Monday, 20 January 2025

കുട്ട്യോളോട് പറയാല്ലോ

മെട്രോയിൽ പതിവുയാത്രയിൽ പതിവില്ലാത്ത രണ്ടുപേരെ കണ്ടു, ഒരു അപ്പൂപ്പനും അമ്മൂമ്മയും. അവരുടെ ആദ്യ മെട്രോ യാത്രയാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ആലുവയിൽ മെട്രോയ്ക്ക് എത്ര സ്റ്റോപ്പ്‌ ഉണ്ടെന്നൊക്കെ ചോദിക്കുന്നുണ്ട് അപ്പൂപ്പൻ. ഉറക്കെയാണ് സംസാരമൊക്കെ. അമ്മൂമ്മയാകട്ടെ ഒന്നിലും വലിയ താല്പര്യമൊന്നുമില്ലാത്ത കക്ഷിയും. ഇടയ്ക്ക് അപ്പൂപ്പൻ പറയുന്നത് കേട്ടു - "ഒന്നുല്ലേലും കുട്ട്യോളോട് പറയാല്ലോ മെട്രോല് കേറീന്ന് ". ഒറ്റ ഡയലോഗ്ൽ മനസ്സിലായി ആള് തൃശൂരുകാരണാണെന്ന്. അപ്പൂപ്പന്റെ അത്ഭുതവും ആവേശവുമൊന്നും അമ്മൂമ്മയ്ക്കില്ല. ശരിക്കും മൂപ്പരുടെ കുട്ട്യോൾക്ക് എന്തെങ്കിലും താല്പര്യം ഉണ്ടാകുമോ പുള്ളി ഈ പറയാൻപോണ കഥയിൽ. വയസ്സായ അപ്പന്റേം അമ്മേടേം കഥ കേൾക്കാനുള്ള സമയമോ താല്പര്യമോ നമുക്ക് ആർക്കെങ്കിലും ഇന്ന് ബാക്കിയുണ്ടോ. ഏതായാലും സത്യം വികൃതമാണെന്ന് മുഖത്തുനോക്കി പറയാൻ തോന്നിയില്ല, പറഞ്ഞാലും ചിലപ്പോൾ മനസ്സിലാകണമെന്നില്ല, ഇങ്ങോട്ട് തെറിവല്ലോം കിട്ടിയെന്നുവരും.
അപ്പാപ്പന് രാത്രി ചിലപ്പോ മക്കളുടെ ഫോൺ വരുമായിരിക്കും, വരാൻവേണ്ടി അപ്പാപ്പൻ എന്തായാലും കൊതിയോടെ കാത്തിരിക്കുമെന്നുള്ളതിൽ സംശയമില്ല. അതു വന്നിട്ടുവേണല്ലോ ഇന്ന് മെട്രോയിൽ കയറിയ കഥ പറയാൻ. മറുതലയ്ക്കൽ കയ്യിൽ മറ്റൊരു ഫോണുംപിടിച്ച് ഫേസ്ബുക്കിൽ നോക്കികൊണ്ട് വെറുതേ ഒന്ന് മൂളുമായിരിക്കും കുട്ട്യോള്, ല്ലേ. ഇതിപ്പോ കുട്ട്യോള് എത്ര കണ്ടിരിക്ക്‌ണു ഈ മെട്രോന്ന് പറേണ സാധനം.

Friday, 17 January 2025

എന്താണ് ?

തളർച്ചകാരണം കണ്ണുതുറക്കാൻപറ്റാത്ത അവസ്ഥയിൽ മനസ്സ് വീണ്ടും അതേ ചോദ്യം ചോദിക്കുന്നു - എന്താണ് ജീവിതം? 
രാവിലെ തുടങ്ങിയ ഓട്ടം അല്പമൊന്നു ശമിച്ചത് രാത്രി ഒൻപതുമണിക്കാണ്. പക്ഷേ ഇനിയോ, ഉറങ്ങാനുള്ള സമയം അടുത്തുവരുന്നു, അതിനർത്ഥം വീണ്ടും നാളെ ഈ സമയമാകണം ഒന്ന് സമാധാനമായി ഇരിക്കാൻ. സത്യത്തിൽ എവിടെയാണ് സമാധാനം? വീട്ടിലുള്ളപ്പോൾ ഓഫീസിലേക്കും , ഓഫീസിലുള്ളപ്പോൾ വീട്ടിലേക്കും പായിച്ചുകൊണ്ടേയിരിക്കുന്നു സമയം. ഇതിനിടയിൽ എവിടെയാണ് ജീവിതം. ഓട്ടത്തിനൊക്കെ പെട്ടന്നൊരു ഫുൾസ്റ്റോപ്പ് ഇട്ട്, ഒന്നും ചെയ്യാതെ കുറേനേരം ഇരിക്കണമെന്നൊക്കെ തോന്നാറുണ്ട്, പക്ഷേ ഒരിക്കലും സാധിക്കില്ലതാനും. ഭാവിയിൽ ആവശ്യംവരുമ്പോൾ ലീവ് കിട്ടിയില്ലെങ്കിലെന്നുകരുതി സ്വരുക്കൂട്ടി വയ്ക്കുന്ന വിഡ്ഢികളുടെ ലോകത്തിലേക്ക് എത്തിപ്പെട്ടതുപോലെ, അല്ലെങ്കിൽ ഓഫീസിലെ പണികളൊക്കെ അവതാളത്തിലാകുമോ എന്നൊക്കെ അർത്ഥമില്ലാത്ത ചിന്ത. ശരിക്കും എത്ര മണ്ടൻ ന്യായങ്ങളാണ് ഇതെല്ലാം. നാളെ ജീവനുണ്ടാകുമോ എന്നതുതന്നെ കണ്ടറിയണം. പെട്ടന്നൊരുദിവസം നമ്മൾ തട്ടിപ്പോയാൽ ഈ ലോകം നിന്നുപോകുമോ, ഒരിക്കലുമില്ല.

 അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ സമയം ചിലവഴിക്കുന്നതല്ലേ യഥാർത്ഥ സന്തോഷം. പക്ഷേ ഇന്നിപ്പോ ആർക്കെങ്കിലുമൊക്കെ അത് സാധ്യമാണോ. എല്ലാം ഉപേക്ഷിച്ച് നാട്ടിൽപോയിനിന്നാലോ എന്ന് വെറുതേ ഒന്ന് കിനാവുകാണും. അപ്പൊ എല്ലാവരെയുംപോലെ യാഥാർഥ്യം വന്ന് തലക്ക് തട്ടും. ചുറ്റുമുള്ളവരുടെ ചോദ്യം, കുഞ്ഞിന്റെ ഭാവി, ശമ്പളമില്ലാത്ത അവസ്ഥ, എല്ലാം കണ്മുന്നിൽ തെളിയും. 
ശരിക്കും നമ്മൾ ആർക്കുവേണ്ടി ജീവിക്കുന്നു, മറ്റുള്ളവരുടെ നല്ല സർട്ടിഫിക്കറ്റിനുവേണ്ടിയോ, കുഞ്ഞിനുവേണ്ടിയോ, ശമ്പളത്തിനുവേണ്ടിയോ, ഒന്നും മനസ്സിലാകുന്നില്ല. നമ്മുടെ അച്ഛനും അമ്മയും നമുക്കുവേണ്ടി ജീവിതം ഹോമിച്ചു എന്ന് പറയും, നമ്മൾ ഇതുതന്നെ നമ്മടെ കുഞ്ഞുങ്ങളോട് പറയും, അവർ ഇത് തുടരും. അപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർ തനിക്കുവേണ്ടിമാത്രം ജീവിക്കുമോ, അതുമില്ല, അവരും അവരുടേതായ പല എന്തിനൊക്കെയോവേണ്ടി ജീവിക്കുന്നു. അസുഖങ്ങൾ, കടങ്ങൾ, അപകടങ്ങൾ, അങ്ങനെയങ്ങനെ പലതും ചേർന്ന് ജീവിതത്തിന്റെ ഏറിയ പങ്കും അപഹരിക്കുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളും പണിമുടക്കിതുടങ്ങി, വയസ്സാകുന്നു എന്ന് സിഗ്നൽ തന്നുതുടങ്ങി. നര വന്ന മീശ പണ്ടേ നരച്ച മുടിയെ എത്തിവലിഞ്ഞ് നോക്കിത്തുടങ്ങി. കണ്ണടവച്ചാലും കാഴ്ചകൾ പലതും മങ്ങിത്തുടങ്ങി. തലവേദനയും മുട്ടുവേദനയുമൊഴിഞ്ഞ ദിവസങ്ങളില്ലാതെയായി. ആരോഗ്യം കളഞ്ഞും നിലനിർത്തേണ്ടതാണോ ജോലി.

എല്ലാ ദിവസവും അലാറം കേട്ട് ഞെട്ടി ഉണരുക, വെളിവ് വീഴുംമുന്നേ ഓട്ടം തുടങ്ങുക, ഓടിത്തളർന്ന് രാത്രി ആവുക, വീണ്ടും ഇതുതന്നെ, റിപീറ്റ്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വല്ലപ്പോഴുമൊരു കറക്കം, അതും ഓടിപ്പാഞ്ഞ്. ചുരുക്കംപറഞ്ഞാൽ പാച്ചിൽ ഒഴിഞ്ഞ നേരമില്ല. ഇതാണോ ജീവിതം. എല്ലാവരും ഇങ്ങനൊക്കെത്തന്നെയാണത്രെ. ഇതൊക്കെ അല്ലാതെ എന്താണ് പ്രതീക്ഷിക്കുന്നത്. ആവോ, അറിയില്ല. വിശ്രമിക്കാൻ ഒരു ഇടവേള ആണോ ആഗ്രഹം, അതോ നിത്യമായ വിശ്രമമാണോ ആഗ്രഹം അതുമറിയില്ല.ശതകോടീശ്വരൻ സ്വന്തം ജോലി ഉപേക്ഷിച്ചുകഴിഞ്ഞപ്പോൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലായ അവസ്ഥ ഈ അടുത്താണ് വായിച്ചത്, ഐ ഐ ടി യിൽനിന്ന് ഡിഗ്രി എടുത്ത് നല്ല ശമ്പളത്തിൽ ജോലി വാങ്ങിയ ആൾ സമാധാനത്തിനുവേണ്ടി സന്യാസിയായി എന്ന വാർത്ത ഇന്ന് കണ്ണിൽപെട്ടു, , വലിയ തുക ലോട്ടറി അടിച്ചിട്ടും പിറ്റേന്ന് സ്വന്തം ജോലിയായ കാന വൃത്തിയാക്കാൻ സമയത്തുതന്നെ ചെന്ന ആളുടെ വാർത്തയും വായിച്ചു. എല്ലാവരും അന്വേഷണത്തിലാണെന്ന് തോന്നുന്നു, ജീവിതത്തിന്റെ അർത്ഥം അറിയാൻ. പലതും പയറ്റി നോക്കുകയാണ് മുന്നോട്ട് പോകാൻ. പക്ഷേ എന്നുവരെ? അറിയില്ലല്ലോ. അതുതന്നെയല്ലേ എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും. നാളെയെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ വീണ്ടും വീണ്ടും മെടഞ്ഞ് പണിയെടുക്കുക, നാളെയുടെ ഭാവി ശോഭനമാക്കാനാണല്ലോ ഇന്നത്തെ നമ്മുടെ ജീവിതം. ശരിക്കും നമ്മൾ ഇന്നിലും ഇല്ല നാളെയിലും ഇല്ല. എങ്കിലും നമ്മൾ ജീവിക്കുന്നു, മുന്നോട്ട് മുന്നോട്ട്. 

Wednesday, 15 January 2025

വിലയിരുത്തൽ

ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ അയാൾ ആയിരുന്നെങ്കിൽ എന്ന്, അയാളുടെ ജീവിതം ആയിരുന്നുവെങ്കിലെന്ന്. നമ്മൾ ഇഷ്ടപെടുന്ന രൂപമോ പേരോ ആണോ നമുക്ക്? സ്വയമൊന്നു വിലയിരുത്തിനോക്കിയാൽ നമുക്ക് നമ്മൾ എത്ര മാർക്ക്‌ ഇടും? തൊട്ടുമുന്നിലെത്തുന്ന എല്ലാവരുടെയും, അവർ അറിയാത്ത ഒരു ഇമേജ് ആയിരിക്കും നമ്മുടെ മനസ്സിൽ ഉണ്ടാവുന്നത്. കാണുമ്പോഴേ നമ്മൾ മനസ്സിൽ വിലയിരുത്തൽ തുടങ്ങും. സൗന്ദര്യമില്ലാത്ത ആളുകൾ ചെയ്യുന്ന ചെറിയ തെറ്റുപോലും പലപ്പോഴും പർവ‌തീകരിക്കപെടുമ്പോൾ സൗന്ദര്യമുള്ളവരുടെ വലിയ തെറ്റുകൾ നമ്മൾ പൊറുക്കാറുമില്ലേ, ഉണ്ട് ; അതാണ് സത്യം. എന്താവാം കാരണം? സൗന്ദര്യമുള്ളവരോട് നമുക്ക് തോന്നുന്ന ആകർഷണമായിരിക്കും അല്ലേ?
 കാണാൻ നല്ല സൗന്ദര്യമുള്ള ആൾ മുന്നിൽ വന്നാൽ അറിയാതെ നമ്മൾ ആഗ്രഹിക്കില്ലേ അയാൾ ആയിരുന്നെങ്കിലെന്ന്, പക്ഷെ നാം അയാളല്ല എന്ന് ബോധം വരുമ്പോൾ ആകെയൊന്ന് നോക്കിയിട്ട് അയാളിൽ എന്തെങ്കിലുമൊരു കുറവ് കണ്ടെത്തില്ലേ നമ്മൾ. അറിഞ്ഞോ അറിയാതെയോ എപ്പോഴും എല്ലാത്തിനെയും താരതമ്യംചെയ്യുന്ന ഈ ലോകത്ത്, മറ്റുള്ളവരിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഗുണങ്ങളെല്ലാം നമുക്കുണ്ടോ, നമ്മുടെ മനസ്സിലെ സൗന്ദര്യത്തിന്റെ അളവുകോലിൽ എവിടെ നിൽക്കുന്നു നമ്മൾ? 

മറ്റേ ആൾ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതിന്റെ അർത്ഥം നമ്മൾ പോരാ എന്ന തോന്നലല്ലേ,എങ്കിൽപോലും നമ്മുടെ ഭാവംകണ്ടാൽ തോന്നില്ലേ സത്യത്തിൽ എല്ലാം തികഞ്ഞ ഒരാളേ ഉള്ളു എന്ന്, നമ്മൾതന്നെ...അത് പക്ഷെ മറ്റൊരാളുടെ കണ്ണിലൂടെ നമ്മളെ നോക്കുന്നതുവരെമാത്രം, അല്ലേ?

Friday, 10 January 2025

Weird അബദ്ധങ്ങൾ

ഓട്ടോ വരുന്നതുകണ്ടപ്പോൾ കൈ കാണിച്ചു, അകത്ത് കയറിയപ്പോൾ ആൾ പറഞ്ഞു " മോനെ ഇത് ടാക്സി ഓട്ടോ അല്ല, പ്രൈവറ്റ് ഓട്ടോ ആണ്, സ്റ്റാൻഡിലോട്ട് വിട്ടേക്കാം ". ഇറങ്ങിയപ്പോൾ നോക്കി,ഓട്ടോയ്ക്ക് നിറം കറുപ്പും നീലയും.

ഉത്സവത്തിനിടെ Crowd management ചെയ്യാൻ മുതിർന്നവർ ഏല്പിച്ചു, മറ്റുള്ളവർ ചെയ്യുന്നപോലെയൊക്കെ വരുന്ന വണ്ടികൾ തടഞ്ഞ് അല്പം മാറി പോകാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു ബൈക്ക്കാരൻ " എന്താ ഞങ്ങൾക്ക്‌ കണ്ണ് കാണില്ലേ മാറിപ്പോകണമെന്ന് ". ശരിയാണ് അയാൾക്കും ബാക്കി എല്ലാവർക്കും കണ്ണ് കാണാമായിരുന്നു.

2015 ഡിസംബർ 31 രാത്രി , റാന്നിയിൽനിന്ന് കൂട്ടുകാർക്കൊപ്പം കോഴിക്കോട്ടേക്കുള്ള KSRTC യാത്ര. 2016 ജനുവരി 1 വെളുപ്പിനെ ഫോണിൽ കോൾ വരുന്നു, ചേട്ടനാണ് - " എവിടെ ആയി ". ജോഗ്രഫിയിൽ പൂജ്യമായിരുന്നത്കൊണ്ട് ചുറ്റുമൊന്ന് നോക്കി തിളങ്ങിനിന്ന ഒരു ബോർഡ്‌ വായിച്ചുകൊണ്ട് പറഞ്ഞു " ഇപ്പം, കുഴിമന്തി ആയി ". മേലെ ചൊവ്വ താഴെ ചൊവ്വ ഒക്കെ ഉള്ള നാടായത്കൊണ്ട് അങ്ങനെ എന്തോ ഒരു പേരാണെന്ന് തെറ്റിദ്ധരിച്ചു.

വഴിയിൽ കണ്ട കുട്ടിയോട് വെറുതേ കുശലം ചോദിച്ചു, "എന്താ മോന്റെ പേര് ". അവൻ - "ആദി, കൂ...". തിരിഞ്ഞുനോക്കാതെ വലിഞ്ഞുനടന്നു.

ഒരു വർഷം ഹിന്ദിനാട്ടിൽ പഠിച്ച് തിരിച്ചുവന്ന എന്റെ ഭാഷാപ്രാവീണ്യം പരീക്ഷിക്കാൻ പേരപ്പൻ ചോദിച്ചു " ഖാന ഖാനെ ജായേഗാ? " പെട്ടന്ന് മനസ്സിൽ വിശപ്പിന്റെ ഹിന്ദി കിട്ടുന്നില്ല, എന്നാലും നമ്മൾ മോശക്കാരനാകരുതലോ, തമിഴിലെ വിശപ്പുവച്ച് ഒരു അലക്ക് അലക്കി. " അഭി മുജേ പസീന നഹീ ഹേ ". പേരപ്പന്റെ കുലുങ്ങിയുള്ള ചിരി ഇപ്പോഴും കണ്ണുകളിൽ തെളിയുന്നു.

ഭയങ്കര പരസ്യമൊക്കെയായിട്ട് 'ദേ പുട്ട്' എന്ന കട കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻപോകുന്നതായി കണ്ടു. ഒന്നുരണ്ട് ദിവസം കഴിഞ്ഞ് ആ വഴിയേ പോകുമ്പോൾ കരുതി അവിടെയൊന്ന് കേറിയാലോ എന്ന്. ഇന്ത്യൻ കോഫി ഹൗസിലെപ്പോലെ തൊപ്പിയൊക്കെവച്ച ഒന്നുരണ്ട് വെയിറ്റർമാർ നടക്കുന്നുണ്ട്, ആരൊക്കെയോ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ട്. കയറിച്ചെന്ന് സീറ്റിലിരുന്നു. ഒരു തൊപ്പിക്കാരൻ ചേട്ടൻ വന്നു. പുള്ളിയോട് "എന്തുണ്ട് കഴിക്കാൻ " എന്ന സ്ഥിരം ചോദ്യം എറിഞ്ഞു. അയാൾ പറഞ്ഞു " നാളെ രാവിലെ വന്നാൽ എന്തെങ്കിലും തരാം, കട നാളെമുതലേ പ്രവർത്തനം തുടങ്ങൂ ". അവിടെ എനിക്കുമുന്നേ ഇരിക്കുന്നവരെ നോക്കി, അവരൊക്കെ കടയുടെ ഉടമകളോ നടത്തിപ്പുകാരോ മറ്റോ ആണെന്ന് മനസ്സിലായി. തിരിഞ്ഞുനോക്കാതെ നടന്ന നടപ്പിന്ശേഷം ഒരു നാല്മാസത്തോളം കഴിഞ്ഞാണ് പിന്നെ ആ കടയിലോട്ട് വീണ്ടും ചെല്ലാനുള്ള തൊലിക്കട്ടി ഉണ്ടായത്.

അബദ്ധോം കി സിന്ദഗീ കഭീ ഖതം ന ഹോ ജാത്തി ഹേ.

Tuesday, 7 January 2025

സൗഹൃദം

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ പല കൂട്ടുകാർ ഇല്ലേ. പല കാലങ്ങളിൽ നമ്മളെ രൂപപ്പെടുത്തിയ, നമ്മടെ നല്ലതും ചീത്തയും രാകിമിനുക്കി നമ്മളാക്കിയ നമ്മുടെ കൂട്ടുകാർ. അവർക്കെല്ലാംവേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് 'പല്ലൊട്ടി 90'സ് കിഡ്സ്‌ ' എന്ന സിനിമ. 
പുതിയ കാലത്തിന്റെ മുഖമുദ്രയായ ലുലുവിൽ PVR ഇൽ ഇരുന്ന് ഈ സിനിമ കാണുമ്പോൾ എന്റെ തൊട്ടടുത്ത സീറ്റിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു അപ്പൂപ്പനുണ്ടായിരുന്നു, പഴമയിലേക്ക് ക്ഷണിക്കുന്ന ഈ സിനിമയ്ക്ക് ചേർന്ന ഒരു അയൽക്കാരൻ. ഗൃഹാതുരത്വം തലയ്ക്കുപിടിച്ച ഏതൊരാളെയും ചിന്തിപ്പിക്കുന്ന, നോവിക്കുന്ന, സ്നേഹിക്കുന്ന ഒരു സിനിമ എന്ന നിലയിൽ എന്റെ ഉള്ളിൽനിന്ന് ഒരു 100 മാർക്കുംകൊണ്ട് ഓടിയകലുന്നു ഈ ചിത്രം. 
സിനിമകഴിഞ്ഞ് ഇറങ്ങുമ്പോൾ പല കണ്ണുകളിലും വെറുതെ ഒന്ന് നോക്കി, അവർക്കൊക്കെയും ഇഷ്ടമായിക്കാണുമോ ഈ സിനിമ എന്ന് അറിയാനൊരു ആഗ്രഹം. എന്തോ, എന്റെ ഒരുപാടുനാളത്തെ വിയർപ്പും കഷ്ടപ്പാടും ചേർത്ത് ഞാൻ ഇറക്കിയ പടമാണെന്നുപോലും തോന്നിപ്പോകും എന്റെ ആകാംഷ കണ്ടാൽ. പല കണ്ണുകളിലും ഒരു നഷ്ടബോധം കണ്ടു ഞാൻ . അപ്പോൾ എന്റെ മുന്നിൽ നടന്നകലുകയായിരുന്നു ആ അപ്പൂപ്പൻ. അദ്ദേഹം ഏത് സുഹൃത്തിനെയായിരിക്കും ഈ പടം കാരണം ഓർത്തിട്ടുണ്ടാവുക. എന്റെ മനസ്സിൽ ഏതായാലും ഒന്നിലധികം മുഖങ്ങൾ തെളിഞ്ഞുവന്നു - തോർത്തുകൊണ്ട് മീൻ പിടിത്തം , കാക്കത്തണ്ടിന് ഉജാലകൊണ്ട് നിറം കൊടുക്കൽ , ഇലകൊണ്ട് ടോസ് ഇടൽ, അക്കുകളി, ചുണ്ടക്കകൊണ്ട് കണ്ണ് ചുവപ്പിക്കൽ, ബൈക്ക് ഓടിക്കൽ, അങ്ങനെയങ്ങനെ എനിക്ക് മറവി ബാധിക്കുംവരെ വിട്ടുപോകാത്ത, ഇമ്പമുള്ള ഓർമകൾക്ക് വളമായവരുടെ മുഖങ്ങൾ. നീന്തൽ പഠിപ്പിച്ച അപ്പൂപ്പനും സൈക്കിൾ പഠിപ്പിച്ച അച്ഛനും സിനിമാപ്രാന്തനാക്കിയ ചേട്ടനും സൗഹൃദത്തിന്റെ ശിഖരങ്ങൾതന്നെ.

Monday, 6 January 2025

എന്റെ ഇച്ചേയിമിന്നൽ

ലൗഡ്സ്പീക്കർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ 'മൈക്ക്' എന്ന കഥാപാത്രത്തെ അറിയില്ലേ, അതിലും ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുണ്ട് എന്റെ നാട്ടിൽ - രത്നമ്മ ഇച്ചേയി. എല്ലാവരും ഇച്ചേയി എന്നാണ് വിളിക്കുന്നത്, അതുകൊണ്ട് ഞാനും അങ്ങനെതന്നെ വിളിച്ചു. അമ്മ ഓഫീസ്ജോലിക്കാരിയായതുകൊണ്ട് എന്റെ കുഞ്ഞുനാളിലൊക്കെ ദിവസത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ചിലവഴിച്ചിരുന്നത് ഈ രത്നമ്മിച്ചേയിയുടെ കൂടെയായിരുന്നു. ഇച്ചേയി ഒരു കിലോമീറ്റർ അപ്പുറത്തുനിന്ന് വരുന്നുണ്ടെന്നുള്ളത് ഇവിടുന്നേ അറിയാം. നമ്മളെ ദൂരെ കാണുമ്പോഴേ മൈക്ക്‌വച്ച് ഉച്ചത്തിൽ പറയുന്നതുപോലെ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരിക്കും വരവ്. നാട്ടിലെ എല്ലാ കഥകളും ഇച്ചേയിക്ക് അറിയാം. അന്നൊന്നും മൊബൈൽ ഫോണും വാട്ട്സ്ആപ്പും ഇല്ലാത്തതുകൊണ്ട് ആ പണിയൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നത് ഇച്ചേയി ആയിരുന്നു. പലരും കുറ്റമൊക്കെ പറയുമെങ്കിലും എന്റെ മനസ്സിൽ ഇചേയിക്ക് എപ്പോഴും ഒരു നന്മയുടെ മുഖമാണ്. എന്റെ കുഞ്ഞുനാളിലെ എല്ലാ ഓർമ്മകളിലും ഈച്ചേയി കൂടെയുണ്ട്, അത് നല്ലതായാലും ചീത്തയായാലും.  എപ്പോഴോ അമ്മ ചട്ടുകംവെച്ച് എന്റെ തുടയിൽ പഴുപ്പിച്ചു, അത്രയ്ക്ക് കുസൃതിയായിരുന്നു ഞാൻ, ആ സന്ദർഭത്തിലും ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്ന ഇച്ചേയിയുടെ മുഖം ഞാൻ ഓർക്കുന്നു. 
ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ആളാണ് രത്നമ്മ ഇച്ചേയി. തൂപ്പ്, തുടപ്പ്, തുണിയലക്കൽ, പാചകം ചെയ്യൽ അങ്ങനെ എരിപൊരി ഉത്സവം തന്നെയാണ് എപ്പോഴും. ഇച്ചേയി ഉണ്ടാക്കുന്ന ഉണ്ണിയപ്പം, ശർക്കര വരട്ടി, ഉപ്പേരി, ഏത്തക്ക അപ്പം, ഇതൊക്കെ ഒരുകാലത്ത് എന്റെ രസമുകുളങ്ങളെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. അതിൽ ഏറ്റവും സ്പെഷ്യൽ ഇച്ചേയി ഉണ്ടാക്കുന്ന ചക്കവരട്ടിയത് ആയിരുന്നു. ഇച്ചേയിയും കൊച്ചാട്ടനും കൂടിയാണ് അത് ഉണ്ടാക്കുന്നത്, ഇച്ചേയിയുടെ സ്വന്തം കുഞ്ഞുമോൻ കൊച്ചാട്ടൻ. ഭർത്താവിനെ ഇച്ചേയി വിളിക്കുന്നത് വീട്ടിലെ ചേട്ടൻ എന്നായിരുന്നു. എനിക്ക് ഓർമ്മയുള്ള കാലംതൊട്ടേ കുഞ്ഞുമോൻ കൊച്ചാട്ടന് കാലിൽ ആണിയാണ്, അതുകൊണ്ട് ഒരു പ്രത്യേക രീതിയിലാണ് നടപ്പ്. കുഞ്ഞുമോൻ കൊച്ചാട്ടനും ഗോപി കൊച്ചാട്ടനും ആയിരുന്നു അപ്പൂപ്പന്റെ അടുത്ത കൂട്ടുകാർ, ബീഡിവലി - കള്ളുകുടി കമ്പനിക്കാർ. അങ്ങനെ ആയതുകൊണ്ട് ചെറിയൊരു അനിഷ്ടം ഉണ്ടായിരുന്നു എനിക്ക് അവരോട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചേട്ടന്മാരിൽ ഒരാളായിരുന്നു വാസു ചേട്ടൻ, ഇച്ചേയിയുടെ മകൻ. ഇവരെയെല്ലാം ചുറ്റിപ്പറ്റിയുള്ള കുഞ്ഞുനാളിലെ ജീവിതം എത്ര മനോഹരമായിരുന്നു. മറ്റുള്ളവർ പറയുന്നത് വെച്ചല്ല, നമ്മുടെ അനുഭവങ്ങളിലൂടെ വേണം ആളുകളെ വിലയിരുത്താൻ എന്നുള്ള പാഠം എന്റെ മനസ്സിൽ പണ്ടേ കയറിക്കൂടിയതാണ്. അതുകൊണ്ടുതന്നെ ഞാൻ മേലെ പറഞ്ഞ ആളുകളെപ്പറ്റി മറ്റാരൊക്കെ കുറ്റംപറഞ്ഞാലും എന്റെ മനസ്സിൽ ഇവർക്കൊക്കെ ദിവ്യമായ ഒരു പരിവേഷമാണ് എന്നും. 
 വളർച്ചയുടെ പടവുകൾ കയറും തോറും ഇവരുമായുള്ള അകലമൊക്കെ കൂടിക്കൂടി വന്നു. എല്ലാവരും അവരവരുടേതായ ജീവിതം തേടി പലവഴിക്ക് പോയി. വാസുച്ചേട്ടനെയൊക്കെ കണ്ട കാലം തന്നെ മറന്നു. ഇന്ന്, ഒരുപാട് നാളുകൾക്കു ശേഷം ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുവന്നു. കുറച്ച് അകലേന്ന് വലിയവായിൽ ഒച്ച കേൾക്കാം, ഇച്ചേയി വരുന്നുണ്ട് എന്നുള്ളതിന്റെ അറിയിപ്പാണ്. ഒരുപാട് സന്തോഷത്തോടെ, ആഗ്രഹത്തോടെ ഇച്ചേയിയെ നോക്കി ഞാൻ വീടിനു വെളിയിലിറങ്ങി. കുറേനേരം കഴിഞ്ഞ് ആള് വന്നു. കൊല്ലിയാൻ എന്നോ കൊള്ളിയാൻ എന്നോ ഒക്കെയാണ് മിന്നലിന് ഞങ്ങൾ പറഞ്ഞിരുന്നത്. മിന്നൽ വന്ന് അല്പം കഴിഞ്ഞല്ലേ ഇടി വരൂ, അതുപോലെയാണ് ഇച്ചേയിയും. ഇന്ന് പക്ഷേ കുറച്ചധികംനേരം കഴിഞ്ഞാണ് ആള് വന്നത്. വയസ്സായി, ഒരുപാട് ക്ഷീണിച്ചു, പിടിച്ചുപിടിച്ചൊക്കെയാണ് നടക്കുന്നത്. കണ്ടപ്പോ തന്നെ മനസ്സിൽ ഒരു കഷ്ടം തോന്നി. എന്നെ പിടിച്ച് നടത്തിയിട്ടുള്ള, എന്റെ ഒപ്പം ഓടിയിട്ടുള്ള ആളാണ് ഈ പിടിച്ചുപിടിച്ചു വരുന്നത്. ആള് തളർന്നെങ്കിലും ആളുടെ മനസ്സിലുള്ള സ്നേഹത്തിന് യാതൊരു തളർച്ചയും ഇല്ല. എന്റെ മക്കളേ എന്ന് വിളിച്ച് പറ്റുന്നത്ര വേഗതയിൽ വന്നു. എന്തൊക്കെയോ വാതോരാതെ സംസാരിച്ചു. ഇപ്പൊ കേഴ്‌വിയും തീരെ കുറവ്,അതുകൊണ്ട് അങ്ങോട്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല. കുറെക്കഴിഞ്ഞ് വേച്ചുവേച്ച് തിരിച്ചുപോയി. ഇനി പറമ്പിലെ പണിക്കൊന്നും വരണ്ട എന്ന് അമ്മ പറയുന്നുണ്ട്, ഇവിടെയെങ്ങാനും വീണുപോയാൽ ആരും കാണത്തില്ല എന്നാണ് അമ്മയുടെ ടെൻഷൻ. ഇനി എന്നെങ്കിലും ഇച്ചേയിയെ കാണുമോ എന്നുള്ളതാണ് എന്റെ ടെൻഷൻ. ഇച്ചേയി ഒരിക്കലും കിടപ്പിലായിപ്പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആളും ബഹളവുമില്ലാത്ത ഒച്ചയില്ലാത്ത ഒരു ജീവിതം അവർക്ക് സങ്കൽപ്പിക്കാനേ കഴിയില്ല, വേറെ ആർക്കും ഇച്ചേയിയെ അങ്ങനെ സങ്കൽപ്പിക്കാനും കഴിയില്ല. മിന്നലിനോട് ചേർന്നുതന്നെവരുന്ന ഇടിമുഴക്കംപോലെ പെട്ടെന്നൊരുദിവസം അവർ അവസാനിക്കട്ടെ. മനസ്സ്നിറച്ച ഒരുപാട് ഓർമ്മകളുമായി അതാ അവർ നടന്നും നിരങ്ങിയും അകലുന്നു, എന്റെ രത്നമ്മിച്ചേയി. 

Saturday, 4 January 2025

ഉപാസന

റാന്നിയുടെ സ്വന്തം ചാനലായ citi tv ഇൽ വാർത്ത ഓടിക്കൊണ്ടിരിക്കുന്നു. ഈ ചാനൽ ആരെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിലെന്ന് അക്ഷമയോടെ കാത്തിരുന്നപ്പോ ദാ താഴെ ഒരു ബ്രേക്കിങ് ന്യൂസ്‌ സ്ക്രോൾ ചെയ്ത് പോകുന്നു - നാളെ റാന്നി 'ഉപാസന'യിൽ 'കുരുക്ഷേത്ര' റിലീസ് ചെയ്യുന്നു. ബി ക്ലാസ്സ്‌ തിയേറ്ററുകൾക്ക് റിലീസ് അനുവദിച്ച വാർത്ത തലേന്ന് വന്നതേ ഉള്ളു. നെഞ്ച് പടപടാ ഇടിച്ചു, പിന്നെ എല്ലാം ധ്രുതഗതിയിൽ. കൂട്ടുകാരെ വിളിക്കുന്നു, ഡീൽ ഒറപ്പിക്കുന്നു, പിറ്റേന്ന് രാവിലെ ആകാൻ വെമ്പലോടെ കിടന്നുറങ്ങുന്നു. രാവിലെ ആയോ എന്നറിയാൻ പലതവണ ഉറക്കമുണർന്നുനോക്കി, ഒടുക്കം രാവിലെ ആയി. ജീവിതത്തിൽ മുൻപ് ഇത്ര ആവേശത്തോടെ ഉറക്കമുണർന്നത് ആകെ ഒരുതവണയേ ഉള്ളു എന്നാണ് ഓർമ്മ, സ്കൂളിന്ന് ടൂർ പോകാനുള്ള ദിവസം. എന്തായാലും ആഗ്രഹം കടുത്തതായതുകൊണ്ട് ലോകംമുഴുവൻ അത് നടത്തിത്തരാൻ ഒത്തുചേർന്നു,പലവഴികൾ ഒന്നായി, കൂട്ടുകാരെല്ലാം ഒത്തുചേർന്ന് ആഘോഷത്തോടെതന്നെ സിനിമക്ക് പോയി. ആ തിയേറ്റർ അന്നേവരെ കണ്ടിട്ടില്ലാത്തത്ര തിരക്ക്. എങ്ങനൊക്കെയോ ടിക്കറ്റുകൾ ഒപ്പിച്ച് പടത്തിനു കയറിയതും ഇടക്ക് കൊറിക്കാൻ ഒന്നും വാങ്ങാൻ കാശില്ലാതിരുന്നതുമൊക്കെ ദാ മിന്നിമറഞ്ഞുപോണു മനസ്സിന്റെ തിരശ്ലീലയിൽ. ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം....,, ഒരു യാത്രാമൊഴിയോടെ വിടവാങ്ങും പ്രിയസന്ധ്യേ...... 
അന്ന് ചുറ്റും കൂട്ടുകാർ നിറഞ്ഞ്, തിയേറ്റർ തിങ്ങിനിറഞ്ഞ്, ഹാ. 
ഇന്ന് ആൾക്കൂട്ടത്തിലേക്ക് പോകാൻതന്നെ വൈമനസ്യം, ഒരുപക്ഷേ ഞങ്ങൾ കൂട്ടുകാർ പലവഴിക്ക് ചിതറിയതിനാലാവാം. ത്രീഡിയും, ഫൈവ്ഡിയുമൊക്കെ കടന്ന് ലോകം മുന്നോട്ട് ഓടിയാലും പുതിയ തീയേറ്ററുകൾ എത്രയൊക്കെ കണ്ടാലും മനസ്സിൽ തട്ടിയ തിയേറ്റർ അനുഭവങ്ങളെല്ലാം ഓലമേഞ്ഞ പഴയ ആ കെട്ടിടങ്ങളിൽത്തന്നെ മൂടിപ്പുതച്ചങ്ങിരിക്കുന്നു ഇപ്പോഴും. 
ഒറ്റദിവസത്തേക്ക് ലൈഫിലൊരു റീവൈൻഡ് കിട്ടിയിരുന്നെങ്കിൽ, വെറുതേ ആ തിയേറ്ററിൽ അന്നത്തെ മൂഡിലൊന്നിരിക്കാൻ.