 ആകുമെന്നുകണ്ട് വീണ്ടും മയങ്ങി. അലാറം കൃത്യമായി അടിച്ചു. മടിയോടെ വീണ്ടും ട്രാക്ക് ചെയ്ത് നോക്കിയപ്പോ എത്താൻ 3.10 ആകുമെന്നുകണ്ടു. അലാറം തിരുത്തി 2.45 ആക്കി എന്റെയുള്ളിലെ മടിയൻ സുഖമായി ചുരുണ്ടുകൂടി ഉറങ്ങി. 2.33 ആയപ്പോ അറിയാതെ കണ്ണുതുറന്നു. ട്രെയിൻ സ്ലോ ആകുന്നുണ്ടാരുന്നു. മനസ്സില്ലാമനസ്സോടെ ഒന്നൂടെ ലൈവ്ട്രാക്കിങ് നോക്കി. ട്രെയിൻ സ്റ്റേഷൻ എത്താറായിയെന്നുകണ്ടു. മടിയൻ വിട്ടുകൊടുക്കാൻ തയ്യാറല്ല, അഥവാ ഈ സ്റ്റേഷൻ വിട്ടുപോയാൽ അടുത്ത സ്റ്റേഷന് എത്ര സമയമുണ്ടെന്ന് നോക്കി, ഇവിടുന്ന് ഒരു മണിക്കൂർ. ആ സ്റ്റേഷനിന്ന് ഡാർജീലിംഗിന് ദൂരം ഏകദേശം അൻപത് കിലോമീറ്റർ അധികമുണ്ട്. ഒടുക്കം വല്ലാത്ത മുരൾച്ചയോടെ മനസ്സ് സടകുടഞ്ഞെണീറ്റു. പിന്നെ വേഗംതന്നെ ബാഗൊക്കെ എടുത്ത് ഇറങ്ങി. തണുപ്പ് നല്ലതുപോലെ ഉണർന്നിട്ടുണ്ട്. എങ്കിലും എത്തിയ സ്റ്റേഷന്റെ പേരിന്റെ (ന്യൂ ജൽപ്പായ്ഗുരി) ഫോട്ടോ എടുക്കണ്ടേയെന്നുകരുതി കുറച്ചുദൂരം പിന്നോട്ടുനടന്നു. തിരികെ കൂനിക്കൂടി നടന്ന് മുൻകൂട്ടി ബുക്കുചെയ്ത ഡോർമിറ്ററി കണ്ടുപിടിച്ചു. റൂമിലേക്ക് ഒരു വാച്ചർ വഴികാട്ടി. ഏതോ തമിഴ്സിനിമയിൽനിന്ന് ഇറങ്ങിവന്ന പോലീസ്‌കാരനെപ്പോലെ ഒരാൾ. ഒരു ബ്രൗൺ മഫ്ലറും കാക്കി വേഷവും കഴുത്തിലൊരു കമ്പിളിയുടെ ഷാളും. അയാൾ വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ പുകയും മണവും ഞാൻ പിടിച്ചെടുത്തു, തണുപ്പിന് ചെറിയൊരു ആശ്വാസമൊക്കെ തോന്നി. അതേ, ഇതിന് പാസ്സീവ് സ്‌മോക്കിങ് എന്ന് പറയാം. കൃഷ്ണഗുടിയിലൊരു പ്രണയകാലം എന്ന സിനിമയിൽ ജയറാം നിന്ന റെയിൽവേ സ്റ്റേഷന്റെ ഏതോ ഒരു വരാന്തപോലെതോന്നി റൂമിലേക്കുള്ള വഴി. അയാൾ ഒരു റൂമിൽ കൊണ്ടാക്കി. അവിടെ എനിക്കായി ഒരു കട്ടിൽ കാത്തുകിടക്കുന്നു. സമാധാനം തോന്നി, നെറ്റിൽ കണ്ടതുപോലെ അത്ര മോശമല്ല റൂം. നവോദയായിൽ പഠിച്ചതിന്റെ ഗുണം ഇടക്കൊക്കെ കിട്ടും, എത്ര പരിമിതമായ സാഹചര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. റൂമിലെ ചെറിയ ലൈറ്റ് എന്റെ തലക്കുമുകളിൽത്തന്നെയാണ്. നവോദയായിൽനിന്ന് പഠിക്കാൻ കഴിയാഞ്ഞ ഒന്ന് അതാണ്‌, വെട്ടത്ത് കിടന്നുറങ്ങാൻ. ചെവി കവർ ചെയ്യാൻ കെട്ടിയ കറുത്ത തുണി കണ്ണിലേക്ക് വലിച്ചിട്ടു. ചുറ്റും മറ്റ് അഞ്ചുപേർ കിടപ്പുണ്ട്. അവരുടെയൊക്കെ വായിലൂടെയും മൂക്കിലൂടെയും പിന്നിലൂടെയുമൊക്കെ പുറത്തുവരുന്ന വായു പലതരം ഒച്ചകൾ കേൾപ്പിച്ചു. അതിന് പേരുകൾ പലത് - കൂർക്കംവലിയെന്നോ ഗാസെന്നോ ഒക്കെ പറയാം. അങ്ങനെ പലതരം വായുവിസ്ഫോടനങ്ങളുടെ യുദ്ധക്കളത്തിന് നടുവിൽപ്പെട്ട എന്നിലെ ഭടൻ പെട്ടന്ന് കണ്ടുപിടിച്ചു - ഏസി റൂം ബുക്കുചെയ്ത എന്നെ അയാൾ നോൺ ഏസി തന്നു പറ്റിച്ചിരിക്കുന്നു, കമ്പിളിപുതച്ച് കിടക്കുമ്പോളാണ് ഏസി വേണമെന്ന് ഓർത്തതെന്ന് ഓർക്കണം. ഇത്തവണ പക്ഷേ അല്പം ചൂടിനുവേണ്ടിയാണ് ഏസി യെ സ്മരിച്ചത് . കണ്ണുതുറന്ന് നോക്കിയപ്പോൾ ആരെയും ശല്യംചെയ്യാതെ ഉറങ്ങുന്ന രണ്ട് ഏസികളെ കണ്ടു. ഓ അപ്പൊ അയാൾ പറ്റിച്ചിട്ടില്ല. ഏസി ഇടാതെതന്നെ നല്ല മരവിക്കാൻ തുടങ്ങുന്ന തണുപ്പ്. പണ്ട് കോളേജീന്ന് കൂട്ടുകാർക്കൊപ്പം പോയ ഊട്ടി യാത്ര ഓർമവന്നു. ആരെങ്കിലും ആ ഏസി ഒന്ന് ഓഫ്‌ ചെയ്യടാ എന്ന് പുതപ്പിനടിയിൽകിടന്ന് പറഞ്ഞതും തപ്പിനോക്കുമ്പോ ഏസി പോയിട്ട് ഒരു ഫാൻപോലുമില്ലാത്ത മുറികണ്ട് അന്ധംവിട്ടതും. ഇവിടെയും സമാനം. ഏസിക്ക്‌ തണുപ്പിക്കാവുന്ന പരമാവധി താപനില പതിനെട്ട് ഡിഗ്രി. ഇവിടെ ഇപ്പോഴത്തെ തണുപ്പ് പതിമൂന്ന് ഡിഗ്രി. മൂക്കിലൂടെയൊക്കെ തണുപ്പ് അരിച്ചരിച്ച് കേറുന്നുണ്ട്. ഇഎൻടി അക്ഷയ്ഡോക്ടറെ മനസ്സിൽ ധ്യാനിച്ച് മാസ്ക് എടുത്ത് മുഖത്തുവച്ചുകിടന്നു. മൂക്കിലൂടെ കാറ്റടിച്ചാണത്രെ ചെവിവേദന വരുന്നത്, അല്ലാതെ നമ്മൾ കരുതുംപോലെ ചെവിമാത്രം മൂടിയിട്ട് ഒരു കാര്യവുമില്ലെന്ന്.

രണ്ടുമണിക്കൂറോളം ഉറങ്ങി, ശേഷം പതിയെ കണ്ണൊക്കെ തുറന്ന് എണീറ്റിരുന്നു. അടുത്തുള്ള ബെഡിലെ ആൾ നനഞ്ഞ കോഴിയെപ്പോലെ കിടുകിടാ വിറച്ച് പെട്ടന്ന് റെഡി ആകുന്നുണ്ടായിരുന്നു. ഈ തണുപ്പത്ത് അയാൾ കുളിച്ചോ എന്ന് ഞാൻ അത്ഭുദപ്പെട്ടു. ഒന്നിലധികം ടോയ്ലറ്റ് ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച് കോമൺ കുളിമുറിയിൽ കയറി, ഉണ്ടായിരുന്നു. അതും അത്യാവശ്യം നല്ല വൃത്തിയുള്ളത്. ഈ സൗകര്യങ്ങളെ വളരെ മോശമെന്ന് ഗൂഗിളിൽ റിവ്യൂ ഇട്ട ആളെ ഞാൻ ആശ്ചര്യത്തോടെ ഓർത്തു. പക്ഷേ ചിലപ്പോ അയാൾക്ക് കിട്ടിയ മുറിയുടെ അവസ്ഥ മറ്റൊന്നായിരിക്കാം. അനുഭവിക്കുന്നതുവരെ മറ്റെല്ലാം നമുക്ക് കഥകൾമാത്രമാണല്ലോ. 

തിരികെ റൂമിൽ വന്നപ്പോൾ അപ്പുറത്തെ ബെഡിൽകിടന്ന ബംഗാളി ആന്റി എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു, കമ്പിളികൊണ്ട് തല മൂടിയിട്ടുണ്ട്. പിന്നെയാണ് മനസ്സിലായത് ഫോണിലാണെന്ന്. "അരേ ഉടോ ഷക്കൊർമൊത്തേ " എന്ന് കേട്ടപ്പോൾ മനസ്സിലായി മറുതലയ്ക്കൽ ആന്റിയുടെ മകനോ മകളോ ആണെന്ന്. അതിന്റെ മലയാളം തർജമ എന്റെ ചെവിയിൽ ഓടിവന്ന് ഇങ്ങനെ പറഞ്ഞു "മതി എണീക്ക് ചക്കരമുത്തേ ". ദാ പത്തുമിനിറ്റ് കഴിഞ്ഞ് ആന്റി വീണ്ടും ഫോൺ വിളിച്ച് എണീപ്പിക്കുന്നു. അമ്മമാർക്കെന്ത് മലയാളം എന്ത് ബംഗാളി, അവരുടെ സ്നേഹമിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയല്ലേ, അകലെയെങ്കിലും അരികിൽത്തന്നെ എന്നും. 

സോളോ ട്രിപ്പ് - ഡേ 2- പുറംകാഴ്ച.

ട്രെയിൻ പിന്നെയും മുന്നോട്ട്. തത്കാലം താഴത്തെ സീറ്റിൽ ആളില്ല, കുറച്ചുനേരം പുറംകാഴ്ചകൾ കാണാം. ഡബ്ല്യൂബി എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റുകൾ കണ്ടുതുടങ്ങി. ചെന്നൈപോലെ കൊച്ചിപോലെ ഇന്ത്യയിലെ മറ്റേതൊരു നഗരവുംപോലെ അഴുക്കുചാലുകളും ചേരിയും അതിൽ കുറേ ജീവിതങ്ങളും കണ്ടു. ഒന്നിനെയും ഭയമില്ലാതെ കുട്ടികൾ സ്വാതന്ത്രരായി പാറിനടക്കുന്നതുകണ്ടു. ട്രെയിനിനുള്ളിൽ ഒരു കുഞ്ഞ് ഓടിയപ്പോൾ അതിന്റെ അമ്മ പിന്നാലെ ഓടി "ബേട്ടാ ഡോണ്ട് റൺ ഡോണ്ട് റൺ " പറയുന്നതുകേട്ടു. ഇതേസമയം ഏകദേശം ഇതേ പ്രായമുള്ള അഴുക്കുച്ചാലിലെ ഒരു കുട്ടി ഒരു മരക്കൊമ്പിൽ രണ്ടുകാലും കഷ്ടിച്ച് അള്ളിപ്പിടിച്ച് ഇരിക്കുകയായിരുന്നു, അവനുചുറ്റും ആഴമുള്ള ചെളിവെള്ളത്തിന്റെ കടലും. അവനെ ആരും ഒന്നിനും വിലക്കുന്നുമില്ല, ആർക്കും പേടിയുമില്ല. അതേ വെള്ളത്തിൽ കുറച്ചപ്പുറത്ത് കുറച്ചുപേർ കുളിക്കുന്നതുകണ്ടു. ഇവരെയൊന്നും രോഗങ്ങൾ ബാധിക്കില്ലേ എന്ന് സംശയം. ഇതേപോലൊരു രംഗം മുന്നേ കണ്ടിട്ടുള്ളത് ഓർത്തെടുക്കാൻ ശ്രമിച്ചു. കുട്ടനാടുവഴിയുള്ള കെഎസ്ആർടിസി യാത്ര തെളിഞ്ഞുവന്നു. അവിടെയും ആളുകൾ ഒഴുക്കില്ലാത്ത വെള്ളത്തിൽ കുളിക്കുന്ന രംഗം. ഞാൻ സ്വയമൊന്ന് നോക്കി, 24 നോർത്ത് കാതം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ വട്ടുള്ളപോലെയൊരാൾ. 
വീണ്ടും കണ്ണുകൾ ചേരിയിലേക്ക് തിരിഞ്ഞു. അവിടെ കുറേ കുട്ടികൾ ഒരു സ്റ്റേജിലെ സ്പീക്കറിനുചുറ്റും ഉറക്കെയുള്ള പാട്ടിന് ഡാൻസ് കളിക്കുന്നുണ്ട്. ട്രെയിൻ കണ്ടതും കൂട്ടത്തിലെ ഒരു പയ്യൻ കുനിഞ്ഞ് ഒരു കല്ലെടുത്ത് എറിയുന്നു. എറിഞ്ഞ കല്ല് വരുത്തിയേക്കാവുന്ന അപകടത്തിന്റെ തീവ്രത അവന് അറിയില്ല, പ്രത്യേകിച്ച് ഓടുന്ന ട്രെയിനിൽ. അതറിയാൻ ഫിസിക്സ്‌ പഠിക്കണ്ട, പക്ഷേ നല്ലപ്രായത്തിൽ നല്ലത് പറഞ്ഞുകൊടുക്കാൻ വിവേകമുള്ള വലിയവർ വേണം. നശിച്ചുപോകുന്ന ഇന്നിനെ, ഇതിലും നശിക്കാൻപോകുന്ന നാളെയെ കൺമുന്നിൽ ഞാൻ അറിഞ്ഞു. അറിഞ്ഞിട്ടെന്താ, ഏസി യിൽ ഞാൻ സേഫല്ലേ, കല്ലേറ് കൊള്ളില്ലല്ലോ. ഞാൻ വീണ്ടും കാഴ്ചകളിൽ മുഴുകി. 

ട്രെയിൻ നിൽക്കുന്ന സ്ഥലങ്ങളില്ലെല്ലാംതന്നെ ഒരുപാട് വേസ്റ്റുകൾ ആണ്. എല്ലാവരും കഴിക്കുന്ന പ്ലേറ്റുകൾ, പൊട്ടറ്റോ ചിപ്സ് പാക്കറ്റുകൾ അങ്ങനെയങ്ങനെ. വിദേശികളൊക്കെ ഇത് കണ്ടാൽ നമ്മളെപ്പറ്റി എന്ത് കരുതുമെന്ന് ഓർത്തുനോക്കി. അവർ കരുതുമായിരിക്കും " ഓൾ തേർഡ് വേൾഡ് കൺഡ്റീസ് ആർ വൺ ആൻഡ് ദി സെയിം ". ഇത്രയും ഓർത്തുകൊണ്ട്, ഭക്ഷണം കഴിച്ച പാക്കറ്റ് വെളിയിലുള്ള വേസ്റ്റ് ബാസ്കറ്റിൽ കൊണ്ടിട്ടു. എന്തായാലും അങ്ങനെ ഒരു സംവിധാനമെങ്കിലും റെയിൽവേ തന്നിട്ടുണ്ടല്ലോ എന്ന് ഓർത്ത് സന്തോഷിച്ചു. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ക്ലീനർപയ്യൻ വന്ന് വേസ്റ്റ് എടുത്തു, ഹാവൂ ഇത് കൃത്യമായി ക്ലീൻ ഒക്കെ ചെയ്യാറുണ്ടല്ലോ എന്ന് വീണ്ടും ആശ്വസിച്ചു. അടുത്ത സെക്കൻഡിൽ ആ പയ്യൻ എന്റെ ഉൾപ്പടെ എല്ലാവരുടെയും വേസ്റ്റ് പാക്കറ്റ് എടുത്ത് വാതിലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒറ്റനിമിഷത്തിൽ ഞാൻ അവനെ ശപിച്ചു, മനസ്സിൽ റെയിൽവേയോട് തോന്നിയ ബഹുമാനത്തിന്റെ കോട്ട ഇടിഞ്ഞുതാണു. 
ഇവിടെ ആരുടെയാണ് കുറ്റം? റെയിൽവേ കൃത്യമായി ഒരു സിസ്റ്റമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്, അത് പരിപാലിക്കാൻ ആളുകളെയും ജോലിക്ക് വച്ചിട്ടുണ്ട്. പ്രശ്നം അപ്പോൾ സിസ്റ്റത്തിന്റെ അല്ല, അത് പ്രാവർത്തികമാക്കേണ്ട ഓരോരുത്തരുടേയുമാണ്. അതിലെ ഓരോ ചെറിയ കണ്ണിക്കും പ്രാധാന്യമുണ്ട്, ആ ക്ലീനർ പയ്യനുൾപ്പെടെ, അവന്റെ മേലധികാരികളുൾപ്പെടെ എല്ലാവർക്കും. ഇങ്ങനെയൊരു വേസ്റ്റ് ബാസ്കറ്റ് വെച്ചിട്ടും ഓറഞ്ച് തൊലിയും കുരുവും കാബിനുള്ളിൽത്തന്നെയിട്ട ബംഗാളി ആന്റിയെ ഈ അവസരത്തിൽ സ്മരിച്ചുകൊള്ളട്ടെ. ഫുഡ്‌ സെർവ് ചെയ്യുന്നതിനിടയിൽ കയ്യിൽ പറ്റുന്നതൊക്കെ കാബിനിലെ കർട്ടനിൽത്തന്നെ തൂത്ത കാറ്ററിംഗ് സ്റ്റാഫിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. 

അനുഭവങ്ങൾ വേറെയുമുണ്ട് - പുറംകാഴ്ച കണ്ടുകണ്ടിരുന്നപ്പോൾ എതിരെ ഇരുന്ന ചേട്ടനോട് വെറുതേ സംസാരിച്ചു, ഏതായാലും ഒരുദിവസത്തെ കണ്ടുപരിചയമുള്ളതല്ലേ എന്ന് കരുതി. സംസാരിച്ചുവന്നപ്പോൾ ആസ്സാമിയായ ആ ചേട്ടൻ എന്നോട് ചോദിക്കുവാ ഞാൻ നേപ്പാളി ആണോന്ന്.ജീവിതത്തിലാദ്യമായി അങ്ങനെ ഞാൻ നേപ്പാളിയുമായി.നന്നായില്ലേ ഏതായാലും, അവിടെ ചെല്ലുമ്പോ അവരുമോർക്കുമല്ലോ ഞാൻ അവരിലാരോ ഒരാൾ ആണെന്ന്. 

Saturday, 25 January 2025

സോളോ ട്രിപ്പ്- ഡേ 2- ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച

ഇന്നലെ രാവിലത്തേതിലും നേരത്തെ ഇന്ന് ഉണർന്നു. ഇന്നലെ തമിഴ്നാടും ആന്ധ്രയും ആയിരുന്നു, അത് നമ്മുടെ അടുത്തായതുകൊണ്ടും പിന്നെയും കുറേതവണ കണ്ടിട്ടുള്ള സ്ഥലമായതുകൊണ്ടും വലിയൊരു വ്യത്യാസം അനുഭവപ്പെട്ടില്ല. ഇന്ന് ഒറീസ്സയും ബംഗാളും ആണ്. അതുകൊണ്ട് കാഴ്ചകൾ കാണാൻ കുറച്ചൂടെ ആവേശമുണ്ട്. പക്ഷേ കാണണെങ്കിൽ പുറത്തിറങ്ങിനിന്നേ മതിയാവു. അത് വലിയ കഷ്ടമായി തോന്നിത്തുടങ്ങി. കൂടെയുള്ള ആരോ രാവിലെതന്നെ മതപ്രഭാഷണം ഉച്ചത്തിൽ വച്ചിട്ടുണ്ട് (എല്ലാ മതത്തെയും, അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആളുകളെയും ഉദ്ദേശിക്കുന്നു ).ഒരു മര്യാദയുമില്ലാത്ത ആളുകൾ.മതപ്രഭാഷണം മാത്രമല്ല, ഫോണിൽ വരുന്ന എല്ലാ അൽഗുലുത്ത വീഡിയോകളും മറ്റുള്ളവരെ തെല്ലും വകവെക്കാതെ ഉറക്കെയുറക്കെ വയ്ക്കുന്ന ആളുകളുടെ മനസ്സ് മനസ്സിലാകുന്നതേയില്ല. ഇതിന് രാവെന്നോ പകലെന്നോ വ്യത്യാസവുമില്ല എന്നുള്ളതാണ് ഭീകരം. ഇത് വായിക്കുന്നവരെങ്കിലും ശ്രദ്ധിക്കണം, നമുക്ക് ഇഷ്ടമുള്ളതെല്ലാം മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല, നമ്മൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് തലവേദന ആകാതെ നോക്കാൻ ദയവുചെയ്ത് ശ്രദ്ധിക്കണം. കൂടെയുള്ള മറ്റൊരാൾ അയാളുടെ നെടുനീളൻ ബാഗ് എടുത്ത് വിൻഡോയുടെ അടുത്തുള്ള ചെറിയ മേശയിൽ വച്ചിരിക്കുകയാണ്, പോരാത്തതിന് കർട്ടനും അടച്ചേക്കുന്നു, ഒന്നും കാണാൻ വയ്യ പുറത്തോട്ട്. മറ്റേ ബംഗാളി ഫാമിലിയിലെ അമ്മ ഓറഞ്ച് കഴിച്ചിട്ട് മാന്യമായി തൊലിയും കുരുവും തറയിലിടുന്നുണ്ട്, ആ കുരുത്തംകെട്ട ചെറുക്കൻ കുരങ്ങനെപ്പോലെ കണ്ണിൽ കാണുന്നതെല്ലാം വലിച്ചും തിരിച്ചുമൊക്കെ അവനെക്കൊണ്ട് ആവുന്ന ശബ്ദങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. കൂട്ടത്തിൽ ഒരേ റീൽ റിപീറ്റ് അടിച്ച് കാണുന്നുമുണ്ട്, ചാർ ചാടെ ചസ്മേ ലഗായേങ്കെ എന്നുള്ള ഏതോ ഡയലോഗ് ഒരു പതിനാല് തവണയെങ്കിലും കേട്ടു. ഇപ്പൊ കലാഭവൻമണി പഞ്ചാബിപാട്ട് പാടുന്നപോലെ ഒരു പാട്ട് കേൾക്കുന്നുണ്ട് കുറച്ചുനേരമായി.

ഞാൻ വെളിയിലിറങ്ങി. ശ്വാസം പാതിമാത്രം എടുത്തുകൊണ്ട് (ചുണ്ടുവച്ച് മൂക്ക് പാതി അടച്ച് ) ടോയ്‌ലെറ്റിൽ കയറി. പക്ഷേ ഭാഗ്യവശാൽ വൃത്തിയായിരുന്നു. അത് ഭാഗ്യമല്ല, ആരോ വൃത്തിയാക്കി സൂക്ഷിക്കുന്നതാണെന്ന് ഹാൻഡ്‌വാഷും ടിഷ്യൂ പേപ്പറും കണ്ടപ്പോൾ മനസ്സിലായി, ആശ്വാസം. ഇന്ത്യൻ റെയിൽവേയോട് ഒരു മതിപ്പൊക്കെ തോന്നി. 
പിന്നീട്, കുറേനേരമൊക്കെ വെളിയിൽ വാതിലിന്റെ അടുത്തുനിന്ന് കാഴ്ചകൾ കണ്ടെങ്കിലും അത് അത്ര സേഫ് ആയി തോന്നുന്നില്ല, നല്ലൊരു കുലുക്കം ഉണ്ടായാൽ ഒന്നുകിൽ ഫോൺ അല്ലെങ്കിൽ ഞാൻ, ആരെങ്കിലും ഒരാൾ ഉറപ്പായും താഴെ പോകും. അപ്പോൾ ആസ്വാദനത്തെക്കാൾ കൂടുതൽ മുൻകരുതലാണ് മനസ്സിൽ. മഞ്ഞൊക്കെ കണ്ടുതുടങ്ങി. മനസ്സിൽ യാത്രയോട് കൂടുതൽ അടുപ്പം വന്നുതുടങ്ങി. കാണുന്ന മനോഹര കാഴ്ചകളൊക്കെ ഒപ്പിയെടുത്ത് മറ്റുള്ളവരെ കാട്ടി ലൈക്ക് വാങ്ങിക്കൂട്ടണോ അതോ തനിയെ അങ്ങ് ആസ്വദിക്കണോ എന്ന് മനസ്സിന് സംശയം. സത്യത്തിൽ എവിടെയാണ് സോളോ ട്രിപ്പ്. സോഷ്യൽ മീഡിയയിൽ നല്ലനല്ല ഫോട്ടോകൾ ഇട്ട് മറ്റുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയല്ലേ പരമലക്ഷ്യം (എല്ലാവരുടെയും). സ്വയം പുച്ഛം തോന്നുന്നു. പെട്ടന്ന് ഒരു രൂക്ഷഗന്ധം, നോക്കിയപ്പോൾ കണ്ടത് തലയില്ലാത്ത ഒരു കാളയുടെ ശരീരഭാഗങ്ങൾ പട്ടികൾ കഴിക്കുന്ന രംഗം. ട്രെയിൻ തട്ടി ചത്തതാണ്. വെറുതെയൊന്ന് കണ്ണുനിറഞ്ഞു, ശെടാ ഇതെ കാളയെ ബീഫ് ആക്കി തട്ടുമ്പോ ഇല്ലാത്ത സങ്കടമെന്തിനാ ഇപ്പൊ. ട്രെയിൻ മുന്നോട്ടുതന്നെ. കോളാമ്പിപ്പൂവിന്റെ രൂപമുള്ള റോസ് നിറമുള്ള ഒരു കാട്ടുപൂവ് എന്നെ പരിചയക്കാരനെപ്പോലെ നോക്കി. ഇനി തമ്മിൽ കണ്ടേക്കില്ല എന്ന് ഞാനും. ട്രാക്കിന്റെ ഓരത്ത് ഭിക്ഷക്കാരനെപോലെ ഒരാൾ കിടപ്പുണ്ട്, തലയിൽ മഫ്ലർ ഒക്കെ ഉണ്ട്, കണ്ടപ്പോ നാട്ടിലെ മോനായിയെ ഓർമവന്നു. ആള് കുടിയനാണോ കഞ്ചാവാണോ എന്ന് ആർക്കും കൃത്യമായിട്ട് അറിയില്ല. ഒന്നാലോചിച്ചാൽ , എല്ലാ നാട്ടിലെയും ഏറ്റവും പാവപ്പെട്ടവരും ഏറ്റവും പണക്കാരും കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരേപോലെയിരിക്കും. ഇടത്തരക്കാർക്കുമാത്രമാണ് മാറ്റമത്രയും. 
ഇന്ന് റിപ്പബ്ലിക് ഡേ, ആമ്പലുകൾ നിറഞ്ഞ ചെളിക്കുളത്തിനരികിൽ ഇന്ത്യയുടെ കൊടിവച്ച് മണ്ണിൽ കളിക്കുന്ന കുട്ടിയെ കണ്ടു. പണ്ട്, ഇതുപോലൊരു റിപ്പബ്ലിക്ക്‌ ദിനത്തിൽ കോയമ്പത്തൂർ എസ്എസ്ബിയുടെ ട്രൈനിങ്ങിന് പോയപ്പോൾ ഒരാൾ റോഡരികിൽ തറയിൽവച്ച് കൊടികൾ വിക്കുന്നത് കണ്ട ട്രെയിനർ അയാളെ ഒരുപാട് ശക്കാരിക്കുന്നതും പോലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഓർമവന്നു. അത്താഴപ്പട്ടിണിക്കാരന് എന്ത് കോഡ് ഓഫ് കണ്ടക്ട്, എന്ത് കൊടി, എന്ത് നിറം, വയറു നിറയണം അത്രയേ ഉള്ളു. വിട്ടേക്കണം സർ ഇങ്ങനെയുള്ള അപ്പാവികളെ, അവർ കൊടി മണ്ണിൽ കുത്തുകയോ നിലത്തിടുകയോ ചെയ്ത് വയറിന്റെ വിറയൽ മാറ്റിക്കൊള്ളട്ടെ. ചിലപ്പോ മണ്ണിലെ കളികൊണ്ട് ആ കുഞ്ഞ് അതിന്റെ ഒരുനേരത്തെ വിശപ്പ് മറക്കുന്നുണ്ടാവും. 

ഫോണിൽ മിസ്സ്ഡ് കോൾ കണ്ടു, ഭാര്യയാണ്, തിരിച്ചുവിളിച്ചപ്പോ ജാടയിലുള്ള സംസാരം. ദേഷ്യം തോന്നി, പിന്നെയാണ് മനസ്സിലായത് അവൾ ഓഫീസ് കൊളീഗ്സിന്റെയൊപ്പം ഒരു കല്യാണത്തിന് പോയ്കൊണ്ടിരിക്കുകയാണ്. ജാഡയെ കുറ്റം പറയാൻ പറ്റില്ല, നമ്മൾ എല്ലാവരും അങ്ങനെയല്ലേ - ഒറ്റയ്ക്കുള്ളപ്പോ ഒരു മുഖം, കൂട്ടത്തിലുള്ളപ്പോ മറ്റൊരു മുഖം, സ്വരം. മാന്യതയുടെ മുഖംമൂടിയും അണിഞ്ഞ് തിരികെ ഏസി കമ്പാർട്മെന്റിലേക്ക് കയറി. ആകെയൊരു വീർപ്പുമുട്ടൽ, പുറത്തെ ലോകം കാണാനും വയ്യ. സ്ലീപ്പർ കമ്പാർട്മെന്റിനെ ഞാൻ മിസ്സ്‌ ചെയ്‌തുതുടങ്ങി. അധികം വൈകാതെ തൊട്ടപ്പുറത്ത് ആകെ ഒച്ചപ്പാടും ബഹളവും. ഒരാൾ മറ്റൊരാളെ നല്ല ഒന്നാന്തരം ബംഗാളിയിൽ വഴക്ക് പറയുന്നു. മറ്റെയാൾ നല്ല വെള്ളമാണ്, ടിക്കറ്റൊന്നും ഇല്ലാതെ ഇവിടെ വന്നുകേറി ശല്യമാണ്. ഒടുക്കം ടിക്കറ്റ് ചെക്കർ വന്നു. സ്ഥിരം കുടിയന്മാരുടെ നമ്പർ ഇറക്കി അയാൾ, സെന്റിമെന്റൽ അപ്പ്രോച്ച്, ഞാൻ പൈസ ഇല്ലാത്തവൻ ആയതുകൊണ്ടല്ലേ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നേ എന്നൊക്കെ തട്ടിവിട്ടു. ആരും വിലകൊടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇംഗ്ലീഷിൽ ആയി കഥാപ്രസംഗം . ഇതാണ് എനിക്ക് മനസിലാകാത്തത്, എല്ലാ നാട്ടിലും കുടിയന്മാർക്ക് എങ്ങനെയാ ഇത്ര മനോഹരമായി ഇംഗ്ലീഷ് പറയാൻ പറ്റുന്നത്. ആവോ, എന്തായാലും പതിവുപോലെ അമ്മയെ തല്ലിയാലും രണ്ടുപക്ഷമാണല്ലോ എന്ന പല്ലവി അന്വർത്ഥമാക്കാൻ മറ്റൊരു അണ്ണൻ വന്നു. അയാൾ കുടിയനെ ജയിലിൽ ആക്കണ്ട ഉപദേശിച്ചുവിട്ടാൽമതിയെന്നൊക്കെ പറഞ്ഞു. ചിലപ്പോ അയാളും വേദനിക്കുന്നൊരു കുടിയൻ ആയിരിക്കും. എന്തായാലും ബംഗാളിയിൽ വഴക്ക്‌പറഞ്ഞ ആൾ "ഇവിടെ ആരുടേയും പൊളിറ്റിക്സ് ഒന്നും വേണ്ട, ഇയ്യാളെ ഉടൻ ഇവിടുന്ന് മാറ്റണം " എന്ന് ബംഗാളിയിൽ കട്ടായം പറഞ്ഞപ്പോൾ ചെക്കർന് വേറെ വഴിയില്ലാരുന്നു. ഒരു നാടകം കഴിഞ്ഞ് സ്റ്റേജ് വിടുന്ന ആളെപ്പോലെ കുടിയൻ ഓരോരുത്തരെയും പ്രത്യേകം തൊഴുത് ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലും നന്ദി പറഞ്ഞ് സെന്റിനമ്പറുമായി യാത്രയായി. ഇനിയത്തെ അങ്കത്തട്ട് ഏത് കമ്പാർട്മെന്റ് ആണോ എന്തോ. സെക്കന്റ്‌ ഏസിയിൽ ഇതാണ് അവസ്ഥയെങ്കിൽ സ്ലീപ്പറിൽ എന്താവും. സ്ലീപ്പർ മോഹങ്ങൾ മടക്കി ഞാൻ പോക്കറ്റിലിട്ടു. എന്നിട്ട് അത്യാവശ്യം വൃത്തിയുള്ള, എന്റെ മുകളിലത്തെ ബെർത്തിൽ സമാധാനമായി കിടന്നു. ഇക്കരെ നിക്കുമ്പോ അക്കരെ പച്ച, കിട്ടേണ്ടത് കിട്ടുമ്പോ കിട്ടനടങ്ങും തുടങ്ങി ഏത് പഴഞ്ചൊല്ലുവേണേലും ഇപ്പൊ എനിക്ക് ചേരും.

സോളോ ട്രിപ്പ്- ഡേ 1- ആകെയൊരു കലർപ്പ്

ഇന്ത്യയുടെ അങ്ങോളമിങ്ങോളമോടുന്ന ട്രെയിൻ ആയതുകൊണ്ട് സാധനങ്ങൾ വിക്കാൻവരുന്നവരുടെ ഭാഷ മൊത്തത്തിൽ എല്ലാം കലർന്ന പുതിയൊരു ഭാഷതന്നെ ആയതുപോലെ. ഹയ് അണ്ടാവെചിക്കെൻബിരിയാണിഖാനാ, ഹയ് അണ്ടാവെചിക്കെൻബിരിയാണിഖാനാ ഇങ്ങനെ നീട്ടിവിളിച്ചുകൊണ്ട് ഒരു അണ്ണൻ കടന്നുപോയി, ആൾ ഉദ്ദേശിച്ചത് അണ്ടാ അതായത് മുട്ട, വെ അതായത് വെജ്, പിന്നെ ചിക്കൻ ബിരിയാണിയും, എല്ലാം ആശാന്റെ കയ്യിലുണ്ട് ആർക്കേലും വേണോ എന്നാണ്. തൊട്ടുപുറകെ ദാ വേറൊരാൾ വരുന്നു ചായ്കോപ്പി കോപ്പിചായ് എന്ന് താളത്തിൽ പാടിക്കൊണ്ട്, ആ പാട്ട് ആസ്വദിക്കുമ്പോളേക്കും അടുത്ത ആൾ ചായ് ഡ് ചായ് ഡ് എന്ന് , ഇതെന്താ രണ്ട് ചായ ഒരുമിച്ചെന്ന് ആലോചിക്കാൻ വരുവാരുന്നു പക്ഷേ അപ്പളാണ് മനസ്സിലായത് പുള്ളി ഉദ്ദേശിച്ചത് സൈഡ് ആണെന്ന്, എന്നുവച്ചാൽ ആൾക്ക് പോകാൻ സൈഡ് കൊടുക്കാൻ. ദാ വാട്ടർകൂൾഡ്രിങ്ക്പാനിബോട്ടിൽ വാട്ടർകൂൾഡ്രിങ്ക്പാനിബോട്ടിൽ എന്ന് മുഴക്കത്തിലാരോ പാട്ടുപാടി ദൂരേന്നു വരുന്നത് കേൾക്കാം.കിത്ത്നാ മാരകം ഹേ യേ സബ് ഇല്ലെയാ തമ്പി?

സോളോ ട്രിപ്പ്- ഡേ 1 - സ്പെഷ്യൽ നക്ഷത്രം.

മുകളിലെ ബെർത്തിലെ ട്രെയിൻയാത്ര മടുത്തുതുടങ്ങിയപ്പോൾ പുറത്തെ കാഴ്ചകൾ കാണാൻ ആഗ്രഹം. വെളിയിലോട്ട് നോക്കാമെന്നുവച്ചാൽ താഴത്തെ സീറ്റിൽ കുറേ ആളുകൾ ഇരിക്കുന്നു. എങ്കിപ്പിന്നെ ഏസി മുറിവിട്ട് പുറത്തുപോയി നിക്കാമെന്ന് കരുതി. പുറത്തുചെന്നപ്പോളേക്കും വിജയവാടാ സ്റ്റേഷൻ എത്തി. ഇനി പത്ത്പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ വണ്ടിയെടുക്കൂ. ശെടാ ഇതിപ്പോ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയായല്ലോ, ഇനി എന്തുചെയ്യുമെന്ന് ആലോചിച്ച് മനസ്സ് കുരങ്ങനെപ്പോലെ ചാഞ്ചാടി. കണ്ണ് ആകെ പരത്തിനടന്നപ്പോൾ കണ്ടു ആകാശത്തൊരു പരിചയക്കാരനെ, നല്ല വെട്ടിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ. ഇങ്ങനൊരു പാർട്ടി ഉണ്ടെന്നുള്ള കാര്യംതന്നെ മറന്നുതുടങ്ങിയല്ലോ എന്നാണ് ആദ്യം തോന്നിയത്. ഓർത്തെടുക്കാൻനോക്കി അവസാനമായി കണ്ട നക്ഷത്രത്തെ. ഈ അടുത്തെങ്ങും കണ്ടിട്ടില്ല. പണ്ടൊക്കെ വീടിന്റെ വെളിയിൽ ആകാശംനിറയെ ഇവരുണ്ടായിരുന്നു, അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് പ്ലാനട്ടോറിയം കാണാൻ പോയപ്പോൾ അതിനുള്ളിൽ നക്ഷത്രങ്ങളെ കണ്ടത് അത്ര അത്ഭുദമായി തോന്നിയില്ല. പക്ഷേ ഇന്നിപ്പോ എനിക്ക് തോന്നുന്നു അങ്ങനെ എന്തെങ്കിലും കാണുന്ന കുഞ്ഞുങ്ങൾക്ക് അതൊരു മോഹിപ്പിക്കുന്ന കാഴ്ചയായിരിക്കും. എങ്കിലുമീ നക്ഷത്രങ്ങളൊക്കെ എവിടെ പോയിക്കാണും? അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇങ്ങ് ആന്ധ്രവരെ വന്നപ്പോഴല്ലേ ഞാനവരെ ഓർത്തത്, കാണാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിമാത്രമേ ചില കാഴ്ചകൾ തെളിഞ്ഞുവരൂ. ദോസ് ഹു സീക്ക് മീ വിൽ ഫൈൻഡ് മീ എന്നാണല്ലോ.

Friday, 24 January 2025

സോളോ ട്രിപ്പ്- ഡേ 1 - തുടക്കം.

ജീവിതത്തിലെ ആദ്യത്തെ സോളോ ട്രിപ്പ്, കുഴീലോട്ട് കാലുനീട്ടിതുടങ്ങിയ സമയം - 33 വയസ്സ്. കാളയെപ്പോലെ വളർന്ന് ഇത്രേം ആയിട്ടും സോളോ ട്രിപ്പ് എന്ന് കേട്ടപ്പോ അച്ഛൻ ഞെട്ടി. അച്ഛനേം പറഞ്ഞിട്ട് കാര്യമില്ല, ഗൂഗിൾ മാപ്പ് നോക്കാതെ സ്വന്തം വീട്ടിൽ പോകാനറിയാത്ത ഞാൻ ഡാർജീലിംഗ് വരെ തനിയെ പോവാണെന്നുപറഞ്ഞാൽ ഈ ഞാൻതന്നെ ഞെട്ടും. പിന്നെ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ, അതാണ്. രണ്ടുമാസംമുമ്പുതന്നെ എങ്ങോട്ടെങ്കിലും യാത്ര പോകാമെന്നു പ്ലാൻ ഇട്ടപ്പോ ഭാര്യക്ക് അവധി കിട്ടില്ല എന്ന വിഷയം, ഒടുവിൽ അവളുതന്നെ ചോദിച്ചു തനിയെ എങ്ങോട്ടേലും പൊക്കൂടെ എന്ന് , അവൾ ഒരു ആണായിരുന്നെങ്കിൽ എങ്ങോട്ടൊക്കെ തനിയെ പോയെനേം എന്ന്. ആ ചോദ്യം മനസ്സിന്റെ കരണത്ത് കൊണ്ടു. പിന്നെ ആലോചന ആയി, മനസ്സ് ആദ്യം ഹംപിയിലും പിന്നീട് ഡാർജീലിംഗിലും എത്തിച്ചു. മൊത്തം പതിനായിരം രൂപക്ക് പോയിവരണമെന്ന് ഒരു ശപതമെടുത്തു, അങ്ങനെ ആകെയുള്ള ഒരേയൊരു ഡയറക്റ്റ് ട്രെയിനായ വിവേക് എക്സ്പ്രസ്സിൽ സ്ലീപ്പർ ബുക്ക്‌ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും.ആകെ മൂവായിരം രൂപ, ബാക്കി ഏഴാംയിരം അവിടെ പൊടിക്കാം എന്ന് കണക്കുകൂട്ടി. കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് എന്റെ സോളോ ട്രിപ്പിൽ അവസാനനിമിഷം ഒരു കൂട്ടുകാരനും വരുന്നുണ്ടെന്ന് ഉറപ്പിച്ചു. ശരിക്കും പറഞ്ഞാൽ ഒരു സോളോ പോകാനുള്ള തന്റേടമൊന്നും എനിക്കില്ലതാനും. അവനും മറ്റ് പലരും പറഞ്ഞ് ഈ വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ ഇന്ത്യയിലെതന്നെ ഏറ്റവും മോശപ്പെട്ട ട്രെയിനാണെന്ന് തോന്നി. അങ്ങനെ മറ്റൊരു റൂട്ടിൽ കണക്ഷൻ ട്രെയിൻ ബുക്ക്‌ ചെയ്തു. പോകേണ്ട സമയമായപ്പോൾ കൂട്ടുകാരന് അസൗകര്യം, ടിക്കറ്റ് കൺഫേം ആയതുമില്ല, മൊത്തത്തിൽ മടുത്ത് യാത്ര ഉപേക്ഷിച്ചു. 
പക്ഷെ എന്തോ, മനസ്സിനേറ്റ അടി മായാതെ കിടന്നതുകൊണ്ട് അടുത്ത മാസത്തേക്ക് വീണ്ടും ബുക്ക്‌ ചെയ്തു, ഇത്തവണ ഉറപ്പിച്ചു തനിയെ അങ്ങ് പോകാമെന്ന്. അങ്ങോട്ട് അതേ വിവേക് എക്സ്പ്രസ്സ്‌, ഇത്തവണ സെക്കന്റ്‌ ഏസി എടുത്തു, യാത്രയിൽ സമാധാനമാണല്ലോ വലുത്. തിരിച്ച് ഗംഭീരമായി ഫ്ലൈറ്റും ബുക്ക്‌ ചെയ്തു. അങ്ങനെ മൊത്തത്തിൽ പതിനായിരമെന്ന ബഡ്ജറ്റ് ആദ്യമേ പാളി. 

യാത്രാ ദിവസം, ട്രെയിൻ രാത്രി 12 മണിക്കാണ്. അതിന് ഒരു ആറുമണിക്കൂർമുന്നേ മറ്റൊരു കൂട്ടുകാരൻ പറഞ്ഞു തലേന്ന് ഈ ട്രെയിൻ ആറ്മണിക്കൂർ വൈകിയാണ് എത്തിയതെന്ന്. സകല ദൈവങ്ങളെയും വിളിച്ച് സ്റ്റേഷനിലേക്ക് യാത്രയായി. കുഞ്ഞിനോട് പറഞ്ഞത് ഓഫീസിലെ ആവശ്യത്തിന് പോണു എന്ന്. കുറേ ആലോചിച്ചിട്ട് മൂന്നുവയസ്സുകാരി ചോദിച്ചു അച്ഛൻ എന്തിനാ ഈ പാതിരാത്രിക്ക് ഓഫീസിൽ പോണേ എന്ന്. പകച്ചുപോയി എന്റെ ബാല്യം. കൂടുതൽ ചോദ്യംചെയ്യുംമുന്നേ പിടിച്ചുകെടത്തി ഉറക്കി. 
ഇത്തവണയും സോളോ പോകാനുള്ള ധൈര്യമൊന്നും ഇല്ലാത്തപോലെ തോന്നി. ഓഫീസിലെ ഒരു കൊളീഗ് ചോദിച്ചത് ഓർമവന്നു - തനിയെ പോകുന്നതിൽ എന്താണ് രസം,കൂട്ടുകാരൊക്കെ ഉണ്ടെങ്കിലല്ലേ യാത്രക്ക് ഒരു സുഖമുള്ളൂ. ആവോ, എന്തായാലും അവസാനനിമിഷംവരെ പലരോടും വരുന്നോ എന്ന് ചോദിച്ച് ഒന്നും ശരിയാകാതെ വലിയ എക്‌സൈറ്റ്മെന്റ് ഒന്നും ഇല്ലാതെ തനിയെതന്നെ ട്രെയിനിൽ കയറി, ഏതായാലും അര മണിക്കൂറെ വൈകിയുള്ളു ട്രെയിൻ. ഏസിയിൽപോലും ഇടിച്ചുകയറുന്ന ബംഗാളികളെ പ്രതീക്ഷിച്ച് ഇരുട്ടത്ത് സീറ്റ്‌ തപ്പി. ഭാഗ്യവശാൽ ആരും തിങ്ങിനിറഞ്ഞ് കയറിയിരിപ്പില്ല ഏസിയിൽ. സീറ്റ്‌ നമ്പർ തപ്പിപ്പിടിക്കാൻ പാടുപെട്ടു. ആ നമ്പർ ഇട്ടവൻ നല്ല യുക്തിയുള്ള ആളായതുകൊണ്ട് ഉറങ്ങിക്കിടക്കുന്നവരുടെ മുഖത്ത് വെട്ടമടിച്ച് നോക്കിയാൽമാത്രമേ സീറ്റ്‌നമ്പർ കാണൂ. 
ഉറങ്ങിക്കിടന്ന ഒരു പാവത്താൻ എന്നോടും പിറകേവന്ന മറ്റ്പലരോടും പലതവണ പറയുന്നതുകേട്ടു അയാൾ ഇപ്പോൾ കിടക്കുന്ന സീറ്റ്‌നമ്പർ മുപ്പത്തിനാല് എന്ന്. രാത്രി ഉറക്കത്തിനിടക്ക് എനിക്കും പലരോടും ഇതുപോലെ പറയേണ്ടിവന്നു. ഏതായാലും വലിയ കുഴപ്പമില്ലാതെ ആദ്യത്തെ രാത്രി വെളുപ്പിച്ചു. സൈഡ് വിൻഡോ സീറ്റിൽ ആർഏസിയിൽ രണ്ട് ബംഗാളികളുണ്ട്, കലപിലകലപില എന്ന് ആകെ ബഹളം, സെക്കന്റ്‌ ഏസിയിൽ യാത്ര ചെയ്യാനുള്ള പൈസയൊക്കെ ഉണ്ടോ ഇവർക്ക് എന്ന് വെറുതേ ഒരു റേസിസം കയറിവന്നപ്പോൾ ദാ ഒരാൾ ഹെഡ്സെറ്റ് വിക്കാൻ വരുന്നു, അയാളോട് ഇവർ വില ചോദിച്ചു, അൻപത് രൂപയെന്ന് പറഞ്ഞപ്പോൾ അത്രയേ ഉള്ളോ എന്ന് പുച്ഛത്തോടെ ചോദിച്ച് രണ്ടെണ്ണം വാങ്ങി അവർ. എന്നിട്ട് കൊടുത്തത് അഞ്ഞൂറ് രൂപയുടെ നോട്ട്. അല്പനേരംകഴിഞ്ഞ് സമോസ വിക്കാൻ ആളുവന്നപ്പോഴും അതുപോലെതന്നെ ഒരു അഞ്ഞൂറ് രൂപ വീണ്ടും വീശി. അങ്ങനെ എന്റെ റേസിസം പറന്നുപോയി. 

ഏസി ആയതുകൊണ്ട് ആകെയൊരു നിശബ്ദതയുടെ വീർപ്പുമുട്ടൽ. എന്റെ ബെർത്ത്‌ മുകളിലായതിനാൽ വെളിയിലെ കാഴ്ചയൊന്നും കാണാനും വയ്യ. അല്പംകഴിഞ്ഞ് മടിച്ചുമടിച്ച് ടോയ്ലറ്റിൽ പോയി, എന്തായാലും പ്രതീക്ഷക്ക് വിരുദ്ധമായി അത്യാവശ്യം വൃത്തിയുള്ള ടോയ്ലറ്റ് കണ്ട് ആശ്വാസമായി. റെഡിയായി വന്നപ്പോഴേക്കും താഴെ ഇരുന്നിരുന്ന ആള് പോയി. സമാധാനത്തോടെ കുറച്ചുനേരം കാഴ്ചകാണാൻ ജനലിലൂടെ നോക്കി, മങ്ങിയ ജനൽചില്ല് എന്റെ ആഗ്രഹങ്ങളെ തകിടംമറിച്ചു. എന്തായാലും ഭാര്യ സ്നേഹത്തോടെ പൊതിഞ്ഞുതന്നെ ഇഡലി അവിടെയിരുന്നു കഴിച്ചു. അല്പംകൂടി കഴിഞ്ഞപ്പോൾ ഒരു ബംഗാളി ഫാമിലി വന്നു. അവരുടേതാണ് സീറ്റ്‌. ഞാൻ എന്റെ മുകളിലത്തെ സീറ്റിലേക്ക് മാറി, വെട്ടമില്ലാത്ത സീറ്റിലിരുന്ന് എന്തുചെയ്യുമെന്ന് സങ്കടപ്പെട്ടപ്പോൾ അവരുടെ ഒരു ഓമന ബംഗാളിമകൻ അപ്പുറത്തെ മുകളിലെ സീറ്റിലിരുന്ന് ഓരോന്ന് കൊറിക്കാനും കുടിക്കാനും തുടങ്ങി. ആകെയൊരു കറുമുറകറുമുറ ശബ്ദം. ഇരുൾ മൂടിത്തുടങ്ങിയ മനസ്സിലേക്ക് പ്രതീക്ഷയുടെ വെളിച്ചം ഞാൻ കണ്ടു - ഒരു സ്വിച്ച്. അത് അമർത്തിയപ്പോൾ റീഡിങ്ങ്ലൈറ്റ് തെളിഞ്ഞു. ഇങ്ങനെയൊരു നൊട്ടോറിയസ് ട്രെയിനിൽ ഇത്തരമൊരു സൗകര്യം ഏതായാലും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. എന്തായാലും ഇനി കുറച്ചുനേരം വായിക്കാം, എന്റെ ഈമെയിലിന് മറുപടിതന്ന എഴുത്തുകാരി ശ്രീമതി സോണിയ ചെറിയാന്റെ പുസ്തകം മാടിവിളിക്കുന്നു. 
ടിക്കറ്റ് ചെക്കർ വന്ന് ആ ബംഗാളി ഫാമിലിയുടെ ഡീറ്റെയിൽസ് എടുത്തു, പോകാൻനേരം കയ്യിലുള്ള ടാബ് നോക്കി അയാൾ ആ ഫാമിലിയിലെ ഭാര്യയോട് ചോദിച്ചു - ക്യാൻസർ പേഷ്യന്റ് ഹേ ക്യാ ആപ് ?
ശരിക്കും ആ ചോദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ? അഥവാ അവർ ക്യാൻസർ പേഷ്യന്റ് അല്ലെങ്കിലും അയാൾക്ക് തെളിയിക്കാൻ കഴിയുമോ, ഇല്ല. ആണെങ്കിൽ അതിൽ എന്തെങ്കിലും സഹായിക്കാൻ കഴിയുമോ, അതുമില്ല. ആ ഭർത്താവ് വിളറി എന്നെ നോക്കി, ഞാൻ ഒന്നും കേട്ടില്ലെന്ന ഭാവത്തിലിരുന്നു. ഞാൻ വായനയിലല്ലേ.

ട്രെയിൻ മുന്നോട്ടുതന്നെ, ഇപ്പോൾ ആന്ധ്ര ബോർഡറിലേക്ക് അടുക്കുന്നു. ആ ചെക്കൻ കറുമുറ നിർത്തി ഫോണിൽ റീൽസ് കണ്ടുതുടങ്ങിയിട്ടുണ്ട്, ഒരു ഹെഡ്സെറ്റ് പോലുമില്ല, എന്തൊക്കെയോ അലവലാതിത്തരം ഉറക്കെവച്ചിട്ടുണ്ട്. ഞാൻ എന്നോടുതന്നെ പറഞ്ഞു - കണ്ട്രോൾ ഷമ്മി കണ്ട്രോൾ, ഇപ്പോൾ നീ നിന്റെ കംഫോർട്ടബിൾ സോൺ വിട്ടുകഴിഞ്ഞു, ഇനി ആരെങ്കിലും ഇങ്ങോട്ടുവന്ന് ഒടക്കിയാൽപ്പോലും രണ്ടാമത്തെ കരണം കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിയായ ഭാര്യ ഉപദേശിച്ചുവിട്ടേക്കുന്നത്. ആഞ്ജനേയ സ്വാമീ....

Monday, 20 January 2025

കുട്ട്യോളോട് പറയാല്ലോ

മെട്രോയിൽ പതിവുയാത്രയിൽ പതിവില്ലാത്ത രണ്ടുപേരെ കണ്ടു, ഒരു അപ്പൂപ്പനും അമ്മൂമ്മയും. അവരുടെ ആദ്യ മെട്രോ യാത്രയാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ആലുവയിൽ മെട്രോയ്ക്ക് എത്ര സ്റ്റോപ്പ്‌ ഉണ്ടെന്നൊക്കെ ചോദിക്കുന്നുണ്ട് അപ്പൂപ്പൻ. ഉറക്കെയാണ് സംസാരമൊക്കെ. അമ്മൂമ്മയാകട്ടെ ഒന്നിലും വലിയ താല്പര്യമൊന്നുമില്ലാത്ത കക്ഷിയും. ഇടയ്ക്ക് അപ്പൂപ്പൻ പറയുന്നത് കേട്ടു - "ഒന്നുല്ലേലും കുട്ട്യോളോട് പറയാല്ലോ മെട്രോല് കേറീന്ന് ". ഒറ്റ ഡയലോഗ്ൽ മനസ്സിലായി ആള് തൃശൂരുകാരണാണെന്ന്. അപ്പൂപ്പന്റെ അത്ഭുതവും ആവേശവുമൊന്നും അമ്മൂമ്മയ്ക്കില്ല. ശരിക്കും മൂപ്പരുടെ കുട്ട്യോൾക്ക് എന്തെങ്കിലും താല്പര്യം ഉണ്ടാകുമോ പുള്ളി ഈ പറയാൻപോണ കഥയിൽ. വയസ്സായ അപ്പന്റേം അമ്മേടേം കഥ കേൾക്കാനുള്ള സമയമോ താല്പര്യമോ നമുക്ക് ആർക്കെങ്കിലും ഇന്ന് ബാക്കിയുണ്ടോ. ഏതായാലും സത്യം വികൃതമാണെന്ന് മുഖത്തുനോക്കി പറയാൻ തോന്നിയില്ല, പറഞ്ഞാലും ചിലപ്പോൾ മനസ്സിലാകണമെന്നില്ല, ഇങ്ങോട്ട് തെറിവല്ലോം കിട്ടിയെന്നുവരും.
അപ്പാപ്പന് രാത്രി ചിലപ്പോ മക്കളുടെ ഫോൺ വരുമായിരിക്കും, വരാൻവേണ്ടി അപ്പാപ്പൻ എന്തായാലും കൊതിയോടെ കാത്തിരിക്കുമെന്നുള്ളതിൽ സംശയമില്ല. അതു വന്നിട്ടുവേണല്ലോ ഇന്ന് മെട്രോയിൽ കയറിയ കഥ പറയാൻ. മറുതലയ്ക്കൽ കയ്യിൽ മറ്റൊരു ഫോണുംപിടിച്ച് ഫേസ്ബുക്കിൽ നോക്കികൊണ്ട് വെറുതേ ഒന്ന് മൂളുമായിരിക്കും കുട്ട്യോള്, ല്ലേ. ഇതിപ്പോ കുട്ട്യോള് എത്ര കണ്ടിരിക്ക്‌ണു ഈ മെട്രോന്ന് പറേണ സാധനം.

Friday, 17 January 2025

എന്താണ് ?

തളർച്ചകാരണം കണ്ണുതുറക്കാൻപറ്റാത്ത അവസ്ഥയിൽ മനസ്സ് വീണ്ടും അതേ ചോദ്യം ചോദിക്കുന്നു - എന്താണ് ജീവിതം? 
രാവിലെ തുടങ്ങിയ ഓട്ടം അല്പമൊന്നു ശമിച്ചത് രാത്രി ഒൻപതുമണിക്കാണ്. പക്ഷേ ഇനിയോ, ഉറങ്ങാനുള്ള സമയം അടുത്തുവരുന്നു, അതിനർത്ഥം വീണ്ടും നാളെ ഈ സമയമാകണം ഒന്ന് സമാധാനമായി ഇരിക്കാൻ. സത്യത്തിൽ എവിടെയാണ് സമാധാനം? വീട്ടിലുള്ളപ്പോൾ ഓഫീസിലേക്കും , ഓഫീസിലുള്ളപ്പോൾ വീട്ടിലേക്കും പായിച്ചുകൊണ്ടേയിരിക്കുന്നു സമയം. ഇതിനിടയിൽ എവിടെയാണ് ജീവിതം. ഓട്ടത്തിനൊക്കെ പെട്ടന്നൊരു ഫുൾസ്റ്റോപ്പ് ഇട്ട്, ഒന്നും ചെയ്യാതെ കുറേനേരം ഇരിക്കണമെന്നൊക്കെ തോന്നാറുണ്ട്, പക്ഷേ ഒരിക്കലും സാധിക്കില്ലതാനും. ഭാവിയിൽ ആവശ്യംവരുമ്പോൾ ലീവ് കിട്ടിയില്ലെങ്കിലെന്നുകരുതി സ്വരുക്കൂട്ടി വയ്ക്കുന്ന വിഡ്ഢികളുടെ ലോകത്തിലേക്ക് എത്തിപ്പെട്ടതുപോലെ, അല്ലെങ്കിൽ ഓഫീസിലെ പണികളൊക്കെ അവതാളത്തിലാകുമോ എന്നൊക്കെ അർത്ഥമില്ലാത്ത ചിന്ത. ശരിക്കും എത്ര മണ്ടൻ ന്യായങ്ങളാണ് ഇതെല്ലാം. നാളെ ജീവനുണ്ടാകുമോ എന്നതുതന്നെ കണ്ടറിയണം. പെട്ടന്നൊരുദിവസം നമ്മൾ തട്ടിപ്പോയാൽ ഈ ലോകം നിന്നുപോകുമോ, ഒരിക്കലുമില്ല.

 അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ സമയം ചിലവഴിക്കുന്നതല്ലേ യഥാർത്ഥ സന്തോഷം. പക്ഷേ ഇന്നിപ്പോ ആർക്കെങ്കിലുമൊക്കെ അത് സാധ്യമാണോ. എല്ലാം ഉപേക്ഷിച്ച് നാട്ടിൽപോയിനിന്നാലോ എന്ന് വെറുതേ ഒന്ന് കിനാവുകാണും. അപ്പൊ എല്ലാവരെയുംപോലെ യാഥാർഥ്യം വന്ന് തലക്ക് തട്ടും. ചുറ്റുമുള്ളവരുടെ ചോദ്യം, കുഞ്ഞിന്റെ ഭാവി, ശമ്പളമില്ലാത്ത അവസ്ഥ, എല്ലാം കണ്മുന്നിൽ തെളിയും. 
ശരിക്കും നമ്മൾ ആർക്കുവേണ്ടി ജീവിക്കുന്നു, മറ്റുള്ളവരുടെ നല്ല സർട്ടിഫിക്കറ്റിനുവേണ്ടിയോ, കുഞ്ഞിനുവേണ്ടിയോ, ശമ്പളത്തിനുവേണ്ടിയോ, ഒന്നും മനസ്സിലാകുന്നില്ല. നമ്മുടെ അച്ഛനും അമ്മയും നമുക്കുവേണ്ടി ജീവിതം ഹോമിച്ചു എന്ന് പറയും, നമ്മൾ ഇതുതന്നെ നമ്മടെ കുഞ്ഞുങ്ങളോട് പറയും, അവർ ഇത് തുടരും. അപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർ തനിക്കുവേണ്ടിമാത്രം ജീവിക്കുമോ, അതുമില്ല, അവരും അവരുടേതായ പല എന്തിനൊക്കെയോവേണ്ടി ജീവിക്കുന്നു. അസുഖങ്ങൾ, കടങ്ങൾ, അപകടങ്ങൾ, അങ്ങനെയങ്ങനെ പലതും ചേർന്ന് ജീവിതത്തിന്റെ ഏറിയ പങ്കും അപഹരിക്കുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളും പണിമുടക്കിതുടങ്ങി, വയസ്സാകുന്നു എന്ന് സിഗ്നൽ തന്നുതുടങ്ങി. നര വന്ന മീശ പണ്ടേ നരച്ച മുടിയെ എത്തിവലിഞ്ഞ് നോക്കിത്തുടങ്ങി. കണ്ണടവച്ചാലും കാഴ്ചകൾ പലതും മങ്ങിത്തുടങ്ങി. തലവേദനയും മുട്ടുവേദനയുമൊഴിഞ്ഞ ദിവസങ്ങളില്ലാതെയായി. ആരോഗ്യം കളഞ്ഞും നിലനിർത്തേണ്ടതാണോ ജോലി.

എല്ലാ ദിവസവും അലാറം കേട്ട് ഞെട്ടി ഉണരുക, വെളിവ് വീഴുംമുന്നേ ഓട്ടം തുടങ്ങുക, ഓടിത്തളർന്ന് രാത്രി ആവുക, വീണ്ടും ഇതുതന്നെ, റിപീറ്റ്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വല്ലപ്പോഴുമൊരു കറക്കം, അതും ഓടിപ്പാഞ്ഞ്. ചുരുക്കംപറഞ്ഞാൽ പാച്ചിൽ ഒഴിഞ്ഞ നേരമില്ല. ഇതാണോ ജീവിതം. എല്ലാവരും ഇങ്ങനൊക്കെത്തന്നെയാണത്രെ. ഇതൊക്കെ അല്ലാതെ എന്താണ് പ്രതീക്ഷിക്കുന്നത്. ആവോ, അറിയില്ല. വിശ്രമിക്കാൻ ഒരു ഇടവേള ആണോ ആഗ്രഹം, അതോ നിത്യമായ വിശ്രമമാണോ ആഗ്രഹം അതുമറിയില്ല.ശതകോടീശ്വരൻ സ്വന്തം ജോലി ഉപേക്ഷിച്ചുകഴിഞ്ഞപ്പോൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലായ അവസ്ഥ ഈ അടുത്താണ് വായിച്ചത്, ഐ ഐ ടി യിൽനിന്ന് ഡിഗ്രി എടുത്ത് നല്ല ശമ്പളത്തിൽ ജോലി വാങ്ങിയ ആൾ സമാധാനത്തിനുവേണ്ടി സന്യാസിയായി എന്ന വാർത്ത ഇന്ന് കണ്ണിൽപെട്ടു, , വലിയ തുക ലോട്ടറി അടിച്ചിട്ടും പിറ്റേന്ന് സ്വന്തം ജോലിയായ കാന വൃത്തിയാക്കാൻ സമയത്തുതന്നെ ചെന്ന ആളുടെ വാർത്തയും വായിച്ചു. എല്ലാവരും അന്വേഷണത്തിലാണെന്ന് തോന്നുന്നു, ജീവിതത്തിന്റെ അർത്ഥം അറിയാൻ. പലതും പയറ്റി നോക്കുകയാണ് മുന്നോട്ട് പോകാൻ. പക്ഷേ എന്നുവരെ? അറിയില്ലല്ലോ. അതുതന്നെയല്ലേ എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും. നാളെയെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ വീണ്ടും വീണ്ടും മെടഞ്ഞ് പണിയെടുക്കുക, നാളെയുടെ ഭാവി ശോഭനമാക്കാനാണല്ലോ ഇന്നത്തെ നമ്മുടെ ജീവിതം. ശരിക്കും നമ്മൾ ഇന്നിലും ഇല്ല നാളെയിലും ഇല്ല. എങ്കിലും നമ്മൾ ജീവിക്കുന്നു, മുന്നോട്ട് മുന്നോട്ട്. 

Wednesday, 15 January 2025

വിലയിരുത്തൽ

ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ അയാൾ ആയിരുന്നെങ്കിൽ എന്ന്, അയാളുടെ ജീവിതം ആയിരുന്നുവെങ്കിലെന്ന്. നമ്മൾ ഇഷ്ടപെടുന്ന രൂപമോ പേരോ ആണോ നമുക്ക്? സ്വയമൊന്നു വിലയിരുത്തിനോക്കിയാൽ നമുക്ക് നമ്മൾ എത്ര മാർക്ക്‌ ഇടും? തൊട്ടുമുന്നിലെത്തുന്ന എല്ലാവരുടെയും, അവർ അറിയാത്ത ഒരു ഇമേജ് ആയിരിക്കും നമ്മുടെ മനസ്സിൽ ഉണ്ടാവുന്നത്. കാണുമ്പോഴേ നമ്മൾ മനസ്സിൽ വിലയിരുത്തൽ തുടങ്ങും. സൗന്ദര്യമില്ലാത്ത ആളുകൾ ചെയ്യുന്ന ചെറിയ തെറ്റുപോലും പലപ്പോഴും പർവ‌തീകരിക്കപെടുമ്പോൾ സൗന്ദര്യമുള്ളവരുടെ വലിയ തെറ്റുകൾ നമ്മൾ പൊറുക്കാറുമില്ലേ, ഉണ്ട് ; അതാണ് സത്യം. എന്താവാം കാരണം? സൗന്ദര്യമുള്ളവരോട് നമുക്ക് തോന്നുന്ന ആകർഷണമായിരിക്കും അല്ലേ?
 കാണാൻ നല്ല സൗന്ദര്യമുള്ള ആൾ മുന്നിൽ വന്നാൽ അറിയാതെ നമ്മൾ ആഗ്രഹിക്കില്ലേ അയാൾ ആയിരുന്നെങ്കിലെന്ന്, പക്ഷെ നാം അയാളല്ല എന്ന് ബോധം വരുമ്പോൾ ആകെയൊന്ന് നോക്കിയിട്ട് അയാളിൽ എന്തെങ്കിലുമൊരു കുറവ് കണ്ടെത്തില്ലേ നമ്മൾ. അറിഞ്ഞോ അറിയാതെയോ എപ്പോഴും എല്ലാത്തിനെയും താരതമ്യംചെയ്യുന്ന ഈ ലോകത്ത്, മറ്റുള്ളവരിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഗുണങ്ങളെല്ലാം നമുക്കുണ്ടോ, നമ്മുടെ മനസ്സിലെ സൗന്ദര്യത്തിന്റെ അളവുകോലിൽ എവിടെ നിൽക്കുന്നു നമ്മൾ? 

മറ്റേ ആൾ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതിന്റെ അർത്ഥം നമ്മൾ പോരാ എന്ന തോന്നലല്ലേ,എങ്കിൽപോലും നമ്മുടെ ഭാവംകണ്ടാൽ തോന്നില്ലേ സത്യത്തിൽ എല്ലാം തികഞ്ഞ ഒരാളേ ഉള്ളു എന്ന്, നമ്മൾതന്നെ...അത് പക്ഷെ മറ്റൊരാളുടെ കണ്ണിലൂടെ നമ്മളെ നോക്കുന്നതുവരെമാത്രം, അല്ലേ?

Friday, 10 January 2025

Weird അബദ്ധങ്ങൾ

ഓട്ടോ വരുന്നതുകണ്ടപ്പോൾ കൈ കാണിച്ചു, അകത്ത് കയറിയപ്പോൾ ആൾ പറഞ്ഞു " മോനെ ഇത് ടാക്സി ഓട്ടോ അല്ല, പ്രൈവറ്റ് ഓട്ടോ ആണ്, സ്റ്റാൻഡിലോട്ട് വിട്ടേക്കാം ". ഇറങ്ങിയപ്പോൾ നോക്കി,ഓട്ടോയ്ക്ക് നിറം കറുപ്പും നീലയും.

ഉത്സവത്തിനിടെ Crowd management ചെയ്യാൻ മുതിർന്നവർ ഏല്പിച്ചു, മറ്റുള്ളവർ ചെയ്യുന്നപോലെയൊക്കെ വരുന്ന വണ്ടികൾ തടഞ്ഞ് അല്പം മാറി പോകാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു ബൈക്ക്കാരൻ " എന്താ ഞങ്ങൾക്ക്‌ കണ്ണ് കാണില്ലേ മാറിപ്പോകണമെന്ന് ". ശരിയാണ് അയാൾക്കും ബാക്കി എല്ലാവർക്കും കണ്ണ് കാണാമായിരുന്നു.

2015 ഡിസംബർ 31 രാത്രി , റാന്നിയിൽനിന്ന് കൂട്ടുകാർക്കൊപ്പം കോഴിക്കോട്ടേക്കുള്ള KSRTC യാത്ര. 2016 ജനുവരി 1 വെളുപ്പിനെ ഫോണിൽ കോൾ വരുന്നു, ചേട്ടനാണ് - " എവിടെ ആയി ". ജോഗ്രഫിയിൽ പൂജ്യമായിരുന്നത്കൊണ്ട് ചുറ്റുമൊന്ന് നോക്കി തിളങ്ങിനിന്ന ഒരു ബോർഡ്‌ വായിച്ചുകൊണ്ട് പറഞ്ഞു " ഇപ്പം, കുഴിമന്തി ആയി ". മേലെ ചൊവ്വ താഴെ ചൊവ്വ ഒക്കെ ഉള്ള നാടായത്കൊണ്ട് അങ്ങനെ എന്തോ ഒരു പേരാണെന്ന് തെറ്റിദ്ധരിച്ചു.

വഴിയിൽ കണ്ട കുട്ടിയോട് വെറുതേ കുശലം ചോദിച്ചു, "എന്താ മോന്റെ പേര് ". അവൻ - "ആദി, കൂ...". തിരിഞ്ഞുനോക്കാതെ വലിഞ്ഞുനടന്നു.

ഒരു വർഷം ഹിന്ദിനാട്ടിൽ പഠിച്ച് തിരിച്ചുവന്ന എന്റെ ഭാഷാപ്രാവീണ്യം പരീക്ഷിക്കാൻ പേരപ്പൻ ചോദിച്ചു " ഖാന ഖാനെ ജായേഗാ? " പെട്ടന്ന് മനസ്സിൽ വിശപ്പിന്റെ ഹിന്ദി കിട്ടുന്നില്ല, എന്നാലും നമ്മൾ മോശക്കാരനാകരുതലോ, തമിഴിലെ വിശപ്പുവച്ച് ഒരു അലക്ക് അലക്കി. " അഭി മുജേ പസീന നഹീ ഹേ ". പേരപ്പന്റെ കുലുങ്ങിയുള്ള ചിരി ഇപ്പോഴും കണ്ണുകളിൽ തെളിയുന്നു.

ഭയങ്കര പരസ്യമൊക്കെയായിട്ട് 'ദേ പുട്ട്' എന്ന കട കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻപോകുന്നതായി കണ്ടു. ഒന്നുരണ്ട് ദിവസം കഴിഞ്ഞ് ആ വഴിയേ പോകുമ്പോൾ കരുതി അവിടെയൊന്ന് കേറിയാലോ എന്ന്. ഇന്ത്യൻ കോഫി ഹൗസിലെപ്പോലെ തൊപ്പിയൊക്കെവച്ച ഒന്നുരണ്ട് വെയിറ്റർമാർ നടക്കുന്നുണ്ട്, ആരൊക്കെയോ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ട്. കയറിച്ചെന്ന് സീറ്റിലിരുന്നു. ഒരു തൊപ്പിക്കാരൻ ചേട്ടൻ വന്നു. പുള്ളിയോട് "എന്തുണ്ട് കഴിക്കാൻ " എന്ന സ്ഥിരം ചോദ്യം എറിഞ്ഞു. അയാൾ പറഞ്ഞു " നാളെ രാവിലെ വന്നാൽ എന്തെങ്കിലും തരാം, കട നാളെമുതലേ പ്രവർത്തനം തുടങ്ങൂ ". അവിടെ എനിക്കുമുന്നേ ഇരിക്കുന്നവരെ നോക്കി, അവരൊക്കെ കടയുടെ ഉടമകളോ നടത്തിപ്പുകാരോ മറ്റോ ആണെന്ന് മനസ്സിലായി. തിരിഞ്ഞുനോക്കാതെ നടന്ന നടപ്പിന്ശേഷം ഒരു നാല്മാസത്തോളം കഴിഞ്ഞാണ് പിന്നെ ആ കടയിലോട്ട് വീണ്ടും ചെല്ലാനുള്ള തൊലിക്കട്ടി ഉണ്ടായത്.

അബദ്ധോം കി സിന്ദഗീ കഭീ ഖതം ന ഹോ ജാത്തി ഹേ.

Tuesday, 7 January 2025

സൗഹൃദം

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ പല കൂട്ടുകാർ ഇല്ലേ. പല കാലങ്ങളിൽ നമ്മളെ രൂപപ്പെടുത്തിയ, നമ്മടെ നല്ലതും ചീത്തയും രാകിമിനുക്കി നമ്മളാക്കിയ നമ്മുടെ കൂട്ടുകാർ. അവർക്കെല്ലാംവേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് 'പല്ലൊട്ടി 90'സ് കിഡ്സ്‌ ' എന്ന സിനിമ. 
പുതിയ കാലത്തിന്റെ മുഖമുദ്രയായ ലുലുവിൽ PVR ഇൽ ഇരുന്ന് ഈ സിനിമ കാണുമ്പോൾ എന്റെ തൊട്ടടുത്ത സീറ്റിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു അപ്പൂപ്പനുണ്ടായിരുന്നു, പഴമയിലേക്ക് ക്ഷണിക്കുന്ന ഈ സിനിമയ്ക്ക് ചേർന്ന ഒരു അയൽക്കാരൻ. ഗൃഹാതുരത്വം തലയ്ക്കുപിടിച്ച ഏതൊരാളെയും ചിന്തിപ്പിക്കുന്ന, നോവിക്കുന്ന, സ്നേഹിക്കുന്ന ഒരു സിനിമ എന്ന നിലയിൽ എന്റെ ഉള്ളിൽനിന്ന് ഒരു 100 മാർക്കുംകൊണ്ട് ഓടിയകലുന്നു ഈ ചിത്രം. 
സിനിമകഴിഞ്ഞ് ഇറങ്ങുമ്പോൾ പല കണ്ണുകളിലും വെറുതെ ഒന്ന് നോക്കി, അവർക്കൊക്കെയും ഇഷ്ടമായിക്കാണുമോ ഈ സിനിമ എന്ന് അറിയാനൊരു ആഗ്രഹം. എന്തോ, എന്റെ ഒരുപാടുനാളത്തെ വിയർപ്പും കഷ്ടപ്പാടും ചേർത്ത് ഞാൻ ഇറക്കിയ പടമാണെന്നുപോലും തോന്നിപ്പോകും എന്റെ ആകാംഷ കണ്ടാൽ. പല കണ്ണുകളിലും ഒരു നഷ്ടബോധം കണ്ടു ഞാൻ . അപ്പോൾ എന്റെ മുന്നിൽ നടന്നകലുകയായിരുന്നു ആ അപ്പൂപ്പൻ. അദ്ദേഹം ഏത് സുഹൃത്തിനെയായിരിക്കും ഈ പടം കാരണം ഓർത്തിട്ടുണ്ടാവുക. എന്റെ മനസ്സിൽ ഏതായാലും ഒന്നിലധികം മുഖങ്ങൾ തെളിഞ്ഞുവന്നു - തോർത്തുകൊണ്ട് മീൻ പിടിത്തം , കാക്കത്തണ്ടിന് ഉജാലകൊണ്ട് നിറം കൊടുക്കൽ , ഇലകൊണ്ട് ടോസ് ഇടൽ, അക്കുകളി, ചുണ്ടക്കകൊണ്ട് കണ്ണ് ചുവപ്പിക്കൽ, ബൈക്ക് ഓടിക്കൽ, അങ്ങനെയങ്ങനെ എനിക്ക് മറവി ബാധിക്കുംവരെ വിട്ടുപോകാത്ത, ഇമ്പമുള്ള ഓർമകൾക്ക് വളമായവരുടെ മുഖങ്ങൾ. നീന്തൽ പഠിപ്പിച്ച അപ്പൂപ്പനും സൈക്കിൾ പഠിപ്പിച്ച അച്ഛനും സിനിമാപ്രാന്തനാക്കിയ ചേട്ടനും സൗഹൃദത്തിന്റെ ശിഖരങ്ങൾതന്നെ.

Monday, 6 January 2025

എന്റെ ഇച്ചേയിമിന്നൽ

ലൗഡ്സ്പീക്കർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ 'മൈക്ക്' എന്ന കഥാപാത്രത്തെ അറിയില്ലേ, അതിലും ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുണ്ട് എന്റെ നാട്ടിൽ - രത്നമ്മ ഇച്ചേയി. എല്ലാവരും ഇച്ചേയി എന്നാണ് വിളിക്കുന്നത്, അതുകൊണ്ട് ഞാനും അങ്ങനെതന്നെ വിളിച്ചു. അമ്മ ഓഫീസ്ജോലിക്കാരിയായതുകൊണ്ട് എന്റെ കുഞ്ഞുനാളിലൊക്കെ ദിവസത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ചിലവഴിച്ചിരുന്നത് ഈ രത്നമ്മിച്ചേയിയുടെ കൂടെയായിരുന്നു. ഇച്ചേയി ഒരു കിലോമീറ്റർ അപ്പുറത്തുനിന്ന് വരുന്നുണ്ടെന്നുള്ളത് ഇവിടുന്നേ അറിയാം. നമ്മളെ ദൂരെ കാണുമ്പോഴേ മൈക്ക്‌വച്ച് ഉച്ചത്തിൽ പറയുന്നതുപോലെ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരിക്കും വരവ്. നാട്ടിലെ എല്ലാ കഥകളും ഇച്ചേയിക്ക് അറിയാം. അന്നൊന്നും മൊബൈൽ ഫോണും വാട്ട്സ്ആപ്പും ഇല്ലാത്തതുകൊണ്ട് ആ പണിയൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നത് ഇച്ചേയി ആയിരുന്നു. പലരും കുറ്റമൊക്കെ പറയുമെങ്കിലും എന്റെ മനസ്സിൽ ഇചേയിക്ക് എപ്പോഴും ഒരു നന്മയുടെ മുഖമാണ്. എന്റെ കുഞ്ഞുനാളിലെ എല്ലാ ഓർമ്മകളിലും ഈച്ചേയി കൂടെയുണ്ട്, അത് നല്ലതായാലും ചീത്തയായാലും.  എപ്പോഴോ അമ്മ ചട്ടുകംവെച്ച് എന്റെ തുടയിൽ പഴുപ്പിച്ചു, അത്രയ്ക്ക് കുസൃതിയായിരുന്നു ഞാൻ, ആ സന്ദർഭത്തിലും ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്ന ഇച്ചേയിയുടെ മുഖം ഞാൻ ഓർക്കുന്നു. 
ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ആളാണ് രത്നമ്മ ഇച്ചേയി. തൂപ്പ്, തുടപ്പ്, തുണിയലക്കൽ, പാചകം ചെയ്യൽ അങ്ങനെ എരിപൊരി ഉത്സവം തന്നെയാണ് എപ്പോഴും. ഇച്ചേയി ഉണ്ടാക്കുന്ന ഉണ്ണിയപ്പം, ശർക്കര വരട്ടി, ഉപ്പേരി, ഏത്തക്ക അപ്പം, ഇതൊക്കെ ഒരുകാലത്ത് എന്റെ രസമുകുളങ്ങളെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. അതിൽ ഏറ്റവും സ്പെഷ്യൽ ഇച്ചേയി ഉണ്ടാക്കുന്ന ചക്കവരട്ടിയത് ആയിരുന്നു. ഇച്ചേയിയും കൊച്ചാട്ടനും കൂടിയാണ് അത് ഉണ്ടാക്കുന്നത്, ഇച്ചേയിയുടെ സ്വന്തം കുഞ്ഞുമോൻ കൊച്ചാട്ടൻ. ഭർത്താവിനെ ഇച്ചേയി വിളിക്കുന്നത് വീട്ടിലെ ചേട്ടൻ എന്നായിരുന്നു. എനിക്ക് ഓർമ്മയുള്ള കാലംതൊട്ടേ കുഞ്ഞുമോൻ കൊച്ചാട്ടന് കാലിൽ ആണിയാണ്, അതുകൊണ്ട് ഒരു പ്രത്യേക രീതിയിലാണ് നടപ്പ്. കുഞ്ഞുമോൻ കൊച്ചാട്ടനും ഗോപി കൊച്ചാട്ടനും ആയിരുന്നു അപ്പൂപ്പന്റെ അടുത്ത കൂട്ടുകാർ, ബീഡിവലി - കള്ളുകുടി കമ്പനിക്കാർ. അങ്ങനെ ആയതുകൊണ്ട് ചെറിയൊരു അനിഷ്ടം ഉണ്ടായിരുന്നു എനിക്ക് അവരോട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചേട്ടന്മാരിൽ ഒരാളായിരുന്നു വാസു ചേട്ടൻ, ഇച്ചേയിയുടെ മകൻ. ഇവരെയെല്ലാം ചുറ്റിപ്പറ്റിയുള്ള കുഞ്ഞുനാളിലെ ജീവിതം എത്ര മനോഹരമായിരുന്നു. മറ്റുള്ളവർ പറയുന്നത് വെച്ചല്ല, നമ്മുടെ അനുഭവങ്ങളിലൂടെ വേണം ആളുകളെ വിലയിരുത്താൻ എന്നുള്ള പാഠം എന്റെ മനസ്സിൽ പണ്ടേ കയറിക്കൂടിയതാണ്. അതുകൊണ്ടുതന്നെ ഞാൻ മേലെ പറഞ്ഞ ആളുകളെപ്പറ്റി മറ്റാരൊക്കെ കുറ്റംപറഞ്ഞാലും എന്റെ മനസ്സിൽ ഇവർക്കൊക്കെ ദിവ്യമായ ഒരു പരിവേഷമാണ് എന്നും. 
 വളർച്ചയുടെ പടവുകൾ കയറും തോറും ഇവരുമായുള്ള അകലമൊക്കെ കൂടിക്കൂടി വന്നു. എല്ലാവരും അവരവരുടേതായ ജീവിതം തേടി പലവഴിക്ക് പോയി. വാസുച്ചേട്ടനെയൊക്കെ കണ്ട കാലം തന്നെ മറന്നു. ഇന്ന്, ഒരുപാട് നാളുകൾക്കു ശേഷം ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുവന്നു. കുറച്ച് അകലേന്ന് വലിയവായിൽ ഒച്ച കേൾക്കാം, ഇച്ചേയി വരുന്നുണ്ട് എന്നുള്ളതിന്റെ അറിയിപ്പാണ്. ഒരുപാട് സന്തോഷത്തോടെ, ആഗ്രഹത്തോടെ ഇച്ചേയിയെ നോക്കി ഞാൻ വീടിനു വെളിയിലിറങ്ങി. കുറേനേരം കഴിഞ്ഞ് ആള് വന്നു. കൊല്ലിയാൻ എന്നോ കൊള്ളിയാൻ എന്നോ ഒക്കെയാണ് മിന്നലിന് ഞങ്ങൾ പറഞ്ഞിരുന്നത്. മിന്നൽ വന്ന് അല്പം കഴിഞ്ഞല്ലേ ഇടി വരൂ, അതുപോലെയാണ് ഇച്ചേയിയും. ഇന്ന് പക്ഷേ കുറച്ചധികംനേരം കഴിഞ്ഞാണ് ആള് വന്നത്. വയസ്സായി, ഒരുപാട് ക്ഷീണിച്ചു, പിടിച്ചുപിടിച്ചൊക്കെയാണ് നടക്കുന്നത്. കണ്ടപ്പോ തന്നെ മനസ്സിൽ ഒരു കഷ്ടം തോന്നി. എന്നെ പിടിച്ച് നടത്തിയിട്ടുള്ള, എന്റെ ഒപ്പം ഓടിയിട്ടുള്ള ആളാണ് ഈ പിടിച്ചുപിടിച്ചു വരുന്നത്. ആള് തളർന്നെങ്കിലും ആളുടെ മനസ്സിലുള്ള സ്നേഹത്തിന് യാതൊരു തളർച്ചയും ഇല്ല. എന്റെ മക്കളേ എന്ന് വിളിച്ച് പറ്റുന്നത്ര വേഗതയിൽ വന്നു. എന്തൊക്കെയോ വാതോരാതെ സംസാരിച്ചു. ഇപ്പൊ കേഴ്‌വിയും തീരെ കുറവ്,അതുകൊണ്ട് അങ്ങോട്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല. കുറെക്കഴിഞ്ഞ് വേച്ചുവേച്ച് തിരിച്ചുപോയി. ഇനി പറമ്പിലെ പണിക്കൊന്നും വരണ്ട എന്ന് അമ്മ പറയുന്നുണ്ട്, ഇവിടെയെങ്ങാനും വീണുപോയാൽ ആരും കാണത്തില്ല എന്നാണ് അമ്മയുടെ ടെൻഷൻ. ഇനി എന്നെങ്കിലും ഇച്ചേയിയെ കാണുമോ എന്നുള്ളതാണ് എന്റെ ടെൻഷൻ. ഇച്ചേയി ഒരിക്കലും കിടപ്പിലായിപ്പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആളും ബഹളവുമില്ലാത്ത ഒച്ചയില്ലാത്ത ഒരു ജീവിതം അവർക്ക് സങ്കൽപ്പിക്കാനേ കഴിയില്ല, വേറെ ആർക്കും ഇച്ചേയിയെ അങ്ങനെ സങ്കൽപ്പിക്കാനും കഴിയില്ല. മിന്നലിനോട് ചേർന്നുതന്നെവരുന്ന ഇടിമുഴക്കംപോലെ പെട്ടെന്നൊരുദിവസം അവർ അവസാനിക്കട്ടെ. മനസ്സ്നിറച്ച ഒരുപാട് ഓർമ്മകളുമായി അതാ അവർ നടന്നും നിരങ്ങിയും അകലുന്നു, എന്റെ രത്നമ്മിച്ചേയി. 

Saturday, 4 January 2025

ഉപാസന

റാന്നിയുടെ സ്വന്തം ചാനലായ citi tv ഇൽ വാർത്ത ഓടിക്കൊണ്ടിരിക്കുന്നു. ഈ ചാനൽ ആരെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിലെന്ന് അക്ഷമയോടെ കാത്തിരുന്നപ്പോ ദാ താഴെ ഒരു ബ്രേക്കിങ് ന്യൂസ്‌ സ്ക്രോൾ ചെയ്ത് പോകുന്നു - നാളെ റാന്നി 'ഉപാസന'യിൽ 'കുരുക്ഷേത്ര' റിലീസ് ചെയ്യുന്നു. ബി ക്ലാസ്സ്‌ തിയേറ്ററുകൾക്ക് റിലീസ് അനുവദിച്ച വാർത്ത തലേന്ന് വന്നതേ ഉള്ളു. നെഞ്ച് പടപടാ ഇടിച്ചു, പിന്നെ എല്ലാം ധ്രുതഗതിയിൽ. കൂട്ടുകാരെ വിളിക്കുന്നു, ഡീൽ ഒറപ്പിക്കുന്നു, പിറ്റേന്ന് രാവിലെ ആകാൻ വെമ്പലോടെ കിടന്നുറങ്ങുന്നു. രാവിലെ ആയോ എന്നറിയാൻ പലതവണ ഉറക്കമുണർന്നുനോക്കി, ഒടുക്കം രാവിലെ ആയി. ജീവിതത്തിൽ മുൻപ് ഇത്ര ആവേശത്തോടെ ഉറക്കമുണർന്നത് ആകെ ഒരുതവണയേ ഉള്ളു എന്നാണ് ഓർമ്മ, സ്കൂളിന്ന് ടൂർ പോകാനുള്ള ദിവസം. എന്തായാലും ആഗ്രഹം കടുത്തതായതുകൊണ്ട് ലോകംമുഴുവൻ അത് നടത്തിത്തരാൻ ഒത്തുചേർന്നു,പലവഴികൾ ഒന്നായി, കൂട്ടുകാരെല്ലാം ഒത്തുചേർന്ന് ആഘോഷത്തോടെതന്നെ സിനിമക്ക് പോയി. ആ തിയേറ്റർ അന്നേവരെ കണ്ടിട്ടില്ലാത്തത്ര തിരക്ക്. എങ്ങനൊക്കെയോ ടിക്കറ്റുകൾ ഒപ്പിച്ച് പടത്തിനു കയറിയതും ഇടക്ക് കൊറിക്കാൻ ഒന്നും വാങ്ങാൻ കാശില്ലാതിരുന്നതുമൊക്കെ ദാ മിന്നിമറഞ്ഞുപോണു മനസ്സിന്റെ തിരശ്ലീലയിൽ. ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം....,, ഒരു യാത്രാമൊഴിയോടെ വിടവാങ്ങും പ്രിയസന്ധ്യേ...... 
അന്ന് ചുറ്റും കൂട്ടുകാർ നിറഞ്ഞ്, തിയേറ്റർ തിങ്ങിനിറഞ്ഞ്, ഹാ. 
ഇന്ന് ആൾക്കൂട്ടത്തിലേക്ക് പോകാൻതന്നെ വൈമനസ്യം, ഒരുപക്ഷേ ഞങ്ങൾ കൂട്ടുകാർ പലവഴിക്ക് ചിതറിയതിനാലാവാം. ത്രീഡിയും, ഫൈവ്ഡിയുമൊക്കെ കടന്ന് ലോകം മുന്നോട്ട് ഓടിയാലും പുതിയ തീയേറ്ററുകൾ എത്രയൊക്കെ കണ്ടാലും മനസ്സിൽ തട്ടിയ തിയേറ്റർ അനുഭവങ്ങളെല്ലാം ഓലമേഞ്ഞ പഴയ ആ കെട്ടിടങ്ങളിൽത്തന്നെ മൂടിപ്പുതച്ചങ്ങിരിക്കുന്നു ഇപ്പോഴും. 
ഒറ്റദിവസത്തേക്ക് ലൈഫിലൊരു റീവൈൻഡ് കിട്ടിയിരുന്നെങ്കിൽ, വെറുതേ ആ തിയേറ്ററിൽ അന്നത്തെ മൂഡിലൊന്നിരിക്കാൻ.